കുടിയേറിപ്പാർക്കലിന്റെ വരുംവരായ്കകൾ കണക്കാക്കുക!
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
നിങ്ങൾ മറ്റൊരു ദേശത്തു കുടിയേറിപ്പാർക്കാൻ ഉദ്ദേശിക്കുന്നുവോ? അതിന്റെ വരുംവരായ്കകൾ നിങ്ങൾ കണക്കുകൂട്ടി നോക്കിയോ? സാമ്പത്തിക ചെലവു മാത്രമല്ല ഞങ്ങൾ അർഥമാക്കുന്നത്. വാസ്തവത്തിൽ, മിക്കയാളുകളും കുടിയേറാൻ ആഗ്രഹിക്കുന്നതുതന്നെ സാമ്പത്തിക സുരക്ഷിതത്വത്തിനു വേണ്ടിയാണല്ലോ. അവിടെ ചെന്നെത്തിക്കഴിഞ്ഞു മാത്രം വെളിച്ചത്തുവരുന്ന മറഞ്ഞിരിക്കുന്ന വരുംവരായ്കകളെക്കുറിച്ചാണു ഞങ്ങൾ അർഥമാക്കുന്നത്. അപ്പോഴേക്കും നിങ്ങളുടെ കാലടികൾ പിൻവലിക്കാനാകാത്ത വിധം സമയം വളരെ വൈകിപ്പോയിരിക്കും. നിങ്ങളെ ഭയപ്പെടുത്താനുദ്ദേശിച്ചുള്ളതല്ലെങ്കിലും പിൻവരുന്ന സംഗതികൾ പരിഗണനാർഹമാണ്:
“ഒരു പുതിയ ഭാഷ പഠിച്ചെടുക്കുന്നതിനു താഴ്മയും പരിശ്രമവും ആവശ്യമാണ്. താൻ പറയുന്നതു മനസ്സിലാകാത്തതുകൊണ്ട് ചെറിയ കുട്ടികൾപോലും തന്നെ ഒരു വിചിത്രജീവിയായി കാണുന്നതു മുതിർന്ന ഒരാളെ ഭഗ്നാശനാക്കുന്നു. തുടരെത്തുടരെ അബദ്ധങ്ങളെഴുന്നള്ളിക്കവെ അതിന്റെ പേരിൽ പരിഹസിക്കപ്പെടുന്നത് അനേകരെ സംബന്ധിച്ചും ആത്മാഭിമാനത്തിന്മേൽ കനത്ത പ്രഹരമേൽപ്പിക്കുന്നു. പ്രാദേശിക ഭാഷ സംസാരിക്കാൻ അറിയാത്ത അന്യദേശക്കാർക്ക് ജീവിതം അസഹ്യമായ ഏകാന്തതയാണു സമ്മാനിക്കുക.”—ജപ്പാനിലെ ഒരു മിഷനറിയായ റോസ്മേരി.
ഒരുപക്ഷേ നിങ്ങൾക്കു വ്യക്തിപരമായി, അത്യാവശ്യം ജീവിച്ചുപോകാൻ വേണ്ട ഭാഷാ പരിജ്ഞാനമൊക്കെയുണ്ടെന്നു തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ മുഴു കുടുംബത്തിനും കുടിയേറുന്നതിൽ സന്തോഷം തോന്നാൻ മാത്രം വേണ്ടത്ര ഭാഷാപരിജ്ഞാനമുണ്ടെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
ചില കുടുംബാംഗങ്ങൾ തങ്ങളുടെ ഇഷ്ടത്തിനു വിപരീതമായി പ്രേരണകൊണ്ടുമാത്രം അന്യദേശത്തേക്കു താമസംമാറാൻ സമ്മതിക്കുകയാണെങ്കിൽ കുടുംബത്തെ അതെങ്ങനെയായിരിക്കും ബാധിക്കുക? സ്ത്രീകളുടെ മനശ്ശാസ്ത്ര ത്രൈമാസിക (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് “[മെക്സിക്കോയിലെ] ചില സ്ത്രീകൾക്ക് കുടിയേറാനുള്ള തീരുമാനത്തിൽ യാതൊരു പങ്കുമുണ്ടായിരുന്നില്ല. അവർ ഒരിക്കലും കുടിയേറാനോ കുടിയേറ്റത്തിനുശേഷം ഐക്യനാടുകളിൽ തുടരാനോ ആഗ്രഹിച്ചിട്ടില്ല.” അത്തരം സാഹചര്യങ്ങളിൽ, നിർബന്ധപൂർവമുള്ള കുടിയേറ്റം കുടുംബ ഐക്യത്തെ തകരാറിലാക്കിയേക്കാം. അങ്ങനെയെങ്കിൽ, കുടുംബത്തലവൻ ഒറ്റയ്ക്ക് അന്യദേശത്തേക്കു പോകുന്നെങ്കിലോ?
ആഫ്രിക്കയിലെ ജനസംഖ്യയും കുടിയേറ്റവും നഗരവത്കരണവും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിലെ ഒരു കണക്കനുസരിച്ച് ആഫ്രിക്കയുടെ ദക്ഷിണഭാഗത്തുള്ള അത്രകണ്ടു വികസിതമല്ലാത്ത ഒരു ചെറിയ രാജ്യത്ത് 50 ശതമാനത്തിലധികം “മുതിർന്ന പുരുഷന്മാരും ഒരേ സമയം സ്ഥലത്തില്ലായിരുന്നു.” ഈ വേർപാടിനു കുടുംബ സന്തുഷ്ടിയും ഭദ്രതയും കവർന്നെടുക്കാൻ കഴിയും. വിവാഹ ഇണകൾ അധാർമികതയിലകപ്പെടുന്നതിനുള്ള സാധ്യതയ്ക്കും ഇതു വഴിയൊരുക്കുന്നു. കുടിയേറാൻ തീരുമാനിച്ചാലും ഇല്ലെങ്കിലും കുടുംബത്തിന് ഒത്തൊരുമിച്ചു വസിക്കാൻ സാധിക്കുന്നത് എത്ര മെച്ചമാണ്! കുടുംബ ഐക്യം കാശുകൊടുത്തു വാങ്ങാൻ സാധിക്കാത്ത ഒന്നാണ്.
അടുത്തതായി, മുൻവിധിയെ തരണംചെയ്യുക എന്ന വലിയ പ്രശ്നമുണ്ട്. ഒരു ഇന്ത്യൻ കുടിയേറ്റക്കാരി അനുസ്മരിക്കുന്നു, “ഞാൻ ഇംഗ്ലണ്ടിൽ വരുന്നതുവരെ എനിക്കു ‘വർണവിവേചനം’ എന്താണെന്ന് അറിയില്ലായിരുന്നു. ആ [തിരിച്ചറിവ്] ഭീതിദമായിരുന്നു. കയ്പേറിയ, നടുക്കുന്ന ഒന്ന്. ഇതിൽ നിന്നെല്ലാം എങ്ങനെയങ്കിലും രക്ഷപ്പെട്ട് ഒന്നു വീട്ടിലെത്തിക്കിട്ടിയാൽ മതിയെന്നായി എനിക്ക്.”—ദി അൺ-മെൽറ്റിങ് പോട്ട്.
അതുകൊണ്ട്, കുടിയേറ്റത്തിനുമുമ്പു സ്വയം ചോദിക്കുക: ‘വേറെയെന്തെങ്കിലും പോംവഴിയുണ്ടോ? നമുക്കു വീട്ടിൽത്തന്നെ എന്തെങ്കിലും ക്രമീകരണങ്ങൾ വരുത്തിക്കൂടേ? അന്യദേശത്തേക്കു പോകുന്നതു തക്ക മൂല്യമുള്ളതാണോ?’ ആയിരിക്കാം, അല്ലായിരിക്കാം, പക്ഷേ തീരുമാനമെടുക്കുന്നതിനു മുമ്പ്, യേശുവിന്റെ ഈ നല്ല ബുദ്ധ്യുപദേശം പരിഗണിക്കുക: “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?”—ലൂക്കൊസ് 14:28.