“കോഴി മഴയത്ത് പിന്തുടരുന്നത് ...”
നൈജീരിയയിലെ ഉണരുക! ലേഖകൻ
ലോകമൊട്ടാകെ വിതരണം ചെയ്യപ്പെട്ട രാജ്യവാർത്ത നമ്പ. 34-ന്റെ ശേഖരം, തെക്കേ നൈജീരിയയിലുള്ള ഞങ്ങളുടെ കൊച്ചു സഭയ്ക്കു ലഭിച്ചപ്പോൾ ഞങ്ങളുടെ പ്രദേശത്തിന്റെ ഭാഗങ്ങളിലേക്കെല്ലാം അതിന്റെ പ്രതികൾ കൊണ്ടുപോകാൻ ഞങ്ങൾക്ക് ഉത്സാഹമായിരുന്നു. അത് അത്ര എളുപ്പമുള്ള ജോലിയായിരുന്നില്ല. ഞങ്ങളുടെ പ്രദേശത്ത് മരച്ചീനിയും ചേനയും കൂടാതെ മറ്റു ഭക്ഷ്യവസ്തുക്കളും കൃഷിചെയ്യുന്ന സ്ഥലങ്ങളുണ്ടായിരുന്നു. ഈ കൃഷിയിടങ്ങൾ അങ്ങ് ഉഷ്ണമേഖലാ വനാന്തരത്തിലായിരുന്നു. അവിടെ എത്തിപ്പെടുന്നതു ബുദ്ധിമുട്ടുതന്നെ, എന്നാൽ അസാധ്യമല്ലതാനും. സുവാർത്ത എല്ലാ തരത്തിലുള്ള ആളുകളുടെയും, വനത്തിലെ കൃഷിക്കാരുടെ പോലും അടുക്കൽ എത്തണമെന്നതാണല്ലോ ദൈവേഷ്ടം.—1 തിമൊഥെയൊസ് 2:3, 4.
അതുകൊണ്ട്, 1995 ഒക്ടോബർ 16-ാം തീയതി രാവിലെ 7:30-ന് ഞങ്ങൾ 18 പേർ പുറപ്പെട്ടു. ഏതാണ്ട് മൂന്നര കിലോമീറ്റർ അകലെയുള്ള അബൊംപാഡ എന്ന ഒരു കൃഷിയിടത്തിലേക്ക്. വഴിക്കുവെച്ച് ഞങ്ങൾക്ക് അരയ്ക്കൊപ്പം വെള്ളമുള്ള ഒരു തോട് കുറുകെ കടക്കണമായിരുന്നു.
അതേ ദിവസം മറ്റൊരു കൃഷിയിടത്തിലെത്താൻ ഞങ്ങൾക്ക് കുറേക്കൂടെ വലിയൊരു തോട് കടക്കണമായിരുന്നു. ഇപ്രാവശ്യം നാലു സഹോദരന്മാരും ഒരു സഹോദരിയും മാത്രമേ അക്കരെ കടന്നുള്ളൂ. കൂട്ടത്തിലെ മറ്റാരും പോയില്ല.
ആ ദിവസം, ശ്രദ്ധിക്കാൻ സന്നദ്ധരായ ഒട്ടേറെ ആളുകളെ ഞങ്ങൾ കണ്ടെത്തി. വനബത്ത എന്നു ഞങ്ങൾ വിളിച്ച ഒന്ന് ഞങ്ങളുടെ സന്തോഷം വർധിപ്പിച്ചു. പോകുന്ന വഴിക്ക് ഞങ്ങൾ വനത്തിൽ കായിച്ചുനിന്നിരുന്ന ചില പഴങ്ങൾ പറിച്ചുതിന്നു. ആതിഥ്യമര്യാദയുള്ള കൃഷിക്കാരെ ഞങ്ങൾ കണ്ടുമുട്ടി. അവരുടെ അടുക്കലെത്തിപ്പെടാൻ ഞങ്ങൾ നടത്തിയ ശ്രമങ്ങളെ അവർ വിലമതിച്ചു; ദാഹം ശമിപ്പിക്കാൻ അവർ ഞങ്ങൾക്ക് ഓറഞ്ചുകൾ തന്നു. ഏതാണ്ട് 250 പേരെ ഞങ്ങൾ കണ്ടുമുട്ടി. കൈവശമുണ്ടായിരുന്ന ലഘുലേഖകളെല്ലാം ഞങ്ങൾ വിതരണം ചെയ്തു.
ഒരു വൻ വെല്ലുവിളി
യഥാർഥത്തിലുള്ള വെല്ലുവിളി ഉണ്ടായത് രണ്ടു ദിവസത്തിനുശേഷമായിരുന്നു. 12 കിലോമീറ്റർ അകലെയുള്ളതാണ് ഓഷേ അനാസി, ഒരുപക്ഷേ സംഘടിതമായ പ്രസംഗപ്രവർത്തനം ഒരിക്കലും നടത്തപ്പെട്ടിട്ടില്ലാത്ത ഒരു കൃഷിയിടം. ചിലർ അവിടേക്കു പോകുന്നതിൽ വൈമുഖ്യമുള്ളവരായിരുന്നു. യൂറാസി നദി കടക്കുന്നത് അപകടം നിറഞ്ഞ ഒരു സംരംഭമായിരുന്നു. ഞങ്ങളിൽ പലർക്കും നീന്തലുമറിയില്ലായിരുന്നു. കൂർത്ത മരക്കുറ്റികൾ ഉള്ളതുകൊണ്ട് വെള്ളത്തിൽ ഇറങ്ങിക്കടക്കുന്നത് അപകടകരമായേക്കാം. ചെളിയുള്ള സ്ഥലങ്ങളിൽ വഴുക്കലുണ്ടായിരുന്നു, വീഴ്ചയിൽ പരുക്കു പറ്റിയേക്കാം. കൈകൊണ്ടു നിർമിച്ച പാലങ്ങളിൽ ചിലത് ഉറപ്പില്ലാത്തവയായിരുന്നു. പാമ്പുകൾ, മുതലകൾ എന്നിവയ്ക്കു പുറമേ അട്ടകൾ നിറഞ്ഞ അരുവികളുമുണ്ടായിരുന്നു.
ഞങ്ങൾ പതിനാറു പേർ എന്തായാലും പോകാൻതന്നെ തീരുമാനിച്ചു. ഒന്നര കിലോമീറ്ററോളം നടന്നശേഷം കുത്തൊഴുക്കുള്ള, അപകടം നിറഞ്ഞ യൂറാസി നദി കടക്കാൻ ഞങ്ങൾ ഒരു ചിറ്റോടത്തിൽ കയറി. ചിറ്റോടത്തിലെത്താൻ ഞങ്ങൾ ചെങ്കുത്തായ ഒരു കുന്ന് ഇറങ്ങിവരേണ്ടതുണ്ടായിരുന്നു. മഴക്കാലമായതുകൊണ്ട് നദി കരകവിഞ്ഞൊഴുകുകയായിരുന്നു. പ്രദേശം മുഴുവൻ കളിമണ്ണ്; മഴക്കാലത്ത് അവിടെ നല്ല വഴുക്കലാണ്. ചിറ്റോടത്തിൽനിന്ന് ഇറങ്ങിയപ്പോൾ നടപ്പാത ഒരു അരുവിയായി മാറിയിരിക്കുന്നതു ഞങ്ങൾ കണ്ടെത്തി. അതിന്റെ ചില ഭാഗങ്ങളിൽ ഒരു മീറ്റർ താഴ്ചയുണ്ടായിരുന്നു. ശരിക്കുള്ള കുഴപ്പങ്ങൾ ആരംഭിച്ചത് അവിടെനിന്നായിരുന്നു.
അരുവിയായി മാറിയ ഈ പാതയിലൂടെ ഞങ്ങൾ 30 മിനിറ്റോളം ആയാസപ്പെട്ടു നടന്നു. നിലത്ത് നല്ല വഴുക്കലുണ്ടായിരുന്നതുകൊണ്ട് ഞങ്ങളിൽ പലരും ചെളിവെള്ളത്തിൽ വീണുപോയി. ബൈബിളും മാസികകളും ലഘുലേഖകളുമെല്ലാം നനഞ്ഞുകുതിർന്നു. ഞങ്ങൾ നല്ല ഉത്സാഹത്തിലായിരുന്നതുകൊണ്ട് ആരെങ്കിലും വീണാൽ എല്ലാവരും ചിരിക്കും, വീണയാളുൾപ്പെടെ.
ചെറിയൊരു തോട് മുറിച്ചുകടക്കുന്നതിനിടെ ഞങ്ങളുടെ കാലിലെല്ലാം അട്ടകൾ കടിച്ചുതൂങ്ങി. കാലിൽ അട്ട കടിച്ചുതൂങ്ങിയപ്പോൾ ഒരു യുവ സഹോദരി ഉച്ചത്തിൽ നിലവിളിച്ചു. അട്ടയെ നീക്കം ചെയ്തിട്ടും അവൾ നിലവിളിച്ചുകൊണ്ടിരുന്നു. അതും സാഹസികതയുടെ ഒരു ഭാഗമായി നർമരസത്തോടെ ഞങ്ങൾ സ്വീകരിച്ചു, വീണ്ടും യാത്ര തുടർന്നു.
മറ്റൊരു അരുവി മുറിച്ചുകടക്കേണ്ടി വന്നപ്പോൾ ഒരു സഹോദരൻ മറ്റുള്ളവരെപ്പോലെ വെള്ളത്തിലൂടെ ഇറങ്ങിക്കടക്കുന്നതിനു പകരം ചാടിക്കടക്കാൻ തീരുമാനിച്ചു. വെള്ളത്തിൽ അദ്ദേഹം വിജയിച്ചെങ്കിലും ചെളിയിൽ അതു വിലപ്പോയില്ല. കാൽ തെന്നി അദ്ദേഹം മലർന്നടിച്ച് ചെളിയിൽ വീണു. അദ്ദേഹം എഴുന്നേറ്റു, സ്വയം പരിശോധിച്ചു. മുറിവൊന്നും ഇല്ലെന്നു മനസ്സിലാക്കിയപ്പോൾ പറഞ്ഞു: “സാരമില്ല; ഇത് ഇതിന്റെ ഒരു ഭാഗമാണ്.” അപ്പോസ്തലനായ പൗലൊസും “നദികളിലെ ആപത്തു”—ഒരുപക്ഷേ ഞങ്ങൾ നേരിട്ടതിലും ഏറെ വലിയത്—നേരിട്ടത് ഞങ്ങൾ അനുസ്മരിച്ചു.—2 കൊരിന്ത്യർ 11:26.
കൈകൊണ്ടു നിർമിച്ച, തകർന്നുവീഴാറായ ഒരു പാലത്തിലൂടെ ഞങ്ങൾ നടന്നു. ഒരുവിധം ഞങ്ങളെല്ലാവരും കടന്നുപറ്റി. തുടർന്നുള്ള പ്രദേശം കൂടുതൽ വഴുക്കലുള്ളതായിരുന്നു. കൂടെക്കൂടെ എല്ലാവരും വീണുകൊണ്ടിരുന്നു.
70 വയസ്സോളം പ്രായമുണ്ടായിരുന്ന, നിരന്തര പയനിയറായിരുന്ന ഒരു സഹോദരൻ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. രാവിലെ അദ്ദേഹം ഞങ്ങൾക്കു യാത്രാമംഗളങ്ങൾ നേരാൻ വന്നതായിരുന്നു. എന്നാൽ യഹോവയുടെ അനുഗ്രഹത്തിനായി ഞങ്ങൾ പ്രാർഥിച്ചശേഷം അദ്ദേഹം പറഞ്ഞു: “നിങ്ങളെല്ലാം പ്രസംഗവേലയ്ക്കു പോകുമ്പോൾ ഞാൻ എങ്ങനെ വരാതിരിക്കും?” ഞങ്ങളോടൊപ്പം വരണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചുകൊണ്ടിരുന്നു. എന്തെല്ലാം പറഞ്ഞിട്ടും അദ്ദേഹം പിന്മാറിയില്ല. യഹോവ തന്നോടൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹം കൂടെ പോന്നു.
വഴുക്കലുള്ള സ്ഥലത്ത് അദ്ദേഹം മലർന്നടിച്ചു വീണപ്പോൾ ആരും ചിരിച്ചില്ല. വല്ലതും പറ്റിയോ എന്ന് ഉത്കണ്ഠയോടെ ഞങ്ങൾ തിരക്കി. അദ്ദേഹം പ്രതിവചിച്ചു: “ഇല്ല, നിലത്തിന് ഒന്നും പറ്റാതിരിക്കാൻ ഞാൻ മെല്ലെയാണു വീണത്.” ഞങ്ങൾ ആശ്വാസത്തോടെ ചിരിച്ചു. ‘യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും’ എന്ന യെശയ്യാവു 40:31 ഞങ്ങൾ ഓർമിച്ചു.
വിലമതിപ്പുള്ള ശ്രോതാക്കൾ
ഒടുവിൽ ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. ആളുകളുടെ പ്രതികരണം അത്യന്തം പ്രോത്സാഹജനകമായിരുന്നു. ഒരു മനുഷ്യൻ, തന്റെ കുടിലിനുനേരെ ഞങ്ങൾ നടന്നടുക്കുന്നതു കണ്ടപ്പോൾ ഭയന്നുപോയി. എന്നാൽ ഞങ്ങൾ ആരാണെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഇത്ര കഷ്ടപ്പെട്ടു യാത്ര ചെയ്തത് ഞങ്ങളോടും പ്രസംഗിക്കാൻ വേണ്ടി മാത്രമായിരുന്നുവെന്നത് എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. ഞങ്ങൾ അതു വിലമതിക്കുന്നു.” മറുപടിയായി ഞങ്ങൾ പറഞ്ഞത് അവിടുത്തെ ഒരു പഴഞ്ചൊല്ലാണ്: “കോഴി മഴയത്ത് പിന്തുടരുന്നത് അതിനു വിലപ്പെട്ടതാണ്.” അയാൾക്കു കാര്യം പിടികിട്ടി.
മറ്റൊരു കൃഷിക്കാരൻ പറഞ്ഞു: “പ്രസംഗപ്രവർത്തനം ഈ സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ അതിന്റെ അർഥം രക്ഷ ഞങ്ങളുടെ അടുക്കൽ എത്തിച്ചേർന്നെന്നാണ്.” പലർക്കും ചോദ്യങ്ങളുണ്ടായിരുന്നു, ഞങ്ങൾ അവയ്ക്കെല്ലാം മറുപടി നൽകി. വീണ്ടും വരണമെന്ന് അവർ ആവശ്യപ്പെട്ടു. വരാമെന്നു ഞങ്ങൾ വാക്കുകൊടുത്തു.
ഓഷേ അനാസിയിൽ ഞങ്ങൾ 112 ലഘുപത്രികകൾ സമർപ്പിക്കുകയുണ്ടായി. അതായത്, കൈവശമുണ്ടായിരുന്നതു മുഴുവൻ. ഞങ്ങൾ മൊത്തം ഏതാണ്ട് 220 ആളുകൾക്കു സാക്ഷ്യം നൽകി.
തിരിച്ചുവരുമ്പോൾ ഞങ്ങൾക്കു വഴിതെറ്റി. കൃഷിയിടത്തിലേക്കു തിരിച്ചുചെല്ലാനുള്ള വഴി വീണ്ടും കണ്ടുപിടിക്കണമെങ്കിൽത്തന്നെ ഒന്നര മണിക്കൂർ എടുക്കും. രാത്രിയാകാറായി. ഞങ്ങൾ യഹോവയോടു നിശബ്ദം പ്രാർഥിച്ചു. അരയ്ക്കൊപ്പം വെള്ളമുണ്ടായിരുന്ന, അപകടം പതിയിരിക്കുന്ന ഒരു അരുവിയിലൂടെ പോകേണ്ടതുണ്ടായിരുന്നെങ്കിലും മുന്നോട്ടു പോകാൻതന്നെ ഞങ്ങൾ തീരുമാനിച്ചു.
അരുവി മുറിച്ചുകടന്നപ്പോൾ ഞങ്ങൾക്കു വഴി പിടികിട്ടി. ഞങ്ങളെ വിസ്മയിപ്പിക്കുമാറ് വീട്ടിലേക്കിനി അൽപ്പം ദൂരമേ ഉള്ളുവെന്നു ഞങ്ങൾ കണ്ടെത്തി. വഴിതെറ്റി ഞങ്ങൾ വന്നത് ഒരു കുറുക്കുവഴിയിലൂടെയായിരുന്നു. അങ്ങനെ ഒരു മണിക്കൂർ നേരത്തെ യാത്രയെങ്കിലും കുറഞ്ഞുകിട്ടിയിരുന്നു. ഞങ്ങൾ എല്ലാവരും സന്തുഷ്ടരായിരുന്നു. യഹോവയോടു ഞങ്ങൾ നന്ദി പറഞ്ഞു. സന്ധ്യ മയങ്ങവേ ഞങ്ങൾ വസതികളിൽ തിരിച്ചെത്തി. ക്ഷീണിച്ച്, വിശന്നുവലഞ്ഞ്, എന്നാൽ അതീവ സന്തുഷ്ടരായി.
പിന്നീട് അന്നത്തെ അനുഭവങ്ങളെക്കുറിച്ചു സംസാരിക്കവേ ഒരു സഹോദരി പറഞ്ഞു: “ആ സ്ഥലത്തെക്കുറിച്ചു ഞാൻ മുമ്പു കേട്ടിട്ടുണ്ട്. അതുകൊണ്ട് വീഴുമെന്ന് എനിക്കറിയാമായിരുന്നു. സുവാർത്തയ്ക്കുവേണ്ടി അല്ലായിരുന്നെങ്കിൽ ഞാൻ ഈ സ്ഥലത്തേക്കു പോകുകയില്ലായിരുന്നു, ഈ ലോകത്തിലെ ധനം മുഴുവൻ എനിക്കു തരാമെന്നു പറഞ്ഞാൽപ്പോലും!” ഒരു സഹോദരൻ വിസ്മയത്തോടെ പറഞ്ഞു: “ഒടുവിൽ ഓഷേ അനാസിയിലും സുവാർത്ത എത്തിയിരിക്കുന്നു!”
[23-ാം പേജിലെ ചിത്രങ്ങൾ]
ഒരു പാലത്തിലൂടെ കടക്കുന്നു
അട്ടകൾ നിറഞ്ഞ ഒട്ടേറെ അരുവികൾ ഞങ്ങൾ മുറിച്ചുകടന്നു
അപകടം പതിയിരിക്കുന്ന ഈ പാതയുടെ അടിവാരത്തിൽവെച്ചാണ് ഞങ്ങൾ ഒരു ചിറ്റോടത്തിൽ കയറിയത്, യൂറാസി നദി കടക്കാൻ