ശാന്തതയും സ്വസ്ഥതയുമുള്ള ഒരു കാലം വരുമോ?
വിദേശത്ത് അവധിക്കാലം ചെലവഴിക്കാൻ പോയ ബ്രിട്ടീഷുകാരായ വിനോദയാത്രികരോട് അവിടെ അവർ പ്രതീക്ഷിച്ചത് എന്താണെന്നു ചോദിച്ചപ്പോൾ 4-ൽ ഏതാണ്ട് 3 പേർ വീതം മറുപടി പറഞ്ഞത് “ശാന്തതയും സ്വസ്ഥതയും” എന്നായിരുന്നു. എന്നാൽ ശബ്ദമലിനീകരണം ഒരു ലോകവ്യാപക പ്രശ്നമായിരിക്കുന്നതിനാൽ യഥാർഥത്തിലുള്ള ശാന്തതയും സ്വസ്ഥതയും കേവലമൊരു മിഥ്യയാണെന്ന് പലരും വിശ്വസിക്കുന്നു.
ശബ്ദമലിനീകരണം കുറയ്ക്കാനായി തീവ്ര ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പൂർണ വിജയം എന്നെങ്കിലും സാധ്യമാകുമെന്നുള്ള വിശ്വാസം വാസ്തവികമാണോ എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടാകും. നിങ്ങളുടെ അതേ ഉത്കണ്ഠകളില്ലാത്തവരുടെ കാര്യമോ?
തരണം ചെയ്യേണ്ട തടസ്സങ്ങൾ
വിരോധികളോട് സംസാരിക്കുന്നതെളുപ്പമല്ല, നിങ്ങളുടെ വീക്ഷണഗതി അവർക്കു മനസ്സിലാക്കിക്കൊടുക്കാനാണെങ്കിൽ അതിലേറെ ബുദ്ധിമുട്ടാണ്. റോൺ താമസിക്കുന്ന കെട്ടിടത്തിനു വെളിയിൽ ബഹളക്കാരായ കൗമാരപ്രായക്കാരുടെ സംഘങ്ങൾ കൂടിവന്നപ്പോൾ അവരോട് സൗഹൃദപൂർവം ഇടപെടുന്നതിൽ അവൻ മുൻകൈയെടുത്തു. അവൻ അവരോട് പേരുകൾ ചോദിച്ചു. അവരിലൊരുവന്റെ സൈക്കിൾ ശരിയാക്കാൻ സഹായിക്കുകപോലും ചെയ്തു. അതിൽപ്പിന്നെ, അവരിൽനിന്ന് അവനു യാതൊരു ഉപദ്രവവും ഉണ്ടായിട്ടില്ല.
ഇനി, മാർജ്രിയുടെ കാര്യമെടുക്കുക. കൗമാരപ്രായക്കാരിയായ ഒരു മകളുള്ള ഏകാകിയായ മാതാവാണവർ. ഒരു അപ്പാർട്ട്മെൻറിൽ, ഒച്ചപ്പാടുണ്ടാക്കുന്ന അയൽക്കാരുടെ ഇടയിലാണ് അവരുടെ താമസം. മുകളിൽ താമസിക്കുന്നവർ തറയിൽ കയറ്റുപായ് ഇട്ടിട്ടില്ല. അതുകൊണ്ട്, കുട്ടികൾ തറയിലൂടെ ചക്രമുള്ള ഷൂ ഇട്ട് തെന്നി നടക്കുമ്പോഴും പന്തടിക്കുമ്പോഴും കട്ടിലിൽനിന്ന് ചാടുമ്പോഴും എല്ലാം മാർജ്രിയെ അത് അസ്വസ്ഥയാക്കുന്നു. കുട്ടികളുടെ അമ്മയാണെങ്കിൽ വീടിനകത്ത് ഉപ്പൂറ്റി ഉയർന്ന ചെരിപ്പാണ് ധരിക്കുന്നത്. ഒച്ച കുറയ്ക്കാമോയെന്ന് തന്റെ അയൽക്കാരിയോടു ചോദിക്കുന്നതിനായി മാർജ്രി അവരെ ദയാപൂർവം സമീപിച്ചു. എന്നാൽ അവർക്കിടയിലുള്ള ഭാഷാതടസ്സം കാരണം ഉദ്ദേശ്യം സാധിച്ചില്ല. എന്നാൽ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു ദ്വിഭാഷിയെ അയയ്ക്കാമെന്ന് പ്രാദേശിക മുനിസിപ്പൽ കൗൺസിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മാർജ്രി കാര്യങ്ങൾ മെച്ചപ്പെടുന്നതിനായി കാത്തിരിക്കുന്നു.
താഴെ താമസിക്കുന്ന ആളാണെങ്കിൽ എന്നും രാവിലെ ഏഴിനും എട്ടിനും ഇടയ്ക്ക് ഉച്ചത്തിൽ പാട്ടു വെക്കുന്നു, നിർത്താതെയുള്ള ഗംഭീര താളമടിയും ഒപ്പം ഉണ്ടാകും. ആ മനുഷ്യനോട് നയപൂർവം സംസാരിച്ചപ്പോൾ, ‘ജോലി ചെയ്യാൻ നല്ല മൂഡ് ഉണ്ടാകണമെങ്കിൽ’ സംഗീതം കേൾക്കണം എന്നായിരുന്നു മറുപടി. മാർജ്രി എങ്ങനെയാണ് പ്രശ്നം തരണം ചെയ്യുന്നത്?
“ഞാൻ ആത്മസംയമനവും ക്ഷമയും വളർത്തിയെടുത്തുകൊണ്ടിരിക്കുകയാണ്,” അവർ പറയുന്നു. “ഞാൻ എന്റെ കാര്യപരിപാടിക്കു മാറ്റം വരുത്തി. ഒച്ചയുണ്ടെങ്കിലും ഞാൻ വായിക്കാൻ തുടങ്ങും. പെട്ടെന്നുതന്നെ ഞാൻ വായനയിൽ മുഴുകും. അപ്പോൾ ഞാൻ ഒച്ച മുമ്പത്തെ അത്രയും ശ്രദ്ധിക്കില്ല.”
നേരേമറിച്ച്, ഹെതെർ താമസിക്കുന്നത് ഒരു നിശാക്ലബ്ബിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഒരു അപ്പാർട്ട്മെൻറിലാണ്. ബഹളംനിറഞ്ഞ രാത്രിക്കു ശേഷം ആ നിശാക്ലബ്ബ് അടയ്ക്കുന്നത് രാവിലെ ഏതാണ്ട് ആറു മണിയോടുകൂടിയാണ്. ഒടുവിൽ അവൾ പ്രദേശത്തെ അധികാരികളോട് പരാതിപ്പെട്ടെങ്കിലും പ്രശ്നപരിഹാരത്തിനായി അവർ കാര്യമായി ഒന്നും തന്നെ ചെയ്തിട്ടില്ല.
ഒച്ചപ്പാട് അവസാനിക്കുമോ?
“പലയാളുകളും പൂർണ നിശബ്ദത അങ്ങേയറ്റം അസ്വാസ്ഥ്യജനകവും ഭയപ്പെടുത്തുന്നതുമാണെന്നു കണ്ടെത്തുന്നു” എന്ന് ബ്രിട്ടനിലെ മെഡിക്കൽ റിസേർച്ച് കൗൺസിലിന്റെ ശ്രവണ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. റോസ് കോൾസ് പ്രസ്താവിക്കുന്നു. മനോജ്ഞമായ കളകൂജനങ്ങൾ, മണൽനിറഞ്ഞ കടൽത്തീരത്ത് തിരമാലകൾ വന്നലയ്ക്കുന്നതിന്റെ സൗമ്യനാദം, കുട്ടികൾ ആവേശഭരിതരായി ഒച്ചവെക്കുന്നത്—ഇവയും മറ്റുചില ശബ്ദങ്ങളും നമ്മെ ആഹ്ലാദിപ്പിക്കുന്നു. ഒച്ചയിൽനിന്ന് കുറച്ചാശ്വാസത്തിനായി നാമിപ്പോൾ ആഗ്രഹിച്ചേക്കാമെങ്കിലും നമ്മോടു വർത്തമാനം പറഞ്ഞിരിക്കുന്ന നല്ല കൂട്ടുകാരോടൊപ്പമായിരിക്കുന്നതിൽ നാം സന്തുഷ്ടരാണ്. ദൈവം തന്റെ വിശ്വസ്ത സേവകർക്ക് ശാന്തതയും സ്വസ്ഥതയും വാഗ്ദാനം ചെയ്യുന്നു.
ബൈബിളിൽ സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:11) ദൈവത്തിന്റെ സ്വർഗരാജ്യ ഗവൺമെൻറ് പെട്ടെന്നുതന്നെ മാനുഷിക കാര്യങ്ങളിൽ ഇടപെടും. (ദാനീയേൽ 2:44) അപ്പോൾ ക്രിസ്തുയേശുവിന്റെ ഭരണത്തിൻ കീഴിൽ “ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാ”കും.—സങ്കീർത്തനം 72:7; യെശയ്യാവു 9:6, 7.
ദൈവത്തിന്റെ ഇടപെടൽ നാമെല്ലാം ആഗ്രഹിക്കുന്ന ശാന്തതയും സ്വസ്ഥതയും കൈവരുത്തുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. ദൈവത്തിന്റെ പ്രവാചകനായ യെശയ്യാവ് അതാണ് മുൻകൂട്ടിപ്പറഞ്ഞത്: “നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും. എന്റെ ജനം . . . സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.”—യെശയ്യാവു 32:17, 18.
ഇപ്പോൾപോലും നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളുടെ കൂടിവരവുകളിൽ നിങ്ങൾക്ക് ആത്മീയ ശാന്തതയും സ്വസ്ഥതയും കണ്ടെത്താൻ കഴിയും. ചില സന്ദർഭങ്ങളിൽ വലിയ കൺവെൻഷനുകളിൽ പതിനായിരക്കണക്കിനാളുകൾ ആരാധനയ്ക്കായി ഒന്നിച്ചുകൂടിവരുന്നുണ്ടെങ്കിലും—സ്ത്രീകളും പുരുഷൻമാരും കുട്ടികളും ഉള്ളതു നിമിത്തം ഈ കൂടിവരവുകൾ വാസ്തവത്തിൽ “ശബ്ദമുഖരിതമാ”ണ്—അവിടുത്തെ ശബ്ദം അലോസരപ്പെടുത്തുന്നതല്ല, പിന്നെയോ ഹൃദ്യമാണ്. (മീഖാ 2:12, പി.ഒ.സി. ബൈബിൾ) സാക്ഷികളുടെ പ്രാദേശിക യോഗങ്ങളിൽ ഹാജരായിക്കൊണ്ടോ ഈ മാസികയുടെ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഒരു മേൽവിലാസത്തിൽ എഴുതിക്കൊണ്ട് അവരുമായി ബന്ധപ്പെടുന്നതു വഴിയോ നിങ്ങൾക്കതു നേരിട്ട് അനുഭവിച്ചറിയാൻ കഴിയും. അവരോടൊത്തുള്ള സഹവാസത്തിൽ യഥാർഥ ശാന്തതയും സ്വസ്ഥതയും ഇപ്പോഴും ഒരുപക്ഷേ എക്കാലത്തും ആസ്വദിക്കുക.