ബൈബിളിന്റെ വീക്ഷണം
വിദ്യാഭ്യാസത്തെ ബൈബിൾ നിരുത്സാഹപ്പെടുത്തുന്നുവോ?
“വിവരമില്ലാത്തവനേ വിദ്യാഭ്യാസത്തെ തുച്ഛീകരിക്കൂ.”—പൂബ്ലില്യുസ് സ്യൂറുസ്, ധാർമിക മൊഴികൾ (ഇംഗ്ലീഷ്), പൊ.യു.മു. ഒന്നാം നൂറ്റാണ്ട്.
“പ്രായോഗിക ജ്ഞാനവും ചിന്താപ്രാപ്തിയും കാത്തുസൂക്ഷി”ക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 3:21, NW) തന്റെ ആരാധകർ അഭ്യസ്തവിദ്യരായിരിക്കാനാണ് പരിജ്ഞാനത്തിന്റെ ദൈവമായ യഹോവ ആഗ്രഹിക്കുന്നത്. (1 ശമൂവേൽ 2:3; സദൃശവാക്യങ്ങൾ 1:5, 22) എന്നാൽ, ബൈബിളിലെ ചില പ്രസ്താവനകൾ ചോദ്യങ്ങളുയർത്തിയേക്കാം. ഉദാഹരണത്തിന്, ഉപരിപഠനം ഉൾപ്പെടെ താൻ മുൻകാലത്തു പിൻപറ്റിയിരുന്ന കാര്യങ്ങളെ പരാമർശിച്ചുകൊണ്ട്, “അവയെ ഞാൻ ഉച്ഛിഷ്ടമായി കണക്കാക്കുന്നു” എന്ന് പൗലൊസ് അപ്പോസ്തലൻ എഴുതി. (ഫിലിപ്പിയർ 3:3-8, ഓശാന ബൈബിൾ) “ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ” എന്ന് മറ്റൊരു നിശ്വസ്ത ലേഖനത്തിൽ അവൻ പ്രസ്താവിക്കുകയുണ്ടായി.—1 കൊരിന്ത്യർ 3:19.
അതിനർഥം ബൈബിൾ വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുന്നുവെന്നാണോ? ഒരു ക്രിസ്ത്യാനി എത്രത്തോളം ലൗകിക വിദ്യാഭ്യാസം നേടേണ്ടതുണ്ട്? നിയമം നിഷ്കർഷിക്കുന്ന ഏറ്റവും ചുരുങ്ങിയ വിദ്യാഭ്യാസം മതിയോ, അതോ കൂടുതൽ ആവശ്യമാണോ?
ഒന്നാം നൂറ്റാണ്ടിലെ വിദ്യാഭ്യാസം
വ്യത്യസ്തമായ വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരായിരുന്നു ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ. ചില പ്രമുഖ വ്യക്തികൾ ഗലീലയിൽനിന്നുള്ള അപ്പോസ്തലന്മാരായ പത്രൊസിനെയും യോഹന്നാനെയും “പഠിപ്പില്ലാത്തവരും സാമാന്യരു”മായി വീക്ഷിച്ചു. (പ്രവൃത്തികൾ 4:5, 6, 13) ആ രണ്ടു പേർക്കും അക്ഷരജ്ഞാനമില്ലായിരുന്നെന്നോ സ്കൂൾപഠിപ്പില്ലായിരുന്നെന്നോ ആണോ അതിനർഥം? അല്ല. ഉപരിപഠനത്തിനായി യെരൂശലേമിലുണ്ടായിരുന്ന എബ്രായ സ്കൂളുകളിൽനിന്ന് അവർ വിദ്യാഭ്യാസം നേടിയിരുന്നില്ലെന്നേ അതർഥമാക്കിയുള്ളൂ. ക്രിസ്ത്യാനിത്വത്തിന്റെ ധീരവക്താക്കളായിരുന്ന ആ രണ്ടു പേരുടെയും എഴുത്തുകൾ, അവർ നല്ല വിദ്യാഭ്യാസമുള്ളവരും ബുദ്ധിമാന്മാരും വ്യക്തമായ തിരുവെഴുത്തു വിശദീകരണം നൽകാൻ പ്രാപ്തരുമായിരുന്നുവെന്ന വസ്തുതയ്ക്കു പിൽക്കാലത്ത് തെളിവേകി. തങ്ങളുടെ കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾക്കായി കരുതുന്നതിലുള്ള പ്രായോഗിക പരിശീലനവും അവർക്കു ലഭിച്ച വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു. വളരെ ലാഭകരമായ മത്സ്യബന്ധനത്തിൽ അവർ പങ്കാളികളായിരുന്നു.—മർക്കൊസ് 1:16-21; ലൂക്കൊസ് 5:7, 10.
അതിൽനിന്നു ഭിന്നമാണ് ഒരു സുവിശേഷത്തിന്റെയും പ്രവൃത്തികളുടെ പുസ്തകത്തിന്റെയും എഴുത്തുകാരനായ ലൂക്കൊസ് എന്ന ശിഷ്യന്റെ കാര്യം. കൂടുതൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന അവൻ ഒരു വൈദ്യനായിരുന്നു. (കൊലൊസ്സ്യർ 4:14) ഈ വൈദ്യപശ്ചാത്തലം അവന്റെ നിശ്വസ്ത എഴുത്തുകൾക്ക് ഒരു സവിശേഷ ഭാവം നൽകുന്നു.—ലൂക്കൊസ് 4:38; 5:12; പ്രവൃത്തികൾ 28:8 എന്നിവ കാണുക.
ക്രിസ്ത്യാനിയായിത്തീരുന്നതിനു മുമ്പ് പൗലൊസ് അപ്പോസ്തലൻ, അക്കാലത്തെ അതിപ്രഗത്ഭ പണ്ഡിതന്മാരിൽ ഒരുവനായ ഗമാലിയേലിന്റെ മേൽനോട്ടത്തിൻകീഴിൽ യഹൂദനിയമം പഠിച്ചിരുന്നു. (പ്രവൃത്തികൾ 22:3) പൗലൊസിനു ലഭിച്ച വിദ്യാഭ്യാസത്തെ ഇന്നത്തെ സർവകലാശാലാ വിദ്യാഭ്യാസത്തോടു താരതമ്യപ്പെടുത്താം. പിൽക്കാല വർഷങ്ങളിൽ ഉപരിവിദ്യാഭ്യാസം നേടേണ്ടിയിരുന്നപ്പോൾത്തന്നെ യുവാക്കൾ ഒരു തൊഴിൽ അഭ്യസിക്കുന്നത് യഹൂദസമൂഹത്തിൽ മാന്യമായി വീക്ഷിക്കപ്പെട്ടിരുന്നു. തെളിവനുസരിച്ച്, ചെറുപ്പത്തിൽത്തന്നെ പൗലൊസിനു കൂടാരപ്പണിയിൽ പരിശീലനം ലഭിച്ചിരുന്നു. അത്തരം കഴിവുകൾ മുഴുസമയ ശുശ്രൂഷയിലായിരിക്കേ സ്വന്തചെലവുകൾ വഹിക്കാൻ അവനെ പ്രാപ്തനാക്കി.
എന്നാൽ ലൗകിക വിദ്യാഭ്യാസം അനിവാര്യമാണെങ്കിലും, അതിന് ദൈവപരിജ്ഞാനത്തിന്റെ അതുല്യമായ മൂല്യത്തോടുള്ള താരതമ്യത്തിൽ വളരെ കുറഞ്ഞ വിലയേയുള്ളുവെന്നു പൗലൊസ് തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട്, ബൈബിൾ ഏറ്റവുമധികം പ്രാധാന്യം കൽപ്പിക്കുന്നത് ദൈവത്തെയും ക്രിസ്തുവിനെയും കുറിച്ചുള്ള പരിജ്ഞാനം നേടുന്നതിനാണ്. ഇന്നത്തെ ക്രിസ്ത്യാനികൾക്കു ലൗകിക വിദ്യാഭ്യാസം സംബന്ധിച്ച് ഈ വാസ്തവിക വീക്ഷണമുണ്ടായിരിക്കുന്നത് നല്ലതാണ്.—സദൃശവാക്യങ്ങൾ 2:1-5; യോഹന്നാൻ 17:3; കൊലൊസ്സ്യർ 2:3.
വിദ്യാഭ്യാസത്തെ അവധാനപൂർവം വിലയിരുത്തൽ
കോളെജിലോ തൊഴിൽപരിശീലന സ്ഥാപനങ്ങളിലോ പഠിച്ചുകൊണ്ട് കൂടുതലായ വിദ്യാഭ്യാസം നേടുന്നത് കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾ നിവർത്തിക്കാൻ തങ്ങളെ സഹായിച്ചിരിക്കുന്നതായി ചില ക്രിസ്ത്യാനികൾ കണ്ടെത്തിയിരിക്കുന്നു. ‘സ്വന്തകുടുംബക്കാർക്കു വേണ്ടി കരുതുന്നത്’ ഒരു പാവന കടമയായിരിക്കുന്നതിനാൽ കുടുംബത്തോടു കാട്ടുന്ന പരിപാലന മനോഭാവം ഉചിതമാണ്. (1 തിമൊഥെയൊസ് 5:8) അതിനാവശ്യമായ കഴിവുകൾ നേടുന്നത് പ്രായോഗിക ജ്ഞാനമായിരിക്കും.
എന്നിരുന്നാലും, ഈ ഉദ്ദേശ്യം സാധിക്കുന്നതിന് അടിസ്ഥാനവിദ്യാഭ്യാസം മാത്രം പോരെന്നു കരുതുന്നവർ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തേണ്ടതുണ്ട്. തീക്ഷ്ണതയോടെ ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾത്തന്നെ തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ചെലവുകൾ ന്യായമായ വിധത്തിൽ വഹിക്കാൻ പ്രാപ്തമാക്കുന്ന ഒരു ജോലി കണ്ടെത്താൻ ഒരുവനെ സജ്ജനാക്കുന്നുവെന്നതാണ് അതിന്റെ പ്രയോജനങ്ങളിലൊന്ന്. തന്നെയുമല്ല, ‘മുട്ടുള്ളവനു ദാനം ചെയ്വാൻ എന്തെങ്കിലും ഉണ്ടായിരി’ക്കുകവഴി ഭൗതികമായി മറ്റുള്ളവരെ സഹായിക്കുന്നതിന് അയാൾക്കു കഴിഞ്ഞേക്കാം.—എഫെസ്യർ 4:28
ഉണ്ടായേക്കാവുന്ന കോട്ടങ്ങൾ എന്തൊക്കെയാണ്? ദൈവത്തിലും ബൈബിളിലുമുള്ള വിശ്വാസത്തിനു തുരങ്കം വെക്കുന്ന കാര്യങ്ങൾ പഠിക്കുന്നത് അതിൽ ഉൾപ്പെട്ടേക്കാം. ‘ജ്ഞാനമെന്നു വ്യാജമായി പേർ പറയുന്നതും’ ‘മനുഷ്യരുടെ സമ്പ്രദായത്തിന് ഒത്തവണ്ണമുള്ള തത്വജ്ഞാനവും വഞ്ചനയും’ സംബന്ധിച്ചു ജാഗ്രതയുള്ളവരായിരിക്കാൻ പൗലൊസ് ക്രിസ്ത്യാനികളെ ബുദ്ധ്യുപദേശിച്ചു. (1 തിമൊഥെയൊസ് 6:20, 21; കൊലൊസ്സ്യർ 2:8) ചിലതരം വിദ്യാഭ്യാസങ്ങളിലേർപ്പെടുന്നത് ഒരു ക്രിസ്ത്യാനിയുടെ വിശ്വാസത്തിനു ഹാനികരമായേക്കാമെന്നതു നിഷേധിക്കാനാവില്ല. കൂടുതലായ പരിശീലനത്തെയോ വിദ്യാഭ്യാസത്തെയോ കുറിച്ചു പരിചിന്തിക്കുന്നവർ ഹാനികരമായ അത്തരം സ്വാധീനങ്ങളുടെ അപകടത്തെക്കുറിച്ചു ബോധവാന്മാരായിരിക്കണം.
“മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ച” മോശ, ആ വിദ്യാഭ്യാസത്തിൽ ബഹുദൈവാരാധനാപരവും ദൈവനിന്ദാകരവുമായ പഠിപ്പിക്കലുകൾ നിസ്സംശയമായും ഉൾപ്പെട്ടിരുന്നിട്ടും ശക്തമായ വിശ്വാസം നിലനിർത്തി. (പ്രവൃത്തികൾ 7:22) സമാനമായി, തങ്ങൾ ആയിരിക്കുന്നത് ഏതു സാഹചര്യത്തിലാണെങ്കിലും അനാരോഗ്യകരമായ സ്വാധീനങ്ങൾക്കു വഴിപ്പെടാതിരിക്കാൻ ശ്രദ്ധയുള്ളവരാണ് ക്രിസ്ത്യാനികൾ.
കൂടുതലായ വിദ്യാഭ്യാസം തേടുന്നതിലെ സാധ്യമായ മറ്റൊരപകടം അറിവ് ചീർപ്പിക്കുന്നു, അഥവാ ദുരഭിമാനം ഉളവാക്കുന്നു എന്നതാണ്. (1 കൊരിന്ത്യർ 8:1) പലരും വിദ്യാഭ്യാസത്തിലുടെ അറിവു നേടുന്നതിന്റെ കാരണങ്ങൾ സ്വാർഥമാണ്. സദുദ്ദേശ്യത്തോടെയാണ് അറിവു നേടുന്നതെങ്കിൽപ്പോലും ഔന്നിത്യഭാവമോ ആത്മപ്രാധാന്യമോ അതിന് ഉളവാക്കാൻ സാധിക്കും. അത്തരം മനോഭാവങ്ങൾ ദൈവത്തെ അപ്രീതിപ്പെടുത്തുന്നു.—സദൃശവാക്യങ്ങൾ 8:13.
പരീശന്മാരുടെ കാര്യം പരിചിന്തിക്കുക. ഈ പ്രമുഖ മതവിഭാഗത്തിലെ അംഗങ്ങൾ തങ്ങളുടെ പാണ്ഡിത്യത്തിലും വ്യാജനീതിയിലും അഭിമാനം കൊണ്ടിരുന്നു. റബ്ബിമാരുടെ ബൃഹത്തായ പാരമ്പര്യങ്ങൾ നന്നായി അറിയാമായിരുന്ന അവർ വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരെ തുച്ഛീകരിക്കുകയും അജ്ഞരും നിന്ദ്യരും ശപിക്കപ്പെട്ടവരുമായി വീക്ഷിക്കുകയും ചെയ്തിരുന്നു. (യോഹന്നാൻ 7:49) തന്നെയുമല്ല, അവർ പണസ്നേഹികളുമായിരുന്നു. (ലൂക്കൊസ് 16:14) അവരുടെ ദൃഷ്ടാന്തം കാണിക്കുന്നത്, ദുരുദ്ദേശ്യത്തോടെ നേടുന്ന വിദ്യാഭ്യാസത്തിന് ഒരു വ്യക്തിയെ അഹങ്കാരിയാക്കാനോ പണസ്നേഹത്തിലേക്കു നയിക്കാനോ കഴിയുമെന്നാണ്. അതുകൊണ്ട് ഏതു തരത്തിലുള്ള വിദ്യാഭ്യാസം വേണം, എത്രത്തോളം വേണം എന്നൊക്കെ തീരുമാനിക്കുമ്പോൾ ‘എന്റെ ആന്തരങ്ങൾ എന്തൊക്കെയാണ്?’ എന്ന് ഒരു ക്രിസ്ത്യാനി ചോദിക്കുന്നത് ഉചിതമായിരിക്കും.
വ്യക്തിഗതമായ തിരഞ്ഞെടുപ്പിന്റെ കാര്യം
ഒന്നാം നൂറ്റാണ്ടിൽ സത്യമായിരുന്നതുപോലെ, ഇന്നു ക്രിസ്ത്യാനികളുടെ ഇടയിൽ വ്യത്യസ്ത വിദ്യാഭ്യാസപശ്ചാത്തലങ്ങളാണുള്ളത്. നിർബന്ധിത വിദ്യാഭ്യാസം പൂർത്തിയാക്കുന്ന യുവജനങ്ങൾ മാതാപിതാക്കളുടെ മാർഗനിർദേശത്തിൻ കീഴിൽ കൂടുതലായ ലൗകിക വിദ്യാഭ്യാസം നേടാൻ തീരുമാനിച്ചേക്കാം. അതുപോലെ, തങ്ങളുടെ കുടുംബത്തിനു വേണ്ടി കരുതാനുള്ള വക മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന മുതിർന്നവരും കൂടുതലായ അത്തരം വിദ്യാഭ്യാസത്തെ ആ ലക്ഷ്യപ്രാപ്തിക്കനുയോജ്യമായ ഒരു മാർഗമായി വീക്ഷിച്ചേക്കാം.a പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ ചില വശങ്ങൾ ഊന്നൽ നൽകുന്നത് തൊഴിൽപരമോ ജോലിസംബന്ധമോ ആയ കഴിവുകൾ വളർത്തിയെടുക്കുന്നതിനല്ല, പിന്നെയോ പൊതുവായ ബൗദ്ധികപ്രാപ്തിയുടെ വികാസത്തിനാണ്. അതിനാൽ, അത്തരം വിദ്യാഭ്യാസത്തിനുവേണ്ടി വളരെക്കാലം ചെലവഴിച്ചാലും ഒരു തൊഴിൽ നേടാനുള്ള കഴിവുകൾ തനിക്കില്ലെന്ന് ഒരുവൻ കണ്ടെത്തിയേക്കാം. അക്കാരണത്താൽ തൊഴിലധിഷ്ഠിത വിഷയങ്ങൾ പഠിക്കാനോ ടെക്നിക്കൽ സ്കൂളുകളിൽ ചേരാനോ ചിലർ തീരുമാനിച്ചേക്കാം. പെട്ടെന്ന് തൊഴിൽ കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെയായിരിക്കും അവരത് ചെയ്യുന്നത്.
എന്താണെങ്കിലും അത്തരം തീരുമാനങ്ങൾ വ്യക്തിപരമായി കൈക്കൊള്ളേണ്ടതാണ്. ഇക്കാര്യത്തിൽ ക്രിസ്ത്യാനികൾ അന്യോന്യം വിമർശിക്കുകയോ കുറ്റം വിധിക്കുകയോ ചെയ്യാൻ പാടില്ല. “കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?” എന്ന് യാക്കോബ് എഴുതി. (യാക്കോബ് 4:12) കൂടുതലായ വിദ്യാഭ്യാസം നേടുന്നതിനെക്കുറിച്ച് ഒരു ക്രിസ്ത്യാനി പരിചിന്തിക്കുകയാണെങ്കിൽ, അതിനു പ്രേരകമായിരിക്കുന്നത് സ്വാർഥവും ഭൗതികാസക്തവുമായ താത്പര്യങ്ങളല്ലെന്ന് ഉറപ്പു വരുത്താൻ സ്വന്തം ഉദ്ദേശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസം സംബന്ധിച്ച് സമനിലയുള്ള ഒരു വീക്ഷണമുണ്ടായിരിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നുവെന്നതു വ്യക്തമാണ്. ദൈവത്തിന്റെ നിശ്വസ്ത വചനത്തിലധിഷ്ഠിതമായ ആത്മീയ വിദ്യാഭ്യാസത്തിന്റെ അതിശ്രേഷ്ഠ മൂല്യം ക്രിസ്തീയ മാതാപിതാക്കൾ തിരിച്ചറിയുകയും അനുബന്ധ വിദ്യാഭ്യാസം സംബന്ധിച്ച് തങ്ങളുടെ കുട്ടികൾക്ക് സമനിലയുള്ള ബുദ്ധ്യുപദേശം നൽകുകയും ചെയ്യുന്നു. (2 തിമൊഥെയൊസ് 3:16) ജീവിതത്തെക്കുറിച്ച് വാസ്തവിക വീക്ഷണമുള്ളതിനാൽ അവർ, മുതിർന്ന കുട്ടികൾക്കും അവരുടെ ഭാവികുടുംബങ്ങൾക്കും വേണ്ടി കരുതാൻ അവർക്കാവശ്യമായിരിക്കുന്ന വൈദഗ്ധ്യങ്ങൾ നേടുന്നതിൽ ലൗകിക വിദ്യാഭ്യാസത്തിനുള്ള മൂല്യത്തെ അംഗീകരിക്കുന്നു. അതുകൊണ്ട് അനുബന്ധ വിദ്യാഭ്യാസം നേടണമോ എത്രത്തോളം വേണം എന്നിങ്ങനെയുള്ള കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ‘ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ള, സകലത്തിന്നും പ്രയോജനകരമായ’ യഹോവയാം ദൈവത്തോടുള്ള ഭക്തിയിൽ അധിഷ്ഠിതമായ നല്ല വ്യക്തിഗത തീരുമാനങ്ങൾ കൈക്കൊള്ളാൻ ഓരോ ക്രിസ്ത്യാനിക്കും സാധിക്കും.—1 തിമൊഥെയൊസ് 4:8.
[അടിക്കുറിപ്പ്]
a ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിശദവിവരങ്ങൾക്ക്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച 1993 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 10-21 പേജുകളും യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും എന്ന ലഘുപത്രികയും കാണുക.
[20-ാം പേജിലെ ആകർഷകവാക്യം]
“പ്രായോഗിക ജ്ഞാനവും ചിന്താപ്രാപ്തിയും കാത്തുസൂക്ഷിക്കുക.”—സദൃശവാക്യങ്ങൾ 3:21, NW.
[21-ാം പേജിലെ ആകർഷകവാക്യം]
കൂടുതലായ വിദ്യാഭ്യാസം വേണമോയെന്നു പരിചിന്തിക്കുമ്പോൾ, ‘എന്റെ ആന്തരങ്ങൾ എന്തൊക്കെയാണ്?’ എന്ന് ഒരു ക്രിസ്ത്യാനി ചോദിക്കുന്നത് ഉചിതമായിരിക്കും