ഞങ്ങളുടെ വായനക്കാരിൽ നിന്ന്
പുറത്താക്കൽ “ബൈബിളിന്റെ വീക്ഷണം: പുറത്താക്കൽ ഒരു സ്നേഹപൂർവകമായ ക്രമീകരണമായിരിക്കുന്നതിന്റെ കാരണം” എന്ന ലേഖനം ഞാൻ വിലമതിച്ചു. (സെപ്റ്റംബർ 8, 1996) 1987-ൽ ഞാൻ പുറത്താക്കപ്പെട്ടു. എന്റെ തെറ്റു മനസ്സിലാക്കി തിരുത്തിയശേഷം 1987-ൽ എന്നെ തിരിച്ചെടുത്തു. എന്റെ ജീവിതരീതിയിലും സഹവാസത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് സ്നേഹപൂർവകമായ ഈ കരുതൽ എന്നെ സഹായിച്ചു. ബൈബിൾ നിലവാരങ്ങളെ അംഗീകരിക്കുന്ന ഒരു സ്ഥാപനമുള്ളതിൽ നാം എത്ര അനുഗൃഹീതരാണ്!
ആർ. ആർ., ഐക്യനാടുകൾ
ഞാനും സഭയിൽനിന്നു പുറത്താക്കപ്പെട്ടിരുന്നു. ഒരു വ്യക്തിയോടു ചെയ്യാവുന്ന കടുത്ത, ഏറ്റവും നികൃഷ്ടമായ കാര്യമാണ് അതെന്ന് ആ സമയത്ത് എനിക്കു തോന്നി. എന്റെ ധാരണ തെറ്റായിരുന്നു! പുറത്താക്കുന്നതിനുമുമ്പ് പശ്ചാത്തപിക്കാൻ എന്നെ സഹായിക്കുന്നതിന് സഭയിലെ മൂപ്പന്മാർ അതികഠിനമായി പരിശ്രമിച്ചിരുന്നു. ആ സമയത്ത് ഞാൻ ആ സഹായം ഒട്ടും വിലമതിച്ചില്ല. പുറത്താക്കപ്പെട്ടത് എന്നെ ഏറെ താഴ്മ പഠിപ്പിച്ചു. യഹോവയുമായുള്ള ബന്ധം എത്ര പ്രാധാന്യമുള്ളതാണെന്ന് കാണാൻ അതെന്നെ സഹായിച്ചു.
ബി. റ്റി., ഐക്യനാടുകൾ
സ്വദേശികളായ അമേരിക്കക്കാർ “അമേരിക്കൻ ഇന്ത്യക്കാർ—അവരുടെ ഭാവിയെന്ത്?” എന്ന പരമ്പരയ്ക്കു നന്ദി. (സെപ്റ്റംബർ 8, 1996) സ്വദേശികളായ അമേരിക്കക്കാരുടെ ചരിത്രത്തിൽ എനിക്കെപ്പോഴും വളരെ താത്പര്യമുണ്ടായിരുന്നു. നിങ്ങളുടെ മാസികകളുടെ നിഷ്കാപട്യവും വസ്തുനിഷ്ഠയോടെയുള്ള വിവരണവും ചരിത്ര കൃത്യതയും ഒരിക്കൽക്കൂടെ എന്നിൽ മതിപ്പുളവാക്കിയിരിക്കുന്നു.
എ. എം., ഇറ്റലി
ഒരു മാസികയുടെ പുറംതാളിൽ നിങ്ങൾ ഒരിക്കലും സ്വദേശിയായ ഒരു അമേരിക്കൻ അധ്യാപകന്റെയോ അഭിഭാഷകന്റെയോ ചിത്രം കാണില്ല. നിങ്ങളുടെ ആ പ്രസിദ്ധീകരണത്തിന്റെ പുറംതാളിലുള്ളതിനോടു സാമ്യമുള്ള പ്രാകൃത രൂപങ്ങളാണ് ചിത്രീകരിക്കപ്പെടുന്നത്. ഈ രൂപങ്ങളുടെ തുടർച്ചയായ ഉപയോഗം ആവർത്തനവിരസതയ്ക്കെതിരെയുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഒരു വിലങ്ങുതടിയാണ്.
കെ. എം. റ്റി., ഐക്യനാടുകൾ
ഹാനികരമായ ആവർത്തന വിരസത ഉളവാക്കാൻ തീർച്ചയായും ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല. സ്വദേശികളായ അമേരിക്കക്കാരെ നല്ല രീതിയിൽ ആദരവോടെ അവതരിപ്പിച്ചു കാണിക്കാനുള്ളതായിരുന്നു പുറംതാളിലെ ചിത്രം. പരമ്പരാഗത രീതിയിലുള്ള വേഷവിധാനം ഉപയോഗിച്ചത് അതു വിഷയത്തിന് അനുയോജ്യമായതുകൊണ്ടും ഞങ്ങളുടെ ആഗോള വായനക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നതുകൊണ്ടുമാണ്. രസകരമായി, സ്വദേശികളായ പല അമേരിക്കൻ വായനക്കാരും ലേഖനത്തിനും ചിത്രങ്ങൾക്കും തങ്ങളുടെ വിലമതിപ്പു പ്രകടിപ്പിച്ചു. ചില പുരാതന രീതികൾ കാത്തുസൂക്ഷിക്കാൻ ചിലർ ഇപ്പോഴും ആഗ്രഹിക്കുന്നു. ചില സന്ദർഭങ്ങളിൽ അവർ പരമ്പരാഗത വേഷവും ധരിക്കുന്നു.—പത്രാധിപർ
ഒരു മ്യൂസിയത്തിൽ ജോലിചെയ്യുന്ന മനുഷ്യസംസ്കാരശാസ്ത്രജ്ഞനായ ഞാൻ, വടക്കേ അമേരിക്കയിൽ ഒരു പ്രത്യേകപഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എനിക്ക് ഈ വിഷയത്തിൽ അതിയായ താത്പര്യമുണ്ട്. ഈ ലക്കത്തിന്റെ പത്തു പ്രതികൾ എനിക്ക് അയച്ചു തരുമോ? അമേരിക്കൻ ഇന്ത്യക്കാരിൽ തത്പരരായ മറ്റുള്ളവർക്കു വിതരണം ചെയ്യാനാണ്.
പി. ബി., ജർമനി
ഈ അപേക്ഷ സ്വീകരിക്കാൻ ഞങ്ങൾക്കു സന്തോഷമുണ്ട്.—പത്രാധിപർ
അമേരിക്കൻ ഇന്ത്യക്കാരെക്കുറിച്ച് എനിക്കു കുറച്ചു വിവരമെങ്കിലും ലഭിച്ചത് ചലച്ചിത്രങ്ങളിലൂടെയാണ്. അമേരിക്കൻ ചലച്ചിത്രങ്ങൾ യാഥാർഥ്യമല്ല അവതരിപ്പിച്ചതെന്ന് എനിക്ക് ഈ ലേഖനങ്ങളിൽനിന്നു കാണാൻ കഴിയുന്നു. ഇന്ത്യക്കാരെക്കുറിച്ചുള്ള എന്റെ വീക്ഷണം മാറിയിരിക്കുന്നു.
റ്റി. എം., ഐക്യനാടുകൾ
എന്റെ പൂർവികർ ഭാഗികമായി സ്വദേശികളായ അമേരിക്കക്കാരായിരുന്നു. അതുകൊണ്ട് ഈ ലക്കം വായിക്കാൻ എനിക്ക് ഉത്സാഹമായിരുന്നു. എങ്കിലും പൊതുധാരണയിൽനിന്നു വിഭിന്നമായി ലിറ്റിൽ ബിഗ്ഹൊൺ യുദ്ധത്തിലെ നായകൻ സിറ്റിങ് ബുൾ അല്ലായിരുന്നു.
പി. എച്ച്., ഐക്യനാടുകൾ
സിറ്റിങ് ബുൾ വ്യക്തിപരമായി യുദ്ധത്തിൽ പങ്കെടുത്തോ ഇല്ലയോ എന്നുള്ളത് ചരിത്രകാരന്മാർക്കിടയിൽ ഒരു തർക്കവിഷയമാണെന്നതുപോലെ കാണപ്പെടുന്നു. മിക്ക പണ്ഡിതന്മാർക്കുമിടയിൽ നിലനിൽക്കുന്ന കാഴ്ചപ്പാട് “നാച്ച്വറൽ ഹിസ്റ്ററി” എന്ന പ്രശസ്തമായ മാഗസിനിൽ കാണുന്നു. അത് ഇപ്രകാരം പറയുന്നു: “ഇന്ത്യക്കാരുടെ വൃത്താന്തമനുസരിച്ച്, യുദ്ധത്തിൽ കസ്റ്ററിന്റെ എതിരാളി എന്ന് ചിലപ്പോൾ കരുതപ്പെട്ടിരുന്ന സിറ്റിങ് ബുൾ യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല. മറിച്ച്, ഇന്ത്യൻ യോദ്ധാക്കളെ ശക്തിപ്പെടുത്തുന്നതിനുള്ള മരുന്നുകൾ തയ്യാറാക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു.” കൂടുതൽ വിശദമായ വിവരങ്ങൾ ഇനിയും ലഭിക്കുമോയെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.—പത്രാധിപർ