നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശനങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 27-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. ശാസ്ത്രിമാരെയും പരീശന്മാരെയും കുറ്റം വിധിക്കുമ്പോൾ, “മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്ന”ത് ആരെയാണെന്നാണ് യേശു പറഞ്ഞത്? (മത്തായി 23:35)
2. ബെന്യാമീന്റെ ആദ്യജാതൻ ആർ? (ഉല്പത്തി 46:21)
3. ന്യായപ്രമാണത്തിന്റെ ശ്രദ്ധേയനായ പകർപ്പെഴുത്തുകാരനും ഉപദേഷ്ടാവുമായിരുന്നത് ഏത് അഹരോന്യ പുരോഹിതനായിരുന്നു? (നെഹെമ്യാവു 8:1, 2)
4. യഥാർഥ ജ്ഞാനിയാകണമെന്നുണ്ടെങ്കിൽ ഒരു വ്യക്തി ലോകത്തിന്റെ കണ്ണിൽ എന്തായിത്തീരണം? (1 കൊരിന്ത്യർ 3:18, 19)
5. ചെവിയുടെ ഞാന്നുകിടക്കുന്ന ഭാഗത്തിന്റെ പേരെന്ത്? (ലേവ്യപുസ്തകം 14:14, NW)
6. ദ്രവ്യാഗ്രഹം എന്തിൽ കലാശിക്കുമെന്നാണ് പൗലൊസ് പറഞ്ഞത്? (1 തിമൊഥെയൊസ് 6:10)
7. യെഹെസ്കേലിന്റെ ദർശനത്തിലെ സ്വർഗീയ രഥത്തിന്റെ “തറ” എന്തിനോടു സദൃശമായിരുന്നു? (യെഹെസ്കേൽ 1:22)
8. പൗലൊസിനെ റോമിലേക്ക് തടവുകാരനായി കൊണ്ടുപോകുമ്പോൾ തങ്ങളുടെ കപ്പൽ അകപ്പെടുമെന്നു നാവികർ ഭയന്ന ഉൾക്കടലിന്റെ പേരെന്ത്? (പ്രവൃത്തികൾ 27:17, NW)
9. അഹരോന്റെ വടി ഏത് മരത്തിൽനിന്നുള്ളതായിരുന്നു? (സംഖ്യാപുസ്തകം 17:8)
10. തന്റെ അതിഥികളെ ആൾക്കൂട്ടത്തിൽനിന്നു സംരക്ഷിക്കാൻ ലോത്ത് എന്തുപോലും ചെയ്യാൻ തുനിഞ്ഞു? (ഉല്പത്തി 19:6-8)
11. മെംഫിസ് എന്ന ഈജിപ്ഷ്യൻ നഗരത്തിന്റെ ബൈബിൾ പേരെന്ത്? (യെശയ്യാവു 19:13)
12. പെൺ മാനിനെ വിളിക്കുന്നതെന്ത്? (സദൃശവാക്യങ്ങൾ 5:19)
13. സങ്കീർണമായ ആപേക്ഷിക സാമൂഹിക സംഘാടനം നിമിത്തം “ജാതി” എന്നു വിളിക്കപ്പെടുന്ന പ്രാണികൾ ഏത്? (സദൃശവാക്യങ്ങൾ 30:25)
14. യഹൂദയുടെ ഭാര്യാപിതാവായ കനാന്യൻ ആരായിരുന്നു? (ഉല്പത്തി 38:2)
15. ഒരു ആൺ കഴുതയുടെയും പെൺ കുതിരയുടെയും സങ്കര സന്താനത്തിന്റെ പേരെന്ത്? (2 ശമൂവേൽ 13:29)
16. “യഹോവെക്കു വെറുപ്പു”ള്ളത് എന്നു പറയപ്പെടുന്ന കാര്യങ്ങൾ ഏവ? (സദൃശവാക്യങ്ങൾ 12:22)
17. ഇസ്രായേലിലുള്ള 7,000 പേർ ഏത് വ്യാജദൈവത്തിന്റെ മുമ്പാകെ കുമ്പിട്ടില്ലെന്നാണ് ഏലീയാവിനോടു പറയപ്പെട്ടത്? (1 രാജാക്കന്മാർ 19:18)
18. മരിച്ചവർക്ക് എന്തു സംഭവിക്കുന്നുവെന്നതിനെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കത്തക്കവിധം ഷീയോൾ എന്ന എബ്രായ പദവും ഹേഡീസ് എന്ന ഗ്രീക്കു പദവും പരിഭാഷപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്ന വാക്കേത്? (പ്രവൃത്തികൾ 2:31)
19. നീതിനിഷ്ഠയായ ഹന്നായ്ക്കു ലഹരിപിടിച്ചിരിക്കുന്നതായി തെറ്റിദ്ധരിച്ചത് ആരായിരുന്നു? (1 ശമൂവേൽ 1:13)
20. റോമാ സഭയിലെ ആരെയാണ് “ക്രിസ്തുവിൽ സമ്മതനായ” എന്ന് പൗലൊസ് വിളിച്ചത്? (റോമർ 16:10)
21. മറ്റ് 11 അപ്പോസ്തലന്മാരെ അപേക്ഷിച്ച് ഏത് അപ്പോസ്തലന്റെ പ്രസ്താവനകളാണു സുവിശേഷങ്ങളിൽ കൂടുതലായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്? (മത്തായി 15:15)
22. എന്തു പ്രഖ്യാപിച്ചതിനാലാണ് പൗലൊസ് ചമ്മട്ടികൊണ്ടുള്ള അടിയിൽനിന്നു രക്ഷപ്പെട്ടത്? (പ്രവൃത്തികൾ 22:25-29)
23. യേശുവിന്റെ ശരീരം അടക്കം ചെയ്യാൻ ഒരുക്കുന്നതിന് നിക്കൊദേമൊസ് ഉപയോഗിച്ച രണ്ട് സുഗന്ധദ്രവ്യങ്ങൾ ഏവ? (യോഹന്നാൻ 19:39)
24. നന്ദി പറയാൻ ഒരാൾ മാത്രം തിരിച്ചുവന്ന ആ സന്ദർഭത്തിൽ യേശു എത്ര കുഷ്ഠരോഗികളെയാണ് സുഖപ്പെടുത്തിയത്? (ലൂക്കൊസ് 17:12-19)
25. സ്വയം പ്രതിവാദിക്കാനാകാത്ത, ഏതുതരം വൈകല്യമുള്ള ഒരാളെ ശപിക്കരുതെന്നാണ് ന്യായപ്രമാണം നിഷ്കർഷിച്ചത്? (ലേവ്യപുസ്തകം 19:14)
ക്വിസിന്റെ ഉത്തരങ്ങൾ
1. ‘ബെരെഖ്യാവിന്റെ മകനായ സെഖര്യാവിനെ’
2. ബേല
3. എസ്രാ
4. ഭോഷൻ
5. തട്ട്
6. ‘വിശ്വാസം വിട്ടുഴലുന്ന’തുൾപ്പെടെയുള്ള ‘ദോഷത്തിൽ’
7. ‘ഭയങ്കരമായോരു പളുങ്കി’നോട്
8. സിർത്തിസ്
9. ബദാം
10. തന്റെ പുത്രിമാരെ നൽകാമെന്ന് അവൻ അവരോടു പറഞ്ഞു
11. നോഫ്
12. പേടമാൻ
13. ഉറുമ്പുകൾ
14. ശൂവാ
15. കോവർക്കഴുത
16. വ്യാജമുള്ള അധരങ്ങൾ
17. ബാൽ
18. നരകം
19. മഹാപുരോഹിതനായ ഏലി
20. അപ്പെലേസ്
21. പത്രൊസ്
22. താൻ റോമാപൗരനാണെന്നു പറഞ്ഞതിനാൽ
23. മൂറും അകിലും
24. പത്ത്
25. ബധിരത