റൊമേനിയയിൽ ആത്മീയ വിശപ്പ്
റൊമേനിയയിലെ ബ്രാഷൊവിൽ നിന്നുള്ള ഒരു അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടനുസരിച്ച്, അവിടുത്തെ കമ്മ്യുണിസ്റ്റ് ഭരണത്തിൻ കീഴിൽ പ്രവർത്തിക്കാൻ അനുവദിക്കപ്പെട്ട ഓർത്തഡോക്സ് സഭയിലാണ് റൊമേനിയയിലെ 2.3 കോടി ആളുകളിൽ 90 ശതമാനവുമുള്ളത്. എന്നിരുന്നാലും, പലരും സഭ തങ്ങളുടെ പ്രതീക്ഷകൾക്കൊത്തുയരുന്നില്ലെന്നു കണ്ടെത്തുന്നതായി യു.എസ്.എ., കോളറാഡോയിലെ കാന്യെൻ നഗരത്തിലെ ഡെയ്ലി റെക്കോർഡ് പറയുന്നു. അതിന്റെ ശീർഷകം ഇങ്ങനെയായിരുന്നു: “റൊമേനിയക്കാർ ഓർത്തഡോക്സ് സഭയെ പ്രായോഗികത ഇല്ലാത്തതായി കണ്ടെത്തുന്നു.”
കഴിഞ്ഞ ഒക്ടോബറിൽ പത്രം ഇപ്രകാരം റിപ്പോർട്ടുചെയ്തു: “എഴുത്തുകാരനും തത്ത്വചിന്തകനുമായ ആലെക്സാൻഡ്രൂ പാലെയോലോഗൂ, സഭയിലെ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരോടുള്ള വിശ്വാസക്കുറവിനെയും മതത്തിന്റെ പരമ്പരാഗത ശൈലിയുടെയും അന്തസ്സത്തയുടെയും കുഴഞ്ഞുമറിഞ്ഞ അവസ്ഥയെയും കുറിച്ചു പരാമർശിച്ചു. ഉദാഹരണമായി, ആളുകൾ നിർദിഷ്ട ദിവസങ്ങളിൽ കുരിശുവരയ്ക്കുകയും ഉപവസിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ, സഭ പാപമായി കണക്കാക്കുന്ന ഗർഭച്ഛിദ്രം വ്യാപകമാണുതാനും.”
സാക്ഷികളുടെ ബൈബിൾ പഠിപ്പിക്കലുകൾ ഒരു കുടുംബത്തെ സ്വാധീനിച്ച വിധത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് അനേകർ യഹോവയുടെ സാക്ഷികളായിത്തീർന്നിരിക്കുന്നുവെന്ന് ഡെയ്ലി റെക്കോർഡ് നിരീക്ഷിച്ചു: “ഭർത്താവ് അമിതമായി മദ്യപിച്ചു വന്നു തന്നെ അടിക്കാറുണ്ടായിരുന്നുവെന്ന് ഫ്ളോറൻറീനാ പെട്രീഷൊർ പറയുന്നു. എന്നാൽ ആ ദമ്പതികൾ യഹോവയുടെ സാക്ഷികളായിത്തീർന്നതിൽപ്പിന്നെ അവളുടെ കുടുംബ ജീവിതം സമാധാനപരമാണ്.”
38 വയസ്സുള്ള തയ്യൽക്കാരിയായ ഫ്ളോറൻറീനായുടെ റിപ്പോർട്ടു പ്രകാരം “അവർ ഓർത്തഡോക്സ് സഭ വിട്ടതിന്റെ കാരണം, ഇടയ പഠിപ്പിക്കലിന്റെ അഭാവവും ഇടവകയിലെ പുരോഹിതന്റെ ഭൗതികത്വചിന്താഗതിയുമാണ്.” പത്രം ഇങ്ങനെ വിശദീകരിച്ചു: “പെട്രീഷൊർ പറഞ്ഞതനുസരിച്ച്, അവരുടെ അമ്മായിയപ്പൻ മരിച്ചപ്പോൾ ശവസംസ്കാര കുർബാന നന്നായി നടത്തുന്നതിന്, സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പകറ്റാൻ ബുദ്ധിമുട്ടിയിരുന്ന സമയത്തുപോലും പുരോഹിതനു പണവും ഭക്ഷണവും കൊടുക്കേണ്ടിവന്നു. ‘അതു ശരിയല്ലെന്ന് എനിക്കു തോന്നി’ എന്ന് അവൾ പറഞ്ഞു.”
സാക്ഷികളെക്കുറിച്ച് ദുഷ്പ്രചരണങ്ങൾ നടത്താനുള്ള സഭയുടെ ശ്രമങ്ങളെക്കുറിച്ച് ഡെയ്ലി റെക്കോർഡ് ഇങ്ങനെ നിരീക്ഷിച്ചു: “ഈ വേനൽക്കാലത്ത് തലസ്ഥാന നഗരിയായ ബൂക്കറെഷ്റ്റിൽ നടക്കേണ്ടിയിരുന്ന യഹോവയുടെ സാക്ഷികളുടെ ഒരു വലിയ കൂടിവരവ് ബ്രാഷൊവ്, ക്ലൂഷ്നാപോക എന്നീ ട്രാൻസിൽവേനിയൻ നഗരങ്ങളിലേക്കു മാറ്റാൻ റൊമേനിയയിൽ സ്വാധീനം വീണ്ടെടുത്ത ഓർത്തഡോക്സ് സഭ ഗവൺമെൻറിന്മേൽ സമ്മർദം ചെലുത്തി.”
1996 ജൂലൈയിൽ ബൂക്കറെഷ്റ്റിൽ വെച്ചു നടത്താൻ പട്ടികപ്പെടുത്തിയിരുന്ന സാർവദേശീയ കൺവെൻഷൻ റദ്ദാക്കാൻ ഗവൺമെൻറിന്മേൽ സ്വാധീനം ചെലുത്തിയ സഭയുടെ പ്രചരണ പരിപാടികളെക്കുറിച്ച് 1997 ഫെബ്രുവരി 22 ലക്കം ഉണരുക!യിൽ പറഞ്ഞിരിക്കുന്നു. എങ്ങനെയാണു ക്ലൂഷ്നാപോകയിലും ബ്രാഷൊവിലും ചുരുങ്ങിയ സമയംകൊണ്ടു പകരം കൺവെൻഷനുകൾ ക്രമീകരിക്കുകയും മൊത്തം 34,866 പേരുടെ ഒരു വലിയ സംഖ്യ അവിടെ സമ്മേളിക്കുകയും ചെയ്തെന്ന് നിങ്ങൾക്ക് ആ മാസികയിൽ വായിക്കാൻ കഴിയും. അതിന്റെ ഫലമായി ലഭിച്ച ആഗോള പ്രസിദ്ധി ശ്രദ്ധേയമായിരുന്നു. “ഞങ്ങളെ തടയുമെന്നു റൊമേനിയൻ ഓർത്തഡോക്സ് സഭ വിചാരിച്ച തന്ത്രം വാസ്തവത്തിൽ സുവാർത്തയുടെ പുരോഗമനത്തിൽ കലാശിച്ചു” എന്നു സാക്ഷികളുടെ ഒരു പ്രതിനിധി അഭിപ്രായപ്പെട്ടു.”
[31-ാം പേജിലെ ചിത്രം]
പ്രതിനിധികൾ ബ്രാഷൊവ് കൺവെൻഷനിൽ പാട്ടുപാടുന്നു