മറക്കുക, പൊറുക്കുക—അത് സാധ്യമോ?
അത് അരങ്ങേറിയിട്ട് അര നൂറ്റാണ്ടിലധികം കഴിഞ്ഞിരിക്കുന്നു. അതേ, 1945-ൽ അവസാനിച്ച രണ്ടാം ലോക മഹായുദ്ധം. ഇന്നോളം നടന്നിട്ടുള്ള യുദ്ധങ്ങളിൽ വെച്ച് ഏറ്റവും കിരാതവും വിനാശകവുമായ ഒന്നായിരുന്നു ആ ആഗോള യുദ്ധം.
രണ്ടാം ലോക മഹായുദ്ധം ആറു വർഷം നീണ്ടുനിന്നു. സൈനികേതരർ ഉൾപ്പെടെ അഞ്ചു കോടിയോളം ആളുകളുടെ ജീവൻ അത് അപഹരിച്ചു, മറ്റു നിരവധി പേർക്ക് ശാരീരികവും മാനസികവും വൈകാരികവുമായ വൈകല്യങ്ങൾ വരുത്തിവെച്ചു. ആ വിനാശക യുദ്ധകാലത്തു ജീവിച്ച പലരെയും സംബന്ധിച്ചിടത്തോളം ആ കൊടും ക്രൂരതകളെയും കൊല്ലപ്പെട്ട പ്രിയപ്പെട്ടവരെയും കുറിച്ചുള്ള വേദനിപ്പിക്കുന്ന ഓർമകൾ ഇന്നും മാഞ്ഞുപോയിട്ടില്ല.
ലക്ഷക്കണക്കിനു നിരപരാധികളെ കൂട്ടക്കുരുതി ചെയ്തതുൾപ്പെടെ നാസികൾ കാട്ടിക്കൂട്ടിയ കൊടും ക്രൂരതകളും ആളുകളുടെ ഓർമയിലുണ്ട്. യൂറോപ്പിലും ഏഷ്യയിലും ശത്രു സൈന്യങ്ങൾ സാധാരണക്കാരായ ആളുകളെ കൊന്നൊടുക്കിയും ബലാൽസംഗം ചെയ്തും കൊള്ളയടിച്ചും വിറപ്പിച്ചുംകൊണ്ട് കൊടും ക്രൂരതകൾ കാട്ടി. ഇതിനു പുറമേ വിമാനാക്രമണങ്ങൾ നിരപരാധികളായ നിരവധി സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും ജീവിതം തകർത്തു, അനേകർക്കു പരുക്കേറ്റു, ഒട്ടേറെ പേർ മരിച്ചു. ലോകത്തിനു ചുറ്റുമുള്ള വിവിധ പോർക്കളങ്ങളിൽവെച്ച് സൈനികർക്കും കൊടിയ കഷ്ടതകൾ സഹിക്കേണ്ടിവന്നു.
മാനസികവും വൈകാരികവുമായ മുറിവുകൾ
ഇന്നു ജീവിച്ചിരിക്കുന്നവരും രണ്ടാം ലോക മഹായുദ്ധം കണ്ടവരുമായ പലരുടെയും കാര്യത്തിൽ അന്ന് അരങ്ങേറിയ ഭീകര സംഭവങ്ങൾ ഏൽപ്പിച്ച മാനസികവും വൈകാരികവുമായ മുറിവുകളിൽ പലതും മാഞ്ഞുപോയിട്ടില്ല. തങ്ങളുടെ മനസ്സിൽനിന്ന് ബീഭത്സമായ, കയ്പേറിയ ആ ഓർമകളെല്ലാം മായ്ച്ചു കളയാൻ അവർക്ക് ആഗ്രഹമുണ്ട്. എന്നാൽ അവർക്ക് അതിനു സാധിക്കുന്നില്ല. ചിലരെ സംബന്ധിച്ചിടത്തോളം ആ ഓർമകൾ ഒരു കരിനിഴലായി അവരെ വിടാതെ പിന്തുടരുന്നു.
എന്നാൽ ചിലർ അവ മറക്കാൻ ആഗ്രഹിക്കുന്നില്ല. അത് അവർ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നതുകൊണ്ടാകാം അല്ലെങ്കിൽ മരിച്ചവരെ കുറിച്ചുള്ള ഓർമകൾ വെച്ചുപൂജിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാകാം. അതിനു പുറമേ, കഴിഞ്ഞകാലങ്ങളിൽ നടമാടിയ കൊടും ക്രൂരതകൾ ഒരിക്കലും ആവർത്തിക്കരുതെന്ന ആശയിൽ അവ മാനവകുടുംബത്തിന്റെ ഓർമയിൽ കെടാതെ കാത്തുസൂക്ഷിക്കണമെന്ന് പരക്കെ അഭിപ്രായമുണ്ട്.
ഏതാനും വർഷം മുമ്പ്, അതായത് 1994-95-ൽ, ഡി ദിനത്തിന്റെയും (1944 ജൂണിൽ സഖ്യ കക്ഷികൾ നോർമാൻഡിയിൽ വന്നിറങ്ങിയ ദിവസം) രണ്ടാം ലോക മഹായുദ്ധത്തിൽ യൂറോപ്യൻ മേഖലയിലെ യുദ്ധം അവസാനിച്ചതിന്റെയും (1945 മേയിൽ) 50-ാം വാർഷികാഘോഷ സമയത്തെ അന്തരീക്ഷം, ആ സംഭവങ്ങൾക്കു ദൃക്സാക്ഷികളായിരുന്ന പലരെയും സംബന്ധിച്ചിടത്തോളം അവ മറക്കാനും പൊറുക്കാനും വളരെ ബുദ്ധിമുട്ടാണെന്നു വെളിപ്പെടുത്തി. മിക്കപ്പോഴും മുൻ ശത്രുക്കൾ തമ്മിലുള്ള അനുരഞ്ജനത്തിന്റേതായ ഏതൊരു നീക്കവും തടസ്സപ്പെടുന്നു. അതുകൊണ്ട്, നോർമാൻഡിയിൽ സഖ്യകക്ഷികൾ കാലുകുത്തിയതിന്റെ സ്മാരകാഘോഷത്തിന് ജർമൻ പ്രതിനിധികളെ ക്ഷണിക്കാൻ ബ്രിട്ടീഷ് ഭടന്മാർ വിസമ്മതിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിൽ നാസികൾ ചെയ്തു കൂട്ടിയ കൊടും ക്രൂരതകൾ മറക്കുകയും പൊറുക്കുകയും ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടിനെ കുറിച്ച് എഴുത്തുകാരനായ വ്ളാഡിമിർ ഷാങ്കാലാവിച്ച് ഇങ്ങനെ പറഞ്ഞു: “അത്തരം ഘോരമായ കുറ്റകൃത്യത്തിന്റെ കാര്യത്തിൽ, സ്വാഭാവിക പ്രവണത . . . രോഷംകൊള്ളാനും മറക്കാതിരിക്കാൻ കഠിനമായി ശ്രമിക്കാനും നൂറൻബർഗ് വിചാരണയിലെ ന്യായാധിപന്മാർ വാഗ്ദാനം ചെയ്തതുപോലെ കുറ്റവാളികളെ ഭൂമിയുടെ അറ്റങ്ങൾവരെയും പിന്തുടരാനും ആണ്.” അതേ എഴുത്തുകാരൻ തുടർന്ന് ഇപ്രകാരം പറഞ്ഞു: “വിശുദ്ധ ലൂക്കൊസിന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, ദൈവത്തോടുള്ള യേശുവിന്റെ പ്രാർഥനയിലെ വരികൾ നമുക്ക് നേരെ തിരിച്ച് ഇങ്ങനെ പറയാൻ സാധിക്കും: “കർത്താവേ ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർക്ക് അറിയാവുന്നതുകൊണ്ട് ഇവരോട് ക്ഷമിക്കരുതേ.”—ലൂക്കൊസ് 23:34 താരതമ്യം ചെയ്യുക.
സങ്കടകരമെന്നു പറയട്ടെ, 1945 തുടങ്ങി ഇന്നുവരെ കംബോഡിയ, റുവാണ്ട, ബോസ്നിയ തുടങ്ങി പല സ്ഥലങ്ങളിലും നടന്നതുപോലുള്ള കൊടും ക്രൂരതകൾ ഭൂമിയിൽ രക്തപ്പുഴകൾ ഒഴുക്കിയിരിക്കുന്നു. ഈ കൊടും ക്രൂരതകൾ കോടിക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ചിരിക്കുന്നു, എണ്ണമറ്റ വിധവമാരെയും അനാഥരെയും സൃഷ്ടിച്ചിരിക്കുന്നു, ജീവിതങ്ങൾ പിച്ചിച്ചീന്തിയിരിക്കുന്നു, ആളുകളിൽ ബീഭത്സമായ ഓർമകൾ അവശേഷിപ്പിച്ചിരിക്കുന്നു.
ഈ 20-ാം നൂറ്റാണ്ട് അഭൂതപൂർവമായ ക്രൂരതയുടെ കാലമാണെന്നുള്ളതിന് സംശയമില്ല. ഈ യുഗത്തെക്കുറിച്ച് ബൈബിൾ ദീർഘകാലം മുമ്പുതന്നെ കൃത്യമായി പ്രവചിച്ചതുപോലെ മനുഷ്യർ “ഉഗ്രന്മാരും” “സൽഗുണദ്വേഷികളും” ആണെന്നു തെളിഞ്ഞിരിക്കുന്നു.—2 തിമൊഥെയൊസ് 3:1-5; വെളിപ്പാടു 6:4-8.
നാം ചെയ്യേണ്ടത് എന്താണ്?
ഇത്തരം മൃഗീയതകളെ നേരിടുമ്പോൾ ആളുകൾ വ്യത്യസ്തമായി പ്രതികരിക്കുന്നു. എന്നാൽ നമ്മുടെ കാര്യമോ? നാം ഓർക്കണമോ, അതോ മറക്കണമോ? ഓർക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത് മറക്കാൻ വിസമ്മതിച്ചുകൊണ്ട് ഒരുവന്റെ മുൻ ശത്രുക്കൾക്കു നേരെ കൊടിയ ശത്രുത വെച്ചുപുലർത്തുന്നതിനെയാണോ? അതുപോലെതന്നെ പൊറുക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത് വേദനിപ്പിക്കുന്ന ഓർമകളെ പാടേ തുടച്ചു മാറ്റിക്കൊണ്ട് മറക്കുന്നതിനെയാണോ?
നമ്മുടെ കാലത്തും കഴിഞ്ഞ കാലത്തും അരങ്ങേറിയിട്ടുള്ള ഘോരമായ കുറ്റകൃത്യങ്ങളെക്കുറിച്ച് മനുഷ്യവർഗത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവം എന്താണ് വിചാരിക്കുന്നത്? കുറ്റവാളികളോട് അവൻ പൊറുക്കുമോ? കൊടും ക്രൂരതകൾ മൂലം മരണമടഞ്ഞ ഇരകൾക്കായി പകരം ചോദിക്കാൻ ദൈവം വളരെ താമസിച്ചുപോയില്ലേ? കൊടും ക്രൂരതകൾ എന്നെങ്കിലും അവസാനിക്കും എന്ന് ഉറച്ചു വിശ്വസിക്കാൻ സാധിക്കുമോ? ഈ സങ്കീർണ പ്രശ്നങ്ങൾ സർവശക്തനായ ദൈവം എങ്ങനെയാണു നേരെയാക്കുക?
[4-ാം പേജിലെ ചിത്രം]
കൂട്ടക്കുരുതിക്ക് ഇരയായവരുടെ മക്കൾ അഭയാർഥി ക്യാമ്പിൽ
[കടപ്പാട്]
UN PHOTO 186797/J. Isaac
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. Navy photo