അതിജീവനത്തിനായുള്ള ഫ്രഞ്ച് ബൈബിളിന്റെ പോരാട്ടം
ഫ്രാൻസിലെ ഉണരുക! ലേഖകൻ
ലോകത്തിൽ പത്തു കോടിയിലധികം പേർ ഫ്രഞ്ച് സംസാരിക്കുന്നവരാണ്. നിങ്ങൾ അവരിലൊരാളല്ലെങ്കിൽത്തന്നെയും, അതിജീവനത്തിനായുള്ള ഫ്രഞ്ച് ബൈബിളിന്റെ പോരാട്ടത്തെക്കുറിച്ചു വായിക്കുന്നത് രസകരമായിരിക്കും. മതസ്വാതന്ത്ര്യവുമായി അതിനുള്ള ബന്ധമാണ് ഭാഗികമായ കാരണം. നൂറ്റാണ്ടുകളിലുടനീളം പല ഫ്രഞ്ച് ബൈബിളുകളും ശത്രുക്കളുടെയും വ്യാജസുഹൃത്തുക്കളുടെയും കരങ്ങളാൽ ക്രൂരമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പരിഭാഷകരും അച്ചടിക്കാരും കൊടിയ എതിർപ്പുകളെ തൃണവൽഗണിച്ചുകൊണ്ട് പോരാടി, പലപ്പോഴും ജീവൻതന്നെ പണയപ്പെടുത്തിക്കൊണ്ട്.
12-ാം നൂറ്റാണ്ടിൽ ബൈബിൾഭാഗങ്ങളുടെ പരിഭാഷകൾ ഫ്രഞ്ച് ഉൾപ്പെടെ ഒട്ടനവധി പ്രാദേശിക ഭാഷകളിൽ ലഭ്യമായിരുന്നു. കത്തോലിക്കാസഭ പാഷണ്ഡികളായി കണക്കാക്കിയിരുന്നവരാണ് അത് ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചത്. എന്നാൽ ബൈബിൾ ഫ്രഞ്ചിൽ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതിന് 19-ാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടിവന്നു. നൂറ്റാണ്ടുകളുടെ ദൈർഘ്യമുള്ള ഈ ഇടവേള, അതിജീവനത്തിനായി ഫ്രഞ്ച് ബൈബിൾ നേരിട്ട കടുത്ത പരിശോധനകളെ പ്രദീപ്തമാക്കുന്നു.
ഫ്രഞ്ചിലെ ആദ്യത്തെ പുസ്തകങ്ങളിലൊന്ന് പൊ.യു. 900-ാം ആണ്ടോടെ പ്രസിദ്ധീകരിച്ച ഒരു ബൈബിൾ നിഘണ്ടുവായിരുന്നു. ലത്തീൻ ഭാഷയിലുള്ള—കത്തോലിക്കാസഭ ഉപയോഗിച്ചിരുന്ന ഭാഷ—ബൈബിൾ മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അതു രൂപകൽപ്പന ചെയ്യപ്പെട്ടത്. എന്നാൽ ആ സമയമായപ്പോഴേക്കും നിരവധി ഉപഭാഷകൾ ഉപയോഗിച്ചിരുന്ന സാധാരണക്കാർ ലത്തീൻ ഭാഷ ഉപയോഗിക്കുന്നതു നിർത്തിയിരുന്നു. അങ്ങനെ അവർക്ക് ദൈവവചനത്തിന്റെ ലഭ്യത നിഷേധിക്കപ്പെട്ടു. ബൈബിളിന്റെ കൈവശാവകാശം ലത്തീൻ ഭാഷ വായിക്കാനറിയാമായിരുന്ന, അതിൽ പ്രാവീണ്യം നേടിയിരുന്ന പുരോഹിതവർഗത്തിന്റെ കുത്തകയായി നിലനിന്നുപോന്നു.
പൊ.യു. 842-ൽ ഫ്രഞ്ചിലെ ആദ്യത്തെ ഔദ്യോഗിക ഗവൺമെൻറ് പ്രമാണം പ്രത്യക്ഷപ്പെട്ടു. ഭൂരിഭാഗം ജനങ്ങളും മേലാൽ ലത്തീൻ സംസാരിച്ചിരുന്നില്ല എന്നതിനുള്ള മൂകമായ തെളിവായിരുന്നു അത്. പൊ.യു. 880-ൽ ഫ്രാൻസിൽ പ്രാദേശിക ഭാഷയിലുള്ള മതകാവ്യങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. എങ്കിലും ബൈബിൾ ഭാഷാന്തരങ്ങൾ പ്രത്യക്ഷപ്പെടാൻ പിന്നെയും രണ്ടു നൂറ്റാണ്ടുകൾകൂടെ വേണ്ടിവന്നു. ഇവയിൽ ആദ്യത്തേതിൽ പെട്ടതാണ് 12-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നിർമിച്ച, ബൈബിൾ ഭാഗങ്ങളുടെ നോർമൻ ഫ്രഞ്ച് ഭാഷാന്തരങ്ങൾ.
യഥാർഥ പോരാട്ടം ആരംഭിക്കുന്നു
ഫ്രാൻസിലെ ജനങ്ങൾക്ക് വായിക്കാനറിയാവുന്ന ഭാഷയിൽ തിരുവെഴുത്തുകൾ ലഭ്യമാക്കാനുള്ള ആദ്യത്തെ സുസംഘടിത ശ്രമം നടത്തിയത് 12-ാം നൂറ്റാണ്ടിൽ മധ്യ ഫ്രാൻസിലെ ലിയോണിൽനിന്നുള്ള പീറ്റർ വാൾഡോയാണ്. വാൾഡോ, തെക്കുകിഴക്കൻ ഫ്രാൻസിൽ സംസാരിച്ചിരുന്ന ഒരു ഉപഭാഷയായ പ്രൊവെൻസാളിലേക്ക് ബൈബിൾഭാഗങ്ങൾ വിവർത്തനം ചെയ്യിച്ചു. 1179-ൽ, മൂന്നാം ലാറ്ററൻ കൗൺസിലിൽവെച്ച്, ഭാഗികമായി വിവർത്തനം ചെയ്യപ്പെട്ട ആ ബൈബിൾ ഭാഷാന്തരം അദ്ദേഹം അലക്സാണ്ടർ മൂന്നാമൻ പാപ്പായ്ക്കു സമർപ്പിച്ചു.
പിന്നീട്, സഭ വാൾഡോയെയും അനുയായികളെയും പാഷണ്ഡികളെന്നു മുദ്രകുത്തി. അദ്ദേഹം വിവർത്തനം ചെയ്യിച്ച ബൈബിൾ പതിപ്പുകൾ സന്ന്യാസിമാർ കത്തിച്ചുകളഞ്ഞു. അതിൽപ്പിന്നെ, ദൈവവചനം സാധാരണക്കാരുടെ കൈകളിൽ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സഭ എതിർത്തു.
1211-ൽ, ഫ്രാൻസിനു കിഴക്കുള്ള മെറ്റ്സ് നഗരത്തിൽവെച്ച് ബൈബിളുകൾ കത്തിച്ചതുവഴി സഭ അതിന്റെ കുടിലത വ്യക്തമാക്കി. 1229-ൽ ടുളൂസ് കൗൺസിൽ അൽമായർ പ്രാദേശിക ഭാഷയിലുള്ള ബൈബിളുകളിലേതെങ്കിലും ഉപയോഗിക്കുന്നതിനെ വ്യക്തമായിത്തന്നെ വിലക്കി. തുടർന്ന് 1234-ൽ സ്പെയിനിലെ ടറാഗോണ കൗൺസിൽ, ഏതെങ്കിലും ലത്തീനോത്പന്നഭാഷയിലുള്ള (ലത്തീനിൽനിന്ന് ഉരുത്തിരിഞ്ഞ ഭാഷ) ബൈബിളുകൾ പുരോഹിതർപോലും കൈവശംവെക്കുന്നതു വിലക്കി.
ഇത്തരം കൊടിയ എതിർപ്പുകളുണ്ടായിരുന്നിട്ടും 13-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഫ്രഞ്ചിലേക്കു പരിഭാഷപ്പെടുത്തിയ ആദ്യത്തെ സമ്പൂർണ ബൈബിൾ വിതരണം ചെയ്യപ്പെട്ടു. അജ്ഞാതനായ ആരോ പരിഭാഷപ്പെടുത്തിയ ആ ബൈബിളിന്റെ കുറച്ചു പതിപ്പുകളേ വിറ്റഴിക്കപ്പെട്ടുള്ളൂ. അക്കാലത്ത് ബൈബിൾ മുഴുവനായോ ഭാഗികമായോ സാധാരണക്കാർക്ക് ലഭ്യമായിരുന്നില്ല. പതിപ്പുകൾ കൈകൊണ്ടാണ് നിർമിച്ചിരുന്നത്. ഉയർന്ന വിലയും പരിമിതമായ ലഭ്യതയും മൂലം സമ്പന്നർക്കും പുരോഹിതവർഗത്തിനും മാത്രമേ ബൈബിൾ കൈവശമാക്കാൻ സാധിച്ചിരുന്നുള്ളു.
ബൈബിളിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്കു ജീവൻവെക്കുന്നു
1450-ഓടെ യോഹാന്നസ് ഗുട്ടൻബർഗ് അച്ചടിശാലയും കൈകൊണ്ട് നിരത്താവുന്ന അച്ചും കണ്ടുപിടിച്ചതിന്റെ ഫലമായി യൂറോപ്പിലുണ്ടായ അച്ചടി വിപ്ലവം ഫ്രാൻസിനെ ഇളക്കിമറിച്ചു. പാരീസ്, ലിയോൺസ്, റോവെൻ എന്നീ മൂന്ന് ഫ്രഞ്ച് നഗരങ്ങൾ പ്രമുഖ അച്ചടികേന്ദ്രങ്ങളായി മാറി. ബൈബിളിനെ സംബന്ധിച്ചിടത്തോളം അവ ബലമേറിയ സംരക്ഷണകേന്ദ്രങ്ങളായിത്തീർന്നു.a
പോരാട്ടത്തിന്റെ ഈ ഘട്ടംവരെ, ഫ്രഞ്ച് ബൈബിൾ പരിഭാഷകളെല്ലാം ലാറ്റിൻ വൾഗേറ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ആയിരം വർഷത്തെ നിരന്തരമായ പകർപ്പെഴുത്തു മൂലം ലത്തീൻ പാഠത്തിൽ ഒട്ടേറെ തെറ്റുകൾ കടന്നുകൂടിയിരുന്നു. എന്നാൽ സഭ വൾഗേറ്റിനെ മുറുകെപ്പിടിച്ചു. എങ്കിലും ഫ്രാൻസിലെ ഒരു കത്തോലിക്കനായ ഷാക്ക് ലഫെവ്റെ ഡേറ്റപ്ല ആളുകൾക്ക് ബൈബിൾ ലഭ്യമാക്കാൻ തീരുമാനിച്ചു. 1530-ൽ അദ്ദേഹം, ആയിടയ്ക്ക് ലഭ്യമായിരുന്ന എബ്രായ, ഗ്രീക്ക് കൈയെഴുത്തുപ്രതികൾ ഉപയോഗിച്ച് വൾഗേറ്റിലെ ചില തെറ്റുകൾ തിരുത്തി അത് ഫ്രഞ്ചിലേക്കു പരിഭാഷപ്പെടുത്തി. സഭ പാഠത്തിൽ തിരുകിക്കയറ്റിയിരുന്ന കുഴപ്പിക്കുന്ന, ഉപദേശപരമായ വ്യാഖ്യാനങ്ങളും അദ്ദേഹം നീക്കം ചെയ്തു.
ലഫെവ്റെയുടെ പരിഭാഷ താമസിയാതെ ആക്രമണത്തിനിരയായി. ചില പതിപ്പുകൾ ഫ്രാൻസിനു വെളിയിൽ അച്ചടിക്കേണ്ടിവന്നു. സഭ നിരോധിച്ചിരുന്ന പുസ്തകങ്ങളുടെ പട്ടികയിൽ ഇവയെ ഉൾപ്പെടുത്തി. കുറച്ചു കാലത്തേക്ക് ലഫെവ്റെയ്ക്ക് സ്റ്റ്രാസ്ബർഗിൽ, ഫ്രാൻസിനു കിഴക്കായി സ്ഥിതി ചെയ്തിരുന്ന അക്കാലത്തെ ഒരു സ്വതന്ത്ര രാജകീയ നഗരത്തിൽ, അഭയം തേടേണ്ടി വന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ പരിഭാഷ ഒരു വിജയമായിരുന്നു.
മൂല ഭാഷാപാഠങ്ങളെ ആധാരമാക്കിയുള്ള, ബൈബിളിന്റെ ആദ്യ ഫ്രഞ്ച് പരിഭാഷ 1535-ലാണ് പ്രസിദ്ധീകരിച്ചത്. പരിഷ്കർത്താവായ ജോൺ കാൽവിന്റെ ബന്ധുവും, ഫ്രാൻസിലെ ഒരു പ്രൊട്ടസ്റ്റൻറുകാരനുമായ പ്യെർ റൊബെർ ഒലീവേറ്റൻ ആയിരുന്നു പരിഭാഷകൻ. സഭയുടെ എതിർപ്പുമൂലം അതു ഫ്രാൻസിൽ അച്ചടിക്കാനായില്ല. അതുകൊണ്ട് ഈ പരിഭാഷ ഒരു പുതിയ പ്രൊട്ടസ്റ്റൻറ് താവളമായ, സ്വിറ്റ്സർലൻഡിലെ ന്യൂഷറ്റലിലാണ് അച്ചടിച്ചത്. ഒലീവേറ്റന്റെ ഫ്രഞ്ച് ബൈബിൾ പരിഭാഷ, തുടർന്നു വന്ന പല പരിഷ്കരിച്ച പതിപ്പുകൾക്കും ബൈബിൾ പരിഭാഷകൾക്കും ഒരു പ്രമാണമായി വർത്തിച്ചു.
അപകടംപിടിച്ച പോരാട്ടം
ഫ്രാൻസിൽ, ഏറ്റ്യൻ ഡൊലെയെപോലുള്ള ധൈര്യശാലികളായ ചില അച്ചടിക്കാരെ 1546-ൽ ബൈബിൾ അച്ചടിച്ചതിന്റെ പേരിൽ സ്തംഭത്തിലേറ്റി ചുട്ടെരിച്ചു. 1546-ൽ ട്രെൻറ് കൗൺസിൽ, തെറ്റുകളുണ്ടായിരുന്നിട്ടും വൾഗേറ്റിന്റെ “ആധികാരികത”യെ ആവർത്തിച്ചു സ്ഥിരീകരിച്ചു. അതിൽപ്പിന്നെ പ്രാദേശിക ഭാഷാന്തരങ്ങളോടുള്ള സഭയുടെ എതിർപ്പുകൾ കൂടുതൽ രൂക്ഷമാകുകയും ചെയ്തു. 1612-ൽ സ്പാനിഷ് മതവിചാരണ, പ്രാദേശിക ബൈബിളുകൾ ഉന്മൂലനം ചെയ്യാൻ ബൃഹത്തായ ഒരു സംരംഭം ആരംഭിച്ചു.
പീഡനങ്ങൾ ചിലപ്പോഴൊക്കെ വിദഗ്ധ രീതികൾ ആവിഷ്കരിക്കുന്നതിനിടയാക്കി. “ഷിൻയാൺ” അഥവാ “ബൺ” ബൈബിളുകൾ നിർമിക്കപ്പെട്ടു. ഒരു സ്ത്രീയുടെ വാർമുടിക്കെട്ടിൽ ഒളിച്ചുവെക്കാവുന്നവിധം അത്ര ചെറുതായിരുന്നു അവ. 1754-ൽ എബ്രായ ഗ്രീക്ക് തിരുവെഴുത്തുകളുടെ തിരഞ്ഞെടുത്ത ഭാഗങ്ങൾ വെറും മൂന്നു സെൻറിമീറ്റർ നീളവും അഞ്ച് സെൻറിമീറ്റർ വീതിയുമുള്ള ഒരു പുസ്തകമായി അച്ചടിക്കുകയുണ്ടായി.
പ്രത്യാക്രമണങ്ങൾ
എങ്കിലും ഒടുവിൽ കാറ്റ് മാറി വീശി. നൂറ്റാണ്ടുകളോളം കുടിലമായ ആക്രമണങ്ങൾ നേരിട്ടശേഷം ബൈബിളിന് അനുകൂലമായ പ്രത്യാക്രമണങ്ങൾ നടന്നു. ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ലഭിച്ച പുതിയ ആശയങ്ങളും ആരാധനാ സ്വാതന്ത്ര്യവും സഭയ്ക്കേറ്റ കനത്ത പ്രഹരമായിരുന്നു. അങ്ങനെ 1803-ൽ പ്രൊട്ടസ്റ്റൻറുകാരുടെ ഒരു പുതിയനിയമം ഫ്രാൻസിൽ അച്ചടിക്കപ്പെട്ടു, 125 വർഷത്തിൽ ആദ്യത്തേത്!
ബൈബിൾ സൊസൈറ്റികളും സഹായഹസ്തം നീട്ടി. “തങ്ങളുടെ ഭാഷയിൽ ഈ ദിവ്യനിധി കൈവശമില്ലാത്ത ഫ്രഞ്ചുകാർക്ക് കഴിയുന്നിടത്തോളം ഫ്രഞ്ച് ബൈബിളുകൾ ലഭ്യമാക്കുന്നതിനുവേണ്ടി” 1792-ൽ ഇംഗ്ലണ്ടിലെ ലണ്ടനിൽ ഫ്രഞ്ച് ബൈബിൾ സൊസൈറ്റി രൂപീകരിക്കപ്പെട്ടു. മറ്റു ബൈബിൾ സൊസൈറ്റികളും ഈ പോരാട്ടത്തിൽ അവരോടു ചേർന്നു. ഫ്രഞ്ചിൽ ബൈബിൾ അച്ചടിച്ച് വിതരണം ചെയ്യുകയെന്ന അവരുടെ ലക്ഷ്യം വിജയം കണ്ടു.
കനത്ത പ്രഹരം
കത്തോലിക്കാസഭ അതിന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്താൻ വിസമ്മതിച്ചെങ്കിലും അത് പോരാട്ടത്തിൽ പരാജയം ഏറ്റുവാങ്ങാൻ പോകുകയായിരുന്നു. 19-ാം നൂറ്റാണ്ടിലുടനീളം പ്രാദേശിക ഭാഷയിൽ ബൈബിളുകൾ അച്ചടിക്കുന്നതിനെതിരെ പാപ്പാമാർ ഒന്നിനുപുറകേ ഒന്നായി ഒട്ടേറെ കൽപ്പനകൾ പുറപ്പെടുവിച്ചു. 1897-ൽ, ലിയോ പതിമൂന്നാമൻ പാപ്പാ “കത്തോലിക്കനല്ലാത്ത ആരെങ്കിലും എഴുതിയതും ഏതെങ്കിലും സാമാന്യ ഭാഷയിലെഴുതിയതുമായ വിശുദ്ധ ഗ്രന്ഥത്തിന്റെ എല്ലാ പതിപ്പുകളും—പ്രത്യേകിച്ചും റോമിലെ പാപ്പാ പലതവണ കുറ്റം വിധിച്ചിരിക്കുന്ന ബൈബിൾ സൊസൈറ്റികൾ പ്രസിദ്ധീകരിച്ചിരിക്കുന്നവ—നിരോധിച്ചിരിക്കുന്നു”വെന്ന് വീണ്ടും സ്ഥിരീകരിച്ചു.
എങ്കിലും ബൈബിൾ സൊസൈറ്റികൾ പ്രസിദ്ധീകരിച്ച വിലകുറവുള്ള ബൈബിളുകൾ വ്യാപകമായി ലഭ്യമായിരുന്നതിനാൽ ബൈബിൾ ഫ്രഞ്ചിലേക്ക് വിവർത്തനം ചെയ്യാൻ കത്തോലിക്കാസഭ അതിന്റെ പണ്ഡിതന്മാരെ അനുവദിച്ചു. ആദ്യം ഏഴു വാല്യങ്ങളായും (1894-1904) പിന്നീട് ഒറ്റ വാല്യമായും (1904) പ്രസിദ്ധീകരിച്ച അഗസ്റ്റിൻ ക്രംപൊന്റെ പരിഭാഷയാണ് മൂലപാഠങ്ങളെ ആധാരമാക്കിയുള്ള ആദ്യ ഫ്രഞ്ച് കത്തോലിക്കാ പരിഭാഷ. ആ പരിഭാഷയിൽ പണ്ഡിതന്മാരുടെ നിരവധി അടിക്കുറിപ്പുകളുണ്ടെന്നതും അത് ദൈവനാമത്തിന്റെ ഫ്രഞ്ച് രൂപം, ഷെയോവ എന്നത്, വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമായ സംഗതികളാണ്.
വത്തിക്കാന് മനംമാറ്റമുണ്ടാകുകയും 1943-ലെ ഡീവീനോ ആഫ്ലാന്റെ സ്പീറീററ്യൂ എന്ന ചാക്രികലേഖനത്തിൽ ബൈബിൾ പ്രാദേശിക ഭാഷകളിലേക്കു വിവർത്തനം ചെയ്യാനുള്ള നിയമങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അതിൽപ്പിന്നെ, ആദ്യം ഫ്രഞ്ചിൽ പ്രസിദ്ധീകരിച്ച് പിന്നീട് ഇംഗ്ലീഷ് ഉൾപ്പെടെ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട, പ്രചാരമേറിയ ജറുസലേം ബൈബിൾ ഉൾപ്പെടെ ഒട്ടേറെ കത്തോലിക്കാ ഭാഷാന്തരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഫ്രഞ്ച് സംസാരിക്കുന്ന, ലോകമാസകലമുള്ള ആളുകളെ സഹായിച്ചിട്ടുള്ള ഒരു ബൈബിളാണ് തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ ഫ്രഞ്ച് പതിപ്പ്. 1974-ൽ സമ്പൂർണ രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അത് 1995-ൽ പരിഷ്കരിക്കപ്പെടുകയുണ്ടായി. ഇന്നോളം അത് ഒട്ടേറെ ഭാഷകളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. അവയിലൊക്കെയും എബ്രായ തിരുവെഴുത്തുകളിലും ഗ്രീക്ക് തിരുവെഴുത്തുകളിൽ ഉചിതമായിരിക്കുന്നിടത്തും യഹോവ എന്ന നാമം പുനഃസ്ഥിതീകരിച്ചുകൊണ്ട് പുതിയലോക ഭാഷാന്തരം ബൈബിളിന്റെ ഗ്രന്ഥകർത്താവിനു മഹത്ത്വം കരേറ്റുന്നു. ഇതുവരെ, ഫ്രഞ്ച് പതിപ്പിന്റെ 50 ലക്ഷത്തിലധികം പകർപ്പുകൾ അച്ചടിക്കപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് ഭാഷയിൽ അതിജീവിക്കുന്നതിനുള്ള പോരാട്ടത്തിൽ ബൈബിൾ വിജയിച്ചിരിക്കുന്നുവെന്നതിനു സംശയമില്ല.
[അടിക്കുറിപ്പുകൾ]
a ഫ്രഞ്ച് അച്ചടി വളരെ വിജയപ്രദമായ ഒന്നായിരുന്നു. വിദേശ ബൈബിളുകളെല്ലാം കണ്ടുകെട്ടാൻ സ്പാനിഷ് മതവിചാരണ 1552-ൽ പുറപ്പെടുവിച്ച കൽപ്പനപ്രകാരം കണ്ടുകെട്ടിയ ബൈബിളുകളിൽ ഏതാണ്ട് 90 ശതമാനം ഫ്രാൻസിൽ അച്ചടിച്ചവയായിരുന്നുവെന്ന് സെവിൽ നീതിന്യായകോടതി റിപ്പോർട്ടു ചെയ്തു!
[16-ാം പേജിലെ ചിത്രം]
ലെഫെവ്റെ ഡേറ്റപ്ലസിന്റെ 1530-ലെ ബൈബിൾ
[16-ാം പേജിലെ ചിത്രം]
ഒലിവെറ്റന്റെ 1535-ലെ ബൈബിൾ
[17-ാം പേജിലെ ചിത്രം]
“13-ാം നൂറ്റാണ്ടിലെ” അപൂർവ മാതൃകയിലുള്ള ഒരു “ബൈബിൾ”
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ബൈബിളുകൾ: Bibliothèque Nationale de France