കുട്ടിയുടെ സംരക്ഷണാവകാശം—സമനിലയുള്ള വീക്ഷണം
പലപ്പോഴും യഥാർഥ വെല്ലുവിളി ആരംഭിക്കുന്നത് വിവാഹമോചനത്തിനു ശേഷമാണ്. കാരണം, കുട്ടിയുടെ സ്നേഹത്തിനും അവന്റെമേലുള്ള നിയന്ത്രണത്തിനും വേണ്ടിയുള്ള പോരാട്ടം തുടങ്ങുന്നത് അപ്പോഴാണ്. “രണ്ടു കയ്യും കൂട്ടിത്തല്ലിയാലേ ഒച്ച കേൾക്കൂ” എന്ന പഴമൊഴി എല്ലായ്പോഴും സത്യമല്ല. ‘താൻ പിടിച്ച മുയലിനു മൂന്നു കൊമ്പ്’ എന്നു വാദിക്കുന്ന മേധാവിത്വ മനോഭാവമുള്ള ഒരു മാതാവ് അല്ലെങ്കിൽ പിതാവ് മതി പ്രശ്നമുണ്ടാക്കാൻ. കാനഡയിലെ ടൊറന്റോയിലുള്ള ഒരു കുടുംബനിയമ അഭിഭാഷകൻ ഇങ്ങനെ പ്രസ്താവിച്ചു: “കുടുംബനിയമത്തിന്റെ പരിധിയിൽ വരുന്നത് ആളുകളുടെ വികാരങ്ങളും മനോഭാവങ്ങളും ഉൾപ്പെടുന്ന കാര്യങ്ങളാണ്.”
കുട്ടിക്ക് ഏറ്റവും പ്രയോജനകരം എന്താണെന്നു ചിന്തിക്കുന്നതിനു പകരം ചില മാതാപിതാക്കൾ കാര്യമില്ലാത്ത കാര്യങ്ങൾക്കായി ഹർജി സമർപ്പിച്ചുകൊണ്ട് തർക്കം തുടർന്നുകൊണ്ടുപോകുന്നു. ഉദാഹരണത്തിന്, മാതാപിതാക്കളിൽ മറ്റേയാൾ യഹോവയുടെ സാക്ഷിയാണെന്നും തന്നിമിത്തം ആ വ്യക്തി കുട്ടിയെ ‘സാധാരണ ജീവിതം നയിക്കാൻ’ അനുവദിക്കുകയില്ലെന്നും അവകാശപ്പെട്ടുകൊണ്ട് ചിലർ കുട്ടിയുടെ സംരക്ഷണാവകാശം ആ വ്യക്തിയിൽനിന്നു മാറ്റേണ്ടതാണെന്നു തെളിയിക്കാൻ ശ്രമിച്ചിട്ടുണ്ട്.
സാക്ഷിയല്ലാത്ത വിവാഹമോചിത ഇണ, ജന്മദിനമോ ക്രിസ്തുമസ്സോ ഓണമോ ആഘോഷിക്കാത്തതു പ്രശ്നമാക്കി എടുത്തേക്കാം. കുട്ടി പതാക വന്ദിക്കാതിരിക്കാൻ തീരുമാനിക്കുന്നെങ്കിൽ അത് കുട്ടിക്ക് മറ്റുള്ളവരുമായുള്ള ബന്ധത്തെയും കുട്ടിയുടെ സാമൂഹിക പൊരുത്തപ്പെടലിനെയും ബാധിക്കുമെന്ന് ചിലർ പരാതിപ്പെട്ടേക്കാം. അല്ലെങ്കിൽ, മാതാവിന്റെയോ പിതാവിന്റെയോ കൂടെപ്പോയി മറ്റുള്ളവരോട് ബൈബിളിനെക്കുറിച്ചു സംസാരിക്കുന്നത് കുട്ടിക്ക് മാനസികമായി ഹാനിവരുത്തുമെന്ന് ചിലർ അഭിപ്രായപ്പെട്ടേക്കാം. സാക്ഷിയായ മാതാവോ പിതാവോ കുട്ടിയെ രക്തപ്പകർച്ച സ്വീകരിക്കാൻ അനുവദിക്കുകയില്ലാത്തതുകൊണ്ട് കുട്ടിയുടെ ജീവൻ അപകടത്തിലാകും എന്നുപോലും സാക്ഷികളല്ലാത്ത ചില മാതാപിതാക്കൾ ആരോപിച്ചിട്ടുണ്ട്.
വികാരവിക്ഷുബ്ധമായ അത്തരം വാദമുഖങ്ങളുടെ വെല്ലുവിളിയെ ഒരു ക്രിസ്ത്യാനി നേരിടുന്നതെങ്ങനെയാണ്? വൈകാരികമായ പ്രതികരണം—“പകരത്തിനു പകരം ചെയ്യുന്നത്”—ഫലപ്രദമായിരിക്കില്ല. സംഗതി ഒരു ജഡ്ജിയുടെ മുമ്പാകെ കൊണ്ടുവരുന്നപക്ഷം മാതാപിതാക്കളിലോരോരുത്തർക്കും തന്റെ വാദങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. ബൈബിളിന്റെ ഈ ബുദ്ധ്യുപദേശം മനസ്സിൽ പിടിക്കുന്നത് ഏറ്റവും പ്രധാനമാണ്: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” (സങ്കീർത്തനം 55:22) ഇതിനെക്കുറിച്ചു ധ്യാനിക്കുകയും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുകയും ചെയ്യുകവഴി മാതാപിതാക്കൾക്ക് യഹോവയുടെ സഹായത്തോടെ കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച ഏതു സംഭാവ്യഫലത്തെയും തരണം ചെയ്യാനാവും.—സദൃശവാക്യങ്ങൾ 15:28, NW.
ന്യായബോധം
കുട്ടിക്ക് ഏറ്റവും പ്രയോജനകരം എന്താണ് എന്നതാണ് മുഖ്യ സംഗതി. ഒരു മാതാവോ പിതാവോ അമിതമായി ആവശ്യപ്പെടുന്നയാളാണെങ്കിൽ ആ വ്യക്തിക്ക് സംരക്ഷണാവകാശം നഷ്ടമായേക്കാമെന്നു മാത്രമല്ല, ആ വ്യക്തിയുടെ സന്ദർശനാവസരങ്ങൾപോലും നിയന്ത്രിക്കപ്പെട്ടേക്കാം. “ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യാതെ . . . ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ . . . തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക” എന്ന ബൈബിൾ ബുദ്ധ്യുപദേശം മനസ്സിൽ പിടിച്ചുകൊണ്ട് ജ്ഞാനികളായ മാതാപിതാക്കൾ സമാധാനപൂർവകമായ രീതിയിൽ ഇടപെടുന്നു. (റോമർ 12:17-21) കോടതിയിലായാലും വക്കീലാപ്പീസിലായാലും കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച് വിലയിരുത്തുന്ന ഉദ്യോഗസ്ഥനോടൊപ്പമായാലും മാതാപിതാക്കളുടെ “ന്യായബോധം സകല മനുഷ്യരും അറി”യേണ്ടതുണ്ട്—ഫിലിപ്പിയർ 4:5, NW.
ചിലപ്പോൾ ഒരു വിവാഹമോചിത ഇണ വഴിതെറ്റിക്കുന്നതും അയഥാർഥവുമായ പ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് മറ്റുള്ളവരെ വഞ്ചിക്കാൻ ശ്രമിക്കും. വാക്കാലുള്ള ഈ ആക്രമണങ്ങളോട് അമിതമായി പ്രതികരിക്കുന്നതിനുള്ള മാനുഷിക പ്രവണതയെ നിയന്ത്രിക്കുന്നതു ബുദ്ധിയാണ്. സംരക്ഷണാവകാശം സംബന്ധിച്ച തർക്കത്തിന്റെ വിചാരണവേളയിൽ പ്രശ്നങ്ങൾ കെട്ടിച്ചമയ്ക്കുന്നതിന് വിവാഹമോചിത ഇണകൾ ഉപയോഗിക്കുന്ന സ്ഥിരംവിഷയങ്ങളാണ് ആരോഗ്യം, മതം, വിദ്യാഭ്യാസം എന്നിവ.—സദൃശവാക്യങ്ങൾ 14:22.
ന്യായബോധത്തിൽ, വസ്തുതകൾ പരിചിന്തിച്ച് നിഷ്പക്ഷമായ ഒരു ഒത്തുതീർപ്പിലെത്തുന്നതിനുള്ള പ്രാപ്തി ഉൾപ്പെടുന്നു. വിവാഹമോചനം കഴിഞ്ഞാലും കുട്ടിക്ക് മാതാപിതാക്കൾ ഇരുവരും ഉണ്ടെന്നുള്ള കാര്യം മാതാവും പിതാവും മറന്നുകൂടാ. വിവാഹമോചനത്തിലൂടെ മാതാപിതാക്കൾ തമ്മിലുള്ള ബന്ധമാണ് അറ്റുപോയിരിക്കുന്നത്, കുട്ടിയുമായുള്ള അവരുടെ ബന്ധം അറ്റുപോയിട്ടില്ല. അതുകൊണ്ട്, അതിരുകടന്ന സാഹചര്യങ്ങളിലൊഴികെ മാതാപിതാക്കളിലോരോരുത്തർക്കും കുട്ടി തന്നോടൊപ്പമായിരിക്കുമ്പോൾ മാതാവോ പിതാവോ ആയി വർത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. തന്റെ വികാരങ്ങളും മൂല്യങ്ങളും പ്രകടിപ്പിക്കാനും മതപരമോ അല്ലാത്തതോ ആയ നിയമാനുസൃത പ്രവർത്തനങ്ങളിൽ കുട്ടിയെ പങ്കെടുപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മാതാപിതാക്കളിൽ ഓരോരുത്തർക്കും ഉണ്ടായിരിക്കണം.
നമുക്ക് ഒരു വിചാരണയുടെ സംഭാവ്യഫലങ്ങൾ പരിചിന്തിക്കാം: (1) സംരക്ഷണാവകാശം മാതാപിതാക്കൾക്കിരുവർക്കും ഉണ്ടായിരിക്കൽ, (2) സംരക്ഷണാവകാശം മാതാപിതാക്കളിൽ ഒരാൾക്കുമാത്രമായിരിക്കൽ, (3) സന്ദർശനാവസരങ്ങളിൽ പരിമിതികൾ. സംരക്ഷണാവകാശം മാതാപിതാക്കൾക്കിരുവർക്കും ഉണ്ടായിരിക്കുന്നതും ഒരാൾക്കുമാത്രമായിരിക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്? സംരക്ഷണാവകാശം നഷ്ടപ്പെടുന്നതിനെ നിങ്ങൾക്ക് എങ്ങനെ തരണം ചെയ്യാം? മാതാപിതാക്കളിലൊരാൾ പുറത്താക്കപ്പെട്ടിരിക്കുന്നെങ്കിലോ?
സംരക്ഷണാവകാശം മാതാപിതാക്കൾക്കിരുവർക്കും ഉണ്ടായിരിക്കൽ
കുട്ടിയും മാതാപിതാക്കളിരുവരും തമ്മിൽ സമ്പർക്കം നിലനിർത്തുന്നതു പ്രധാനമാണെന്ന് ചില ജഡ്ജിമാർക്കു തോന്നുന്നു. മാതാപിതാക്കൾക്ക് സംരക്ഷണാവകാശം പങ്കുവെക്കാൻ കഴിയുന്നപക്ഷം വിവാഹമോചനത്തിനുശേഷം കുട്ടികൾക്ക് സമ്മർദവും വൈകാരിക ക്ഷതവും കുറച്ചേ അനുഭവപ്പെടുകയുള്ളുവെന്നു കാണിക്കുന്ന ഗവേഷണ പഠനങ്ങളിൽ അടിസ്ഥാനപ്പെട്ടതാണ് അവരുടെ ന്യായവാദം. മാതാപിതാക്കളിലൊരാൾ തന്നെ ഉപേക്ഷിച്ചുവെന്ന തോന്നലിനുപകരം മാതാപിതാക്കളിരുവരും തന്നെ സ്നേഹിക്കുന്നുണ്ടെന്നും താൻ രണ്ടു കുടുംബങ്ങളിലെയും അംഗമാണെന്നുമുള്ള തോന്നൽ കുട്ടിക്കുണ്ടാകും. “സംരക്ഷണാവകാശം മാതാപിതാക്കൾക്കിരുവർക്കും ഉണ്ടായിരിക്കുന്നത് രണ്ടുപേരെയും ഉൾപ്പെടുത്തുന്നതിനുള്ള ഒരു മാർഗമാണ്” എന്ന് ഒരു കുടുംബനിയമ അഭിഭാഷകൻ പറയുന്നു.
എന്നാൽ, സംരക്ഷണാവകാശം മാതാപിതാക്കൾക്കിരുവർക്കും ഉണ്ടായിരിക്കുന്ന നടപടി പ്രാവർത്തികമാകണമെങ്കിൽ സഹകരണമനോഭാവമുള്ള മാതാപിതാക്കളും വഴക്കവും ആളുകളോട് ഇണങ്ങുന്ന പ്രകൃതവുമുള്ള കുട്ടിയും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് കാലിഫോർണിയയിലെ കൊർട്ടെമഡെരയിലെ സെന്റർ ഫോർ ദ ഫാമിലി ഇൻ ട്രാൻസിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോ. ജൂഡിത്ത് വാല്ലെർസ്റ്റൈൻ മുന്നറിയിപ്പു നൽകുന്നു. ഈ ഗുണങ്ങൾ അനിവാര്യമാണ്. എന്തുകൊണ്ടെന്നാൽ സംരക്ഷണാവകാശം മാതാപിതാക്കൾക്കിരുവർക്കും ഉണ്ടായിരിക്കുമ്പോൾ കുട്ടിയുടെ ആരോഗ്യം, വിദ്യാഭ്യാസം, മതപരിശീലനം, സാമൂഹികജീവിതം എന്നിവയുൾപ്പെടെയുള്ള പ്രധാനപ്പെട്ട സംഗതികളിൽ ഒരുമിച്ചു തീരുമാനം എടുക്കുന്നതിനുള്ള നിയമാവകാശം ഇരുവരും നിലനിർത്തുന്നു. തങ്ങളുടെ വ്യക്തിപരമായ താത്പര്യങ്ങളെക്കാൾ കുട്ടിയുടെ ക്ഷേമത്തിന് മാതാപിതാക്കളിരുവരും ന്യായബോധത്തോടെ മുൻതൂക്കം കൊടുക്കുന്നെങ്കിൽ മാത്രമേ ഇതു വിജയിക്കുകയുള്ളൂ.
സംരക്ഷണാവകാശം മാതാപിതാക്കളിൽ ഒരാൾക്കുമാത്രമായിരിക്കൽ
കുട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ മാതാപിതാക്കളിൽവെച്ച് കൂടുതൽ സജ്ജനെന്ന് കോടതിക്കു തോന്നുന്ന ആൾക്കു മാത്രമായി കോടതി സംരക്ഷണാവകാശം നൽകിയേക്കാം. കുട്ടിയുടെ ക്ഷേമം സംബന്ധിച്ച പ്രധാനപ്പെട്ട സംഗതികളിൽ തീരുമാനമെടുക്കേണ്ടത് സംരക്ഷണാവകാശമുള്ള മാതാവോ പിതാവോ മാത്രമായിരിക്കണമെന്നു ജഡ്ജി തീർപ്പുകൽപ്പിച്ചേക്കാം. പലപ്പോഴും, മനഃശാസ്ത്രജ്ഞർ, മനോരോഗചികിത്സകർ, സാമൂഹികപ്രവർത്തകർ തുടങ്ങിയവരുടെ സഹായം തേടിയ ശേഷമാണ് കോടതി ഒരു തീരുമാനത്തിലെത്തിച്ചേരുന്നത്.
ഇത്തരം സംരക്ഷണാവകാശത്തെ പിന്താങ്ങുന്നവർക്കു തോന്നുന്നത് ഈ ക്രമീകരണം കുട്ടിക്ക് കൂടുതൽ സ്ഥിരത പ്രദാനംചെയ്യുന്നുവെന്നാണ്. മാതാപിതാക്കൾക്ക് അന്യോന്യം ഫലപ്രദമായി ആശയവിനിയമം നടത്താൻ കഴിയാത്തപ്പോൾ അല്ലെങ്കിൽ അവർ അങ്ങനെ ചെയ്യാൻ സാധ്യതയില്ലാത്തപ്പോൾ പല വിചാരണാ ജഡ്ജിമാരും ഈ സംരക്ഷണാവകാശ ക്രമീകരണം ഇഷ്ടപ്പെടുന്നു. തീർച്ചയായും, സംരക്ഷണാവകാശമില്ലാത്ത മാതാവിനോ പിതാവിനോ കുട്ടിയുടെ ജീവിതത്തിൽ യാതൊരു സ്ഥാനവും ഇല്ലാതാകുന്നില്ല. സാധാരണഗതിയിൽ സംരക്ഷണാവകാശമില്ലാത്ത മാതാവിനോ പിതാവിനോ സന്ദർശനാവകാശങ്ങൾ ലഭിക്കാറുണ്ട്. കുട്ടിക്കാവശ്യമായ മാർഗനിർദേശവും സ്നേഹവും വാത്സല്യവുമൊക്കെ മാതാപിതാക്കൾക്കിരുവർക്കും തുടർന്നും കൊടുക്കാനാവും.
സന്ദർശനാവസരങ്ങൾ
കുട്ടിയുടെ സംരക്ഷണാവകാശത്തെ “ജയ”ത്തിന്റെയും “തോൽവി”യുടെയും ഒരു സംഗതിയായി കാണുന്നത് മാതാപിതാക്കളുടെ ഭാഗത്തെ യാഥാർഥ്യബോധമില്ലായ്മയാണ്. തങ്ങളുടെ കുട്ടികൾ പക്വതയും പ്രാപ്തിയുമുള്ള ആദരണീയ വ്യക്തികളായി വളർന്നുവരുന്നതു കാണുമ്പോഴാണ് മാതാപിതാക്കൾ വിജയശ്രീലാളിതരാകുന്നത് അഥവാ ‘ജയി’ക്കുന്നത്. കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിലെ വിജയം നിയമപരമായ സംരക്ഷണാവകാശവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നില്ല. കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച് കോടതി വെക്കുന്ന വ്യവസ്ഥകൾ നീതിരഹിതമായി കാണപ്പെടുമ്പോൾപോലും അവ അനുസരിക്കുകവഴി ക്രിസ്ത്യാനി ‘ശ്രേഷ്ഠാധികാരങ്ങളോടുള്ള കീഴ്പ്പെടൽ’ പ്രകടമാക്കുന്നു. (റോമർ 13:1) മാതാപിതാക്കളിൽ മറ്റേയാൾക്ക് കുട്ടികളുമായുള്ള ബന്ധം തകർക്കാനുള്ള ശ്രമത്തിൽ ആ ആളെ തരംതാഴ്ത്തി കാണിച്ചുകൊണ്ട് കുട്ടികളുടെ പ്രീതിക്കും കൂറിനും വേണ്ടി മത്സരിക്കാനുള്ള സമയമല്ല ഇതെന്നുള്ളതും അനുസ്മരിക്കുന്നതു പ്രധാനമാണ്.
വ്യത്യസ്ത കാരണങ്ങളാൽ തങ്ങളുടെ കുട്ടികളിൽനിന്ന് അകറ്റപ്പെട്ട ദൈവഭക്തരായ മാതാപിതാക്കളുടെ ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, മോശയുടെ മാതാപിതാക്കളായ അമ്രാമും യോഖേബെദും തങ്ങളുടെ കുട്ടിയുടെ ഉത്തമ ക്ഷേമത്തെപ്രതി അവനെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ചെറുപെട്ടകത്തിലാക്കി “നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ” കൊണ്ടുപോയി വെച്ചു. ഫറവോന്റെ പുത്രി ശിശുവിനെ കൊണ്ടുപോയപ്പോൾ അവർ തുടർന്നും യഹോവയിലാശ്രയിച്ചു. ജ്ഞാനികളും വിശ്വസ്തരുമായിരുന്ന ആ മാതാപിതാക്കൾക്ക് ധാരാളം “സന്ദർശന” അവസരങ്ങൾ ലഭിച്ചു. കുട്ടിയെ യഹോവയുടെ വഴിയിൽ പരിശീലിപ്പിക്കുന്നതിന് അവർ അവ ഫലകരമായി ഉപയോഗപ്പെടുത്തി. മോശ സത്യദൈവത്തിന്റെ ഒരു പ്രമുഖ ദാസനായി വളർന്നുവന്നു.—പുറപ്പാടു 2:1-10; 6:20.
എന്നാൽ, മാതാപിതാക്കളിലൊരാൾ പുറത്താക്കപ്പെട്ടിരിക്കുന്നെങ്കിലെന്ത്? ക്രിസ്ത്യാനിയായ മാതാവ് അല്ലെങ്കിൽ പിതാവ് കുട്ടിയെ സന്ദർശിക്കാൻ ആ വ്യക്തിയെ അനുവദിക്കണമോ? സഭയുടെ പുറത്താക്കൽ നടപടി വ്യക്തിയും ക്രിസ്തീയ സഭയും തമ്മിലുള്ള ആത്മീയ ബന്ധത്തിനു മാത്രമേ മാറ്റം വരുത്തുന്നുള്ളൂ. തീർച്ചയായും, അത് ആത്മീയ ബന്ധങ്ങളെ വിച്ഛേദിക്കുന്നു. എന്നാൽ മാതാപിതാക്കളും മക്കളും എന്ന നിലയിലുള്ള ബന്ധത്തെ അതു ബാധിക്കുന്നില്ല. സംരക്ഷണാവകാശമുള്ള മാതാവ് അല്ലെങ്കിൽ പിതാവ് പുറത്താക്കപ്പെട്ട വിവാഹമോചിത ഇണയുടെ സന്ദർശനാവകാശങ്ങളെ ആദരിക്കണം. എന്നാൽ, സംരക്ഷണാവകാശമില്ലാത്ത മാതാവോ പിതാവോ കുട്ടിയുടെ ശാരീരികമോ വൈകാരികമോ ആയ ക്ഷേമത്തിന് സത്വരവും സാരവുമായ ഭീഷണി ഉയർത്തുന്നപക്ഷം ആ വ്യക്തി കുട്ടിയുമായി ഇടപഴകുമ്പോൾ മൂന്നാമതൊരാളുടെ മേൽനോട്ടമുണ്ടായിരിക്കുന്നതിന് കോടതി (സംരക്ഷണാവകാശമുള്ള മാതാവോ പിതാവോ അല്ല) ക്രമീകരണം ചെയ്തേക്കാം.
നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല
വിവാഹമോചന നടപടികളും അതേത്തുടർന്നു നടക്കുന്ന കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച തർക്കങ്ങളും വൈകാരികമായി തളർത്തിക്കളയുന്ന അനുഭവങ്ങളാണ്. ആയിരമായിരം പ്രതീക്ഷകളോടെ വിവാഹജീവിതത്തിലേക്കു കാലെടുത്തുവെച്ച ദമ്പതികളുടെ സ്വപ്നങ്ങളും പദ്ധതികളും പ്രതീക്ഷകളും ഒപ്പം വിവാഹംതന്നെയും എട്ടുനിലയിൽ പൊട്ടിയിരിക്കുന്നു. ഉദാഹരണത്തിന്, അവിശ്വസ്തതയും കടുത്ത ദ്രോഹവും നിമിത്തം തനിക്കും കുട്ടിക്കും നിയമപരമായ സംരക്ഷണം തേടാൻ വിശ്വസ്തയായ ഒരു ഭാര്യ നിർബന്ധിതയായേക്കാം. എങ്കിലും, തെറ്റുപറ്റിയത് എവിടെയാണെന്നോ സംഗതി കൂടുതൽ ഫലപ്രദമായി എങ്ങനെ കൈകാര്യംചെയ്യാമായിരുന്നുവെന്നോ ചിന്തിക്കുമ്പോൾ കുറ്റബോധവും അപര്യാപ്തതാബോധവും അവളെ വേട്ടയാടിയേക്കാം. അനേകം ദമ്പതികളും കുടുംബത്തകർച്ചയോടുള്ള കുട്ടികളുടെ പ്രതികരണത്തെക്കുറിച്ച് വേവലാതിപ്പെടുന്നു. സംരക്ഷണാവകാശത്തിനുവേണ്ടിയുള്ള കോടതിയിലെ പോരാട്ടം വികാരവിക്ഷുബ്ധമായ ഒരു അനുഭവമായി തീർന്നേക്കാം. അത് പരിപാലനം നൽകുന്ന മാതാവോ പിതാവോ എന്ന നിലയിലുള്ള ഒരു വ്യക്തിയുടെ നിർമലതയെ മാത്രമല്ല യഹോവയിലുള്ള വിശ്വാസത്തെയും ആശ്രയത്തെയുംകൂടെ പരിശോധിക്കുന്നു.—സങ്കീർത്തനം 34:15, 18, 19, 22 താരതമ്യം ചെയ്യുക.
കുട്ടികളോടുള്ള ദുഷ്പെരുമാറ്റമോ തന്നോടുള്ള അതിരുകടന്ന ദ്രോഹമോ നിമിത്തം അല്ലെങ്കിൽ അവിശ്വസ്ത ഇണയിൽനിന്ന് ലൈംഗികമായി പകരുന്ന രോഗങ്ങൾ പിടിപെടാതിരിക്കുന്നതിനുവേണ്ടി നിരപരാധിയായ ഇണ നടപടിയെടുക്കാൻ തീരുമാനിക്കുമ്പോൾ ആ വ്യക്തിക്ക് കുറ്റബോധമോ യഹോവ തന്നെ ഉപേക്ഷിച്ചുവെന്ന തോന്നലോ ഉണ്ടാകേണ്ടതില്ല. (സങ്കീർത്തനം 37:28) വിവാഹത്തിന്റെ വിശുദ്ധ കരാർ ലംഘിച്ചിരിക്കുന്നതും തന്റെ ഇണയോട് “അവിശ്വസ്തത കാണിച്ചിരിക്കുന്ന”തും വിശ്വാസവഞ്ചന കാട്ടുകയോ ദ്രോഹബുദ്ധിയോടുകൂടി പ്രവർത്തിക്കുകയോ ചെയ്തിരിക്കുന്ന ഇണയാണ്.—മലാഖി 2:14.
ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ടും വിവാഹമോചിത ഇണയോട് സത്യസന്ധമായി പെരുമാറിക്കൊണ്ടും സംരക്ഷണാവകാശം സംബന്ധിച്ച കരാറുകളിൽ വഴക്കമുള്ളവരായിരുന്നുകൊണ്ടും മനുഷ്യരുടെയും യഹോവയുടെയും മുമ്പാകെ “നല്ലമനസ്സാക്ഷി” നിലനിർത്തുന്നതിൽ തുടരുക. “നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏററവും നന്നു.”—1 പത്രൊസ് 3:16, 17.
കുടുംബത്തകർച്ച ഉണ്ടായത് കുട്ടികളുടെ കുറ്റംകൊണ്ടല്ലെന്ന് അവർക്ക് ഉറപ്പുകൊടുക്കേണ്ടതുണ്ട്. ചിലപ്പോഴൊക്കെ ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നെന്നുവരില്ല. എന്നാൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുകവഴി വിവാഹമോചനത്തിന്റെ ഫലത്തെ ലഘൂകരിക്കാനാവും. എന്തുകൊണ്ടെന്നാൽ അവ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന, സഹാനുഭൂതിയോടുകൂടിയ സംഭാഷണത്തെ പ്രോത്സാഹിപ്പിക്കുന്നു. വിവാഹമോചനാനന്തര കുടുംബജീവിതത്തിനുവേണ്ടി ആസൂത്രണം ചെയ്യുന്നതിൽ ക്രിയാത്മകമായ ഒരു പങ്കുണ്ടായിരിക്കാൻ കുട്ടികളെ അനുവദിക്കുക വഴി ഇതു ചെയ്യാനാവും. ക്ഷമയും ദയയും ഉള്ളവരായിരുന്നുകൊണ്ടും കുട്ടികളുടെ വികാരങ്ങളിൽ തത്പരരായിരുന്നുകൊണ്ടും അവർ പറയുന്നത് കേട്ടുകൊണ്ടും പുതിയ പട്ടികകളോടും ജീവിത ക്രമീകരണങ്ങളോടും പൊരുത്തപ്പെടാൻ നിങ്ങൾക്ക് അവരെ വളരെയധികം സഹായിക്കാനാവും.
മറ്റുള്ളവർക്ക് സഹായിക്കാൻ കഴിയും
കുടുംബച്ഛിദ്രത്തിനിരയായിരിക്കുന്ന ഒരു കുട്ടിയെ സഹായിക്കാൻ കഴിയുന്നത് മാതാപിതാക്കൾക്കു മാത്രമല്ല. കുടുംബാംഗങ്ങൾക്കും അധ്യാപകർക്കും സുഹൃത്തുക്കൾക്കുമൊക്കെ വിവാഹമോചിത ദമ്പതികളുടെ കുട്ടികൾക്ക് പിന്തുണയും ആശ്വാസവും പ്രദാനംചെയ്യാനാകും. പ്രത്യേകിച്ചും വല്യമ്മവല്യപ്പൻമാർക്ക് കുട്ടികളുടെ ഭദ്രതയ്ക്കും വൈകാരിക ക്ഷേമത്തിനും വളരെയധികം സംഭാവന ചെയ്യാൻ കഴിയും.
ക്രിസ്ത്യാനികളായ വല്യമ്മവല്യപ്പൻമാർക്ക് കുട്ടികൾക്ക് ആത്മീയ പ്രബോധനവും ആരോഗ്യാവഹമായ പ്രവർത്തനങ്ങളും പ്രദാനം ചെയ്യാവുന്നതാണ്. എന്നാൽ മതപരമായ പരിശീലനം സംബന്ധിച്ച മാതാപിതാക്കളുടെ തീരുമാനങ്ങളെ അവർ ആദരിക്കണം. എന്തുകൊണ്ടെന്നാൽ, ഈ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ധാർമികവും നിയമപരവുമായ അധികാരം മാതാപിതാക്കൾക്കാണ്, വല്യമ്മവല്യപ്പൻമാർക്കല്ല.—എഫെസ്യർ 6:2-4.
ഇത്തരം പിന്തുണയുള്ളപ്പോൾ വിവാഹമോചിത ദമ്പതികളുടെ കുട്ടികൾക്ക് മാതാപിതാക്കളുടെ വിവാഹത്തകർച്ചയെ അതിജീവിക്കാൻ കഴിയും. കൂടാതെ, സകല കുടുംബങ്ങളും “ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കു”ന്ന ദൈവത്തിന്റെ പുതിയലോകത്തിലെ അനുഗ്രഹങ്ങൾക്കായി അവർക്ക് തുടർന്നും നോക്കിപ്പാർത്തിരിക്കാനാവും.—റോമർ 8:20; 2 പത്രൊസ് 3:13.
[11-ാം പേജിലെ ചതുരം]
തെറ്റിദ്ധാരണകൾ തിരുത്തൽ
“ജ്ഞാനികളുടെ നാവു പരിജ്ഞാനത്താൽ നല്ലതു പ്രസ്താവിക്കുന്നു.” ഒരു ക്രിസ്തീയ മാതാവിനോ പിതാവിനോ തെറ്റിദ്ധാരണകൾ അല്ലെങ്കിൽ അർധസത്യങ്ങൾ തിരുത്താൻ നല്ല അവസരമുണ്ട്. (സദൃശവാക്യങ്ങൾ 15:2, NW) ഉദാഹരണത്തിന്, കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി “യഹോവയുടെ സാക്ഷികൾ മരുന്നും ശസ്ത്രക്രിയയും സ്വീകരിക്കുന്നു.” എന്നാൽ ഒരു സാക്ഷി സംരക്ഷണാവകാശമുള്ള മാതാവോ പിതാവോ ആയിരിക്കുമ്പോൾ ആ വ്യക്തിക്ക് ഏതൊരു വൈദ്യനടപടിയുടെയും കാര്യത്തിൽ കുട്ടിയുടെ കാര്യജ്ഞാനത്തോടെയുള്ള സമ്മതം വാങ്ങുന്നതിന് അവകാശമുണ്ട്.a—ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ.
യഹോവയുടെ സാക്ഷികൾ ദൈവവചനമായ ബൈബിളിൽ വേരൂന്നിയിരിക്കുന്ന തങ്ങളുടെ മതത്തെ ഗൗരവമായി എടുക്കുന്നു. ഇത് അവരെ മെച്ചപ്പെട്ട പിതാക്കൻമാരും മാതാക്കളും കുട്ടികളും സുഹൃത്തുക്കളും അയൽക്കാരും പൗരൻമാരും ആയിത്തീരുന്നതിനു സഹായിക്കുന്നു. അധികാരികളോട് ആദരവു വളർത്തിയെടുത്തുകൊണ്ടും ജീവിതത്തിലാവശ്യമായ ഒരു കൂട്ടം ഈടുറ്റ മൂല്യങ്ങളാൽ കുട്ടികളെ സജ്ജരാക്കിക്കൊണ്ടും ക്രിസ്തീയ മാതാപിതാക്കൾ സ്നേഹത്തിൽ ശിക്ഷണം കൊടുക്കുന്നു.b—സദൃശവാക്യങ്ങൾ 13:18, NW.
ലൗകിക വിദ്യാഭ്യാസം കുട്ടിയുടെ പരിശീലനത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. ലഭ്യമായിരിക്കുന്നതിൽവെച്ച് ഏറ്റവും നല്ല വിദ്യാഭ്യാസം തങ്ങളുടെ കുട്ടികൾക്കു ലഭിക്കാൻ യഹോവയുടെ സാക്ഷികൾ ആഗ്രഹിക്കുന്നു.c—സദൃശവാക്യങ്ങൾ 13:20.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്ന ലഘുപത്രിക കാണുക.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിന്റെ 5-7, 9 അധ്യായങ്ങൾ കാണുക.
c വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും എന്ന ലഘുപത്രിക കാണുക.
[10-ാം പേജിലെ ചിത്രം]
സംരക്ഷണാവകാശമില്ലാത്ത മാതാവിന്റെയോ പിതാവിന്റെയോ സന്ദർശനത്തെക്കുറിച്ചു കുട്ടി പറയുമ്പോൾ സംരക്ഷണാവകാശമുള്ള മാതാവോ പിതാവോ അതു ക്ഷമാപൂർവം കേൾക്കണം