ബൈബിളിന്റെ വീക്ഷണം
ഭൂതങ്ങൾ വാസ്തവത്തിൽ ഉള്ളവരോ?
പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ യൂറോപ്പിന്റെ മിക്ക ഭാഗങ്ങളിലും മന്ത്രവാദിനികൾക്കെതിരെ ഭ്രാന്തമായ പീഡനം അഴിച്ചുവിടപ്പെട്ടു. മന്ത്രവാദിനികളായി കരുതപ്പെട്ട പലരും ഉഗ്രപീഡനത്തിനു വിധേയരായി. വ്യാജകുറ്റാരോപണത്തിനു വിധേയരായ ചിലർ ദണ്ഡനത്തിൽനിന്നു രക്ഷപ്പെടാൻ വേണ്ടി മാത്രം മന്ത്രവാദം നടത്തിയതായി ഏറ്റുപറഞ്ഞു. കിംവദന്തിയുടെയോ സംശയത്തിന്റെയോ പേരിൽ അസംഖ്യമാളുകൾ വധശിക്ഷയ്ക്കു വിധേയരായി.
ഭൂതാരാധനയുടെ ഒരു രൂപമായ മന്ത്രവാദത്തിനെതിരെ അരങ്ങേറിയ ആ സംഭവങ്ങൾ പ്രത്യക്ഷത്തിൽ തിരുവെഴുത്തധിഷ്ഠിതമായി കാണപ്പെട്ടെങ്കിലും തീർച്ചയായും അവയ്ക്കു പിന്നിലെ പ്രേരകഘടകം മതഭ്രാന്തായിരുന്നു. മന്ത്രവാദിനികളെയോ മറ്റേതെങ്കിലും ആത്മവിദ്യാചാരക്കാരെയോ പീഡിപ്പിക്കുന്നതിനോ അവർക്ക് വധശിക്ഷ നൽകുന്നതിനോ ഉള്ള ഉത്തരവാദിത്വം ക്രിസ്ത്യാനികളെ ഭരമേൽപ്പിച്ചിട്ടില്ല. (റോമർ 12:19) ഇന്ന് നിലവിലുള്ള മനോഭാവം എന്താണ്?
ഒരു അയഞ്ഞ മനോഭാവം
ഇന്ന് ക്രൈസ്തവലോകത്തിലെ മിക്കയാളുകളും അത്തരം ആത്മവിദ്യാചാരങ്ങളെ ഗൗരവമായി എടുക്കുന്നില്ല. ജിജ്ഞാസ നിമിത്തം ചിലർ ജ്യോതിഷം, ജാലവിദ്യ, ഭാവികഥനവിദ്യ, മന്ത്രവാദം എന്നിവയിലൊക്കെ തലയിട്ടേക്കാം. എന്നാൽ അവർ ഈ ഗൂഢവിദ്യാചാരങ്ങളെ ഭൂതാരാധനയായി വീക്ഷിക്കുന്നില്ല. വിനോദ പരിപാടിക്കാരും കായികതാരങ്ങളും രാഷ്ട്രീയ നേതാക്കളും തങ്ങൾ ഗൂഢവിദ്യയിൽ ഉൾപ്പെട്ടതായി ചിലപ്പോൾ തുറന്നു സമ്മതിക്കാറുണ്ട്. ചില പുസ്തകങ്ങളും ചലച്ചിത്രങ്ങളും മന്ത്രവാദിനികളെയും മന്ത്രവാദികളെയും വരച്ചുകാട്ടുന്നത് “ആർക്കും ദോഷം ചെയ്യാത്ത പ്രകൃത്യതീത പ്രവർത്തനങ്ങളിലേർപ്പെടുന്ന ആകർഷണീയരും ഒട്ടൊരു അസാധാരണരുമായ വ്യക്തികളാ”യിട്ടാണെന്ന് ഒരു എൻസൈക്ലോപീഡിയ പറയുന്നു. കുട്ടികളെ വിനോദിപ്പിക്കുന്നതിനും അവർക്കു വിദ്യ പകർന്നുകൊടുക്കുന്നതിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള വിവരങ്ങൾ ഗൂഢവിദ്യാപരമായ വിഷയങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം.
ഭൂതാരാധനയോടുള്ള അയഞ്ഞതും അശ്രദ്ധവുമായ അത്തരം മനോഭാവം ഭൂതങ്ങളുടെ അസ്തിത്വത്തെക്കുറിച്ചു വിശ്വസിക്കാതിരിക്കുന്നതിലേക്കു നയിച്ചേക്കാം. ഭൂതങ്ങൾ സ്ഥിതിചെയ്യുന്നുവെന്നും നമ്മെ ദ്രോഹിക്കാൻ അവർ ശുഷ്കാന്തിയോടെ ശ്രമിക്കുകയാണെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്തൊക്കെയായാലും, തങ്ങൾ ഭൂതങ്ങളുമായി ഒരിക്കൽപ്പോലും സമ്പർക്കത്തിൽ വരുകയോ അവരുടെ പ്രവർത്തനം കാണുകയോ ചെയ്തിട്ടില്ലെന്ന് ഇന്ന് മിക്കയാളുകളും പറയും. ഭൂതങ്ങൾ വാസ്തവത്തിൽ ഉണ്ടോ?
അവിശ്വാസം വിഷമസന്ധിക്കിടയാക്കുന്നു
ബൈബിളിനെ അംഗീകരിക്കുന്നതായി അവകാശപ്പെടുകയും ഭൂതങ്ങളുടെ അസ്തിത്വത്തെ സംശയിക്കുകയും ചെയ്യുന്നവർ ഒരു വിഷമസന്ധിയെ അഭിമുഖീകരിക്കുന്നു. ഭൂതങ്ങൾ വാസ്തവത്തിൽ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിൽ അവർ ബൈബിളിനെ ഒരളവുവരെ അവിശ്വസിക്കുകയാണു ചെയ്യുന്നത്. എന്തുകൊണ്ട്? കാരണം അമാനുഷ ശക്തികളുള്ള ദുഷ്ടാത്മ സൃഷ്ടികളെക്കുറിച്ച് ദൈവവചനമായ ബൈബിൾ പഠിപ്പിക്കുന്നു.
ബുദ്ധിശാലിയായ ഒരു വ്യക്തി ഒരു സർപ്പത്തെ ഉപയോഗിച്ച് ഹവ്വായെ വഞ്ചിക്കുകയും ദൈവത്തിനെതിരെ മത്സരിക്കുന്നതിലേക്ക് അവളെ നയിക്കുകയും ചെയ്തതെങ്ങനെയെന്ന് അതിന്റെ ആദ്യ പുസ്തകമായ ഉല്പത്തി വിവരിക്കുന്നു. (ഉല്പത്തി 3:1-5) ബൈബിളിന്റെ അവസാന പുസ്തകമായ വെളിപ്പാടു ദുഷ്ടനായ ഈ സൂത്രശാലിയെ, “പഴയ പാമ്പിനെ”, “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും” ആയി തിരിച്ചറിയിക്കുന്നു. (വെളിപ്പാടു 12:9) മറ്റു ദൂതൻമാരെ മത്സരത്തിലേക്കു വശീകരിക്കുന്നതിൽ സാത്താൻ വിജയിച്ചു. (യൂദാ 6) പാപം ചെയ്ത ഈ ദൂതൻമാരെ ബൈബിൾ ഭൂതങ്ങൾ എന്നാണു വിളിക്കുന്നത്. ഭൂമിയെ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവർ ദൈവത്തോടും അവനെ സേവിക്കുന്നവരോടും വളരെയധികം കുപിതരാണ്.—വെളിപ്പാടു 12:12.
സാത്താനും ഭൂതങ്ങൾക്കും മനുഷ്യരെ സ്വാധീനിക്കാനും ദ്രോഹിക്കാനും അവരുമായി ആശയവിനിയമം നടത്താനുമുള്ള കഴിവുണ്ട്. (ലൂക്കൊസ് 8:27-33) അവർ മനുഷ്യ പ്രകൃതത്തെക്കുറിച്ച് ആയിരക്കണക്കിനു വർഷങ്ങളോളം പഠിച്ചിട്ടുണ്ട്. മനുഷ്യന്റെ ബലഹീനതകളെ മുതലെടുക്കേണ്ടത് എങ്ങനെയെന്ന് അവർക്കറിയാം. അവർ സ്ത്രീപുരുഷൻമാരെയും കുട്ടികളെയും ബാധിച്ചിരുന്നതായുള്ള അഥവാ അവരുടെ മുഴു നിയന്ത്രണവും ഏറ്റെടുത്തിരുന്നതായുള്ള കേസുകളെക്കുറിച്ചു ബൈബിൾ പ്രസ്താവിക്കുന്നു. (മത്തായി 15:22; മർക്കൊസ് 5:2) അവർക്ക് രോഗമോ അന്ധത പോലുള്ള ശാരീരിക വൈകല്യങ്ങളോ ഉളവാക്കാൻ കഴിയും. (ഇയ്യോബ് 2:6, 7; മത്തായി 9:32, 33; 12:22; 17:14-18) അവർക്ക് ആളുകളുടെ മനസ്സിനെയും അന്ധമാക്കാൻ കഴിയും. (2 കൊരിന്ത്യർ 4:4) ഭൂതങ്ങൾ അവരുടെ നേതാവായ സാത്താനെപ്പോലെ എപ്പോഴും പ്രവർത്തനനിരതരാണ്. സാത്താൻ “അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കു”കയാണ്. (1 പത്രൊസ് 5:8) ഭൂതങ്ങളുടെ അസ്തിത്വത്തെക്കുറിച്ചുള്ള അനേകം വിവരണങ്ങൾ ബൈബിളിലുണ്ട്. നിങ്ങൾ ബൈബിളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അദൃശ്യ ദുഷ്ട സൃഷ്ടികൾ വാസ്തവത്തിൽ സ്ഥിതിചെയ്യുന്നുണ്ടെന്ന് നിങ്ങൾ അംഗീകരിക്കും.
ദുഷ്ട ചതിയൻമാർ
എന്നാൽ ലോകത്തിൽ ഭീതിയുടെ ഒരു സ്ഥിരമായ അവസ്ഥയ്ക്കിടയാക്കാതെ ശക്തരായ ഭൂതങ്ങൾക്ക് ഇന്ന് എങ്ങനെയാണു സ്ഥിതിചെയ്യാൻ കഴിയുക? അവരുടെ സാന്നിധ്യവും പ്രവർത്തനങ്ങളും വളരെയൊന്നും പ്രകടമല്ലാത്തതെന്തുകൊണ്ട്? ബൈബിൾ ഉത്തരം നൽകുന്നു: “സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.” (2 കൊരിന്ത്യർ 11:14) പിശാച് ഒരു ചതിയനാണ്. ഭൂത പ്രവർത്തനം മിക്കപ്പോഴും നിരുപദ്രവകരമോ ഗുണകരംപോലുമോ ആയി കാണപ്പെടുന്നു. അതുകൊണ്ട് അത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
സാത്താനും അവന്റെ ഭൂതങ്ങളും ബൈബിൾ കാലങ്ങളിൽ ചെയ്തതുപോലെതന്നെ ഇന്നും വ്യത്യസ്ത വിധങ്ങളിൽ ആളുകളെ ക്ലേശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ യഥാർഥ ക്രിസ്ത്യാനികളായിരിക്കുന്ന ചിലർ ഒരുകാലത്ത് ഗൂഢവിദ്യയിൽ ഉൾപ്പെട്ടിരുന്നവരാണ്; ഭൂതാക്രമണങ്ങൾ എത്രമാത്രം ഭീതിജനകമാണെന്ന് അവർക്ക് സാക്ഷ്യപ്പെടുത്താൻ കഴിയും. തികച്ചും ഗൂഢവിദ്യാപരമായ ആചാരങ്ങളിലേക്ക് ആളുകളെ വശീകരിക്കുന്നതിനുവേണ്ടി ഭൂതങ്ങൾ ഇന്ന് ഒരുപക്ഷേ എന്നത്തേതിലുമധികമായി അവരുടെ അമാനുഷ ശക്തി പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ശക്തിയെ വിലകുറച്ചുകാണരുത്. എങ്കിലും, അവരെ സംബന്ധിച്ചിടത്തോളം കൂടുതൽ നേട്ടം ആളുകളെ ഭയപ്പെടുത്തുന്നതിനെക്കാളും ദൈവത്തിൽനിന്ന് അവരെ വശീകരിച്ചെടുക്കുന്നതിലാണ്. സാത്താനും ഭൂതങ്ങളും “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയു”ന്നുവെന്ന് ബൈബിൾ പറയുന്നു. (വെളിപ്പാടു 12:9) തന്ത്രപരവും കുടിലവുമായ മാർഗങ്ങളിലൂടെ ആത്മീയതയ്ക്ക് തുരങ്കംവെക്കുകയെന്നതാണ് അവരുടെ ഉദ്ദേശ്യം.
ഭൂതങ്ങൾ വാസ്തവമായും സ്ഥിതിചെയ്യുന്നുണ്ട്. ഇന്നത്തെ ആളുകളുടെയിടയിൽ വളരെ പ്രകടമായിരിക്കുന്ന അടങ്ങാത്ത രക്തദാഹവും നശീകരണ പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യവും മറ്റേതു വിധത്തിലാണ് വിശദീകരിക്കാൻ കഴിയുക? മനുഷ്യർ സ്വാഭാവികമായും ആഗ്രഹിക്കുന്നത് സമാധാനത്തിലും സന്തുഷ്ടിയിലും ജീവിക്കാനാണ്. എന്നാൽ ഭൂതങ്ങൾ വഷളത്തത്തെ പ്രോത്സാഹിപ്പിക്കുന്നു. അവർക്ക് മനുഷ്യ മനസ്സിനെ സ്വാധീനിക്കാനും ദുഷിപ്പിക്കാനുമുള്ള ശക്തിയുമുണ്ട്.
എങ്കിലും, യഹോവ സർവശക്തനായ ദൈവമാണ്—ഭൂതങ്ങളെക്കാൾ ശക്തനാണ്. അവൻ “പിശാചിന്റെ തന്ത്രങ്ങ”ൾക്കെതിരെ ശക്തിയും സംരക്ഷണവും പ്രദാനം ചെയ്യുന്നു. (എഫെസ്യർ 6:11-18) നമുക്ക് ഭൂതങ്ങളെക്കുറിച്ച് അനാരോഗ്യകരമായ ഭയം ഉണ്ടായിരിക്കേണ്ടതില്ല. എന്തെന്നാൽ ദൈവം ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.”—യാക്കോബ് 4:7.
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Sipa Icono