രൂപാന്തരണം—കാണുന്നത് യഥാർഥമാണോ?
മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ
ആ മന്ത്രവാദി മരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഭവനത്തിനു വെളിയിൽ തടിച്ചുകൂടിയിരുന്ന പലരെയും സംബന്ധിച്ചിടത്തോളം അദ്ദേഹത്തിനു രൂപാന്തരണം മാത്രമേ സംഭവിച്ചുള്ളൂ. കാരണം, അദ്ദേഹം മരിച്ച സമയത്ത് ഒരു കൂറ്റൻ പെരുമ്പാമ്പ് വീടിന്റെ വാതിലിലൂടെ വെളിയിലേക്ക് ഇഴഞ്ഞുനീങ്ങുന്നത് കാണാമായിരുന്നു! ചിലരെ സംബന്ധിച്ചിടത്തോളം അതു കേവലമൊരു യാദൃച്ഛിക സംഭവമായിരുന്നു. എന്നാൽ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം, ആ മന്ത്രവാദി ഒരു പെരുമ്പാമ്പായി മാറി—രൂപാന്തരണം സംഭവിച്ചു—എന്നതിനു ബോധ്യപ്പെടുത്തുന്ന തെളിവായിരുന്നു അത്!
മനുഷ്യന് ഒരു മൃഗമായി മാറാൻ അല്ലെങ്കിൽ മനുഷ്യനെ മൃഗമാക്കി മാറ്റാൻ കഴിയുമെന്ന ധാരണ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും വളരെ പ്രബലമാണ്. മന്ത്രവാദികൾക്കു പുലികളുടെയും പെരുമ്പാമ്പുകളുടെയും രൂപം കൈവരിക്കാൻ കഴിവുള്ളതായി മിക്കപ്പോഴും വിശ്വസിക്കപ്പെടുന്നു. അതുപോലെ, ഒരു മന്ത്രവാദിക്കു മറ്റുള്ളവരെ മൃഗങ്ങളാക്കി മാറ്റാനാകുമെന്ന വിശ്വാസവും പരക്കെ വ്യാപകമാണ്. പശ്ചിമാഫ്രിക്കയിലെ പ്രബലമായ വിശ്വാസമാണ് മനുഷ്യാത്മാക്കളെ പക്ഷികളിലേക്കും മൃഗങ്ങളിലേക്കും നിവേശിപ്പിച്ചുകൊണ്ട് അവരെ പീഡിപ്പിക്കാൻ മന്ത്രവാദിനികൾക്കു കഴിയും എന്നത്. മധ്യാഫ്രിക്കയിലാണെങ്കിൽ, ചിലർ ആനയെയോ പാമ്പിനെയോ കൊല്ലുകയില്ല. തങ്ങളുടെ മരിച്ച ഒരു ബന്ധു അവയിൽ ഒന്നായി മാറിയിരിക്കുന്നു എന്ന് അവർ ഭയക്കുന്നു.
ഇതുപോലുള്ള വിശ്വാസങ്ങൾ ചില വായനക്കാർക്കു വിചിത്രമായി തോന്നിയേക്കാമെങ്കിലും, പല ആഫ്രിക്കക്കാരും കരുതുന്നത് അത്തരം രൂപാന്തരണങ്ങൾ ദൃക്സാക്ഷികളാൽ സ്ഥിരീകരിക്കപ്പെട്ടവ ആണെന്നാണ്. യുക്തിപൂർവം ചിന്തിക്കുന്ന പലരും വിവരിക്കുന്ന അനേകം കഥകൾ യാദൃച്ഛിക സംഭവങ്ങളായിരിക്കാൻ സാധ്യമല്ലെന്നാണ് അവരുടെ വാദം.
സമാനമായ വിശ്വാസങ്ങൾ ലോകത്തിലുടനീളം കാണാമെന്നതും ഒരു വസ്തുതയാണ്. ഉദാഹരണത്തിന്, കുറുക്കന്മാർക്കും നായ്ക്കൾക്കും തുരപ്പൻകരടികൾക്കും മനുഷ്യരിൽ കയറിക്കൂടാൻ കഴിയുമെന്ന വിശ്വാസം ജപ്പാനിലുണ്ട്. രാത്രിയിൽ ചെന്നായ്ക്കളായി രൂപാന്തരപ്പെടുന്ന മനുഷ്യരെക്കുറിച്ചുള്ള കഥകൾ യൂറോപ്പിലെ നാടോടിക്കഥകളിൽ കാണാം. മനുഷ്യരൂപവും മൃഗരൂപവും മാറിമാറി ധരിക്കാൻ കഴിയുന്ന കടുവകളെയും പന്നികളെയും മുതലകളെയും കുറിച്ചുള്ള കഥകൾ ലോകത്തിന്റെ ഇതര ഭാഗങ്ങളിലുമുണ്ട്.
തിരുവെഴുത്തുകൾ പിന്താങ്ങുന്നുവോ?
പ്രകൃത്യതീത രൂപാന്തരണ വിശ്വാസത്തെ തിരുവെഴുത്തുകൾ അംഗീകരിക്കുന്നതായി ചിലർ അവകാശപ്പെടുകപോലും ചെയ്യുന്നു. അതിനു തെളിവെന്ന നിലയിൽ നാലു ബൈബിൾ വിവരണങ്ങൾ ഉദ്ധരിക്കുകയും ചെയ്യുന്നു. ഒന്നാമത്, രണ്ടു പുരുഷന്മാരിൽനിന്ന് യേശു ഭൂതങ്ങളെ പുറത്താക്കി. പുറത്താക്കപ്പെട്ടശേഷം ആ ഭൂതങ്ങൾ ഒരു പന്നിക്കൂട്ടത്തിൽ കടന്നു. (മത്തായി 8:28-33) രണ്ടാമത്, സംഖ്യാപുസ്തകം 22:26-35-ൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരണമാണ്. ബിലെയാമിന്റെ കഴുത സംസാരിച്ചതായി അവിടെ പറയുന്നു. മൂന്നാമത്തേതായിരിക്കാം ഇവയിൽ ഏറ്റവും അറിയപ്പെടുന്നത്. ഏദെൻ തോട്ടത്തിൽവെച്ച് ഹവ്വായോട് ഒരു സർപ്പം സംസാരിച്ചതാണ് ആ വിവരണം.—ഉല്പത്തി 3:1-5.
എന്നാൽ, സൂക്ഷ്മമായി അപഗ്രഥിച്ചാൽ ആ വിവരണങ്ങൾ തീർച്ചയായും രൂപാന്തരണത്തിന്റെ ഉദാഹരണങ്ങൾ അല്ല എന്നു വ്യക്തമാകും. ഭൂതങ്ങൾ ബാധിച്ച പന്നികളുടെ കാര്യംതന്നെ എടുക്കാം. മൃഗങ്ങളായി രൂപാന്തരണം സംഭവിച്ച ആളുകളായിരുന്നു ആ പന്നികളെന്ന് ബൈബിൾ പറയുന്നില്ല. ഭൂതബാധയ്ക്കു മുമ്പ് ആ “വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു” എന്നു വിവരണം പറയുന്നു. (മത്തായി 8:30) ആ പന്നികളിൽ പ്രവേശിച്ചതു സാത്താന്റെ ഭൂതങ്ങളാണ്, മനുഷ്യാത്മാക്കളല്ല.
ബിലെയാമിന്റെ കഴുതയുടെയും ഏദെനിലെ സർപ്പത്തിന്റെയും കാര്യമോ? ഇവയിൽ ആദ്യത്തെ കേസിൽ, “യഹോവ കഴുതയുടെ വായ് തുറന്നു”വെന്ന് ബൈബിൾ എടുത്തു പറയുന്നു. (സംഖ്യാപുസ്തകം 22:28) അതു രൂപാന്തരണം ഭവിച്ച മനുഷ്യനായിരുന്നില്ല. ഇനി ഏദെനിലെ സർപ്പത്തിന്റെ കാര്യത്തിലാണെങ്കിൽ, പിശാചായ സാത്താൻ എന്നു പേരുള്ള ദുഷ്ടാത്മാവിനെ ‘പഴയ പാമ്പ്’ ആയി ബൈബിൾ തിരിച്ചറിയിക്കുന്നു. (വെളിപ്പാടു 12:9) സർപ്പം മുഖാന്തരം സംസാരിച്ചുകൊണ്ട് “ഹവ്വയെ ഉപായത്താൽ ചതിച്ചതു” സാത്താനായിരുന്നു. (2 കൊരിന്ത്യർ 11:3) അതേ, ബിലെയാമിന്റെ കഴുതയും ആ സർപ്പവും ജന്തുക്കളായിരുന്നു—അവ സംസാരിച്ചതിനു മുമ്പും, സംസാരിച്ചപ്പോഴും, സംസാരിച്ചതിനു ശേഷവും.
മിക്കപ്പോഴും പരാമർശിക്കുന്ന നാലാമത്തെ വിവരണം ബാബിലോനിലെ ഗർവിഷ്ഠ രാജാവായ നെബൂഖദ്നേസറിനെക്കുറിച്ച് ഉള്ളതാണ്. ദൈവം നെബൂഖദ്നേസറിനെ ലജ്ജിപ്പിച്ചുവെന്ന് ബൈബിൾ പറയുന്നു. “അവന്റെ ഹൃദയം മൃഗപ്രായമായ്തീർന്നു; അവന്റെ പാർപ്പു കാട്ടുകഴുതകളോടുകൂടെ ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിന്നു നിയമിക്കയും ചെയ്യുന്നു എന്നു അവൻ അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.” (ദാനീയേൽ 5:21) മതിഭ്രമം ബാധിച്ച ആ സപ്തവർഷക്കാലവും നെബൂഖദ്നേസർ ഒരു മൃഗത്തെപ്പോലെ കാണപ്പെടുകയും പെരുമാറുകയും ചെയ്തു. ദാനീയേൽ 4:33 പറയുന്നതനുസരിച്ച്, ‘അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളർന്നു.’ അപ്പോൾപ്പോലും, രാജാവിന്റെ ദേഹത്ത് വാസ്തവത്തിൽ തൂവലുകളോ നഖങ്ങളോ മുളച്ചുവന്നില്ല. അവൻ മനുഷ്യനായിത്തന്നെ ജീവിച്ചു!
പ്രകൃത്യതീത രൂപാന്തരണം എന്ന ആശയംതന്നെ ബൈബിൾ പഠിപ്പിക്കലുകൾക്കു വിരുദ്ധമാണ്. മൃഗത്തിൽ വസിക്കാൻ കഴിയുന്ന ഒരു വേറിട്ട ദേഹി മനുഷ്യനില്ലെന്നു ബൈബിൾ പ്രകടമാക്കുന്നു. മറിച്ച്, മനുഷ്യൻതന്നെ “ജീവനുള്ള ദേഹി” ആണ്. (ഉല്പത്തി 2:7) മാത്രമല്ല, യഹോവയാം ദൈവം വെച്ചിരിക്കുന്ന ക്രമനിബദ്ധതയ്ക്കു വിരുദ്ധവുമാണു രൂപാന്തരണം. “അതതുതര”മായി പ്രജനനം ചെയ്യുന്ന വിധത്തിലാണു മൃഗങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. (ഉല്പത്തി 1:24, 25) ദൈവം വെച്ചിരിക്കുന്ന ജനിതക അതിർവരമ്പുകൾ നിമിത്തം പരസ്പരം ഇണചേർന്ന് സന്താനോത്പാദനം നടത്താൻ വ്യത്യസ്ത തരത്തിൽപ്പെട്ട അല്ലെങ്കിൽ പ്രമുഖ ഗ്രൂപ്പുകളിൽപ്പെട്ട ജന്തുക്കൾക്കു കഴിയില്ല. അതിനെക്കാൾ വലിയ വിടവ് മൃഗങ്ങൾക്കും ‘ദൈവത്തിന്റെ സാദൃശ്യപ്രകാരം’ സൃഷ്ടിക്കപ്പെട്ട മനുഷ്യനും ഇടയിലുണ്ട്. (ഉല്പത്തി 1:26) ന്യായബോധമില്ലാത്ത മൃഗങ്ങളായിത്തീരുന്നതിനുള്ള പ്രാപ്തി മനുഷ്യർക്കു നൽകിക്കൊണ്ട് ദൈവം തീർച്ചയായും തന്റെതന്നെ നിയമങ്ങളെ അപഹാസ്യമാക്കുകയില്ല.
രൂപാന്തരണം പ്രകൃതിയിൽ ദൃശ്യമാണെന്നതു ശരിതന്നെ. ശലഭപ്പുഴുക്കൾ ചിത്രശലഭങ്ങളായിത്തീരുന്നു, വാൽമാക്രികൾ തവളകളായിത്തീരുന്നു. എന്നിരുന്നാലും, രൂപാന്തരണത്തിന്റെ ഈ ഉദാഹരണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത് ‘തര’ങ്ങൾക്ക് സംഭവിക്കുന്ന മാറ്റമല്ല, പിന്നെയോ ഒരേ ‘തര’ത്തിൽത്തന്നെയുള്ള ജീവികളുടെ വ്യത്യസ്ത വികാസഘട്ടങ്ങളാണെന്നു സൂക്ഷ്മനിരീക്ഷണം വ്യക്തമാക്കുന്നു. പൂർണ വളർച്ചയെത്തിക്കഴിയുമ്പോൾ “അതതുതരം” അനുസരിച്ച് അവ പ്രത്യുത്പാദനം നടത്തുന്നു.
കാണുന്നതെല്ലാമൊന്നും എപ്പോഴും വിശ്വസനീയമല്ല
അപ്പോൾപ്പിന്നെ എങ്ങനെയാണ് പ്രകൃത്യതീത രൂപാന്തരണങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ദൃക്സാക്ഷി വിവരണങ്ങളെ നമുക്കു വിശദീകരിക്കാനാകുക? തീർച്ചയായും ഇത്, “നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും [കൂടിയ] അനീതിയുടെ സകലവഞ്ചന”യുടെയും മറ്റൊരു ഉദാഹരണം മാത്രമാണ്.—2 തെസ്സലൊനീക്യർ 2:9, 10.
മുഷ്കരന്മാരായ എല്ലാവരെയുംപോലെ, വാസ്തവത്തിൽ ഉള്ളതിനെക്കാൾ ശക്തി തങ്ങൾക്കുണ്ടെന്ന് ആളുകൾ വിശ്വസിക്കാൻ ഭൂതങ്ങൾ ആഗ്രഹിക്കുന്നു. ബോധ്യം വരുത്തുന്ന അടയാളങ്ങൾ അവർ പ്രവർത്തിക്കുന്നു. മോഷ്ടാക്കളുടെയും തട്ടിപ്പുകാരുടെയും വഞ്ചനയ്ക്കു സമാനമാണിത്.
ആഫ്രിക്കയിലെ പല കമ്പോളങ്ങളിലും കൂടെക്കൂടെ വരുന്ന ചീട്ടുകളി വിരുതന്മാരെ നാം ഓർത്തുപോകുന്നു. പാടുപെട്ട് അധ്വാനിച്ചുണ്ടാക്കിയ പണം വഞ്ചകമായ ചീട്ടുകളിയിലൂടെ അന്യാധീനപ്പെടുത്താൻ ചില വീട്ടമ്മമാരെ അവർ നിർലജ്ജം വശീകരിക്കുന്നു. അവർ മൂന്നു ചീട്ടുകൾ—രണ്ടു ചെമന്ന ചീട്ടും ഒരു കറുത്ത ചീട്ടും—ഒരു സ്ത്രീയെ കാണിക്കും. എന്നിട്ട് കറുത്ത ചീട്ടെടുത്താൽ പണം ഇരട്ടിയാക്കാമെന്ന് അവർ സ്ത്രീയോടു പറയുന്നു. സ്ത്രീ കളിക്കാൻ മടിക്കുന്നു. എന്നാൽ മറ്റൊരാൾ നിഷ്പ്രയാസം കളിയിൽ ജയിക്കുന്നതു കാണുമ്പോൾ സ്ത്രീ കളി തുടങ്ങുന്നു. കളിയിൽ ജയിച്ചയാൾ അവരുടെ സംഘാംഗമാണെന്ന് അവൾ തിരിച്ചറിയുന്നേയില്ല. അവൾ പന്തയം വെക്കുന്നു, കാർഡുകൾ കശക്കുകയും കൂട്ടിക്കുഴയ്ക്കുകയും ചെയ്യുമ്പോൾ അവൾ കറുത്ത കാർഡിൽത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു. എന്നാൽ അവൾ എടുക്കുന്ന കാർഡോ ചെമന്നതും. അപ്പോൾ അവൾക്ക് അപമാനവും ഭയവും തോന്നുന്നു. കുടുംബത്തിന് ആഹാരസാധനങ്ങൾ വാങ്ങാനുള്ള പണമാണ് അവൾ കളഞ്ഞുകുളിച്ചത്—അങ്ങനെ അവൾ സ്വന്തം അത്യാഗ്രഹത്തിന്റെയും തട്ടിപ്പുകാരന്റെ ചെപ്പടിവിദ്യയുടെയും ഇരയായിത്തീരുന്നു! കാണുന്നതെല്ലാം എല്ലായ്പോഴും വിശ്വസനീയമല്ല എന്ന് അവൾ മനസ്സിലാക്കിയത് വളരെ വൈകിയാണ്.
മനുഷ്യർക്കു മൃഗങ്ങളായി മാറാനാകുമെന്നു ചിന്തിക്കുന്നതിലേക്ക് ആളുകളെ വഞ്ചനാപൂർവം നയിക്കുന്നതിൽ സാത്താനും ഭൂതങ്ങളും ആനന്ദം കണ്ടെത്തുന്നു. വഞ്ചനയിൽ വിദഗ്ധനാണ് സാത്താൻ. ‘നിങ്ങൾ മരിക്കയില്ല നിശ്ചയം. നിങ്ങൾ ദൈവത്തെപ്പോലെ ആകും’ എന്ന ആദ്യ നുണ ഹവ്വായോട് പറഞ്ഞതും അവൻതന്നെ. (ഉല്പത്തി 3:4, 5) ദേഹിയുടെ അമർത്ത്യത, അഗ്നിനരകം, രൂപാന്തരണം എന്നിങ്ങനെ ആളുകളെ ഭയത്തിൽ നിർത്തുന്ന അനേകം പഠിപ്പിക്കലുകൾക്കു നിദാനം ആ ആദ്യ നുണയാണ്. അതിനാൽ, ആഫ്രിക്കക്കാർ “പ്രതിവിധി”ക്കായി കനത്ത തുക നൽകുന്നു. മൃഗമായിത്തീരുന്നതിൽനിന്ന് അതവരെ സംരക്ഷിക്കുമെന്നാണ് അവരുടെ വിചാരം. വാസ്തവത്തിൽ, അവർ ‘ഭൂതങ്ങളുടെ ഉപദേശങ്ങൾക്ക്’ അടിമകളായിത്തീരുകയാണു ചെയ്യുന്നത്.—1 തിമൊഥെയൊസ് 4:1; യാക്കോബ് 4:7.
യഥാർഥ രൂപാന്തരണം
ഒരുപക്ഷേ നിങ്ങളും രൂപാന്തരണത്തിൽ വിശ്വസിച്ചിട്ടുണ്ടായിരിക്കാം, അല്ലെങ്കിൽ അതിനെ ഭയപ്പെട്ടിട്ടുണ്ടായിരിക്കാം. എങ്കിൽ, റോമർ 12:2-ലെ ബൈബിളിന്റെ വാക്കുകൾക്കു ശ്രദ്ധ കൊടുക്കുക. മൂലപാഠത്തിൽ അവിടെ ഉപയോഗിച്ചിരിക്കുന്നത് മെറ്റാമോർഫൂ എന്ന ഒരു ഗ്രീക്കു പദരൂപമാണ്. “മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ [മെറ്റാമോർഫൗസ്തേ]” എന്ന് നാം അവിടെ വായിക്കുന്നു. ഇതു പരാമർശിക്കുന്നത് സംഭവിക്കാൻ കഴിയുന്ന രൂപാന്തരണത്തെയാണ്—വ്യക്തിത്വത്തിലെ സമ്പൂർണ മാറ്റത്തെ!
ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർ അത്തരമൊരു മാറ്റം വരുത്തേണ്ടതുണ്ട്. കാരണം, ബൈബിൾ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: ‘നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിക്കുവിൻ.’—കൊലൊസ്സ്യർ 3:9, 10.
നിങ്ങൾക്ക് എങ്ങനെ രൂപാന്തരപ്പെടാൻ സാധിക്കും? ബൈബിളിന്റെ സൂക്ഷ്മപരിജ്ഞാനം നേടിക്കൊണ്ട്. ആ അറിവ് ലഭിക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾ വളരെക്കാലമായി താലോലിച്ചിരുന്ന ആശയങ്ങളോ സങ്കൽപ്പങ്ങളോ ഉപേക്ഷിക്കേണ്ടതായി വന്നേക്കാം. എന്നാൽ, യേശു പറഞ്ഞതുപോലെ “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രൻമാരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:32) രൂപാന്തരണം സംബന്ധിച്ച അബദ്ധ ധാരണകളിൽനിന്നും ഭയത്തിൽനിന്നും നിങ്ങൾക്കു സ്വാതന്ത്ര്യം നേടാൻ സാധിക്കും.
[15-ാം പേജിലെ ചിത്രം]
കണ്ണുകൊണ്ട് “കാണുന്ന” കാര്യങ്ങൾ എപ്പോഴും യാഥാർഥ്യമല്ല
[13-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
മാന്ത്രിക വൈദ്യൻ: Courtesy Africana Museum, Johannesburg