അവർ എവിടെനിന്നാണു വന്നത്?
“കൊളംബസിന്റെ വരവിനു മുമ്പ് നാം നമ്മെ എന്താണു വിളിച്ചിരുന്നത്? . . . ഇന്നും, ഓരോ ഗോത്രക്കാരും മറ്റു ഗോത്രങ്ങളിലെ ആളുകൾ അവരെ എങ്ങനെയാണു വിളിച്ചിരുന്നതെന്ന് അറിയാതെ തങ്ങൾക്കുണ്ടായിരുന്ന പേരു പരിഭാഷപ്പെടുത്തുമ്പോൾ അത് എല്ലായ്പോഴും അടിസ്ഥാനപരമായി ഒരേ സംഗതിതന്നെയായിരുന്നുവെന്നു മനസ്സിലാക്കും. ഞങ്ങളുടെ ഭാഷയിൽ [നരഗാൻസെറ്റ്] അത് നീനൂഗ് അല്ലെങ്കിൽ ആളുകൾ [നാവഹോയിൽ ഡിനേ], അതായത് മനുഷ്യർ ആണ്. ഞങ്ങൾ ഞങ്ങളെ വിളിച്ചിരുന്നത് അങ്ങനെയാണ്. അതുകൊണ്ട് [യൂറോപ്യൻമാരായ] കോളനി സ്ഥാപകർ ഇവിടെയെത്തിയപ്പോൾ ഞങ്ങൾ ആരാണെന്നു ഞങ്ങൾക്കറിയാമായിരുന്നു, എന്നാൽ അവർ ആരായിരുന്നുവെന്നു ഞങ്ങൾക്കറിയില്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾ അവരെ ആവൊനാജീസക്ക് അഥവാ അപരിചിതർ എന്നു വിളിച്ചു, എന്തുകൊണ്ടെന്നാൽ അവർ പരദേശികളായിരുന്നു, അവരെ ഞങ്ങൾക്കറിയില്ലായിരുന്നു, എന്നാൽ ഞങ്ങൾക്ക് അന്യോന്യം അറിയാമായിരുന്നു. ഞങ്ങൾ മനുഷ്യരായിരുന്നു.”—റ്റോൾ ഓക്ക്, നരഗാൻസെറ്റ് ഗോത്രം.
സ്വദേശികളായ അമേരിക്കക്കാരുടെ ഉത്ഭവത്തെക്കുറിച്ച് വളരെയധികം സിദ്ധാന്തങ്ങളുണ്ട്.a ഇന്ത്യക്കാർ ഇസ്രായേലിലെ നഷ്ടപ്പെട്ട പത്തു ഗോത്രങ്ങൾ എന്നു വിളിക്കപ്പെടുന്നവയുടെ വംശജരായ എബ്രായരാണെന്നു വിശ്വസിച്ച അനേകരിൽ പെടുന്നവരാണ് മോർമൻകാരുടെ സ്ഥാപകനായ ജോസഫ് സ്മിത്തും ക്വെയ്ക്കർ സഭക്കാരനായ വില്യം പെന്നും. കരപ്പാലംവഴിയോ വള്ളത്തിലൂടെയോ ആയാലും ഏഷ്യൻ ഗോത്രങ്ങൾ ഇപ്പോഴത്തെ അലാസ്കയിലേക്കും കാനഡയിലേക്കും ഐക്യനാടുകളിലേക്കും നീങ്ങിയെന്ന വിശദീകരണമാണ് മിക്ക നരവംശശാസ്ത്രജ്ഞൻമാരും ഇന്ന് അംഗീകരിക്കുന്നത്. ഡിഎൻഎ പരിശോധനകളും ഈ ആശയത്തെ പിന്തുണയ്ക്കുന്നതായി തോന്നുന്നു.
സ്വദേശികളായ അമേരിക്കക്കാർ—അവരുടെ ഉത്ഭവങ്ങളും വിശ്വാസങ്ങളും
സ്വദേശികളായ അമേരിക്കൻ പത്രാധിപർ റ്റോം ഹില്ലും (സെനിക) റിച്ചാർഡ് ഹിൽ, സീനിയറും (ടസ്കറോറ) സൃഷ്ടിപ്പിന്റെ പ്രയാണം—സ്വദേശികളായ അമേരിക്കക്കാരുടെ താദാത്മ്യവും വിശ്വാസവും (ഇംഗ്ലീഷ്) എന്ന തങ്ങളുടെ ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതുന്നു: “തങ്ങൾ മണ്ണിൽനിന്നോ വെള്ളത്തിൽനിന്നോ നക്ഷത്രങ്ങളിൽനിന്നോ സൃഷ്ടിക്കപ്പെട്ടതായി സ്വദേശികളിൽ മിക്കവരും പരമ്പരാഗതമായി വിശ്വസിക്കുന്നു. നേരേമറിച്ച്, ഏഷ്യക്കാർ അമേരിക്കകളിലേക്കു കുടിയേറാനുപയോഗിച്ച, ബെറിങ് കടലിടുക്കിനു കുറുകെയുള്ള ഒരു വൻ കരപ്പാലത്തെക്കുറിച്ച് പുരാവസ്തുശാസ്ത്രജ്ഞൻമാരുടെ ഒരു സിദ്ധാന്തം പറയുന്നു; സിദ്ധാന്തം തുടർന്നുപറയുന്നതനുസരിച്ച്, ഈ ഏഷ്യക്കാർ പശ്ചിമാർധഗോളത്തിലെ സ്വദേശികളുടെ പൂർവികരായിരുന്നു.” വെള്ളക്കാരന്റെ ബെറിങ് കടലിടുക്കു സിദ്ധാന്തത്തെക്കുറിച്ച് സ്വദേശികളായ ചില അമേരിക്കക്കാർ സംശയം പ്രകടിപ്പിക്കാൻ ചായ്വു കാണിക്കുന്നു. തങ്ങളുടെ ഐതിഹ്യങ്ങളും വൃത്താന്തങ്ങളും വിശ്വസിക്കുന്നതാണ് അവർക്ക് ഏറെ ഇഷ്ടം. അവർ തങ്ങളെ വീക്ഷിക്കുന്നത് ഏഷ്യയിൽനിന്നുവന്നു പര്യവേക്ഷണം നടത്തുന്ന കുടിയേറ്റക്കാരായിട്ടല്ല, പിന്നെയോ ആദിമ നിവാസികളായിട്ടാണ്.
ഒരു ഇന്ത്യൻ ശിശിരം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ റസ്സൽ ഫ്രീഡ്മാൻ ഇപ്രകാരം വിശദീകരിക്കുന്നു: “മാൻഡാൻ [മിസ്സൗറി നദിയുടെ മേൽഭാഗത്തിനു സമീപമുള്ള ഒരു ഗോത്രം] വിശ്വാസമനുസരിച്ച് ആദ്യമനുഷ്യൻ ശക്തനായ ഒരു ആത്മാവ്, ദിവ്യനായ ഒരാൾ, ആയിരുന്നു. സാധാരണ മനുഷ്യരുടെയും പ്രപഞ്ചത്തിൽ നിവസിക്കുന്ന എണ്ണമറ്റ ദൈവങ്ങളുടെയും അഥവാ ആത്മാക്കളുടെയും ഇടയിൽ ഒരു മധ്യസ്ഥനായി വർത്തിക്കുന്നതിനുവേണ്ടി എല്ലാറ്റിന്റെയും സ്രഷ്ടാവായ ജീവകർത്താവ് പണ്ടുപണ്ടൊരിക്കൽ അദ്ദേഹത്തെ സൃഷ്ടിച്ചു.” മാൻഡാൻ വിശ്വാസത്തിൽ ഒരു പ്രളയ ഐതിഹ്യംപോലും ഉൾപ്പെട്ടിരുന്നു. “ഒരിക്കൽ, ലോകമെമ്പാടും ഒരു വലിയ പ്രളയം ആഞ്ഞടിച്ചപ്പോൾ പ്രളയജലത്തെക്കാളും ഉയർന്നുനിൽക്കുന്ന ഒരു സംരക്ഷക ഗോപുരം അല്ലെങ്കിൽ ‘പെട്ടകം’ പണിയാൻ ആളുകളെ പഠിപ്പിച്ചുകൊണ്ട് ആദ്യമനുഷ്യൻ അവരെ രക്ഷിച്ചു. അദ്ദേഹത്തിന്റെ ബഹുമതിക്കായി, എല്ലാ മാൻഡാൻ ഗ്രാമങ്ങളിലും ആ ഐതിഹാസിക ഗോപുരത്തിന്റെ ഒരു ചെറിയ പകർപ്പുണ്ടായിരുന്നു—ഒരു പലക വേലിയാൽ ചുറ്റപ്പെട്ട അഞ്ചടിയോളം ഉയരമുള്ള, ദേവതാരുകൊണ്ടുള്ള ഒരു തൂൺ.”
മാൻഡാൻകാർക്ക് മതപരമായ ഒരു പ്രതീകവും ഉണ്ടായിരുന്നു—“മുകളിൽ കറുത്ത പെയിന്റടിച്ചതും തടികൊണ്ടുള്ളതുമായ വിരൂപമായ ഒരു ശിരസ്സോടെ, തൂവലുകളും രോമങ്ങളുംകൊണ്ടു പൊതിഞ്ഞ നീളമുള്ള ഒരു ദണ്ഡ്.” ഇതിന് ആരെ ചിത്രീകരിക്കാൻ കഴിയും? “മനുഷ്യരുടെമേൽ വലിയ സ്വാധീനമുണ്ടായിരുന്നതും എന്നാൽ ജീവകർത്താവിന്റെയോ ആദ്യമനുഷ്യന്റെയോ അത്രയും ശക്തിയില്ലായിരുന്നതുമായ ഒച്ച്കി-ഹാഡാ എന്ന ദുഷ്ടാത്മാവിനെയാണ് ഈ വികൃതബിംബം ചിത്രീകരിച്ചത്.” സമതലങ്ങളിൽ പാർക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, “ആത്മലോകത്തിലുള്ള വിശ്വാസം ദൈനംദിന ജീവിതത്തിന്റെ ഒരു അവിതർക്കിത ഭാഗമായിരുന്നു. . . . മാനുഷിക കാര്യങ്ങളെ നിയന്ത്രിച്ചിരുന്ന വിശുദ്ധ ജീവികളുടെ സഹായമോ അംഗീകാരമോ ആദ്യംതന്നെ തേടാതെ ഒരു പ്രമുഖ തീരുമാനവും എടുക്കാൻ പാടില്ലായിരുന്നു, ഒരു പദ്ധതിക്കും മുതിരാനും പാടില്ലായിരുന്നു.”
വടക്കേ അമേരിക്കയുടെ പൗരാണിക ശാസ്ത്രം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ജോൺ ബീർഹോർസ്റ്റ് ഇപ്രകാരം വിശദീകരിക്കുന്നു: “വംശങ്ങൾ ഉണ്ടാകുന്നതിനുമുമ്പ്, ഗാണിത (നിയമമോ ക്രമമോ ഇല്ലാത്തത്) എന്നറിയപ്പെടുന്ന അവസ്ഥാവിശേഷത്തിലായിരുന്ന ഓസേജ് വർഗക്കാർ സ്ഥലങ്ങൾതോറും അലഞ്ഞുനടന്നിരുന്നതായി പറയപ്പെട്ടു. നിശബ്ദവും സൃഷ്ടിപരവുമായ ഒരു ശക്തി ആകാശത്തെയും ഭൂമിയെയും നിറയ്ക്കുകയും സൂര്യചന്ദ്രനക്ഷത്രാദികളെ പൂർണമായ ക്രമത്തിൽ നീക്കുകയും ചെയ്യുന്നുവെന്നുള്ള സിദ്ധാന്തം . . . ലിറ്റിൽ ഓൾഡ് മെൻ എന്നു വിളിക്കപ്പെടുന്ന ചില ചിന്തകർ ആ ആദിമദിനങ്ങളിൽ . . . രൂപീകരിച്ചുവെന്നാണ് ഒരു പരമ്പരാഗതമായ വീക്ഷണം. അവർ അതിനെ വാകൊണ്ട (നിഗൂഢ ശക്തി) അല്ലെങ്കിൽ ഇയാവാവോണാക (നമ്മുടെ അസ്തിത്വത്തിന്റെ കാരണഭൂതൻ) എന്നു വിളിച്ചു.” സുനിക്കും സൂവിനും പടിഞ്ഞാറൻ ലക്കോട്ടയ്ക്കും സമാനമായ ഒരു ആശയമാണുള്ളത്. “ഭൂനിർമാതാവ്” ഉൾപ്പെടുന്ന, സൃഷ്ടിയെക്കുറിച്ചുള്ള ഒരു ഐതിഹ്യം വിനെബേഗോ ഗോത്രത്തിനും ഉണ്ട്. വിവരണം ഇങ്ങനെ പറയുന്നു: “അവൻ വെളിച്ചത്തിനുവേണ്ടി ആഗ്രഹിച്ചു, വെളിച്ചമുണ്ടായി. . . . അവൻ വീണ്ടും ചിന്തിക്കുകയും ഭൂമിയുണ്ടാകാൻ ആഗ്രഹിക്കുകയും ചെയ്തു, അങ്ങനെ ഈ ഭൂമി അസ്തിത്വത്തിൽ വന്നു.”
ബൈബിൾ വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം സ്വദേശികളായ അമേരിക്കക്കാരുടെ വിശ്വാസങ്ങളും ബൈബിളിൽ വിവരിച്ചിരിക്കുന്ന പഠിപ്പിക്കലുകളും തമ്മിലുള്ള ചില സമാന്തരങ്ങൾ കാണുന്നത് ഏറ്റവും രസാവഹമാണ്, പ്രത്യേകിച്ച് “നമ്മുടെ അസ്തിത്വത്തിന്റെ കാരണഭൂതൻ”—“അവൻ ആയിത്തീരാൻ ഇടയാക്കുന്നു” എന്ന യഹോവയെന്ന ദിവ്യനാമത്തിന്റെ അർഥത്തെ ഇത് ഓർമിപ്പിക്കുന്നു—ആയ മഹാത്മാവിനെക്കുറിച്ചുള്ള സംഗതികൾ. മറ്റു സമാന്തരങ്ങളിൽ പ്രളയവും ബൈബിളിൽ സാത്താൻ എന്നറിയപ്പെടുന്ന ദുഷ്ടാത്മാവും ഉൾപ്പെടുന്നു.—ഉല്പത്തി 1:1-5; 6:17; വെളിപ്പാടു 12:9.
സ്വദേശികളായ അമേരിക്കക്കാരുടെ തത്ത്വചിന്തകൾ മനസ്സിലാക്കൽ
സ്വദേശികളായ അമേരിക്കക്കാർക്ക് തങ്ങളുടെ പൂർവികരിൽനിന്നു ലഭിച്ചിട്ടുള്ളതായി അവർ പറയുന്ന അഞ്ചു ദാനങ്ങളെക്കുറിച്ച് ടോം ഹിൽ, റിച്ചാർഡ് ഹിൽ എന്നീ സ്വദേശികളായ അമേരിക്കൻ എഴുത്തുകാർ വിശദീകരിക്കുന്നു. “ആദ്യത്തെ ദാനം . . . ദേശവുമായുള്ള ഞങ്ങളുടെ ആഴമായ ബന്ധമാണ്.” യൂറോപ്യന്റെ വരവിനു മുമ്പും പിമ്പുമുള്ള അവരുടെ ചരിത്രത്തിന്റെ വീക്ഷണത്തിൽ അതിനെ ആർക്കു നിഷേധിക്കാനാവും? സ്വദേശികളായ അമേരിക്കക്കാർ മിക്കപ്പോഴും പാവനമായി കരുതിയ അവരുടെ ദേശം ബലപ്രയോഗത്താലോ ചതിയാലോ പാലിക്കപ്പെടാത്ത കരാറുകളാലോ വ്യവസ്ഥാപിതമായി പിടിച്ചെടുക്കപ്പെട്ടു.
“മൃഗങ്ങൾ ഞങ്ങളുടെ ആളുകളുമായി പങ്കുവയ്ക്കുന്ന ശക്തിയും ആത്മാവുമാണ് രണ്ടാമത്തെ ദാനം.” മൃഗങ്ങളോടുള്ള സ്വദേശികളായ അമേരിക്കക്കാരുടെ ആദരവ് പല രീതികളിലും പ്രകടമായിരിക്കുന്നു. അവർ ഭക്ഷണത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനുംവേണ്ടി മാത്രം വേട്ടയാടി. പോത്തിനെ (ബൈസൻ) ഫലത്തിൽ തുടച്ചുനീക്കിയതു സ്വദേശികളായിരുന്നില്ല, പിന്നെയോ രക്തദാഹവും ഹ്രസ്വദൃഷ്ടിയോടുകൂടിയ അത്യാർത്തിയും പൂണ്ട വെള്ളക്കാരനായിരുന്നു.
“മൂന്നാമത്തേത് ആത്മശക്തികളാണ്, ഞങ്ങളുടെ ജീവനുള്ള ബന്ധുക്കളായ അവർ ഞങ്ങളുണ്ടാക്കുന്ന അവരുടെ പ്രതിമകളിലൂടെ ഞങ്ങളോട് ആശയവിനിയമം ചെയ്യുന്നു.” ഇതാണ് ലോകമെമ്പാടുമുള്ള വളരെയധികം മതങ്ങളുടെ പൊതുവായ പ്രതിപാദ്യവിഷയം—ഏതോ ആത്മാവിന്റെയോ ദേഹിയുടെയോ മരണാനന്തരമുള്ള അതിജീവനം.b
“ഞങ്ങളാരെന്നുള്ള ബോധമാണ് നാലാമത്തേത്, അതു ഞങ്ങളുടെ ഗോത്ര പാരമ്പര്യങ്ങളിലൂടെ പ്രകടമാക്കപ്പെടുകയും നിലനിർത്തപ്പെടുകയും ചെയ്യുന്നു.” ഗോത്രസംബന്ധമായ കാര്യങ്ങൾ ചർച്ചചെയ്യാനായി ആളുകൾ കൂടിവരുന്ന ഗോത്ര ചടങ്ങുകളിലോ ഗോത്രപരമായ നൃത്തവും സംഗീതവുമുള്ള സാമൂഹിക കൂടിവരവുകളിലോ ഇന്നിതു തീർച്ചയായും ശ്രദ്ധിക്കാൻ കഴിയും. ഇന്ത്യൻ വസ്ത്രധാരണരീതി, താളാത്മകമായ ചെണ്ടകൊട്ട്, നൃത്തങ്ങൾ, കുടുംബപരവും വംശീയവുമായ പുനരേകീകരണങ്ങൾ—ഇവയെല്ലാം ഗോത്ര പാരമ്പര്യത്തെ സൂചിപ്പിക്കുന്നു.
“ഒടുവിലത്തെ ദാനം സൃഷ്ടി പ്രക്രിയയാണ്—പ്രകൃതി വസ്തുക്കൾ വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും വസ്തുക്കളായി രൂപാന്തരപ്പെടുകവഴി ഞങ്ങളുടെ വിശ്വാസങ്ങൾ യഥാർഥമായിത്തീരുന്നു.” അതു കൊട്ടനിർമാണമോ നെയ്ത്തുപണിയോ മൺപാത്രങ്ങളുടെ രൂപീകരണമോ അവയുടെ പെയിന്റടിയോ ആഭരണങ്ങളുടെയും അലങ്കാരവസ്തുക്കളുടെയും ആകൃതിപ്പെടുത്തലോ മറ്റേതെങ്കിലും നിർമാണ പ്രവർത്തനമോ ആയാലും അതിന് അവരുടെ പാരമ്പര്യവും യുഗങ്ങളിലെ സംസ്കാരവുമായി ബന്ധമുണ്ട്.
വളരെയധികം ഗോത്രങ്ങളുണ്ട്, അതിനാൽ പരമ്പരാഗതമായ എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും വിശദീകരിക്കാൻ അനേകം പുസ്തകങ്ങൾ ആവശ്യമായി വരും. ദശലക്ഷക്കണക്കിനു യൂറോപ്യൻമാരുടെ പ്രവാഹത്തിന്—അവരിൽ അനേകരും ക്രിസ്ത്യാനികളാണെന്നു കരുതപ്പെടുന്നു—സ്വദേശികളായ അമേരിക്കക്കാരുടെമേൽ എന്തു ഫലമാണ് ഉണ്ടായിരുന്നത് എന്നതാണ് നമുക്കിപ്പോൾ താത്പര്യജനകമായ സംഗതി.
[അടിക്കുറിപ്പുകൾ]
a “സ്വദേശികളായ അമേരിക്കക്കാർ” എന്ന പദത്തിൽ കാനഡയിൽ പാർക്കുന്ന ഗോത്രങ്ങൾ സ്പഷ്ടമായും ഉൾപ്പെടുന്നു. ഏഷ്യയിൽനിന്നുള്ള ആദിമ കുടിയേറ്റക്കാർ ചൂടുകൂടിയ കാലാവസ്ഥയുള്ള ദക്ഷിണഭാഗത്തേക്കു യാത്രചെയ്യവേ വടക്കുപടിഞ്ഞാറൻ കാനഡയിലൂടെ സഞ്ചരിച്ചതായി പലരും വിശ്വസിക്കുന്നു.
b മരണത്തെ അതിജീവിക്കുന്ന ഒരു അമർത്ത്യ ദേഹിയിലോ ആത്മാവിലോ ഉള്ള വിശ്വാസത്തിന് ബൈബിൾ ഒരു പിന്തുണയും നൽകുന്നില്ല. (ഉല്പത്തി 2:7, യെഹെസ്കേൽ 18:4, 20 എന്നിവ കാണുക.) ഈ വിഷയം സംബന്ധിച്ച കൂടുതൽ വിശദമായ അറിവിന് ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 52-7, 75 എന്നീ പേജുകളും അതിന്റെ സൂചികയിലെ “അമർത്ത്യ ദേഹി, അതിലുള്ള വിശ്വാസം” എന്നതിനു കീഴിലുള്ള ഭാഗവും കാണുക. ഈ പുസ്തകം പ്രസിദ്ധീകരിച്ചത് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയാണ്.