ഇംഗ്ലണ്ടിലെ മതനവീകരണം ഒരു പരിവർത്തന കാലം
“വൻ പരിവർത്തനങ്ങളുടെയും പുനർവിചിന്തനങ്ങളുടെയും കാലത്തെ ഒരു ലോകം.”
ജെ. ജെ. സ്കാരിസ്ബ്രിക്ക് എഴുതിയ ഹെൻട്രി എട്ടാമൻ (ഇംഗ്ലീഷ്) എന്ന ജീവചരിത്രത്തിൽ 16-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിനെ വർണിക്കുന്നത് അങ്ങനെയാണ്. യാഥാസ്ഥിതിക മതം നവീകരിക്കപ്പെടേണ്ട ആവശ്യമുണ്ടെന്ന് ചിലർ വിശ്വസിക്കാൻ ഇടയാക്കിയത് യൂറോപ്പിലുണ്ടായ മതപരമായ കോളിളക്കങ്ങളാണ്.
മാർട്ടിൻ ലൂഥറിന്റെ വിവാദപരമായ പഠിപ്പിക്കലുകൾക്ക് ഇംഗ്ലണ്ടിൽ പിന്തുണക്കാരുണ്ടായിരുന്നു. കൂടാതെ, 14-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതൽ ബൈബിളിന്റെ തീക്ഷ്ണതയുള്ള പ്രസംഗകരും വക്താക്കളുമായ വൈക്ലിഫ് അനുയായികൾ സഹിഷ്ണുതയോടെ തങ്ങളുടെ പഠിപ്പിക്കലുകൾ ഇംഗ്ലണ്ടിൽ ഉടനീളം വ്യാപിപ്പിച്ചിരുന്നു.
പ്രബലരായ ശത്രുക്കൾ വിതരണത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടും വില്യം ടിൻഡെയ്ൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത ഗ്രീക്ക് തിരുവെഴുത്തുകളുടെ പ്രതികൾ 1526-ഓടെ ഇംഗ്ലണ്ടിലെത്തി. ശുദ്ധീകരണസ്ഥലം, അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവും ആയിത്തീരൽ, പൗരോഹിത്യ ബ്രഹ്മചര്യം തുടങ്ങിയ പരമ്പരാഗത കത്തോലിക്കാ പഠിപ്പിക്കലുകളെ ബൈബിൾ പിന്തുണയ്ക്കുന്നില്ലെന്ന സംഗതി തുറന്നു കാട്ടപ്പെട്ടു.
എന്നാൽ രാജാവിന്റെ കുടുംബ കാര്യങ്ങളിലുണ്ടായ ഒരു പ്രതിസന്ധിയാണ് ഇംഗ്ലണ്ടിലെ മതനവീകരണത്തിന്റെ ജ്വാല ആളിക്കത്താൻ ഇടയാക്കിയത്. ഹെൻട്രി എട്ടാമൻ തന്റെ കത്തോലിക്ക ഭാര്യയായ ആരഗണിലെ കാതറീനുമായുള്ള ബന്ധം വേർപെടുത്താൻ വഴികൾ അന്വേഷിക്കുകയായിരുന്നു. കാരണം സിംഹാസനാവകാശിയായി ഒരു ആൺതരിയുണ്ടാകാൻ അദ്ദേഹം ആഗ്രഹിച്ചു. മകൾ മേരി ഒഴികെ, ഹെൻട്രിക്ക് കാതറീനിൽനിന്നുണ്ടായ മക്കൾ ഒന്നുകിൽ ചാപിള്ളകളായി ജനിക്കുകയോ അല്ലെങ്കിൽ ശൈശവത്തിൽ തന്നെ മരിക്കുകയോ ചെയ്തു. ഇതിനു പുറമേ ആൻ ബുളിൻ എന്ന പ്രസരിപ്പുള്ള ഒരു ചെറുപ്പക്കാരിയുമായി ഹെൻട്രി അടുപ്പത്തിലായിരുന്നു, അവളെ വിവാഹം കഴിക്കാനും അദ്ദേഹത്തിന് ഉദ്ദേശ്യമുണ്ടായിരുന്നു.
ഹെൻട്രിയുടെ പ്രാപ്തനും പ്രബലനുമായ സഹകാരി കർദിനാൾ തോമസ് വൂൾസി നവീകരണത്തിന് അറിയാതെ ആണെങ്കിലും കൂടുതൽ പ്രചോദനമേകി. 1509-ൽ ഹെൻട്രിയുടെ ഭരണാരംഭം മുതലേ, വൂൾസി ക്രമേണ അധികാരവും സമ്പത്തുമൊക്കെ നേടിയെടുത്തിരുന്നു. കാലാന്തരത്തിൽ, രാജാവു കഴിഞ്ഞാലുള്ള അടുത്ത സ്ഥാനം അദ്ദേഹത്തിനായി. എന്നാൽ വൂൾസി ജനസമ്മതി ഉള്ളവനായിരുന്നില്ല. മേധാവിത്വ സ്വഭാവവും അദ്ദേഹം വരുത്തിയ നികുതി വർധനവുമായിരുന്നു അതിനു കാരണം. മാത്രമല്ല, സ്വന്തം സഭയുടെ നിയമങ്ങൾക്ക് താൻ അതീതനാണെന്ന് അദ്ദേഹം കരുതിയിരുന്നതായി തോന്നുന്നു. കാരണം, അവിഹിത ബന്ധത്തിലൂടെ അദ്ദേഹം രണ്ടു മക്കൾക്കു ജന്മം നൽകിയിരുന്നു.
പ്രഭുക്കന്മാർ വൂൾസിയെ സ്ഥാനഭ്രഷ്ടനാക്കാൻ കരുക്കൾ നീക്കി. ഹെൻട്രിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ വിവാഹബന്ധം വേർപെടുത്തിക്കൊടുക്കാൻ അദ്ദേഹത്തിനു കഴിയാതെ വന്നപ്പോൾ പതനം സുനിശ്ചിതമായി. സ്ഥാനഭ്രഷ്ടനായ വൂൾസി 1530-ൽ—രാജ്യദ്രോഹക്കുറ്റത്തിന് രാജാവിന്റെ മുമ്പിൽ ഹാജരാകേണ്ടിയിരുന്നതിന് തൊട്ടുമുമ്പ്—മരണമടഞ്ഞു.
ഇംഗ്ലണ്ടിൽ വൈദികരോടുള്ള എതിർപ്പ് രൂക്ഷമായി. “സഭയ്ക്കു സമൂല പരിവർത്തനം ആവശ്യമാണെന്നും യാതൊരുവിധ സാമ്പത്തിക നേട്ടവുമില്ലാത്ത, ആളുകളുടെ ചോരയും നീരും ഊറ്റിക്കുടിച്ച, വളരെയധികം സമ്പത്ത് ധൂർത്തടിച്ച, എല്ലാം കൈക്കലാക്കിയ എന്നാൽ പകരമായി ഒന്നും തിരിച്ചു കൊടുക്കാത്ത ഈ വൻ സ്ഥാപനം, സമൂഹത്തിന് മേലാൽ പേറാനാകാത്ത ഒരു ഭാരമാണെന്നും . . ഇംഗ്ലണ്ടിൽനിന്ന് റോമിലേക്കു പണമൊഴുകുന്നത് . . . [ഇംഗ്ലണ്ടിന്റെ] സമ്പദ്വ്യവസ്ഥയെ നശിപ്പിക്കുമെന്നും ഉള്ള വാദഗതികൾ ഉയർന്നു” എന്ന് ചരിത്രകാരനായ സ്കാരിസ്ബ്രിക്ക് എഴുതി.
ക്രോംവെൽ യുഗം
ഒടുവിൽ, ഹെൻട്രിയുടെ പ്രമുഖ ഉപദേഷ്ടാവായ തോമസ് ക്രോംവെലിന്റെയും കാന്റർബറിയിലെ പുതിയ ആർച്ച്ബിഷപ്പായ തോമസ് ക്രാൻമെറിന്റെയും സഹായത്തോടെ അദ്ദേഹത്തിന്റെ വൈവാഹിക പ്രശ്നങ്ങൾ “പരിഹരിക്കപ്പെട്ടു.” ഇംഗ്ലണ്ടിലെ സഭ റോമിലെ സഭയിൽനിന്നു വേർപിരിഞ്ഞു. രാജാവ് ഇംഗ്ലണ്ടിലെ സഭയുടെ തലവനായി. 1533-ൽ ക്രാൻമെർ, ഹെൻട്രിയുടെയും കാതറീന്റെയും വിവാഹബന്ധം വേർപെടുത്തി കൊടുത്തു. ഗർഭിണിയായിരുന്ന ആൻ ബുളിനെ ഹെൻട്രി അപ്പോഴേക്കും വിവാഹം കഴിച്ചിരുന്നു. പാപ്പായുടെ അധികാരത്തിൽനിന്നുള്ള ഈ വിടുതലിനെ തുടർന്ന് വലിയ പ്രശ്നങ്ങളുണ്ടായി.
ക്രോംവെലിന് സഭയുടെമേൽ വലിയ അധികാരം നൽകപ്പെട്ടു. രാജാവു കഴിഞ്ഞാൽ അടുത്ത സ്ഥാനം അദ്ദേഹത്തിനായിരുന്നു. അദ്ദേഹം മഠങ്ങൾ ഒന്നൊന്നായി പൊളിപ്പിച്ചു, വസ്തുവകകളെല്ലാം രാജാവിന് കൈമാറി. അങ്ങനെ പൊതുഖജനാവിന്റെ ആസ്തി വർധിപ്പിച്ചു. അതിനു പുറമേ ബൈബിൾ ഇംഗ്ലീഷിൽ അച്ചടിച്ച് വിതരണം ചെയ്യുന്നതിലും ക്രോംവെൽ ഒരു സുപ്രധാന പങ്കു വഹിച്ചു. അതേക്കുറിച്ച് ഇംഗ്ലണ്ടിലെ മതനവീകരണം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ എ. ജി. ഡിക്കൻസ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “രാഷ്ട്രീയ കാര്യശേഷി, പ്രസിദ്ധീകരണത്തിനുള്ള ആസൂത്രണം, സാമ്പത്തിക സഹായം, ആ മഹദ് ബൈബിളിനെ ഇംഗ്ലണ്ടിലെ സഭയിൽ അടിച്ചേൽപ്പിക്കുന്നതിനുള്ള ശ്രമം എന്നിവയെല്ലാം ഉണ്ടായത് ഭരണച്ചുമതല വഹിച്ചിരുന്ന തോമസ് ക്രോംവെലിൽ നിന്നാണ്.”
ബൈബിൾ പൊതു ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമായതോടെ, യാഥാസ്ഥിതിക മതത്തെ സംബന്ധിച്ച ആളുകളുടെ വീക്ഷണത്തെ അത് ആഴമായി സ്വാധീനിച്ചു. ഡിക്കൻസ് പറയുന്നു: “യേശു ക്രിസ്തുവിന്റെയും അപ്പൊസ്തലന്മാരുടെയും ജീവിതത്തിന്റെ മുഖമുദ്രയായിരുന്ന ലാളിത്യം, മധ്യകാലഘട്ടത്തിന്റെ അവസാനത്തിലും നവോത്ഥാന കാലഘട്ടത്തിലും ഉണ്ടായിരുന്ന സഭയുടെ ബൃഹത്തായ നിയമ സംവിധാനത്തിൽനിന്നും അധികാര വ്യവസ്ഥയിൽനിന്നും സമ്പത്തിൽനിന്നും കണ്ണഞ്ചിപ്പിക്കുന്ന മണിമന്ദിരങ്ങളിൽനിന്നും എല്ലാം തികച്ചും വ്യത്യസ്തമായിരുന്നു.”
ഹെൻട്രി ചില പ്രത്യേക മത നവീകരണങ്ങളിൽ താത്പര്യം പ്രകടിപ്പിച്ചുവെന്നതു ശരി തന്നെ. പക്ഷേ അദ്ദേഹത്തിന്റെ നയങ്ങളെ കൂടുതലും സ്വാധീനിച്ചത് ശക്തമായ മതബോധ്യങ്ങളെക്കാൾ രാഷ്ട്രീയ താത്പര്യങ്ങളായിരുന്നു. അരമനയിലെ എതിർ ചേരികളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. ഒന്ന് നവീകരണത്തിനു വേണ്ടി വാദിക്കുന്നവർ, മറ്റൊന്ന് പരമ്പരാഗത മതം പിൻപറ്റാൻ ആഗ്രഹിക്കുന്ന യാഥാസ്ഥിതികർ. കടിഞ്ഞാൺ കൈവിട്ടു പോകാതിരിക്കാൻ അദ്ദേഹം രണ്ടു പക്ഷക്കാരെയും തമ്മിൽ തല്ലിക്കുമായിരുന്നു.
1540-ഓടെ ക്രോംവെൽ സ്ഥാനഭ്രഷ്ടനാകുകയും നവീകരണത്തിന്റെ സുവർണയുഗത്തിന് താത്കാലികമായി തടസ്സം നേരിടുകയും ചെയ്തു. ക്രോംവെലിന്റെ യാഥാസ്ഥിതിക ശത്രുക്കൾ അദ്ദേഹത്തെ രാജ്യദ്രോഹിയും മതവിരോധിയുമായി മുദ്രകുത്തി. ഒടുവിൽ അദ്ദേഹത്തെ വിചാരണ കൂടാതെ വധിച്ചു.
കുറേ കാലത്തേക്ക് യാഥാസ്ഥിതികർ മേൽകൈ പുലർത്തിയിരുന്നതായി കാണപ്പെട്ടു. എന്നാൽ അപ്പോഴേക്കും വേരുപിടിച്ചിരുന്ന നവീകരണത്തെ പിഴുതെറിയാൻ അവർക്കായില്ല. എങ്കിലും മതനവീകരണം അതിന്റെ ഉദ്ദേശ്യം പൂർണമായി നിറവേറ്റിയില്ല. റോമൻ കത്തോലിക്കാ വിശ്വാസത്തെ ദുഷിപ്പിച്ചിരുന്ന, മനുഷ്യരുടെ വ്യാജ പഠിപ്പിക്കലുകളും പാരമ്പര്യങ്ങളും ഇല്ലാതാക്കാൻ പ്രൊട്ടസ്റ്റന്റ് നവീകരണ കർത്താക്കൾക്കു കഴിഞ്ഞില്ല.
1543-ൽ ഹെൻട്രി ആറാമതും അവസാനവുമായി വിവാഹം കഴിച്ചപ്പോൾ നവീകരണത്തെ പിന്താങ്ങിയിരുന്നവർ പ്രോത്സാഹിതരായി. കാരണം അദ്ദേഹത്തിന്റെ പുതിയ ഭാര്യയായ കാതറീൻ പാർ പുതിയ മത പഠിപ്പിക്കലുകളിൽ വലിയ താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ യാഥാസ്ഥിതികർ വീണ്ടും ഒരു പോരാട്ടത്തിനു മുതിർന്നു. അവരുടെ കുതന്ത്രങ്ങളും ഉപജാപങ്ങളും നിമിത്തം പുതിയ രാജ്ഞിക്ക് തന്റെ ജീവനു വേണ്ടി പോരാടേണ്ടി വന്നു. അതേക്കുറിച്ച് ഉണരുക!യുടെ മറ്റൊരു ലക്കത്തിൽ വിവരിക്കുന്നതായിരിക്കും.
[26-ാം പേജിലെ ചിത്രം]
ഹെൻട്രി എട്ടാമനും ആൻ ബുളിനും
[26-ാം പേജിലെ ചിത്രം]
ആരഗണിലെ കാതറീൻ
[26-ാം പേജിലെ ചിത്രം]
വില്യം ടിൻഡെയിൽ
[26-ാം പേജിലെ ചിത്രം]
തോമസ് ക്രോംവെൽ
[26-ാം പേജിലെ ചിത്രം]
തോമസ് ക്രാൻമെർ
[26-ാം പേജിലെ ചിത്രം]
തോമസ് വൂൾസി
[27-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
തോമസ് വൂൾസി: From the book The Story of Liberty, 1878; കിരീടം, പശ്ചാത്തല ചിത്രം, ഹെൻട്രി എട്ടാമൻ രാജാവും ആൻ ബുളിനും: From the book The Library of Historic Characters and Famous Events, Vol. VII, 1895;ആരഗണിലെ കാതറീൻ, തോമസ് ക്രാൻമെർ, തോമസ് ക്രോംവെൽ: From the book Heroes of the Reformation, 1904