പത്രപ്രവർത്തകൻ ഉണരുക!യെ വിലമതിക്കുന്നു
യു.എസ്.എ.-യിലെ കൊളറാഡോയിലുള്ള പെയോണിയയിൽ പ്രസിദ്ധീകരിക്കുന്ന ഹൈ കൺട്രി ന്യൂസിന്റെ 1997 ഒക്ടോബർ 13 ലക്കത്തിൽ പ്രത്യക്ഷപ്പെട്ടതാണ് പിൻവരുന്ന ശുപാർശ.
“ഗ്രീൻപീസ് [ഒരു അന്തർദേശീയ പരിസ്ഥിതി സംഘടന] മേലാൽ വീടുതോറും പോകുകയില്ലായിരിക്കാം. എന്നാൽ, മിക്കപ്പോഴും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടു മറ്റൊരു കൂട്ടം തങ്ങൾ ദീർഘനാളായി ചെയ്തുവരുന്ന പ്രചാരണ പരിപാടി തുടരുന്നു. പിജിൻ, ഹിലിഗായ്നോൻ, സുളു എന്നീ ഭാഷകൾ ഉൾപ്പെടെ ഏകദേശം 60 [വാസ്തവത്തിൽ 81] ഭാഷകളിൽ അവർ തങ്ങളുടെ പ്രസിദ്ധീകരണത്തിന്റെ ദശലക്ഷക്കണക്കിനു പ്രതികൾ [ഓരോ ലക്കത്തിന്റെയും 19 ദശലക്ഷം പ്രതികൾ] വിതരണം ചെയ്യുന്നു. [1997] ജൂലൈ 8 ലക്കത്തിന്റെ കവർ പേജിൽ ഇങ്ങനെ ചോദിച്ചിരുന്നു: ‘നമ്മുടെ ജന്തുജാലങ്ങളെ ആർ രക്ഷിക്കും?’ വംശനാശത്തിന്റെ വർധിച്ച നിരക്ക് (മണിക്കൂറിൽ മൂന്നുവീതം), ‘ഈ ഗ്രഹത്തിലെ ജീവിവർഗങ്ങളുടെ ആരോഗ്യം,’ പരിസ്ഥിതിനശീകരണം . . . തുടങ്ങിയവയെക്കുറിച്ച് പ്രസ്തുത ലക്കം പ്രതിപാദിച്ചു. 1997 ആഗസ്റ്റ് 22 ലക്കമാകട്ടെ, ‘ജല പ്രതിസന്ധി: ഒരു ആഗോള പ്രശ്നം,’ ജനസംഖ്യാവർധനവിന്റെ പരിണതഫലങ്ങൾ, മലിനീകരണം, നദികളുടെ ഉപയോഗം സംബന്ധിച്ചുള്ള സാർവദേശീയ സംഘർഷം . . . എന്നിവയെക്കുറിച്ചു ചർച്ച ചെയ്തു. വിവരങ്ങൾ ശാസ്ത്രാധിഷ്ഠിതവും സമഗ്രവുമാണെങ്കിലും ഈ ലേഖനങ്ങളിൽ മിക്കതിന്റെയും ഉപസംഹാരം മുഖ്യധാരാ പരിസ്ഥിതിവാദത്തെക്കുറിച്ചുള്ളതല്ല. ഭൂമിയുടെ പുനഃസ്ഥിതീകരണത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നെങ്കിൽ ‘ബൈബിൾ പഠിച്ചുകൊണ്ട് ദൈവം നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത് എന്താണെന്നു ദയവായി മനസ്സിലാക്കാൻ’ അവ ആഹ്വാനം ചെയ്യുന്നു.
“ഈ കൂട്ടം യഹോവയുടെ സാക്ഷികളും പ്രസിദ്ധീകരണം ഉണരുക!യുമാണ്. അവർ നിങ്ങളുടെ ഭവനം സന്ദർശിച്ചിട്ടില്ലെങ്കിൽ, Watchtower Bible and Tract Society of New York Inc., 25 Columbia Heights, Brooklyn, NY 11201-2483-മായി ബന്ധപ്പെടുക.”
അല്ലെങ്കിൽ “ഉണരുക!യുടെ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിൽ എഴുതുക” എന്നുകൂടെ ചേർക്കാനുണ്ടെന്നത് ഒഴിച്ചാൽ എത്ര നല്ല ഒരു വിവരണം.