നിങ്ങൾ വിധിക്കുന്നത് ബാഹ്യാകാരത്താലോ?
നിങ്ങൾ ഒരു പുസ്തകം തിരഞ്ഞെടുക്കുന്നത് അതിന്റെ പുറന്താൾ നോക്കിയാണോ? അങ്ങനെയെങ്കിൽ നിങ്ങൾ കബളിപ്പിക്കപ്പെട്ടേക്കാം. അതുകൊണ്ട് ആദ്യം അതിന്റെ ഉള്ളടക്കം പരിശോധിക്കേണ്ടതുണ്ട്. തുർക്കികളുടെ നാടോടിക്കഥയിലെ ഒരു വിഖ്യാത കഥാപാത്രമായ നാസ്റുദീൻ ഹോജയുടെ (ഹോജ എന്ന ടർക്കിഷ് പദത്തിന്റെ അർഥം “അധ്യാപകൻ” എന്നാണ്) കാര്യത്തിൽ ഇതു ദൃഷ്ടാന്തീകരിക്കപ്പെടുന്നു. അദ്ദേഹം “ഒരേസമയം തന്ത്രശാലിയും ശുദ്ധനുമാണ്, ജ്ഞാനിയും വിഡ്ഢിയുമാണ് . . . ഭക്തനെങ്കിലും മനുഷ്യസഹജമായ പിഴവുകൾ അദ്ദേഹത്തിനുണ്ട്. ജീവിതത്തിലെ വിരോധാഭാസങ്ങളുടെ ബലിയാടാണെങ്കിലും അജയ്യനാണ്” അദ്ദേഹം.—ജോൺ ന്യൂനന്റെ ഹോജാ കഥകൾ, ഇംഗ്ലീഷ്, ആരംകോ വേൾഡ്, 1997 സെപ്റ്റംബർ-ഒക്ടോബർ.
ഒരു തുർക്കി ഉദ്യോഗസ്ഥനെ സന്ദർശിക്കാനായി അദ്ദേഹം യാത്ര നടത്തിയതും അവിടെവെച്ച് ഒരു വിരുന്നിൽ പങ്കെടുത്തതും സംബന്ധിച്ച് ഒരു കഥയുണ്ട്. “പ്രയാസപ്പെട്ട് താഴെയിറങ്ങിയ [നാസ്റുദീൻ] പൂമുഖ വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോഴാണ് സദ്യ ആരംഭിച്ചിരിക്കുന്നുവെന്ന് അദ്ദേഹം അറിയുന്നത്. എന്നാൽ സ്വയം പരിചയപ്പെടുത്താൻ സാധിക്കുന്നതിനു മുമ്പുതന്നെ, യാത്രചെയ്തു മുഷിഞ്ഞ വസ്ത്രത്തിലേക്കു നോക്കിക്കൊണ്ട് യാചകർക്ക് ഇവിടെ പ്രവേശനമില്ലെന്ന് ആതിഥേയൻ അറുത്തുമുറിച്ചു പറഞ്ഞു.”
തിരിച്ചുനടന്ന നാസ്റുദീൻ കഴുതപ്പുറത്തെ ഭാണ്ഡത്തിൽനിന്ന് “തന്റെ ഏറ്റവും മോടിയേറിയ ഉടയാടയെടുത്തു ധരിച്ചു: രോമംകൊണ്ട് അലങ്കരിച്ച പട്ടിന്റെ മനോഹരമായ ഒരു മേൽക്കുപ്പായവും പട്ടുകൊണ്ടുതന്നെയുള്ള ഒരു വലിയ തലപ്പാവും. ഈ വേഷത്തിൽ അദ്ദേഹം തിരികെച്ചെന്ന് വീണ്ടും മുൻവാതിലിൽ മുട്ടി.
“ഇപ്രാവശ്യം ആതിഥേയൻ അദ്ദേഹത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു . . . പരിചാരകർ അദ്ദേഹത്തിനു തളികകളിൽ സ്വാദിഷ്ടമായ ഭക്ഷണം വിളമ്പി. എന്നാൽ നാസ്റുദീൻ ഹോജ ഒരു കോപ്പ സൂപ്പെടുത്ത് തന്റെ മേൽക്കുപ്പായത്തിന്റെ ഒരു കീശയിലൊഴിച്ചു. മറ്റ് അതിഥികളെ അമ്പരപ്പിച്ചുകൊണ്ട്, പൊരിച്ച ഇറച്ചിക്കഷണങ്ങൾ അദ്ദേഹം തന്റെ തലപ്പാവിന്റെ മടക്കുകളിൽ തിരുകിക്കയറ്റി. അന്ധാളിച്ചുപോയ ആതിഥേയന്റെ മുമ്പാകെ, ‘കഴിക്ക്, കഴിക്കെടാ രോമക്കുപ്പായമേ!’ എന്നു പിറുപിറുത്തുകൊണ്ട് അദ്ദേഹം തന്റെ മേൽക്കുപ്പായത്തിന്റെ വശങ്ങളിലുള്ള രോമം പുലാവിൽ ആഴ്ത്തി.
“എന്താടോ ഈ കാട്ടിക്കൂട്ടുന്നത്?’ ആതിഥേയൻ ആക്രോശിച്ചു.
“എന്റെ പൊന്നു സാറേ ഞാനെന്റെ വസ്ത്രത്തിനു തീറ്റകൊടുക്കുകയാണ്,’ ഹോജ മറുപടിപറഞ്ഞു. ‘അരമണിക്കൂർ മുമ്പ് എന്നോടു പെരുമാറിയതു വെച്ചുനോക്കുമ്പോൾ, താങ്കൾ അതിഥിപ്രിയം കാണിക്കുന്നത് എന്നോടല്ല എന്റെ വസ്ത്രത്തോടാണെന്നതു വ്യക്തമാണ്!’”
ബാഹ്യാകാരത്താൽ മാത്രം നാം എത്രയോ തവണ നിഷേധാത്മകമായോ ക്രിയാത്മകമായോ വിധിക്കുന്നു. ദാവീദിന്റെ സഹോദരനായ എലീയാബിനെയായിരിക്കും ഇസ്രായേലിന്റെ അടുത്ത രാജാവായി യഹോവ തിരഞ്ഞെടുക്കുകയെന്നു ശമൂവേൽ പ്രവാചകൻ കരുതിയപ്പോൾ യഹോവ അവനോട് ഇപ്രകാരം പറഞ്ഞു: “അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” (1 ശമൂവേൽ 16:7) അതേ, യഹോവ വിധിക്കുന്നതു ഹൃദയനിലയെ അടിസ്ഥാനമാക്കിയാണ്. അല്ലാതെ ബാഹ്യാകാരത്താലല്ല. എന്നാൽ നിങ്ങളോ?
[31-ാം പേജിലെ ചിത്രം]
ബാഹ്യാകാരത്താൽ കബളിപ്പിക്കപ്പെടാതിരിക്കാൻ യഹോവ ശമൂവേലിനു മുന്നറിയിപ്പു കൊടുത്തു