‘അത് തേൻ നുകരുന്നതുപോലെ ആയിരുന്നു’
അത് 1993-ന്റെ മധ്യത്തിലായിരുന്നു. സ്ഥലം യു. എസ്.എ.-യിലെ ഒക്ലഹോമയിലുള്ള അൾട്ടസ്. വൈവാഹിക പ്രശ്നങ്ങൾ നിമിത്തം വിവാഹമോചനത്തെക്കുറിച്ചു ചിന്തിക്കുന്ന തന്റെ മകളെ സഹായിക്കാൻ മാർഗനിർദേശത്തിനായി ഉത്കണ്ഠാകുലനായ ഒരു പിതാവു പ്രാർഥിച്ചതേയുണ്ടായിരുന്നുള്ളു. അദ്ദേഹം യു.എസ്. വ്യോമസേനാ കമാൻഡറുടെ ചീഫ് അസിസ്റ്റന്റാണ്. പിറ്റേന്നു രാവിലെ യഹോവയുടെ സാക്ഷികളിലൊരാൾ അദ്ദേഹത്തെ സന്ദർശിക്കുകയും “വിവാഹമോചനം—ഒരു സന്തുഷ്ടിയേറിയ ജീവിതത്തിലേക്കുള്ള കവാടമോ?” എന്ന വിഷയം പ്രദീപ്തമാക്കുന്ന 1993 ഒക്ടോബർ 8-ലെ ഉണരുക! പരിചയപ്പെടുത്തുകയും ചെയ്തു.
യഹോവയുടെ സാക്ഷികളെ ഇഷ്ടപ്പെടുകയോ മുമ്പൊരിക്കലും അവരെ ശ്രദ്ധിക്കുകയോ ചെയ്തിട്ടില്ലെങ്കിലും അദ്ദേഹം ഉടനടി ആ ഉണരുക! സ്വീകരിക്കുകയും വായിക്കുകയും ചെയ്തു. പിന്നീട്, അദ്ദേഹം അതിലെ തിരുവെഴുത്തുകളും ആശയങ്ങളും തന്റെ മകളുമായി പങ്കുവെച്ചു. ഉണരുക!യോടൊപ്പമുണ്ടായിരുന്ന വീക്ഷാഗോപുരവും അദ്ദേഹം വായിച്ചു. അതിൽ, ത്രിത്വത്തിലുള്ള തന്റെ ആജീവനാന്ത വിശ്വാസത്തെക്കുറിച്ച് കൂലങ്കഷമായി ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഒരു ലേഖനമുണ്ടായിരുന്നു. മകളെ സഹായിക്കാനായുള്ള തന്റെ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുന്നതായി അദ്ദേഹം തിരിച്ചറിഞ്ഞു. എന്നിരുന്നാലും, തന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകാനായി ത്രിത്വവിശ്വാസികളല്ലാത്തവരെ ദൈവം ഉപയോഗിക്കുന്നതെന്തുകൊണ്ടെന്ന് അദ്ദേഹം അമ്പരന്നു. അവർ പഠിപ്പിക്കുന്നത് സത്യമല്ലെങ്കിൽ, പ്രാർഥനയ്ക്ക് ഉത്തരം നൽകാനായി ദൈവം വാസ്തവത്തിൽ അത്തരക്കാരെ ഉപയോഗിക്കുകയില്ലെന്ന് അദ്ദേഹം ന്യായവാദം ചെയ്തു.
അങ്ങനെ, ത്രിത്വത്തെക്കുറിച്ചുള്ള യഹോവയുടെ സാക്ഷികളുടെ വിശ്വാസം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുന്ന ഏതാനും സാഹിത്യങ്ങൾ ലഭിക്കാനായി അദ്ദേഹം അവരുടെ രാജ്യഹാളിലേക്കു ഫോൺചെയ്തു. ഫോണെടുത്ത വ്യക്തി ക്രിസ്തീയ മൂപ്പന്മാർക്കുള്ള ഒരു യോഗത്തിൽ സംബന്ധിക്കുകയായിരുന്നു. ആ വ്യോമസേനാ ഉദ്യോഗസ്ഥൻ അപ്പോൾത്തന്നെ രാജ്യഹാളിലേക്കു തിരിച്ചു. അവിടെവെച്ച്, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകവും നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രികയും അദ്ദേഹത്തിനു ലഭിച്ചു.
അന്നുരാത്രിതന്നെ അദ്ദേഹം ആ ലഘുപത്രിക വായിച്ചുതീർത്തു. അദ്ദേഹം പിന്നീടു പറഞ്ഞപ്രകാരം അതു വായിക്കവേ, വായനനിർത്തി പിൻവരുന്നതുപോലെ സ്വയം പറയാൻ പ്രചോദിതനായി, ‘അടങ്ങൂ. ഇത് അസംഭവ്യമാണ്, അവിശ്വസനീയവും.’ ത്രിത്വവിശ്വാസത്തിനെതിരായുള്ള ബൈബിളിന്റെ തെളിവുകൾ ആ ലഘുപത്രിക വളരെ വ്യക്തമായി അവതരിപ്പിച്ചു. തന്മൂലം, അതു വായിക്കുന്നത് “തേൻ നുകരുന്നതുപോലെ ആയിരുന്നു” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊട്ടടുത്ത സായാഹ്നത്തിൽ അദ്ദേഹം യഹോവയുടെ സാക്ഷികളുടെ യോഗത്തിന് ആദ്യമായി ഹാജരായി. അവിടെവെച്ചു കേട്ട കാര്യങ്ങൾ അദ്ദേഹത്തെ സന്തോഷിപ്പിച്ചു.
യഹോവയുടെ സാക്ഷികളോടൊത്തുള്ള ആദ്യത്തെ ബൈബിളധ്യയനത്തിനും പുകവലി സംബന്ധിച്ചുള്ള ബൈബിൾ വീക്ഷണത്തെക്കുറിച്ചുള്ള സമഗ്രമായ ചർച്ചയ്ക്കും ശേഷം അദ്ദേഹം സിഗരറ്റുകൾ നശിപ്പിച്ചു. പിന്നീട് ഒരിക്കലും അദ്ദേഹം പുകവലിച്ചിട്ടില്ല. ആഴ്ചയിൽ പലതവണ അദ്ദേഹത്തോടൊപ്പം ബൈബിളധ്യയനം നടത്തി. ത്രിത്വം ലഘുപത്രിക വായിച്ച് മൂന്നുമാസം കഴിഞ്ഞ്, സൈന്യത്തിൽനിന്നു വിരമിച്ച ശേഷം, സാക്ഷികളോടൊത്ത് അദ്ദേഹം പ്രസംഗവേലയിൽ പങ്കെടുത്തു തുടങ്ങി. മൂന്നുമാസത്തിനു ശേഷം അദ്ദേഹം യഹോവയാം ദൈവത്തിനുള്ള തന്റെ സമർപ്പണം സ്നാപനത്താൽ പ്രതീകപ്പെടുത്തി. ഇപ്പോൾ അദ്ദേഹം ഒരു മുഴുസമയ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുന്നു.