ബധിരർ യഹോവയെ സ്തുതിക്കുന്നു
നൈജീരിയയിലെ ഉണരുക! ലേഖകൻ
ബധിരരായ ആളുകളെ ബൈബിൾ പഠിപ്പിക്കുന്നതു വർഷങ്ങളായി നൈജീരിയയിലെ യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നു. ആംഗ്യഭാഷ അറിയാവുന്ന സാക്ഷികളുടെ ദൗർലഭ്യം നിമിത്തമായിരുന്നു ഇത്. എന്നാൽ ആ സാഹചര്യം മാറിക്കൊണ്ടിരിക്കുന്നു. കൂടുതൽ കൂടുതൽ സാക്ഷികൾ ആംഗ്യഭാഷ പഠിച്ചിട്ട് ബധിര സമൂഹത്തോടു സാക്ഷീകരിക്കുന്നു. ഒരു വർഷം മുമ്പ് നൈജീരിയയിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനായിരുന്നു ഈ വികസനത്തിലെ ഒരു പ്രധാന ചുവടുവെപ്പ്.
“ആനന്ദത്തിന്റെ പ്രതീതി നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും” എന്ന് നൈജീരിയയിലെ ഓട്ടായിൽ നടന്ന കൺവെൻഷനിലെ ഒരു പ്രതിനിധി പറഞ്ഞു. “അതിശയത്തിന്റെ, വിസ്മയത്തിന്റെ ഒരു വികാരമുണ്ടായിരുന്നു”വെന്ന് മറ്റൊരാൾ പറഞ്ഞു. അത്തരം വികാരങ്ങൾക്ക് ഇടയാക്കിയത് എന്താണ്? നൈജീരിയയിൽ ആദ്യമായി മുഴു പരിപാടിയും ആംഗ്യഭാഷയിലേക്കു പരിഭാഷപ്പെടുത്തി. ആ വർഷം പ്രസ്തുത രാജ്യത്തുനടന്ന 96 കൺവെൻഷനുകളിൽ, മുഴു പരിപാടിയും ആംഗ്യഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ ഏക കൺവെൻഷനായിരുന്നു ഇത്.
ഹാജരായ ആയിരങ്ങളിൽ, മുൻഭാഗത്ത്, പ്ലാറ്റ്ഫോറത്തിന്റെ ഇടതുവശത്ത് ഇരുന്ന 43 ബധിര പ്രതിനിധികൾ ഉണ്ടായിരുന്നു. “ആംഗ്യഭാഷ” എന്ന് ചുവന്ന അക്ഷരത്തിൽ എഴുതിയ ഒരു വലിയ വെള്ളബോർഡ് അവർക്കു മുകളിൽ തൂക്കിയിരുന്നു. അവിടെയായിരിക്കുന്നതിൽ ബധിര പ്രതിനിധികൾ പുളകിതരായിരുന്നു. അവരിൽ ഒരാൾ എഴുതി: “അതിയായ സന്തോഷത്താൽ ഈറനണിഞ്ഞ നയനങ്ങളോടെയാണ് ഞാൻ എഴുതുന്നത്. മറ്റു രാജ്യങ്ങളിലെ ബധിരരായ സഹക്രിസ്ത്യാനികൾക്കു വേണ്ടി തയ്യാറാക്കിയ ആത്മീയ കരുതലുകളെക്കുറിച്ച് മനസ്സിലാക്കവെ ഞങ്ങൾക്ക് അൽപ്പം നിരാശ തോന്നിയത് ‘അടുത്തയിട’ മാത്രമായിരുന്നു. അതേ അനുഗ്രഹങ്ങൾ ഞങ്ങൾക്കിവിടെ ലഭിക്കുമെന്ന് ഞങ്ങൾ അറിഞ്ഞിരുന്നതേയില്ല.”
ഹാജരായത് ആർ?
ബധിരർ നൈജീരിയയുടെ എല്ലാ ഭാഗങ്ങളിൽനിന്നും വന്നു. ഒരു ബധിര സാക്ഷി അവളുടെ ബധിര ബൈബിൾ വിദ്യാർഥികളിൽ മൂന്നുപേരെ കൊണ്ടുവന്നു. ഓരോ വശത്തേക്കും 700 കിലോമീറ്റർ വീതം യാത്രചെയ്ത ബധിരരുടെ ഒരു കൂട്ടം 7 മാസമായി യാത്രയ്ക്കുള്ള പണം സമ്പാദിക്കുകയായിരുന്നു. എന്നാൽ, യാത്രയ്ക്കുള്ള സമയമായപ്പോൾ, അത് ഒഴിവുകാലമായിരുന്നതിനാൽ അവർക്കു സംസ്ഥാന ട്രാൻസ്പോർട്ട് കമ്പനിയിൽനിന്ന് ഒരു വാഹനം വാടകയ്ക്കെടുക്കാൻ കഴിഞ്ഞില്ല. സംസ്ഥാന ഗവൺമെൻറ് അവരുടെ ബുദ്ധിമുട്ട് അറിഞ്ഞപ്പോൾ, പകരം യാത്രാക്രമീകരണം ചെയ്യുന്നതിന് അവരെ സഹായിക്കാൻ 13,000 നൈറ (152 യു.എസ്. ഡോളർ) അവർക്കു നൽകി.
ബധിരരായ കുട്ടികളുള്ള കുടുംബങ്ങൾ ഈ അതുല്യ കൺവെൻഷനു ഹാജരാകാൻവേണ്ടി യാത്രചെയ്തു. ഗ്രാമപ്രദേശത്തുള്ള ഒരു സ്ത്രീ ഈ കൺവെൻഷനെക്കുറിച്ചു കേട്ടിട്ട് തന്റെ ബധിരനായ മകനെയുംകൊണ്ടു വന്നു. ആ സ്ത്രീക്കോ അവളുടെ മകനോ ആംഗ്യഭാഷയെക്കുറിച്ചു കൂടുതലൊന്നും അറിയില്ലായിരുന്നു. അവർ കണ്ടത് അവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഇപ്പോൾ അവർ ആംഗ്യഭാഷ പഠിക്കാൻ തീരുമാനിച്ചിരിക്കുന്നു.
ഹാജരായിരുന്ന ആയിരങ്ങളിൽ ചിലർ, ബധിരർ പരിപാടി “കേൾക്കുന്നത്” എങ്ങനെയെന്നു കാണാൻവേണ്ടിമാത്രം നൂറുകണക്കിനു കിലോമീറ്റർ അകലെനിന്ന് എത്തിയവരായിരുന്നു. ഞായറാഴ്ചത്തെ ഹാജർ 13,936 ആയിരുന്നു, നൈജീരിയയിലെ 96 ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽവെച്ച് ഏറ്റവും ഉയർന്ന സംഖ്യതന്നെ. ആ ജനസമൂഹത്തിന്റെ ഭാഗമായിരുന്നതിൽ ബധിര പ്രതിനിധികൾ സന്തുഷ്ടരായിരുന്നു.
നിരീക്ഷകർക്കു മതിപ്പുളവായി
ബധിരരിൽ ഒട്ടുമിക്കവരും ആംഗ്യഭാഷയിൽ സുവാർത്ത “കേൾക്കുന്നത്” ആദ്യമായിട്ടായിരുന്നു. കേൾക്കാൻ കഴിയുന്നവർ ആദ്യമായിട്ടായിരുന്നു ആംഗ്യഭാഷ കണ്ടത്. പാട്ടുകൾ, പ്രാർഥനകൾ, അറിയിപ്പുകൾ എന്നിങ്ങനെ പരിപാടിയിലെ സകലതും, ഡ്രാമപോലും പരിഭാഷപ്പെടുത്തിയതു കണ്ടിട്ട് തനിക്ക് അതിശയം തോന്നിയെന്ന് ഒരു പ്രതിനിധി പറഞ്ഞു! “അത് അത്യുഗ്രമായിരുന്നു,” മറ്റൊരാൾ പറഞ്ഞു.
ബധിര പ്രതിനിധികളുടെ സന്തോഷം അവരുടെ ഗാനാലാപനത്തിൽ പ്രതിഫലിച്ചു. യഹോവയെ സ്തുതിക്കാൻ അവർ ഉത്സാഹപൂർവം തങ്ങളുടെ കരങ്ങൾ ഉപയോഗിച്ചു. കേൾക്കാൻ കഴിയുന്നവർക്ക്, ബധിരർ “പാടുന്നതു” കാണുന്നത് ഏറ്റവും ഹൃദയസ്പർശിയായ അനുഭവമായിരുന്നു. അത് അനേകം കണ്ണുകളെ ഈറനണിയിച്ചു. വിലമതിപ്പോടുകൂടിയ വിസ്മയത്തിൽ ഒരു പ്രതിനിധി, “ഓ യഹോവേ!” എന്ന് ഉദ്ഘോഷിക്കുന്നതു കേട്ടു. ആംഗ്യഭാഷാ ഭാഗത്തിന് അടുത്തിരുന്നവർ, ഒരിക്കൽ ഗീതം അവസാനിച്ചപ്പോൾ അറിയാതെതന്നെ കരഘോഷംമുഴക്കിപ്പോയി.
സ്നാപന പ്രസംഗത്തെ തുടർന്ന് സ്നാപനാർഥികൾ എഴുന്നേറ്റുനിന്നപ്പോൾ ആംഗ്യഭാഷാ ഭാഗത്തുള്ള ഒരു ചെറുപ്പക്കാരനും എഴുന്നേറ്റുനിന്നു. പ്രസംഗകൻ ചോദിച്ച രണ്ടു ചോദ്യങ്ങൾക്ക് “ഉവ്വ്” എന്ന് അയാൾ ആംഗ്യംകാട്ടിയപ്പോൾ സദസ്സിലുടനീളം വിലമതിപ്പിന്റെ മർമരസ്വരം ശാന്തമായി അലയടിച്ചു.
രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള തങ്ങളുടെ ആത്മീയ സഹോദരീസഹോദരൻമാരെ കണ്ടുമുട്ടുന്നതു ബധിര പ്രതിനിധികൾക്ക് എന്തൊരു സന്തോഷമായിരുന്നു! ബധിരർ പരസ്പരം പരിചയപ്പെടവെ കൈകളും വിരലുകളും ആവേശപൂർവം ചലിച്ചു. വളരെയേറെപ്പേർ ഹസ്തദാനം ചെയ്യുകയും മേൽവിലാസങ്ങൾ കൈമാറുകയും ചെയ്തു.
രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽനിന്ന് ഒമ്പതു പരിഭാഷകർ (ആംഗ്യപരിഭാഷകർ) എത്തി. അവരുടെ കൈകളും കൈപ്പത്തികളുംകൊണ്ട് എല്ലാ പ്രസംഗങ്ങളും ഗീതങ്ങളും മനോജ്ഞമായി പരിഭാഷപ്പെടുത്തുന്നതു മനോഹരമായ ഒരു കാഴ്ചയായിരുന്നു. ആലിംഗനങ്ങളും ഹസ്തദാനങ്ങളും അനുമോദനങ്ങളുംകൊണ്ട് മറ്റുള്ളവർ അവരുടെ ശ്രമങ്ങൾക്കു പ്രതിഫലമേകി. ചോദ്യങ്ങൾക്കൊണ്ട് അവരെ പൊതിയുകയും ചെയ്തു: നിങ്ങൾ അത് എങ്ങനെ പഠിച്ചു? എനിക്കതെങ്ങനെ പഠിക്കാൻ കഴിയും? ആംഗ്യഭാഷ പഠിപ്പിക്കുന്ന പുസ്തകങ്ങളുണ്ടോ?
ഒരു പുതിയ വയൽ തുറക്കുന്നു
നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകത്തിന്റെ ആംഗ്യഭാഷാ പതിപ്പിന്റെ വീഡിയോ ടേപ്പ് പ്രകാശനം ചെയ്തതായിരുന്നു ബധിരരെ സംബന്ധിച്ചിടത്തോളം കൺവെൻഷനിലെ പ്രമുഖ സവിശേഷത. ആംഗ്യഭാഷ പഠിച്ചിട്ട്, ഈ പുതിയ പഠനസഹായിയുടെ സഹായത്തോടെ നൈജീരിയയിൽ ഉടനീളമുള്ള ബധിരരെ സമീപിക്കാൻ കൂടുതലാളുകൾ ഉദ്ബോധിപ്പിക്കപ്പെട്ടു. അതുതന്നെ ചെയ്യുന്നതിന് ദൃഢനിശ്ചയം ചെയ്യാൻ കൺവെൻഷൻ അനേകരെ പ്രേരിപ്പിച്ചു.
“കഴിഞ്ഞകാലത്ത്, വയൽശുശ്രൂഷയിൽ ഞങ്ങൾ ഒരു ബധിരനെ കണ്ടുമുട്ടുമ്പോൾ അടുത്ത വീട്ടിലേക്കു പോകുമായിരുന്നു,” എന്ന് ഒരു സഹോദരി പറഞ്ഞു. “എന്താണു ചെയ്യേണ്ടതെന്ന് ഇപ്പോൾ ഞങ്ങൾക്കറിയാം.” കണക്കാക്കപ്പെട്ടിരിക്കുന്നതനുസരിച്ച്, 50 ലക്ഷം ബധിര നൈജീരിയക്കാർ ഉള്ളതുകൊണ്ട്, തീർച്ചയായും വലിയ വികസനസാധ്യതയുണ്ട്. ഒരു സഹോദരൻ പറഞ്ഞു: “ഇതൊരു തുടക്കമാണ്. അതുല്യമായ ഈ പുതിയ വയൽ നാമിപ്പോൾ കൃഷിചെയ്യേണ്ടതുണ്ട്.”
കൺവെൻഷനെ തുടർന്നുള്ള മാസങ്ങളിൽ അതുതന്നെയാണു സംഭവിച്ചിരിക്കുന്നത്. നൈജീരിയയിലുള്ള ലക്ഷക്കണക്കിനു ബധിരരെ ദൈവവചനത്തിലെ സത്യങ്ങൾ പഠിപ്പിക്കുന്നതിനുള്ള സംഘടിത ശ്രമങ്ങൾ നടക്കുന്നു. ദൈവരാജ്യത്തിൻ കീഴിൽ ആഗതമാകുന്ന പുതിയ ലോകത്തെക്കുറിച്ചുള്ള സുവാർത്ത ഇവരും പഠിക്കേണ്ടതുണ്ട്, എന്തെന്നാൽ അവിടെ അത്ഭുതകരമായ സൗഖ്യമാക്കലുകൾ നടക്കുകയും “ബധിരരുടെ ചെവികൾതന്നെ തുറക്കപ്പെടു”കയും ചെയ്യും.—യെശയ്യാവു 35:5, NW.