എന്താണു പരിഹാരം?
“മനുഷ്യവർഗത്തിന്റെ ക്ഷേമവും ഒരുപക്ഷേ ഒരു വർഗമെന്ന നിലയിലുള്ള നമ്മുടെ അതിജീവനംപോലും ആവിർഭവിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളെ കണ്ടുപിടിക്കാനുള്ള നമ്മുടെ പ്രാപ്തിയെ ആശ്രയിച്ചിരിക്കുന്നുവെന്ന വിശ്വാസം വർധിച്ചുവരുകയാണ്. . . . എച്ച്ഐവി വായുവിലൂടെ പകരുന്ന ഒരു രോഗകാരിയായിരുന്നെങ്കിൽ നമ്മുടെ ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നു? സമാനമായ ഒരു രോഗബാധ ഭാവിയിൽ അപ്രകാരം വ്യാപിക്കുകയില്ലെന്നുള്ളതിന് എന്തുറപ്പാണ് ഉള്ളത്?”—വസൂരിയെ നിർമാർജനം ചെയ്യുന്നതിൽ ഒരു മുഖ്യ പങ്കു വഹിച്ച ഡി. എ. ഹെൻഡെഴ്സൻ, 1993-ൽ സ്വിറ്റ്സർലണ്ടിലെ ജനീവയിലുള്ള ശാസ്ത്രജ്ഞൻമാരുടെ ഒരു സംഘത്തോടു പറഞ്ഞു.
ആവിർഭവിക്കുന്ന രോഗങ്ങളെ കണ്ടുപിടിച്ചേക്കാവുന്നതെങ്ങനെയാണ്? ഉഷ്ണമേഖലയിലെ പകർച്ചവ്യാധികളെ സംബന്ധിച്ചുള്ള ഒരു മുന്നറിയിപ്പിൻ സംവിധാനം ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ലിയുഎച്ച്ഒ) വിവരങ്ങൾ റിപ്പോർട്ടു ചെയ്യുന്ന 35 ലബോറട്ടറികളുടെ ഒരു ആഗോള ശൃംഖലയാണ്. എങ്കിലും, ജപ്പാനിലെ മസ്തിഷ്ക വീക്കം, ഹാന്റവൈറസുകൾ മൂലമുള്ള രോഗം, റിഫ്റ്റ് വാലി പനി എന്നീ മാരകരോഗങ്ങളെ തിരിച്ചറിയാൻ ഈ ലബോറട്ടറികളുടെ പകുതിയിൽ താഴെ എണ്ണം മാത്രമേ സജ്ജീകൃതമായിട്ടുള്ളൂവെന്ന് ഇവയുടെ ഒരു സർവേ പ്രകടമാക്കി. ഛർദി, കരൾ ക്ഷതം, ആന്തരിക രക്തവാർച്ച എന്നിവയ്ക്കിടയാക്കുന്ന, കൊതുകുവഴി പകരുന്ന ഒരു വൈറസായ പിത്തപ്പകർച്ചപ്പനി വൈറസിനെ കണ്ടെത്താൻ കഴിഞ്ഞത് 56 ശതമാനത്തിനു മാത്രമാണ്. ഡോക്ടർമാർ കാരണം കണ്ടെത്തുന്നതിനുമുമ്പുതന്നെ പിത്തപ്പകർച്ചപ്പനിമൂലം കുറഞ്ഞത് 28 പേരെങ്കിലും 1992-ൽ കെനിയയിൽ മരണമടയുകയുണ്ടായി. മലമ്പനിയുമായിട്ടാണു തങ്ങൾ മല്ലിടുന്നതെന്നാണ് ആറു മാസത്തോളം അവർ വിചാരിച്ചത്.
പര്യവേക്ഷണ പരിപാടികളുടെ മറ്റൊരു ദൗർബല്യം, മന്ദഗതിയിൽ പ്രവർത്തിക്കുന്ന വൈറസ് രോഗങ്ങളുടെ ആവിർഭാവം തിരിച്ചറിയാൻ അവയ്ക്കു കഴിയുന്നില്ലെന്നുള്ളതാണ്. ഉദാഹരണത്തിന്, എച്ച്ഐവി-ക്ക് ഒരാളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കാനും മറ്റുള്ളവരിലേക്കു വ്യാപിക്കാനും ഏതാണ്ടു പത്തുവർഷം കഴിഞ്ഞിട്ടുപോലും എയ്ഡ്സിന്റെ രൂപത്തിൽ പ്രത്യക്ഷമാകാനും കഴിയും. ഇന്നത്തെ എയ്ഡ്സ് പകർച്ചവ്യാധി മൂന്നു ഭൂഖണ്ഡങ്ങളിൽ ഏതാണ്ട് ഒരേ സമയത്ത് ആവിർഭവിച്ചിട്ട് 20 വ്യത്യസ്ത രാഷ്ട്രങ്ങളെ പൊടുന്നനെ ആക്രമിക്കുകയാണുണ്ടായത്. അതിനെക്കുറിച്ചു നേരത്തെ മുന്നറിയിപ്പൊന്നും ലഭിച്ചില്ല എന്നതു വ്യക്തം!
പ്രശ്നങ്ങളുടെ നടുവിലും, വരും വർഷങ്ങളിൽ തീർച്ചയായും നടക്കാൻപോകുന്ന മുഖ്യ കണ്ടുപിടിത്തങ്ങളെയും മുന്നേറ്റങ്ങളെയും കുറിച്ചു ശുഭാപ്തിവിശ്വാസത്തോടെ സംസാരിച്ചുകൊണ്ടു പല ശാസ്ത്രജ്ഞൻമാരും ഭാവിയിലേക്ക് ഇനിയും ഉറപ്പോടെ നോക്കുന്നു. ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “യഥാർഥ മുന്നേറ്റങ്ങൾക്കുള്ള ഏറ്റവും മികച്ച പ്രത്യാശ ജീവകോശങ്ങളിലെ പാരമ്പര്യ പദാർഥത്തിന്റെ കൈകാര്യം ചെയ്യലായ ജൈവസാങ്കേതികവിദ്യയാണെന്ന് (biotechnology) പല ശാസ്ത്രജ്ഞൻമാരും പറയുന്നു. ജൈവസാങ്കേതിക സ്ഥാപനങ്ങളിലുള്ള ശാസ്ത്രജ്ഞൻമാർ അണുജീവികളെ കൊല്ലുന്ന പദാർഥങ്ങൾ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ ഉണ്ടാക്കാമെന്നു പ്രത്യാശിക്കുന്നു. ജനിതക എഞ്ചിനിയറിങ് മുഖാന്തരം വികസിപ്പിച്ചെടുക്കുന്ന ആൻറിബയോട്ടിക്കുകളുടെ പുതിയ തലമുറയാണ് അവ.”
എന്നിരുന്നാലും, ഇതിനൊരു ഇരുണ്ട വശമുണ്ട്. ആളുകൾക്കു ജീനുകൾ കൈമാറത്തക്കവിധം നിരുപദ്രവകരമായ ഒരു വൈറസിലേക്കു ജീനുകൾ കടത്തിവിടുന്നതു ജനിതക എഞ്ചിനിയറിങ് സാധ്യമാക്കിത്തീർത്തിരിക്കുന്നു. ഈ സാങ്കേതികവിദ്യ പ്രയോജനകരമായവിധത്തിൽ ഉപയോഗിക്കാൻ കഴിയും, ഒരുപക്ഷേ ജനിതക എഞ്ചിനിയറിങ് മുഖാന്തരം വികസിപ്പിച്ചെടുക്കുന്ന ആൻറിബയോട്ടിക്കുകൾ എന്നു പറയപ്പെടുന്നതിന്റെ ഉത്പാദനം വാസ്തവത്തിൽ സാധ്യമാക്കിക്കൊണ്ടുതന്നെ. എന്നാൽ ഈ സാങ്കേതികവിദ്യ ദുരുദ്ദേശ്യപരമായും ഉപയോഗിക്കാവുന്നതാണ്.
ഉദാഹരണത്തിന്, ഇബോലയിൽനിന്നുള്ള ജീനുകളെ സാധ്യതയനുസരിച്ച്, ഇൻഫ്ളുവൻസയുടേതോ അഞ്ചാംപനിയുടേതോ പോലുള്ള വൈറസിലേക്കു യാദൃച്ഛികമായോ ആസൂത്രണം ചെയ്തോ കടത്തിവിടാൻ കഴിയും. പിന്നെ ആ മാരക വൈറസ് ഒരു ചുമയോ തുമ്മലോ വഴി വ്യാപിച്ചേക്കാം. “ഏതാനും ആയിരം ഡോളറുകൾ വിലവരുന്ന ഉപകരണവും കോളെജിൽവെച്ചു സ്വന്തമാക്കിയ ജീവശാസ്ത്ര വിദ്യാഭ്യാസവും ഉപയോഗിച്ച് ഏതെങ്കിലുമൊരു കിറുക്കൻ രോഗാണുക്കളെ ഉണ്ടാക്കുകയും അവയുമായി തട്ടിച്ചുനോക്കുമ്പോൾ ഇബോല മിക്കവാറും നിരുപദ്രവകരമായി കാണപ്പെടുകയും ചെയ്യുന്ന” കാലം പെട്ടെന്നു വന്നേക്കുമെന്ന് മാചൂപോ, ഇബോല എന്നീ വൈറസുകളെക്കുറിച്ച് ആയുഷ്കാലം മുഴുവൻ അന്വേഷണം നടത്തിയ ഡോ. കാൾ ജോൺസൺ പറഞ്ഞു. മറ്റു ജീവശാസ്ത്രജ്ഞൻമാർ അദ്ദേഹത്തിന്റെ ഉത്കണ്ഠ പങ്കിടുന്നു.
പരിഹാരം
സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതു കേവലം പുതിയ മരുന്നുകൾ വികസിപ്പിച്ചെടുക്കുന്ന ഒരു സംഗതിയല്ല. ദാരിദ്ര്യം, യുദ്ധം, അഭയാർഥികൾ, മയക്കുമരുന്നുകളുടെ ദുരുപയോഗം, നഗരങ്ങളിലെ തിങ്ങിപ്പാർക്കൽ, അനാരോഗ്യകരമായ ജീവിത ശൈലികൾ, മലിനീകരണം, പരിസ്ഥിതി വിനാശം എന്നിങ്ങനെ രോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നത് അതിൽ ഉൾപ്പെടുന്നു. തുറന്നു പറയൂ. ഈ സങ്കീർണ പ്രശ്നങ്ങളെ മനുഷ്യർ പരിഹരിക്കാൻ സാധ്യതയുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നുവോ?
ദൈവവചനം ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.” അങ്ങനെയെങ്കിൽ നാം ആരെയാണ് ആശ്രയിക്കേണ്ടത്? തിരുവെഴുത്ത് ഇപ്രകാരം തുടരുന്നു: “യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. അവൻ ആകാശവും ഭൂമിയും . . . ഉണ്ടാക്കി.” മനുഷ്യവർഗം നേരിടുന്ന വിഷമസന്ധികളെ പരിഹരിക്കാൻ മനുഷ്യവർഗത്തിന്റെ സ്രഷ്ടാവായ യഹോവയ്ക്കു മാത്രമേ കഴിയൂ.—സങ്കീർത്തനം 146:3-6.
‘ലോകാവസാനത്തിന്റെ അടയാള’ത്തെക്കുറിച്ചുള്ള യേശുവിന്റെ വലിയ പ്രവചനം രേഖപ്പെടുത്തവേ, നമ്മുടെ തലമുറയെ ക്ലേശിപ്പിക്കുന്ന വൈദ്യസംബന്ധമായ അരിഷ്ടതകളെക്കുറിച്ച് യഹോവയുടെ നിശ്വസ്ത വചനമായ ബൈബിൾ മുൻകൂട്ടിപ്പറയുകയുണ്ടായി. യേശു ഇപ്രകാരം പറഞ്ഞു: ‘മഹാവ്യാധികൾ അവിടവിടെ ഉണ്ടാകും.’—മത്തായി 24:3-8; ലൂക്കൊസ് 21:10, 11.
എന്നാൽ, “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയി”ല്ലാത്ത ദൈവരാജ്യ ഭരണത്തിൻ കീഴിലുള്ള ഭൂമിയിലെ ഭാവി സമയത്തേക്കും ബൈബിൾ വിരൽചൂണ്ടുന്നു. (യെശയ്യാവു 33:24; മത്തായി 6:9, 10) അങ്ങനെ, മനുഷ്യരെ പീഡിപ്പിക്കുന്ന മാരക രോഗങ്ങളിൽനിന്നു മാത്രമല്ല, പിന്നെയോ രോഗത്തിനിടയാക്കുന്ന പ്രശ്നങ്ങളിൽനിന്നുമുള്ള ഒരു സ്ഥിരമായ വിടുതൽ അനുസരണമുള്ള മനുഷ്യവർഗം പെട്ടെന്നുതന്നെ സ്വീകരിക്കുമെന്നു വിശ്വസിക്കുന്നതിന് യഹോവയിൽ ആശ്രയിക്കുന്നവർക്കു ശക്തമായ കാരണമുണ്ട്. മാരക രോഗാണുക്കൾക്കെതിരെയുള്ള ദുഷ്കരമായ പോരാട്ടത്തിൽ വൈദ്യ സമുദായം നടത്തുന്ന ശ്രമങ്ങളെ സത്യക്രിസ്ത്യാനികൾ വിലമതിക്കുന്നു. എങ്കിലും, രോഗത്തിനും മരണത്തിനുമുള്ള നിലനിൽക്കുന്ന പരിഹാരം, “നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്ന” ദൈവത്തിന്റെ പക്കലാണെന്ന് അവർക്കറിയാം.—സങ്കീർത്തനം 103:1-3; വെളിപ്പാടു 21:1-5; 22:1, 2.
[10-ാം പേജിലെ ചിത്രം]
“എനിക്കു ദീനം” എന്ന് ആരും പറയുകയില്ലാത്ത ഒരു സമയത്തെക്കുറിച്ചു ബൈബിൾ വാഗ്ദാനം ചെയ്യുന്നു