വിശ്വാസികൾ എവിടെ?
സ്പെയിനിലെ ഉണരുക! ലേഖകൻ
“മതത്തെ സംബന്ധിച്ചിടത്തോളം വിപ്രതിപത്തിയുടെയത്രയും മാരകമായിരിക്കുന്ന മറ്റൊന്നില്ല.”
18-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനായ എഡ്മണ്ട് ബർക്ക്.
സ്പെയിനിന്റെ വടക്കു ഭാഗത്തെ കാറ്റോട്ടമുള്ള ഒരു സമഭൂമിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറു പട്ടണമാണു കാലെർവെഗ്ഗാ. മധ്യയുഗത്തോളം പ്രാചീനമായ ആ പട്ടണത്തിൽ റോമൻ ശിൽപ്പഭംഗി വിളിച്ചോതുന്ന വശ്യസുന്ദരമായ ഒരു കന്യാസ്ത്രീമഠം തല ഉയർത്തി നിൽക്കുന്നു. ഡൊമിനിക്കൻ സഭയുടെ സ്ഥാപകനായ ഡോമിങ്ജോ ഡി ഗൂസ്മാനോടുള്ള ബഹുമാനാർഥം 700 വർഷങ്ങൾക്കുമുമ്പു സ്ഥാപിച്ചതായിരുന്നു അത്. അദ്ദേഹത്തിന്റെ ജൻമസ്ഥലം അവിടെയായിരുന്നു. ഈ കന്യാസ്ത്രീമഠം നിശബ്ദതയിലെ ഏകാന്തവാസം ഇഷ്ടപ്പെടുന്ന കന്യാസ്ത്രീകൾക്ക് ഏഴു നൂറ്റാണ്ടുകളായി അഭയം നൽകിയിരിക്കുന്നു.
ആ കന്യാസ്ത്രീമഠത്തിന്റെ മേൽക്കൂര ചോരുന്നുണ്ട്. ആ പുരാതന ഭിത്തികൾ ഇടിഞ്ഞും തുടങ്ങിയിരിക്കുന്നു. എന്നാൽ മദർ സുപ്പീരിയർ കൂടുതൽ വ്യാപകമായ ഒരു ജീർണനത്തെക്കുറിച്ചാണ് ഉത്കണ്ഠപ്പെടുന്നത്—മതത്തിന്റെ തന്നെ തകർച്ച. “ഏതാണ്ട് 30 വർഷം മുമ്പു ഞാൻ ഈ കന്യാസ്ത്രീമഠത്തിൽ ചേർന്നപ്പോൾ ഇവിടെ 40 കന്യാസ്ത്രീകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഞങ്ങൾ ഇവിടെ വെറും 16 പേരേ ഉള്ളൂ. ചെറുപ്പക്കാരാരുമില്ല. മത ഉദ്യോഗം ഒരു പഴഞ്ചൻ ഏർപ്പാടായിരിക്കുന്നതായി തോന്നുന്നു” എന്ന് അവർ വിശദീകരിക്കുന്നു.
കാലെർവെഗ്ഗായിൽ നടക്കുന്നതു യൂറോപ്പിന്റെ ഭൂരിഭാഗത്തും സംഭവിക്കുന്നു. മതവിരോധത്തിന്റെ അലയൊന്നുമില്ല അവിടെ. ആളുകൾ ശാന്തരായി, എന്നാൽ തടയാനാകാത്ത വിധം പിരിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നുവെന്നു മാത്രം. വൻ യൂറോപ്യൻ കത്തീഡ്രലുകൾ “വിശ്വാസികളെ”യല്ല, പിന്നെയോ വിനോദസഞ്ചാരികളെയാണു സേവിക്കുന്നത്. ഒരിക്കൽ അജയ്യമായിരുന്ന സഭയെ—അത് പ്രൊട്ടസ്റ്റൻറ് സഭയോ കത്തോലിക്ക സഭയോ ആയിക്കൊള്ളട്ടെ—നിർവികാരത പിടിച്ചടക്കിയിരിക്കുകയാണ്. മത താത്പര്യങ്ങൾക്കുപകരം ആളുകളുടെ ജീവിതത്തെ ഭരിക്കുന്നതു ലോക താത്പര്യങ്ങളാണ്—ലോകവത്കരണം എന്നു സഭാ വക്താക്കൾ വിളിക്കുന്ന ഒരു പ്രവണതതന്നെ. മതം മേലാൽ ഒരു പ്രശ്നമേ അല്ലെന്നു തോന്നുന്നു. യൂറോപ്പിലെ ഈ മതാന്തരീക്ഷം ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ആഞ്ഞടിക്കാറായിരിക്കുന്ന സമാനമായ പതനത്തിന്റെ ഒരു മുന്നോടിയായിരുന്നേക്കാമോ?
പള്ളി ഹാജരിന് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
ഈ പ്രതിഭാസം വടക്കൻ യൂറോപ്പിൽ പുത്തരിയൊന്നുമല്ല. സ്കാൻഡിനേവിയയിലെ ലൂഥറൻ സഭക്കാരിൽ 5 ശതമാനം മാത്രമേ പള്ളിയിൽ ക്രമമായി ഹാജരാകുന്നുള്ളൂ. ബ്രിട്ടനിൽ, ആംഗ്ലിക്കൻ വിശ്വാസികളെന്ന് അവകാശപ്പെടുന്നവരുടെ 3 ശതമാനം മാത്രമേ ഞായറാഴ്ച ശുശ്രൂഷകൾക്കു പോകുന്നുള്ളൂ. എന്നാൽ തെക്കേ യൂറോപ്പിലെ കത്തോലിക്കർ ഇപ്പോൾ അയൽക്കാരായ വടക്കരുടെ ദൃഷ്ടാന്തം പിന്തുടരുന്നതായി തോന്നുന്നു.
ഒരു പ്രമുഖ കത്തോലിക്കാ രാജ്യമായ ഫ്രാൻസിൽ, ആഴ്ചയിൽ ഒരിക്കൽ പള്ളിയിൽ പോകുന്നത് ഓരോ 10 പൗരൻമാരിലും ഒരാൾ മാത്രമാണ്. “ഭക്തി ആചരിക്കുന്ന കത്തോലിക്കർ” എന്ന് സ്വയം കണക്കാക്കുന്ന സ്പെയിൻകാരുടെ ശതമാനം കഴിഞ്ഞ 25 വർഷംകൊണ്ട് 83 ശതമാനത്തിൽനിന്ന് 31 ശതമാനമായി കുത്തനെ താഴ്ന്നു. 1992-ൽ സ്പാനിഷ് ആർച്ചുബിഷപ്പായ റാമോൻ റ്റോറിയാ ഒരു പത്രസമ്മേളനത്തിൽ ഇപ്രകാരം പറഞ്ഞു: “കത്തോലിക്കാ സ്പെയിൻ അസ്തിത്വത്തിലില്ല; ആളുകൾ പീഡാനുഭവ ആഴ്ചയിൽ ഘോഷയാത്രകൾക്കും ക്രിസ്മസ് കുർബാനയ്ക്കും പോകുന്നു—എന്നാൽ ഓരോ ആഴ്ചയിലും [കുർബാനയ്ക്ക്] പോകുന്നില്ല.” “സ്പെയിൻ അതിന്റെ ക്രിസ്തീയ വേരുകളിലേക്കു മടങ്ങിവരേണ്ട ആവശ്യമുണ്ടെ”ന്ന് 1993-ൽ മാഡ്രിഡിലെ സന്ദർശനവേളയിൽ ജോൺ പോൾ II പാപ്പാ മുന്നറിയിപ്പു നൽകി.
മതനിസ്സംഗത അൽമായരെപ്പോലെ വൈദികവർഗത്തെയും ബാധിച്ചിരിക്കുന്നു. ഫ്രാൻസിൽ പുതിയതായി പട്ടംകിട്ടിയ പുരോഹിതൻമാരുടെ സംഖ്യ 1988-ൽ 140 ആയി താഴ്ന്നപ്പോൾ (1970-ലെ എണ്ണത്തിന്റെ പകുതിയിൽ താഴെ), വിവാഹം കഴിക്കുന്നതിനുവേണ്ടി 8,000-ത്തോളം പേർ സ്പെയിനിൽ പൗരോഹിത്യം ഉപേക്ഷിച്ചുപോയി. മറുവശത്ത്, തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ ശുശ്രൂഷിക്കുന്നതിൽ തുടരുന്ന ചിലർ അവരുടെ സന്ദേശത്തെക്കുറിച്ചു സംശയമുള്ളവരാണ്. സ്വർഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും “ഒരു ശുദ്ധമായ മനസ്സാക്ഷിയോടെ” പ്രസംഗിക്കാൻ കഴിയുന്നതായി തോന്നുന്നതു സ്വീഡനിലെ ലൂഥറൻ പുരോഹിതന്മാരുടെ 24 ശതമാനത്തിനു മാത്രമാണ്. അതേസമയം ഫ്രഞ്ച് പുരോഹിതന്മാരുടെ കാൽഭാഗത്തിന് യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചുപോലും തീർച്ചയില്ല.
മതഭക്തിക്കു മീതെ ഉല്ലാസവും അഭീഷ്ടവും
മതത്തിന്റെ സ്ഥാനം കയ്യേറുന്നത് എന്താണ്? പല ഭവനങ്ങളിലും വിനോദം ആരാധനയുടെ സ്ഥാനം കയ്യടക്കിയിരിക്കുന്നു. കുടുംബങ്ങൾ ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നതിനുപകരം കടലോരങ്ങളിലേക്കോ മലയോരങ്ങളിലേക്കോ പോകുന്നു. “കുർബാനക്കു പോകുന്നതു മുഷിപ്പാണ്,” ഒരു സ്പാനിഷ് യുവാവായ ച്വാൻ നിർവികാരതയോടെ പറഞ്ഞു. മതശുശ്രൂഷകൾക്ക്, സ്റ്റേഡിയങ്ങൾ നിറയെ ആൾക്കൂട്ടങ്ങളെ ആകർഷിക്കുന്ന ഫുട്ബോൾ മത്സരങ്ങളോടോ പോപ്പ് സംഗീതക്കച്ചേരികളോടോ മത്സരിച്ചു ജയിക്കാൻ കഴിയുന്നില്ല.
പള്ളി ഹാജരിലെ കുറവു മാത്രമല്ല മതപരമായ പതനത്തിന്റെ തെളിവ്. തങ്ങൾക്കു ബോധിച്ച മതാശയങ്ങൾ വച്ചുപുലർത്താൻ പല യൂറോപ്യൻമാരും ഇഷ്ടപ്പെടുന്നു. ഇന്നാളുകളിൽ, ഒരു സഭയുടെ ഔദ്യോഗിക വിശ്വാസപ്രമാണത്തിന് സദാവിശ്വാസികളെന്നവകാശപ്പെടുന്നവരുടെ വ്യക്തിപരമായ വിശ്വാസങ്ങളുമായി തുലോം തുച്ഛമായ സാമ്യം മാത്രമേ ഉള്ളൂ. യൂറോപ്യൻമാരുടെ ഭൂരിപക്ഷവും—അവർ കത്തോലിക്കരോ പ്രൊട്ടസ്റ്റന്റുകാരോ ആയിക്കൊള്ളട്ടെ—മരണാനന്തര ജീവിതത്തിൽ മേലാൽ വിശ്വസിക്കുന്നില്ല. അതേസമയം ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ് കത്തോലിക്കരുടെ 50 ശതമാനത്തിലേറെ അത്ഭുതങ്ങളിലും വിശ്വസിക്കുന്നില്ല.
വിശ്വാസ നിരസനത്തിന്റെ ദ്രുത വ്യാപനം തടയാൻ പുരോഹിതവാഴ്ചയ്ക്കു ശക്തിയില്ലെന്നു തോന്നുന്നു. ജനന നിയന്ത്രണത്തിനെതിരെയുള്ള പാപ്പായുടെ പ്രചരണപരിപാടിയിലാണ് ഇത് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. ഗർഭനിരോധനോപാധികൾ വിൽക്കരുതെന്ന് 1990-ൽ ജോൺ പോൾ II-ാമൻ പാപ്പാ മരുന്നുകടക്കാരെ ഉദ്ബോധിപ്പിച്ചു. ഈ ഉത്പന്നങ്ങൾ “ഒരു വ്യക്തിയുടെ അന്തസ്സിനെ ഹനിച്ചുകൊണ്ട് പ്രകൃതി നിയമങ്ങളെ ഉല്ലംഘിക്കുന്നു”വെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതുപോലെതന്നെ, “പുരുഷന്റെയും സ്ത്രീയുടെയും ദാമ്പത്യ സ്നേഹം വിശ്വസ്തതയുടെയും സന്താനോത്പാദനത്തിന്റെയും ദ്വിമുഖ കടപ്പാടിൻ കീഴിൽ വരുന്നെ”ന്ന് കാറ്റെക്കിസം ഓഫ് ദ കാത്തലിക്ക് ചർച്ച് ശക്തമായി പ്രഖ്യാപിക്കുന്നു.
കർശനമായ ഈ ആജ്ഞകൾ ഉണ്ടായിരുന്നിട്ടും ശരാശരി കത്തോലിക്കാ ദമ്പതിമാർ ഉല്ലാസത്തോടെ അവർക്കു തോന്നിയ രീതിയിൽ പോകുന്നു. ദക്ഷിണ യൂറോപ്പിലെ കത്തോലിക്കാ രാജ്യങ്ങളിൽ രണ്ടു കുട്ടികളിലധികമുള്ള കുടുംബങ്ങൾ ഇപ്പോൾ അപൂർവമാണ്. സ്പെയിനിൽ രണ്ടു ദശകങ്ങൾക്കുമുമ്പു മിക്കവാറും ഒരു കരിഞ്ചന്ത ഉത്പന്നമായിരുന്ന ഗർഭനിരോധന ഉറകളെക്കുറിച്ചുള്ള പരസ്യങ്ങൾ ഇപ്പോൾ ടെലിവിഷനിൽ പതിവായി വരുന്നു. കൂടാതെ, തങ്ങൾ ജനന നിയന്ത്രണം സംബന്ധിച്ച കത്തോലിക്കാ സഭയുടെ ഔദ്യോഗിക തീർപ്പ് അനുസരിക്കുന്നുണ്ടെന്ന് ഫ്രഞ്ച് കത്തോലിക്കാ സ്ത്രീകളുടെ 3 ശതമാനം മാത്രമേ പറയുന്നുള്ളൂ.
യൂറോപ്യൻമാർ സഭകൾക്കും അവയുടെ പഠിപ്പിക്കലുകൾക്കും നേരെ പുറംതിരിയുന്നുവെന്നതു വ്യക്തമാണ്. കാന്റെർബറിയിലെ ആംഗ്ലിക്കൻ ആർച്ചുബിഷപ്പായ ജോർജ് കാരീ തന്റെ സഭയിലെ സ്ഥിതിവിശേഷം വർണനാത്മകമായി ഇപ്രകാരം വിവരിക്കുന്നു: “നാം രക്തം വാർന്നു മരിക്കുകയാണ്. നമുക്കു നേരിടേണ്ടിയിരിക്കുന്ന ഏറ്റവും അടിയന്തിരമായ പ്രശ്നമാണത്,” അദ്ദേഹം പറഞ്ഞു.
മതനവീകരണകാലത്തെ കോളിളക്കങ്ങൾക്കു ശേഷം ഒരിക്കലും യൂറോപ്പിലെ മതസൗധം ഇത്രമാത്രം ഉലഞ്ഞു കണ്ടിട്ടില്ല. അനേകം യൂറോപ്യൻമാർ മതത്തോടു വിപ്രതിപത്തിയുള്ളവരായിത്തീർന്നിരിക്കുന്നത് എന്തുകൊണ്ടാണ്? മതത്തിന്റെ ഭാവിയെന്ത്?