അത് അദ്ദേഹത്തെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു!
വെനെസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലുള്ള ഒരു മനുഷ്യൻ തന്റെ പ്രായംചെന്ന പിതാവ് റൂഫീനോയെ സന്ദർശിച്ചു. അവിടെ നാട്ടിൻപുറത്തുള്ള ഒരു ഒറ്റപ്പെട്ട ഗ്രാമമായ ലാ ലോമായിലായിരുന്നു റൂഫീനോ താമസിച്ചിരുന്നത്. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം മകൻ അദ്ദേഹത്തിനു കൊണ്ടുവന്നു കൊടുത്തു.
കുറച്ചുകാലം കഴിഞ്ഞ്, ലോസ് ഹൂമോകാരോസിൽ നിന്നുള്ള യഹോവയുടെ സാക്ഷികൾ ലാ ലോമായിൽ പ്രസംഗവേലയ്ക്കായി ചെന്നു. അവരെ അമ്പരപ്പിച്ചുകൊണ്ട്, ഒരു സാക്ഷി തങ്ങളെ സന്ദർശിക്കുന്നതായി ആളുകൾ പറഞ്ഞു. ആ പ്രദേശത്തു സാക്ഷികളൊന്നും താമസമില്ല എന്നറിയാവുന്നതുകൊണ്ട് സാക്ഷികൾ ആകെ അങ്കലാപ്പിലായി. അപ്പോൾ ആരോ, സാക്ഷിയെന്നു വിശ്വസിക്കപ്പെടുന്ന ആളുടെ വീടു കാണിച്ചുകൊടുത്തു—അതു റൂഫീനോയുടെ വീടായിരുന്നു!
സന്ദർശകരെ കണ്ടുമുട്ടിയതിൽ റൂഫീനോ അത്യധികം സന്തോഷിച്ചു. അദ്ദേഹത്തിന്റെ ഗ്രാമത്തിലുള്ളവർ എന്തുകൊണ്ടാണ് ഒരു യഹോവയുടെ സാക്ഷിയായി അദ്ദേഹത്തെ തിരിച്ചറിയിച്ചത്? റൂഫീനോ എന്നേക്കും ജീവിക്കാൻ പുസ്തകം വായിച്ചു തുടങ്ങിയിരുന്നു. അദ്ദേഹം 13-ാം അധ്യായത്തിലെത്തിയപ്പോൾ, അതിൽ യേശു തന്റെ അനുഗാമികളെ പ്രസംഗവേലയ്ക്ക് അയയ്ക്കുന്നതു ചിത്രീകരിച്ചിരിക്കുന്നതു കണ്ടു. അതിൽനിന്നും, ക്രിസ്ത്യാനികൾ ഇന്നും അതേ വേല ചെയ്യേണ്ടതാണെന്ന നിഗമനത്തിൽ റൂഫീനോ എത്തിച്ചേർന്നു. അതുകൊണ്ട് അദ്ദേഹം തന്റെ അയൽക്കാരുമായി താൻ പഠിച്ചുകൊണ്ടിരുന്ന ബൈബിൾ സത്യങ്ങൾ പങ്കുവെക്കാനാരംഭിച്ചു.
റൂഫീനോയുമായി ഒരു ക്രമമായ ബൈബിളധ്യയനം ആരംഭിക്കുകയും അദ്ദേഹത്തോടു സഭായോഗങ്ങളെക്കുറിച്ചു പറയുകയും ചെയ്തു. അടുത്ത ഞായറാഴ്ചതന്നെ അദ്ദേഹം രാജ്യഹാളിലെത്തി. 80 വയസ്സുണ്ടായിരുന്നിട്ടുപോലും റൂഫീനോ മൂന്നു മണിക്കൂർ നടന്നാണ് അവിടെയെത്തിയത്! ആ ദിവസം മുതൽ, തീരെ വയ്യാത്തപ്പോഴല്ലാതെ, അദ്ദേഹം യോഗങ്ങളിൽ ഒന്നു പോലും മുടക്കിയിട്ടില്ല. അദ്ദേഹം ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ പേർ ചാർത്തുകയും ഒരു നല്ല പ്രസംഗം നടത്തുകപോലും ചെയ്തു. രോഗബാധിതനായ റൂഫീനോ 1996 ജൂലൈയിൽ മരിച്ചു, ഒരു പറുദീസാ ഭൂമിയിലേക്കുള്ള പുനരുത്ഥാനത്തിന്റെ ദൃഢ പ്രത്യാശയോടെ.
ആകർഷകമായ ചിത്രങ്ങളോടുകൂടിയ, 256-പേജുള്ള നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിൽനിന്നു നിങ്ങൾക്കും പ്രയോജനം അനുഭവിക്കാൻ കഴിയുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അതിന്റെ ഒരു പ്രതിയോ ഒരു സൗജന്യ ഭവന ബൈബിളധ്യയനമോ ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.