ഞങ്ങളുടെ വായനക്കാരിൽനിന്ന്
സിംഗപ്പൂർ “സിംഗപ്പൂർ—ഏഷ്യയുടെ ഒളിമങ്ങിയ രത്നം” (ജൂൺ 8, 1997) എന്ന ലേഖനം സമാധാനപ്രേമികളായ ക്രിസ്ത്യാനികളോടുള്ള ഈ ആധുനിക ഗവൺമെൻറിന്റെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള പെരുമാറ്റത്തെ തുറന്നുകാട്ടി. അവിടെയുള്ള നിരവധി ക്രിസ്തീയ സ്ത്രീപുരുഷന്മാരെ എനിക്കു വ്യക്തിപരമായി അറിയാം. ആദരണീയരും സ്നേഹസമ്പന്നരുമായ ആളുകളാണ് അവർ. പീഡനത്തിന്മധ്യേയും അവർ യഹോവയെ സേവിക്കുന്നത് എനിക്കു പ്രോത്സാഹനമേകുന്നു.
ഐ. ഒ., മലേഷ്യ
കോപം“കോപം നിയന്ത്രിക്കേണ്ടത് എന്തുകൊണ്ട്?” (ജൂൺ 8, 1997) എന്ന ലേഖനത്തിൽ, ശിമെയോനും ലേവിയും അവരുടെ പിതാവിനാൽ ശപിക്കപ്പെട്ടതായി നിങ്ങൾ പ്രസ്താവിക്കുന്നു. എന്നാൽ, അവരുടെ കോപത്തെയായിരുന്നു യാക്കോബ് ശപിച്ചത് എന്ന് എവിടെയോ വായിച്ചിട്ടുള്ളതായി എനിക്ക് നല്ല ഉറപ്പുണ്ട്.
എസ്. എൽ., ഐക്യനാടുകൾ
ഞങ്ങളുടെ വായനക്കാരിയുടെ അഭിപ്രായം ശരിയാണ്. 1962 ജൂൺ 15-ലെ “വീക്ഷാഗോപുരം” (ഇംഗ്ലീഷ്) ഇങ്ങനെ വിശദീകരിച്ചു: “യാക്കോബ് തന്റെ മരണശയ്യയിൽ ശിമെയോനെയും ലേവിയെയും ശപിച്ചില്ല. അവൻ അവരുടെ ഉഗ്രകോപത്തെയാണു ശപിച്ചത്, ‘എന്തെന്നാൽ അത് ക്രൂരമാണ്.’ അവൻ അവരുടെ കഠിനക്രോധത്തെ ശപിച്ചു, ‘എന്തെന്നാൽ അത് നിഷ്ഠുരമായി പ്രവർത്തിക്കുന്നു.’”—പത്രാധിപർ
ഭക്ഷണക്രമം “നിങ്ങളുടെ ഭക്ഷണക്രമം—അതിനു നിങ്ങളെ കൊല്ലാൻ കഴിയുമോ?” (ജൂൺ 22, 1997) എന്ന ലേഖനമാണ് എന്റെ ജീവൻ രക്ഷിച്ചത്. പ്രസ്തുത ലേഖനം എന്റെ സാഹചര്യത്തെ വളരെ കൃത്യമായി വിവരിച്ചിരുന്നതിനാൽ അതു വായിച്ചയുടനെ, പെട്ടെന്ന് ഡോക്ടറെ വിളിക്കാൻ ഞാൻ ഭാര്യയോടു പറഞ്ഞു. എന്നെ പരിശോധിച്ച ശേഷം, പിറ്റേന്നു രാവിലെതന്നെ ഒരു ശസ്ത്രക്രിയ നടത്താൻ അദ്ദേഹം ഏർപ്പാടു ചെയ്തു. ഉടൻതന്നെ അദ്ദേഹം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരണം ആ രാത്രിയെ ഞാൻ അതിജീവിക്കുമോയെന്ന് അദ്ദേഹത്തിനു സംശയമുണ്ടായിരുന്നു. ട്രിപ്പിൾ ബൈപാസ് ശസ്ത്രക്രിയയെത്തുടർന്ന് ഞാൻ ഇപ്പോൾ വീട്ടിൽ സുഖംപ്രാപിച്ചുവരുന്നു.
എഫ്. എസ്., ഐക്യനാടുകൾ
ഭക്ഷണക്കാര്യത്തിൽ ചിലപ്പോഴൊക്കെ ആത്മനിയന്ത്രണം പാലിക്കുന്നത് എനിക്കും ഭർത്താവിനും ബുദ്ധിമുട്ടുള്ള സംഗതിയാണ്. ഭക്ഷണക്രമത്തെക്കുറിച്ചു വേറെയും ലേഖനങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ ഈ ലേഖനം കാര്യാദികളെ ലളിതവും പ്രായോഗികവുമായാണ് അവതരിപ്പിച്ചത്. നിങ്ങളുടെ നിർദേശങ്ങൾ ബാധകമാക്കുകവഴി ഞങ്ങൾക്കു നല്ല ആരോഗ്യം നിലനിർത്താനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
വി. എ., ബ്രസീൽ
“നിങ്ങളുടെ ഭക്ഷണക്രമം—ശ്രദ്ധിക്കേണ്ടതിന്റെ കാരണം” എന്ന പരമ്പരയ്ക്കു നന്ദി. അമിതതൂക്കമുള്ളവളായിരിക്കുന്നതിന്റെ അപകടം മനസ്സിലാക്കാൻ അതെന്നെ സഹായിച്ചു. അതിലെ എല്ലാ നിർദേശങ്ങളും ഞാൻ പ്രാവർത്തികമാക്കിത്തുടങ്ങിയിരിക്കുന്നു. യഹോവയുടെ സഹായത്താൽ ആഹാരം നിയന്ത്രിക്കാമെന്ന് എനിക്ക് ഉറപ്പുണ്ട്.
വി. വൈ. ഡി., ലൈബീരിയ
ആനത്തുമ്പികൾ“നദീതീരത്തെ രത്നങ്ങൾ” (ജൂൺ 22, 1997) എന്ന അത്യന്തം ആസ്വാദ്യമായ ലേഖനത്തിനു വളരെ നന്ദി. അത്, എനിക്കു പ്രിയപ്പെട്ട വ്യോമാഭ്യാസികളിൽ ഒന്നിനെക്കുറിച്ചുള്ളതായിരുന്നു—ആനത്തുമ്പികളെക്കുറിച്ച്. എന്റെ പൂന്തോട്ടത്തിൽ വേലചെയ്യുമ്പോൾ, എല്ലായ്പോഴുംതന്നെ ഒരു ആനത്തുമ്പി സമീപത്ത് വട്ടമിട്ടു പറക്കുന്നതായോ ഇരുന്നു വിശ്രമിക്കുന്നതായോ കാണാം. ഒരു തോട്ടക്കാരനോട് ഞാനതിന്റെ കാരണം തിരക്കി. ആനത്തുമ്പിയുടെ ഭക്ഷണക്രമത്തിൽ കൊതുകുകളുൾപ്പെടുന്നെന്നും കൊതുകുകൾ മനുഷ്യരിലേക്ക് ആകർഷിക്കപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട്, വർണാഭമായ ഈ ജീവികളെ ഞാനിപ്പോൾ ഒരുതരം അംഗരക്ഷകരായിട്ടാണു കണക്കാക്കുന്നത്!
ജെ. എഫ്., ഐക്യനാടുകൾ
നീതിക്കുവേണ്ടിയുള്ള അന്വേഷണം “നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ അന്വേഷണം” (ജൂൺ 22, 1997) എന്ന ലേഖനം ഞാൻ ആസ്വദിച്ചു. അനീതികൾ നിമിത്തം വ്യസനിക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്നവരെ ദൈവത്തിന്റെ നീതിയുള്ള ഗുണങ്ങൾ തീർച്ചയായും ആകർഷിക്കുന്നു. അനീതിയോട് അമിതമായി പ്രതികരിക്കുന്ന പ്രകൃതമാണ് എന്റേത്. അതുകൊണ്ട്, എന്റെ വീക്ഷണങ്ങളും പ്രവൃത്തികളും ദൈവ നിലവാരങ്ങളോട് അനുരൂപപ്പെടുത്താൻ ഞാനൊരു കഠിന ശ്രമംതന്നെ ചെയ്യേണ്ടതുണ്ട്.
ഡി. എൽ., തായ്വാൻ
മുഖവുരയോട് എനിക്കു വിയോജിപ്പുണ്ട്. അലാമോയിലെ ടെക്സാൻ അനുകൂലികളെക്കുറിച്ചു സൂചിപ്പിച്ചപ്പോൾ, മെക്സിക്കോയ്ക്ക് അവകാശപ്പെട്ട പ്രദേശം തട്ടിയെടുക്കാൻ ശ്രമിച്ച കൊള്ളക്കാരായിരുന്നു അവർ എന്ന് നിങ്ങൾ പ്രസ്താവിച്ചില്ല.
എ. സി., മെക്സിക്കോ
ആന്റോണിയോ വീൽയായുടെ ആത്മകഥയിൽ അലാമോയിൽവെച്ചു നടന്ന പോരാട്ടത്തിലുൾപ്പെട്ടിരുന്ന സങ്കീർണമായ കാരണങ്ങൾക്കു പ്രസക്തിയില്ലാത്തതിനാൽ ഞങ്ങൾ അവ ചർച്ചചെയ്തില്ല. എന്നിരുന്നാലും ഞങ്ങളുടെ 1971 മേയ് 22-ലെ “ഉണരുക!” (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “സാൻ ആന്റോണിയോ മെക്സിക്കോയുടെ ഭാഗമായിരുന്നെന്ന് മിക്ക അമേരിക്കക്കാരും ഓർക്കുന്നില്ല, അഥവാ അവർ അത് ഒരിക്കലും അറിഞ്ഞിട്ടില്ല. തന്റെ പ്രദേശത്തുണ്ടായ മത്സരം അടിച്ചമർത്താൻ നടത്തിയ പോരാട്ടമായിട്ടാണ് മെക്സിക്കോ അതിനെ കണക്കാക്കിയത്. അമേരിക്കയാകട്ടെ യുദ്ധത്തിലൂടെ മെക്സിക്കോയുടെ കാര്യാദികളിലുള്ള തങ്ങളുടെ കൈകടത്തലിനെ ന്യായീകരിക്കുകയായിരുന്നു.”—പത്രാധിപർ