“വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ”
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
“വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ” എന്ന ഓസ്ട്രേലിയൻ ഗാനം ലോകമെമ്പാടും വ്യാപകമായി അറിയപ്പെടുന്നു. 1895 ഏപ്രിൽ 6-ന് ഈ ഗാനം ആദ്യമായി പൊതുവേദിയിൽ പാടിയതിന്റെ നൂറാം വാർഷികമായിരുന്ന കഴിഞ്ഞ വർഷം ഇതിൽ പെട്ടെന്നൊരു താത്പര്യം ആളിക്കത്തി.
ഏറെക്കുറെ നിഗൂഢമായ പദങ്ങളുള്ള വെറുമൊരു കഥാഗീതം ഓസ്ട്രേലിയയിലെമ്പാടുമെന്നു മാത്രമല്ല, ലോകത്തിലെ അനേക രാജ്യങ്ങളിലും ഇത്ര പേരെടുത്തതെങ്ങനെ? പാട്ടിന്റെ കൃത്യമായ ഉത്പത്തിയെ സംബന്ധിച്ചുള്ള വിവരണങ്ങൾ വൈരുദ്ധ്യാത്മകമാണ്. എങ്കിലും, ഗാനത്തിന്റെ ആദ്യ രചയിതാവ് എ. ബി. (ബഞ്ചോ) പാറ്റെഴ്സൺ ആയിരുന്നുവെന്നാണു പൊതു അഭിപ്രായം. 1800-കളുടെ അവസാനത്തിനും 1900-ങ്ങളുടെ ആരംഭത്തിനും ഇടയ്ക്കുള്ള കാലയളവിൽ അദ്ദേഹത്തിന്റെ കവിതകൾ ഓസ്ട്രേലിയയിൽ ഏറ്റവുമധികം വിൽപ്പനയുള്ളവയായിത്തീർന്നു.
“വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ”യുടെ പദങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും കഥ വ്യക്തമായും ഒരു ഭാണ്ഡക്കാരനെക്കുറിച്ചാണ്. വ്യക്തിപരമായ വസ്തുവകകളടങ്ങിയ ഒരു കെട്ടാണ് ഭാണ്ഡം. ഈ ഭാണ്ഡവും ചുമന്നുകൊണ്ടു യാത്രചെയ്യുന്നയാളാണു ഭാണ്ഡക്കാരൻ. ഈ ഗാനത്തിൽ ഭാണ്ഡക്കാരൻ ഓസ്ട്രേലിയയുടെ ഉൾനാടൻപ്രദേശത്തുള്ള, ബിലബോങ് എന്നറിയപ്പെടുന്ന ഒരു ചെറിയ പോഷകനദിയുടെ ഓരത്തു പാളയമടിച്ചിരിക്കുകയാണ്. അയാൾ തന്റെ ബിലി അഥവാ ലോഹംകൊണ്ടുള്ള കലം താവളത്തിലെ തീയിൽ തിളപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ജംബക്ക് എന്നു പേരുള്ള തടിച്ചു കൊഴുത്ത ഒരു ചെമ്മരിയാട് അതേ ബിലബോങ്ങിൽത്തന്നെ വെള്ളം കുടിക്കാൻ വന്നു. ഭാണ്ഡക്കാരൻ ആ ചെമ്മരിയാടിനെ പിടിച്ചു കൊല്ലുകയും ആ മൃതശരീരം, ആഹാര സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള തന്റെ ടക്കർ സഞ്ചിയിൽ വയ്ക്കുകയും ചെയ്തു. അയാൾ ഇതു ചെയ്തു കഴിഞ്ഞയുടനെ ആ സ്ഥലത്തിന്റെ ഉടമയായ കുടിയേറ്റക്കാരൻ തന്റെ കുതിരപ്പുറത്തെത്തി. (സ്ഥലത്ത് “കുടിയേറിപ്പാർത്തു”കൊണ്ട് സ്വത്തവകാശം നേടിയെടുത്തിരുന്ന കർഷകരായിരുന്നു കുടിയേറ്റക്കാർ. പിന്നീട് അവർക്കു തങ്ങളുടെ വിസ്തൃതമായ ഭൂസ്വത്ത് രജിസ്റ്റർ ചെയ്തു ലഭിച്ചിരുന്നു.) കുടിയേറ്റക്കാരന്റെ കൂടെ കുതിരസവാരിക്കാരായ മൂന്നു പൊലീസുകാരും ഉണ്ടായിരുന്നു. ചെമ്മരിയാടിനെ മോഷ്ടിച്ചതിനു കുറ്റപ്പെടുത്തപ്പെട്ട നിർഭാഗ്യവാനായ ഭാണ്ഡക്കാരൻ തടവുശിക്ഷയോ അതിലപ്പുറമോ അനുഭവിക്കണമെന്നതിനു സംശയമില്ല. അയാൾ ഓടിച്ചെന്നു ബിലബോങ്ങിലേക്ക് എടുത്തുചാടുകയും മുങ്ങിപ്പോകുകയും ചെയ്യുന്നു.
അസംഭാവ്യമായ ഈ കഥയ്ക്ക് ഇത്ര ആകർഷണീയത എന്തുകൊണ്ട്? ബഞ്ചോ പാറ്റെഴ്സണിന്റെ ഇഷ്ടപ്പെട്ട കവിതകൾ (ഇംഗ്ലീഷ്) എന്ന റെക്സ് നൂയെലിന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ ബ്രൂസ് എൽഡർ ഒരു വിശദീകരണം നൽകുന്നു. ഓസ്ട്രേലിയക്കാർ തങ്ങളെത്തന്നെ കാണാൻ ആഗ്രഹിക്കുന്ന വിധത്തെക്കുറിച്ചുള്ള ഒരു പ്രസ്താവനയാണ് ആ പാട്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു: “ചെമ്മരിയാടിനെ മോഷ്ടിക്കുന്ന ഒരു ഭാണ്ഡക്കാരന്റെ വെറും കഥയല്ല അത്. വിരട്ടലിനോടും അധികാരികളോടുമുള്ള ഞങ്ങളുടെ വെറുപ്പിന്റെ ഒരു പ്രകടനമാണ് അത്. നിസ്സാരനായ ഒരു അധികാരിയെ വെല്ലുവിളിക്കാൻ ആഗ്രഹിച്ചിട്ടുള്ള എല്ലാ ഓസ്ട്രേലിയക്കാരെയുമാണു ഭാണ്ഡക്കാരൻ ചിത്രീകരിക്കുന്നത് . . . ഞങ്ങളുടെ ജീവിതത്തെ ഭരിക്കാൻ ഈ ആളുകളെ അനുവദിക്കുന്നതിലും ഭേദം ബിലബോങ്ങിലേക്കു ചാടുന്നതാണ്.” “വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ”യുടെ പ്രശസ്തിക്കുള്ള കാരണം എന്തുതന്നെയായിരുന്നാലും 100-ലേറെ വർഷമായി അത് ഓസ്ട്രേലിയയിലെ ഗാനങ്ങളുടെ പ്രതീകമായിത്തീർന്നിരിക്കുന്നു.
“വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ”യുടെ അർഥമെന്താണ്?
പാട്ടിനു നാലു ശീലുകൾ അഥവാ ചെറിയ ഖണ്ഡങ്ങളുണ്ട്. ഓരോ ഖണ്ഡത്തിനുംശേഷം ഒരു പല്ലവി ഉണ്ട്, അത് പിൻവരുന്ന വരികളോടെയാണ് ആരംഭിക്കുന്നത്:
വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ, വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ,
വോൾട്സ് നൃത്തംചെയ്യുന്ന ഒരു മറ്റിൽഡയായ നീ എന്റെകൂടെ വരും.
തൊട്ടുമുമ്പിലത്തെ ശീലിൽ വർണിച്ചിരിക്കുന്നത് ആവർത്തിച്ചുകൊണ്ടുള്ള രണ്ടു വരികൾ ഇവയെ പിന്തുടരുന്നു. പാട്ടിന് ഈ പല്ലവിയിൽനിന്നാണു പേരു ലഭിച്ചിരിക്കുന്നത്.
“മറ്റിൽഡ” കൃത്യമായി എന്താണെന്നും ‘വോൾട്സ് നൃത്തംചെയ്യുന്നത്’ ആരാണെന്നുമുള്ളതിനെക്കുറിച്ച് അനിശ്ചിതത്വവും വിരുദ്ധാഭിപ്രായം പോലും വികാസം പ്രാപിച്ചിരിക്കുന്നു. ചില ഗവേഷകർ നൽകുന്ന ലഘുവായ വിശദീകരണം ഏറ്റവും തൃപ്തികരമായി തോന്നുന്നു. ഒരു എഴുത്തുകാരൻ ഇപ്രകാരം പറയുന്നു: “തങ്ങളുടെ വസ്തുവകകളെല്ലാം ചുരുട്ടിക്കെട്ടി ഒരു ഭാണ്ഡത്തിലാക്കി തോളത്തു തൂക്കിയിട്ടുകൊണ്ടു പറമ്പുതോറും നടക്കുന്ന ഭാണ്ഡക്കാർ പാറ്റെഴ്സണിനെ . . . ആകർഷിച്ചു. ഈ ഭാണ്ഡക്കാർ ഉപയോഗിച്ച നാടോടി ഭാഷ അദ്ദേഹം ഇഷ്ടപ്പെട്ടു. ഭാണ്ഡം വഹിക്കുന്നത്, ‘മാറാപ്പു ചുമക്കുക’, ‘കെട്ടു തോളിലേറ്റുക’, ‘ശാപം വഹിക്കുക’ അല്ലെങ്കിൽ ‘വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ’ എന്ന അറിയപ്പെട്ടു.”
“വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ”യുടെ കഥ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡയെക്കുറിച്ച് സിഡ്നി മേയ് നൽകുന്ന സംക്ഷിപ്തമായ നിർവചനം ഇപ്രകാരം വായിക്കുന്നു: “വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ: തുണികളും വ്യക്തിപരമായ വസ്തുവകകളും ചെറുതാക്കി ചുരുട്ടിയിട്ട് കമ്പിളി നിവർത്തി അതിൽ പൊതിയുന്നു. അതിനുശേഷം മധ്യത്തിൽ വച്ചിരിക്കുന്ന ഒതുങ്ങിയ ആ ചുരുളിന്റെ ഓരോ വശത്തും കമ്പിളിക്ക് കെട്ടിടുന്നു. എന്നിട്ട് കഴുത്തിലൂടെ ഇടുന്നു. കമ്പിളിയുടെ കെട്ടാത്ത അറ്റങ്ങൾ അപ്പോൾ മുമ്പിൽ ഓരോ വശത്തുമായി അഴിഞ്ഞു കിടക്കുന്നു. സാധാരണമായി കൈകൊണ്ട് ഒരറ്റം മുറുക്കെപ്പിടിച്ചിരിക്കുന്നതായി കാണുന്നു.”
“മറ്റിൽഡയുടെ” പ്രസിദ്ധി വ്യാപിക്കുന്നു
ഒന്നും രണ്ടും ലോകയുദ്ധങ്ങളുടെ സമയത്ത് ഓസ്ട്രേലിയൻ സൈന്യങ്ങൾ മറ്റു രാജ്യങ്ങളിലേക്കു നാവികയാത്ര ചെയ്തതായിരുന്നു “വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ” എന്ന ഗാനത്തിന്റെ പ്രസിദ്ധി ഉത്ഭവ രാജ്യത്തുനിന്നും പുറത്തേക്ക് ഇത്രയും വ്യാപിക്കാൻ കാരണമെന്നു സിഡ്നി മേയ് നിഗമനം ചെയ്യുന്നു. അദ്ദേഹം പിൻവരുന്ന ഉദാഹരണങ്ങൾ പ്രദാനം ചെയ്യുന്നു: “1941-ൽ ടെൽ അവീവിലെ കഫേയിലേക്ക് ഒരു ഓസ്ട്രേലിയക്കാരൻ കടന്ന നിമിഷംതന്നെ ആ കഫേയിലെ വാദ്യമേളക്കാർ അതു പാടുകയുണ്ടായി; നയന്ത് ഡിവിഷൻ, ബാർഡിയ വീണ്ടും പിടിച്ചെടുത്തശേഷം അതിലേക്കു പ്രവേശിച്ച സമയത്ത് അതു പാടി; 1917-ൽ ഒരു ബ്രിട്ടീഷ് നാവികപ്പടയോടു ചേർന്ന ഒരു ഓസ്ട്രേലിയൻ യുദ്ധക്കപ്പലിനെ ഫ്ളാഗ് ഷിപ്പ് വാദ്യവൃന്ദം ‘വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ’ എന്ന പാട്ടു പാടി സ്വാഗതം ചെയ്തു, ഓസ്ട്രേലിയക്കാരൻ കടലിനക്കരയിലേക്കു റേഡിയോ പ്രക്ഷേപണം ചെയ്തു തുടങ്ങുന്നതിനുമുമ്പ് അവിടെയതു പാടിക്കേൾക്കുന്നു.” ഈ പാട്ടു പാടിയിട്ടുള്ള ഏറ്റവും കീർത്തിയേറിയ സന്ദർഭങ്ങളിൽ പെടുന്നതാണ്, എലിസബത്ത് രാജ്ഞി II-ന്റെ കിരീടധാരണത്തിന് ഒരാഴ്ച മുമ്പു ലണ്ടനിലെ ബക്കിങ്ങാം കൊട്ടാരത്തിൽ ഓസ്ട്രേലിയൻ സേനകളുടെ കിരീടധാരണ പ്രതിനിധിസംഘത്തിന്റെ ആചാരപരമായ പരേഡുകൾ.
പല ജീവിത തുറകളിൽപ്പെട്ടവരുടെയിടയിൽ “വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ”യ്ക്കുള്ള പ്രശസ്തിയെക്കുറിച്ച് രസാവഹമായ ഒരു പത്ര റിപ്പോർട്ടും കുറച്ചാശയം നൽകുന്നു. പത്ര റിപ്പോർട്ട് ഇപ്രകാരം വായിക്കുന്നു: “ഒരു ദിവസം വൈകുന്നേരം, [ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായ] ശ്രീ. മെൻസീസ്, [ബ്രിട്ടന്റെ പ്രധാനമന്ത്രിയായ] ശ്രീ. ചർച്ചിലും ഫ്രഞ്ച് യുദ്ധനേതാവായ ജനറൽ ദെ ഗൗലിയും ഒന്നിച്ച് ചെക്കേഴ്സിൽ വച്ച് ഭക്ഷണം കഴിച്ചശേഷം മറ്റൊരു മുറിയിലേക്കു പോയി. സർ വിൻസ്റ്റൺ ഒരു ആംഗ്യം കാണിച്ചപ്പോൾ “വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ”യുടെ റെക്കാർഡ് ഓൺ ചെയ്തു. “മതിമറന്നു പാടുകയും മുറിയിലൂടെ നൃത്തം ചെയ്യുകയും ചെയ്യുന്നതിനിടയിൽ ‘അത് ലോകത്തിലെ ഏറ്റവും നല്ല ഗാനങ്ങളിലൊന്നാണ്’ എന്നു ജനറലിനോടു പറയാൻ അദ്ദേഹം ഒന്നു നിന്നു.”
“മറ്റിൽഡയുടെ” പ്രസിദ്ധിക്കു കൂടുതലായ തെളിവു നൽകിക്കൊണ്ട്, വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ—ഐതിഹ്യത്തിനു പിന്നിലെ കഥ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ റിച്ചാർഡ് മഗോഫിൻ ഇപ്രകാരം പ്രസ്താവിക്കുന്നു: “രണ്ടാം ലോകമഹായുദ്ധകാലത്ത്, ബിലബോങ്ങുകളെക്കുറിച്ചുള്ള പാട്ട് ലോകത്തു പിന്നെയും വ്യാപിച്ചു, അതായത് ഓസ്ട്രേലിയയിലെ ഡിഗ്ഗെറുമാർ [പട്ടാളക്കാർ] പോയിടത്തെല്ലാം അതു വ്യാപിച്ചു. ജന്മദേശത്തെക്കുറിച്ചുള്ള ചിന്ത അനായാസം ഉണർത്തുകയും ഓസ്ട്രേലിയയിൽനിന്നുള്ളതാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാവുന്നതുമായ ഒരു പാട്ടായിരുന്നു അത്.” കടൽത്തീരത്ത് (ഇംഗ്ലീഷ്) എന്ന സിനിമയിൽ മുഖ്യമായും “വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ”യെ വിശേഷവത്കരിച്ച സിനിമാ നിർമാതാവ് ക്രേമെറിനെയും അദ്ദേഹം ഉദ്ധരിക്കുന്നു. ക്രേമെർ ഇപ്രകാരം പറഞ്ഞു: “ഇത് അസാധാരണമാംവിധം ബഹുമുഖമായ ഒരു ഗാനമാണ്. ഒരു നാടോടിപ്പാട്ടായോ, മാർച്ചു സംഗീതമായോ കഥാഗീതമായോ മറ്റേതു സംഗീത രൂപത്തിലോ അതു പാടാൻ കഴിയും, ‘കടൽത്തീരത്ത്’ എന്ന സിനിമയുടെ സംഗീതരചനയിൽ ഞങ്ങൾ അത് ഒരു ഡസൻ രീതികളിൽ ഉപയോഗിച്ചിട്ടുണ്ട്. ആ സിനിമയുടെ സംഗീതരചനയിലെ പ്രമുഖ സംഗീതം ‘വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ’ ആയിരിക്കണമെന്നു മിക്കവാറും നിമിഷംകൊണ്ടു ഞാൻ തീരുമാനിച്ചു.”
അതിന് ഒരു സന്ദേശമുണ്ടോ?
ഈ ഗാനം വായിക്കുകയും പാടുകയും ചെയ്തവരെ ബഞ്ചോ പാറ്റെഴ്സൺ ഒരു സന്ദേശം അറിയിക്കുകയായിരുന്നുവെന്നു ചിലർ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, ഈ ഗാനത്തിൽ ഉണ്ടായിരിക്കാൻ സാധ്യതയുള്ള സന്ദേശവുമായി ബന്ധപ്പെട്ട ആത്മപരിശോധനാത്മകമായ ചില ചിന്തകൾ പ്രകടിപ്പിച്ചുകൊണ്ടു വില്യം പൗവ്വെർ ഐക്യനാടുകളിലെ യേൽ റിവ്യൂയിൽ ഒരു ലേഖനമെഴുതി. സ്പഷ്ടമായും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് എല്ലാവരും യോജിക്കുകയില്ലെങ്കിലും “വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ”യുടെ ഈ ഹ്രസ്വമായ വിശകലനത്തിന് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഉചിതമായ ഒരു ഉപസംഹാരം പ്രദാനം ചെയ്യുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ഓസ്ട്രേലിയക്കാർക്കു പ്രകൃതി ശക്തികളോടു മാത്രമല്ല, മനുഷ്യ പ്രകൃതിയുടെ പരിമിതികളോടും പോരാടേണ്ടിയിരുന്നു. . . . ഈ പിരിമുറുക്കങ്ങൾ ‘വോൾട്സ് നൃത്തംചെയ്യുന്ന മറ്റിൽഡ’യിൽ വാഗ്രൂപം കൈക്കൊള്ളുന്നു. എതിരാളികളായ രണ്ടുപേരും, കുടിയേറ്റക്കാരനും ഭാണ്ഡക്കാരനും, വൈരുദ്ധ്യ തലങ്ങളിലുള്ളവരാണ്. അത്തരമൊരു സംഘട്ടനത്തിൽ കുടിയേറ്റക്കാരനാണു വിജയം അർഹിക്കുന്നതെന്നു മിക്കവരും പ്രഖ്യാപിക്കും. ഒരു ചെമ്മരിയാടു വളർത്തലുകാരനും കന്നുകാലി വളർത്തലുകാരനുമെന്ന നിലയിലുള്ള അയാളുടെ നൈപുണ്യത്തിലാണ് ഓസ്ട്രേലിയയുടെ സമ്പദ്വ്യവസ്ഥ അധികവും ആശ്രയിച്ചിരിക്കുന്നത്. അയാൾ അധ്വാനിയും ഉത്തരവാദിത്വബോധമുള്ളവനും ധീരനുമാണ്; ഒരു പ്രദേശത്ത് ആദ്യമായി താമസം തുടങ്ങുന്ന ആൾക്ക് നാം കൽപ്പിക്കുന്ന ഏതെങ്കിലും ഗുണങ്ങൾ അയാൾക്ക് ഇല്ലാത്തപക്ഷം അയാൾ വിജയം വരിക്കില്ല. . . . ഭാണ്ഡക്കാരനും ഒരു മനുഷ്യനാണ്. . . . അയാളും സമൂഹത്തിന്റെ ഭാഗമാണ്. ഭാണ്ഡക്കാരിൽ ചിലർ കുടിയേറ്റക്കാരായി തീർന്നു; എന്നാൽ കൂടുതൽ പേരും താഴ്ന്നതെങ്കിലും കൂടുതൽ സംതൃപ്തികരമായ നിലവാരങ്ങളിൽ എത്തി. അതായത് അവർ കർഷകരും ആടുകളെയും കന്നുകാലികളെയും വളർത്തുന്ന ഫാമുകളിലെ ജോലിക്കാരും മെക്കാനിക്കുകളും നഗരജോലിക്കാരും ആയിത്തീർന്നു; മറ്റുള്ളവർ ആയുഷ്കാലം മുഴുവൻ വീടോ പറമ്പോ ഇല്ലാതെ കഴിച്ചുകൂട്ടി, അവരുടെ അസ്ഥികൾ ഉൾനാടൻ പാതകളിൽ കാണാം. കുടിയേറ്റക്കാരൻ ഭാണ്ഡക്കാരനെ ഭരിക്കണമെന്നു സമൂഹം ആവശ്യപ്പെട്ടേക്കാം. എന്നാൽ ഒരു മനുഷ്യനെന്ന നിലയിലുള്ള ഭാണ്ഡക്കാരന്റെ അവകാശങ്ങളെ ഒരിക്കലും മറന്നുകൂടാ.”
ലളിതമായ ഈ ഉൾനാടൻ കഥാഗീതം രചിച്ചിട്ട് ഇപ്പോൾ 100-ലധികം വർഷം പിന്നിട്ടിരിക്കുന്നു. സംഗീതരൂപത്തിലാക്കിയ തന്റെ കവിത ഇത്രയും പ്രസിദ്ധമായ ഒരു ഓസ്ട്രേലിയൻ ഗാനമായിത്തീരുമെന്നു ബഞ്ചോ പാറ്റെഴ്സൺ അറിഞ്ഞിരുന്നില്ല.