സ്ത്രീകൾക്കുനേരെയുള്ള അക്രമം
നൈജീരിയയിലെ ഉണരുക! ലേഖകൻ
ഐക്യരാഷ്ട്രങ്ങളുടെ മനുഷ്യവികസന റിപ്പോർട്ട് 1995 പറയുന്നതനുസരിച്ച്, ചൊട്ടമുതൽ ചുടലവരെ സ്ത്രീകൾ അക്രമത്തിന് ഇരയാകുന്നു. ലോകമെമ്പാടും നടത്തിയ പഠനങ്ങൾ പിൻവരുന്ന സംഗതികൾ വെളിപ്പെടുത്തുന്നു:
ജനനത്തിനുമുമ്പ്. ഗർഭസ്ഥശിശു ആണോ പെണ്ണോ എന്നറിയാൻ ചില രാജ്യങ്ങളിൽ പരിശോധനകൾ നടത്തുന്നു. ഗർഭസ്ഥശിശു പെണ്ണാണെങ്കിൽ മിക്കപ്പോഴും ഗർഭം അലസിപ്പിക്കുന്നു.
ബാല്യകാലത്തിൽ. ബാർബഡോസ്, കാനഡ, നെതർലൻഡ്സ്, ന്യൂസിലൻഡ്, നോർവേ, ഐക്യനാടുകൾ എന്നിവിടങ്ങളിൽ മൂന്നു സ്ത്രീകളിൽ ഒരാൾവീതം ബാല്യത്തിലോ പ്രായപൂർത്തിയായ അവസ്ഥയിലോ ലൈംഗിക ദുഷ്പെരുമാറ്റത്തിന് ഇരയായതായി റിപ്പോർട്ടു ചെയ്യുന്നു. വർഷംതോറും ഏഷ്യയിലും മറ്റിടങ്ങളിലും ഏതാണ്ട് പത്തു ലക്ഷം കുട്ടികൾ—കൂടുതലും പെൺകുട്ടികൾ—വ്യഭിചാരത്തിലേർപ്പെടാൻ നിർബന്ധിതരാകുന്നു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു പെൺകുട്ടികൾ ജനനേന്ദ്രിയഛേദനത്തിനു വിധേയരാകുന്നു.
പ്രായപൂർത്തിയെത്തിയ അവസ്ഥയിൽ. ചിലി, മെക്സിക്കോ, പാപ്പുവ ന്യൂ ഗിനി, റിപ്പബ്ലിക്ക് ഓഫ് കൊറിയ എന്നിവിടങ്ങളിൽ വിവാഹിതരായ 3 സ്ത്രീകളിൽ 2 പേർവീതം കുടുംബത്തിലെ അക്രമങ്ങൾക്കു വിധേയരാകുന്നു. കാനഡ, ന്യൂസിലൻഡ്, യുണൈറ്റഡ് കിങ്ഡം, ഐക്യനാടുകൾ എന്നിവിടങ്ങളിൽ ആറു സ്ത്രീകളിൽ ഒരാൾവീതം ബലാൽസംഗം ചെയ്യപ്പെടുന്നു.
പ്രായം ചെല്ലുമ്പോൾ. ബംഗ്ലാദേശ്, ബ്രസീൽ, കെനിയ, പാപ്പുവ ന്യൂ ഗിനി, തായ്ലൻഡ് എന്നിവിടങ്ങളിൽ കൊലചെയ്യപ്പെട്ട സ്ത്രീകളിൽ പകുതിയിലധികത്തിന്റെയും മരണത്തിന് ഉത്തരവാദികൾ ഗതകാലത്തെയോ ഏതൽക്കാലത്തെയോ ലൈംഗികപങ്കാളികളാണ്. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും പസഫിക് ദ്വീപുകളിലും ഐക്യനാടുകളിലും സ്ത്രീകളുടെ ആത്മഹത്യക്കുള്ള പ്രധാന കാരണം അക്രമമാണ്.
സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങൾ ബൈബിൾ “അന്ത്യകാലം” എന്നു വിളിക്കുന്ന കാലഘട്ടത്തിന്റെ ലക്ഷണമാണ്. ആ കാലഘട്ടത്തിൽ പലരും ‘ദൂഷകരും വാത്സല്യമില്ലാത്തവരും ഉഗ്രന്മാരും’ ആയിരിക്കും. (2 തിമൊഥെയൊസ് 3:1-5) വിഷമമേറിയ ഈ ‘അന്ത്യനാളുകൾ’ക്കുശേഷം ഭൂമിയിലെ നിവാസികൾ ‘നിർഭയമായി വസിക്കുന്ന, ആരും ഭയപ്പെടുത്തുകയില്ലാത്ത’ സമാധാനപൂർണമായ ഒരു പുതിയ ഭൂമി സ്ഥാപിക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തിൽ നമുക്കവനോടു നന്ദിയുള്ളവരായിരിക്കാം. (യെഹെസ്കേൽ 34:28; 2 പത്രൊസ് 3:13) ദൈവരാജ്യത്തിൻ കീഴിൽ യേശുക്രിസ്തു ‘നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും.’—സങ്കീർത്തനം 72:12, 14.