ഇട്രസ്ക്കെൻമാർ—നിലനിൽക്കുന്ന നിഗൂഢത
ഫ്രാൻസിലെ ഉണരുക! ലേഖകൻ
“ഇട്രൂറിയയുടെ നാമം ദിഗന്തങ്ങളിലെങ്ങും മുഴങ്ങിക്കേൾക്കുമാറ് അത്ര വലുതായിരുന്നു അതിന്റെ പ്രഭാവം.”—ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ലിവി.
ഇട്രസ്ക്കെൻമാർ എന്നു കേൾക്കുമ്പോൾ, പ്രസ്തുത വിഷയത്തിന്റെ ആദ്യപാഠങ്ങൾ പോലും അറിയില്ലെന്നു നിങ്ങൾക്കു തോന്നിയേക്കാം. എന്നിരുന്നാലും, നിങ്ങളുടെ സംസാരഭാഷയിൽ ലത്തീൻ അക്ഷരമാലയാണ് ഉപയോഗിക്കുന്നതെങ്കിൽ അവയിൽ ചിലതിന് അറിയാതെതന്നെ നിങ്ങൾ ഇട്രസ്ക്കെൻമാരോടു കടപ്പെട്ടിരിക്കുന്നു. ഇട്രസ്ക്കെൻമാർ ഇല്ലായിരുന്നെങ്കിൽ, ലത്തീൻ അക്ഷരമാല എ, ബി, ജി (ഗ്രീക്കിലെ ആൽഫാ, ബീറ്റാ, ഗാമാ അഥവാ എബ്രായയിലെ ആലേഫ്, ബേത്ത്, ഗീമെൽ പോലെ) എന്ന് ആരംഭിക്കുമായിരുന്നു. എ, ബി, സി എന്നിങ്ങനെയായിരുന്നു ഇട്രസ്ക്കെൻ അക്ഷരമാല ആരംഭിച്ചതെന്ന് ഭാഷാശാസ്ത്രവിദഗ്ധർക്കറിയാം. എങ്കിലും ഇട്രസ്ക്കെൻ ഭാഷ മനസ്സിലാക്കുക ഇന്നും പ്രയാസകരമാണ്. ഇട്രസ്ക്കെൻമാരെ ചുറ്റിപ്പറ്റിയുള്ള പിടികിട്ടാപ്രശ്നങ്ങളിൽ ഒന്നു മാത്രമാണിത്.
അത്യന്തം ശ്രദ്ധേയമായ ഈ സംസ്കാരത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നൂറ്റാണ്ടുകളിലുടനീളം ചരിത്രകാരൻമാർ ഊഹാപോഹങ്ങൾ നടത്തിയിട്ടുണ്ട്. പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ തങ്ങളുടെ പ്രൗഢിയുടെ ഉച്ചസ്ഥായിയിൽ, ഇട്രസ്ക്കെൻമാർ യൂറോപ്പും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന വ്യാപകമായ വാണിജ്യ ശൃംഖലയോടു കൂടിയ 12 നഗരങ്ങളുടെ ഒരു ഫെഡറേഷൻ രൂപീകരിച്ചു. എന്നുവരികിലും കേവലം നാലു നൂറ്റാണ്ടുകൾ കഴിഞ്ഞ്, വളർന്നുവരുകയായിരുന്ന റോമൻശക്തി അവരെ പിഴുതെറിഞ്ഞു. എന്നാൽ ഇട്രസ്ക്കെൻമാരെക്കുറിച്ച് നമുക്കെന്തറിയാം, നിഗൂഢത നിലനിൽക്കുന്നതെന്തുകൊണ്ട്?
ഉത്ഭവം സംബന്ധിച്ച നിഗൂഢതകൾ
ചരിത്രകാരൻമാരും പുരാവസ്തുശാസ്ത്രജ്ഞൻമാരും ഭാഷാപണ്ഡിതൻമാരും ഇട്രസ്ക്കെൻമാരുടെ ഉത്ഭവം സംബന്ധിച്ച് ദീർഘനാളായി ചിന്താകുലരായിരുന്നിട്ടുണ്ട്. ഹെറോഡോട്ടസ് സൂചിപ്പിച്ചതുപോലെ അവർ ഏഷ്യാമൈനറിലെ ഒരു പ്രവിശ്യയായ ലുദിയയിൽ നിന്നു കുടിയേറിപ്പാർത്തവരായിരുന്നോ, അതോ ഹാലിക്കർനാസസിലെ ഡയനിഷ്യസ് പൊ.യു.മു. ഒന്നാം നൂറ്റാണ്ടിൽ അവകാശപ്പെട്ടതുപോലെ ഇറ്റലിയിലെ ആദിവാസികളായിരുന്നോ? അവർക്കു ഭിന്നമായ ഉത്ഭവങ്ങൾ ഉണ്ടായിരിക്കാവുന്നതാണോ? ഉത്തരം എന്തുതന്നെയാണെങ്കിലും, അവരും അയൽക്കാരും തമ്മിലുണ്ടായിരുന്ന വംശീയവും സാംസ്കാരികവുമായ വൈജാത്യങ്ങൾ വലുതായിരുന്നു. അതുകൊണ്ട് അവരുടെ ഉത്ഭവം സംബന്ധിച്ച് നമുക്കിപ്പോൾ ഉറപ്പു പറയാനാകില്ല.
എന്നിരുന്നാലും, പൊ.യു.മു. ഏതാണ്ട് എട്ടാം നൂറ്റാണ്ടുമുതൽ ഇട്രസ്ക്കെൻമാർ മധ്യ ഇറ്റലിയിലെങ്ങും തഴച്ചുവളർന്നിരുന്നുവെന്ന് നമുക്കറിയാം. റോമാക്കാർ അവരെ ടൂസ്ക്കി അല്ലെങ്കിൽ ഏട്രൂസ്ക്കി എന്നാണ് വിളിച്ചിരുന്നത്. വടക്ക് ആർണോനദിക്കും തെക്ക് ടൈബർനദിക്കും ഇടയ്ക്ക് അവർ അധിവസിച്ചിരുന്ന പ്രദേശം ടൂസ്ക്കനി എന്ന് അറിയപ്പെടാനിടയായി. ഒരിക്കൽ ഇട്രസ്ക്കെൻ ജനത ഏതാണ്ട് 50 ഇറ്റാലിയൻ ഗോത്രങ്ങളുടെമേൽ അധീശത്വം പുലർത്തിയിരുന്നു.
അടിസ്ഥാനപരമായി ഇട്രസ്ക്കെൻ ഭാഷയിലുപയോഗിക്കുന്നത് ഗ്രീക്ക് അക്ഷരമാലയുടെ ഒരു ആദ്യകാല രൂപമായതിനാൽ അർഥം വ്യാഖ്യാനിക്കുക എളുപ്പമാണെന്ന് തോന്നിയേക്കാം. എന്നാൽ, പ്രസ്തുത ഭാഷ അറിയപ്പെടുന്ന മറ്റേതൊരു ഭാഷയിൽനിന്നും തികച്ചും വ്യത്യസ്തമാണ്. ഇട്രസ്ക്കെൻമാർ ഉപയോഗിച്ചിരുന്ന ഭൂരിഭാഗം പദങ്ങളും പരിഭാഷപ്പെടുത്തുക സാധ്യമല്ല. എന്നിരുന്നാലും അവരുടെ സംസ്കാരത്തിൽ പുസ്തകങ്ങൾ ഒരു സുപ്രധാന പങ്കുവഹിച്ചിരുന്നു, വിശേഷിച്ചും മതപരമായ കാര്യാദികളിൽ. അതുകൊണ്ട് അവർക്കു ധാരാളം സാഹിത്യങ്ങളുണ്ടായിരുന്നു. ശവകുടീരങ്ങൾ, പൂപ്പാത്രങ്ങൾ, വെൺകൽ ശവപ്പെട്ടികൾ തുടങ്ങിയവയിലൊക്കെ ആയിരക്കണക്കിനു ഇട്രസ്ക്കെൻ ആലേഖനങ്ങൾ ഇന്നും നിലവിലുണ്ടെങ്കിലും അവയിലുള്ള എഴുത്തുകൾ വളരെ ചുരുക്കമാണ്. അതുകൊണ്ട്, ഇട്രസ്ക്കെൻ പദങ്ങളുടെ അർഥവും ഉത്പത്തിയും വിശദീകരിക്കുന്നതിന് അവ സഹായകമല്ല.
ജീവിതരീതിയും അഭിവൃദ്ധിയും
ആദ്യം രാജാക്കൻമാരുടെയും പിന്നീട് ന്യായാധിപന്മാരുടെയും ഭരണത്തിൻ കീഴിലായിരുന്ന ഇട്രസ്ക്കെൻ ജനത സ്വയംഭരണാധികാരമുള്ള നഗരരാഷ്ട്രങ്ങളായി സംഘടിപ്പിക്കപ്പെട്ടു. ഈ നഗരങ്ങൾ ചേർന്ന്, മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ കർശന നിയന്ത്രണമില്ലാത്ത ഒരു സമൂഹം, അതായത് ഒരു ഇട്രസ്ക്കെൻ സഖ്യം രൂപീകൃതമായി. ചില ഇട്രസ്ക്കെൻ വീടുകളിൽ പൈപ്പുവെള്ളം ലഭ്യമായിരുന്നു. ചില ഭവനങ്ങൾ അഴുക്കുചാലുകളുള്ള കല്ലുപാകിയ തെരുവുകളിൽ സ്ഥിതിചെയ്തിരുന്നു. ഭൂഗർഭ മലിനജലനിർഗമന സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഒരു കൂട്ടം ഗ്രാമങ്ങൾ മാത്രമായിരുന്ന റോമിനെ ഇട്രസ്ക്കെൻ രാജാക്കൻമാർ പ്രബലവും ചുറ്റുമതിലുള്ളതുമായ ഒരു നഗരമാക്കി മാറ്റിയെടുത്തു. ഭൂഗർഭ അഴുക്കുചാലുകളുടെ ഒരു ശൃംഖലതന്നെ അതിനുണ്ടായിരുന്നു. ഈ ശൃംഖലയിൽപ്പെട്ട മാക്സിമ എന്ന അഴുക്കുചാൽ ഇന്നും കാണാം.
സമീപദ്വീപായ എൽബയിലെ ഇരുമ്പ് ഖനികൾ പോലെയുള്ള, തങ്ങളുടെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങളിലെ സമൃദ്ധമായ ധാതുനിക്ഷേപങ്ങളിൽനിന്ന് ഇട്രസ്ക്കെൻമാർ നേട്ടം കൊയ്തു. ലോഹത്തോടുള്ള അഭിനിവേശം ശമിപ്പിക്കാൻ അവർ ഇരുമ്പും വെള്ളിയും ചെമ്പും സംസ്കരിച്ചെടുത്തിരുന്നു. തന്നെയുമല്ല, ബ്രിട്ടീഷ് ദ്വീപുകളിൽനിന്ന് അവർ വെളുത്തീയം ഇറക്കുമതി ചെയ്യുകപോലും ചെയ്തു. ഈ സമ്പത്തുകൾക്കു പുറമേ, അവർ വസിച്ചിരുന്ന പ്രദേശം ഫലഭൂയിഷ്ഠമായ ഒരു കൃഷിയിടവും മേച്ചിൽപ്പുറവുമായിരുന്നു. ധാന്യങ്ങൾ, ഒലിവ്, മുന്തിരി എന്നിവ കൂടാതെ അവിടെ തടിയും ഉത്പാദിപ്പിച്ചിരുന്നു. ഈ പ്രകൃതിവിഭവങ്ങളും അതുപോലെതന്നെ വിപുലമായ സ്വദേശ, വിദേശ വാണിജ്യവും ഇട്രസ്ക്കെൻമാർക്ക് ഈടുറ്റ സാമ്പത്തിക അടിത്തറ നേടിക്കൊടുത്തു.
ഇട്രസ്ക്കെൻമാർ കഴിവുറ്റ നാവികരുമായിരുന്നു. പൊ.യു.മു. 540-ൽ ഇട്രസ്ക്കെൻമാരുടെയും കാർത്തേജുകാരുടെയും ഒരു സംയുക്ത കപ്പൽപ്പട ഗ്രീക്കുകാരെ മുട്ടുകുത്തിച്ചു. അങ്ങനെ ഇട്രസ്ക്കെൻമാർ കടൽമാർഗമുള്ള വാണിജ്യം ഉറപ്പാക്കി. സൂചികാഗ്രപടക്കപ്പൽ കണ്ടുപിടിച്ച അവർ യുദ്ധസജ്ജരായിരുന്നു. പ്രഖ്യാതമായ ബൂക്കേറോ (കറുത്ത മൺപാത്രങ്ങൾ) പോലുള്ള ചരക്കുകൾ കടൽമാർഗം ദൂരെയുള്ള സ്പെയിനിലേക്കും ഈജിപ്തിലേക്കും കയറ്റിയയച്ചിരുന്നു. കരയിലൂടെയുള്ള വാണിജ്യമാർഗങ്ങളിലൂടെ ഇട്രസ്ക്കെൻമാർ ഗോളിലേക്കും (ഫ്രാൻസ്) ജർമേനിയയിലേക്കും (ജർമനി) വീഞ്ഞു കയറ്റുമതിചെയ്തു. അങ്ങനെ അവരുടെ പ്രശസ്തി പരന്നു.
ഇട്രസ്ക്കെൻ ജീവിതാസ്വാദനം
ഏറെക്കാലം നിലനിൽക്കുന്നതും ഇട്രസ്ക്കെൻമാരെക്കുറിച്ചുള്ള വിവരങ്ങൾ ഏറ്റവും വെളിപ്പെടുത്തുന്നതുമായ ഉറവിടം അവരുടെ കലാസൃഷ്ടികളാണ്. ആഡംബരപ്രിയരായിരുന്ന ഇട്രസ്ക്കെൻമാർ കമ്മലുകൾ, സൂചിപ്പതക്കങ്ങൾ, കുണ്ഡലങ്ങൾ, കങ്കണങ്ങൾ, നെക്ക്ലേസുകൾ എന്നിവയുൾപ്പെടെ ധാരാളം സ്വർണാഭരണങ്ങൾ ഉത്പാദിപ്പിച്ചിരുന്നു. അവർ നേർത്ത സ്വർണക്കമ്പികൾ ഉപയോഗിച്ചുള്ള ഡിസൈനുകളിലും വളരെ ചെറിയ സ്വർണ മുത്തുകൾ ഉപയോഗിച്ചുള്ള ചെറുമണി ഡിസൈനുകളിലും സങ്കീർണമായ അമൂല്യവസ്തുക്കൾ നിർമിച്ചവിധം ഇന്നും ഒരു രഹസ്യമാണ്. വെള്ളിയിലും വിലപിടിപ്പുള്ള മറ്റു ലോഹങ്ങളിലും നിർമിച്ച പാനപാത്രങ്ങൾ, പാത്രങ്ങൾ, കോപ്പകൾ, ഭക്ഷണത്തളികകൾ എന്നിവയ്ക്കു പുറമേ, ഇട്രസ്ക്കെൻമാർ ആനക്കൊമ്പുപോലുള്ള വിശേഷ വസ്തുക്കളിൽ ശിൽപ്പങ്ങൾ തീർക്കുകയും കൊത്തുപണി നടത്തുകയും ചെയ്തിരുന്നു.
കണ്ടെടുത്ത നിരവധി ശിൽപ്പങ്ങളും കലാസൃഷ്ടികളും ചുവർചിത്രങ്ങളുമൊക്കെ ഇട്രസ്ക്കെൻമാരുടെ ആഹ്ലാദം തിരതല്ലിയിരുന്ന ജീവിതാസ്വാദനത്തിൻമേൽ വെളിച്ചം വീശുന്നു. അവർ തേരോട്ടപ്പന്തയം, ബോക്സിങ് മത്സരം, ഗുസ്തിമത്സരം, കായികവിനോദങ്ങൾ എന്നിവ ആസ്വദിച്ചിരുന്നു. ചിലപ്പോൾ ഒരു ദന്തപീഠത്തിൽ ഇരുന്നുകൊണ്ട് രാജാവ് ഇവ വീക്ഷിക്കുമായിരുന്നു. യുദ്ധത്തിൽ പിടിക്കപ്പെട്ട അടിമകൾ അദ്ദേഹത്തിന്റെ ചുറ്റും നിന്നിരുന്നു. അദ്ദേഹത്തിന്റെ നീലാരുണവർണത്തിലുള്ള പദവിചിഹ്നത്തെക്കുറിക്കുന്ന അങ്കി പിന്നീട് റോമാക്കാർ അനുകരിക്കുകയുണ്ടായി. കൊട്ടാരത്തിലായിരിക്കുമ്പോൾ അദ്ദേഹം ഭാര്യയോടൊപ്പം ചാരിക്കിടന്ന് ഭക്ഷണം കഴിക്കുകയും പുല്ലാങ്കുഴലോ ഇരട്ടറീഡ്പൈപ്പോ വായിക്കുന്നത് ശ്രദ്ധിക്കുകയും നൃത്തം വീക്ഷിക്കുകയും ചെയ്യുമായിരുന്നു. അപ്പോഴും അടിമകൾ അദ്ദേഹത്തിനു ദാസ്യവൃത്തി ചെയ്തിരുന്നു.
റോമാക്കാരിൽനിന്നും ഗ്രീക്കുകാരിൽനിന്നും തികച്ചും വ്യത്യസ്തമായി ഇട്രസ്ക്കെൻ സമൂഹത്തിൽ സ്ത്രീകൾക്കു സമത്വം ഉണ്ടായിരുന്നു. അവർക്കു വസ്തുവകകൾ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു, സാമൂഹിക പരിപാടികളിൽ അവർ പങ്കെടുത്തിരുന്നു. ഇട്രസ്ക്കെൻ വനിതകൾക്കു വ്യക്തി നാമവും കുടുംബനാമവും ഉണ്ടായിരുന്നു. നിയമപരമായ അവകാശങ്ങൾ അവർക്ക് ഉറപ്പാക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണത്.
വിചിത്ര മതവിശ്വാസങ്ങൾ
ഒന്നാം നൂറ്റാണ്ടിലെ ഒരു ചരിത്രകാരൻ ഇട്രസ്ക്കെൻമാരെ വിളിക്കുന്നത് “മറ്റേതൊരു ജനതയെക്കാളും മതാചാരങ്ങളിൽ അർപ്പിതരായ ഒരു ജനത” എന്നാണ്. ത്രിത്വങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഇട്രസ്ക്കെൻമാർ അനേകം ദേവൻമാരെ ആരാധിച്ചിരുന്നു. അവരോടുള്ള ബഹുമാനാർഥം അവർ ത്രിഭാഗികളായ, അഥവാ മൂന്ന് അറകളോടു കൂടിയ ക്ഷേത്രങ്ങൾ പടുത്തുയർത്തി. ഓരോ അറയിലും ഓരോ പ്രതിമയെ പ്രതിഷ്ഠിച്ചിരുന്നു. ഇട്രസ്ക്കെൻ സംസ്കാരം നിഗൂഢ ബാബിലോന്യ ആശയങ്ങളെ അവലംബിച്ചുള്ളതായിരുന്നു. ഒരു മരണാനന്തര ജീവിതത്തെയും കീഴ്ലോകത്തെയും കുറിച്ചുള്ള ആശയങ്ങളായിരുന്നു അവയിൽ സർവപ്രധാനം. മൃതശരീരങ്ങൾ കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ചെയ്തിരുന്നു. ദഹിപ്പിക്കുന്ന പക്ഷം, ഭസ്മം വ്യത്യസ്ത ആകൃതിയിലും രൂപത്തിലുമുള്ള കലശങ്ങളിൽ നിക്ഷേപിച്ചിരുന്നു. കീഴ്ലോകജീവിതത്തിന് ആവശ്യമെന്നു കരുതിയിരുന്നവയോടൊപ്പം, കലശം ശവക്കല്ലറയിൽ വെച്ചിരുന്നു. ഈ ചടങ്ങിൽ ആചാരാനുഷ്ഠാനങ്ങളും വഴിപാടുകളും നിവേദ്യങ്ങളും ഉൾപ്പെട്ടിരുന്നു. ധനാഢ്യരുടെ കല്ലറഭിത്തികൾ, നാനാരംഗങ്ങൾ ചിത്രീകരിക്കുന്ന വർണാഭമായ ചുവർചിത്രങ്ങളാൽ അലംകൃതമാക്കപ്പെട്ടിരുന്നു. ചിലപ്പോൾ ഭൂതങ്ങളെയും ഭയമുളവാക്കുന്ന സമ്മിശ്രജീവികളെയും ഇതിൽ എടുത്തുകാട്ടിയിരുന്നു. ഒരു ജേർണൽ പറയുന്നതനുസരിച്ച്, “ഇട്രസ്ക്കെൻമാർ എല്ലായ്പോഴും ഒരു ഭീകരരൂപിയെ പ്രിയപ്പെട്ടിരുന്നു.”
ഇട്രസ്ക്കെൻമാരുടെ ഒരു ആചാരമായിരുന്നു കരൾനോട്ടം. ഭാവികഥനരൂപമായി അവലംബിച്ചിരുന്ന ഇതിന്റെ വേരുകൾ ബാബിലോൻവരെ എത്തുന്നു. (യെഹെസ്കേൽ 21:21 താരതമ്യം ചെയ്യുക.) അവരുടെ ജീവിതത്തിന്റെയും തീരുമാനമെടുക്കലിന്റെയും എല്ലാ വശങ്ങളും ദേവന്മാരെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ശകുനങ്ങൾക്കായി അവർ ഭൂമിയിലേക്കും ആകാശത്തേക്കും നോക്കുമായിരുന്നു. ഭാവികഥനവിദ്യ സർവസാധാരണമായിരുന്നതിനാൽ അത്തരം ആചാരങ്ങൾ ഡിസ്കിപ്ലീന എട്രൂസ്ക അതായത് ഇട്രസ്ക്കെൻ ശാസ്ത്രം എന്നുപോലും അറിയപ്പെട്ടിരുന്നു.
ലയിച്ചുചേർന്ന് നാമാവശേഷമാകുന്നു
റോമിന്റെ മേൽ ഒരു നൂറ്റാണ്ട് നീണ്ടുനിന്ന ഇട്രസ്ക്കെൻ രാജഭരണം പൊ.യു.മു. 509-ൽ അവസാനിച്ചു. ഇത് സംഭവിക്കാനിരുന്ന കാര്യങ്ങളുടെ ഒരു മുന്നോടി മാത്രമായിരുന്നു. വടക്കു ഭാഗത്ത് ഇട്രസ്ക്കെൻമാർക്കു കെൽറ്റ് വർഗക്കാരുടെ ഭീഷണി നേരിടേണ്ടിവന്നു. അവരുടെ കടന്നുകയറ്റം മൂലം ആ മേഖലകളിൽ ഇട്രസ്ക്കെൻമാരുടെ സ്വാധീനം ക്ഷയിച്ചു. തെക്കു ഭാഗത്ത്, ഇറ്റാലിയൻ ഗോത്രക്കാരുമായുണ്ടായ തുടർച്ചയായ അതിർത്തി സംഘട്ടനങ്ങൾ, രാജ്യത്തു സാമൂഹിക പ്രശ്നങ്ങൾക്കു തിരികൊളുത്തിക്കൊണ്ട് അവരുടെ അധികാരത്തിന്റെ അടിത്തറ ഉലച്ചു.
പൊ.യു.മു. മൂന്നാം നൂറ്റാണ്ടായപ്പോഴേക്കും ഇട്രസ്ക്കെൻ പ്രദേശം റോമൻ അധീനതയിലായി. അങ്ങനെ റോമൻ സാംസ്കാരികോന്നമനത്തിന്റെ അഥവാ റോമാവത്കരണത്തിന്റെ ഒരു കാലഘട്ടം പിറന്നു. ഒടുവിൽ, പൊ.യു.മു. 90-ൽ റോമൻ പൗരത്വം എല്ലാ ഇറ്റാലിയൻ ഗോത്രക്കാർക്കും വെച്ചുനീട്ടിയപ്പോൾ ഇട്രസ്ക്കെൻ സംസ്കാരത്തനിമയുടെ അവസാന തരിമ്പും അപ്രത്യക്ഷമായി. ലത്തീൻ സംസാരിക്കാൻ നിർബന്ധിതരായ ഇട്രസ്ക്കെൻമാർ റോമൻ ലോകത്തിൽ ലയിച്ചുചേർന്നു. പ്രത്യക്ഷത്തിൽ, ഇട്രസ്ക്കെൻ സാഹിത്യ സൃഷ്ടികൾ പരിഭാഷപ്പെടുത്തുന്നതിനോ എന്തിന്, സംരക്ഷിക്കുന്നതിനോപോലും റോമൻ പണ്ഡിതൻമാരിൽ അധികമാരും തുനിഞ്ഞില്ല. അങ്ങനെ, ഇട്രസ്ക്കെൻ സംസ്കാരം ഒരു നിഗൂഢത ശേഷിപ്പിച്ചുകൊണ്ട് അപ്രത്യക്ഷമായി. എങ്കിലും അത് ഒരു പൈതൃകം അവശേഷിപ്പിക്കുകതന്നെ ചെയ്തു.
നിലനിൽക്കുന്ന പൈതൃകം
ഇട്രസ്ക്കെൻ പൈതൃകം റോമിൽ ഇന്നും ദൃശ്യമാണ്. തങ്ങളുടെ ജൂപ്പിറ്റർ, ജൂണോ, മിനർവ എന്നിവയുൾപ്പെട്ട ത്രിത്വദൈവത്തിനായി സമർപ്പിക്കപ്പെട്ട കാപ്പിറ്റോളിൻ ക്ഷേത്രം; ത്രിഭാഗീക്ഷേത്രങ്ങൾ; ആദ്യകാല നഗരഭിത്തികൾ; പൊതുസ്ഥലങ്ങളിലെ അഴുക്കുചാലുകൾ എന്നിവയ്ക്കെല്ലാം റോമാക്കാർ ഇട്രസ്ക്കെൻമാരോടു കടപ്പെട്ടിരിക്കുന്നു. റോമിന്റെ പ്രതീകമായ കാപ്പിറ്റോളിൻ ചെന്നായ് (ല്യൂപ്പാ കാപ്പിറ്റോളിന) പോലും ഇട്രസ്ക്കെൻ ഉത്ഭവമുള്ളതാണ്. തന്നെയുമല്ല, മരണത്തോളമുള്ള പോരാട്ടങ്ങൾ ഉൾപ്പെടുന്ന കളികളും മൃഗങ്ങളുമായുള്ള മൽപ്പിടുത്തങ്ങളുംപോലുള്ള അനേകം ഇട്രസ്ക്കെൻ ആചാരങ്ങൾ റോമാക്കാർ സ്വീകരിച്ചു. (1 കൊരിന്ത്യർ 15:32 താരതമ്യം ചെയ്യുക.) തന്റെ ദൃഷ്ടാന്തങ്ങളിലൊന്നിനോടുള്ള ബന്ധത്തിൽ പൗലൊസിന്റെ മനസ്സിലുണ്ടായിരുന്ന ജയോത്സവജാഥ ഇട്രസ്ക്കെൻ ഉത്ഭവമുള്ളതായിരുന്നു എന്നതിനു രണ്ടുപക്ഷമില്ല.—2 കൊരിന്ത്യർ 2:14.
ഇട്രസ്ക്കെൻ പ്രതീകങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു ഇടയന്റെ വടിയോടു സാമ്യമുള്ള ഇട്രസ്ക്കെൻ പുരോഹിത ദണ്ഡ്, ക്രൈസ്തവലോകത്തിലെ ബിഷപ്പുമാർ ഉപയോഗിക്കുന്ന അംശവടിയുടെ ആദ്യരൂപമായി തിരിച്ചറിയപ്പെട്ടിരിക്കുന്നു. ഇട്രസ്ക്കെൻ ഫാസെസ് (ഒരു മഴുവിനു ചുറ്റും ചേർത്തു കെട്ടിയ ദണ്ഡുകൾ) റോമാക്കാർ അധികാരത്തിന്റെ പ്രതീകമായും ഫ്രഞ്ച് വിപ്ലവകാലത്ത് ഒരു ചിഹ്നമായും ഉപയോഗിച്ചിരുന്നു. കൂടാതെ, 20-ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ ഫാസിസ്റ്റ് പാർട്ടിയും അത് ഉപയോഗിച്ചിരിക്കുന്നു.
ഈ ഗതകാലത്തിന്റെ മൂടുപടം അനാവരണം ചെയ്യുന്നതിനു പുരാവസ്തു ശാസ്ത്രജ്ഞൻമാർ കൂട്ടായി ശ്രമിച്ചിട്ടും ഇട്രസ്ക്കെൻമാരുടെ ഉത്ഭവവും അവരുടെ ജീവിതത്തിന്റെ അനേകം വശങ്ങളും ഒരു നിഗൂഢതയായി ഇന്നും തുടരുന്നു.
[24-ാം പേജിലെ ഭൂപടം]
ഇട്രൂറിയ
ഇറ്റലി
[24, 25 പേജുകളിലെ ചിത്രം]
1. റോമാ നഗരത്തിന്റെ പ്രതീകമായ കാപ്പിറ്റോളിൻ പെൺചെന്നായ്, പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ നിർമിച്ച ഒരു ഇട്രസ്ക്കെൻ വെള്ളോടുശിൽപ്പം
2. ഇട്രസ്ക്കെൻ ഭാഷയിലും (വലത്ത്) ഫൊയ്നീക്യ ഭാഷയിലും (ഇടത്ത്) ആലേഖനങ്ങളുള്ള ഈ സ്വർണ ഫലകങ്ങളിൽ യൂനിക്കുള്ള (അസ്റ്റാർട്ടി) ഒരു അർപ്പണലിഖിതം ഉൾക്കൊള്ളുന്നു
3. ഒരു ഇട്രസ്ക്കെൻ ദമ്പതികളുടെ ശിലാശവപ്പെട്ടി
4. പൊ.യു.മു. നാലാം നൂറ്റാണ്ടിലെ ഒരു ഇട്രസ്ക്കെൻ കമാനവീഥി. റോമാക്കാർ ഇട്രസ്ക്കെൻമാരിൽനിന്നാണ് കമാനനിർമാണം വശമാക്കിയത്
5. വീഞ്ഞു കലർത്താനുപയോഗിച്ചിരുന്ന പൊ.യു.മു. ഏഴാം നൂറ്റാണ്ടിലെ ഇട്രസ്ക്കെൻ ഭരണിയും താങ്ങിയും
[കടപ്പാട്]
സ്വർണ ഫലകങ്ങൾ: Museo Nazionale di Villa Giulia, Roma; ശിലാശവപ്പെട്ടിയും ഭരണിയും: Musée du Louvre, Paris