കുറ്റകൃത്യമില്ലാഞ്ഞ ഒരു കാലം
കുറ്റകൃത്യമില്ലാത്ത ഒരു ലോകത്തെക്കുറിച്ചു നിങ്ങൾക്കു സങ്കൽപ്പിക്കാനാവുമോ? ജർമൻ ദിനപ്പത്രമായ സ്യൂററ്ഡോയിച്ച് ററ്സൈററുങ്ങിൽ വന്നതുപോലുള്ള വാർത്താ റിപ്പോർട്ടുകൾ വായിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കതിന് ആവില്ലായിരിക്കാം. അതിങ്ങനെ റിപ്പോർട്ടുചെയ്തു: “കുറ്റകൃത്യ വിദഗ്ധർ കുറ്റകൃത്യത്തിന്റെ പുതിയൊരു മാനത്തെക്കുറിച്ചു സംസാരിക്കുകയാണ്. അവരുടെ പ്രസ്താവനകളിൽ അശുഭസൂചനകളേ ഉള്ളൂ, അവർ വരച്ചുകാട്ടുന്ന ചിത്രം ഭയാനകവുമാണ്.”
ആയിരക്കണക്കിന് യൂറോപ്പുകാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 1995-ലെ ഒരു സർവേ കാണിക്കുന്നത് മിക്കയാളുകളും കുറ്റകൃത്യത്തിന് ഇരയാകുന്നതിനെക്കുറിച്ച് വ്യാകുലപ്പെടുന്നുവെന്നാണ്. ജർമനി, നെതർലൻഡ്സ്, പോളണ്ട്, യുണൈറ്റഡ് കിങ്ഡം, റഷ്യ എന്നിവിടങ്ങളിൽ ആളുകൾ ഏറ്റവുമധികം ഭയപ്പെടുന്ന കാര്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് കുറ്റകൃത്യത്തിന്. ഡെൻമാർക്ക്, ഫിൻലൻഡ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ കുറ്റകൃത്യത്തെക്കുറിച്ചുള്ള ഭയത്തിന് രണ്ടാം സ്ഥാനവും ഇറ്റലി, ഗ്രീസ്, ഫ്രാൻസ് എന്നിവിടങ്ങളിൽ മൂന്നാം സ്ഥാനവുമാണ് ഉണ്ടായിരുന്നത്. സർവേയിൽ പങ്കെടുത്ത 12 രാഷ്ട്രങ്ങളിൽ സ്പെയിൻ മാത്രമാണ് ഭയത്തിനുള്ള മൂന്നു മുഖ്യ കാരണങ്ങളുടെ കൂട്ടത്തിൽ കുറ്റകൃത്യത്തെ ഉൾപ്പെടുത്താതിരുന്നത്.
പൂർവ യൂറോപ്പിൽ കഴിഞ്ഞ ഏഴു വർഷംകൊണ്ട് കുറ്റകൃത്യ നിരക്ക് നാടകീയമായി ഉയർന്നിരിക്കുന്നു. ഈ രാജ്യങ്ങളിൽ പലതിലും കുറ്റകൃത്യ വർധനവ് 50 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിലായിരിക്കുമ്പോൾ മറ്റുചില രാജ്യങ്ങളിൽ അത് 193 മുതൽ 401 വരെ ശതമാനമാണ്!
എങ്കിലും, ഒരുകാലത്ത് കുറ്റകൃത്യമില്ലാഞ്ഞ ഒരു ലോകമുണ്ടായിരുന്നു. അതെന്നായിരുന്നു, ആ ലോകം നശിപ്പിക്കപ്പെട്ടത് എങ്ങനെയാണ്?
കുറ്റകൃത്യത്തിന്റെ ഉത്ഭവം എവിടെയായിരുന്നു?
“കൊടിയ നിയമലംഘനം” എന്നു നിർവചിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യത്തിന്റെ ഉത്ഭവം ആത്മമണ്ഡലത്തിലായിരുന്നു. ആദ്യ മനുഷ്യരായ ആദാമും ഹവ്വായും കുറ്റകൃത്യ പ്രവണതകളോടെയല്ല സൃഷ്ടിക്കപ്പെട്ടത്. മാനവ സമുദായത്തിലേക്കുള്ള കുറ്റകൃത്യത്തിന്റെ ആനയിക്കലിന് അവർ പൂർണ ഉത്തരവാദികളുമായിരുന്നില്ല. ദൈവത്തിന്റെ പൂർണതയുള്ള ഒരു ആത്മപുത്രൻ തെറ്റായ ചിന്തകൾ തന്റെ ഹൃദയത്തിൽ വേരുപിടിക്കുന്നതിന് അനുവദിച്ചു. അവൻ ആ ചിന്തകളെ താലോലിച്ചുകൊണ്ടുനടന്നതിന്റെ ഫലമായി അവ കുറ്റകൃത്യത്തിലേക്കു നയിച്ചു. കുറ്റകൃത്യമില്ലാഞ്ഞ ആദിമ ലോകത്തെ ദുഷിപ്പിച്ചതിന് അവനായിരുന്നു ഉത്തരവാദി. ദൈവനിയമം ലംഘിക്കുക വഴി അവൻ തന്നെത്തന്നെ ഒരു കുറ്റവാളിയാക്കിത്തീർത്തു. ബൈബിൾ അവനെ പിശാചായ സാത്താനായി തിരിച്ചറിയിക്കുന്നു.—യാക്കോബ് 1:13-15; വെളിപ്പാടു 12:9
അദൃശ്യ സ്വർഗങ്ങളിൽ ദൈവത്തോടുള്ള എതിർപ്പിന്റെ ഒരു ഗതി തുടങ്ങിവെച്ചശേഷം തന്റെ കുറ്റകൃത്യ നടപടികൾ ഭൂമിയിലെ മനുഷ്യരിലേക്കു വ്യാപിപ്പിക്കുന്നതിന് സാത്താൻ അരയും തലയും മുറുക്കിയിറങ്ങി. പിശാച് ഇത് നിർവഹിച്ച വിധത്തെക്കുറിച്ചുള്ള ബൈബിൾ വിവരണം ഹ്രസ്വവും ലളിതവും എന്നാൽ വാസ്തവികവുമാണ്. (ഉല്പത്തി 2 മുതൽ 4 വരെയുള്ള അധ്യായങ്ങൾ) സൂത്രക്കാരനായ ഈ അമാനുഷ കുറ്റവാളിയാൽ വഴിതെറ്റിക്കപ്പെട്ട ആദാമും ഹവ്വായും ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ചു പ്രവർത്തിക്കാൻ വിസമ്മതിച്ചു. ദൈവത്തോട് അനുസരണക്കേടു കാട്ടുകവഴി അവർ കുറ്റവാളികളായിത്തീർന്നു. പിന്നീട്, അവരുടെ ആദ്യജാതനായ കയീൻ അവന്റെ സഹോദരനായ ഹാബെലിൽനിന്ന് അവന്റെ ഏറ്റവും വിലപ്പെട്ട സ്വത്തായ ജീവൻതന്നെ കവർന്നെടുക്കുന്ന ഘട്ടത്തോളം പോയപ്പോൾ അവർ തീർച്ചയായും ഞെട്ടിത്തെറിച്ചിരിക്കും!
അങ്ങനെ, ഭൂമിയിൽ താമസിച്ച ആദ്യത്തെ നാലുപേരിൽ, മൂന്നുപേർ കുറ്റവാളികളായിത്തീർന്നു. ഈ വിധത്തിൽ, ആദാമും ഹവ്വായും കയീനും കുറ്റകൃത്യമില്ലാത്ത ഒരു ലോകത്തിൽ ജീവിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞു. ഇത്രയും കാലം കഴിഞ്ഞസ്ഥിതിക്ക്, അത്തരമൊരു ലോകം ഇപ്പോൾ സമീപമാണെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?