ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ഓർത്തഡോക്സ് സഭ ഒരു ഓർത്തഡോക്സ് ക്രിസ്ത്യാനിയായ ഞാൻ “ഗ്രീക്ക് ഓർത്തഡോക്സ് സഭ—ഒരു പിളർന്ന മതം” എന്ന നിങ്ങളുടെ ലേഖനം വായിച്ച് അമ്പരന്നുപോയി. (ജനുവരി 8, 1996) അടുത്തതവണ നിങ്ങൾ ഓർത്തഡോക്സ് സഭയെ താഴ്ത്തിക്കെട്ടുമ്പോൾ, ഇസ്ലാമിക പീഡനത്തിന്റെയും സോവിയറ്റ് ഭരണത്തിന്റെയും കാലങ്ങളിൽ അതു ക്രിസ്ത്യാനിത്വത്തെ കാത്തുസൂക്ഷിച്ചവിധം പോലെ അതു കൈവരിച്ച നേട്ടങ്ങളെയും കുറിച്ചു പറയാനുള്ള സത്യസന്ധത കാട്ടുക. മാത്രമല്ല, സഭയും രാഷ്ട്രവും തമ്മിൽ വേറിട്ടുനിൽക്കണമെന്നുള്ളതു ബൈബിളധിഷ്ഠിതമല്ല. ദാവീദ് രാജാവിന്റെയോ ശലോമോൻ രാജാവിന്റെയോ ഗവൺമെൻറുകൾ സഭകളിൽനിന്നു വേറിട്ടു നിന്നിരുന്നോ?
എം. എഫ്., ഐക്യനാടുകൾ
ഓർത്തഡോക്സ് സഭ നേരിടുന്ന നിലവിലുള്ള പ്രതിസന്ധികളിലേക്കാണ് ഞങ്ങൾ ശ്രദ്ധ ആകർഷിച്ചത്. ഗ്രീസിലെ വാർത്താമാധ്യമങ്ങൾ ഇക്കാര്യം വ്യക്തമായി അവതരിപ്പിച്ചിരുന്നു. “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കാനുള്ള യേശുവിന്റെ കൽപ്പന അനുസരിക്കാനും രാഷ്ട്രീയപരമായി നിഷ്പക്ഷതയോടെ നിലകൊള്ളാനും സഭ പരാജയപ്പെട്ടതിന്റെ ഫലമാണ് ഈ പ്രതിസന്ധി. (യോഹന്നാൻ 17:16)—പത്രാധിപർ
വിഭ്രാന്തി ബാധകൾ “വിഭ്രാന്തി ബാധയെ തരണം ചെയ്യൽ” എന്ന ലേഖനത്തിനു നന്ദി. (ജൂൺ 8, 1996) 14 വർഷമായി എനിക്ക് ഈ അസുഖമുണ്ട്. ഈ പ്രശ്നം എനിക്കു മാത്രമേ ഉള്ളു എന്നാണു ഞാൻ വിചാരിച്ചത്. രാജ്യഹാളിൽവെച്ചുപോലും എനിക്ക് ഇത്തരം വികാരങ്ങൾ ഉണ്ടാകാറുണ്ട്. ഈ പ്രശ്നം വിട്ടുമാറുകയില്ലായിരുന്നേക്കാമെങ്കിലും ഈ ലേഖനം എന്നെ ശരിക്കും സഹായിച്ചിരിക്കുന്നു.
സി. സി., സ്പെയിൻ
വിഭ്രാന്തി ബാധകളെക്കുറിച്ചുള്ള ലേഖനം ഞാൻ വായിച്ചത് കണ്ണീരോടെയായിരുന്നു. അടുത്ത തവണ വിഭ്രാന്തിയുടേതായ തോന്നലുകൾ പിടിപെടുമ്പോൾ അതെന്നെ സഹായിക്കും. ഈ ലേഖനം എന്റെ പ്രാർഥനകൾക്കുള്ള ഉത്തരമായിട്ടാണ് എനിക്കു തോന്നുന്നത്.
എം. ബി., സ്കോട്ട്ലൻഡ്
ഏതാണ്ട് 30 വർഷമായി എനിക്ക് തീവണ്ടിയിലോ ബസ്സിലോ യാത്ര ചെയ്യാനോ ആളുകൾക്കിടയിൽ നിൽക്കാനോ സാധിക്കാറില്ല. രാജ്യഹാളിലെ യോഗങ്ങളും കൺവെൻഷനുകളും വലിയൊരു വെല്ലുവിളിയായിരുന്നു. അപ്പോൾ, ഈ ലേഖനം എനിക്കു വലിയ പ്രേത്സാഹനത്തിന്റെയും ആശ്വാസത്തിന്റെയും ഉറവിടമായി തീർന്നത് എങ്ങനെയെന്നു നിങ്ങൾക്കു മനസ്സിലാകുമല്ലോ. കെട്ടുപണി ചെയ്യുന്ന, ആശ്വസിപ്പിക്കുന്ന വിധത്തിൽ ഈ അസുഖത്തെക്കുറിച്ച് എഴുതിയതിൽ ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
വൈ. റ്റി., ജപ്പാൻ
ഞാൻ ഒരു മുഴുസമയ സുവിശേഷകനാണ്. 1994 മുതൽ കടുത്ത വിഭ്രാന്തി ബാധകൾ എന്നെ പിടികൂടിയിട്ടുണ്ട്. എന്റെ സന്തോഷം എനിക്കു നഷ്ടപ്പെട്ടു, എനിക്കു വീടുവിട്ടിറങ്ങണമെന്നില്ലാതായി. ഈ തോന്നലുകൾ ഉണ്ടാകുന്നതു വിശ്വാസമില്ലായ്മ മൂലമായിരിക്കാം എന്നു ഞാൻ കരുതി. എന്നാൽ ഈ അനുഭവമുള്ള ക്രിസ്ത്യാനി ഞാൻ മാത്രമല്ലെന്ന് എനിക്കിപ്പോൾ അറിയാം.
എസ്. എ., ബ്രസീൽ
വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ “വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ” മധുരസ്മരണകൾ കൊണ്ടുവരുന്നു. ആ സംഗീതത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്ത ലേഖനത്തിനു (ജൂൺ 8, 1996) നന്ദി. അതു വായിച്ചത് ഉണരുക!യിലെ എല്ലാ ലേഖനങ്ങളും വായിക്കാനുള്ള ആഗ്രഹം എന്നിലുളവാക്കി.
ജെ. എം., ജർമനി
ടെലഫോൺ മര്യാദകൾ “നിങ്ങളുടെ ടെലഫോൺ മര്യാദകൾ എങ്ങനെയുള്ളതാണ്?” എന്ന വിശിഷ്ടമായ ലേഖനത്തിനു നന്ദി. (ജൂൺ 8, 1996) ആളുകൾക്കു ഫോണിലൂടെ സേവനങ്ങൾ പ്രദാനം ചെയ്യുന്ന ഒരു ബാങ്കിലാണു ഞാൻ ജോലി ചെയ്യുന്നത്. ഞാൻ ആ ലേഖനം എന്റെ സൂപ്പർവൈസർക്കു കാണിച്ചുകൊടുത്തു. ആ ലേഖനം പ്രയോജനപ്രദവും സമയോചിതവും പ്രായോഗികവുമായിരുന്നതായി തോന്നിയെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. ഞങ്ങളുടെ 32 ടെലഫോൺ ഓപ്പറേറ്റർമാരെയും ആ ലേഖനം കാണിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു.
എൻ. ജെ. എസ്., ബ്രസീൽ
കഴിഞ്ഞ കാലങ്ങളിൽ, കുറ്റകൃത്യപരമായ ഉദ്ദേശ്യത്തോടെ അനാവശ്യമായി ഫോൺ ചെയ്തിരുന്ന ആളുകളിൽനിന്നുള്ള ശല്യമുണ്ടായിട്ടുണ്ട്. അതുകൊണ്ട് മൂന്നു പ്രാവശ്യം വിനീതമായി ചോദിച്ചിട്ടും വിളിക്കുന്ന ആൾ തന്നെ തിരിച്ചറിയിക്കുന്നില്ലെങ്കിൽ ഫോൺ താഴെവെക്കാനുള്ള ടെലഫോൺ കമ്പനിക്കാരുടെ ശുപാർശ ഞങ്ങൾ നിരന്തരം അനുസരിക്കുന്നുണ്ട്. പല പ്രാവശ്യം ഒരു സുഹൃത്ത് ഫോൺ ചെയ്ത് ലേഖനത്തിൽ പ്രതിപാദിച്ചിരുന്നതുപോലെ ആരാണെന്ന് ഊഹിക്കാമോ എന്നു കളിയായി ചോദിച്ചതു മൂലം മനോവിഷമം തോന്നിയിട്ടുണ്ട്. പ്രാധാന്യമില്ലെന്നു തോന്നുന്ന അത്തരം മേഖലകളിൽപ്പോലും ദയയും വിവേകവും കാണിക്കാൻ ഇത്തരത്തിലുള്ള ലേഖനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
ജി. എ., ഐക്യനാടുകൾ