യുവജനങ്ങൾ ചോദിക്കുന്നു . . .
ദൈവം തുടർന്നും എന്റെ സുഹൃത്തായിരിക്കുമോ?
ദൈവത്തിന്റെ സൗഹൃദം ആസ്വദിച്ച ഒരാളായിരുന്നു ദാവീദ് രാജാവ്. എന്നാൽ ഒരു സന്ദർഭത്തിൽ അവൻ പറഞ്ഞു: “എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു.” മറ്റുള്ളവരിൽനിന്നുള്ള ദുഷ്പ്പെരുമാറ്റങ്ങൾ നിമിത്തം മാത്രമല്ല സ്വന്തം തെറ്റുകൾ നിമിത്തവും ദാവീദിന് ദുരിതം അനുഭവിക്കേണ്ടി വന്നു. ദൈവം പോലും തന്നെ കൈവിട്ടതായി അവനു തോന്നിത്തുടങ്ങി. അവൻ പ്രാർഥിച്ചു: “എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.”—സങ്കീർത്തനം 25:11, 16-19.
ഒരുപക്ഷേ നിങ്ങൾക്കും അരിഷ്ടത അനുഭവപ്പെടുന്നുണ്ടായിരിക്കാം. ഭവനത്തിലോ സ്കൂളിലോ നിങ്ങളെ ആകുലീകരിക്കുന്ന അസുഖകരമായ ഒരന്തരീക്ഷമായിരിക്കാം ഉള്ളത്. ഗുരുതരമായ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടായിരിക്കാം, അല്ലെങ്കിൽ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള ബലഹീനതകൾ നിങ്ങൾ നേരിടുന്നുണ്ടായിരിക്കാം. സാഹചര്യം എന്തുതന്നെയായാലും നിങ്ങൾ തനിച്ച് ഈ ദുരിതങ്ങളെല്ലാം അനുഭവിക്കേണ്ടതില്ല; ദൈവം ഉദാരമായി തന്റെ സൗഹൃദവും പിന്തുണയും വാഗ്ദാനം ചെയ്യുന്നു.a നിങ്ങൾ ഇതിനോടകം അവനുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ, തന്റെ സുഹൃത്തുക്കൾ പ്രയാസകരമായ ഒരവസ്ഥയിലായിരിക്കുമ്പോൾ അവൻ അവരെ കൈവെടിയുകയില്ലെന്ന് അറിയുന്നത് ആശ്വാസദായകമായിരിക്കും. എങ്കിൽത്തന്നെയും, പ്രയാസങ്ങൾ നിങ്ങളെ വേട്ടയാടുമ്പോൾ ദൈവം വിദൂരത്താണെന്നു നിങ്ങൾക്കു തോന്നിയേക്കാം. അവൻ നിങ്ങളെ ഒട്ടും സഹായിക്കുന്നില്ലെന്നുപോലും നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ വാസ്തവത്തിൽ അങ്ങനെയാണോ?
“ജഡത്തിൽ ഒരു ശൂലം”
ആദ്യംതന്നെ ദയവായി 2 കൊരിന്ത്യർ 12:7-10 വായിക്കുക. അവിടെ അപ്പോസ്തലനായ പൗലൊസ്, “ജഡത്തിൽ ഒരു ശൂലം” എന്നു വിളിക്കപ്പെടുന്ന ഒരു കാര്യത്തിൽനിന്ന് ക്ലേശമനുഭവിച്ചിരുന്നതിനെപ്പറ്റി പറയുന്നു. “ശൂലം” ഏതെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യം, ഒരുപക്ഷേ കാഴ്ചസംബന്ധമായ പ്രശ്നം ആയിരുന്നിരിക്കാനുള്ള സാധ്യതയുണ്ട്. എന്തുതന്നെയായിക്കൊള്ളട്ടെ അത് അവനെ വൈകാരികമായി ‘കുത്തി’ക്കൊണ്ടേയിരുന്നു. “ശൂലം” നീക്കം ചെയ്യാൻ മൂന്നു പ്രാവശ്യം ദൈവത്തോട് ആത്മാർഥമായി അഭ്യർഥിച്ചെങ്കിലും അതു നീക്കംചെയ്യപ്പെട്ടില്ല.
യഹോവ പൗലൊസിന്റെ പ്രാർഥനകളെ അവഗണിക്കുകയായിരുന്നോ? തീർച്ചയായും അല്ലായിരുന്നു! ദൈവം അവനോട് ഇപ്രകാരം അരുളിച്ചെയ്തു: ‘എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു.’ യഹോവ ആ “ശൂലം” നീക്കം ചെയ്തില്ലെങ്കിലും അവൻ പൗലൊസിനെ ഉപേക്ഷിച്ചില്ല. ദൈവത്തിന്റെ അനർഹദയ നിമിത്തം പൗലൊസ് അവനുമായി ഒരടുത്ത സൗഹൃദം ആസ്വദിച്ചു. തന്റെ വൈകല്യവുമായി കഴിഞ്ഞുകൂടുന്നതിനു പൗലൊസിനെ സഹായിക്കാൻ അതു “മതി”യായിരുന്നു. പൗലൊസ് അപ്രകാരം ചെയ്യാൻ മല്ലിട്ടുകൊണ്ടിരുന്നപ്പോൾ തന്നെ പുലർത്താനുള്ള ദൈവത്തിന്റെ ശക്തി അവൻ വ്യക്തിപരമായ പുതിയൊരു മാർഗത്തിലൂടെ അനുഭവിക്കുമായിരുന്നു.
ബുദ്ധിമുട്ടുകളെ തരണം ചെയ്യുന്നതിൽ സഹായം
പൗലൊസിനെപോലെ നിങ്ങൾക്കും അശുഭാപ്തിവിശ്വാസവും നിരുത്സാഹവും ഉളവാക്കുന്ന കുത്തുന്ന എന്തെങ്കിലും “ശൂലം” അല്ലെങ്കിൽ പ്രശ്നം ഉണ്ടായിരിക്കാം. പൗലൊസിന്റെ കാര്യത്തിലെന്നപോലെ ആ കുഴപ്പം തുടർന്നും നിലകൊള്ളാൻ ദൈവം അനുവദിച്ചേക്കാം. അവൻ മേലാൽ നിങ്ങളുടെ സുഹൃത്തല്ലെന്നല്ല അതിന്റെ അർഥം. ദൈവം പൗലൊസിനോടു പറഞ്ഞു: ‘എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.’ സ്വന്ത ശക്തിയിൽ ആശ്രയിക്കുന്നതിനുപകരം ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കുകയാണെങ്കിൽ നിങ്ങൾക്കു സഹിച്ചുനിൽക്കാൻ കഴിയും. ഒരിക്കലും സാധിക്കുകയില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ ദൈവാത്മാവിന്റെ സഹായത്താൽ നിവൃത്തിക്കാൻ സാധിക്കുന്നതായിപോലും നിങ്ങൾ കണ്ടെത്തിയേക്കും. പൗലൊസ് പറഞ്ഞു: ‘ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.’
മായb എന്നു പേരുള്ള ഒരു യുവതി ഇതു സത്യമാണെന്നു കണ്ടെത്തി. 14-ാം വയസ്സിൽ ഒരു നേത്രരോഗം പിടിപെട്ടതിന്റെ ഫലമായി അവൾക്കു കാഴ്ച നഷ്ടപ്പെട്ടു. അതേ വർഷംതന്നെ അവളുടെ അമ്മ പെട്ടെന്നു മരിച്ചു. “എനിക്കിപ്പോൾ യഹോവ മാത്രമേ ഉള്ളൂ എന്നായി,” വേദനിപ്പിക്കുന്ന ഈ “ശൂലങ്ങൾ” കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് മായ പറയുന്നു. “ഈ സാഹചര്യം വിജയകരമായി കൈകാര്യം ചെയ്യാൻ സാധിക്കണമെങ്കിൽ ഞാൻ അവനോടു പറ്റിച്ചേർന്നു നിൽക്കേണ്ടതുണ്ടെന്ന് എനിക്കറിയാമായിരുന്നു.” മായ അതുതന്നെ ചെയ്തു. കാലക്രമേണ അവൾ ഒരു മുഴുസമയ സുവിശേഷകയായി സേവിക്കാൻ തുടങ്ങി. അവൾ പറയുന്നു: “എല്ലാ കാര്യങ്ങളിലും എന്നെ സഹായിക്കാൻ ഞാൻ യഹോവയോട് ആവശ്യപ്പെട്ടു. അവൻ സഹായിക്കുകയും ചെയ്തു.”
പീഡനങ്ങൾ വാസ്തവത്തിൽ തങ്ങളെ ദൈവവുമായിട്ടടുപ്പിക്കുന്നതായി പല യുവാക്കളും കണ്ടെത്തിയിട്ടുണ്ട്. കൊച്ചു ജെഫിന്റെ കാര്യം പരിചിന്തിക്കുക. അവന്റെ അച്ഛൻ വീടുവിട്ടു പോയി. അമ്മയ്ക്കാണെങ്കിൽ ഏഴു മക്കളെ പരിപാലിക്കേണ്ടതുണ്ടായിരുന്നു. “എനിക്ക് ഒരച്ഛന്റെ അഭാവം വളരെയധികം അനുഭവപ്പെട്ടു,” ജെഫ് സമ്മതിക്കുന്നു. അവന് അപ്പോൾ വെറും 12 വയസ്സേ ഉണ്ടായിരുന്നുള്ളൂ. “ദിവസവും എനിക്കനുഭവപ്പെട്ടിരുന്ന ആ ശൂന്യത നികത്താൻ ആരെയെങ്കിലും ലഭിക്കുന്നതിനു ഞാൻ ആഗ്രഹിച്ചു.” ജെഫ് ചെയ്തത് എന്താണ്? “ആ ആവശ്യം നികത്താൻ എന്നെ സഹായിക്കാൻ ഞാൻ യഹോവയോട് അപേക്ഷിച്ചു.” ജെഫ് അവന്റെ പ്രാർഥനയോടു യോജിപ്പിൽ പ്രവർത്തിച്ചു. അവൻ ആത്മീയ കാര്യങ്ങളിൽ മുഴുകി. ക്രമേണ യഹോവയുടെ പിന്തുണ അവന് അനുഭവപ്പെടാൻ തുടങ്ങി. ശക്തീകരിക്കുന്ന തന്റെ പരിശുദ്ധാത്മാവിലൂടെയും ക്രിസ്തീയ സഭയിലൂടെയും ആയിരുന്നു അവൻ അതു പ്രദാനം ചെയ്തത്. (സങ്കീർത്തനം 27:10 താരതമ്യം ചെയ്യുക.) ഇപ്പോൾ 27-ാം വയസ്സിൽ ജെഫ് പറയുന്നു: “സുരക്ഷിതത്വത്തിനായി എനിക്ക് മറ്റാരെയും ആശ്രയിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഞാൻ യഹോവയുമായിട്ടു വളരെ അടുത്തു.” “ഈ പരിശോധനയുടെ ഫലമായിട്ടുണ്ടായ വിലതീരാത്ത അനുഗ്രഹം” എന്നാണ് അവൻ ആ അടുത്ത ബന്ധത്തെ വിളിക്കുന്നത്.
ദൈവത്തിന്റെ സഹായം ലഭിക്കാവുന്ന വിധം
നിങ്ങളുടെ സ്വർഗീയ സുഹൃത്ത് വിഷമഘട്ടങ്ങളിൽ നിങ്ങളെയും അപ്രകാരംതന്നെ സഹായിക്കും. എന്നാൽ നിങ്ങൾ എന്താണു ചെയ്യേണ്ടത്? ഏതൊരു സുഹൃദ്ബന്ധവും തഴച്ചുവളരണമെങ്കിൽ ആശയവിനിയമം ഉണ്ടായിരിക്കണം. ദൈവവുമായി ആശയവിനിയമം നടത്താനുള്ള മാർഗം പ്രാർഥനയാണ്. അവന്റെ സഹായം ആവശ്യമാണെന്ന് നാം അവനെ അറിയിക്കുന്നതു പ്രാർഥനയിലൂടെയാണ്. എന്നാൽ പ്രാർഥന തണുത്ത മട്ടിലുള്ളതോ യാന്ത്രികമോ ആണെങ്കിൽ അതിനൊരു വിലയുമില്ല. മുമ്പു പ്രതിപാദിച്ച യുവജനങ്ങളെപ്പോലെ നിങ്ങൾ ‘ഹൃദയം അവന്റെ മുമ്പിൽ പകരണം.’ (സങ്കീർത്തനം 62:8) നിങ്ങൾ യാചന കഴിക്കേണ്ടതായിപോലും വന്നേക്കാം. (ഫിലിപ്പിയർ 4:6) വിശിഷ്യ കഠിനവും മനമുരുകിയുമുള്ള പ്രാർഥനകളാണ് യാചനകൾ.
ചിന്തകൾക്കു കടിഞ്ഞാണിടുന്നതിലോ ഒരു ദുഷിച്ച ശീലം മറികടക്കുന്നതിലോ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടെന്നിരിക്കട്ടെ. യഹോവയോടു യാചന കഴിക്കുക! പ്രലോഭനങ്ങളുടെ സമയത്ത് അവന്റെ സഹായത്തിനായി യാചിക്കുക. ഇത് എപ്പോഴും എളുപ്പമായിരിക്കില്ല. “തെറ്റായ എന്തെങ്കിലും ചെയ്യാൻ ശക്തമായ പ്രേരണയുണ്ടാകുമ്പോൾ ഞാൻ എന്നെക്കൊണ്ടുതന്നെ പ്രാർഥിപ്പിക്കും,” ഗാരി സമ്മതിച്ചു. “ചിലപ്പോൾ ഞാൻ ചിന്തിക്കും, ‘ഞാൻ എങ്ങനെ യഹോവയെ സമീപിക്കും?’ എന്നാലും ഞാൻ സഹായത്തിനായി അവനോട് അഭ്യർഥിക്കും. പിടിച്ചുനിൽക്കാനുള്ള ശക്തി അവൻ എനിക്കു തരുന്നു.” ആദ്യമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടുമെങ്കിലും നിങ്ങളുടെ ഹൃദയം ദൈവത്തിന്റെ മുമ്പിൽ തുറന്നുകാട്ടിക്കൊണ്ടിരിക്കുക.
നിങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കാത്തതുപോലെ തോന്നുകയാണെങ്കിലോ? ഉദാഹരണത്തിന്, സ്വയംഭോഗമെന്ന ദുഷിച്ച ശീലം തരണം ചെയ്യാൻ ലൈല പാടുപെടുകയായിരുന്നു. അവൾ വിവരിക്കുന്നു: “ഞാൻ സത്യസന്ധമായി പ്രശ്നത്തെക്കുറിച്ച് യഹോവയോടു സംസാരിക്കുമായിരുന്നു. എന്നാൽ അതു നിറുത്താൻ എനിക്കു കഴിയില്ലെന്നതുപോലെ തോന്നി.” നമ്മുടെ ആവശ്യങ്ങൾ സംബന്ധിച്ച് നാം ഗൗരവമുള്ളവരാണോ എന്നു പ്രകടമാക്കാൻ ചിലപ്പോൾ ദൈവം അനുവദിച്ചേക്കാം. (സങ്കീർത്തനം 88:13, 14 താരതമ്യം ചെയ്യുക.) അതുകൊണ്ട് നാം പ്രാർഥനയിൽ ഉറ്റിരിക്കണം! (മത്തായി 7:7; റോമർ 12:12) ലൈല ചെയ്തത് അതുതന്നെയായിരുന്നു. അതേസമയംതന്നെ, ഈ വിഷയത്തെക്കുറിച്ച് വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളിൽ വന്ന നിർദേശങ്ങൾ അവൾ ബാധകമാക്കാനും തുടങ്ങി.c ക്രമേണ അതിന് ഫലമുണ്ടാകുന്നതായി അവൾ കാണാൻ തുടങ്ങി. അവൾ അനുസ്മരിക്കുന്നു: “പ്രലോഭനങ്ങളെ വിജയപ്രദമായി ചെറുക്കാൻ സാധിക്കുന്ന ഓരോ സന്ദർഭങ്ങളിലും ഞാൻ യഹോവയെ സ്തുതിക്കും. കാരണം, അവൻ എന്നോടൊപ്പമുണ്ടായിരുന്നെന്ന് എനിക്കറിയാമായിരുന്നു.” നിങ്ങളുടെ പ്രശ്നത്തെ തരണം ചെയ്യാനായി മല്ലിടവേ നിങ്ങൾ ചിലപ്പോൾ അതിലേക്കു വീണ്ടും വഴുതിവീണേക്കാം. എന്നാൽ നിങ്ങളുടെ ബലഹീനതയെ ചെറുക്കുകയും മനപ്പൂർവം അതിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നെങ്കിൽ ദൈവം നിങ്ങളുടെ ‘സകല ഉത്സാഹവും’ കണ്ട് സംപ്രീതനാകും. അവൻ തുടർന്നും നിങ്ങളുടെ സുഹൃത്തായിരിക്കും.—2 പത്രൊസ് 1:5.
ദൈവത്തോടൊത്തു പ്രവർത്തിക്കൽ
ദൈവത്തിന്റെ സഹായം ലഭിക്കാനുള്ള മറ്റൊരു മാർഗം, അവന്റെ ‘കൂട്ടുവേലക്കാരിൽ’ ഒരാളായിരിക്കാനുള്ള ക്ഷണം സ്വീകരിക്കുകയാണ്. (1 കൊരിന്ത്യർ 3:9) ദൈവത്തെക്കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. (മത്തായി 28:19, 20) നിങ്ങൾക്ക് ദുഃഖമോ നിരുത്സാഹമോ അനുഭവപ്പെടുമ്പോൾ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനത്തിൽ ഏർപ്പെടുകയെന്ന ആശയം സ്വീകാര്യമായി തോന്നുകയില്ലായിരിക്കാം. എങ്കിലും ‘കർത്താവിന്റെ വേലയിൽ വർധിച്ചുവരുന്നത്’ നിങ്ങളെ യഥാർഥത്തിൽ സഹായിക്കും. (1 കൊരിന്ത്യർ 15:58) ചുരുങ്ങിയപക്ഷം, സ്വന്തം പ്രശ്നത്തിൽനിന്ന് അത് നിങ്ങളുടെ മനസ്സിനെ വിമുക്തമാക്കും. (സദൃശവാക്യം 18:1 താരതമ്യം ചെയ്യുക.) മുമ്പ് ഉദ്ധരിച്ച മായ അവൾക്കു ബുദ്ധിമുട്ടു നേരിട്ട സമയങ്ങളെക്കുറിച്ചു പറയുന്നു: “എന്നെ പിടിച്ചുനിൽക്കാൻ സഹായിച്ച സംഗതി യഹോവയ്ക്കുവേണ്ടിയുള്ള എന്റെ പ്രവർത്തനമായിരുന്നു!”
ദൈവം നിങ്ങളെ കൈവെടിഞ്ഞെന്ന ചിന്ത ഇനിയും അവശേഷിക്കുകയാണെന്നിരിക്കട്ടെ. ദൈവത്തോടൊപ്പം വേല ചെയ്യുന്നത് അത് തരണം ചെയ്യാൻ നിങ്ങളെ സഹായിക്കും. ഒരു പൊതുവായ ലാക്ക് വെച്ചുകൊണ്ട് രണ്ടു പേർ ഒരു ടീം ആയി പ്രവർത്തിക്കുമ്പോൾ അവർ മിക്കവാറും സുഹൃത്തുക്കളായിത്തീരുന്നില്ലേ? പ്രസംഗവേലയിൽ ഏർപ്പെടവെ നിങ്ങൾ നിരന്തരം വെല്ലുവിളികൾ നേരിടുന്നു. സഹായത്തിനായി നിങ്ങൾ ദൈവത്തിലേക്കു തിരിയുന്നതായി നിങ്ങൾ കണ്ടെത്തും. ദൈവം നിങ്ങളുടെ വേലകളെ അനുഗ്രഹിക്കവെ അവന്റെ സൗഹൃദം കൂടുതൽ യാഥാർഥ്യമായിത്തീരുന്നു. ഒരു കൂട്ടുവേലക്കാരനെന്നനിലയിൽ ദൈവം നിങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം നിങ്ങൾ തിരിച്ചറിയാൻ തുടങ്ങുന്നു. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തിന് ഒരു യഥാർഥ പ്രചോദകമായിത്തീർന്നേക്കാം.
ഉദാഹരണത്തിന്, മഞ്ജു തികച്ചും അരക്ഷിതാവസ്ഥയിലായിരുന്നു. അവളുടെ അമ്മ ആത്മഹത്യ ചെയ്തു. ദുസ്വഭാവിയായ അച്ഛനാകട്ടെ, നിരന്തരം അവളെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചു. എന്നാൽ 17-ാം വയസ്സിൽ അവൾ ഒരു യഹോവയുടെ സാക്ഷിയായി തീർന്നു, പ്രസംഗവേലയും ഏറ്റെടുത്തു. ഇപ്പോൾ പത്തു വർഷത്തെ മുഴുസമയ സുവിശേഷ പ്രവർത്തനത്തിനുശേഷം അവൾ പറയുന്നു: “ഈ വേല എന്നെ അത്യന്തം സഹായിച്ചിരിക്കുന്നു. കാരണം എന്റെമേൽ യഹോവയുടെ അനുഗ്രഹമുള്ളത് എനിക്കു കാണാൻ കഴിഞ്ഞു. ഞാൻ എന്നോടുതന്നെ പറയാറുണ്ട്, ‘ദൈവം എന്നെ സ്നേഹിക്കുന്നുവെങ്കിൽ ഞാൻ ഒന്നിനുംകൊള്ളാത്തവളല്ല.’ യഹോവയുടെ നാമം ഉദ്ഘോഷിക്കാൻ അവൻ എന്നെ ഉപയോഗിച്ചിരിക്കുന്നത് എന്നെ കൂടുതൽ സുരക്ഷിതയാക്കിയിരിക്കുന്നു.”
“യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ”
‘എന്റെ സകലഭയങ്ങളിൽനിന്നും [ദൈവം] എന്നെ വിടുവിച്ചു’ എന്ന് ജീവനു ഭീഷണി നേരിട്ട ഒരു സന്ദർഭത്തിൽ തലനാരിഴയ്ക്കു രക്ഷപ്പെട്ടപ്പോൾ ദാവീദ് രാജാവ് എഴുതി. (സങ്കീർത്തനം 34:4, 6, മേലെഴുത്ത്; 1 ശമൂവേൽ 21:10-12) ദാവീദിന് അങ്ങനെ അനുഭവത്തിൽനിന്ന് ഇപ്രകാരം പറയാൻ സാധിച്ചു: “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.”—സങ്കീർത്തനം 34:8.
ദാവീദിന്റേതുപോലെ നിങ്ങളുടെ ജീവൻ ഒരിക്കലും അപകടത്തിലാകുകയില്ലെങ്കിലും ചില സമയങ്ങളിൽ ചില സമ്മർദങ്ങളും പിരിമുറുക്കങ്ങളും നിങ്ങൾ അനുഭവിക്കുമെന്നതു തീർച്ചയാണ്. ‘മനഃപീഡകൾ വർധി’ക്കുമ്പോൾ ദൈവത്തോടു യാചിക്കുക. (സങ്കീർത്തനം 25:17) ദൈവം അവന്റെ സൗഹൃദം പിൻവലിക്കുമെന്നു പേടിക്കേണ്ട. ക്ഷമയോടെ സഹിച്ചുനിൽക്കേ, ദൈവത്തിന്റെ നേരിട്ടുള്ള പിന്തുണയും കരുതലും അനുഭവിച്ചറിയവേ, “യഹോവ നല്ലവൻ” എന്ന് നിങ്ങൾ സ്വയം ‘കാണുകയും രുചിച്ചറിയുകയും’ ചെയ്യും. അവൻ എന്നെന്നും നിങ്ങളുടെ സ്നേഹിതനായിരിക്കുകയും ചെയ്യും.—യാക്കോബ് 4:8.
[അടിക്കുറിപ്പുകൾ]
a ഞങ്ങളുടെ 1995 ജൂലൈ 22 ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കു യഥാർഥത്തിൽ ദൈവത്തിന്റെ ഒരു സുഹൃത്തായിരിക്കാൻ കഴിയുമോ?” എന്ന ലേഖനം കാണുക.
b ചില പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
c വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിലെ 25-ഉം 26-ഉം അധ്യായങ്ങൾ കാണുക.
[19-ാം പേജിലെ ചിത്രം]
പ്രതികൂല സാഹചര്യങ്ങളിൽ ദൈവം തന്റെ സ്നേഹിതരെ കൈവിടാറുണ്ടോ?