മിന്നലിൽനിന്നും നിങ്ങളെത്തന്നെ സംരക്ഷിക്കുക!
സ്വീഡനിലെ ഉണരുക! ലേഖകൻ
ഒരു ശരാശരി മിന്നൽപ്പിണർ പതിനായിരക്കണക്കിന് ആമ്പിയർ വൈദ്യുതധാരയോടൊപ്പം വൈദ്യുതിയുടെ കോടിക്കണക്കിനു വോൾട്ടുകൾ വഹിച്ചേക്കാം. സാധാരണയായി ഒരു ഭവനത്തിലെ വൈദ്യുതപഥം താരതമ്യേന 15 ആമ്പിയറായിരിക്കും.a മിന്നലേൽക്കുന്നതിന്റെ അപകടസാധ്യതയെ ലഘൂകരിക്കുന്നതിനായി നിങ്ങൾക്കെന്തു ചെയ്യാൻ സാധിക്കും? ചുവടെചേർക്കുന്ന ചില നിർദേശങ്ങൾ ശ്രദ്ധിക്കുക.
• കഴിയുന്നതും വീട്ടിനകത്തേക്കു പോവുക. ഒരു കാറിനു പോലും നല്ല സംരക്ഷണം നൽകാൻ കഴിയും. ഉയരംകൂടിയ ഒരു കെട്ടിടത്തിനുള്ളിലായിരിക്കുന്നതിനെ സംബന്ധിച്ചെന്ത്? മിന്നൽദണ്ഡുകൾ ഘടിപ്പിച്ച ഉയരംകൂടിയൊരു കെട്ടിടത്തിന് ഒരു നല്ല സംരക്ഷണസ്ഥാനമായിരിക്കാൻ കഴിയും. ഉദാഹരണത്തിന്, ന്യൂയോർക്കു നഗരത്തിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് വർഷം തോറും ഏതാണ്ട് 25 പ്രാവശ്യം മിന്നലാഘാതത്തെ അതിജീവിക്കുന്നു. എന്തായാലും, ഭൂസ്പർശമില്ലാത്ത ലോഹനിർമിതമായ മേൽക്കൂരകളോടുകൂടിയ ഘടനകളും ആൻറിനകൾക്കും ലോഹനിർമിതമായ വേലികൾക്കും അരികെയുള്ള സ്ഥലങ്ങളും ഒഴിവാക്കുന്നത് ഏറ്റവും നന്നായിരിക്കും.
• തടാകങ്ങൾ, ഗോൾഫ് കളിക്കുന്ന സ്ഥലങ്ങൾ, വയലുകൾ തുടങ്ങിയ തുറസ്സായ സ്ഥലങ്ങൾ വിട്ടുപോവുക. ഒറ്റയായ ഉയരംകൂടിയ മരങ്ങൾക്കും ഒരുപോലെ അപകടകാരികളായിരിക്കാൻ കഴിയും. ഏറെ മരങ്ങൾ ഉള്ളൊരു സ്ഥലത്താണ് നിങ്ങളെങ്കിൽ ഏറ്റവും ഉയരംകുറഞ്ഞ മരത്തിനരികെ അഭയം പ്രാപിക്കുക. കൊടുങ്കാറ്റ് ആഞ്ഞടിക്കാറായിരിക്കുന്നു, തുറസ്സായ സ്ഥലത്തുനിന്നും നിങ്ങൾക്കു മാറാനും സാധിക്കുന്നില്ല എന്നുവരികിൽ നിലത്തു കുത്തിയിരുന്നു മുട്ടുകൾ കൂട്ടിപ്പിടിക്കുക. ആഘാതമേൽക്കുകയാണെങ്കിൽതന്നെ എത്രയും കുറഞ്ഞ തലത്തിൽ മാത്രമേ ഏൽക്കാവൂ എന്നതുകൊണ്ട് നിലത്തു മലർന്നു കിടക്കരുത്.
• വീട്ടിനകത്താണെങ്കിൽപ്പോലും നിങ്ങൾക്കു മുൻകരുതലുകളെടുക്കാൻ സാധിക്കും. പിൻവരുന്നവ ചുരുക്കം ചില നിർദേശങ്ങളാണ്: നെരിപ്പോടുകൾ, ലോഹംകൊണ്ടുള്ള പൈപ്പുകൾ തുടങ്ങിയ വൈദ്യുതവാഹികളുമായുള്ള സമ്പർക്കം ഒഴിവാക്കാൻ ശ്രമിക്കുക. ഷവറിൽനിന്നോ കുളിത്തൊട്ടിയിൽനിന്നോ അകന്നുനിൽക്കുക. കൂടാതെ, ഫോണും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. വീടിന് ആഘാതമേറ്റാൽ കേടുസംഭവിക്കാമെന്നതുകൊണ്ടു കമ്പ്യൂട്ടറുകളുടെയും ടെലിവിഷനുകളുടെയും മറ്റു വൈദ്യുതോപകരണങ്ങളുടെയും വൈദ്യുതബന്ധം വേർപെടുത്തുക.
• ആർക്കെങ്കിലും മിന്നലേറ്റാൽ ഉടൻതന്നെ കൃത്രിമ ശ്വാസോച്ഛ്വാസം (കാർഡിയോപൾമനറി റിസസിറ്റേഷൻ- സിപിആർ) നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. മിന്നലിനിരയായി മരിച്ചതുപോലെ കാണപ്പെട്ടവരെപ്പോലും സിപിആർ ഉപയോഗിച്ചു പുനരുജ്ജീവിപ്പിച്ചിട്ടുണ്ടെന്നു സ്വീഡനിലുള്ള ഉപ്സാല സർവ്വകലാശാലയിലെ ഹൈ വോൾട്ടേജ് ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന പ്രൊഫസർ വിക്ടർ ഷൂക്ക പറയുന്നു. “എന്നാൽ തലച്ചോറിന്റെ കേടുപാടുകൾ ഒഴിവാക്കാനായി ചികിത്സ ഉടൻതന്നെ നടത്തണ”മെന്ന് അദ്ദേഹം പറയുന്നു.
നിങ്ങൾ ഒരു ഇടിമിന്നലുള്ള കൊടുങ്കാറ്റിലകപ്പെട്ടാൽ ഇപ്പോൾ പറഞ്ഞ മുൻകരുതലുകൾ പാലിക്കുക. അങ്ങനെയാണെങ്കിൽ നിങ്ങൾ ഈ ഭയജനകമായ ദൃശ്യത്തിന്റെ വിപത്തിൽ പെടാനുള്ള സാധ്യത കുറവാണ്.
[അടിക്കുറിപ്പ്]
a വൈദ്യുതധാരയുടെ ഏകകമാണ് ആമ്പിയർ. അതായത്, ഉപയോഗിക്കപ്പെടുന്ന വൈദ്യുതപ്രവാഹത്തിന്റെ നിരക്ക്. വോൾട്ടുകൾ വിദ്യുത്ചാലകബലത്തെ സൂചിപ്പിക്കുന്നു. 1985 ഫെബ്രുവരി 22 ഉണരുക!-യുടെ [ഇംഗ്ലീഷ്] 26-27 പേജുകൾ കാണുക.