യുവജനങ്ങൾ ചോദിക്കുന്നു . . .
അയാൾ എന്നെ തിരിച്ചു പ്രേമിക്കുന്നില്ലെങ്കിലോ?
“ഞാനാകെ ആശങ്കാകുലയായി. ഞാൻ അയാളുമായി പ്രേമത്തിലാണ്. പക്ഷേ അയാൾ എന്നെ പ്രേമിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഞാനെന്തു ചെയ്യും? എന്റെ വികാരങ്ങൾ അയാളോടു തുറന്ന് പറയണോ? അയ്യോ, എനിക്കതു ചിന്തിക്കാനേ വയ്യ! മറ്റുള്ളവരൊക്കെ എന്നെ കുറിച്ച് എന്തു പറയും?”—ഹ്യൂഡ.a
ഹ്യൂഡ എന്ന ഈ യുവ ലബനോൻകാരി തന്നെ തിരിച്ചു പ്രേമിക്കാഞ്ഞ ഒരാളുമായി പ്രേമത്തിലായിരുന്നു. ഇത് അസാധാരണമായ ഒരു പ്രശ്നമല്ല. സെയ്നാ എന്ന മറ്റൊരു യുവതിക്കും സമാനമായ അനുഭവം ഉണ്ടായി. അവൾ അനുസ്മരിക്കുന്നു: “ഞാൻ എല്ലാ ദിവസവും അയാളെ കാണുമായിരുന്നു. കാരണം അയാൾ ഞങ്ങളുടെ അയൽക്കാരൻ ആയിരുന്നു. സുമുഖനായിരുന്നു അയാൾ. അതുകൊണ്ട് എനിക്ക് അയാളോടു പ്രേമം തോന്നി.”
തീർച്ചയായും, ഒരു ക്രിസ്ത്യാനിക്ക് ഉചിതമായി വിവാഹം കഴിക്കാവുന്ന സ്ഥാനത്തായിരിക്കുന്ന ഒരാളോടു തീവ്രമായ വികാരങ്ങൾ തോന്നുന്നതിൽ അപാകതയൊന്നും ഇല്ല. (സദൃശവാക്യങ്ങൾ 5:15; 1 കൊരിന്ത്യർ 7:39) വിവാഹിതയാകാനും കുടുംബം ഉണ്ടായിരിക്കാനും ഒരു യുവതി ആഗ്രഹിക്കുന്നതിലും തെറ്റൊന്നുമില്ല. എന്നാൽ, നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത, അഥവാ അതിനോടു പ്രതികരിക്കാത്ത യോഗ്യനായ ഒരുവനോടു നിങ്ങൾക്ക് പ്രേമം തോന്നുന്നെങ്കിലോ?
പ്രേമരോഗത്തിന്റെ നൊമ്പരം
ഹ്യൂഡയെപ്പോലെ നിങ്ങളും ഒരു വികാരച്ചുഴിയുടെ മധ്യത്തിലാണെന്നു തോന്നിയേക്കാം. വികാരത്തേരിലേറി യാത്ര ചെയ്യുന്നതു പോലുള്ള ആഹ്ലാദകരമായ ഒരവസ്ഥയ്ക്കു പെട്ടെന്നുതന്നെ മങ്ങലേറ്റേക്കാം. “ചിലപ്പോൾ പ്രപഞ്ചത്തിലെ ഏറ്റവും ആഹ്ലാദവതി ഞാനാണെന്ന് എനിക്കു തോന്നി. മറ്റു ചിലപ്പോഴാകട്ടെ, ഏറ്റവും ദുഃഖിതയും,” സെയ്നാ പറഞ്ഞു. തിരിച്ചു പ്രേമിക്കാത്ത ഒരാളെ പ്രേമിക്കുന്നത് ഉത്കണ്ഠ, നിദ്രാഭംഗം, എന്നിവയ്ക്കും വിഷാദത്തിനും പോലും കാരണമായേക്കാം.
സദൃശവാക്യങ്ങൾ 13:12-ൽ ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു.” പ്രതീക്ഷകൾ പൂവണിയുന്നില്ലെങ്കിൽ അതു വിനാശകമായിരിക്കാൻ കഴിയും! സദാ അയാളെ കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്നതായി, അഥവാ അയാളെ കുറിച്ചുള്ള വാർത്താശകലങ്ങൾക്കു കാതുകൂർപ്പിച്ചിരിക്കുന്ന ഒരവസ്ഥയിൽ ആയിരിക്കുന്നതായി നിങ്ങൾക്കു തോന്നിയേക്കാം. അയാളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ചില വിദ്യകളോ അയാളുടെ ഒപ്പമായിരിക്കാൻ ചില മുടന്തൻ ഒഴികഴിവുകളോ നിങ്ങൾ മെനഞ്ഞേക്കാം. അയാൾ അടുത്തായിരിക്കുമ്പോൾ സാധാരണപോലെ പെരുമാറുക ബുദ്ധിമുട്ടാണെന്നും നിങ്ങൾ കണ്ടെത്തിയേക്കാം.
നിങ്ങളുടെ പ്രേമഭാജനം ചിലപ്പോഴൊക്കെ നിങ്ങളെ പ്രത്യേകം കടാക്ഷിക്കുന്നതായും എന്നാൽ മറ്റു സമയങ്ങളിൽ നിങ്ങളിൽ യാതൊരു താത്പര്യവുമില്ലാത്തവനെപ്പോലെ പെരുമാറുന്നതായും കാണുമ്പോൾ വല്ലാത്ത ആശയക്കുഴപ്പം ഉണ്ടായേക്കാം. കൂടാതെ അയാൾ മറ്റാരെയെങ്കിലും ശ്രദ്ധിക്കുന്നതോ ആരോടെങ്കിലും ദയ കാണിക്കുന്നതോ ഉപചാര പൂർവം ഇടപഴകുന്നതോ നിരീക്ഷിക്കാൻ ഇടയായാൽ, അതു നിങ്ങളിൽ അസൂയയുടെ വികാരങ്ങൾ ഉളവാക്കിയേക്കാം. ബൈബിൾ പറയുന്നു: “ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ [“അസൂയയുടെ,” NW] മുമ്പിലോ ആർക്കു നില്ക്കാം?”—സദൃശവാക്യങ്ങൾ 27:4.
ഹ്യൂഡ പിൻവരുന്ന പ്രകാരം സമ്മതിച്ചു പറഞ്ഞു: “എന്റെ മനോഭാവം തിരുത്തിയില്ലായിരുന്നു എങ്കിൽ മാനസിക സമനില നഷ്ടപ്പെടുമായിരുന്ന ഘട്ടത്തോളം എനിക്ക് അങ്ങേയറ്റം കടുത്ത അസൂയ തോന്നി.” ഇത് ആത്മവിദ്വേഷത്തിൽ കലാശിച്ചേക്കാം. ഹ്യൂഡ പറഞ്ഞു: “എന്നെ പ്രേമിക്കാഞ്ഞ ഒരുവനുമായി പ്രേമത്തിലായതിനും ഇങ്ങനെ തന്നെത്താൻ തീ തിന്നുന്നതിനും ഞാൻ സ്വയം കുറ്റപ്പെടുത്തി.”
അതേസമയം പാശ്ചാത്യ നാടുകളിൽ, ഒരു യുവാവിനെ സമീപിച്ച് തന്റെ ഇംഗിതം അറിയിക്കാൻ ഒരു യുവതിക്ക് അത്ര ജാള്യതയൊന്നുമില്ല. എന്നാൽ എല്ലാ യുവതികളും അങ്ങനെയല്ല. ചില സംസ്കാരങ്ങളിൽ ഒരു യുവതി ഇത്തരം കാര്യാദികളിൽ മുൻകൈ എടുക്കുന്നത് അനഭികാമ്യമോ ഞെട്ടിപ്പിക്കുന്നതോ പോലുമായി കരുതപ്പെടുന്നു. അപ്പോൾപ്പിന്നെ നിങ്ങളെ തിരിച്ചു പ്രേമിക്കാത്ത ഒരുവനോട് നിങ്ങൾക്കു പ്രേമം തോന്നിയാൽ എന്തു ചെയ്യാനാകും?
നിങ്ങളുടെ വികാരങ്ങൾ അവധാനപൂർവം പരിശോധിക്കുക
ആദ്യമായി, നിങ്ങളുടെ വികാരങ്ങൾ ശാന്തമായും ലക്ഷ്യബോധത്തോടെയും പരിശോധിക്കാൻ ശ്രമിക്കുക. ബൈബിൾ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ.” (സദൃശവാക്യങ്ങൾ 28:26) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നമ്മുടെ ഹൃദയത്തിന്റെ നിർണയം മിക്കപ്പോഴും ശരിയായ ഗതിയിലല്ല. (യിരെമ്യാവു 17:9) പ്രേമമാണെന്നു നാം നിഗമനം ചെയ്യുന്നതു മിക്കപ്പോഴും മറ്റെന്തെങ്കിലും ആയിരിക്കും. “എനിക്കു ശ്രദ്ധയും സ്നേഹവും ആവശ്യമായിരുന്നു,” ഹ്യൂഡ സമ്മതിക്കുന്നു. “എന്നെ സ്നേഹിക്കാനും പരിപാലിക്കാനും ഒക്കെയായി എനിക്ക് ഒരാളെ വേണ്ടിയിരുന്നു. കുട്ടിക്കാലം മുതലേ എനിക്കു സ്നേഹം ലഭിച്ചിരുന്നില്ല. അത് എന്നെ ആഴമായി ബാധിച്ചു.” നിങ്ങളുടേത് സ്നേഹമില്ലാത്തതും ദുഷിപ്പിക്കുന്നതുമായ ഒരു കുടുംബാന്തരീക്ഷം ആണെങ്കിൽ, സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള ത്വര നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ ഒരു പ്രേമ ബന്ധമാണോ അവശ്യം അതിനുള്ള പരിഹാര മാർഗം?
ദുഃഖകരമെന്നു പറയട്ടെ, അസന്തുഷ്ടിയും ഏകാന്തതയും അനുഭവിക്കുന്നവർ നല്ല വിവാഹ ഇണകൾ ആയിത്തീരുന്നതിൽ പരാജയമടയുകയാണ് പതിവ്. തങ്ങൾക്കു കൂടിയേതീരൂ എന്നു കരുതുന്നവ പ്രാപിക്കാനുള്ള വെമ്പലിലാണ് അവർ ദാമ്പത്യ ബന്ധത്തിലേക്കു കാലെടുത്തു വെക്കുന്നത്. എന്നാൽ യഥാർഥ സന്തുഷ്ടി ലഭിക്കുന്നത് കൊടുക്കുന്നതിൽ നിന്നാണ്. അല്ലാതെ വാങ്ങുന്നതിൽ നിന്നല്ല. (പ്രവൃത്തികൾ 20:35) ഒരു യുവതിക്കു തന്നെ സംബന്ധിച്ച് സംതൃപ്തമായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കുകയും അവൾ ‘സ്വന്തഗുണമല്ല മററുള്ളവരുടെ ഗുണവും കൂടെ നോക്കുകയും’ ചെയ്യുമ്പോൾ, അവൾ വിവാഹം കഴിക്കാനുള്ള നല്ല സ്ഥാനത്തായിരിക്കും.—ഫിലിപ്പിയർ 2:4.
വിവാഹിതയാകാനുള്ള വികാര തിരത്തള്ളൽ അനുഭവപ്പെടുമ്പോൾ, എതിർ ലിംഗവർഗത്തിൽ നിന്നുള്ളവരുടെ ഏതൊരു ശ്രദ്ധയോടും നിങ്ങൾ തീവ്രമായി പ്രതികരിച്ചേക്കാം. ചിലപ്പോൾ പ്രേമ ബന്ധത്തിനുള്ള ഒരു യുവതിയുടെ അഭിലാഷത്തെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പ്രോത്സാഹിപ്പിച്ചേക്കാം. ഒരു പെൺകുട്ടി വിവാഹപ്രായം എത്തിയാലുടനെ അവളുടെ വിവാഹം നടത്തുന്നതിന് ചില സമുദായങ്ങൾ വളരെ ഊന്നൽ കൊടുക്കുന്നു. മധ്യപൂർവ ദേശത്തെ സ്ത്രീകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം അഭിപ്രായപ്പെടുന്നു: “പ്രായം മുപ്പതോടടുത്തിട്ടും ഒരു സ്ത്രീ ഏകാകി ആണെങ്കിൽ, അവൾ സ്വന്തം കുടുംബത്തിന് ഒരു ഉത്കണ്ഠയായി മാറുന്നു.” കുടുംബത്തിന്റെ അഭിമാനം ഉൾപ്പെട്ടിരിക്കുന്നതിനാൽ, തന്റെ പെൺമക്കളെ കഴിയുന്നത്ര ചെറുപ്പത്തിലേ വിവാഹം കഴിച്ചയയ്ക്കാൻ ഒരു പിതാവു ശ്രമിച്ചേക്കാം.
എന്നുവരികിലും, സംസ്കാരത്തെക്കാൾ പ്രാധാന്യം ബൈബിൾ തത്ത്വങ്ങൾക്കാണ്. മാത്രവുമല്ല, വിവാഹം കഴിക്കുന്നതിന് “നവയൗവനം പിന്നി”ടുന്നതുവരെ കാത്തിരിക്കാൻ തിരുവെഴുത്തുകൾ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. (1 കൊരിന്ത്യർ 7:36, NW) അപ്പോൾപ്പിന്നെ, വിവാഹം കഴിക്കാൻ സുഹൃത്തുക്കളും മാതാപിതാക്കളും നിങ്ങളുടെമേൽ അനാവശ്യ സമ്മർദം ചെലുത്തുന്നെങ്കിലോ? ദൈവ ഭക്തയായിരുന്ന ശൂനേമ്യ പെൺകുട്ടി ‘സമയമാകുംമുമ്പ് തന്റെ പ്രേമത്തെ തട്ടിയുണർത്തരുതേ; ഇളക്കിവിടരുതേ’ എന്ന് സഗൗരവം തന്റെ ചങ്ങാതിമാരെ അറിയിച്ചതായി ബൈബിൾ പറയുന്നു. (ഉത്തമഗീതം 2:7, പി.ഒ.സി. ബൈബിൾ) ഒരുപക്ഷേ, സമാനമായ വിധത്തിൽ നിങ്ങളുടെ അഭിപ്രായം ദൃഢമായി വെളിപ്പെടുത്തുന്നതു ഫലം ചെയ്തേക്കാം. നിങ്ങളുടെ മാതാപിതാക്കൾ ദൈവ ഭയമുള്ളവരാണെങ്കിൽ വിശേഷിച്ചും.
യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കൽ
എന്നുവരികിലും, നിങ്ങൾ പ്രേമിക്കുന്നെന്നു കരുതുന്ന വ്യക്തിയെ സംബന്ധിച്ചുള്ള യാഥാർഥ്യങ്ങൾ നിങ്ങൾ ഒടുവിൽ അഭിമുഖീകരിക്കേണ്ടതുണ്ട്. അപ്രകാരം ചെയ്യുന്നത് ആയാസകരവും വൈകാരിക വേദന ഉളവാക്കുന്നതും ആയിരുന്നേക്കാം. എന്നാൽ തിരുവെഴുത്തുകൾ ഇങ്ങനെ അനുശാസിക്കുന്നു: “നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടതു.” (സദൃശവാക്യങ്ങൾ 23:23) സ്വയം ഇപ്രകാരം ചോദിക്കുക: ‘അയാളോടു പ്രേമം തോന്നുന്നതിന് എനിക്ക് ഈടുറ്റ കാരണങ്ങൾ ഉണ്ടോ? ഈ വ്യക്തിയെ കുറിച്ച് വാസ്തവത്തിൽ എനിക്ക് എത്രത്തോളം അറിയാം? അദ്ദേഹത്തിന്റെ ചിന്താരീതി, വികാരങ്ങൾ, അഭിപ്രായങ്ങൾ, ശീലങ്ങൾ, ധാർമിക മൂല്യങ്ങൾ, പ്രാപ്തികൾ, കഴിവുകൾ, ജീവിതരീതി തുടങ്ങിയവയെ കുറിച്ച് എനിക്ക് എന്തറിയാം?’
പരിചിന്തിക്കേണ്ട മറ്റൊരു സംഗതി ഈ വ്യക്തി നിങ്ങളിൽ യഥാർഥ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്നതാണ്. ദയയും സൗഹൃദവുമൊക്കെ മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. “അയാൾ ദയ കാണിക്കാൻ ശ്രമിക്കുകയായിരുന്നു,” ഹ്യൂഡ പറയുന്നു, “എന്നാൽ അയാളുടെ വാക്കുകളും പ്രവൃത്തികളും മറ്റും എന്നിലുള്ള താത്പര്യത്തെ ധ്വനിപ്പിക്കുന്നതായി ഞാൻ വ്യാഖ്യാനിച്ചു. കാരണം എനിക്ക് അത് ആവശ്യമായിരുന്നു. അയാൾക്ക് എന്നിൽ താത്പര്യമൊന്നുമില്ലെന്നു മനസ്സിലായപ്പോൾ എനിക്കു ലജ്ജ തോന്നി. ഞാൻ അയാളുടെ ശ്രദ്ധ അർഹിക്കുന്നില്ലെന്നും എനിക്ക് എന്തോ കുഴപ്പമുണ്ടെന്നും ഞാൻ കരുതി.”
സമാനമായ ഒരു അനുഭവം നിമിത്തം നിങ്ങൾക്കും അങ്ങനെ തോന്നിയിട്ടുണ്ടാകും. എന്നാൽ, ഈ വ്യക്തിയുടെ ദൃഷ്ടിയിൽ നിങ്ങൾ ചേരുന്നയാളല്ല എന്നതു മറ്റൊരുവന്റെ ദൃഷ്ടിയിലും അങ്ങനെ തന്നെ ആയിരിക്കും എന്ന് അർഥമാക്കുന്നില്ലെന്നു തിരിച്ചറിയുക. എന്തായാലും ലോകത്തിൽ ഈ ഒരൊറ്റ യുവാവു മാത്രമല്ലല്ലോ ഉള്ളത്!
വേദന തരണം ചെയ്യൽ
അങ്ങനെയാണെങ്കിലും നിങ്ങളുടെ വ്രണിത വികാരങ്ങൾ തരണം ചെയ്യുന്നതിനു സമയം ആവശ്യമാണ്. എന്നാൽ നിങ്ങളെ എന്തു സഹായിക്കും? നിങ്ങളെ ശ്രദ്ധിക്കുന്ന ഒരു ‘സുഹൃത്തിനോട്,’ പക്വമതിയായ ഒരു ക്രിസ്ത്യാനിയോട് കാര്യങ്ങൾ തുറന്നു പറയുകയും ആ വ്യക്തിയിൽ ആശ്രയിക്കുകയും ചെയ്യുക എന്നതാണ് ഒരു മാർഗം. (സദൃശവാക്യങ്ങൾ 17:17) നിങ്ങൾക്കു തുറന്നു സംസാരിക്കാൻ കഴിയുന്ന പ്രായമേറിയ ഒരു സഹോദരി സഭയിൽ ഉണ്ടായിരുന്നേക്കാം. സഹായവും പിന്തുണയും പ്രദാനം ചെയ്യുന്നതിൽ ക്രിസ്തീയ മാതാപിതാക്കൾക്കും ഒരു സുപ്രധാന പങ്കു വഹിക്കാവുന്നതാണ്. സെയ്നാ അനുസ്മരിക്കുന്നു: “ഞങ്ങളുടെ സഭയിലെ ഒരു ക്രിസ്തീയ സ്ത്രീ എന്റെ വിഷാദാവസ്ഥ തിരിച്ചറിഞ്ഞു. എന്നെ സഹായിക്കാൻ തക്കവണ്ണം പക്വമതിയുമായിരുന്നു അവർ. അവരോടൊപ്പം ആയിരിക്കുന്നത് ആശ്വാസകരമായിരുന്നു. അതുകൊണ്ട് ഞാൻ സർവ കാര്യങ്ങളും തുറന്നു പറഞ്ഞു. എന്റെ മാതാപിതാക്കളോടു സംസാരിക്കാൻ അവർ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ അവരോടു സംസാരിച്ചു. അവർ എന്നെ മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്തു.”
പ്രാർഥനയുടെ ശക്തിയെ കുറിച്ചും ഓർക്കുക. (സങ്കീർത്തനം 55:22) ഹ്യൂഡ പറയുന്നു: “യഹോവയോടുള്ള പ്രാർഥന വേദന തരണം ചെയ്യാൻ എന്നെ സഹായിച്ചു. വീക്ഷാഗോപുരം, ഉണരുക! മാസികകളിൽനിന്നുള്ള സഹായകമായ ലേഖനങ്ങളും ഞാൻ വായിച്ചു.” കൂടാതെ, സ്വയം ഒറ്റപ്പെടുത്താതിരിക്കുന്നതും പ്രധാനമാണ്. (സദൃശവാക്യങ്ങൾ 18:1) മറ്റുള്ളവരുമായി ഇഴുകിച്ചേരുക. “എന്നെ സഹായിച്ച മറ്റൊരു സംഗതി,” സെയ്നാ അനുസ്മരിക്കുന്നു, “ഞാൻ സ്വയം തിരക്കുള്ളവളാക്കി നിർത്തുകയും ഒരു പയനിയർ [മുഴു സമയ സുവിശേഷക] ആയിത്തീരുകയും ചെയ്തു എന്നതാണ്. സഭയിലെ മറ്റു സ്ത്രീകളുമായുള്ള സഹവാസവും ഞാൻ വർധിപ്പിച്ചു. ആത്മീയമായി പുരോഗമിക്കാൻ അതെന്നെ സഹായിച്ചു.”
“സ്നേഹിപ്പാൻ ഒരു കാലം” എന്നു ബൈബിൾ പ്രസ്താവിക്കുക തന്നെ ചെയ്യുന്നു. കാലക്രമത്തിൽ, നിങ്ങളുടെ പ്രിയത്തോടു പ്രതികരിക്കുന്ന ഒരുവനെ നിങ്ങൾ കണ്ടുമുട്ടിയേക്കാം. (സഭാപ്രസംഗി 3:8) ദാമ്പത്യ സ്നേഹത്തിന്റെ സുഖം നുകരാനുള്ള ആഗ്രഹത്തോടു കൂടിയാണ് യഹോവയാം ദൈവം മനുഷ്യരെ സൃഷ്ടിച്ചത്. നമ്മുടെ മഹാ നിർമാതാവിന്റെ ഈ ഉത്തമ കരുതൽ ഒരിക്കൽ നിങ്ങളും ആസ്വദിച്ചേക്കും. അതിനിടയിൽ, “ചിന്താകുലമില്ലാത്ത”തെന്ന് അപ്പോസ്തലനായ പൗലൊസ് സൂചിപ്പിച്ച, ഏകാകിത്വത്തിന്റേതായ വർഷങ്ങളിൽ നിന്ന് പരമാവധി പ്രയോജനം നേടരുതോ? (1 കൊരിന്ത്യർ 7:32-34) സംഗതി എന്താണെങ്കിലും പിൻവരുന്ന ബൈബിൾ വാഗ്ദാനത്തിന്റെ നിവൃത്തി സംബന്ധിച്ച് നിങ്ങൾക്ക് എല്ലായ്പോഴും ഉറപ്പുള്ളവരായിരിക്കാൻ സാധിക്കും: “നീ [യഹോവ] തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.”—സങ്കീർത്തനം 145:16.
[അടിക്കുറിപ്പ്]
a ഉൾപ്പെട്ടിരിക്കുന്നവർ ആരാണെന്ന് അറിയാതിരിക്കാനായി പേരുകൾ മാറ്റിയിരിക്കുന്നു.
[13-ാം പേജിലെ ചിത്രം]
ചിലപ്പോൾ, ദയ തെറ്റിദ്ധരിക്കപ്പെടുന്നു