ഞങ്ങളുടെ വായനക്കാരിൽ നിന്ന്
മാസിക പുറത്തോടുപുറം വായിക്കുന്നു ഉണരുക! എനിക്ക് എപ്പോഴും ഇഷ്ടമാണ്. എന്നെ ആകർഷിക്കുന്ന ലേഖനങ്ങൾ മാത്രമേ ഞാൻ വായിക്കാറുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഞാൻ മാസിക പുറത്തോടുപുറം വായിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ മുമ്പു ഞാൻ വായിക്കാറില്ലാഞ്ഞ വിഷയങ്ങൾ എനിക്ക് ഇഷ്ടമാകുന്നു. ഉദാഹരണത്തിന്, “ഒരു പുരാതന അമേരിക്കൻ ഇൻഡ്യൻ പാരമ്പര്യം” (മാർച്ച് 8, 1996) എന്ന ലേഖനം ഞാൻ വായിച്ചുകഴിഞ്ഞതേയുള്ളൂ. എനിക്കതു വളരെ ഇഷ്ടമായി!
ഇ. എ. എസ്., ബ്രസീൽ
മറ്റുള്ളവരെ വ്രണപ്പെടുത്തൽ “ബൈബിളിന്റെ വീക്ഷണം: നിങ്ങൾ മറ്റുള്ളവരെ വ്രണപ്പെടുത്തുമ്പോൾ ചെയ്യേണ്ടത്” (ഫെബ്രുവരി 8, 1996) എന്ന ലേഖനം കൃത്യ സമയത്തു വന്നെത്തി. ഒരു ക്രിസ്തീയ സഹോദരി പെട്ടെന്ന് എന്നോടു മിണ്ടാതായി. ഞാൻ ഏതെങ്കിലും തരത്തിൽ അവരെ വ്രണപ്പെടുത്തിയോ എന്ന് അവരോടു ചോദിച്ച് ഞാൻ മാപ്പിരന്നു. പക്ഷേ ഇത് അവരുടെ മനോഭാവത്തിൽ മാറ്റംവരുത്തിയില്ല. ഇത് എന്നെ ആഴത്തിൽ മുറിപ്പെടുത്തി. യഹോവയ്ക്കുള്ള എന്റെ സേവനം സ്വീകാര്യമായിരിക്കുകയില്ല എന്നു ഞാൻ ചിന്തിച്ചു തുടങ്ങി. ലേഖനത്തിന്റെ അവസാന ഖണ്ഡിക വായിച്ചപ്പോൾ എനിക്കു വലിയ ആശ്വാസം തോന്നി! “സമാധാനത്തിലാകുന്നതിന് ഒരിക്കൽ നിങ്ങളെത്തന്നെ ലഭ്യമാക്കിക്കഴിഞ്ഞാൽപ്പിന്നെ, യഹോവ നിങ്ങളുടെ ആരാധന സ്വീകരിക്കുന്നതിൽ പ്രീതിയുള്ളവനായിരിക്കു”മെന്ന് അതു പറഞ്ഞിരുന്നു.
എം. ആർ., അർജൻറീന
മൂർഖൻ “മൂർഖനെ കണ്ടുമുട്ടാൻ നിങ്ങൾക്കാഗ്രഹമുണ്ടോ?” (മാർച്ച് 22, 1996) എന്ന ലേഖനം വളരെ രസകരമായിരുന്നു. എന്നാൽ 16-ാം പേജിലെ ഒരു ചിത്രക്കുറിപ്പ് ഇപ്രകാരം വായിക്കുന്നു: ഇളംചൂടുള്ള “പാറപ്പുറത്തു വെയിൽ കാഞ്ഞുകൊണ്ട് ഒരു കരിമൂർഖൻ ഫണം വിടർത്തി നിൽക്കുന്നു.” എന്റെ അറിവിൽ, അപകടമുണ്ടെന്ന് മനസ്സിലാകുമ്പോഴോ ദേഷ്യം വരുമ്പോഴോ മാത്രമേ മൂർഖൻ ഫണം വിടർത്തുകയുള്ളൂ.
ആർ. എഫ്., ജർമനി
ലേഖനത്തിൽ, 18-ാം പേജിന്റെ 2-ാം ഖണ്ഡികയിലും 20-ാം പേജിന്റെ 2-ാം ഖണ്ഡികയിലും ഇതു വിശദീകരിച്ചിരുന്നു. ഫോട്ടോഗ്രാഫറുടെ സഹായി ശല്യം ചെയ്തപ്പോൾ മൂർഖൻ പ്രതികരിക്കുന്നതാണു ചിത്രത്തിൽ കാണുന്നതെന്ന് ഇന്ത്യയിലെ ഞങ്ങളുടെ ലേഖകൻ പറയുന്നു.—പത്രാധിപർ
വികലാംഗനായ ഡ്രൈവർ “വികലാംഗൻ—എങ്കിലും വാഹനം ഓടിക്കാൻ പ്രാപ്തൻ” (മേയ് 8,1996) എന്ന ലേഖനം കൃത്യസമയത്തു വന്നെത്തി. ഒരു വികലാംഗനായ ഞാൻ എന്റെ ക്രിസ്തീയ ശുശ്രൂഷ വളരെ പരിമിതമാണെന്ന് കണ്ടെത്തുന്നു. യഹോവയുടെ അനുഗ്രഹത്താൽ എന്റെ ആവശ്യങ്ങൾക്കുവേണ്ടി പ്രത്യേകം ക്രമീകരണം ചെയ്ത ഒരു കാർ എനിക്കിപ്പോൾ സ്വന്തമായിട്ടുണ്ട്. എന്റെ ശുശ്രൂഷ വിപുലീകരിക്കാൻ ഈ ലേഖനം എനിക്ക് ഉത്തേജനം നൽകിയിരിക്കുന്നു.
എ. എ. വി., ബ്രസീൽ
നൃത്തം ചെയ്യൽ ഒഴിവുസമയ പ്രവർത്തനം എന്ന നിലയ്ക്ക് ശാസ്ത്രീയ സംഗീതം, ലാറ്റിൻ സംഗീതം, മൃദുല സംഗീതം എന്നിവയ്ക്കൊത്തു നൃത്തം ചെയ്യുന്നത് ഞാൻ ആസ്വദിക്കുന്നു. “ബൈബിളിന്റെ വീക്ഷണം: നൃത്തം ക്രിസ്ത്യാനികൾക്കുള്ളതോ?” (മേയ് 8, 1996) എന്ന ലേഖനം ഞാൻ ശരിക്കും വിലമതിച്ചു. ഇത്തരത്തിലുള്ള വിനോദങ്ങൾ കണിശമായ നിരീക്ഷണത്തിനു വിധേയമാക്കാൻ തക്കവണ്ണം അതെന്നെ സഹായിച്ചു. നിങ്ങൾ ചോദിച്ച, ആത്മപരിശോധന നടത്താൻ സഹായിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ കുറ്റമില്ലാത്തവളായി “ലോകത്താലുള്ള കളങ്കം പററാതവണ്ണം” നിലനിൽക്കാൻ എന്നെ സഹായിക്കും.—യാക്കോബ് 1:27.
ഡി. ഡി. ജി., ട്രിനിഡാഡ്
എനിക്കു 15 വയസ്സുണ്ട്. നൃത്തത്തോടുള്ള ബന്ധത്തിൽ ഉചിതവും അനുചിതവുമായതെന്തെന്നു തീരുമാനിക്കാൻ എനിക്കു വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ലേഖനം പ്രദാനം ചെയ്ത മാർഗനിർദേശം—ഒപ്പം ബൈബിളിൽനിന്നു പ്രതിപാദിക്കപ്പെട്ട തിരുവെഴുത്തുകളും—ഉപയോഗിച്ചുകൊണ്ട്, ഉചിതമായത് എന്തെന്ന് എനിക്കിപ്പോൾ തീരുമാനിക്കാൻ കഴിയുന്നു.
എം. ആർ., ഐക്യനാടുകൾ
കേൾവിക്കുറവുള്ളവർക്കുവേണ്ടിയുള്ള ക്രമീകരണങ്ങൾ ഞാൻ ബധിരനും അന്ധനുമാണ്. “ആംഗ്യഭാഷയുടെ സഹായഹസ്തം നീട്ടിക്കൊണ്ട്” (ഏപ്രിൽ 8, 1996) എന്ന ലേഖനത്തിനായി നിങ്ങൾക്കു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അമേരിക്കൻ ആംഗ്യഭാഷയിൽ നടത്തപ്പെട്ട യഹോവയുടെ സാക്ഷികളുടെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളെക്കുറിച്ച് അതു പ്രതിപാദിച്ചു. അന്ധരും ബധിരരുമായ ഒട്ടനവധി ആളുകൾ അവിടെ ഉണ്ടായിരുന്നുവെന്ന് അറിയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രോത്സാഹജനകമായിരുന്നു. 1995 ഡിസംബറിൽ ഇവിടെ നടന്ന ഞങ്ങളുടെ കൺവെൻഷനിൽ എനിക്കുവേണ്ടി കൺവെൻഷൻ പരിപാടി വ്യാഖ്യാനിച്ചവരോടു ഞാൻ വളരെ കൃതജ്ഞതയുള്ളവനാണ്. ഞാൻ ഒരിക്കലും അന്ധലിപി പഠിച്ചിട്ടില്ല. അതുകൊണ്ട് മറ്റുള്ളവരോടു പ്രസംഗിക്കാൻ ഞാൻ 121 ബൈബിൾ വാക്യങ്ങൾ മനപ്പാഠമാക്കിയിട്ടുണ്ട്. യെശയ്യാവു 35:5, 6 വാക്യങ്ങളിൽ ബധിരർ കേൾക്കുന്നതിനെയും ഊമർ സംസാരിക്കുന്നതിനെയും കുറിച്ച് പറയുന്ന ദൈവത്തിന്റെ വാഗ്ദാനത്തിന്റെ നിവൃത്തി കാണാൻ ഞാൻ അഭിലഷിക്കുന്നു. വരാൻ പോകുന്ന പറുദീസയിൽ യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടാൻ ഞാൻ ആഗ്രഹിക്കുന്നു!
എ. എഫ്. എ., അർജൻറീന