കൈനഖങ്ങൾ—നിങ്ങൾ അവയെ പരിചരിക്കുന്നുണ്ടോ?
സ്വീഡനിലെ ഉണരുക! ലേഖകൻ
“നിങ്ങളുടെ നഖങ്ങൾ ഒന്നു കാണിക്കൂ” എന്ന് ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാൽ നിങ്ങളെങ്ങനെ പ്രതികരിക്കും? നിങ്ങളുടെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന നഖങ്ങൾ സന്തോഷത്തോടുകൂടി കാണിക്കുമോ അതോ നിങ്ങൾ കൈകൾ വേഗം പിന്നിലൊളിപ്പിക്കുമോ? നഖങ്ങൾ മറച്ചുപിടിക്കുന്നതിന് നിങ്ങൾക്ക് നല്ല കാരണമുണ്ടായിരിക്കാം. ഒരുപക്ഷേ അവ കാണാൻ കൊള്ളാവുന്ന സ്ഥിതിയിൽ അല്ലായിരിക്കാം. അല്ലെങ്കിൽ നിങ്ങൾ നഖം കടിക്കുന്ന ആളായിരിക്കാം. നഖങ്ങളുടെ അത്ഭുതകരമായ ഘടനയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നത് അവയെ കൂടുതൽ വിലമതിക്കുന്നതിനും നന്നായി പരിചരിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കും.
നഖങ്ങൾ പ്രധാനമായും നിർമിക്കപ്പെട്ടിരിക്കുന്നത് കട്ടിയായിത്തീർന്ന നിർജീവ കോശങ്ങളാലാണ്. ഈ നിർജീവ കോശങ്ങളിൽ കെരാറ്റിൻ എന്ന നാരുരൂപത്തിലുള്ള മാംസ്യം അടങ്ങിയിരിക്കുന്നു. കൈനഖങ്ങളുടെ വളർച്ചാ നിരക്ക് ഓരോ വിരലിലും വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. മാസംതോറും ഏതാണ്ട് മൂന്നു മില്ലിമീറ്റർ എന്ന ശരാശരി നിരക്കിലാണ് നഖങ്ങൾ വളരുന്നത്. നഖങ്ങൾ വെട്ടാതിരിക്കുകയാണെങ്കിൽ അവയ്ക്കു നല്ല നീളംവെക്കും. ഇടതുകയ്യിലെ നഖങ്ങൾക്കെല്ലാംകൂടി 574 സെൻറിമീറ്റർ നീളമുള്ള ഒരു ഇന്ത്യക്കാരനെക്കുറിച്ച് ദ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് 1998 റിപ്പോർട്ടു ചെയ്യുന്നു. അദ്ദേഹത്തിന്റെ തള്ളവിരലിലെ നഖത്തിന് 132 സെൻറിമീറ്റർ നീളമുണ്ടത്രേ.
സങ്കീർണമായ ഒരു ഘടന
നഖത്തിന് നഖ ഫലകം എന്ന ഒരേയൊരു ഭാഗമേയുള്ളൂ എന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. അതുകൊണ്ട് അതിന് പ്രധാനപ്പെട്ട അനേകം ദൃശ്യ ഭാഗങ്ങളും ചില അദൃശ്യ ഭാഗങ്ങളും ഉണ്ടെന്നറിയുന്നത് നിങ്ങളെ അതിശയിപ്പിച്ചേക്കാം. നമുക്ക് നഖത്തിന്റെ ഘടന കൂടുതൽ അടുത്തു പരിശോധിക്കാം.
1. നഖ ഫലകം. നാം സാധാരണഗതിയിൽ നഖമെന്നു വിളിക്കുന്ന കട്ടിയുള്ള ഭാഗമാണ് ഇത്. നഖ ഫലകത്തിന് രണ്ടു പാളികളുണ്ട്, മേൽപ്പാളിയും കീഴ്പാളിയും. ഈ രണ്ടു ഭാഗങ്ങളിലെയും കോശങ്ങൾ വ്യത്യസ്ത രീതിയിലാണു ക്രമീകരിക്കപ്പെട്ടിരിക്കുന്നത്, അവ വളരുന്നതും വ്യത്യസ്ത വേഗത്തിലാണ്. നഖ ഫലകത്തിന്റെ മേൽപ്രതലം മിനുസമുള്ളതാണ്, അതേസമയം ഉൾപ്രതലത്തിൽ നഖതലത്തിലേതിനു (nail bed) സമാനമായ വരകളുണ്ട്. ഇവ സമാന്തരമായി സ്ഥിതിചെയ്യുന്നു. നഖതലത്തിലെ വരകൾ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. അത് ഒരു തിരിച്ചറിയൽ അടയാളമായി ഉതകിയേക്കാം.
2. ലൂന്യൂൾ. നഖ ഫലകത്തിന്റെ ചുവട്ടിൽ കാണുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള വെളുത്ത ഭാഗമാണിത്. എല്ലാ വിരലുകൾക്കും ദൃശ്യമായ ഒരു ലൂന്യൂൾ ഇല്ല. നഖ ഫലകത്തിന്റെ ചുവട്ടിലുള്ള ജീവത്കല അടങ്ങിയ ചെറിയൊരു ഭാഗത്തു നിന്നാണ് നഖം വളരുന്നത്. ഇതിനെ മാട്രിക്സ് എന്നു വിളിക്കുന്നു. ഇതാണ് നഖത്തിന്റെ ഏറ്റവും മർമപ്രധാനമായ ഭാഗം. മാട്രിക്സിന്റെ അറ്റമാണ് ലൂന്യൂൾ. അതുകൊണ്ടുതന്നെ അത് നഖത്തിന്റെ ജീവനുള്ള ഭാഗത്തിന്റെ ദൃശ്യ ഘടകവുമാണ്. നഖ ഫലകത്തിന്റെ ശേഷിച്ച ഭാഗത്ത് നിർജീവ കോശങ്ങളാണ് ഉള്ളത്.
3. നഖ മടക്കുകൾ, ചുവട്ടിലും വശങ്ങളിലും ഉള്ളവ. നഖ ഫലകത്തിനു ചുറ്റുമുള്ള ചർമമാണിവ. ഈ ചർമത്തെ നഖ മടക്ക് എന്നു വിളിക്കുന്നത് അത് നഖ ഫലകത്തിൽ അവസാനിക്കാതെ അടിയിലേക്കു മടങ്ങി പുതുതായി ഉണ്ടായിവരുന്ന നഖ ഫലകത്തെ പൊതിഞ്ഞു സ്ഥിതിചെയ്യുന്നതിനാലാണ്. ഈ ചർമ മടക്കുകൾ നഖത്തിന്റെ ചുറ്റുമുള്ള ഭാഗങ്ങളെ സംരക്ഷിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു.
4. എപ്പോനിക്കിയം. നഖ ഫലകത്തിന്റെ ചുവട്ടിൽ അവസാനിക്കുന്നതായി കാണപ്പെടുന്ന, ചർമ മടക്കിന്റെ നീളത്തിലുള്ള ഒരു ചെറിയ കഷണമാണത്. ചിലപ്പോൾ ഇതിനെ ക്യൂട്ടിക്ക്ൾ എന്നും വിളിക്കാറുണ്ട്.
5. ക്യൂട്ടിക്ക്ൾ. യഥാർഥ ക്യൂട്ടിക്ക്ൾ എപ്പോനിക്കിയത്തിന്റെ അടിയിലായി തള്ളിനിൽക്കുന്ന ചെറിയൊരു ഭാഗമാണ്. നഖ ഫലകത്തിന്റെ പിൻഭാഗത്തായി പ്രതലത്തോട് പറ്റിച്ചേർന്നിരിക്കുന്ന വർണരഹിതമായ ഒരു നിർജീവ ചർമപാളിയാണ് ഇത്.
6. സ്വതന്ത്രാഗ്രം. വിരലറ്റം കഴിഞ്ഞും വളരുന്ന നഖ ഫലകത്തിന്റെ ഭാഗം.
7. ഹൈപോനിക്കിയം. നഖത്തിന്റെ സ്വതന്ത്രാഗ്രത്തിന് അടിയിലായി കാണപ്പെടുന്നു. ഈ കല നഖ തലത്തെ അണുബാധയിൽനിന്നു സംരക്ഷിക്കുന്ന ഒരു ജലരോധക കവചമായി വർത്തിക്കുന്നു.
അവയുടെ ഉപയോഗം
നഖംകൊണ്ട് പല ഉപയോഗവുമുണ്ട്. ചൊറിയാനും ഓറഞ്ചു പൊളിക്കാനും കെട്ടഴിക്കാനും ചെറിയ സാധനങ്ങൾ കൈകാര്യം ചെയ്യാനുമെല്ലാം അവ ഉപയോഗപ്രദമാണ്. കൂടാതെ, അവ സംവേദനക്ഷമവും ദുർബലവുമായ വിരലറ്റങ്ങളെ താങ്ങുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
സൗന്ദര്യത്തിന്റെ കാര്യത്തിൽ നഖങ്ങൾക്കുള്ള പ്രാധാന്യം അവഗണിച്ചുകൂടാ. നമ്മുടെ നഖങ്ങൾ നല്ലതോ മോശമോ ആയ ചമയ ശീലങ്ങളെ പ്രതിഫലിപ്പിച്ചേക്കാം. സാധാരണയായി ഉപയോഗിക്കുന്ന ആംഗ്യങ്ങളിൽ അവ ഒരു പ്രധാന പങ്കു വഹിക്കുന്നു. വൃത്തിയായി സൂക്ഷിക്കുന്നപക്ഷം അവ നമ്മുടെ കൈകൾക്ക് ചന്തം പകർന്നേക്കാം. അവയുടെ അഭാവം നമ്മുടെ ദൈനംദിന ജീവിതത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കും. അവയില്ലെങ്കിൽ നമ്മുടെ കൈകൾക്ക് എന്തോ കുറവുള്ളതുപോലെ തോന്നും.
ശരിയായ പരിചരണം അവയെ കൂടുതൽ ബലമുള്ളതാക്കുന്നു
നമ്മുടെ അത്ഭുതകരമായ ശരീരത്തിന്റെ ഭാഗമായ നഖങ്ങളെ നാം ശരിയായ വിധത്തിൽ പരിചരിക്കേണ്ടതുണ്ട്. നിങ്ങളുടെ നഖത്തിന് എന്തെങ്കിലും കാര്യമായ തകരാറുണ്ടെങ്കിൽ അതു ഡോക്ടറെ കാണിക്കണം. നിങ്ങൾക്ക് എന്തെങ്കിലും ശാരീരിക തകരാറുണ്ടെങ്കിൽ അതിന്റെ ലക്ഷണങ്ങൾ വിരൽത്തുമ്പുകളിൽ പ്രത്യക്ഷപ്പെട്ടേക്കാം എന്നത് ഒരു വസ്തുതയാണ്. അതേ, ചില ശാരീരിക രോഗങ്ങൾ നഖങ്ങളിൽ നോക്കി കണ്ടുപിടിക്കാൻ കഴിയുമെന്ന അവകാശവാദം നിലവിലുണ്ട്.
കാൽസ്യമോ ജീവകങ്ങളോ കൂടുതൽ കഴിച്ചാൽ നഖങ്ങളുടെ കരുത്തു വർധിക്കുമോ? പ്രസ്തുത ചോദ്യത്തിന് മറുപടി നൽകവേ, സ്വീഡനിലെ സ്റ്റോക്ക്ഹോമിലുള്ള കാരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ നഖങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന പ്രൊഫസർ ബോ ഫോർസ്ലിൻഡ് ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “ആ വീക്ഷണത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ ഒന്നുമില്ല. ഒരു സാധാരണ നഖത്തിൽ അടങ്ങിയിരിക്കുന്ന കാൽസ്യത്തെക്കുറിച്ച് അപഗ്രഥനം നടത്തിയപ്പോൾ കാണാൻ കഴിഞ്ഞത് അവയിൽ ഈ മൂലകത്തിന്റെ നിസ്സാര അംശമേ അടങ്ങിയിട്ടുള്ളുവെന്നാണ്.”
എന്നാൽ, നഖങ്ങളെ കരുത്തും വഴക്കവും ഉള്ളവയാക്കി നിർത്താൻ സഹായിക്കുന്നത് തീർച്ചയായും വെള്ളമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, നഖങ്ങളിൽ കെരാറ്റിൻ അടങ്ങിയിട്ടുണ്ട്. ഈ കെരാറ്റിൻ തന്തുക്കൾ വഴക്കമുള്ളവ ആയിരിക്കണമെങ്കിൽ അവയ്ക്കു വെള്ളം ആവശ്യമാണ്. പ്രൊഫസർ ഫോർസ്ലിൻഡ് ഒരു ഉദാഹരണം നൽകുന്നു: “നഖത്തിന്റെ ഒരു കഷണം മുറിച്ചെടുക്കുന്ന സമയത്ത് വഴക്കമുള്ളത് ആയിരിക്കാമെങ്കിലും രാത്രി മുഴുവനും ഇരുന്ന് ഉണങ്ങിക്കഴിയുമ്പോൾ അത് എളുപ്പത്തിൽ ഒടിയുന്ന തരത്തിലുള്ളത് ആയിത്തീരും.” ഈർപ്പം നഖങ്ങളെ വഴക്കവും കരുത്തും ഉള്ളതാക്കി നിർത്തുന്നു. എന്നാൽ ഈ ഈർപ്പം എവിടെനിന്നാണു വരുന്നത്? നഖ ഫലകം കട്ടിയുള്ളതായി കാണപ്പെട്ടേക്കാമെങ്കിലും അത് താര്യമാണ് (permeable). നഖ തലത്തിലുള്ള ഈർപ്പം നഖ ഫലകത്തിലൂടെ അതിന്റെ പ്രതലത്തിൽ എത്തുകയും അവിടെനിന്ന് ബാഷ്പീകരിക്കപ്പെടുകയും ചെയ്യുന്നു. നഖങ്ങൾ വരണ്ടു പോകാതിരിക്കാനായി എന്തു ചെയ്യാൻ കഴിയും, അവയെ എങ്ങനെ കരുത്തുള്ളവയാക്കി നിർത്താൻ കഴിയും? പ്രൊഫസർ ഫോർസ്ലിൻഡ് പറയുന്നു: “ദിവസവും എണ്ണ തൂക്കുന്നത് പ്രയോജനപ്രദമായിരിക്കും.”
അവയുടെ വളർച്ചയ്ക്കും ഭംഗിക്കും വേണ്ടിയുള്ള പരിചരണം
നഖം വളരുന്നത് മാട്രിക്സിൽനിന്ന് ആയതുകൊണ്ട് നഖത്തിന്റെ ഈ ഭാഗത്തിന് ശരിയായ പരിചരണം അനിവാര്യമാണ്. ക്രീമോ എണ്ണയോ തേച്ച് പതിവായി തിരുമ്മി മാട്രിക്സിനെ ഉദ്ദീപിപ്പിക്കുന്നത് നഖ ഫലകത്തിനു പ്രയോജനം ചെയ്യും. കൂടാതെ, നഖങ്ങളുടെ സ്വതന്ത്രാഗ്രത്തിന് അടിയിലേക്ക് ഒരു തുള്ളി എണ്ണ ഒഴിച്ചു കൊടുക്കുന്നതും സഹായകമാണ്. നഖം വരണ്ടു പോകാതിരിക്കാൻ അതു സഹായിക്കുന്നു.
നഖങ്ങൾ വെട്ടുകയോ മിനുസപ്പെടുത്തുകയോ ചെയ്യുന്നതിന് അനുസൃതമായും അവ കരുത്തുള്ളവയോ ദുർബലമോ ആയിത്തീർന്നേക്കാം. നഖങ്ങൾ വെട്ടി മിനുസപ്പെടുത്തുമ്പോൾ വശത്തുനിന്ന് മധ്യത്തിലേക്കു ചെയ്യാൻ ശുപാർശ ചെയ്യപ്പെടുന്നു. കോണുകൾ മുറിച്ചു മാറ്റുന്നത് നഖത്തെ ദുർബലമാക്കും എന്ന സംഗതി മനസ്സിൽ പിടിക്കുക. നഖം കൂർത്തിരിക്കുന്നതിന് അതിടയാക്കും. അതാണ് ഏറ്റവും ദുർബലമായ ആകൃതി, എന്തുകൊണ്ടെന്നാൽ അതിന് വശങ്ങളിൽ താങ്ങൊന്നുമില്ല. നഖങ്ങളുടെ വശങ്ങൾ 1.5 മില്ലിമീറ്ററോളം വളർന്ന ശേഷം വിരൽത്തുമ്പിന്റെ ആകൃതിയിൽ ഉരുട്ടി വെട്ടിയാൽ കരുത്തുള്ള നീളം കുറഞ്ഞ നഖങ്ങൾ ലഭിക്കും.
നഖങ്ങൾക്ക് അൽപ്പം കൂടെ നീളം ഉണ്ടായിരിക്കുന്നത് ആയിരിക്കും ചില സ്ത്രീകൾക്ക് ഇഷ്ടം. എന്നാൽ ഒരു മുന്നറിയിപ്പ്. ഒരുപാടു നീളമുള്ള നഖങ്ങൾ അനാവശ്യ ശ്രദ്ധ ആകർഷിക്കുകയും സാധാരണ ജോലികൾ ചെയ്യുന്നതിൽനിന്നു നിങ്ങളെ തടയുകയും ചെയ്തേക്കാം. അതുകൊണ്ട് നഖങ്ങളുടെ നീളം സംബന്ധിച്ച് ഒരു സന്തുലിത വീക്ഷണം നിലനിർത്തുക. അങ്ങനെയെങ്കിൽ നഖങ്ങൾ നിങ്ങൾക്കൊരു സ്വത്തായിരിക്കും. അത് നിങ്ങളെക്കുറിച്ച് മറ്റുള്ളവരിൽ നല്ല ധാരണ ഉളവാക്കുകയും ചെയ്യും.
കൂർത്ത ഉപകരണം ഉപയോഗിച്ച് ഒരിക്കലും നഖത്തിലെ അഴുക്ക് കുത്തിക്കളയരുതെന്ന് വിദഗ്ധർ പറയുന്നു. ഇത് നഖത്തിന്റെ സ്വതന്ത്രാഗ്രത്തിന് അടിയിലുള്ള കലയായ ഹൈപോനിക്കിയത്തിന് കേടു വരുത്തിയേക്കാം. ഈ കല നഖത്തിന്റെ അടിഭാഗത്തെ സംരക്ഷിക്കുന്ന മുറുക്കമുള്ള ഒരു കവചമായി വർത്തിക്കുന്നു. ഈ ഭാഗത്തിനു കേടു തട്ടിയാൽ നഖം അതിന്റെ തലത്തിൽനിന്ന് ഇളകിപ്പോകുകയും അതിന് അണുബാധ ഉണ്ടാകുകയും ചെയ്തേക്കാം. നഖങ്ങളുടെ അടിഭാഗം വൃത്തിയാക്കുന്നതിന് വളരെ മൃദുവായ ഒരു ബ്രഷ് ഉപയോഗിക്കുക.
നഖങ്ങളുടെ കരുത്തും ആരോഗ്യവും കുറെയൊക്കെ പാരമ്പര്യ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ചിലയാളുകൾക്ക് കരുത്തും വഴക്കവും ഉള്ള നഖ ഫലകങ്ങളും മറ്റു ചിലർക്ക് വരണ്ടതോ ദുർബലമോ ആയ നഖങ്ങളും ഉണ്ടായിരിക്കുന്നത് അതുകൊണ്ടാണ്. നിങ്ങളുടെ നഖങ്ങളുടെ അവസ്ഥ എന്തുതന്നെ ആയിരുന്നാലും മിതമായ തോതിലുള്ള ക്രമമായ പരിചരണം വഴി നിങ്ങൾക്ക് അവയുടെ ഭംഗി വർധിപ്പിക്കാൻ കഴിയും. അതേ, നഖത്തിന്റെ ഘടന, ധർമം, ശരിയായ പരിചരണം എന്നിവയെക്കുറിച്ചു മനസ്സിലാക്കുന്നത് ഈ വിഷയത്തിൽ പ്രായോഗിക വൈദഗ്ധ്യം പ്രദാനം ചെയ്യുന്നു. അത്തരം വിവരങ്ങൾ ജ്ഞാനപൂർവകമായ വിധത്തിൽ ഉപയോഗപ്പെടുത്തുന്നത് നല്ല ഫലങ്ങൾ കൈവരുത്തും.
കൈനഖങ്ങൾ തീർച്ചയായും മനുഷ്യശരീരത്തിന്റെ അത്ഭുതകരമായ ഒരു ഭാഗമാണ്. അവയുടെ ഘടനയും ധർമവും അവയ്ക്കു പിന്നിലെ ബുദ്ധിയുള്ള മനസ്സിന് സാക്ഷ്യം വഹിക്കുന്നു. സങ്കീർത്തനം 139:14-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, പുരാതന നാളുകളിലെ ദാവീദു രാജാവ് തന്റെ സ്രഷ്ടാവിനെ വിനീതമായി ഇങ്ങനെ സ്തുതിച്ചു: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.”
[23-ാം പേജിലെ ചതുരം/രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
1. നഖ ഫലകം;
2. ലൂന്യൂൾ;
3. നഖ മടക്കുകൾ, ചുവട്ടിലും വശങ്ങളിലും ഉള്ളവ;
4. എപ്പോനിക്കിയം;
5. ക്യൂട്ടിക്ക്ൾ;
6. സ്വതന്ത്രാഗ്രം;
7. ഹൈപോനിക്കിയം;
8. മാട്രിക്സ്;
9. നഖ തലം