ഉണരുക! 1990-ൽ അതു വെളിപ്പെടുത്തി
അടുത്തയിടെ, വ്യാപകമായി പടർന്നുപിടിച്ച “ഭ്രാന്തിപ്പശുരോഗം” യൂറോപ്പിനെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. രോഗം മനുഷ്യർക്കു പകരുമോ എന്ന് അനേകർ ഭയപ്പെടുന്നു. രോഗബാധിത മൃഗങ്ങളുടെ മാംസം കഴിക്കുന്നതും ക്രോയിറ്റ്സ്ഫെൽറ്റ് യാക്കോപ് എന്ന രോഗവും തമ്മിൽ ബന്ധമുണ്ടെന്നു ചിലർ വിശ്വസിക്കുന്നു. ഇത് മമനുഷ്യന്റെ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുകയും ക്രമേണ മൂർച്ഛിച്ചു മരണത്തിനിടയാക്കുകയും ചെയ്യുന്ന രോഗമാണ്. ഭ്രാന്തിപ്പശുരോഗത്തെക്കുറിച്ചുള്ള വാർത്ത പരക്കുന്നതിനനുസരിച്ച് മാട്ടിറച്ചിയുടെ ഉപഭോഗത്തിൽ കുത്തനെ ഇടിവു സംഭവിച്ചതിൽ അതിശയമില്ല.
രസകരമായി, ഇറ്റാലിയൻ ആനുകാലികപ്രസിദ്ധീകരണമായ ടുട്ടോറേഡ്ജോയുടെ 1996 മേയ് ലക്കത്തിൽ സ്റ്റെഫാന്യാ ഫേരാരി ഇങ്ങനെ എഴുതി: “ഈ വിനാശകമായ പകർച്ചവ്യാധിയെക്കുറിച്ച് 1990-ൽത്തന്നെ റിപ്പോർട്ടുചെയ്തിരുന്ന ഒരു മാസിക ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു—യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന ഉണരുക!.” അവർ പരാമർശിച്ച ലേഖനത്തിന്റെ ശീർഷകം “ബ്രിട്ടനിലെ കന്നുകാലിരോഗം” എന്നായിരുന്നു, അത് 1990 നവംബർ 8 ലക്കത്തിലായിരുന്നു വന്നത്. (മലയാളത്തിൽ 1992 ഏപ്രിൽ 8 ലക്കം) അതിന്റെ തുടക്കത്തിലെ നാലു ഖണ്ഡികകൾ ഉദ്ധരിച്ച ശേഷം ഫേരാരി, “ഈ പ്രശ്നം ലോകശ്രദ്ധയിൽപ്പെടുന്നതിന് ആറു വർഷം മുമ്പാണ്” ആ ലേഖനം പ്രത്യക്ഷപ്പെട്ടത് എന്നതിൽ അമ്പരപ്പു പ്രകടമാക്കി. അവർ ഇങ്ങനെ തുടർന്നു: “അവിശ്വസനീയമാംവിധം കൃത്യമായ വിവരങ്ങൾ റിപ്പോർട്ടു ചെയ്ത 1990-ൽ പ്രസിദ്ധീകരിച്ച ഈ ലേഖനം കാണുമ്പോൾ ‘ഇതുപോലെ ഗൗരവമാർന്ന, സുപ്രധാനമായ ഒരു വസ്തുതയെക്കുറിച്ച് യഹോവയുടെ സാക്ഷികൾക്ക് അറിയാമായിരുന്നിട്ടും, എന്തുകൊണ്ടാണവർ ഇത് എല്ലാവരുടെയും, തങ്ങളുടെ സഭകളിൽപ്പെടാത്തവരുടെയും ശ്രദ്ധയിൽപ്പെടുത്താതിരുന്നത്?’ നമുക്കു സത്യസന്ധതയോടെ ഉത്തരം പറയാം: ഒരു യഹോവയുടെ സാക്ഷി 1990-ൽ ബൈബിളും അവരുടെ മാസികയിലെ ആ ലേഖനവും കാണിച്ചുകൊണ്ടു നമ്മുടെ വാതിൽക്കൽ മുട്ടിവിളിച്ചിരുന്നെങ്കിൽ, വേറേ മതങ്ങളിൽപ്പെട്ട നമ്മിൽ എത്രപേർ അതിനെ ഗൗരവമായി എടുക്കുമായിരുന്നു?”
അന്ന് 1990-ൽ, “ബ്രിട്ടനിലെ കന്നുകാലിരോഗം” എന്ന ലേഖനം പ്രസിദ്ധീകരിച്ച സമയത്ത് 62 ഭാഷകളിലായി ഉണരുക!യുടെ ഏകദേശം 1 കോടി 20 ലക്ഷം കോപ്പികൾ അച്ചടിക്കുന്നുണ്ടായിരുന്നു. യഹോവയുടെ സാക്ഷികൾ ഈ കാലികമായ പത്രിക ലോകവ്യാപകമായി 200-ലേറെ രാജ്യങ്ങളിൽ വിതരണം ചെയ്യുന്നതിൽ വ്യാപൃതരായിരുന്നു. ഇന്ന് 82 ഭാഷകളിലായി ഉണരുക!യുടെ ശരാശരി 1,83,50,000 പ്രതികൾ അച്ചടിക്കുന്നു. ഈ പത്രിക ഇപ്പോഴും വിജ്ഞാനപ്രദവും കാലികവുമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ തുടരുന്നു. ഉണരുക!യുടെ ഭാവി ലക്കങ്ങൾ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സ്ഥലത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഏറ്റവും അടുത്തുള്ള മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക.