രോഗാണുക്കളുടെ പകവീട്ടൽ
ഇരുപതാം നൂറ്റാണ്ട് വൈദ്യശാസ്ത്രത്തിൽ അത്ഭുതകരമായ മുന്നേറ്റങ്ങൾ കണ്ടിരിക്കുന്നു. വാസ്തവത്തിൽ, മാരക രോഗാണുക്കളാലുള്ള കഠോരദണ്ഡനത്തിനെതിരെ ആയിരക്കണക്കിനു വർഷങ്ങളോളം മനുഷ്യർ നിസ്സഹായരായിരുന്നു. എന്നാൽ 1930-കളുടെ മധ്യത്തിൽ, ശാസ്ത്രജ്ഞൻമാർ സൾഫനിലാമൈഡ് കണ്ടുപിടിച്ചതോടെ സംഗതികൾക്കു മാറ്റം സംഭവിച്ചു തുടങ്ങി. രോഗിക്കു കാര്യമായ ഉപദ്രവം ഏൽപ്പിക്കാതെ ബാക്ടീരിയയെ തോൽപ്പിക്കാൻ കഴിഞ്ഞ ആദ്യത്തെ വസ്തുവായിരുന്നു അത്.a
പിൻവന്ന വർഷങ്ങളിൽ, സാംക്രമിക രോഗങ്ങളോടു മല്ലിടുന്നതിന് ശാസ്ത്രജ്ഞൻമാർ ശക്തിയേറിയ പുതിയ മരുന്നുകൾ ഉത്പാദിപ്പിച്ചെടുത്തു—മലമ്പനിയെ ആക്രമിക്കുന്നതിനുള്ള ക്ലോറോക്വിനും ശ്വാസകോശ വീക്കം (pneumonia), സാംക്രമികവിഷജ്വരം (scarlet fever), ക്ഷയം എന്നിവയെ കീഴ്പെടുത്തുന്നതിനുള്ള ആൻറിബയോട്ടിക്കുകളും ഉദാഹരണങ്ങളാണ്. 1965 ആയപ്പോഴേക്കും 25,000-ത്തിലധികം വ്യത്യസ്ത ആൻറിബയോട്ടിക് ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കപ്പെട്ടു. ബാക്ടീരിയാ സംബന്ധമായ രോഗങ്ങൾ മേലാൽ വളരെ ഉത്കണ്ഠാജനകമോ ഗവേഷണ താത്പര്യമുള്ളതോ അല്ലെന്ന് പല ശാസ്ത്രജ്ഞൻമാരും നിഗമനം ചെയ്തു. അപ്പോൾപ്പിന്നെ, പെട്ടെന്നുതന്നെ നീക്കപ്പെടാനിരുന്ന ആ രോഗങ്ങളെക്കുറിച്ച് എന്തിനു പഠിക്കണം?
ലോകത്തിലെ വികസിത രാജ്യങ്ങളിൽ, പുതിയ വാക്സിനുകൾ അഞ്ചാംപനിയുടെയും മുണ്ടിനീരിന്റെയും ജർമൻ മീസൽസിന്റെയും നിരക്ക് നാടകീയമായി കുറയ്ക്കുകയുണ്ടായി. 1955-ൽ തുടങ്ങിയ, വലിയ തോതിലുള്ള പിള്ളവാത (polio) വാക്സിനേഷൻ പ്രചാരണപരിപാടി വളരെയധികം വിജയപ്രദമായിരുന്നു. തന്മൂലം, പശ്ചിമ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും പിള്ളവാത കേസുകളുടെ എണ്ണം 1955-ൽ 76,000 ആയിരുന്നതിൽനിന്ന് 1967-ൽ 1,000-ത്തിൽ താഴെയായി കുത്തനെ കുറയുകയുണ്ടായി. ഒരു പ്രമുഖ കൊലയാളി രോഗമായിരുന്ന വസൂരി ലോകവ്യാപകമായി തുടച്ചുനീക്കപ്പെട്ടു.
ഈ നൂറ്റാണ്ട് ഇലക്ട്രോൺ മൈക്രോസ്കോപ്പിന്റെ കണ്ടുപിടിത്തത്തിനും സാക്ഷിയായി. ഒരു മനുഷ്യന്റെ കൈവിരലിലെ നഖത്തെക്കാളും പത്തു ലക്ഷം മടങ്ങു ചെറിയ വൈറസുകളെ കാണാൻ ശാസ്ത്രജ്ഞൻമാരെ പ്രാപ്തമാക്കുന്ന വളരെ ശക്തിയേറിയ ഒരു ഉപകരണമാണ് അത്. അത്തരം സൂക്ഷ്മദർശിനികളും അതോടൊപ്പം മറ്റു സാങ്കേതിക മുന്നേറ്റങ്ങളും മുമ്പൊരിക്കലും കഴിഞ്ഞിട്ടില്ലാത്ത വിധത്തിൽ സാംക്രമിക രോഗങ്ങളെ മനസ്സിലാക്കുന്നതും അവയോടു മല്ലിടുന്നതും സാധ്യമാക്കിയിരിക്കുന്നു.
വിജയം ഉറപ്പായിരിക്കുന്നതായി തോന്നി
ഈ കണ്ടുപിടിത്തങ്ങളുടെയെല്ലാം ഫലമായി വൈദ്യ സമൂഹത്തിനു പൂർണ ഉറപ്പായിരുന്നു. സാംക്രമിക രോഗങ്ങളുടെ രോഗാണുക്കൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആയുധങ്ങളുടെ മുന്നിൽ തോറ്റു തുന്നംപാടി. രോഗാണുക്കളുടെ മേലുള്ള ശാസ്ത്രത്തിന്റെ വിജയം തീർച്ചയായും, ശീഘ്രവും സുനിശ്ചിതവും പൂർണവും ആയിരിക്കുമായിരുന്നു! ഒരു പ്രത്യേക രോഗത്തിനുള്ള പ്രതിവിധി അതിനോടകം ലഭ്യമായിട്ടില്ലെങ്കിൽ അത് ഉടൻതന്നെ ലഭ്യമാകുമായിരുന്നു.
1948 ആയപ്പോൾത്തന്നെ യു.എസ്. സംസ്ഥാന സെക്രട്ടറിയായ സി. മാർഷൽ, സകല സാംക്രമിക രോഗങ്ങളുടെയും കീഴടക്കൽ ആസന്നമാണെന്നു വീമ്പിളക്കി. പെട്ടെന്നുതന്നെ ഏഷ്യൻ മലമ്പനി “മേലാൽ വലിയ പ്രാധാന്യമില്ലാത്ത” ഒരു രോഗമായിത്തീരുമെന്ന് മൂന്നു വർഷം കഴിഞ്ഞപ്പോൾ ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) ഉറപ്പിച്ചു പറഞ്ഞു. സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള പുസ്തകം അടച്ചുവെക്കേണ്ട സമയമായിരിക്കുന്നെന്ന് യു.എസ്. സർജൻ ജനറലായ വില്ല്യം എച്ച്. സ്റ്റിവർട്ട് ആരോഗ്യ ഉദ്യോഗസ്ഥരോടു പറയത്തക്കവണ്ണം, മാരകവ്യാധികളുടെയും മഹാമാരികളുടെയും യുഗം പൊയ്പോയി എന്ന വിശ്വാസം, 1960-കളുടെ മധ്യമായപ്പോഴേക്കും അത്രകണ്ടു വ്യാപകമായിരുന്നു.
പഴയ രോഗങ്ങൾ മടങ്ങിയെത്തുന്നു
എന്നാൽ, സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള പുസ്തകം ഒരു പ്രകാരത്തിലും അടച്ചുവെക്കാൻ സമയമായിട്ടില്ലായിരുന്നു. ശാസ്ത്രം മരുന്നുകളും വാക്സിനുകളും കണ്ടുപിടിച്ചതുകൊണ്ടു മാത്രം രോഗാണുക്കൾ ഈ ഗ്രഹത്തിൽനിന്നും തിരോധാനം ചെയ്തില്ല. തോൽപ്പിക്കപ്പെടുന്നതിൽനിന്നു വ്യത്യസ്തമായി, പ്രസിദ്ധരായ കൊലയാളി രോഗാണുക്കൾ പ്രതികാരബുദ്ധിയോടെ മടങ്ങിയെത്തി! അവയെ കൂടാതെ, മുമ്പു ഡോക്ടർമാർക്ക് അജ്ഞാതമായിരുന്ന മറ്റു മാരക രോഗാണുക്കളും തലപൊക്കി. അങ്ങനെ, ലോകവ്യാപകമായി കോടിക്കണക്കിനാളുകളെ ഭീഷണിപ്പെടുത്തിക്കൊണ്ടും ക്ലേശിപ്പിച്ചുകൊണ്ടും കൊന്നൊടുക്കിക്കൊണ്ടും പുതിയതും പഴയതുമായ രോഗാണുക്കൾ അഴിഞ്ഞാടി.
ഒരിക്കൽ നിയന്ത്രണവിധേയമെന്നു കരുതിയിരുന്ന കൊലയാളി രോഗങ്ങൾ, എന്നത്തേതിലുമധികം മാരകശക്തിയോടെ, മരുന്നുകൊണ്ടു ചികിത്സിക്കാൻ ഏറെ ബുദ്ധിമുട്ടുള്ളവയായി വീണ്ടും തലപൊക്കി. ഇതിനൊരു ഉദാഹരണമാണു ക്ഷയരോഗം (റ്റിബി). ഡബ്ലിയുഎച്ച്ഒ അടുത്തകാലത്ത് ഇപ്രകാരം പ്രസ്താവിച്ചു: “റ്റിബി കേസുകളും മരണങ്ങളും കുത്തനെ കുറയ്ക്കുന്നതിനുവേണ്ടി 1944 മുതൽ, ജപ്പാനിലും വടക്കേ അമേരിക്കയിലും യൂറോപ്പിലും റ്റിബി ഔഷധങ്ങൾ വ്യാപകമായ തോതിൽ ഉപയോഗിച്ചിരിക്കുന്നു. എന്നാൽ അത്രകണ്ടു വികസിതമല്ലാത്ത രാജ്യങ്ങളിലെ റ്റിബി നിയന്ത്രണ ശ്രമങ്ങൾ അവഗണിക്കപ്പെട്ടിരിക്കുന്നു. . . . കൂടുതൽ അപകടകരവും പലതരം ഔഷധങ്ങളെ ചെറുത്തുനിൽക്കുന്ന രൂപങ്ങളിലും ഈ രോഗം ധനിക രാജ്യങ്ങളിലേക്കു മടങ്ങിയെത്തുന്നതിന് ഇത് ഇടയാക്കുന്നു.” സാധാരണമായി ശ്വാസകോശങ്ങളിൽ കുടികൊള്ളുന്ന, വായുവിലൂടെ പകരുന്ന ബാക്ടീരിയയാലുണ്ടാകുന്ന റ്റിബി ഇന്ന് ഓരോവർഷവും ഏതാണ്ട് 30 ലക്ഷം പേരെ, അതായത് ഓരോ ദിവസവും 7,000-ത്തിലധികം പേരെ കൊന്നൊടുക്കുന്നു. 2005-ാം ആണ്ടാകുമ്പോഴേക്കും പ്രതിവർഷ മരണനിരക്ക് 40 ലക്ഷമായി കുതിച്ചുയർന്നേക്കാം.
മറ്റു മുൻ കൊലയാളികളും വർധിച്ചുവരുകയാണ്. കോളറ ഇപ്പോൾ ആഫ്രിക്കയുടെയും ഏഷ്യയുടെയും ലാറ്റിൻ അമേരിക്കയുടെയും പല ഭാഗങ്ങളിൽ വ്യാപകമാണ്. അത് ക്ലേശിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വർധിച്ചുവരുകയാണ്. തീർത്തും പുതുതായ ഒരു ഇനം ഏഷ്യയിൽ ആവിർഭവിച്ചിട്ടുണ്ട്.
എയിഡെസ് എയ്ജിപ്റ്റി എന്ന കൊതുകു പരത്തുന്ന സന്ധികസന്നിപാതവും (dengue) വളരെ വേഗം വ്യാപിക്കുന്നു; അതിപ്പോൾ ലോകവ്യാപകമായി 100-ലധികം രാജ്യങ്ങളിൽ 250 കോടി ആളുകളെ ഭീഷണിപ്പെടുത്തുന്നു. 1950-കൾമുതൽ ഈ രോഗത്തിന്റെ, രക്തസ്രാവത്തോടുകൂടിയ മാരകമായ ഒരു പുതിയ രൂപം ആവിർഭവിക്കുകയും ഉഷ്ണമേഖലകളിലുടനീളം വ്യാപിക്കുകയും ചെയ്തിരിക്കുന്നു. അത് ഓരോ വർഷവും ഏകദേശം 20,000 പേരെ കൊന്നൊടുക്കുന്നതായി കണക്കാക്കപ്പെടുന്നു. മിക്ക വൈറസ് രോഗങ്ങളെയും പോലെതന്നെ, ഈ രോഗത്തിനെതിരെ സംരക്ഷണം നൽകുന്ന വാക്സിനോ അതിനെ ഭേദമാക്കുന്ന മരുന്നോ ഇല്ല.
തുടച്ചുനീക്കാമെന്നു ശാസ്ത്രം ഒരിക്കൽ പ്രത്യാശിച്ചിരുന്ന മലമ്പനി ഇപ്പോൾ ഓരോ വർഷവും ഏതാണ്ട് 20 ലക്ഷം ആളുകളെ കൊന്നൊടുക്കുന്നു. മലമ്പനിയുടെ പരാദങ്ങളെയും അവയെ വഹിക്കുന്ന കൊതുകുകളെയും കൊല്ലുന്നതു കൂടുതൽ വിഷമകരമായിത്തീർന്നിരിക്കുകയാണ്.
പുതിയ രോഗങ്ങളെ നിർമൂലമാക്കൽ
മനുഷ്യവർഗത്തെ ദുരിതത്തിലാഴ്ത്തുന്നതിനായി അടുത്തകാലത്തു തലപൊക്കിയിട്ടുള്ള പുതിയ രോഗങ്ങളിൽവെച്ച് ഒരുപക്ഷേ ഏറ്റവും നന്നായി അറിയപ്പെടുന്നതു മാരകമായ എയ്ഡ്സായിരിക്കാം. ഭേദമാക്കാനാവാത്ത ഈ രോഗത്തിനു നിദാനമായ വൈറസിനെക്കുറിച്ച് അറിവു ലഭിച്ചിട്ട് ഏതാണ്ട് ഒരു ഡസൻ വർഷങ്ങളേ ആയിട്ടുള്ളൂ. എന്നിട്ടും, 1994-ന്റെ ഒടുവിലായപ്പോൾ ലോകവ്യാപകമായി ഈ വൈറസ് ബാധിച്ചവരുടെ എണ്ണം 130 ലക്ഷത്തിനും 150 ലക്ഷത്തിനും ഇടയ്ക്കായിരുന്നു.
മുമ്പു തിരിച്ചറിയാതിരുന്ന മറ്റു സാംക്രമിക രോഗങ്ങളിൽ ഉൾപ്പെടുന്നതാണ് ഹാന്റവൈറസ് ശ്വാസകോശ സാകല്യം. വയൽ എലികൾ വഴി പകരുന്ന ആ രോഗം തെക്കുപടിഞ്ഞാറൻ ഐക്യനാടുകളിൽ പ്രത്യക്ഷമാകുകയും റിപ്പോർട്ടുചെയ്യപ്പെട്ട പകുതിയിലധികം കേസുകളിലും മാരകമെന്നു തെളിയുകയും ചെയ്തു. തെക്കേ അമേരിക്കയിൽ രണ്ടു തരത്തിലുള്ള രക്തസ്രാവ പനികൾ—രണ്ടും പുതിയതും മാരകവുമാണ്—വികാസം പ്രാപിച്ചിട്ടുണ്ട്. ലാസ, റിഫ്റ്റ് വാലി, ഓറോപൂഷ്, റോസി, ക്യു. ഗ്വാനാറിറ്റോ, വിഇഇ, മങ്കിപോക്സ്, ചികുങ്കുനിയ, മോകോല, ഡൂഫൻഹാച്ച, ലഡാന്റെക്, ക്യാസനുർ ഫോറസ്റ്റ് മസ്തിഷ്ക്ക വൈറസ്, സെംലികി ഫോറസ്റ്റ് ഏജൻറ്, ക്രിമീൻ-കൊങ്കൊ, ഒന്യൊങ്ന്യൊങ്, സിൻഡ്ബിസ്, മാർബർഗ്, ഇബോല എന്നിങ്ങനെ വിചിത്രവും അസാധാരണവുമായ പേരുകളുള്ള വൈറസുകൾ പരത്തുന്ന ഭയാനകമായ മറ്റു രോഗങ്ങളും തലപൊക്കിയിട്ടുണ്ട്.
പുതിയ രോഗങ്ങളുടെ ആവിർഭാവം എന്തുകൊണ്ട്?
ആധുനിക വൈദ്യശാസ്ത്രം സ്വായത്തമാക്കിയിരിക്കുന്ന പരിജ്ഞാനവും നേട്ടങ്ങളും എല്ലാം ഉണ്ടായിരുന്നിട്ടും കൊലയാളി രോഗാണുക്കളെ പരാജയപ്പെടുത്തുന്നത് ഇത്ര പ്രയാസകരമെന്നു തെളിഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? ഇന്നത്തെ സമുദായത്തിന്റെ വർധിച്ച സഞ്ചാരക്ഷമതയാണ് ഒരു കാരണം. ആധുനിക ഗതാഗതത്തിന് ഒരു പ്രദേശത്തെ പകർച്ചവ്യാധിയെ പെട്ടെന്ന് ആഗോളവ്യാപകമാക്കിത്തീർക്കാൻ കഴിയും. രോഗബാധിതനായ ഒരു വ്യക്തിയുടെയുള്ളിൽ സ്വസ്ഥമായി കഴിഞ്ഞുകൂടുന്ന മാരകമായ ഒരു രോഗം മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന്റെ ഒരു ഭാഗത്തുനിന്നു മറ്റേതെങ്കിലും ഭാഗത്തേക്ക് സംക്രമിക്കുന്നതിന് ജെറ്റ് യാത്ര എളുപ്പമാക്കിത്തീർക്കുന്നു.
രോഗാണുവിന്റെ വ്യാപനത്തിന് ഇടയാക്കുന്ന രണ്ടാമത്തെ കാരണം ലോകജനസംഖ്യയുടെ സ്ഫോടനാത്മകമായ വർധനവാണ്—പ്രത്യേകിച്ചു നഗരങ്ങളിൽ. നഗരങ്ങളിൽ തീർച്ചയായും ചപ്പുചവർ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പുതിയ മഴവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങളും ടയറുകളും ഈ ചപ്പുചവറുകളുടെ കൂട്ടത്തിൽ പെടുന്നു. ഉഷ്ണമേഖലകളിൽ ഇത് മലമ്പനി, പിത്തപ്പകർച്ചപ്പനി, സന്ധികസന്നിപാതം തുടങ്ങിയ കൊലയാളി രോഗങ്ങളുടെ വാഹികളായ കൊതുകുകളുടെ പെരുകലിന് ഇടയാക്കുന്നു. മാത്രമല്ല, ഒരു ഇടതൂർന്ന വനം തീ ആളിപ്പടരാൻ ഇടയാക്കുന്നതുപോലെതന്നെ ഉയർന്ന ജനസാന്ദ്രത ക്ഷയത്തിന്റെയും ഇൻഫ്ളുവൻസായുടെയും വായുവിലൂടെ പകരുന്ന മറ്റു രോഗങ്ങളുടെയും വേഗത്തിലുള്ള വ്യാപനത്തിന് അനുയോജ്യമായ ചുറ്റുപാടുകൾ പ്രദാനം ചെയ്യുന്നു.
രോഗാണുവിന്റെ തിരിച്ചുവരവിനുള്ള മൂന്നാമത്തെ കാരണം മനുഷ്യന്റെ സ്വഭാവത്തിലുള്ള മാറ്റങ്ങളാണ്. 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ സവിശേഷതയായിരിക്കുന്ന, ബഹു പങ്കാളിത്ത ലൈംഗിക ബന്ധങ്ങളുടെ അഭൂതപൂർവമായ തോതു നിമിത്തം ലൈംഗികമായി പകരുന്ന രോഗാണുക്കൾ തഴച്ചുവളരുകയും വ്യാപിക്കുകയും ചെയ്തിരിക്കുന്നു. എയ്ഡ്സിന്റെ വ്യാപനം ഇതിനൊരു ഉദാഹരണം മാത്രമാണ്.b
കൊലയാളി രോഗാണുക്കളെ തോൽപ്പിക്കാൻ ഇത്രയും പ്രയാസമായിരിക്കുന്നതിന്റെ നാലാമത്തെകാരണം മനുഷ്യൻ വനങ്ങളിലും മഴക്കാടുകളിലും അതിക്രമിച്ചു കടന്നിരിക്കുന്നു എന്നുള്ളതാണ്. ദ ഹോട്ട് സോൺ എന്ന തന്റെ പുസ്തകത്തിൽ എഴുത്തുകാരനായ റിച്ചർഡ് പ്രെസ്റ്റൻ ഇപ്രകാരം പ്രസ്താവിക്കുന്നു: “എയ്ഡ്സിന്റെയും ഇബോലയുടെയും മഴക്കാടുകളിലെ മറ്റനേകം ഏജന്റുമാരുടെയും ആവിർഭാവം ഉഷ്ണമേഖലാ ജീവമണ്ഡലത്തിനു സംഭവിച്ച നാശത്തിന്റെ സ്വാഭാവിക പ്രത്യാഘാതമായി കാണപ്പെടുന്നു. ഈ വൈറസുകൾ തലപൊക്കുന്നതു പാരിസ്ഥിതികമായി ക്ഷതം സംഭവിച്ച ഭൂഭാഗങ്ങളിൽനിന്നാണ്. അവയിൽ പലതും ഉഷ്ണമേഖലാ മഴക്കാടിന്റെ താറുമാറായിക്കിടക്കുന്ന അറ്റങ്ങളിൽനിന്നാണു വരുന്നത് . . . ലോകത്തിലെ സസ്യ ജന്തു വർഗങ്ങളിൽ മിക്കതിനെയും ഉൾക്കൊള്ളുന്ന ഉഷ്ണമേഖലാ മഴക്കാടുകൾ ഈ ഗ്രഹത്തിലെ ജീവന്റെ വൻ കലവറകളാണ്. ജീവനുള്ളതെല്ലാം വൈറസുകളെ വഹിക്കുന്നതുകൊണ്ട് ഈ മഴക്കാടുകൾ ഗ്രഹത്തിലെ, വൈറസുകളുടെ ഏറ്റവും വലിയ കലവറകൂടിയാണ്.”
വൈറസുകൾ നിരുപദ്രവകരമായി കഴിഞ്ഞുകൂടുകയും പുനരുത്പാദനം നടത്തുകയും ചാകുകയും ചെയ്യുന്ന പ്രാണികളും ഉഷ്ണ രക്തമുള്ള മൃഗങ്ങളുമായി മനുഷ്യർ അങ്ങനെ കൂടുതൽ അടുത്ത ബന്ധത്തിൽ വന്നിരിക്കുന്നു. എന്നാൽ ഒരു വൈറസ് മൃഗത്തിൽനിന്നു മനുഷ്യനിലേക്കു “ചാടു”മ്പോൾ അതു മാരകമായിത്തീർന്നേക്കാം.
വൈദ്യശാസ്ത്രത്തിന്റെ പരിമിതികൾ
സാംക്രമിക രോഗങ്ങൾ തിരിച്ചുവരവു നടത്തുന്നതിന്റെ മറ്റു കാരണങ്ങൾ വൈദ്യശാസ്ത്രത്തോടുതന്നെ ബന്ധപ്പെട്ടതാണ്. ഒരിക്കൽ ആൻറിബയോട്ടിക്കുകൾ മൂലം നശിച്ചിരുന്ന പല ബാക്ടീരിയകളും ഇപ്പോൾ അവയെ വെല്ലുവിളിക്കുകയാണ്. വിരോധാഭാസമെന്നു പറയട്ടെ, ആൻറിബയോട്ടിക്കുകൾ തന്നെ ഈ സ്ഥിതിവിശേഷത്തിനിടയാക്കിയിരിക്കുന്നു. ഉദാഹരണത്തിന്, ഒരു ആൻറിബയോട്ടിക്ക് രോഗബാധിതനായ ഒരാളിലെ ഉപദ്രവകാരിയായ ബാക്ടീരിയയുടെ 99 ശതമാനത്തെ മാത്രമേ കൊല്ലുന്നുള്ളൂവെങ്കിൽ ആൻറിബയോട്ടിക്കിനെ ചെറുത്തുനിൽക്കുന്ന, അതിജീവിക്കുന്ന ഒരു ശതമാനത്തിന് ഇപ്പോൾ, പുതുതായി ഉഴുത നിലത്തിലെ ശക്തിയേറിയ ഇനം കളകളെപ്പോലെ വളർന്നു പെരുകാൻ കഴിയും.
ഡോക്ടർ കുറിച്ചുകൊടുക്കുന്ന ആൻറിബയോട്ടിക്കുകളുടെ കോഴ്സ് പൂർത്തിയാക്കാത്ത രോഗികൾ പ്രശ്നത്തെ വലുതാക്കുന്നു. സുഖംതോന്നി തുടങ്ങിയാലുടൻതന്നെ രോഗികൾ ഗുളികകൾ കഴിക്കുന്നതു നിർത്തിയേക്കാം. ഒട്ടും കരുത്തില്ലാത്ത രോഗാണുക്കൾ ചത്തേക്കാമെങ്കിലും ഏറ്റവും കരുത്തുള്ളവ അതിജീവിക്കുകയും നിശബ്ദം പെരുകുകയും ചെയ്യുന്നു. ഏതാനും ആഴ്ചയ്ക്കുള്ളിൽ രോഗം വീണ്ടും ഉണ്ടാകുന്നു, എന്നാൽ ഇത്തവണ രോഗത്തെ മരുന്നുകൾക്കൊണ്ടു ഭേദപ്പെടുത്തുക ബുദ്ധിമുട്ടായിരിക്കും, അല്ലെങ്കിൽ അസാധ്യമായിരിക്കും. ഔഷധ പ്രതിരോധശക്തിയുള്ള ഈ രോഗാണു ഇനങ്ങൾ മറ്റു മനുഷ്യരെ ആക്രമിക്കുമ്പോൾ ഗുരുതരമായ ഒരു പൊതുജന ആരോഗ്യ പ്രശ്നം ഉടലെടുക്കുന്നു.
ഡബ്ലിയുഎച്ച്ഒ-യിലെ വിദഗ്ധർ അടുത്തകാലത്ത് ഇപ്രകാരം പ്രസ്താവിച്ചു: “[ആൻറിബയോട്ടിക്കുകളോടും മറ്റു രോഗാണുവിരുദ്ധ ഏജൻറുകളോടും ഉള്ള] ചെറുത്തുനിൽപ്പ് പല രാജ്യങ്ങളിലും പടർന്നുപിടിക്കുന്നു, പലയിനം മരുന്നുകളോടുള്ള ചെറുത്തുനിൽപ്പു നിമിത്തം വാസ്തവത്തിൽ ഡോക്ടർമാർക്ക് രോഗങ്ങളുടെ വർധിച്ചുവരുന്ന എണ്ണത്തിന്റെ ചികിത്സയിലെ കരുനീക്കത്തിനു വഴിമുട്ടിപ്പോയിരിക്കുകയാണ്. ആശുപത്രികളിൽ തന്നെ, ലോകവ്യാപകമായി ഓരോ ദിവസവും പത്തു ലക്ഷം ബാക്ടീരിയാ ബാധകൾ ഉണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു, ഇവയിൽ മിക്കതും ഔഷധ പ്രതിരോധശക്തിയുള്ളവയാണ്.”
രണ്ടാം ലോകയുദ്ധംമുതലുള്ള രക്തപ്പകർച്ചകളുടെ വർധിച്ച അളവിലുള്ള ഉപയോഗവും സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിനു സഹായിച്ചു. രക്തത്തെ മാരക രോഗാണുവിമുക്തമായി സൂക്ഷിക്കാനുള്ള ശാസ്ത്രത്തിന്റെ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും ഹെപ്പറ്റൈറ്റിസ്, സൈറ്റോമെഗാലോവൈറസ്, ആൻറിബയോട്ടിക്കിനോട് പ്രതിരോധശക്തിയുള്ള ബാക്ടീരിയകൾ, മലമ്പനി, പിത്തപ്പകർച്ചപ്പനി, നിദ്രാരോഗം, എയ്ഡ്സ് എന്നിവയുടെയും ഭയജനകമായ മറ്റു പല രോഗങ്ങളുടെയും വ്യാപനത്തിനു രക്തപ്പകർച്ചകൾ ഗണ്യമായ രീതിയിൽ സംഭാവന ചെയ്തിരിക്കുന്നു.
ഇന്ന് കാര്യങ്ങളുടെ കിടപ്പ്
ഈ നൂറ്റാണ്ടിൽ വൈദ്യശാസ്ത്രം പരിജ്ഞാനത്തിന്റെ ഒരു സ്ഫോടനത്തിനു സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും അനേകം രഹസ്യങ്ങൾ ഇനിയും ചുരുളഴിയാൻ കിടക്കുന്നു. അമേരിക്കയുടെ ഏറ്റവും പ്രധാന പൊതുജനാരോഗ്യ ലബോറട്ടറിയായ രോഗനിയന്ത്രണ കേന്ദ്രങ്ങളിൽ സി. ജെ. പീറ്റേഴ്സ് അപകടകാരികളായ രോഗാണുക്കളെക്കുറിച്ചു പഠിക്കുകയാണ്. 1995 മേയിൽ നടത്തിയ ഒരു അഭിമുഖത്തിൽ ഇബോലയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അതു മനുഷ്യർക്ക് ഇത്ര മാരകമായിരിക്കുന്നതെന്തുകൊണ്ടെന്നു ഞങ്ങൾക്ക് അറിയില്ല. ഈ പകർച്ചവ്യാധികൾക്ക് ഇടയാക്കാത്തപ്പോൾ അത് എന്താണു ചെയ്യുന്നത് [അല്ലെങ്കിൽ] അത് എവിടെയാണ് എന്നു ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾക്ക് അതിനെ കണ്ടെത്താൻ കഴിയുന്നില്ല. ഞങ്ങൾക്ക് ഇത്രയധികം അജ്ഞാതമായ . . . മറ്റൊരു വൈറസ് കുടുംബവുമില്ല.”
രോഗവുമായി മല്ലിടുന്നതിനു ഫലപ്രദമായ വൈദ്യ പരിജ്ഞാനവും മരുന്നുകളും വാക്സിനുകളും ഉള്ളപ്പോൾപ്പോലും ആവശ്യക്കാരിൽ അവ പ്രയോഗിക്കാൻ പണം ആവശ്യമാണ്. കോടികൾ ദാരിദ്ര്യത്തിലാണു കഴിയുന്നത്. ഡബ്ലിയുഎച്ച്ഒ-യുടെ ലോകാരോഗ്യ റിപ്പോർട്ട് 1995 (ഇംഗ്ലീഷ്) ഇപ്രകാരം പ്രസ്താവിക്കുന്നു: “കുഞ്ഞുങ്ങൾക്കു വാക്സിനേഷൻ എടുക്കാത്തതിനും ശുദ്ധജലവും ശുചിത്വവും നൽകാത്തതിനും രോഗം ഭേദമാക്കുന്ന മരുന്നുകളും മറ്റു ചികിത്സകളും ലഭ്യമല്ലാത്തതിനുമുള്ള മുഖ്യ കാരണം ദാരിദ്ര്യമാണ് . . . വികസ്വര ലോകത്ത് ഓരോ വർഷവും 5 വയസ്സിനു താഴെയുള്ള 1 കോടി 22 ലക്ഷം കുട്ടികൾ മരണമടയുന്നു, ഓരോ കുട്ടിക്കും വേണ്ടി ഏതാനും യുഎസ് സെന്റുകൾ മാത്രം ചെലവഴിച്ചിരുന്നെങ്കിൽ തടയാമായിരുന്ന കാരണങ്ങളാണ് ഇവയിൽ മിക്കതിനും പിന്നിലുള്ളത്. അവർ മരിക്കുന്നതു മുഖ്യമായും ലോകത്തിന്റെ അനാസ്ഥ നിമിത്തമാണ്. എന്നാൽ സർവോപരി, അവർ മരിക്കുന്നതു ദാരിദ്ര്യം നിമിത്തമാണ്.”
1995 ആയപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ കൊലയാളികൾ സാംക്രമിക രോഗങ്ങളും പരാദങ്ങളും ആയിരുന്നു. അവ ഓരോ വർഷവും 164 ലക്ഷം പേരുടെ ജീവൻ കവർന്നെടുക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, മാരക രോഗാണുക്കളുടെ ആവിർഭാവത്തിനും വ്യാപനത്തിനും ഏറ്റവും പറ്റിയ സാഹചര്യങ്ങളിലാണ് അസംഖ്യം കോടികളും ജീവിക്കുന്നത്. ഇന്നത്തെ ശോച്യാവസ്ഥ പരിചിന്തിക്കുക. 100 കോടിയിലേറെ ആളുകൾ കൊടും ദാരിദ്ര്യത്തിലാണു കഴിയുന്നത്. ലോകജനസംഖ്യയുടെ പകുതിക്ക് വൈദ്യ ചികിത്സയോ അനിവാര്യമായ മരുന്നുകളോ ക്രമമായ അടിസ്ഥാനത്തിൽ ലഭിക്കുന്നില്ല. ഉപേക്ഷിക്കപ്പെട്ട ലക്ഷക്കണക്കിനു കുട്ടികൾ മലിനീകൃതമായ വൻ നഗരങ്ങളുടെ തെരുവുകളിൽ അലഞ്ഞുതിരിയുന്നു. അവരിൽ പലരും മയക്കുമരുന്നു കുത്തിവയ്ക്കുന്നവരും പതിവായി വേശ്യാവൃത്തിയിലേർപ്പെടുന്നവരും ആണ്. ലക്ഷക്കണക്കിന് അഭയാർഥികൾ വൃത്തികെട്ട ക്യാമ്പുകളിൽ കോളറക്കും അതിസാരത്തിനും മറ്റു രോഗങ്ങൾക്കും നടുവിൽ വലയുന്നു.
മനുഷ്യനും രോഗാണുവും തമ്മിലുള്ള യുദ്ധത്തിൽ സാഹചര്യങ്ങൾ വർധിച്ച അളവിൽ രോഗാണുവിന് അനുകൂലമായിരിക്കുന്നു.
[അടിക്കുറിപ്പുകൾ]
a സൾഫനിലാമൈഡ് ഒരു പരൽ സംയുക്തമാണ്. ലബോറട്ടറിയിൽ സൾഫാ മരുന്നുകൾ ഉണ്ടാക്കുന്നത് അതിൽനിന്നാണ്. ബാക്ടീരിയയെ കൊല്ലുന്നതിനു ശരീരത്തിന്റെ സ്വയം പ്രതിരോധ സംവിധാനങ്ങളെ അനുവദിച്ചുകൊണ്ട് ബാക്ടീരിയാ വളർച്ചയെ തടയാൻ സൾഫാ മരുന്നുകൾക്കു കഴിയും.
b ലൈംഗികമായി പകരുന്ന മറ്റു രോഗങ്ങളുടെ ഉദാഹരണങ്ങൾ: ലോകവ്യാപകമായി ഏതാണ്ട് 23.6 കോടി ആളുകൾ ട്രികൊമൊണൈയസസിനാലും ഏതാണ്ട് 16.2 കോടി ആളുകൾ ക്ലാമിഡിയൽ രോഗബാധകളാലും ബാധിക്കപ്പെട്ടിരിക്കുന്നു. ഓരോ വർഷവും ജനിറ്റൽ വാർട്ടുകളുടെ ഏകദേശം 3.2 കോടിയും ഗൊണോറിയയുടെ 7.8 കോടിയും ജനിറ്റൽ ഹെർപ്പസിന്റെ 2.1 കോടിയും സിഫിലീസിന്റെ 1.9 കോടിയും ഷാങ്ക്രോയിഡിന്റെ 90 ലക്ഷവും പുതിയ കേസുകളുണ്ടാകുന്നു.
[6-ാം പേജിലെ ആകർഷകവാക്യം]
“ആശുപത്രികളിൽ തന്നെ, ലോകവ്യാപകമായി ഓരോ ദിവസവും പത്തു ലക്ഷം ബാക്ടീരിയാ ബാധകൾ ഉണ്ടാകുന്നതായി കണക്കാക്കപ്പെടുന്നു, ഇവയിൽ മിക്കതും ഔഷധ പ്രതിരോധശക്തിയുള്ളവയാണ്.” ലോകാരോഗ്യ സംഘടന
[7-ാം പേജിലെ ചതുരം]
രോഗാണുക്കൾ തിരിച്ചടിക്കുമ്പോൾ
ബാക്ടീരിയം എന്നറിയപ്പെടുന്ന ഒരു ചെറിയ രോഗാണുവിന്റെ “ഭാരം 0.00000000001 ഗ്രാമേയുള്ളൂ. ഒരു നീലത്തിമിംഗലത്തിന്റെ ഭാരം ഏകദേശം 10,00,00,000 ഗ്രാമാണ്. എങ്കിലും ഒരു ബാക്ടീരിയത്തിന് ഒരു തിമിംഗലത്തെ കൊല്ലാൻ കഴിയും.”—ബർനാർഡ് ഡിക്സൻ, 1994.
ആശുപത്രിയിൽ കണ്ടുവരുന്ന ഏറ്റവും ഭയാനകമായ ബാക്ടീരിയകളിൽ പെടുന്നതാണ് ഔഷധ പ്രതിരോധശക്തിയുള്ള സ്റ്റഫലോകോക്കസ് ഔറിയസ് ഇനങ്ങൾ. ഈ ഇനങ്ങൾ, രക്തത്തിലെ മാരകമായ രോഗബാധകൾക്കും ശ്വാസകോശവീക്കത്തിനും ബാക്ടീരിയാ വിഷബാധമൂലമുള്ള ജീവൽപ്രവർത്തനങ്ങളുടെ മന്ദീഭാവത്തിനും ഇടയാക്കിക്കൊണ്ട് രോഗികളെയും ദുർബലരെയും ക്ലേശിപ്പിക്കുന്നു. ഒരു മൊത്തക്കണക്ക് അനുസരിച്ച് സ്റ്റഫ് ഐക്യനാടുകളിൽ ഓരോ വർഷവും ഏതാണ്ട് 60,000 പേരെ കൊല്ലുന്നു—കാറപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തെക്കാൾ കൂടുതൽ. അനേകവർഷങ്ങൾക്കൊണ്ട് ഈ ബാക്ടീരിയകൾ ആൻറിബയോട്ടിക്കുകളോട് അങ്ങേയറ്റം പ്രതിരോധശക്തിയുള്ളവയായിത്തീർന്നു. 1988 ആയപ്പോഴേക്കും അവയ്ക്കെതിരെ ഫലപ്രദമായ ഒരു ആൻറിബയോട്ടിക് മാത്രമേ ഉണ്ടായിരുന്നുള്ളൂ—വങ്കമൈസിൻ. എന്നാൽ പെട്ടെന്നുതന്നെ വങ്കമൈസനെ ചെറുത്തുനിൽക്കുന്ന ഇനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലോകത്തിനു ചുറ്റുനിന്നും വന്നു തുടങ്ങി.
ആൻറിബയോട്ടിക്കുകൾ അവയുടെ കൃത്യം നിർവഹിക്കുമ്പോൾപ്പോലും മറ്റു പ്രശ്നങ്ങൾ തലപൊക്കിയേക്കാം. 1993-ന്റെ മധ്യത്തിൽ ജോൺ റേ ഒരു സാധാരണ ശസ്ത്രക്രിയയ്ക്കുവേണ്ടി ഐക്യനാടുകളിലെ ഒരു ആശുപത്രിയിൽ പോയി. ഏതാനും ദിവസങ്ങൾക്കുള്ളിൽ വീട്ടിൽ തിരിച്ചുവരാമെന്ന് അവൾ പ്രതീക്ഷിച്ചു. എന്നാൽ അതിനുപകരം, അവൾക്ക് 322 ദിവസം ആശുപത്രിയിൽ കിടക്കേണ്ടതായി വന്നു, ശസ്ത്രക്രിയാനന്തരം ഉണ്ടായ രോഗബാധകളായിരുന്നു മുഖ്യ പ്രശ്നം. വങ്കമൈസിൻ ഉൾപ്പെടെയുള്ള ആൻറിബയോട്ടിക്കുകളുടെ വലിയ ഡോസുകൾ നൽകിക്കൊണ്ട് ഡോക്ടർമാർ രോഗബാധകളോടു മല്ലടിച്ചു. എന്നാൽ രോഗാണുക്കൾ തിരിച്ചടിച്ചു. ജോൺ ഇപ്രകാരം പറയുന്നു: “എനിക്ക് എന്റെ കൈകൾ ഉപയോഗിക്കാൻ കഴിഞ്ഞില്ല. പാദങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞില്ല. . . . ഒരു പുസ്തകം കയ്യിലെടുത്ത് വായിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.”
മാസങ്ങളോളം ആൻറിബയോട്ടിക് ചികിത്സ നടത്തിയിട്ടും ജോണിന്റെ രോഗം മാറാത്തതെന്തുകൊണ്ടെന്നു കണ്ടുപിടിക്കാനായി ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു. അവളുടെ ശരീരവ്യവസ്ഥയിൽ സ്റ്റഫ് ബാധക്കുപുറമേ വങ്കമൈസിൻ-പ്രതിരോധ എന്റെറൊകോക്കസ് എന്ന മറ്റൊരു തരം ബാക്ടീരിയ കൂടിയുണ്ടെന്ന് ലബോറട്ടറി പ്രവർത്തനം പ്രകടമാക്കി. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഈ ബാക്ടീരിയക്ക് വങ്കമൈസിൻ ഉപദ്രവമേൽപ്പിച്ചില്ല; മറ്റെല്ലാ ആൻറിബയോട്ടിക്കുകളോടും അതിനു പ്രതിരോധശക്തിയുള്ളതായും കാണപ്പെട്ടു.
തങ്ങളെ അമ്പരപ്പിച്ച എന്തോ ഒന്ന് അപ്പോൾ ഡോക്ടർമാർ മനസ്സിലാക്കി. ആ ബാക്ടീരിയയെ കൊല്ലേണ്ടിയിരുന്ന മരുന്നുകളെ അതു ചെറുത്തുനിന്നെന്നു മാത്രമല്ല, അവരുടെ പ്രതീക്ഷയ്ക്കു വിരുദ്ധമായി, അതു വാസ്തവത്തിൽ വങ്കമൈസിൻ ഉപയോഗിച്ച് അതിജീവിക്കുകയും ചെയ്തു! ഒരു സാംക്രമിക രോഗ വിദഗ്ധനായ, ജോണിന്റെ ഡോക്ടർ ഇപ്രകാരം പറഞ്ഞു: “[ആ ബാക്ടീരിയക്ക്] പെരുകാൻ വങ്കമൈസിൻ ആവശ്യമാണ്, അതില്ലെങ്കിൽ അവ വളരുകയില്ല. അതുകൊണ്ട് ഒരർഥത്തിൽ അവ വങ്കമൈസിനെ ആഹാരമായി ഉപയോഗിക്കുകയാണ്.”
ജോണിനു വങ്കമൈസിൻ കൊടുക്കുന്നതു ഡോക്ടർമാർ നിർത്തിയപ്പോൾ ബാക്ടീരിയ ചാകുകയും ജോൺ സുഖം പ്രാപിച്ചു തുടങ്ങുകയും ചെയ്തു.
[8-ാം പേജിലെ ചിത്രം]
രോഗികൾ അനുചിതമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ രോഗാണുക്കൾ തഴച്ചുവളരുന്നു
[9-ാം പേജിലെ ചിത്രം]
രക്തപ്പകർച്ചകൾ മാരക രോഗാണുക്കളെ വ്യാപിപ്പിക്കുന്നു