അടുക്കള രസകരമായിരിക്കാൻ കഴിയും
“അടുക്കളയിൽ നിന്നു പുറത്തുകടക്ക്!” വിശപ്പുകാരണം സമയത്തിനുമുമ്പേ അത്താഴത്തിലൽപ്പം കഴിക്കാൻ ചെല്ലുന്ന മിക്ക കുട്ടികൾക്കും ഇത്തരമൊരു താക്കീതു കിട്ടിയിട്ടുണ്ടാകും. എന്നിരുന്നാലും, കുട്ടികളെ പുറത്തുവിടുന്നതിനു പകരം മാതാപിതാക്കൾക്ക് അവരെ അടുക്കളയിലേക്കു ക്ഷണിക്കാൻ മതിയായ കാരണമുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അടുക്കള, ഫലത്തിൽ, ആകർഷകമായ ഒരു ക്ലാസ്സുമുറിയാണ്.
കുട്ടികൾക്കു സർഗാത്മകതയും പ്രശ്ന പരിഹാര വൈദഗ്ധ്യവും വളർത്തിയെടുക്കാൻ പറ്റിയ ഇടമാണ് അടുക്കള. മറ്റുള്ളവരെ സേവിക്കാനും ഒരു ടീമിന്റെ ഭാഗമെന്നനിലയിൽ പ്രവർത്തിക്കാനും പഠിക്കാൻ അവർക്കു കഴിയുന്നിടം; ഹൃദയത്തെ സ്പർശിക്കുന്ന അർഥവത്തായ ആശയവിനിമയങ്ങൾ സ്വാഭാവികമായി ഉളവാകുന്നിടം; വിലയേറിയ തത്ത്വങ്ങൾ അവരറിയാതെതന്നെ മനസ്സിൽ പതിപ്പിക്കാവുന്നിടം. അതേ, ഓരോ അടുക്കളയുടെയും തിങ്ങിനിറഞ്ഞ അലമാരകളിലും മേശവലിപ്പുകളിലും തട്ടുകളിലും വളരെയേറെ അമൂല്യ പാഠങ്ങൾ അടങ്ങിയിരിക്കുന്നു—അടുത്ത തവണ ആഹാരം തയ്യാറാക്കുമ്പോൾ ജീവൻവെക്കാൻ തയ്യാറായി.
സാങ്കേതികവിദ്യകളുടെയും വിജ്ഞാനത്തിന്റെയും ഈ യുഗത്തിൽ, കുട്ടികൾക്കു പരിശീലനം കൊടുക്കാനുള്ള സ്ഥലമായി എന്തിനാണ് അടുക്കള ഉപയോഗിക്കുന്നത്? ഉത്തരം സമയലാഭം എന്നതാണ്. തങ്ങളുടെ കുട്ടികളോടൊത്തു സമയം—അതും ധാരാളമായിa—ചെലവഴിക്കുന്നതിനു ബദലായി മറ്റൊന്നുംതന്നെ ഇല്ലെന്നു മിക്ക മാതാപിതാക്കളും തിരിച്ചറിയുന്നു! അതെവിടെ കണ്ടെത്തും എന്നതാണു പ്രശ്നം. ഭവനത്തിലും ചുറ്റുപാടുമായി ചെയ്യുന്ന പതിവു ജോലികളെ തങ്ങളുടെ കുട്ടികളുമൊത്തു കാര്യങ്ങൾ ചെയ്യുന്നതിനും അവരെ പഠിപ്പിക്കുന്നതിനുമുള്ള അവസരമായി കാണാൻ ചില ആധികാരിക ഉറവിടങ്ങൾ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഇതു പുരാതന ഇസ്രായേൽ ജനതയിലെ മാതാപിതാക്കൾക്കു ദൈവം നൽകിയ ഒരു കൽപ്പനയോടു യോജിപ്പിലാണ്: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”—ആവർത്തനപുസ്തകം 6:6, 7.
ഏതായാലും നാം അടുക്കളയിൽ പതിവായി സമയം ചെലവഴിക്കേണ്ടിയിരിക്കുന്നു എന്നതിനാൽ, കുടുംബത്തിന്റെ കൂട്ടായ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു സ്ഥലമായി അതു കാണപ്പെട്ടേക്കാം. പ്രത്യേകിച്ചൊരു ഉല്ലാസയാത്ര പോകണമെന്നുവെച്ചാൽ അതിനാവശ്യമായ സമയവും ഊർജവും പണവും എല്ലാം ഒത്തുവരുന്നതുവരെ മിക്കപ്പോഴും നമുക്കു കാത്തിരിക്കേണ്ടിവരുന്നു. എന്നാൽ അതുപോലെയല്ല ആരോഗ്യാവഹമായ വിശപ്പ്. അതു നീട്ടിവെക്കാനാവില്ല. മാത്രമല്ല, കുട്ടികൾക്കു പ്രകൃത്യാ അടുക്കളയോടൊരു ആകർഷണമുണ്ട്. എന്തൊക്കെയായാലും, മറ്റെവിടെവെച്ചാണ് അവർ കത്തികൾ സൂക്ഷ്മതയോടെ ഉപയോഗിക്കാനും മറ്റു വീട്ടുസാമാനങ്ങൾ കൈകാര്യം ചെയ്യാനും പരിശീലിപ്പിക്കപ്പെടുന്നത്? രസത്തിനുവേണ്ടി കുട്ടികൾ വല്ലപ്പോഴും ഒരു നേരത്തേ ഭക്ഷണംപോലും ഉണ്ടാക്കിയേക്കാം! എങ്കിലും, അടുക്കളയ്ക്ക് ഏതുതരം പാഠങ്ങളാണു വാഗ്ദാനം ചെയ്യാൻ കഴിയുക?
അടുക്കള “ക്ലാസ്സുമുറിയിൽ”നിന്നു പഠിക്കൽ
നാലുവയസ്സുകാരായ വിദ്യാർഥികളുടെ ഇടയിൽ ബിസ്ക്കറ്റ് ആൻറി എന്ന് അറിയപ്പെടുന്ന ലെവിസ് സ്മിത്ത് ചെറിയ കുട്ടികളെ പാചകം പഠിപ്പിക്കുന്നതിലെ തന്റെ 17 വർഷത്തെ അനുഭവപരിചയത്തെ അടിസ്ഥാനപ്പെടുത്തി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ആഹാരം ഒരു മികച്ച പഠനോപാധിയാണ്, കാരണം എല്ലാ കുട്ടികളും മനസ്സിലാക്കുന്ന ഒന്നാണത്. മണക്കാനും രുചിക്കാനും സ്പർശിക്കാനും ഉള്ള കഴിവ് ചെറുപ്രായത്തിൽ വളരെ സൂക്ഷ്മ മായതിനാൽ അവർ അതിൽ പൂർണമായും മുഴുകിപ്പോകുന്നു. എന്നുതന്നെയല്ല, വായന, കണക്ക്, പ്രശ്ന പരിഹാര വൈദഗ്ധ്യങ്ങൾ എന്നിവ പഠിപ്പിക്കുന്നതിനും നിങ്ങൾക്കു കഴിയും.” ഊറ്റൽ, പൊടിക്കൽ, തൊലി പൊളിക്കൽ, അരിക്കൽ, ഇളക്കൽ, പരത്തൽ തുടങ്ങിയവയെല്ലാം കുട്ടികളുടെ ശാരീരിക വൈദഗ്ധ്യങ്ങളും കണ്ണും കൈയും ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നതിനുള്ള കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുന്നു. തരംതിരിക്കലും (ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും വെവ്വേറെ കൂമ്പാരമാക്കുന്നത്) ക്രമാനുസരണം വെക്കലും (പല വലുപ്പത്തിലുള്ള പാത്രങ്ങൾ ഒന്നിനുള്ളിൽ ഒന്നായി യഥാക്രമം അടുക്കുന്നത്) കണക്കിന്റെ ആദ്യപാഠങ്ങളായി വർത്തിക്കുന്ന ആശയങ്ങൾ പഠിപ്പിക്കാനുതകുന്നു. ഒരു പാചകക്കുറിപ്പു പിൻപറ്റുന്നത് സംഖ്യകളും അളവുകളും സമയം കണക്കാക്കലും യുക്തിയും ഭാഷയും ഉപയോഗിക്കുന്നതിനുള്ള ഒരു അഭ്യാസമായി വർത്തിക്കുന്നു. കൂടാതെ, സുരക്ഷ, ഉത്തരവാദിത്വം, വ്യക്തിപരമായ സംഘാടനം, ടീം എന്നനിലയ്ക്കുള്ള പ്രവർത്തനം എന്നിവയെപ്പറ്റി എന്തെങ്കിലുമൊക്കെ പഠിക്കാതെ അടുക്കളയെന്ന സങ്കീർണവും അപകടം നിറഞ്ഞതുമായ ലോകത്തിലേക്ക് ഇറങ്ങിത്തിരിക്കാൻ ഒരുവനു സാധ്യമല്ല.
പാചകം പഠിക്കുന്നതിന്റെ മൂല്യവും വിസ്മരിക്കാവുന്നതല്ല. അടുക്കളയിൽ സഹായിച്ചുകൊണ്ടു തുടക്കംകുറിക്കുന്ന കുട്ടികൾ കൗമാരത്തിലെത്തുമ്പോഴേക്കും ഒരു നേരത്തെ ആഹാരം മുഴുവൻ പരസഹായം കൂടാതെ പാകം ചെയ്യാൻ പ്രാപ്തരാകുന്നത് അസാധാരണമല്ല. ഇടയ്ക്കൊക്കെ അത്തരമൊരു സഹായം തിരക്കുപിടിച്ച മാതാപിതാക്കളിൽ ഏതൊരാളാണു സ്വാഗതം ചെയ്യുകയില്ലാത്തത്? മാത്രമല്ല, പാചകം ആത്മവിശ്വാസവും സ്വയം പര്യാപ്തതയും—മുതിർന്നവരെന്ന നിലയിൽ, വിവാഹം ചെയ്താലും ഇല്ലെങ്കിലും, പിന്നീട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോൾ പ്രയോജനം കൈവരുത്തുന്ന ഗുണങ്ങൾ—വളർത്തിയെടുക്കാൻ യുവജനങ്ങളെ സഹായിക്കുന്നു.—1 തിമൊഥെയൊസ് 6:6 താരതമ്യം ചെയ്യുക.
തന്റെ 30-കളുടെ തുടക്കംവരെ ഏകാകിയായിരുന്ന ലി ഇങ്ങനെ അനുസ്മരിക്കുന്നു: “എനിക്ക് ഏകദേശം ആറു വയസ്സുണ്ടായിരുന്നപ്പോൾമുതൽ അമ്മ എന്നെ ചെറിയ ചെറിയ അടുക്കള ജോലികൾ പരിശീലിപ്പിച്ചുതുടങ്ങി. ആദ്യമൊക്കെ ബിസ്ക്കറ്റുകളും കേക്കുകളും മറ്റു മധുരപലഹാരങ്ങളുമൊക്കെ ഉണ്ടാക്കുന്നതിലായിരുന്നു എനിക്കു കൂടുതൽ താത്പര്യം. എങ്കിലും, ഒമ്പതു വയസ്സായപ്പോഴേക്കും ഞങ്ങളുടെ കുടുംബത്തിനുവേണ്ട ഒരു നേരത്തെ ആഹാരം മുഴുവൻ പരസഹായം കൂടാതെ ശരിയായി ആസൂത്രണം ചെയ്തു പാകംചെയ്യാൻ എനിക്കു കഴിഞ്ഞു. എന്നുതന്നെയല്ല, ഞാനതു പതിവായി ചെയ്യാറുമുണ്ടായിരുന്നു. പിൽക്കാലത്ത്, മുതിർന്ന ഒരു അവിവാഹിതനെന്ന നിലയിൽ പാചകമുൾപ്പെടെയുള്ള, വ്യത്യസ്ത ഗാർഹിക ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന അറിവ് ജീവിതം കൂടുതൽ സുകരമാക്കിത്തീർത്തു എന്നു ഞാൻ കണ്ടെത്തി. ഇപ്പോൾ വിജയപ്രദമായ ഒരു ദാമ്പത്യജീവിതം ആസ്വദിക്കുന്നതിൽ അത് ഒരു വലിയ പങ്കുവഹിച്ചിരിക്കുന്നു എന്നു ഞാൻ തീർച്ചയായും പറയും.”
പാചകം ആസ്വാദ്യമാണ്!
കുട്ടികൾക്ക് അടുക്കളയിൽ പരിശീലനം കൊടുക്കുന്നതിനു മാതാവിനോ പിതാവിനോ സമയം കണ്ടെത്താൻ കഴിയുന്നതെങ്ങനെ? ശ്രദ്ധാശൈഥില്യങ്ങൾ ഏറ്റവും കുറവായിരിക്കുന്ന ഒരു സമയം പട്ടികപ്പെടുത്തുക എന്നതാണ് ഒരു മാതാവിന്റെ നിർദേശം. നിങ്ങൾക്ക് ഒന്നിലധികം കുട്ടികളുണ്ടെങ്കിൽ, തുടക്കത്തിൽ ഒരു സമയത്ത് ഒരു കുട്ടിയോടൊപ്പം ജോലിചെയ്യാൻ നിങ്ങൾ താത്പര്യപ്പെട്ടേക്കാം. ഇതു ചെയ്യുന്നതിന്, മറ്റു കുട്ടികൾ ഉറങ്ങുകയോ സ്കൂളിലായിരിക്കുകയോ ചെയ്യുന്ന ഒരു സമയം തിരഞ്ഞെടുക്കുക. നിങ്ങൾ തനിയെ പാചകം ചെയ്യുമ്പോൾ എടുക്കുമായിരുന്നതിനെക്കാൾ കൂടുതൽ സമയം ആസൂത്രണം ചെയ്യുക. അടുക്കളജോലി രസകരമാക്കാൻ തയ്യാറായിരിക്കുക!
നിങ്ങളുടെ ആദ്യത്തെ സെഷനുവേണ്ടി, നിങ്ങൾ കുട്ടിയെ, താൻ കഴിക്കാൻ ഇഷ്ടപ്പെടുന്ന എന്തെങ്കിലും തിരഞ്ഞെടുക്കാൻ അനുവദിച്ചേക്കാം.b എളുപ്പം ചെയ്തുതീർക്കാവുന്ന ലളിതമായ ഏതെങ്കിലും പാചകവിധി കിട്ടുമോ എന്നു നോക്കുക. അതിൽ അവനു വിജയകരമായി ചെയ്തുതീർക്കാനാവുന്ന തരം ജോലികൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ കുട്ടി കുസൃതികാട്ടുകയോ അവനു മുഷിപ്പനുഭവപ്പെടുകയോ ചെയ്യാതിരിക്കാൻ ആദ്യമേതന്നെ ആവശ്യമുള്ള ചില ചേരുവകളും പാത്രങ്ങളും എടുത്തുവെക്കാൻ അവനെ ഏൽപ്പിക്കുക. സെഷൻ വല്ലാതെ നീണ്ടുപോകുന്നതും ക്ഷീണിപ്പിക്കുന്നതുമാകാതിരിക്കാൻ ഒരുപക്ഷേ നിങ്ങൾ ചില ചേരുവകൾ ഭാഗികമായി മുന്നമേ തയ്യാറാക്കുകപോലും ചെയ്തേക്കാം.
ജോലികളോരോന്നും ചെയ്യുന്നതെങ്ങനെയെന്നു കാണിച്ചുകൊണ്ട്, കുട്ടിയോടൊത്ത് പാചകവിധി വായിക്കുക. അടുക്കളയിൽ കുട്ടിക്കു സ്വന്തമായി ഒരു സ്ഥലം—ഒരുപക്ഷേ, ഏതാനും കോപ്പകളും കുറച്ചു പാത്രങ്ങളും സഹിതം ഒരു മേശവലിപ്പ്—കൊടുക്കുക. കൂടാതെ, ഒരു ഏപ്രണും അവനു കൊടുക്കുക. ആൺകുട്ടിയെ സ്ത്രീകളുടെ ഏപ്രൺ ധരിപ്പിക്കുന്നതിനെക്കാൾ നന്ന്, ഒരു പാചകക്കാരനുവേണ്ടിയുള്ള ഒന്ന് നിങ്ങളവനു സംഘടിപ്പിച്ചു കൊടുക്കുന്നതാവും. തുടക്കം മുതലേ, സുരക്ഷയുടെ പ്രാധാന്യം സംബന്ധിച്ച് ഊന്നിപ്പറയുകയും അടുക്കളയ്ക്കുവേണ്ടി ജ്ഞാനപൂർവകമായ നിയമങ്ങൾ വെക്കുകയും ചെയ്യുക.—“ആദ്യപാഠം—സുരക്ഷ” എന്ന തലക്കെട്ടോടുകൂടിയ 18-ാം പേജിലെ ചതുരം കാണുക.
എല്ലാറ്റിലുമുപരി, അതു രസകരമാക്കാൻ ശ്രമിക്കുക. നിങ്ങൾ ചെയ്യുന്നതു കണ്ടുകൊണ്ടു വെറുതെ ഇരിക്കാൻ കുട്ടിയെ അനുവദിക്കാതെ അവനോടും കൈ കഴുകിവന്നു ഭക്ഷണം പാകംചെയ്യുന്നതിൽ ഉൾപ്പെടാൻ ആവശ്യപ്പെടുക. നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനും ഉള്ള അവസരം അവനു നൽകുക. ഉണ്ടാക്കിയ വിഭവം അത്ര ശരിയായില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ കുട്ടി തന്നെത്താൻ ഉണ്ടാക്കിയതാണെങ്കിൽ സാധ്യതയനുസരിച്ച് അവൻ അതു കഴിച്ചുകൊള്ളും.
കുടുംബം ഒത്തൊരുമിച്ച്
അടുക്കളയിൽ നിന്ന് ഉത്പാദിതമാകുന്ന ഏറ്റവും മഹത്തായ പ്രയോജനങ്ങളിൽ കുടുംബ ഐക്യവും മൂല്യങ്ങളും ഉൾപ്പെടുന്നു എന്നതിനു സംശയമില്ല. ഇന്നു ചില ഭവനങ്ങളിൽ, കുടുംബാംഗങ്ങൾ പരസ്പരം വലിയ ബന്ധമൊന്നുമില്ലാതെ തങ്ങളുടെ വ്യത്യസ്ത പ്രവർത്തനങ്ങളുമായി തിരക്കുപിടിച്ച ഒരു ജീവിതം നയിക്കുന്നതു നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകും. അത്തരം സാഹചര്യങ്ങളിൽ, വീട് ഒരു താത്കാലിക ഇടത്താവളം, ഇന്ധനം നിറയ്ക്കാനുള്ള ഒരു സ്ഥലം എന്നതിനെക്കാൾ ഏറെയൊന്നും ആകുന്നില്ല. അതിനു വിപരീതമായി, ഒരുമിച്ചു ഭക്ഷണം പാകംചെയ്യുന്ന ഒരു കുടുംബം ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനും ഒരുമിച്ചു വൃത്തിയാക്കുന്നതിനും കൂടുതൽ സാധ്യതയുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ആശയവിനിയമം നടത്തുന്നതിനും പരസ്പരം വർത്തിക്കുന്നതിനും ബന്ധപ്പെടുന്നതിനുമുള്ള ക്രമമായ അവസരങ്ങൾ പ്രദാനം ചെയ്യുന്നു. “എന്റെ ആൺമക്കളുമായി ഞാൻ നടത്തിയിട്ടുള്ള ഏറ്റവും നല്ല ചില ചർച്ചകൾ അടുക്കളയിലെ സിങ്കിനടുത്തുവെച്ചായിരുന്നു” എന്ന് ഒരു മാതാവ് അനുസ്മരിക്കുന്നു. ഒരു ക്രിസ്തീയ പിതാവായ ഹെർമനും ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിരവധി വർഷങ്ങൾ ഞങ്ങൾ മനപ്പൂർവം പാത്രങ്ങൾ കഴുകാനുള്ള യന്ത്രം വാങ്ങാതെയിരുന്നു. തന്മൂലം പാത്രങ്ങൾ കൈകൊണ്ടുതന്നെ കഴുകിത്തുടയ്ക്കേണ്ടിയിരുന്നു. ഊഴമനുസരിച്ചു പാത്രം തുടയ്ക്കാൻ ഞങ്ങളുടെ ആൺമക്കൾക്കു നിയമനം കൊടുത്തു. സ്വാഭാവിക സംഭാഷണങ്ങൾക്ക് അതിനെക്കാൾ മെച്ചപ്പെട്ട സമയം വേറെയില്ലായിരുന്നു.”
അതേ, നിങ്ങൾ അടുക്കളയിൽ കുട്ടികളോടൊത്തു ചെലവഴിക്കുന്ന സമയം—ഓരോ ആഴ്ചയും ഓരോ വർഷവും കഴിയുംതോറും—ആത്മീയ മൂല്യങ്ങളും ദൈവിക ഗുണങ്ങളും വളർത്തിയെടുക്കുന്നതിനുള്ള ഒരു അടിസ്ഥാനം പ്രദാനം ചെയ്യുന്നു. പിരിമുറുക്കമില്ലാത്ത, ഒത്തൊരുമയുടെ അത്തരം നിമിഷങ്ങളിലാണു സ്വാഭാവികമായും, മാതാപിതാക്കളും കുട്ടിയും ഹൃദയം തുറന്നുള്ള സംഭാഷണത്തിൽ ഏർപ്പെടുന്നത്. മാതാപിതാക്കളുടെ മാതൃക സാവധാനം കുട്ടിയുടെ ഹൃദയത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. അത്തരം പരിശീലനത്തിന് ഒരു കുട്ടിക്കു ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്താൻ കഴിയും. കാരണം, സദൃശവാക്യങ്ങൾ 22:6 ഇങ്ങനെ പറയുന്നു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.”
അതുകൊണ്ട്, മാതാപിതാക്കളിൽ ഒരാളെന്ന നിലയിൽ കുട്ടികളുമൊത്തു കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, ഒരു കേക്കോ ഒരു നേരത്തെ ആഹാരം മുഴുവനോ തയ്യാറാക്കാൻ നിങ്ങളെ സഹായിക്കാൻ അവരെ ക്ഷണിക്കരുതോ? അവരുമൊത്ത് അടുക്കളയിൽ ജോലിചെയ്യുന്നത്, നിങ്ങളുടെ കുടുംബത്തെ ഒരേസമയം പോഷിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഒരു ഉപാധിയാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം.
[അടിക്കുറിപ്പുകൾ]
a ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കായി 1993 സെപ്റ്റംബർ 8 ലക്കം ഉണരുക!യുടെ 16-17 പേജുകളിലെ ‘“ഗുണമേൻമയുള്ള സമയം” പരിമിതമായ അളവിൽ പങ്കിടുന്നു’ എന്ന ലേഖനം കാണുക.
b വിവരങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ബാധകമാണ്.
[18-ാം പേജിലെ ചതുരം]
ആദ്യപാഠം—സുരക്ഷ
സുരക്ഷ സംബന്ധിച്ചു ജാഗ്രതപാലിക്കുക
• ഗൗരവത്തോടെ എന്നാൽ ഭയപ്പെടുത്താത്തവിധത്തിൽ, അടുക്കളയിൽ ജോലിചെയ്യുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങൾ വിശദീകരിക്കുക. തിരക്കേറിയ ഒരു തെരുവിലെ ട്രാഫിക്കിന്റെ അപകടങ്ങൾ നിങ്ങൾ എങ്ങനെ വിശദീകരിക്കുമോ, അതുപോലെ. നിങ്ങൾതന്നെ ഒരു നല്ല മാതൃക വെക്കുക.
• കുട്ടികൾ അടുക്കളയിൽ ജോലിചെയ്യുമ്പോഴൊക്കെ മുതിർന്ന ഒരാളുടെ മേൽനോട്ടത്തിനു ക്രമീകരിക്കുക. ഒരു പാത്രമോ ഉപകരണമോ, പ്രത്യേകിച്ച് വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്നതാണെങ്കിൽ, സുരക്ഷിതമായി പ്രവർത്തിപ്പിക്കാൻ പഠിക്കുന്നതുവരെ ഉപയോഗിക്കാൻ കുട്ടിയെ അനുവദിക്കാതിരിക്കുക.
• നിങ്ങളുടെ അടുക്കള വെടിപ്പുള്ളതാക്കി നിലനിർത്തുക. തൂകിപ്പോകുന്നവ വൃത്തിയാക്കുന്നതും ചിതറിക്കിടക്കുന്നവ നീക്കംചെയ്യുന്നതും എല്ലാം താമസം കൂടാതെ ചെയ്യണം. നിങ്ങൾ പാചകം ചെയ്യുമ്പോൾ ഓമനമൃഗങ്ങളെയും മറ്റു ശല്യങ്ങളെയും അടുക്കളയ്ക്കു പുറത്തു നിർത്തുക.
വിരലുകൾ സംരക്ഷിക്കുക
• വൈദ്യുത ഗ്രൈൻഡറുകളും മിക്സികളും മുതിർന്ന ഒരാളുടെ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കുക. കുട്ടി ഒരു സ്പൂൺ പാത്രത്തിൽ ഇടുന്നതിനുമുമ്പേ ഉപകരണം ഓഫാക്കുകയോ വൈദ്യുതി ബന്ധം വിഛേദിക്കുകയോ ചെയ്തു എന്ന് ഉറപ്പുവരുത്തണം.
• കത്തികൾക്കു നല്ല മൂർച്ചയുണ്ടായിരിക്കണം. കാരണം, മൂർച്ചയില്ലാത്ത ഒരു കത്തി കൂടുതൽ ബലം പ്രയോഗിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. അതുകൊണ്ടുതന്നെ തെന്നിപ്പോകാൻ കൂടുതൽ സാധ്യതയുണ്ട്.
• നിങ്ങളുടെ കുട്ടി ഒരു കത്തി ഉപയോഗിക്കാൻ പഠിക്കുമ്പോൾ പിൻവരുന്ന പടികൾ പിൻപറ്റട്ടെ: (1) കത്തിയുടെ പിടിയിൽ പിടിച്ചുകൊണ്ടെടുക്കുക, (2) കത്തി ഭക്ഷണപദാർഥത്തിന്മേൽ വെക്കുക, (3) മറ്റേ കൈ കത്തിയുടെ മുകളിൽ പിടിക്കുക, (4) ഭക്ഷണപദാർഥം മുറിക്കാൻ ആവശ്യമായ ബലം പ്രയോഗിക്കുക.
• ഒരു കട്ടിങ് ബോർഡ് ഉപയോഗിക്കുക. കുട്ടി പച്ചക്കറികൾ മുറിക്കാൻ ശ്രമിക്കുമ്പോൾ അവ ഉരുണ്ടുപോകാതിരിക്കാൻ രണ്ടായി മുറിച്ച്, പരന്ന ഭാഗം കട്ടിങ് ബോർഡിന്മേൽ വരത്തക്കവിധം വെക്കുക.
പൊള്ളലേൽക്കാതെ സൂക്ഷിക്കുക
• സ്റ്റോവിന്റെ ബർണറും അവ്ന്റെ സ്വിച്ചുകളും ഉപയോഗിക്കാത്തപ്പോഴൊക്കെ ഓഫാക്കി വെക്കുക. തൂവാലകളും പാചകവിധിപുസ്തകങ്ങളും ചൂടുപാത്രങ്ങൾ കൈകാര്യം ചെയ്യാനുള്ള തുണികളും ബർണറുകളുടെയടുത്തുനിന്നും മാറ്റിവെക്കുക.
• പാനുകൾ സ്റ്റോവിൽ വെക്കുമ്പോൾ പിടിയിൽ തട്ടിമറിഞ്ഞു സാധനങ്ങൾ എളുപ്പത്തിൽ തൂകിപ്പോകാത്തവിധം വെക്കുക.
• നിങ്ങൾ സ്റ്റോവ് ഉപയോഗിക്കാൻ കുട്ടിയെ അനുവദിക്കുന്നെങ്കിൽ, അവൻ പരുപരുത്തതും ഉറപ്പുള്ളതുമായ ഒരു പ്രതലത്തിലാണു നിൽക്കുന്നതെന്ന് ഉറപ്പുവരുത്തുക.
• ചൂടുള്ള ഒരു വസ്തു, ഇറക്കി വെക്കാനുള്ള സ്ഥലം കണ്ടെത്തിയശേഷം മാത്രം എടുക്കുക. ചൂടുള്ള ഒരു സാധനം എടുത്തുകൊണ്ടുപോകുമ്പോൾ അടുക്കളയിലുള്ള മറ്റുള്ളവരും അതറിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പ്രത്യേകിച്ച്, നിങ്ങൾ അവരുടെ പുറകിലായിട്ടാണു നടക്കുന്നതെങ്കിൽ.