ബൈബിളിന്റെ വീക്ഷണം
ദാമ്പത്യ അവിശ്വസ്തതയ്ക്കു ശേഷം വിവാഹം പരിരക്ഷിക്കപ്പെടാനാകുമോ?
“ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറെറാരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.”—മത്തായി 19:9.
അവിശ്വസ്തത കാട്ടിയ ഒരു ഇണയെ ഉപേക്ഷിക്കാൻ ആ വാക്കുകളിലൂടെ യേശുക്രിസ്തു ക്രിസ്ത്യാനിക്ക് അനുവാദം നൽകി.a എന്നാൽ, നിർദോഷിയായ ഇണ വിവാഹത്തെ പരിരക്ഷിക്കാൻ തീരുമാനിക്കുകയും തങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാൻ ദമ്പതികൾ നിശ്ചയിക്കുകയും ചെയ്യുന്നെങ്കിലെന്ത്? ആ ദമ്പതികൾക്കു മുമ്പാകെ എന്തെല്ലാം വെല്ലുവിളികളുണ്ട്, അവർക്കെങ്ങനെ ആ വെല്ലുവിളികളെ വിജയപ്രദമായി നേരിടാനാകും? ഈ ചോദ്യങ്ങൾക്ക് ഉത്തരമേകാൻ ബൈബിൾ സഹായിക്കുന്നതെങ്ങനെയെന്നു നമുക്കു കാണാം.
ഒരു തകർന്ന ഭവനം
ദാമ്പത്യ അവിശ്വസ്തത ഉളവാക്കുന്ന തകരാറിന്റെ വ്യാപ്തി നാം ആദ്യം മനസ്സിലാക്കണം. യേശുക്രിസ്തു വിശദീകരിച്ചതുപോലെ, ഭാര്യയും ഭർത്താവും “മേലാൽ രണ്ടല്ല, ഒരു ദേഹ”മായിരിക്കണമെന്ന് വിവാഹത്തിന്റെ ഉപജ്ഞാതാവ് ഉദ്ദേശിച്ചു. അവൻ കൂട്ടിച്ചേർത്തു: “ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.” അതേ, വേർപെടുത്തരുതാത്തവിധം മനുഷ്യരെ കൂട്ടിയോജിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് വിവാഹം. വ്യഭിചാരം ചെയ്തുകൊണ്ട് ഒരു വ്യക്തി വിവാഹപ്രതിജ്ഞ ലംഘിക്കുമ്പോൾ വേദനാജനകമായ പ്രത്യാഘാതങ്ങൾ പിന്തുടരുന്നു.—മത്തായി 19:6; ഗലാത്യർ 6:7.
നിരപരാധിയായ ഇണ അനുഭവിക്കുന്ന വൈഷമ്യങ്ങൾ ഇതിനു തെളിവേകുന്നു. വ്യഭിചാരത്തിന്റെ ഫലങ്ങളെ വീടുകൾ തകർക്കുന്ന ഒരു കൊടുങ്കാറ്റിന്റെ ഫലങ്ങളോട് ഉപമിക്കാവുന്നതാണ്. “തങ്ങളുടെ ഇണ മരിച്ചിരുന്നെങ്കിൽ അതു സഹിക്കുക കൂടുതൽ എളുപ്പമായിരുന്നുവെന്ന് ഞാൻ ചികിത്സിച്ച അനവധി രോഗികൾ എന്നോടു പറഞ്ഞു” എന്ന് ഡോ. ഷർലി പി. ഗ്ലാസ്സ് അഭിപ്രായപ്പെട്ടു. മരണത്തിൽ തങ്ങളുടെ ഇണകൾ നഷ്ടപ്പെട്ട ചിലർ വിയോജിച്ചേക്കാമെന്നതു സത്യംതന്നെ. എന്നിരുന്നാലും വ്യഭിചാരം കഠോരമായ വേദനയ്ക്കിടയാക്കുന്നുവെന്നു വ്യക്തമാണ്. ചിലയാളുകൾ ആ വഞ്ചനയിൽനിന്ന് ഒരിക്കലും പൂർണമായി സുഖംപ്രാപിക്കുന്നില്ല.
അത്തരം കഠോര വേദനയുടെ വീക്ഷണത്തിൽ ഒരുവൻ ഇങ്ങനെ ചോദിച്ചേക്കാം, ‘വ്യഭിചാരം ഒരു വിവാഹത്തെ അവസാനിപ്പിക്കണമോ?’ അങ്ങനെയാകണമെന്നു നിർബന്ധമില്ല. വിശ്വസ്ത ഇണയ്ക്കു വിവാഹമോചനം ചെയ്യാൻ തിരുവെഴുത്തുപരമായ അവകാശമുണ്ടെങ്കിലും അപ്രകാരം ചെയ്യാൻ കടപ്പാടില്ലെന്ന് വ്യഭിചാരത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രസ്താവന പ്രകടമാക്കുന്നു. യാതൊന്നും വ്യഭിചാരത്തിന് ഒഴികഴിവു നൽകുന്നില്ലെങ്കിലും, ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ചില ദമ്പതികൾ തകർക്കപ്പെട്ടതു പുനരുദ്ധരിക്കാനും ശക്തിപ്പെടുത്താനും തീരുമാനിക്കുന്നു.
ഇണകൾ പരസ്പരം വിശ്വസ്തരായിരിക്കുമ്പോൾ ദാമ്പത്യ ബന്ധത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതു തീർച്ചയായും മെച്ചമാണ്. എന്നിരുന്നാലും, ദാമ്പത്യ അവിശ്വസ്തത സംഭവിക്കുമ്പോൾപ്പോലും ചില നിർദോഷ ഇണകൾ വിവാഹത്തെ പരിരക്ഷിക്കാൻ തീരുമാനിക്കുന്നു. അത്തരമൊരു തീരുമാനത്തെ എല്ലാം നേരേയായിക്കൊള്ളുമെന്ന ചിന്തയിൽ അടിസ്ഥാനപ്പെടുത്തുന്നതിനുപകരം നിർദോഷിയായ ഇണ പ്രത്യാഘാതങ്ങൾ ശ്രദ്ധാപൂർവം തൂക്കിനോക്കണം. അവൾ സാധ്യതയനുസരിച്ച് തന്റെ കുട്ടികളുടെ ആവശ്യങ്ങൾക്കും തന്റെതന്നെ ആത്മീയവും വൈകാരികവും ശാരീരികവും സാമ്പത്തികവുമായ ആവശ്യങ്ങൾക്കും പരിഗണന നൽകും.b തന്റെ വിവാഹം പുനരുദ്ധരിക്കാവുന്നതാണോ എന്നും പരിഗണിക്കുന്നത് അവളുടെ ഭാഗത്തു ജ്ഞാനമായിരിക്കും.
വിവാഹം പുനരുദ്ധരിക്കാവുന്നതാണോ?
കൊടുങ്കാറ്റിൽ തകർന്ന ഒരു വീടു പുനർനിർമിക്കാൻ ശ്രമിക്കുന്നതിനു മുമ്പ് അതിനെ പുനഃസ്ഥിതീകരിക്കാനാകുമോയെന്നു നിർമാതാവു തീരുമാനിക്കണം. അതുപോലെ, ദാമ്പത്യ അവിശ്വസ്തതയാൽ തകർക്കപ്പെട്ട ഒരു ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനു മുമ്പ്, ഉറ്റബന്ധവും വിശ്വാസവും വിവാഹത്തിൽ പുനഃസ്ഥാപിക്കാനുള്ള സാധ്യതയെക്കുറിച്ച് ഒരു വസ്തുനിഷ്ഠമായ വിലയിരുത്തൽ നടത്താൻ ദമ്പതികൾ—പ്രത്യേകിച്ചും വിശ്വസ്തയായ ഇണ—ആഗ്രഹിക്കണം.
കുറ്റംചെയ്ത ഇണ ആത്മാർഥമായ അനുതാപം പ്രകടമാക്കുന്നുവോ അതോ ഇപ്പോഴും “ഹൃദയംകൊണ്ടു” വ്യഭിചാരം ചെയ്യുന്നുവോ എന്നതാണ് പരിഗണിക്കേണ്ട ഒരു സംഗതി. (മത്തായി 5:27, 28) മാറ്റം വരുത്താമെന്നു വാഗ്ദാനം ചെയ്യുന്നെങ്കിലും തന്റെ അധാർമിക ബന്ധം ഉടനടി അവസാനിപ്പിക്കാൻ അയാൾ മടിയുള്ളവനാണോ? (പുറപ്പാടു 20:14; ലേവ്യപുസ്തകം 20:10; ആവർത്തനപുസ്തകം 5:18) അയാൾ ഇപ്പോഴും മറ്റു സ്ത്രീകളെ ശൃംഗാരപരമായ താത്പര്യത്തോടെ നോക്കുന്നുവോ? അയാൾ തന്റെ വ്യഭിചാരത്തിനു ഭാര്യയെ കുറ്റപ്പെടുത്തുന്നുവോ? അങ്ങനെയെങ്കിൽ, വിവാഹത്തിൽ വിശ്വാസം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിജയിക്കാൻ സാധ്യതയില്ല. നേരേമറിച്ച്, അയാൾ അവിഹിത ബന്ധം അവസാനിപ്പിക്കുകയും തന്റെ ദുഷ്പ്രവൃത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും വിവാഹം പുനരുദ്ധരിക്കുന്നതിന് അയാൾ പൂർണമായും പ്രതിജ്ഞാബദ്ധനാണെന്നു പ്രകടമാക്കുകയും ചെയ്യുന്നെങ്കിൽ, യഥാർഥ വിശ്വാസം ഒരിക്കൽ പുനഃസ്ഥാപിക്കപ്പെടുമെന്നു പ്രത്യാശിക്കാൻ അയാളുടെ ഭാര്യ ഒരടിസ്ഥാനം കണ്ടെത്തിയേക്കാം.—മത്തായി 5:29
കൂടാതെ, വിശ്വസ്തയായ ഇണയ്ക്ക് ക്ഷമിക്കാനാകുമോ? സംഭവിച്ചതിനെപ്പറ്റിയുള്ള തന്റെ ആഴമായ വ്രണിത വികാരങ്ങൾ അവൾ പ്രകടിപ്പിക്കരുതെന്നോ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് അവൾ നടിക്കേണ്ടതുണ്ടെന്നോ ഇത് അർഥമാക്കുന്നില്ല. തക്കസമയത്ത് ആഴമായ നീരസം വെച്ചുകൊണ്ടിരിക്കുന്നതിൽ തുടരാതിരിക്കാൻ അവൾ ശ്രമിക്കുമെന്ന് അത് അർഥമാക്കുന്നു. അത്തരം ക്ഷമയ്ക്കു സമയമെടുക്കുന്നു, എന്നാൽ വിവാഹം പുനരുദ്ധരിക്കാൻവേണ്ടി ഒരു ദൃഢമായ അടിസ്ഥാനമിടാൻ അതു സഹായിച്ചേക്കാവുന്നതാണ്.
“നാശാവശിഷ്ടങ്ങൾ” നീക്കംചെയ്യൽ
തങ്ങളുടെ വിവാഹം പരിരക്ഷിക്കാൻ വിശ്വസ്ത ഇണ തീരുമാനിച്ചുകഴിയുമ്പോൾ, ദമ്പതികൾക്ക് അടുത്തതായി ഏതു പടികൾ സ്വീകരിക്കാവുന്നതാണ്? കൊടുങ്കാറ്റിൽ കാര്യമായ കേടുപാടുകൾ സംഭവിച്ച ഒരു വീടിനുചുറ്റമുള്ള നാശാവശിഷ്ടങ്ങൾ നീക്കംചെയ്യേണ്ടതുള്ളതുപോലെതന്നെ വിവാഹത്തിനു ചുറ്റമുള്ള “നാശാവശിഷ്ടങ്ങളും” നീക്കംചെയ്യണം. ദമ്പതികൾ തങ്ങളുടെ വികാരങ്ങൾ പരസ്പരം പ്രകടിപ്പിക്കുന്നെങ്കിൽ ഇതൊരു പരിധിവരെ നിർവഹിക്കാനാകും. സദൃശവാക്യങ്ങൾ 15:22 [NW] പറയുന്നു: “വിശ്വസ്ത സംഭാഷണമില്ലാത്തിടത്തു പദ്ധതികളുടെ ഒരു വിഫലമാക്കൽ ഉണ്ട്.” “വിശ്വസ്ത സംഭാഷണം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം ഉറ്റബന്ധത്തെ സൂചിപ്പിക്കുന്നു. സങ്കീർത്തനം 89:7-ൽ [NW] അത് “ഉറ്റബന്ധമുള്ളവരുടെ സംഘം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട്, ഉപരിപ്ലവമായ ഒരു സംഭാഷണമല്ല, മറിച്ച് ഇരുവരുടെയും അത്യഗാധമായ വികാരങ്ങൾ വെളിപ്പെടുത്തുന്ന സത്യസന്ധവും തീക്ഷ്ണവുമായ ആശയവിനിയമം അതിൽ ഉൾപ്പെടും.—സദൃശവാക്യങ്ങൾ 13:10.
ദൃഷ്ടാന്തത്തിന്, ചില കേസുകളിൽ വിശ്വസ്ത ഇണയ്ക്കു തന്റെ ഭർത്താവിനോടു ചോദിക്കാൻ കൂടുതൽ ചോദ്യങ്ങളുണ്ടായിരിക്കാം. അവിഹിത ബന്ധം എങ്ങനെയാണ് ആരംഭിച്ചത്? അത് എത്രനാൾ തുടർന്നു? മറ്റാർക്കെല്ലാം അതേക്കുറിച്ചറിയാം? ഈ വിശദാംശങ്ങൾ ചർച്ചചെയ്യുന്നതു ദമ്പതികളെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരിക്കുമെന്നതു സത്യംതന്നെ. എന്നിരുന്നാലും, വിശ്വാസ പുനഃസ്ഥാപനത്തിന് അത്തരം അറിവ് ആവശ്യമാണെന്നു വിശ്വസ്ത ഇണ കണ്ടെത്തിയേക്കാം. അങ്ങനെയാണെങ്കിൽ, അവിശ്വസ്ത ഇണ സത്യസന്ധമായും പരിഗണനാപൂർവവും ഉത്തരം നൽകുന്നതാണ് ഉത്തമം. പരസ്പരകൈമാറ്റത്തിന്റെ ഉദ്ദേശ്യം സുഖപ്പെടുത്തുകയെന്നതാണ്, വ്രണപ്പെടുത്തുകയെന്നതല്ലെന്നു മനസ്സിൽപിടിച്ചുകൊണ്ട് അയാൾ കാര്യങ്ങൾ സ്നേഹപൂർവകവും ദയാപൂർവകവുമായ ഒരു വിധത്തിൽ വിശദീകരിക്കണം. (സദൃശവാക്യങ്ങൾ 12:18; എഫെസ്യർ 4:25, 26) സംഭവിച്ചതിനെക്കുറിച്ചുള്ള തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ ഇരുവരും വിവേകവും ആത്മനിയന്ത്രണവും ഉപയോഗിക്കുകയും സമാനുഭാവത്തോടെ ശ്രദ്ധിക്കുകയും വേണം.c—സദൃശവാക്യങ്ങൾ 18:13; 1 കൊരിന്ത്യർ 9:25; 2 പത്രൊസ് 1:6.
യഹോവയുടെ സാക്ഷികളായവർ സഭാ മൂപ്പൻമാരിൽനിന്നുള്ള സഹായം അഭ്യർഥിക്കാൻ ആഗ്രഹിച്ചേക്കാം. തീർച്ചയായും, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വ്യഭിചാരം പോലെയുള്ള ഗുരുതരമായ പാപങ്ങൾ മൂപ്പൻമാരോട് ഉടനടി ഏറ്റുപറയണം, അവർ ദമ്പതികളുടെയും സഭയുടെയും ആത്മീയ ക്ഷേമത്തിൽ തത്പരരാണ്. മൂപ്പൻമാരോടൊപ്പം കൂടിവന്നപ്പോൾ വ്യഭിചാരി യഥാർഥ അനുതാപം പ്രകടിപ്പിക്കുകയും അങ്ങനെ സഭയിൽ തുടരാൻ അനുവദിക്കപ്പെടുകയും ചെയ്തിരിക്കാം. അത്തരമൊരു കേസിൽ, മൂപ്പൻമാർക്ക് ഇണകളിരുവർക്കും തുടർച്ചയായ സഹായം നൽകാവുന്നതാണ്.—യാക്കോബ് 5:14, 15.
പുനരുദ്ധരിക്കൽ
ദമ്പതികൾ തങ്ങളുടെ വികാരങ്ങളെ സാധ്യമാകുന്നത്ര സമനിലയിലാക്കിക്കഴിയുമ്പോൾ, തങ്ങളുടെ വിവാഹത്തിലെ സുപ്രധാന വശങ്ങളെ പുനരുദ്ധരിക്കാൻ പറ്റിയ സ്ഥാനത്താണ് അവർ. ആത്മാർഥമായ ആശയവിനിയമം തുടർന്നും ആവശ്യമാണ്. ദൗർബല്യങ്ങൾ കണ്ടെത്തുന്നിടത്ത് അനുയോജ്യമായ മാറ്റങ്ങൾ വരുത്തണം.
കുറ്റക്കാരനായ ഇണയുടെ ഭാഗത്താണു പ്രധാനമായും മാറ്റങ്ങൾ വരുത്തേണ്ടയാവശ്യമുള്ളത്. എങ്കിലും, വിവാഹത്തിലെ ദുർബല വശങ്ങളെ ശക്തീകരിക്കുന്നതിൽ വിശ്വസ്ത ഇണയും തന്റെ പങ്കു നിർവഹിക്കണം. വ്യഭിചാരം അവളുടെ കുറ്റംകൊണ്ടാണെന്നോ അതു ന്യായീകരിക്കപ്പെടാവുന്നതാണെന്നോ അതിന് അർഥമില്ല. അത്തരമൊരു പാപം ചെയ്യുന്നതിന് സാധുവായ യാതൊരു ഒഴികഴിവുമില്ല. (ഉല്പത്തി 3:12; 1 യോഹന്നാൻ 5:3 എന്നിവ താരതമ്യം ചെയ്യുക.) പരിഹരിക്കേണ്ട പ്രശ്നങ്ങൾ വിവാഹത്തിൽ ഉണ്ടായിരുന്നേക്കാമെന്നു മാത്രമേ അതർഥമാക്കുന്നുള്ളൂ. പുനരുദ്ധാരണം ഒരു സംയുക്ത പദ്ധതിയാണ്. പൊതുവായ മൂല്യങ്ങളും ലക്ഷ്യങ്ങളും ശക്തിപ്പെടുത്തേണ്ടയാവശ്യമുണ്ടോ? ആത്മീയ പ്രവർത്തനങ്ങൾ അവഗണിച്ചിരുന്നോ? സുപ്രധാനമായ ദൗർബല്യങ്ങൾ കണ്ടുപിടിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന ഈ പ്രക്രിയ, കാര്യമായി തകർന്നുപോയ ഒരു വിവാഹം പുനരുദ്ധരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
പരിപാലിച്ചു നിലനിർത്തൽ
നന്നായി നിർമിച്ച ഒരു വീടിനുപോലും പതിവായ അറ്റകുറ്റപ്പണി ആവശ്യമാണ്. അപ്പോൾ, പുനരുദ്ധരിക്കപ്പെട്ട ഒരു ബന്ധത്തെ പരിപാലിക്കുന്നത് എത്ര പ്രധാനമാണ്. തങ്ങളുടെ പുതിയ തീരുമാനങ്ങളോടു പറ്റിനിൽക്കാനുള്ള ദൃഢനിശ്ചയം, കാലം കടന്നുപോകുന്നതോടെ ക്ഷയിക്കാൻ ദമ്പതികൾ അനുവദിക്കരുത്. അപര്യാപ്തമായ ആശയവിനിമയ ശീലങ്ങളിലേക്കു മടങ്ങിപ്പോകുന്നതുപോലുള്ള നിസ്സാരമായ തിരിച്ചടികൾ അനുഭവപ്പെടുന്നെങ്കിൽ, നിരുത്സാഹിതരായിത്തീരുന്നതിനു പകരം നല്ല ആശയവിനിമയ ശീലങ്ങൾ പുനഃസ്ഥാപിച്ചുകൊണ്ട് മുന്നോട്ടു ഗമിക്കാൻ അവർ സത്വര നടപടികൾ സ്വീകരിക്കണം.—സദൃശവാക്യങ്ങൾ 24:16; ഗലാത്യർ 6:9.
എല്ലാറ്റിലുമുപരി, ഭാര്യയും ഭർത്താവും തങ്ങളുടെ ആത്മീയചര്യയ്ക്ക് ഏറ്റവുമുയർന്ന മുൻഗണന നൽകണം. ആത്മീയചര്യയോ അവരുടെ വിവാഹമോ മറ്റേതെങ്കിലും പ്രവർത്തനങ്ങളുടെ പിന്നിലായിത്തീരാൻ ഒരിക്കലും അനുവദിക്കരുത്. സങ്കീർത്തനം 127:1 പറയുന്നു: “യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു.” കൂടാതെ യേശു ഇങ്ങനെ മുന്നറിയിപ്പു നൽകി: “എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിൻമേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. വൻമഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാററു അടിച്ചു ആ വീട്ടിൻമേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.”—മത്തായി 7:24-27.
അതേ, ബാധകമാക്കാൻ ബുദ്ധിമുട്ടാണെന്നുള്ള കാരണത്താൽ ബൈബിൾ തത്ത്വങ്ങൾ അവഗണിച്ചാൽ, വിവാഹം ദാമ്പത്യ വിശ്വസ്തതയുടെ അടുത്ത സംക്ഷുബ്ധ പരിശോധനയ്ക്ക് എളുപ്പം വിധേയമാകുന്നതരത്തിൽ തുടരും. എന്നാൽ ഭാര്യയും ഭർത്താവും എല്ലാ കാര്യങ്ങളിലും ബൈബിൾ നിലവാരങ്ങൾ മുറുകെപ്പിടിക്കുന്നെങ്കിൽ അവരുടെ വിവാഹത്തിനു ദിവ്യാനുഗ്രഹമുണ്ടായിരിക്കും. ദാമ്പത്യ വിശ്വസ്തതയുടെ ഏറ്റവും ശക്തമായ പ്രേരകഘടകവും—വിവാഹത്തിന്റെ ഉപജ്ഞാതാവായ യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം—അവർക്കുണ്ടായിരിക്കും.—മത്തായി 22:36-40; സഭാപ്രസംഗി 4:12.
[അടിക്കുറിപ്പുകൾ]
a വ്യഭിചാരിയായ ഇണയെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതിന് ഒരു വ്യക്തിക്കു സാധുവായ കാരണങ്ങളുണ്ട്. ഈ സംഗതി സംബന്ധിച്ച വിശദമായൊരു ചർച്ചയ്ക്ക് 1995 ആഗസ്റ്റ് 8 ലക്കം ഉണരുക!യിലെ, “ബൈബിളിന്റെ വീക്ഷണം: വ്യഭിചാരം—ക്ഷമിക്കണമോ വേണ്ടയോ?” എന്ന ലേഖനം കാണുക.
b അവിശ്വസ്ത ഇണയെ ഞങ്ങൾ ഒരു പുരുഷൻ എന്നു പരാമർശിക്കുന്നു. പുരുഷൻമാരുടെ ദാമ്പത്യ അവിശ്വസ്തതാനിരക്ക് സ്ത്രീകളുടേതിന്റെ ഇരട്ടിയാണെന്ന് ഒരു സർവേ കണക്കാക്കുന്നു. എന്നിരുന്നാലും ചർച്ചചെയ്യപ്പെടുന്ന തത്ത്വങ്ങൾ, നിർദോഷിയായ ഇണ ക്രിസ്തീയ പുരുഷനായിരിക്കുമ്പോഴും തത്തുല്യമായി ബാധകമാകുന്നു.
c നല്ല ശ്രദ്ധിക്കൽ സംബന്ധിച്ച വിവരത്തിന്, ഉണരുക!-യുടെ 1994 ജനുവരി 22 ലക്കം പേജുകൾ 6-9-ഉം 1994 ഡിസംബർ 8 ലക്കം പേജുകൾ 10-13-ഉം കാണുക.