ഞങ്ങളുടെ വായനക്കാരിൽ നിന്ന്
പദാന്ധത “പദാന്ധത നിമിത്തമുള്ള നിരാശ തരണംചെയ്യൽ” (ആഗസ്റ്റ് 8, 1996) എന്ന ലേഖനത്തിന് ആത്മാർഥമായ നന്ദി പ്രകടിപ്പിക്കാനാണ് ഞാനിതെഴുതുന്നത്. “കുട്ടികളിലെ പദാന്ധത തിരിച്ചറിയുന്ന വിധം” എന്ന ചതുരം വായിച്ചതിനു ശേഷം ഞാനും ഭർത്താവുംകൂടി ഞങ്ങളുടെ പത്തുവയസ്സുകാരൻ മകനെ പരിശോധിപ്പിച്ചു. അവൻ പദാന്ധത നിമിത്തം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നു ഞങ്ങൾ കണ്ടെത്തി. ഇപ്പോൾ വീട്ടിലും സ്കൂളിലും അവനാവശ്യമായ സഹായങ്ങൾ നൽകാൻ ഞങ്ങൾ നടപടികളെടുത്തുവരികയാണ്. നല്ല കഴിവുള്ള കുട്ടിയാണെങ്കിലും അവനതു പ്രയോജനപ്പെടുത്തുന്നില്ലെന്ന് അവന്റെ അധ്യാപകർ ഞങ്ങളോടെപ്പോഴും പറയാറുണ്ടായിരുന്നു. അതുകൊണ്ട് ഈ ലേഖനം പ്രസിദ്ധീകരിച്ചതിൽ ഞങ്ങളെത്രമാത്രം നന്ദിയുള്ളവരാണന്നു നിങ്ങൾക്കൂഹിക്കാൻ കഴിയും.
ജെ. എസ്., സ്കോട്ട്ലൻഡ്
പദാന്ധതയുള്ള രണ്ടു കുട്ടികളുടെ അമ്മയെന്ന നിലയിൽ, ഈ ലേഖനം വായിച്ചതിൽ ഞാൻ വളരെയേറെ സന്തോഷിച്ചു. ഈ വൈഷമ്യം എത്രമാത്രം യഥാർഥമാണെന്നും അതുള്ളവർ എന്തുമാത്രം പ്രയാസമനുഭവിക്കുന്നുണ്ടെന്നും മറ്റുള്ളവർക്കു മനസ്സിലാക്കിക്കൊടുക്കുന്നതിൽ അതൊരു വലിയ പങ്കു വഹിച്ചിരിക്കുന്നു. നിരത്തുവക്കിലെ ഒരു ചിഹ്നം വായിക്കാൻ സാധിക്കാതാകുന്നതിനെക്കുറിച്ചു നിങ്ങൾക്കു ചിന്തിക്കാനാകുമോ? അല്ലെങ്കിൽ ഒരു മെനുവിൽ കൊടുത്തിരിക്കുന്നതു നിങ്ങൾക്കു വായിക്കാൻ സാധിക്കാത്തപ്പോൾ അതിൽ നിന്നെന്തെങ്കിലും ഓർഡർ ചെയ്യുന്നതിനെക്കുറിച്ച്? അത്തരം വൈഷമ്യങ്ങളനുഭവിക്കുന്നവർ, നൽകിയിരിക്കുന്ന വിവരങ്ങൾ നന്നായി പ്രയോജനപ്പെടുത്തുമെന്ന് എനിക്കുറപ്പുണ്ട്.
എം. കെ. ഐക്യനാടുകൾ
വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങൾ “വംശനാശത്തെ അഭിമുഖീകരിക്കുന്ന വർഗങ്ങൾ—ഉത്കണ്ഠപ്പെടേണ്ടത് എന്തുകൊണ്ട്?” (ആഗസ്റ്റ് 8,1996) എന്ന ലേഖനപരമ്പരയ്ക്കു ഹൃദയം നിറഞ്ഞ നന്ദി. തീർച്ചയായും നാം ഒരു നിധി നഷ്ടപ്പെടുന്നതിന്റെ അപകട ഭീഷണിയിലാണ്. മൃഗങ്ങൾക്ക് നാമാവശേഷമാക്കപ്പെടുന്നതിന്റെ ഭീഷണി കൂടാതെ ജീവിക്കാൻ സാധിക്കുന്ന, ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ആ പുതിയ ലോകത്തിൽ ജീവിക്കാനുള്ള എന്റെ ആഗ്രഹത്തിന് ലേഖനം നവചൈതന്യമേകി.
ഡി. ഐ., അൽബേനിയ
അഭയാർഥി പ്രതിസന്ധി ഞാൻ ബുറുണ്ടിയിൽ നിന്നുള്ള ഒരു അഭയാർഥിയാണ്. “അഭയാർഥി പ്രതിസന്ധി—അത് എന്നെങ്കിലും അവസാനിക്കുമോ?” (ആഗസ്റ്റ് 22, 1996) എന്ന ലേഖനപരമ്പരയ്ക്കു വിലമതിപ്പു പ്രകടമാക്കാൻ ഞാനാഗ്രഹിക്കുന്നു. ഈ പ്രശ്നത്തെ യഹോവ എങ്ങനെ വീക്ഷിക്കുന്നുവെന്നും പുരാതന കാലങ്ങളിൽ അവൻ തന്റെ ജനത്തെക്കൊണ്ട് അഭയാർഥികളോടു സ്നേഹദയയോടെ പെരുമാറാൻ ഇടയാക്കിയതെങ്ങനെയെന്നും മനസ്സിലാക്കിയത് എനിക്കു വളരെ പ്രോത്സാഹജനകമായിരുന്നു. ആ ലേഖനങ്ങൾക്കു നന്ദി; അവ എനിക്കു തികച്ചും ആശ്വാസദായകമായിരുന്നു.
ഡി. എം., കെനിയ
ബസ് ദുരന്തം “യഹോവയുടെ ശക്തിയാൽ ദുരന്തത്തെ തരണംചെയ്യൽ” (ആഗസ്റ്റ് 22, 1996) എന്ന ലേഖനം വായിച്ചപ്പോൾ എനിക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല, കാരണം അതെന്നെ ആഴത്തിൽ സ്പർശിച്ചു. ഞാനും എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയും ഒരുമിച്ച് അതുപോലൊരു അപകടത്തിൽപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കുകളെ തുടർന്ന് ഏതാനും മണിക്കൂറുകൾക്കുശേഷം അവൾ മരിച്ചു. അവൾ മരിക്കുകയും ഞാൻ രക്ഷപ്പെടുകയും ചെയ്തപ്പോൾ എനിക്കു കടുത്ത ദുഃഖവും കുറ്റബോധവും അനുഭവപ്പെട്ടു. അവയെ തരണം ചെയ്യാൻ എനിക്ക് അഞ്ചു വർഷംത്തോളം വേണ്ടിവന്നു. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ യഹോവ ഓർമിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. സ്പെയിനിൽ നടന്ന ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരോട് എനിക്ക് ആത്മാർഥമായ സഹാനുഭൂതിയുണ്ട്.
ജെ. റ്റി., ഐക്യനാടുകൾ
വിക്കൽ “വിക്കന്മാരുടെ നാവു സംസാരിക്കും” (ആഗസ്റ്റ് 22, 1996) എന്ന ലേഖനത്തിനു നന്ദി. പീറ്റർ കുൺട്സിന്റെ അനുഭവം എന്നെ വളരെയധികം ശക്തീകരിച്ചു. എനിക്കും വിക്കുണ്ട്. ഒരു ബൈബിൾ പ്രസംഗം നടത്തുന്നതിനു മുമ്പ് കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻവേണ്ടി ഞാൻ എല്ലായ്പോഴും യഹോവയോട് സഹായം അഭ്യർഥിക്കാറുണ്ട്.
എം. എം., ഇറ്റലി
20 വയസ്സായപ്പോൾ മുതൽ എനിക്കു മറ്റുള്ളവരുമായും യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലെ പ്ലാറ്റ്ഫോറത്തിൽ നിന്നുകൊണ്ടും സംസാരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടുതുടങ്ങി. ഒരു നിയമനം കൈകാര്യം ചെയ്തു കഴിയുമ്പോഴേക്കും ഞാൻ വിയർത്തുകുളിച്ച് അസാധാരണമാംവിധം തളരുമായിരുന്നു. ഇതേ പ്രശ്നമുണ്ടായിരുന്നിട്ടും തുടർന്നു യഹോവയെ സേവിക്കുന്ന ഒരു സഹക്രിസ്ത്യാനിയുടെ അനുഭവം വായിക്കുന്നതു വളരെയധികം പ്രോത്സാഹജനകമാണ്. അതു കാര്യങ്ങളെപ്പറ്റി ഒരു ക്രിയാത്മക വീക്ഷണമുണ്ടായിരിക്കാൻ എന്നെ സഹായിച്ചു.
എം. എസ്., ജപ്പാൻ
ഈ അനുഭവം പ്രസിദ്ധീകരിച്ചതിനു നിങ്ങളോടു നന്ദി പറയാതിരിക്കാൻ എനിക്കാവുന്നില്ല. എനിക്കും ചെറുപ്പം മുതൽ ഈ പ്രശ്നമുണ്ടായിരുന്നു. പീറ്ററിനെപ്പോലെ, ഞാനും സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു. എന്റെ നിയമനങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ ശക്തി ലഭിക്കാൻ യഹോവയിൽ ആശ്രയിക്കുകയും ചെയ്യുന്നു. ഇപ്പോൾ ഞാൻ സംസാരിക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ടു ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുന്നു.
എൻ. ഒ. എൻ., നൈജീരിയ