കുട്ടിയുടെ സംരക്ഷണാവകാശം—മതവും നിയമവും
വിവാഹമോചനവും കുട്ടിയുടെ സംരക്ഷണാവകാശവും സംബന്ധിച്ച കേസുകളിൽ മതം ഒരു പ്രധാന ഘടകം—സങ്കീർണമായ ഒന്ന്—ആയിരിക്കാൻ കഴിയും. ഉദാഹരണത്തിന്, പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം.
മാതാപിതാക്കളിലൊരാൾ ഒരു പ്രത്യേക മതത്തിലെ, പ്രത്യേകിച്ചും ഒരു ന്യൂനപക്ഷമതവിഭാഗത്തിലെ, അംഗമായിരിക്കുന്നതുകൊണ്ട് അവൻ അല്ലെങ്കിൽ അവൾ കുട്ടിയുടെ സംരക്ഷണാവകാശത്തിന് യോഗ്യനല്ല എന്ന സാക്ഷ്യത്തെ ജഡ്ജി കണക്കിലെടുക്കേണ്ടതുണ്ടോ? തന്റെ അഭിപ്രായത്തിൽ കുട്ടിക്ക് ഏറ്റവും നല്ലത് ഏതു മതമായിരിക്കും എന്നു നിർണയിക്കാൻ തക്കവണ്ണം ജഡ്ജി മാതാപിതാക്കളുടെ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും സംബന്ധിച്ച സാക്ഷ്യം പരിചിന്തിക്കേണ്ടതുണ്ടോ? എന്നിട്ട് കുട്ടി ആ മതത്തിൽ വളർത്തപ്പെടണമെന്നും മറ്റു മതങ്ങളുമായുള്ള കുട്ടിയുടെ എല്ലാ ബന്ധങ്ങളും വിലക്കണമെന്നും അദ്ദേഹം ഉത്തരവു പുറപ്പെടുവിക്കണമോ?
ഇന്ന്, തങ്ങളുടെ മതപരവും വർഗീയവുമായ പശ്ചാത്തലങ്ങൾക്കു വെളിയിൽനിന്ന് വിവാഹംകഴിക്കുന്ന ആളുകളുടെ എണ്ണം ഏറിവരുകയാണ്. അതുകൊണ്ട് ഈ ദമ്പതികൾ വിവാഹമോചിതരാകുമ്പോൾ കുട്ടികൾക്ക് രണ്ട് മതസമുദായങ്ങളുമായി ബന്ധമുണ്ടായിരിക്കും. ചിലപ്പോൾ, വിവാഹമോചന നടപടികളിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു മാതാവോ പിതാവോ താൻ മുമ്പു പിൻപറ്റിയിരുന്നതിൽനിന്നു വ്യത്യസ്തമായ ഒരു മതം അടുത്തയിടെ സ്വീകരിച്ചിരിക്കാം. പുതിയ മതവുമായുള്ള ബന്ധം ആ മാതാവിനെ അല്ലെങ്കിൽ പിതാവിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഭദ്രത പ്രദാനംചെയ്യുന്ന, ഒരു സുപ്രധാന ഘടകം ആയിരുന്നേക്കാം. അതേസമയം കുട്ടിക്ക് അത് അപരിചിതമായിരുന്നേക്കാം. അതുകൊണ്ട് മറ്റൊരു ചോദ്യം തലപൊക്കുന്നു, മാതാപിതാക്കൾ മുമ്പ് ആചരിച്ചിരുന്ന മതത്തിൽനിന്നു വ്യത്യസ്തമാണ് എന്ന ഒറ്റ കാരണത്താൽ കുട്ടികളെ ആ മതത്തിന്റെ യോഗങ്ങൾക്കു കൊണ്ടുപോകുന്നതിൽനിന്ന് മാതാവിനെ അല്ലെങ്കിൽ പിതാവിനെ കോടതിക്കു വിലക്കാൻ കഴിയുമോ?
ഇവ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ്. ജഡ്ജി കുട്ടിയുടെ ആവശ്യങ്ങൾക്കു പുറമേ മാതാപിതാക്കളുടെ താത്പര്യങ്ങളും അവകാശങ്ങളും കൂടെ കണക്കിലെടുക്കുന്നത് അവ ആവശ്യമാക്കിത്തീർക്കുന്നു.
മാതാപിതാക്കളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങൾ
ജഡ്ജിമാർ വ്യക്തിപരമായ മതവീക്ഷണങ്ങളാൽ സ്വാധീനിക്കപ്പെട്ടേക്കാമെന്നതു സത്യംതന്നെ. എങ്കിലും പല രാജ്യങ്ങളിലും മാതാപിതാക്കളുടെയോ കുട്ടിയുടെയോ മതാവകാശങ്ങൾ അവഗണിക്കപ്പെടാനുള്ള സാധ്യതയില്ല. വിദ്യാഭ്യാസപരവും മതപരവുമായ പ്രബോധനവും മറ്റും നൽകിക്കൊണ്ട് കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിനുള്ള മാതാപിതാക്കളുടെ മൗലികാവകാശത്തിന്മേൽ നിയന്ത്രണംവെക്കുന്നതിൽനിന്ന് ജഡ്ജിയെ തടയുന്ന ഭരണഘടന ഈ രാജ്യങ്ങൾക്ക് ഉണ്ടായിരിക്കാം.
ഒപ്പംതന്നെ, മാതാപിതാക്കളിൽനിന്ന് അത്തരം പരിശീലനം സ്വീകരിക്കുന്നതിനുള്ള അവകാശം കുട്ടിക്കുമുണ്ട്. “ഇന്നിന്ന മതാചാരങ്ങൾ കുട്ടിയുടെ ശാരീരിക ക്ഷേമത്തിന് സത്വരവും സാരവും ആയ ഭീഷണി ഉയർത്തുന്നു” എന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകൾ കോടതി കേട്ടതിനുശേഷമേ ഒരു ജഡ്ജി കുട്ടിയുടെ മതപരിശീലനത്തിൽ നിയമപരമായി ഇടപെടാൻ പാടുള്ളൂ. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) മതത്തെ സംബന്ധിച്ചുള്ള ചില്ലറ വിയോജിപ്പുകളോ അതിന്റെ പേരിൽ മാതാപിതാക്കൾ തമ്മിലുള്ള ശത്രുതപോലുമോ സർക്കാരിന്റെ ഇടപെടലിനുള്ള മതിയായ ന്യായീകരണമല്ല.
സംരക്ഷണാവകാശം സംബന്ധിച്ച് യു.എസ്.എ.-യിലെ നെബ്രാസ്കയിൽ നടന്ന ഒരു തർക്കത്തിൽ യഹോവയുടെ സാക്ഷിയായ ഒരു മാതാവ് എടുത്ത ന്യായയുക്തമായ നിലപാട്, നിയമപരമായ ഈ കരുതലുകൾ മാതാപിതാക്കളെയും കുട്ടികളെയും എങ്ങനെ സംരക്ഷിക്കുന്നുവെന്നു ചിത്രീകരിക്കുന്നു. രാജ്യഹാളിൽവെച്ചു നടക്കുന്ന യഹോവയുടെ സാക്ഷികളുടെ മതയോഗങ്ങളിൽ തന്റെ മകൾ പങ്കെടുക്കുന്നത് സാക്ഷിയല്ലാത്ത പിതാവിന് ഇഷ്ടമല്ലായിരുന്നു. ഒരു കീഴ്ക്കോടതി പിതാവിന്റെ അഭിപ്രായത്തോടു യോജിപ്പു പ്രകടമാക്കി.
മാതാവ് അപ്പോൾ നെബ്രാസ്കയിലെ സുപ്രീംകോടതിക്ക് അപ്പീൽ സമർപ്പിച്ചു. യഹോവയുടെ സാക്ഷികളുടെ ഏതെങ്കിലും പ്രവർത്തനങ്ങൾ കുട്ടിയുടെ ക്ഷേമത്തിന് സത്വരമോ സാരമോ ആയ ഭീഷണി ഉയർത്തുന്നുവെന്നതിന് യാതൊരു തെളിവുമില്ലെന്ന് മാതാവ് വാദിച്ചു. “മാതാപിതാക്കളിരുവരുടെയും മതപ്രവർത്തനങ്ങളിൽ ഹാജരാകുന്നതും പങ്കുപറ്റുന്നതും . . . കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രായത്തിലെത്തുമ്പോൾ കുട്ടിക്കു താൻ ഏതു മതം തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാനുള്ള അടിസ്ഥാനം പ്രദാനംചെയ്യുമെന്ന്” മാതാവ് സാക്ഷ്യപ്പെടുത്തി.
മേൽക്കോടതി കീഴ്ക്കോടതിയുടെ തീർപ്പിനെതിരായി വിധികൽപ്പിച്ചു. “മൈനറായ തന്റെ കുട്ടിക്ക് ഏതു തരം മതപരിശീലനം നൽകണമെന്നു തീരുമാനിക്കാനുള്ള, സംരക്ഷണാവകാശമുള്ള മാതാവിന്റെ അവകാശത്തിന് പരിധികൾ കൽപ്പിച്ചുകൊണ്ട് [കീഴ്]ക്കോടതി അതിന്റെ വിവേചനാധികാരം ദുരുപയോഗപ്പെടുത്തി” എന്ന് അതു വിധിച്ചു. യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലെ മതയോഗങ്ങളിൽ ഹാജരാകുന്നത് കുട്ടിക്ക് ഹാനികരമാണെന്നതിന് യാതൊരു തെളിവുമില്ലായിരുന്നു.
സംരക്ഷണാവകാശമില്ലാത്ത മാതാപിതാക്കളുടെ അവകാശങ്ങൾ
വിവാഹമോചിതരായ മാതാപിതാക്കൾ ചിലപ്പോൾ മതപരിശീലനം സംബന്ധിച്ച തർക്കങ്ങളെ കുട്ടികളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള മാർഗമായി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് യു.എസ്.എ.-യിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തു നടന്ന കാൽസയ്ക്കെതിരെ കാൽസ എന്ന കേസിൽ ഉൾപ്പെട്ടിരുന്ന മാതാപിതാക്കൾ വിവാഹിതരായിരുന്നപ്പോൾ സിക്കുമതാനുസാരികളായിരുന്നു. എന്നാൽ വിവാഹമോചനംനേടി അധികം താമസിയാതെ മാതാവ് കത്തോലിക്കാമതത്തിൽ ചേരുകയും സിക്കുമതം ആചരിക്കുന്നതിൽനിന്നു കുട്ടികളെ നിരുത്സാഹപ്പെടുത്താൻ തുടങ്ങുകയും ചെയ്തു.
ഇതിൽ അസ്വസ്ഥനായ പിതാവ്, കുട്ടികളെ സിക്കുമതത്തിൽ പരിശീലിപ്പിക്കാനുള്ള കൂടുതൽ അധികാരത്തിനായി കോടതിയെ സമീപിച്ചു. വിചാരണക്കോടതി പിതാവിന്റെ അപേക്ഷയോട് എങ്ങനെയാണ് പ്രതികരിച്ചത്? അത് അദ്ദേഹത്തിന്റെ അപേക്ഷ തള്ളിക്കളഞ്ഞു. “[അദ്ദേഹ]ത്തോടൊപ്പമായിരിക്കുമ്പോൾ കുട്ടികൾക്ക് ഗുരുദ്വാരയിലെ പ്രവർത്തനങ്ങൾ, സിക്കുമതം സംഘടിപ്പിക്കുന്ന ക്യാമ്പിങ് പരിപാടികൾ എന്നിങ്ങനെയുള്ള ഏതെങ്കിലും സിക്കുമതപ്രവർത്തനങ്ങളിൽ സ്വമേധയായോ അല്ലാതെയോ പങ്കെടുക്കാനോ സിക്ക് ദിനപരിപാലന കേന്ദ്രത്തിന്റെ സംരക്ഷണം അനുഭവിക്കാനോ കഴിയില്ലെന്ന്” വിചാരണക്കോടതി ഉത്തരവിട്ടു.
പിതാവ് ഈ വിധിക്കെതിരെ ന്യൂ മെക്സിക്കോ അപ്പീൽക്കോടതിക്ക് അപ്പീൽ സമർപ്പിച്ചു. ഈ മേൽക്കോടതി പിതാവിന്റെ അഭിപ്രായത്തോടു യോജിക്കുകയും വിചാരണക്കോടതിയുടെ തീർപ്പിനെതിരായി വിധികൽപ്പിക്കുകയും ചെയ്തു. അപ്പീൽക്കോടതി ഇങ്ങനെ പ്രസ്താവിച്ചു: “കോടതികൾ മതങ്ങളുടെ കാര്യത്തിൽ നിഷ്പക്ഷത പാലിക്കണം. കുട്ടികൾക്കു ദോഷമുണ്ടാകുന്നതായി വ്യക്തവും ഈടുറ്റതുമായ തെളിവുണ്ടെങ്കിൽ മാത്രമേ വളരെ ശ്രദ്ധിച്ചു കൈകാര്യംചെയ്യേണ്ടതും ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഈ മേഖലയിൽ കൈകടത്താവു. കോടതി ഈ മേഖലയിൽ പരിമിതികൾ വെക്കുമ്പോൾ ആ പരിമിതികൾ മാതാവിന്റെയോ പിതാവിന്റെയോ മതസ്വാതന്ത്ര്യത്തിൻമേൽ ഭരണഘടനാപരമല്ലാതെ കൈകടത്തുന്നതിനോ അല്ലെങ്കിൽ ഫലത്തിൽ അത് അങ്ങനെ ആയിരിക്കുന്നതായി കണക്കാക്കപ്പെടുന്നതിനോ ഉള്ള അപകടമുണ്ട്.”
അത്തരമൊരു തീർപ്പിനു പിന്നിൽ പല രാജ്യങ്ങളിലും സുസ്ഥാപിതമായ തത്ത്വങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. ന്യായബോധമുള്ള ഒരു മാതാവോ പിതാവോ ഈ തത്ത്വങ്ങൾ പരിചിന്തിക്കും. കൂടാതെ, മാതാപിതാക്കൾ രണ്ടുപേരുമായി ഇടപഴകേണ്ടതിനുള്ള കുട്ടിയുടെ ആവശ്യത്തെക്കുറിച്ചും മാതാവിനോടും പിതാവിനോടും ആദരവു പ്രകടിപ്പിക്കാനുള്ള കുട്ടിയുടെ കടപ്പാടിനെക്കുറിച്ചും ഒരു ക്രിസ്തീയ പിതാവ് അല്ലെങ്കിൽ മാതാവ് ശ്രദ്ധാപൂർവം പരിചിന്തിക്കും.—എഫെസ്യർ 6:1-3.
കോടതിക്കു വെളിയിലുള്ള മധ്യസ്ഥത
കോടതിക്കു വെളിയിലുള്ള മധ്യസ്ഥത ഒരു ജഡ്ജിയുടെ മുന്നിൽവെച്ചുള്ള വിചാരണയുടെയത്രയും ഔപചാരികമല്ലായിരിക്കാമെങ്കിലും മാതാവോ പിതാവോ അതിനെ നിസ്സാരമായി കാണരുത്. ഈ സംരക്ഷണാവകാശ നടപടിയുടെ സമയത്ത് അന്യോന്യം ഏതെങ്കിലും കരാറുകളിലോ വ്യവസ്ഥകളിലോ എത്തിച്ചേരുകയാണെങ്കിൽ തുടർന്നുള്ള കോടതി ഉത്തരവുകളിലൂടെ അവ ഉറപ്പിക്കാനും കഴിയും. അതുകൊണ്ട്, സംരക്ഷണാവകാശം സംബന്ധിച്ച എല്ലാ കാര്യങ്ങളും ഉചിതമായും നിയമപരമായും കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനായി മാതാവോ പിതാവോ അനുഭവസമ്പന്നനായ ഒരു കുടുംബനിയമ അഭിഭാഷകനോട് ഉപദേശം ആരായുന്നതു ബുദ്ധിയായിരിക്കും.
മാതാപിതാക്കളിലോരോരുത്തരും മധ്യസ്ഥതാ നടപടിക്കുവേണ്ടി തയ്യാറാകുന്നതിന് സമയമെടുക്കണം. മാതാവിന്റെ അല്ലെങ്കിൽ പിതാവിന്റെ മധ്യസ്ഥതാ നടപടിയുടെ സമയത്തെ പെരുമാറ്റവും നടത്തയും അനന്തരഫലത്തെ വളരെയധികം സ്വാധീനിക്കും. ഒട്ടുമിക്കപ്പോഴും, വിവാഹമോചിതരാകുന്ന മാതാപിതാക്കൾ വിവാഹമോചന നടപടിയിൽ വൈകാരികമായി അങ്ങേയറ്റം ഉൾപ്പെട്ടുപോകുന്നതുകൊണ്ട് ഇത്തരം പ്രധാന സംഗതികൾ വിട്ടുകളയുന്നു: കുട്ടിക്ക് ഏറ്റവും പ്രയോജനകരം എന്താണ്? കുട്ടിയുടെ മാനസികവും വൈകാരികവും ശാരീരികവുമായ വളർച്ചയ്ക്ക് എന്താണ് ആവശ്യമായിരിക്കുന്നത്?
നിയമത്തിന്റെ ദൃഷ്ടിയിൽ മധ്യസ്ഥതയിലെ പ്രഥമ സംഗതി മതപരമോ വ്യക്തിപരമായ മറ്റേതെങ്കിലുമോ അഭിപ്രായവ്യത്യാസങ്ങളല്ല, മറിച്ച്, മാതാപിതാക്കൾക്കിരുവർക്കും യോജിപ്പുള്ള ഒരു സംഗതി കണ്ടെത്തി കുട്ടികളുടെ ക്ഷേമത്തിനുതകുംവിധം ഒരു ഒത്തുതീർപ്പിൽ എത്തിച്ചേരാൻ എങ്ങനെ കഴിയുമെന്നതാണ്. മാതാവോ പിതാവോ ഒരുപക്ഷേ മതപരമോ മറ്റുതരത്തിലുള്ളതോ ആയ മുൻവിധികളെയോ അപ്രതീക്ഷിത ചോദ്യങ്ങളെയോ ക്ഷോഭിപ്പിക്കുന്നതിനും പരിഭ്രമിപ്പിക്കുന്നതിനും വേണ്ടി രൂപകൽപ്പനചെയ്ത കൃത്രിമോപായങ്ങളെയോ നേരിട്ടേക്കാം. മാതാപിതാക്കളിൽ ഓരോരുത്തരുടെയും കുറവുകൾ തുറന്നുകാട്ടുകയോ ഊതിപ്പെരുപ്പിച്ചു കാണിക്കുകയോ പോലും ചെയ്തേക്കാം. എങ്കിലും, ഉൾപ്പെട്ടിരിക്കുന്നവർ ന്യായബോധമുള്ളവരായിരിക്കുമ്പോൾ ഒരു തീരുമാനത്തിലെത്താൻ കഴിയും.
ചിലപ്പോൾ മധ്യസ്ഥതാ നടപടി ദീർഘിച്ചതും വിഫലവുമായി തോന്നിയേക്കാം. അതല്ലെങ്കിൽ പിന്നെയുള്ള മാർഗം ദീർഘിച്ച വ്യവഹാരമാണ്. ഫലമോ, അത് നാടുമുഴുവൻ പാട്ടാകുമെന്നു മാത്രമല്ല, നല്ല പണച്ചെലവുമുണ്ട്. കൂടാതെ അത് കുട്ടിയിൽ ഹാനികരമായ ഫലമുളവാക്കുകയും ചെയ്യും. തീർച്ചയായും അതത്ര അഭികാമ്യമല്ല. ജീവിതത്തിലെ ഗൗരവമേറിയ മറ്റെല്ലാ പ്രശ്നങ്ങളെയും സമീപിക്കുന്നതുപോലെതന്നെ, ഒരു ക്രിസ്തീയ മാതാവ് അല്ലെങ്കിൽ പിതാവ് ഈ നിശ്വസ്ത ക്ഷണം അനുസ്മരിച്ചുകൊണ്ട് മധ്യസ്ഥതാ നടപടിയെ പ്രാർഥനാപൂർവം സമീപിക്കാൻ ആഗ്രഹിക്കും: “നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.”—സങ്കീർത്തനം 37:5.
എന്നാൽ പരിഹാരം കാണാൻ കഴിയാതെ വരുകയും കുട്ടിയുടെ സംരക്ഷണാവകാശം ജഡ്ജി മാതാപിതാക്കളിൽ മറ്റേയാൾക്കു കൊടുക്കുകയും ചെയ്യുന്നെങ്കിലെന്ത്? അല്ലെങ്കിൽ വിവാഹമോചിതരാകുന്ന മാതാപിതാക്കളിലൊരാൾ ക്രിസ്തീയ സഭയിൽനിന്ന് പുറത്താക്കപ്പെട്ട ആളാണെങ്കിലെന്ത്? കൂടാതെ, സംരക്ഷണാവകാശം മാതാപിതാക്കൾക്കിരുവർക്കും ഉണ്ടായിരിക്കുന്നതിനെയും ഒരാൾക്കുമാത്രം ആയിരിക്കുന്നതിനെയും എങ്ങനെ വീക്ഷിക്കണം? ഈ ചോദ്യങ്ങളും ബന്ധപ്പെട്ട ബൈബിൾ തത്ത്വങ്ങളും പിൻവരുന്ന ലേഖനത്തിൽ ചർച്ചചെയ്യുന്നതായിരിക്കും.
[6-ാം പേജിലെ ചതുരം]
പ്രധാനപ്പെട്ട മൂന്നു ഗുണങ്ങൾ
പിൻവരുന്ന പ്രധാനപ്പെട്ട മൂന്നു ഗുണങ്ങൾ ഒരു മാതാവിലോ പിതാവിലോ ഉണ്ടായിരിക്കാൻ താനാഗ്രഹിക്കുന്നതായി ഉണരുക! അഭിമുഖം നടത്തിയ ഒരു കുടുംബക്കോടതി ജഡ്ജി പറയുകയുണ്ടായി:
ന്യായബോധം—കുട്ടിയുമായി പരമാവധി ഇടപഴകാൻ (കുട്ടിക്ക് ശാരീരികമോ ധാർമികമോ ആയ ഭീഷണി ഇല്ലാത്തപക്ഷം) മാതാപിതാക്കളിൽ മറ്റേയാളെ അനുവദിക്കുന്നതിനുള്ള മനസ്സൊരുക്കം
സംവേദകത്വം—കുട്ടിയുടെ വൈകാരിക ആവശ്യങ്ങളെക്കുറിച്ചുള്ള അവബോധം
ആത്മനിയന്ത്രണം—കുട്ടിക്ക് പരിപുഷ്ടിപ്രാപിക്കാൻ കഴിയുന്ന ശാന്തമായ അന്തരീക്ഷം സംഭാവനചെയ്യുന്ന സന്തുലിതമായ ഒരു ഗാർഹികജീവിതം
[6-ാം പേജിലെ ചതുരം]
നീതിന്യായ മാർഗനിർദേശങ്ങൾ
ചില ജഡ്ജിമാർ മാർഗനിർദേശങ്ങൾ പ്രദാനംചെയ്തുകൊണ്ട് മാതാവിന്റെയോ പിതാവിന്റെയോ മതപരമായ മൂല്യങ്ങളെ ചൊല്ലിയുള്ള അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്:
1. കുട്ടിയും മാതാപിതാക്കളിരുവരും തമ്മിൽ അർഥവത്തായ ഒരു ബന്ധം ഉണ്ടായിരിക്കാൻ പ്രോത്സാഹിപ്പിക്കണം. “തന്റെ യഥാർഥ വ്യക്തിത്വം [പിൻപറ്റുന്ന മതം ഉൾപ്പെടെ] തിരിച്ചറിയിക്കാൻ ഉതകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ” മാതാപിതാക്കളിലോരോരുത്തരെയും അനുവദിക്കണമെന്ന് കാനഡയുടെ സുപ്രീം കോടതി ജഡ്ജിയായ ജോൺ സോപിങ്ക അഭിപ്രായപ്പെട്ടു. “സന്ദർശനാവകാശമുള്ള മാതാവോ പിതാവോ കുട്ടിയുമൊത്തു സമയം ചെലവഴിക്കുമ്പോൾ താൻ യഥാർഥത്തിൽ ആയിരിക്കുന്നതിൽനിന്നു വ്യത്യസ്തമായി ഇടപെടാനോ ഒരു നാട്യ ജീവിതരീതി പ്രകടിപ്പിക്കാനോ പ്രതീക്ഷിക്കപ്പെടുന്നില്ല.”
2. കുട്ടിക്ക് സത്വരവും സാരവുമായ ദോഷം ചെയ്യുന്നതായി വ്യക്തവും ഈടുറ്റതുമായ തെളിവില്ലാത്തപക്ഷം, കുട്ടിയെ തന്റെ മതവിശ്വാസങ്ങൾ പഠിപ്പിക്കുന്നതിൽനിന്ന് സന്ദർശനാവകാശമുള്ള മാതാവിനെയോ പിതാവിനെയോ തടയുന്നത് ആ വ്യക്തിയുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാണ്.
[7-ാം പേജിലെ ചിത്രം]
സംരക്ഷണാവകാശ കേസുകളിൽ ജഡ്ജിമാർ ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നു
[8-ാം പേജിലെ ചിത്രം]
ദീർഘിച്ച കോടതി നടപടികൾ കൂടാതെ ഭിന്നതകൾ പരിഹരിക്കാൻ ഒരു മധ്യസ്ഥന് മാതാപിതാക്കളെ സഹായിക്കാനാകും