ഞങ്ങളുടെ വായനക്കാരിൽ നിന്ന്
വിനോദം ആസ്വദിക്കൽ ഞാനൊരു 12 വയസ്സുകാരിയാണ്. “യുവജനങ്ങൾ ചോദിക്കുന്നു . . . മറ്റു യുവജനങ്ങൾ എല്ലാ വിനോദങ്ങളും ആസ്വദിക്കുന്നതെന്തുകൊണ്ട്?” (ജൂലൈ 22, 1996) എന്ന ലേഖനം എനിക്കു വളരെ ഇഷ്ടമായി. ഞാനും അതേ ചോദ്യം ചോദിക്കാറുണ്ടായിരുന്നു. എന്റെ സ്കൂളിൽ പാർട്ടികളിലും ഡാൻസുകളിലും മറ്റു പ്രവർത്തനങ്ങളിലുമൊക്കെ പങ്കെടുക്കുന്നതിന് പേരു കൊടുക്കാൻ ഒരു വ്യക്തിക്കു സാധിക്കും. മിക്കപ്പോഴും എനിക്കും പോയാൽക്കൊള്ളാമെന്നു തോന്നിയിട്ടുണ്ട്. എങ്കിലും, എന്റെ തിരഞ്ഞെടുപ്പുകൾക്ക് യഹോവയുടെ മുമ്പാകെ ഞാൻ ഉത്തരവാദിയായിരിക്കും എന്നതിനെ വിലമതിക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു. അതുകൊണ്ട് ഞാൻ എന്റെ ക്രിസ്തീയ സുഹൃത്തുക്കളുമായി അടുത്തു സഹവസിക്കുന്നതിൽ തുടരാൻ തീരുമാനിച്ചു.
എ. എസ്., ഐക്യനാടുകൾ
നിങ്ങളുടെ ലേഖനത്തിൽ പരാമർശിച്ചതുപോലെതന്നെ, [ബൈബിളെഴുത്തുകാരനായ] ആസാഫിന് അനുഭവപ്പെട്ടതുപോലുള്ള തോന്നലുകൾ എനിക്കും ഉണ്ടായിരുന്നിട്ടുണ്ട്. ഈ ലേഖനം സ്കൂളിലെ സമ്മർദങ്ങളെ തരണം ചെയ്യാൻ ആവശ്യമായ വർധിച്ച ശക്തി എനിക്കു പ്രദാനം ചെയ്തു.
എ. എസ്., ജപ്പാൻ
ലോക പരിപാടികളിൽ പങ്കുപറ്റാൻ “അനുവദിക്ക”പ്പെടാത്തതിനാൽ ചില യുവജനങ്ങൾക്ക് ഒറ്റപ്പെട്ടതുപോലെയോ എന്തെല്ലാമോ നഷ്ടമാകുന്നതുപോലെയോ തോന്നിയേക്കാം എന്നതു വാസ്തവമാണ്. പക്ഷേ യഹോവയുടെ സാക്ഷികളുടെ കുട്ടികൾക്ക് എല്ലാവർക്കും അങ്ങനെ അനുഭവപ്പെടുന്നില്ല! ലോക പരിപാടികളിൽ നടക്കുന്ന അനേകം സംഗതികളോട് വ്യക്തിപരമായി എനിക്കു വെറുപ്പാണ്. എന്റെ ക്രിസ്തീയ സുഹൃത്തുക്കൾക്കും അപ്രകാരമാണ് അനുഭവപ്പെടുന്നത്. ഞങ്ങൾക്ക്—സംശയലേശമെന്യേ മറ്റനേകർക്കും—പലതും നഷ്ടമാകുന്നുവെന്ന തോന്നലില്ല!
സി. എച്ച്., ഐക്യനാടുകൾ
ബ്രൂവെറി ഗൾച്ച് “ബ്രൂവെറി ഗൾച്ചിൽ ആത്മീയ പുഷ്പങ്ങൾ വളർന്നുവന്നു” (ജൂലൈ 22, 1996) എന്ന ലേഖനം ഞാൻ എത്രമാത്രം ആസ്വദിച്ചു എന്നു നിങ്ങളെ അറിയിക്കാനാണ് ഇതെഴുതുന്നത്. അത് ഏതാനും വർഷങ്ങൾക്കു മുമ്പ് ഞാൻ അവിടെ ചെലവഴിച്ച 21 മാസങ്ങളിലെ അനേകം മധുരസ്മരണകൾ എന്നിലേക്കു മടക്കിക്കൊണ്ടുവന്നു. ഞാൻ വീട്ടിൽനിന്നും ആദ്യമായിട്ടായിരുന്നു അകന്നു താമസിച്ചത്. നിങ്ങൾ ലേഖനത്തിൽ പരാമർശിച്ച ചില കുടുംബങ്ങൾ—സ്മിത്ത്, ഗ്രിഫിൻ, പ്യൂ എന്നിവരുടെ—എനിക്ക് അമ്മമാരെയും അച്ഛന്മാരെയും അമ്മാവന്മാരെയും അമ്മായിമാരെയും പോലെയായിരുന്നു. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ പക്വതനേടാൻ അവരെന്നെ സഹായിച്ചു. ലേഖനം വായിച്ചത് വീണ്ടും അവരോടൊപ്പമായിരിക്കാനുള്ള ആഗ്രഹം എന്നിലുളവാക്കി. അവരെയെല്ലാവരെയും ആഴമായ സ്നേഹത്തോടും വിലമതിപ്പോടുംകൂടെ ഞാനോർക്കുന്നു.
പി. എ., ഐക്യനാടുകൾ
കസാവ ഇലകൾ “കസാവ ഇലകൾ—കോടിക്കണക്കിനാളുകൾക്കു ദൈനംദിന ഭക്ഷണം” (ജൂലൈ 8, 1996) എന്ന ലേഖനത്തിനു നന്ദി. നൂറ്റാണ്ടുകളായി കസാവ ഞങ്ങളുടെ മുഖ്യ ഭക്ഷണമായി തുടരുന്നതിനാൽ ആഫ്രിക്കയിൽ അതിന് ഒരു വലിയ സ്ഥാനമുണ്ട്. നൈജീരിയയിൽ അതിന്റെ കിഴങ്ങുകൾകൊണ്ടാണ് ഞങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളായ ഗാരി, ഫൂ-ഫൂ തുടങ്ങിയവ ഉണ്ടാക്കുന്നത് എന്നതിനാൽ ഇലകളെക്കുറിച്ചു ഞങ്ങൾക്കു വളരെക്കുറച്ചേ അറിവുണ്ടായിരുന്നുള്ളൂ. ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ അതിന്റെ ഇലകൾ മരുന്നെന്ന നിലയിൽ മാത്രമല്ല രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട് എന്ന അറിവു രസകരമായി തോന്നി. കസാവ സൃഷ്ടിച്ചതിന് യഹോവയ്ക്കു നന്ദി!
ജെ. എസ്. ഇ., നൈജീരിയ
മാറ്റിയ മുൻഗണനകൾ “അദ്ദേഹം തന്റെ മുൻഗണനകൾ മാറ്റിയതിന്റെ കാരണം” (ജൂലൈ 22, 1996) എന്ന ലേഖനത്തിൽനിന്ന് എനിക്ക് എത്രമാത്രം പ്രോത്സാഹനം ലഭിച്ചെന്നു നിങ്ങളോടു പറഞ്ഞേ തീരൂ. 13 വർഷത്തിലേറെയായി ഞാൻ ഒരു മുഴുസമയ സുവിശേഷകയായി സേവിച്ചിരിക്കുന്നു. വർധിച്ചുവരുന്ന സമ്മർദങ്ങളുടെ ഈ ലോകത്തിൽ മുൻഗണനകൾ വെക്കുക എപ്പോഴും എളുപ്പമുള്ള സംഗതിയല്ല. വർഷം ചെല്ലുന്തോറും, മുഴുസമയ ശുശ്രൂഷയിൽ നിലനിൽക്കുക എന്നതു കൂടുതൽ വെല്ലുവിളി നിറഞ്ഞതായിത്തീരുന്നു. ഒരു മുഴുസമയ ശുശ്രൂഷകനായിത്തീരുന്നതിനു വേണ്ടി ജെറെമി, പ്രതിഫലദായകമായ, സംരക്ഷിത വനങ്ങളിൽ വാർഡനായുള്ള ജോലി ഉപേക്ഷിച്ചതിനെക്കുറിച്ചു ചിന്തിച്ചത് എന്റെ ജീവിതത്തിൽ ശുശ്രൂഷയ്ക്കു കൊടുത്തിരിക്കുന്ന മുൻഗണന നിലനിർത്തുന്നതു തക്ക മൂല്യമുള്ളതാണെന്ന് എനിക്ക് ഉറപ്പു നൽകി.
എൻ. സി. ഐക്യനാടുകൾ
ഗർഭാശയത്തിലേക്കുള്ള ഒരു ജാലകം ഏതാനും നാളുകൾക്കു മുമ്പാണ് ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞത്. അവിദഗ്ധമായ ഒരു വൈദ്യ പരിശോധന നിമിത്തം എന്റെ കുഞ്ഞിന് ജന്മവൈകല്യമുണ്ടാകാനുള്ള അപകടസാധ്യതയുണ്ടായിരുന്നു. “ഗർഭാശയത്തിലേക്കുള്ള ഒരു ജാലകം” (ആഗസ്റ്റ് 8, 1996) എന്ന നിങ്ങളുടെ ലേഖനം എന്റെ ശിശുവിനെ ഗർഭച്ഛിദ്രം നടത്താതിരിക്കാനുള്ള തീരുമാനമെടുക്കാൻ എന്നെ സഹായിച്ചു. ഗർഭിണിയാണെന്ന് അറിയുന്നതിന് ഒരാഴ്ച മുമ്പാണ് എനിക്ക് ആ മാസിക കിട്ടിയത്.
എം. സി. ഐക്യനാടുകൾ
പദാന്ധത “പദാന്ധത നിമിത്തമുള്ള നിരാശ തരണംചെയ്യൽ” (ആഗസ്റ്റ് 8, 1996) എന്ന നിങ്ങളുടെ ലേഖനത്തിനു വളരെയേറെ നന്ദി. ജീവിതത്തിലുടനീളം എനിക്കെന്തോ തകരാറുണ്ടായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു, പക്ഷേ അതെന്തായിരുന്നു എന്നെനിക്കറിയില്ലായിരുന്നു. അടുത്തയിടെ, ശ്രദ്ധക്കുറവു നിമിത്തമുള്ള ക്രമക്കേടിനു ചികിത്സിക്കുന്ന ഒരു വിദഗ്ധൻ എനിക്കു പദാന്ധതയാണെന്നു കണ്ടുപിടിച്ചു. ഇപ്പോൾ ഞാൻ ചൂണ്ടുവിരലുകൾ ഉപയോഗിച്ചുകൊണ്ടു വായിക്കാൻ പഠിച്ചുവരികയാണ്.
പി. സി., ഐക്യനാടുകൾ