സഭയ്ക്കു സ്വാധീനം നഷ്ടപ്പെടുന്നതെന്തുകൊണ്ട്?
“ഏതൊരു സ്റ്റോയിക്യനും ഒരു സ്റ്റോയിക്യനായിരുന്നു; എന്നാൽ ക്രൈസ്തവലോകത്തിൽ ക്രിസ്ത്യാനിയെവിടെ?”
19-ാം നൂറ്റാണ്ടിൽ അമേരിക്കയിലെ ഉപന്യാസകൃത്തും കവിയുമായിരുന്ന റാൽഫ് വാൽഡൊ എമെർസൻ.
“ഞാൻ ഒരു കത്തോലിക്കയാണ്—ഞാൻ പക്ഷേ അത് അനുഷ്ഠിക്കുന്നവളല്ല,” ഒരു യുവ മാതാവു വിശദീകരിക്കുന്നു. “മതത്തെ ആവോളം ഞാൻ അവഗണിച്ചിരിക്കുകയാണ്,” ഒരു കൗമാരപ്രായക്കാരൻ കൂട്ടിച്ചേർക്കുന്നു. ഇവ യൂറോപ്യൻ യുവ തലമുറയുടെ സാധാരണ അഭിപ്രായങ്ങളാണ്. അവരുടെ മാതാപിതാക്കൾ—അല്ലെങ്കിൽ ഏറെ സാധ്യതയനുസരിച്ച് അവരുടെ വല്യമ്മവല്യപ്പൻമാർ—ഇപ്പോഴും പള്ളിയിൽ പോകുന്നവരാണെങ്കിലും മതവിശ്വാസം യുവതലമുറയിലേക്കു കൈമാറപ്പെട്ടിട്ടില്ല.
യൂറോപ്യൻമാർ തലമുറകളായി ആദരിച്ചുപോന്ന ആ മത ശീലങ്ങൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്?
ഭയം മേലാൽ ഒരു ഘടകമല്ല
അഗ്നിനരകത്തെക്കുറിച്ചോ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചോ ഉള്ള ഭയം നൂറ്റാണ്ടുകളോളം യൂറോപ്യൻമാരിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. കെടാതെ കത്തിക്കൊണ്ടിരിക്കുന്ന നരകത്തെപ്പറ്റിയുള്ള തീപ്പൊരി പ്രഭാഷണങ്ങളും പള്ളിയിലെ വർണനാത്മകമായ ചായച്ചിത്രങ്ങളും മറ്റും പള്ളിയിലെ ഭക്തിപൂർവമായ ഹാജരാകൽ മാത്രമേ തങ്ങളെ ശിക്ഷാവിധിയിൽനിന്നു രക്ഷിക്കുകയുള്ളൂവെന്ന തോന്നൽ അൽമായരിൽ ഉളവാക്കി. കൂടാതെ, “‘ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ദിവ്യ കുർബാനയിൽ പങ്കെടുക്കാൻ’ സഭ വിശ്വാസികളെ നിർബന്ധിക്കുന്നു” എന്ന് കാറ്റെക്കിസം ഓഫ് ദ കാത്തലിക്ക് ചർച്ച് പ്രസ്താവിക്കുന്നു.a നാട്ടിൻ പുറങ്ങളിൽ ഗണ്യമായ സാമൂഹിക സമ്മർദവുമുണ്ടായിരുന്നു—ഞായറാഴ്ചകളിൽ എല്ലാവരും പള്ളിയിൽ ഹാജരാകാൻ പ്രതീക്ഷിക്കപ്പെട്ടു.
എന്നാൽ കാലം മാറി. ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആളുകൾക്കിപ്പോൾ തോന്നുന്നു. ഭയം മേലാൽ ഒരു ഘടകമല്ല. യൂറോപ്യരായ മിക്ക കത്തോലിക്കരും നരകത്തിൽ വിശ്വസിക്കാത്തതിനാൽ നരകത്തെ ആരോരുമറിയാതെ പരവതാനിക്കടിയിൽ പൂഴ്ത്തിയിരിക്കുകയാണ്.
ഞായറാഴ്ച കുർബാനയിൽ പങ്കുകൊള്ളാതിരിക്കുന്നതു വാസ്തവത്തിൽ ഗുരുതരമായ ഒരു “പാപ”മായി കണക്കാക്കുന്നില്ല. സ്പെയിനിലെ മാഡ്രിഡിലുള്ള ഒരു കത്തോലിക്കാ പുരോഹിതനായ റ്റിർസോ വാകിറോ ഇപ്രകാരം സമ്മതിക്കുന്നു: “ഒരു [കത്തോലിക്കാ] ക്രിസ്ത്യാനി ഞായറാഴ്ചത്തെ കുർബാനയ്ക്കു വരുന്നില്ലെങ്കിൽ ഞങ്ങൾക്ക് ആത്മാർഥമായ ഖേദമുണ്ട്. അത് ദൈവത്തോടും തന്റെ സഹോദരങ്ങളോടും ആശയവിനിയമം നടത്താനുള്ള ആ അവസരം അയാൾക്കു നഷ്ടപ്പെട്ടതുകൊണ്ടാണ്, അല്ലാതെ അയാൾ ഒരു പാപം ചെയ്തതുകൊണ്ടല്ല. അതു രണ്ടാമതേ വരുന്നുള്ളൂ.”
അതുകൊണ്ട് ഭയം മേലാൽ ഭക്തിയെ ഉൾനടുന്നില്ല. സഭയുടെയും അതിന്റെ നേതാക്കൻമാരുടെയും ധാർമിക അധികാരം സംബന്ധിച്ചെന്ത്—അവർക്കു തങ്ങളുടെ ആട്ടിൻകൂട്ടങ്ങളോട് കൂറ് ആവശ്യപ്പെടാൻ കഴിയുമോ?
ഒരു അധികാര പ്രതിസന്ധി
മതപരമായ ഭയത്തിന്റെ തിരോധാനവും സഭയുടെ ധാർമിക നിലയുടെ ശ്രദ്ധേയമായ അധഃപതനവും ഒന്നിച്ചു സംഭവിച്ചിരിക്കുന്നു. “നൂറ്റാണ്ടുകളായി നമുക്ക് ധാർമികമൂല്യങ്ങൾ പഠിപ്പിക്കുന്ന ഗുരുക്കൻമാർ വളരെയേറെയും എന്നാൽ ധാർമികമൂല്യങ്ങൾ പിൻപറ്റുന്ന ഗുരുക്കൻമാർ വളരെ ചുരുക്കവുമായിരുന്നു” എന്ന് ഇറ്റാലിയൻ ചരിത്രകാരനായ ജോർഡാനോ ബ്രൂണോ ഗ്വെറി പരാതിപ്പെടുന്നു. ക്രൈസ്തവലോകത്തെ താറുമാറാക്കിയ രണ്ടു ലോക യുദ്ധങ്ങളിൽ നിഴലിച്ചത് ധാർമിക നേതൃത്വത്തിന്റെ ഈ അഭാവമാണ്. കൂട്ടക്കുരുതികളിൽ ഏർപ്പെടുന്നതിൽനിന്നു വിശ്വാസികളെ തടയാനുള്ള ശക്തി യൂറോപ്യൻ സഭകൾക്കില്ലായിരുന്നു. അതിലും മോശമായി, ഇരുപക്ഷങ്ങളിലെയും യുദ്ധ മുന്നേറ്റങ്ങളിൽ സഭകൾ സജീവമായി ഉൾപ്പെട്ടു.
“ക്രിസ്തീയ വിഭാഗങ്ങൾക്കിടയിലെ ഒരു ആഭ്യന്തര യുദ്ധമായിരുന്ന ഒന്നാം ലോകയുദ്ധം ക്രിസ്ത്യാനിത്വത്തിന് ദുരന്തത്തിന്റെയും നിന്ദയുടെയും ഒരു കാലഘട്ടം തുറന്നുകൊടുത്തു. രണ്ടാം ലോകയുദ്ധം ക്രിസ്തീയ വിശ്വാസത്തിന്റെ ധാർമിക നിലയുടെമേൽ ആദ്യത്തെ യുദ്ധത്തെക്കാളധികം കനത്ത ആഘാതങ്ങൾ ഏൽപ്പിച്ചു. മതനവീകരണത്തിന്റെ ഈറ്റില്ലമായിരുന്ന ജർമനിയിലെ സഭകളുടെ പൊള്ളത്തരവും പാപ്പാധിപത്യത്തിന്റെ ഭീരുത്വവും സ്വാർഥതയും വെളിച്ചത്തു കൊണ്ടുവന്നു” എന്നു ചരിത്രകാരനായ പോൾ ജോൺസൻ നിരീക്ഷിക്കുന്നു.
ഹിറ്റ്ലറുടെ നാസി ഭരണകൂടം, ഇറ്റലിയിലെ മുസ്സോളിനിയുടെയും സ്പെയിനിലെ ഫ്രാങ്കോയുടെയും ഫാസിസ്റ്റ് ഗവൺമെന്റുകൾ എന്നിവയുമായി വത്തിക്കാൻ ചെയ്ത ഉടമ്പടികളും സഭയുടെ ധാർമികമായ ആധികാരികതയ്ക്കു ക്ഷതമേൽപ്പിച്ചു. ഒടുവിൽ, അത്തരം രാഷ്ട്രീയ അവസരവാദത്തിനു മതം കൊടുത്ത വില സ്വന്തം വിശ്വാസ്യതയുടെ നഷ്ടമായിരുന്നു.
സഭയും രാഷ്ട്രവും—ബന്ധം അഴിക്കുന്നു
20-ാം നൂറ്റാണ്ടിൽ, മിക്ക യൂറോപ്യൻ രാജ്യങ്ങളും സഭയെയും രാഷ്ട്രത്തെയും ബന്ധിക്കുന്ന കെട്ട് ഒടുവിൽ അഴിച്ചിരിക്കുന്നു. വാസ്തവത്തിൽ, ഇപ്പോൾ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളൊന്നും റോമൻ കത്തോലിക്കാ മതത്തെ ഔദ്യോഗിക മതമായി അംഗീകരിക്കുന്നില്ല.
പ്രമുഖ സഭകൾക്ക് ഇപ്പോഴും രാഷ്ട്രീയ ധനസഹായം ലഭിക്കുന്നുണ്ടായിരിക്കാമെങ്കിലും നേരത്തെ അവ കയ്യാളിയിരുന്ന രാഷ്ട്രീയ സ്വാധീനം അവയ്ക്കു നഷ്ടമായിരിക്കുകയാണ്. എല്ലാ സഭാംഗങ്ങളും ഈ പുതിയ യാഥാർഥ്യം അംഗീകരിക്കുന്നില്ല. “[കത്തോലിക്കാ] സഭാ നേതാക്കൾ—പലരും പൂർണ ആത്മാർഥതയോടെ—ഒരു മാനുഷിക ‘അധികാര’ അടിത്തറയില്ലാതെ തങ്ങൾക്ക് ഇടയവേല നടത്താൻ കഴികയില്ലെന്നു വിചാരിക്കുന്ന”തായി പ്രമുഖ സ്പാനിഷ് ജെസ്യൂട്ടായ ഹോസെ മാരിയാ ഡിയെസ്-ആലെഗ്രിയാ വിശ്വസിക്കുന്നു.
എന്നാൽ ഈ “മാനുഷിക ‘അധികാര’ അടിത്തറ” തകർന്നു വീണിരിക്കുകയാണ്. 1975 വരെ ഒരു “ദേശീയ-കത്തോലിക്കാ” ഗവൺമെൻറ് നിലവിലുണ്ടായിരുന്ന സ്പെയിൻ ഈ സ്ഥിതിവിശേഷത്തെ ഉദാഹരിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ സഭക്കുള്ള ധനസഹായം സംബന്ധിച്ചു സ്പാനിഷ് പുരോഹിതമേധാവിത്വവും സോഷ്യലിസ്റ്റ് ഗവൺമെന്റും തമ്മിൽ ഒരു തുടർച്ചയായ പോരാട്ടം നടന്നിരുന്നു. സ്പാനിഷ് ഗവൺമെൻറ് സഭയ്ക്കു വേണ്ടത്ര സാമ്പത്തിക സഹായം നൽകാത്തതുകൊണ്ട് “ഒരു കത്തോലിക്കനെന്നനിലയിൽ പീഢിപ്പിക്കപ്പെടുന്ന”തുപോലെ തനിക്കു തോന്നുന്നു എന്ന് സ്പെയിനിലെ റ്റെറുയെലിലെ ബിഷപ്പ് തന്റെ ഇടവകാംഗങ്ങളോട് അടുത്തകാലത്തു പരാതിപ്പെട്ടു.
സ്പാനിഷ് സമൂഹം “മനസ്സാക്ഷിയുടെയും ധാർമികതയുടെയും കനത്ത പ്രതിസന്ധി”യിലാണെന്ന് 1990-ൽ സ്പാനിഷ് ബിഷപ്പുമാർ പ്രഖ്യാപിച്ചു. ഈ ‘ധാർമിക പ്രതിസന്ധി’ക്ക് അവർ ആരെയാണു കുറ്റപ്പെടുത്തിയത്? “പൊതുഭരണം [സ്പാനിഷ് ഗവൺമെൻറ്] കൂടെക്കൂടെ പ്രോത്സാഹിപ്പിച്ച സംശയഭാവമാ”യിരുന്നു ഒരു മുഖ്യ കാരണമെന്ന് ബിഷപ്പുമാർ അവകാശപ്പെട്ടു. ഗവൺമെൻറ്, കത്തോലിക്കാ ആശയസംഹിതയെ പ്രോത്സാഹിപ്പിക്കാനും അതുപോലെതന്നെ ധനസഹായങ്ങൾ പ്രദാനം ചെയ്യാനും ബിഷപ്പുമാർ പ്രതീക്ഷിക്കുന്നതായി കാണുന്നു.
വൈദികർ പ്രസംഗിക്കുന്നതു പ്രവർത്തിക്കുന്നുണ്ടോ?
കത്തോലിക്കാ സഭയുടെ വമ്പിച്ച ധനം ദരിദ്രമായ ഇടവകകളിൽ ജോലിചെയ്യുന്ന പുരോഹിതൻമാർക്ക് എല്ലായ്പോഴും ലജ്ജയ്ക്കു കാരണമായിരുന്നിട്ടുണ്ട്. “യുദ്ധാനന്തര ഇറ്റലിയിലെ ഏറ്റവും മോശമായ സാമ്പത്തിക അപവാദം” എന്ന് ടൈം മാസിക വിളിച്ച വിവാദത്തിൽ വത്തിക്കാൻ ബാങ്ക് കുടുങ്ങിയപ്പോൾ അത് അതിലേറെ ലജ്ജാകരമായിരുന്നു. 1987-ൽ ഇറ്റാലിയൻ മജിസ്ട്രേറ്റുമാർ ഒരു ആർച്ചുബിഷപ്പിനെയും മറ്റു രണ്ട് വത്തിക്കാൻ ബാങ്ക് അധികാരികളെയും അറസ്റ്റു ചെയ്യുന്നതിനുവേണ്ടി വാറന്റുകൾ പുറപ്പെടുവിച്ചു. എന്നാൽ വത്തിക്കാന്റെ പ്രത്യേക പരമാധികാര പദവി നിമിത്തം കുറ്റാരോപിതരായ സഭാംഗങ്ങളുടെ അറസ്റ്റ് ഒഴിവാക്കപ്പെട്ടു. അപരാധങ്ങളൊന്നും ചെയ്യപ്പെട്ടിട്ടില്ല എന്ന് വത്തിക്കാൻ ബാങ്ക് ശഠിച്ചുവെങ്കിലും സഭ പ്രസംഗിക്കുന്നത് പ്രവർത്തിക്കുന്നില്ല എന്ന ധാരണ മായിച്ചുകളയാൻ അതു പരാജയപ്പെട്ടു.—മത്തായി 23:3 താരതമ്യം ചെയ്യുക.
വലുതായി കൊട്ടിഘോഷിക്കപ്പെട്ട ലൈംഗിക ദുഷ്പെരുമാറ്റം അതിലുമധികം ക്ഷതം വരുത്തിയിരിക്കുന്നു. ബ്രഹ്മചര്യം പ്രോത്സാഹിപ്പിക്കുന്നതിനു പേരുകേട്ട ഒരു ഐറിഷ് ബിഷപ്പ് “തന്നോടു ക്ഷമിക്കണ”മെന്നും “തനിക്കുവേണ്ടി പ്രാർഥിക്കണ”മെന്നും 1992 മേയിൽ അദ്ദേഹത്തിന്റെ രൂപതയോട് അപേക്ഷിച്ചു. അദ്ദേഹം 17 വയസ്സുള്ള ഒരു ആൺകുട്ടിയുടെ പിതാവാണെന്നും ആ കുട്ടിയുടെ വിദ്യാഭ്യാസത്തിനുവേണ്ടി സഭയുടെ ഫണ്ടുകൾ ഉപയോഗിച്ചിരുന്നുവെന്നുമുള്ള സംഗതി പുറത്തായപ്പോൾ രാജിവയ്ക്കാൻ അദ്ദേഹം നിർബന്ധിതനായി. ഒരു കത്തോലിക്കാ പുരോഹിതൻ ഒരു മാസം മുമ്പു ജർമനിയിലെ ടെലിവിഷനിൽ തന്റെ “കൂട്ടുകാരി”യോടും അവരുടെ രണ്ടു കുട്ടികളോടുമൊപ്പം പ്രത്യക്ഷപ്പെട്ടു. വളരെയധികം പുരോഹിതൻമാർ അനുവർത്തിച്ചുപോരുന്ന രഹസ്യമായ അവിഹിത ബന്ധങ്ങൾ സംബന്ധിച്ച് “ഒരു ചർച്ച തുടങ്ങാ”ൻ താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അപകീർത്തികൾ തീർച്ചയായും അവയുടെ കളങ്കം അവശേഷിപ്പിക്കും. “സഭ നൂറ്റാണ്ടുകളായി ഇറ്റലിക്കാർക്ക് ദുഷ്പേരുണ്ടാക്കിയിരിക്കുന്നു”വെന്ന് ചരിത്രകാരനായ ഗ്വെറി, യ്ലി ഇറ്റാല്യാനി സോട്ടോ ലാ ക്യേസാ (സഭയുടെ കീഴിലുള്ള ഇറ്റലിക്കാർ) എന്ന തന്റെ പുസ്തകത്തിൽ ഉറപ്പിച്ചുപറയുന്നു. “വിശ്വാസികളുടെ ഇടയിൽപ്പോലുമുള്ള പൗരോഹിത്യവിരോധത്തിന്റെ വർധനവ്” അതിന്റെ ഒരു ഫലമാണെന്ന് അദ്ദേഹം പറയുന്നു. അപ്പോസ്തലനായ പൗലോസ് റോമാക്കാരോടു ചോദിച്ച പിൻവരുന്ന അതേ ചോദ്യങ്ങൾത്തന്നെ തങ്ങളുടെ വൈദികരോടും ചോദിക്കാൻ ധാർമികരോഷം കൊള്ളുന്ന കത്തോലിക്കർ പ്രചോദിതരായേക്കാം: “ഉദാഹരണമായി, നിങ്ങൾ മോഷണത്തിനെതിരെ പ്രസംഗിക്കുന്നു, എന്നാൽ നിങ്ങളുടെ സത്യസന്ധത സംബന്ധിച്ച് നിങ്ങൾക്കുറപ്പുണ്ടോ? നിങ്ങൾ വ്യഭിചാര നടപടിയെ അധിക്ഷേപിക്കുന്നു, എന്നാൽ നിങ്ങളുടെ ശുദ്ധിയെക്കുറിച്ചു നിങ്ങൾക്കുറപ്പുണ്ടോ?”—റോമർ 2:21, 22, ഫിലിപ്സ്.
വൈദികർക്കും അൽമായർക്കും ഇടയിലെ വിടവ്
അത്ര പ്രകടമല്ലാത്തതെങ്കിലും സാധ്യതയനുസരിച്ചു കൂടുതൽ തളർത്തുന്ന പ്രശ്നം വൈദികരും അൽമായരും തമ്മിലുള്ള അകൽച്ചയാണ്. ബിഷപ്പുമാരിൽനിന്നുള്ള ഇടയ ലേഖനങ്ങൾ ഇടവകക്കാരെ പ്രബോധിപ്പിക്കുന്നതിനുപകരം അലോസരപ്പെടുത്തുന്നതായി തോന്നുന്നു. ഒരു സ്പാനിഷ് സർവേയിൽ അഭിമുഖം നടത്തപ്പെട്ടവരിൽ 28 ശതമാനം മാത്രമേ “ബിഷപ്പുമാരുടെ പ്രസ്താവനകളോടു യോജിച്ചുള്ളൂ.” അതത്തോളം പേർ “തികഞ്ഞ വിപ്രതിപത്തി പ്രകടിപ്പിച്ചു.” തങ്ങൾക്ക് “അവർ [ബിഷപ്പുമാർ] എന്താണു സംസാരിക്കുന്നതെന്നു മനസ്സിലാകുന്നില്ലെ”ന്ന് 18 ശതമാനം പറഞ്ഞു. സ്പെയിനിലെ മജോർകായിലുള്ള ആർച്ചുബിഷപ്പായ ഊബെഡാ ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “ക്രിസ്ത്യാനിത്വം ജനം ഉപേക്ഷിച്ചു പോകുന്നതിൽ നമ്മുടെ ഉത്തരവാദിത്വം ബിഷപ്പുമാരായ നാമും അംഗീകരിച്ചേ പറ്റൂ—അതൊരു വസ്തുതയാണ്.”
ഒരു വ്യക്തമായ തിരുവെഴുത്തു സന്ദേശത്തിന്റെ അഭാവം അൽമായരെ പിന്നെയും അകറ്റുന്നു. കാത്തലിക്ക് ഹെറാൾഡ് പറയുന്നതനുസരിച്ച്, “[ഫ്രാൻസിലെ] പുരോഹിതന്മാർ” ആത്മീയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അവരുടെ ഇടവകക്കാരിൽ മിക്കവരും ആഗ്രഹിക്കുന്നെങ്കിലും “അവരിൽ പലരും ‘കേമന്മാർ’ ആകുന്നതിനുവേണ്ടി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തീരുമാനിച്ചിരിക്കുന്നു.” ഇറ്റലിയിലെ പുരോഹിതനും സാമൂഹിക ശാസ്ത്രജ്ഞനുമായ സിൽവാനോ ബുർഗാലാസ്സി ഇപ്രകാരം സമ്മതിച്ചു പറയുന്നു: “ഒരുപക്ഷേ അവർ [യുവജനങ്ങൾ] ഞങ്ങളുടെ മോശമായ മാതൃക കാരണം ദൈവത്തിൽനിന്ന് അകന്നുപോയിട്ടുണ്ടായിരിക്കാം. അനുരഞ്ജനം, മതം, ബിസിനസ്, സ്വാർഥത, മായം എന്നിവയുടെ ഒരു ‘മിശ്രിത’മാണ് ഞങ്ങൾ അവർക്കു കൊടുത്തിരിക്കുന്നത്.” പുരോഹിതന്മാർക്കു സാമൂഹിക പദവി നഷ്ടമായിക്കൊണ്ടിരിക്കുന്നതിൽ അതിശയിക്കാനില്ല. “ഞാൻ ഒരു കത്തോലിക്കനാണ്, എന്നാൽ എനിക്കു പുരോഹിതന്മാരിൽ വിശ്വാസമില്ല” എന്നതു സ്പെയിനിലെ കത്തോലിക്കർ പലപ്പോഴും പറയാറുള്ളതാണ്.
ചില കത്തോലിക്കർക്ക് വൈദികരിൽ ആശ്രയം വയ്ക്കുന്നത് പ്രയാസമായി തോന്നുന്നു. മറ്റുചിലർക്കു സഭയുടെ ഉപദേശത്തെ സംബന്ധിച്ച്—പ്രത്യേകിച്ച്, യുക്തിരഹിതവും അപ്രായോഗികവുമായി അവർ കണക്കാക്കുന്ന പഠിപ്പിക്കലുകളെക്കുറിച്ച്—കാര്യമായ സംശയങ്ങളുണ്ട്.
ദുർഗ്രഹമായ ഉപദേശങ്ങൾ
സുവ്യക്തമായ ഒരു ഉദാഹരണം നരകം എന്ന വിഷയത്തെ സംബന്ധിച്ച ഔദ്യോഗികമായ കത്തോലിക്കാ പഠിപ്പിക്കലാണ്. കാറ്റെക്കിസം ഓഫ് ദ കാത്തലിക്ക് ചർച്ച് ഇപ്രകാരം പ്രസ്താവിക്കുന്നു: “സഭയുടെ പഠിപ്പിക്കൽ നരകത്തിന്റെ അസ്തിത്വത്തെയും അതിന്റെ നിത്യതയെയും സ്ഥിരീകരിക്കുന്നു.” എന്നിരുന്നാലും, ഫ്രഞ്ച് കത്തോലിക്കരുടെ നാലിലൊന്നും സ്പെയിനിലെ കത്തോലിക്കരുടെ മൂന്നിലൊന്നും മാത്രമേ നരകമുണ്ടെന്നു വിശ്വസിക്കുന്നുള്ളൂവെന്ന് അടുത്തകാലത്തെ സർവേകൾ സൂചിപ്പിക്കുന്നു.
അതുപോലെതന്നെ, ധാർമിക വിഷയങ്ങളുടെ കാര്യത്തിൽ “അവനവനു തോന്നിയതു ചെയ്യുന്ന ക്രിസ്ത്യാനികൾ” ആയിരിക്കാൻ യൂറോപ്യൻമാർ പ്രവണത കാട്ടുന്നു. വിവാഹബന്ധത്തിനു പുറത്തു കുട്ടികളുണ്ടായിരിക്കുന്നതുപോലുള്ള ധാർമിക പ്രശ്നങ്ങൾ “ഒരുവൻ സ്വയം തീരുമാനിക്കേണ്ട സംഗതി”യാണെന്ന് സ്വീഡനിലെ ലൂഥറൻ സഭക്കാരിയായ ഒരു കൗമാരപ്രായക്കാരി വിശ്വസിക്കുന്നു. ഫ്രാൻസിലെ മിക്ക കത്തോലിക്കരും അവളോടു യോജിക്കും. ജീവിതത്തിൽ പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ തങ്ങൾ സഭയുടെ മാർഗനിർദേശം പിൻപറ്റുന്നതിനു പകരം മനഃസാക്ഷിയുടെ മാർഗനിർദേശം പിൻപറ്റുമെന്ന് 80 ശതമാനം പറഞ്ഞു.
പണ്ടായിരുന്നെങ്കിൽ വിയോജിപ്പിന്റെ ഏതൊരു ശബ്ദത്തെയും അമർച്ചചെയ്യാൻ സഭയുടെ അധികാരം മതിയായിരുന്നു. വത്തിക്കാന്റെ കാഴ്ചപ്പാടിൽ ഒന്നും മാറിയിട്ടില്ല. “തിരുവെഴുത്തിന്റെ വ്യാഖ്യാനരീതി സംബന്ധിച്ചു പറഞ്ഞിട്ടുള്ള സംഗതികളെല്ലാം ആത്യന്തികമായി സഭയുടെ തീർപ്പിനു വിധേയമാണ്“ എന്നു കാറ്റെക്കിസം ഒട്ടും വഴങ്ങിക്കൊടുക്കാതെ പ്രസ്താവിക്കുന്നു. എന്നാൽ അധികാരികളുടെ സമീപനത്തിനു തീരെക്കുറച്ചു പിന്തുണയേ ലഭിക്കുന്നുള്ളു. “അധികാരം സംബന്ധിച്ച വിവാദം കൊടുമ്പിരിക്കൊള്ളുകയാണ്” എന്നു രാഷ്ട്രീയപഠനങ്ങളുടെ ഒരു സ്പാനിഷ് പ്രൊഫസറായ ആന്റോൺയോ എലോർസാ പരാതിപ്പെടുന്നു. “ചരിത്രത്തിന്റെ മുമ്പിൽ, പാരമ്പര്യത്തിന്റെ സാധുത കാത്തുസൂക്ഷിക്കുന്നതിനായി സഭ അതിനു ചുറ്റും മതിൽ കെട്ടി നിർത്താൻ താത്പര്യപ്പെടുന്നു.” “മതിൽക്കെട്ടി”ന്റെ പുറത്തു സഭയുടെ സ്വാധീനവും അധികാരവും കുറഞ്ഞുകൊണ്ടേയിരിക്കുന്നു.
ആത്മീയ അധഃപതനം കൂടാതെതന്നെ മതപരമായ വിപ്രതിപത്തിക്കു നിദാനമായ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണു സാമൂഹിക കാരണങ്ങൾ. വിനോദത്തിനും ഉല്ലാസത്തിനും വേണ്ട ധാരാളം അവസരങ്ങൾ ഉപഭോക്തൃ സമൂഹം പ്രദാനം ചെയ്യുന്നു—മിക്ക യൂറോപ്യന്മാർക്കും അവ രുചിച്ചുനോക്കുന്നതിനുള്ള മനസ്സും മാർഗവുമുണ്ട്. താരതമ്യത്തിൽ, പള്ളിയിൽ പോകുന്നതു ഞായറാഴ്ചത്തെ പ്രഭാതം വിരസമായി ഉപയോഗിക്കുന്ന ഒരു വിധമാണെന്നു തോന്നുന്നു. മാത്രമല്ല, പള്ളിയിലെ മതപരമായ ചടങ്ങുകൾ ആളുകളുടെ ആത്മീയ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതായി തോന്നുന്നുമില്ല.
യൂറോപ്യൻ ജനതതിയുടെമേൽ പരമ്പരാഗത മതം അതിന്റെ പിടി വീണ്ടും മുറുക്കാൻ സാധ്യതയില്ലാത്തതായി തോന്നുന്നു. ഡിനോസറിനെപ്പോലെ തിരോഭവിക്കാൻ വിധിക്കപ്പെട്ട കഴിഞ്ഞകാല സ്വാധീനശക്തിയാണോ മതം?
[അടിക്കുറിപ്പ്]
a 1992-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട കാറ്റെക്കിസം ഓഫ് ദ കാത്തലിക്ക് ചർച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കർക്കു വേണ്ടി വിശ്വാസപ്രമാണം സംബന്ധിച്ച ഒരു ഔദ്യോഗിക പ്രസ്താവനയായിരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. “കത്തോലിക്കാ വിശ്വാസപ്രമാണം പഠിപ്പിക്കുന്നതിനുള്ള സുനിശ്ചിതവും പ്രാമാണികവുമായ ഒരു പരാമർശ ഗ്രന്ഥ”മെന്ന് അതിന്റെ ആമുഖത്തിൽ ജോൺ പോൾ II-ാമൻ പാപ്പാ അതിനെ വർണിക്കുന്നു. സാർവത്രികമായ അത്തരമൊരു കത്തോലിക്കാ മതോപദേശ സംഹിത അതിനുമുമ്പ് പ്രസാധനം ചെയ്തത് 1566-ൽ ആയിരുന്നു.
[6-ാം പേജിലെ ആകർഷകവാക്യം]
ഉല്ലാസ ആസക്തി ക്രൈസ്തവലോകത്തിന്റെ ഹൃദയഭാഗത്തെതന്നെ പിടിച്ചടക്കിയിരിക്കുന്നു
[7-ാം പേജിലെ ചിത്രം]
പള്ളിപ്രസംഗം വേണോ സൂര്യസ്നാനം വേണോ എന്നു തീരുമാനിക്കേണ്ടിവരുമ്പോൾ, മിക്ക യൂറോപ്യന്മാരും മടികൂടാതെ കടൽത്തീരത്തേക്കുതന്നെ പോകുന്നു