ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ അഞ്ചു വഴികൾ
മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ
പണപ്പെരുപ്പം, രോഗം, വികല പോഷണം, ദാരിദ്ര്യം—ഈ പ്രശ്നങ്ങൾ വികസ്വര രാജ്യങ്ങളിൽ തേർവാഴ്ച നടത്തുകയാണ്. സത്വര പരിഹാരം ദൃഷ്ടിപഥത്തിലെങ്ങുമില്ല—കുറഞ്ഞപക്ഷം മനുഷ്യന്റെ വീക്ഷണത്തിലെങ്കിലും. നിങ്ങൾ ഒരു വികസ്വര രാജ്യത്ത് പാർക്കുന്ന ആളാണെങ്കിൽ ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ഉവ്വ്, ചെയ്യാൻ കഴിയും! നിങ്ങൾക്ക് സഹായകവും പ്രായോഗികവും ആയിരുന്നേക്കാവുന്ന അഞ്ചു നിർദേശങ്ങൾ ചുവടെ കൊടുക്കുന്നു.
ഒന്ന്: ഒരു തോട്ടം നട്ടുണ്ടാക്കുക
“നിലം [“സ്വന്ത നിലം,” NW] കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും” എന്ന് ബൈബിൾ സദൃശവാക്യങ്ങൾ 28:19-ൽ പറയുന്നു. ഒരുവിധം വലിയ ഒരു തുണ്ടു ഭൂമിയിൽ വിളയുന്ന ഭക്ഷണ സാധനങ്ങളുടെ അളവ് വാസ്തവത്തിൽ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. 50 മുതൽ 100 വരെ ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് ആറു പേരടങ്ങുന്ന ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ലെ ഷാർഡാൻ പോട്ടാഷേ സൂ ലേ ട്രോപിക്ക് (ഉഷ്ണമേഖലയിലെ പച്ചക്കറിത്തോട്ടം) എന്ന തന്റെ പുസ്തകത്തിൽ ഹെങ്ക് വായെൻബെർച്ച് അവകാശപ്പെടുന്നു!
നിങ്ങൾക്കു സ്വന്തമായി നട്ടുണ്ടാക്കാൻ കഴിയുന്ന സാധനങ്ങൾക്കുവേണ്ടി എന്തിനാണ് വെറുതെ പണം ചെലവഴിക്കുന്നത്? മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായി വെണ്ട, ചീനി, ചീര, കൊത്തമല്ലി, ഇഞ്ചിപ്പുല്ല്, ഉള്ളി, മരച്ചീനി, മത്ത, മധുരക്കിഴങ്ങ്, കരിമ്പ്, തക്കാളി, വെള്ളരി, ചോളം തുടങ്ങിയ സാധനങ്ങൾ നിങ്ങളുടെ വീട്ടുവളപ്പിൽത്തന്നെ നട്ടുപിടിപ്പിക്കാം. കുറഞ്ഞപക്ഷം വീട്ടാവശ്യങ്ങൾക്കുള്ളതെങ്കിലും അങ്ങനെ കിട്ടും. ഒരുപക്ഷേ ആവശ്യത്തിൽ കൂടുതൽ ഉത്പാദിപ്പിക്കാനും അതു വിൽക്കാനും കഴിഞ്ഞേക്കും.
ആവശ്യത്തിനു ഭൂമി ഉണ്ടെങ്കിൽ വിവിധയിനം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെ കുറിച്ചും നിങ്ങൾക്കു ചിന്തിക്കാവുന്നതാണ്. ചിലപ്പോൾ, ഒരൊറ്റ ഫലവൃക്ഷത്തിൽ നിന്ന് നിങ്ങൾക്കും കുടുംബത്തിനും ആവശ്യമായിരിക്കുന്നതിലും അധികം ഫലങ്ങൾ കിട്ടിയേക്കാം. കമ്പോസ്റ്റ് വളനിർമാണത്തെ കുറിച്ച്—നിർജീവ ജൈവവസ്തുക്കളെ വളത്തിന്റെ രൂപത്തിൽ പുനരുപയോഗയോഗ്യം ആക്കിത്തീർക്കുന്ന പ്രക്രിയ—പഠിക്കുന്നത് നിങ്ങളുടെ ഭക്ഷ്യോത്പാദനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. മരങ്ങൾ നിങ്ങളുടെ കുടുംബത്തിനുവേണ്ടി ആഹാരവും കൂടുതലായ വരുമാനവും മാത്രമല്ല നൽകുന്നത്. ശരിയായ സ്ഥാനത്തു നട്ടിരിക്കുന്ന മരങ്ങൾ തണലേകുകയും വായുവിനെ ശുദ്ധമാക്കുകയും പരിസരത്തെ കൂടുതൽ മനോഹരവും സുഖപ്രദവും ആക്കിത്തീർക്കുകയും ചെയ്യുന്നു.
എന്നാൽ, തോട്ടക്കൃഷിയെ കുറിച്ച് നിങ്ങൾക്കു കാര്യമായി ഒന്നും അറിയില്ലെങ്കിൽ എന്തു ചെയ്യും? തോട്ടക്കൃഷി നടത്തി പരിചയമുള്ള സുഹൃത്തുക്കളോ അയൽക്കാരോ പരിചയക്കാരോ നിങ്ങൾക്കുണ്ടോ? അങ്ങനെയെങ്കിൽ അവരോട് സഹായമോ ഉപദേശമോ ചോദിക്കരുതോ? തോട്ടക്കൃഷിയെ കുറിച്ചു പ്രതിപാദിക്കുന്ന ചില പുസ്തകങ്ങൾ സ്വന്തമായോ കടമായോ വാങ്ങി വായിക്കാനും നിങ്ങൾക്കു കഴിഞ്ഞേക്കാം.—1975 മേയ് 8 ലക്കം ഉണരുക!യിലെ “എന്തുകൊണ്ട് ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിക്കൂടാ?” എന്ന ലേഖനം കാണുക.
രണ്ട്: സാധനങ്ങൾ വലിയ അളവിൽ വാങ്ങുക
ധാന്യമാവ്, അരി, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ നിങ്ങൾ കുറേശ്ശെ കുറേശ്ശെയാണോ വാങ്ങുന്നത്? ആണെങ്കിൽ നിങ്ങൾ വരുമാനത്തിന്റെ നല്ലൊരു ഭാഗം പാഴാക്കികളയുകയായിരിക്കാം ചെയ്യുന്നത്. അതിനു പകരം, സാധ്യമെങ്കിൽ, രണ്ടോ മൂന്നോ അതിൽ കൂടുതലോ കുടുംബങ്ങളുമായി ചെലവു പങ്കിട്ടുകൊണ്ട് അത്തരം ഭക്ഷണ സാധനങ്ങൾ വലിയ അളവിൽ വാങ്ങാൻ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും അതതു സീസണിൽ വലിയ അളവിൽ വാങ്ങുന്നതിനാലും പണം ലാഭിക്കാം. ചില സന്ദർഭങ്ങളിൽ നിങ്ങൾക്ക് സാധനങ്ങൾ മൊത്തവ്യാപാരികളിൽ നിന്ന് വാങ്ങാൻ പോലും കഴിഞ്ഞേക്കാം.
മൂന്ന്: ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ പഠിക്കുക
വലിയ അളവിൽ വാങ്ങുമ്പോൾ, കേടായിപ്പോകുന്ന ഭക്ഷണ സാധനങ്ങൾ എങ്ങനെ സൂക്ഷിക്കുമെന്ന ചോദ്യം ഉയർന്നുവരുന്നു. ഭക്ഷണ സാധനങ്ങൾ ഉണക്കി സൂക്ഷിക്കുന്നത് പ്രചാരം സിദ്ധിച്ച ഒരു പ്രായോഗിക മാർഗമാണ്. ആഫ്രിക്കയിലെ ഒട്ടനവധി സ്ത്രീകൾ പഴങ്ങൾ, വെണ്ടയ്ക്ക, പയറ്, ചുരയ്ക്ക, മത്തങ്ങാക്കുരു, ഓഷധികൾ എന്നിവ ഉണക്കിയെടുത്ത് ഉപജീവനം കഴിക്കുന്നു. ഉണക്കുന്നതിന് പ്രത്യേക ഉപകരണങ്ങളൊന്നും വേണ്ട. സാധനം വൃത്തിയുള്ള ഒരു പ്രതലത്തിൽ നിരത്തി ഇടുകയോ അല്ലെങ്കിൽ തൂക്കിയിടുകയോ ചെയ്യാവുന്നതാണ്. എന്നിട്ട് ഈച്ചകൾ വരാതിരിക്കാനായി ഒരു നേർത്ത തുണികൊണ്ട് മൂടിയിടണം. ബാക്കി കാര്യം കാറ്റും സൂര്യനും നോക്കിക്കൊള്ളും.—ഉണരുക!യുടെ (ഇംഗ്ലീഷ്) 1975 ആഗസ്റ്റ് 8 ലക്കത്തിലെ “പരിമിതമായ വിഭവങ്ങൾകൊണ്ട് നിങ്ങൾക്ക് കഴിഞ്ഞുകൂടാനാകുമോ?” എന്ന ലേഖനം കാണുക.
നാല്: ഭക്ഷണാവശ്യത്തിനായി മൃഗങ്ങളെയും മറ്റും ചെറിയതോതിൽ വളർത്തി നോക്കുക
കോഴി, ആട്, താറാവ് എന്നിവയെയോ മറ്റു ജന്തുക്കളെയോ നിങ്ങൾക്കു സ്വന്തമായി വളർത്താൻ കഴിയുമോ? പല സ്ഥലങ്ങളിലും മാംസം സമ്പന്നരുടെ മാത്രം ഭക്ഷണമായി തീർന്നിരിക്കുകയാണ്. എങ്കിലും, മറ്റുള്ളവരിൽനിന്നുള്ള അൽപ്പം സഹായമുണ്ടെങ്കിൽ ഒരു ചെറിയ പറ്റത്തെ വളർത്തേണ്ടത് എങ്ങനെയെന്ന് നിങ്ങൾക്കു പഠിക്കാൻ കഴിയും? നിങ്ങൾക്ക് മീൻ ഇഷ്ടമാണോ? ഒരു ചെറിയ കുളത്തിൽ മീൻ വളർത്തുന്നത് എങ്ങനെയെന്നു നിങ്ങൾക്കു പഠിക്കാൻ ശ്രമിക്കാവുന്നതാണ്. മാംസം, മത്സ്യം, മുട്ട എന്നിവയിൽ നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തിനു മർമപ്രധാനമായ ഇരുമ്പ്, കാൽസ്യം, ജീവകങ്ങൾ, ധാതുക്കൾ, മാംസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
അഞ്ച്: ശരിയായ ശുചിത്വം പാലിക്കുക
നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തിന് ശുചിത്വവും പ്രധാനമാണ്. വൃത്തിശൂന്യമായ ചുറ്റുപാടുകൾ സകലവിധ രോഗങ്ങൾക്കും കാരണമായ എലികളെയും ഈച്ചകളെയും പാറ്റകളെയും ക്ഷണിച്ചുവരുത്തുന്നു. ശരിയായ ശുചിത്വം പാലിക്കുന്നതിന് സമയവും ശ്രമവും ആവശ്യമാണ്. എന്നാൽ ശുചിത്വത്തിനു വേണ്ടിവരുന്ന ചെലവ് മരുന്നിനും ഡോക്ടർക്കും വേണ്ടി ചെലവാക്കേണ്ടി വരുന്നതിനെക്കാൾ കുറവാണ്. ശുചിത്വ നിലവാരങ്ങൾ വ്യക്തികൾക്കും രാജ്യങ്ങൾക്കും അനുസൃതമായി ഒരളവുവരെ വ്യത്യാസപ്പെട്ടിരുന്നേക്കാം. എങ്കിലും എല്ലായിടത്തും ബാധകമായ ഏതാനും പൊതു തത്ത്വങ്ങളുണ്ട്.
ഉദാഹരണത്തിന്, കക്കൂസ് സൗകര്യങ്ങളുടെ കാര്യമെടുക്കുക. ഗ്രാമപ്രദേശങ്ങളിൽ അവ വൃത്തിശൂന്യമായും ജീർണിച്ചും കിടക്കാൻ മിക്കപ്പോഴും ആളുകൾ അനുവദിക്കുന്നു. അങ്ങനെ അവ അസുഖങ്ങളുടെയും രോഗങ്ങളുടെയും ഒരു മുഖ്യ ഉറവിടമായിത്തീരുന്നു. വൃത്തിയുള്ള കക്കൂസ് അഥവാ മറപ്പുര വളരെ കുറഞ്ഞ ചെലവിൽ നിർമിക്കാൻ എങ്ങനെ കഴിയും എന്നതു സംബന്ധിച്ച നിർദേശങ്ങൾ നിങ്ങളുടെ പ്രദേശത്തെ ആരോഗ്യ പ്രവർത്തകർക്ക് നൽകാൻ കഴിഞ്ഞേക്കും.
നിങ്ങളുടെ വീടോ? അത് അടുക്കുംചിട്ടയും വൃത്തിയും ഉള്ളതാണോ? അത് ദുർഗന്ധരഹിതമാണോ? നിങ്ങളുടെ അടുക്കള എങ്ങനെയുള്ളതാണ്? അത് വൃത്തിയും വെടിപ്പുമുള്ളതാണോ? ആഹാരം ആരോഗ്യദായകം ആയിരിക്കണമെങ്കിൽ അത് വൃത്തിയുള്ളതും ശരിയായ വിധത്തിൽ പാകം ചെയ്തതും ആയിരിക്കണം. മലിന ജലത്തിൽ രോഗാണുക്കളും പരാദങ്ങളും പെരുകുന്നു. അതുകൊണ്ട് വെള്ളം അരിച്ചോ തിളപ്പിച്ചോ ഉപയോഗിക്കുക. ആഹാരം കഴിക്കുന്നതിന് ഉപയോഗിക്കുന്ന പാത്രങ്ങൾ തിളച്ച വെള്ളത്തിൽ കഴുകുക. ആഹാര സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനു മുമ്പായി കൈകൾ നന്നായി കഴുകുക. വെള്ളം വൃത്തിയുള്ള പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കുക.
നിങ്ങൾ ശുചിത്വം പാലിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ പട്ടി, പൂച്ച, കോഴി, ആട് എന്നിവയെ അടുക്കളയിൽ ചുറ്റിനടക്കാൻ അനുവദിക്കരുത്. ആഹാരത്തെ മലീമസമാക്കിക്കൊണ്ട് എലികളും മറ്റും പാത്രങ്ങളുടെ മുകളിലൂടെ ഓടിനടക്കാനും അനുവദിക്കരുത്. ഒരു എലിക്കെണി ഉണ്ടെങ്കിൽ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞേക്കും.—ഉണരുക!യുടെ 1989 നവംബർ 8 ലക്കത്തിലെ “ശുചിത്വത്തിന്റെ വെല്ലുവിളിയെ നേരിടൽ” എന്ന ലേഖനം കാണുക.
ആത്യന്തികമായി, ദൈവരാജ്യം മാത്രമേ മനുഷ്യവർഗത്തിന്റെ എല്ലാ പ്രശ്നങ്ങളും പൂർണമായി പരിഹരിക്കുകയുള്ളൂ. (മത്തായി 6:9, 10) എങ്കിലും, അതുവരെ, ലളിതമായ ഈ നിർദേശങ്ങൾ ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ നിങ്ങളെ സഹായിച്ചേക്കാം.
[18-ാം പേജിലെ ചിത്രം]
ഒരു തോട്ടം നട്ടുണ്ടാക്കുക
[19-ാം പേജിലെ ചിത്രം]
സാധനങ്ങൾ വലിയ അളവിൽ വാങ്ങുക
[19-ാം പേജിലെ ചിത്രം]
ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ പഠിക്കുക
[20-ാം പേജിലെ ചിത്രം]
ഭക്ഷണാവശ്യത്തിനായി മൃഗങ്ങളെയും മറ്റും ചെറിയതോതിൽ വളർത്തി നോക്കുക
[20-ാം പേജിലെ ചിത്രം]
ശരിയായ ശുചിത്വം പാലിക്കുക