ആഫ്രിക്കൻ സ്കൂൾ—അത് എന്താണു പഠിപ്പിച്ചത്?
ഘാനയിലെ ഉണരുക! ലേഖകൻ
ആഫ്രിക്കൻ സ്കൂളോ? വാസ്തവത്തിൽ അത്തരമൊരു ക്രമീകരണം പണ്ട് നിലവിലുണ്ടായിരുന്നെന്നറിയുമ്പോൾ പാശ്ചാത്യരിൽ ചിലർക്ക് അതിശയം തോന്നിയേക്കാം. ദുഃഖകരമെന്നു പറയട്ടെ, കുന്തം മുറുക്കെപ്പിടിച്ചുകൊണ്ടു നിൽക്കുന്ന പേടിപ്പിക്കുന്ന കിരാതനായി ആഫ്രിക്കക്കാരനെ ചിത്രീകരിക്കുന്ന സിനിമാ സങ്കൽപ്പം ആളുകളുടെ മനസ്സുകളിൽനിന്നു മാഞ്ഞുപോകുക അത്ര എളുപ്പമായിരുന്നിട്ടില്ല. പഴയകാലത്തെ ആഫ്രിക്കക്കാരനെ ഏതെങ്കിലും വിധത്തിൽ വിദ്യാഭ്യാസമുള്ളവനായി എങ്ങനെ കണക്കാക്കാൻ കഴിയുമെന്നു പലർക്കും സങ്കൽപ്പിക്കാൻപോലും കഴിയുന്നില്ല.
പരമ്പരാഗത സമൂഹങ്ങളിൽ വളർന്നുവന്ന ആഫ്രിക്കക്കാർക്ക് പുസ്തകത്തിൽനിന്നുള്ള പഠനമോ ക്ലാസ്മുറിയിൽവെച്ചുള്ള ഔപചാരിക പരിശീലനമോ ലഭിച്ചില്ലെന്നുള്ളതു തീർച്ചയായും സത്യമാണ്. എന്നിരുന്നാലും, ഈ ഭൂഖണ്ഡത്തിലേക്കു യൂറോപ്യൻ രീതിയിലുള്ള ഔപചാരിക വിദ്യാഭ്യാസം എത്തുന്നതിനു ദീർഘനാൾ മുമ്പു തന്നെ ആഫ്രിക്കയിലെ പല സമൂഹങ്ങൾക്കും ഫലപ്രദമായ വിദ്യാഭ്യാസ പദ്ധതികളുണ്ടായിരുന്നു. അതു കുട്ടികളെ പ്രവർത്തനങ്ങൾക്കു സുസജ്ജരാക്കുകയും തങ്ങളുടെ പ്രദേശത്തെ സംസ്കാരത്തിൽ തഴച്ചുവളരാൻ സഹായിക്കുകയും ചെയ്തു. ഉദാഹരണമായി, ഘാനയിലെ ട്വീ ഭാഷ സംസാരിക്കുന്ന ആളുകളായ അകാന്റെ വിദ്യാഭ്യാസം പരിഗണിക്കുക.
ഭവന വിദ്യാഭ്യാസം
അകാന്റെയിടയിൽ ഭവനമായിരുന്നു പ്രഥമ ക്ലാസ്മുറി. മാതാപിതാക്കളിൽനിന്നു സംസാരിക്കാൻ പഠിക്കുന്നതോടെ കുട്ടിയുടെ വിദ്യാഭ്യാസം ആരംഭിക്കുന്നു. അതേസമയം തന്നെ, ഉചിതമായ പെരുമാറ്റ രീതികളുടെ ആദ്യപാഠങ്ങളും അവൻ പഠിക്കുന്നു. ഉദാഹരണത്തിന്, വീട്ടിൽ വരുന്ന ഒരു സന്ദർശകൻ കുട്ടിയെ അഭിവാദ്യം ചെയ്യുമ്പോൾ ഉചിതമായും മര്യാദയോടുകൂടിയും എങ്ങനെ പ്രതികരിക്കണമെന്നു കുട്ടിയെ പഠിപ്പിച്ചിരിക്കും. പിന്നീടു കുട്ടിയെ സന്ദേശമറിയിക്കാൻ അയയ്ക്കുമ്പോൾ ഏതു സന്ദേശവും മര്യാദപൂർവം അറിയിക്കേണ്ട വിധം അവനു പറഞ്ഞുകൊടുത്തിരിക്കും.
അങ്ങനെ അകാന്റെ വിദ്യാഭ്യാസ തത്ത്വചിന്ത ബൈബിളിൽ സദൃശവാക്യങ്ങൾ 22:6-ൽ പറഞ്ഞിരിക്കുന്നതിൽനിന്നു വ്യത്യസ്തമല്ല: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” മാതാപിതാക്കൾ, പ്രത്യേകിച്ച് പിതാവ് കുട്ടികളെ വളർത്തുന്നതിൽ താത്പര്യമെടുത്തിരുന്നു. അകാന്റെ ഒരു പഴഞ്ചൊല്ല് ഇങ്ങനെയാണ്: “ഒരു കുട്ടി തന്റെ അമ്മയുടെ സ്വഭാവവിശേഷതകൾ അനുകരിച്ചില്ലെങ്കിൽ, അപ്പന്റെ സ്വഭാവവിശേഷതകൾ അനുകരിക്കും.”
കുട്ടി വളർന്നതനുസരിച്ച് അവന്റെ വിദ്യാഭ്യാസവും ഗഹനമുള്ളതായിത്തീർന്നു. ജീവിതത്തെക്കുറിച്ചുള്ള പാഠങ്ങൾ പഠിപ്പിച്ചിരുന്നു. എന്നാൽ പുസ്തകങ്ങളിൽക്കൂടിയല്ല, ക്വാകു അനൻസെ എന്നു വിളിക്കുന്ന ഐതിഹ്യത്തിലെ എട്ടുകാലിയുടേതുപോലുള്ള ഭാവനാത്മകമായ കഥകളിലൂടെയാണ് അവ പഠിപ്പിച്ചിരുന്നത്. ആ കഥകൾ കുട്ടികൾ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നെന്നോ! വൈകുന്നേരത്തെ ഇളം കാറ്റിലോ നിലാവുള്ള കുളിർ രാവിലോ അവർ തീയ്ക്കു ചുറ്റുമിരുന്ന് ജയപരാജയങ്ങളുടെ ഈ കഥകൾ ഹൃദ്യമായി ആസ്വദിച്ചു.
ലോകത്തിലെ ജ്ഞാനം മുഴുവൻ ഒരു കലത്തിലാക്കാനായി അനൻസെ ഭൂമിയിലുടനീളം സഞ്ചരിച്ചതായി ഒരു പ്രസിദ്ധ കഥ പറയുന്നു. അവന്റെ ദൗത്യം പൂർത്തിയായതായി കാണപ്പെട്ടു. ഈ ജ്ഞാനം ആരും സ്വായത്തമാക്കാതിരിക്കുന്നതിനായി കലം ഒരു മരത്തിന്റെ മുകളിൽ തൂക്കാൻ അവൻ തീരുമാനിച്ചു. ജ്ഞാനം അടങ്ങിയിരിക്കുന്ന കലം വയറ്റത്ത് കെട്ടിത്തൂക്കിയിട്ടുകൊണ്ട് അവൻ പാടുപെട്ട് മരം കയറാൻ തുടങ്ങി. അനൻസെ കിടന്നു ബുദ്ധിമുട്ടുമ്പോൾ മൂത്ത മകൻ ൻറികുമ വന്ന് അവനോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “ആ, ബാഹ്, അപ്പാ! വയറ്റത്തു കലം വച്ചുകൊണ്ട് ആരെങ്കിലും മരം കയറുമോ? അത് പുറത്തു വച്ചുകൊണ്ട് സുഖമായി കയറിക്കൂടേ?” “എന്നെ പഠിപ്പിക്കാൻ നിനക്കെങ്ങനെ ധൈര്യംവന്നെടാ?” എന്നു ചോദിച്ചുകൊണ്ട് അനൻസെ താഴെനിൽക്കുന്ന മകനെ നോക്കി അലറി.
കുറച്ചു ജ്ഞാനം അവന്റെ കലത്തിനു വെളിയിലായിരുന്നുവെന്നുള്ളത് ഇപ്പോൾ സ്പഷ്ടമായിരുന്നു! ഇതറിഞ്ഞപ്പോൾ കുപിതനായ അനൻസെ കലം താഴോട്ടു വലിച്ചെറിഞ്ഞു. അത് പൊട്ടിത്തകരുകയും ജ്ഞാനം മുഴുവനും നാലുപാടും ചിതറുകയും ചെയ്തു. അവിടെ ആദ്യം എത്തിച്ചേർന്നവർ ഏറ്റവും വലിയ ജ്ഞാനികളായിത്തീർന്നു. ജ്ഞാനം ആരുടെയും കുത്തകയല്ല എന്നതാണ് ഇതിൽനിന്നുള്ള പാഠം. അകാൻ ഇങ്ങനെ പറയുമായിരുന്നു: “ഒരാൾക്ക് ഒരു ഉപദേശകസമിതി ഉണ്ടാക്കാൻ കഴിയുകയില്ല.”—സദൃശവാക്യങ്ങൾ 15:22-ഉം 24:6-ഉം താരതമ്യം ചെയ്യുക.
ജീവിത വൈദഗ്ധ്യങ്ങൾ
അകാന്റെ വിദ്യാഭ്യാസത്തിൽ ജീവിത വൈദഗ്ധ്യങ്ങളിലുള്ള പരിശീലനവും ഉൾപ്പെട്ടിരുന്നു. ആൺകുട്ടികൾ മിക്കവരും തങ്ങളുടെ പിതാക്കൻമാരുടെ തൊഴിൽ—അതായത് സാധാരണമായി കൃഷി—ആണ് ഏറ്റെടുത്തിരുന്നത്. എന്നാൽ നായാട്ട്, പനവീഞ്ഞു ശേഖരണം, കൊട്ട നെയ്ത്തുപോലുള്ള കരകൗശലപ്പണികൾ എന്നിങ്ങനെയുള്ള മറ്റു വൈദഗ്ധ്യങ്ങളും അഭ്യസിക്കേണ്ടതുണ്ടായിരുന്നു. തടിയിൽ നടത്തുന്ന കൊത്തുപണി, നെയ്ത്ത് തുടങ്ങിയ കൂടുതൽ ശ്രമകരമായ സംരംഭങ്ങൾക്കായി ആൺകുട്ടികൾക്ക് കരകൗശലവിദഗ്ധരുടെ കീഴിൽ തൊഴിൽപരിശീലനം ലഭിച്ചിരുന്നു. പെൺകുട്ടികളോ? പച്ചക്കറിയെണ്ണ ശേഖരണം, സോപ്പ്, മൺപാത്രം എന്നിവയുടെ നിർമാണം, പരുത്തിനൂൽ നൂൽപ്പ് എന്നിവപോലുള്ള ഗാർഹികമായ വൈദഗ്ധ്യങ്ങളിലായിരുന്നു അവരുടെ പരിശീലനം പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.
പരമ്പരാഗത സ്കൂളിന്റെ “പാഠ്യപദ്ധതി”യിൽനിന്നു ശാസ്ത്രം പുറന്തള്ളപ്പെട്ടിരുന്നില്ല. ഔഷധഗുണമുള്ള ഓഷധികൾ, അവയുടെ തയ്യാറാക്കൽ, വിതരണം എന്നിവയെക്കുറിച്ചുള്ള പരിജ്ഞാനം പിതാക്കൻമാർ ആൺമക്കൾക്കും വല്യപ്പൻമാർ പേരക്കിടാങ്ങൾക്കും കൈമാറിക്കൊടുത്തിരുന്നു. കൈവിരലുകൾ ഉപയോഗിച്ചും മാർബിളുകൾ, കല്ലുകൾ, കോലടയാളങ്ങൾ എന്നിവ ഉപയോഗിച്ചും കുട്ടികൾ സംഖ്യകൾ കൂട്ടാൻ പഠിച്ചിരുന്നു. ഒവാരെയും ഡ്രാഫ്റ്റ്സും പോലെയുള്ള കളികൾ എണ്ണൽ വൈദഗ്ധ്യം മെച്ചപ്പെടുത്തി.
കൂടാതെ തുറന്ന കോടതി സെഷനുകളിൽ പങ്കെടുക്കുന്നതിനാൽ അകാൻ യുവാവിന് രാഷ്ട്രീയ, നീതിന്യായ വ്യവസ്ഥകൾ സംബന്ധിച്ച ഉൾക്കാഴ്ച ലഭിച്ചിരുന്നു. ശവസംസ്കാരങ്ങളും ഉത്സവ വേളകളും പ്രാദേശികമായ ചരമഗീതങ്ങൾ, കവിത, ചരിത്രം, സംഗീതം, ചെണ്ടകൊട്ടൽ, നൃത്തം എന്നിവ ഉൾക്കൊള്ളാനുള്ള അവസരങ്ങളായിരുന്നു.
സാമൂഹിക ഉത്തരവാദിത്വം
അകാന്റെയിടയിൽ കുട്ടി സമൂഹത്തിൽനിന്നും ഒറ്റപ്പെട്ടിരുന്നില്ല. സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കാൻ ചെറുപ്പത്തിൽത്തന്നെ അവൻ പ്രേരിപ്പിക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച ആദ്യപാഠങ്ങൾ അവൻ പഠിച്ചത് കൂട്ടുകാരുടെകൂടെ കളിക്കാൻ കൂടിയപ്പോഴാണ്. സാമൂഹിക തൊഴിൽപോലെയുള്ള സഹകരണ പ്രവർത്തനങ്ങളിൽ പിൽക്കാല വർഷങ്ങളിൽ അവൻ ഏർപ്പെട്ടു. ദുഷ്പെരുമാറ്റം കാണിക്കുമ്പോൾ മാതാപിതാക്കൾ മാത്രമല്ല സമൂഹത്തിലെ ഏതൊരു മുതിർന്ന അംഗവും അവനെ ശിക്ഷിച്ചിരുന്നു. പെരുമാറ്റദൂഷ്യം കാണിക്കുന്ന ഏതൊരു കുട്ടിക്കും ശിക്ഷണം കൊടുക്കുകയെന്നുള്ളതു വാസ്തവത്തിൽ മുതിർന്നവരുടെ ധാർമിക കടപ്പാടായി കണക്കാക്കപ്പെട്ടിരുന്നു.
ഇത്തരം ശിക്ഷണം കുട്ടികൾ നല്ലതുപോലെ കൈക്കൊണ്ടിരുന്നു. എന്തുകൊണ്ടെന്നാൽ മുതിർന്നവരോട് ഉയർന്ന ആദരവുണ്ടായിരിക്കാൻ കുട്ടികളെ പഠിപ്പിച്ചിരുന്നു. വാസ്തവത്തിൽ, “ഒരു പ്രായംചെന്ന സ്ത്രീ ഒരാളുടെ മാത്രം വല്യമ്മയല്ലെ”ന്ന് അകാൻ പറയുക പതിവായിരുന്നു. അങ്ങനെ പ്രായംചെന്നവരോടുള്ള ആദരവും അവർക്കു ചെയ്തുകൊടുക്കുന്ന സേവനവും ഒരു കടപ്പാടായി വീക്ഷിച്ചിരുന്നു. ശരിയായ ഒഴികഴിവില്ലാതെ ഏതെങ്കിലുമൊരു കുട്ടി ഒരു മുതിർന്നയാൾക്കു സേവനം ചെയ്തുകൊടുക്കാൻ വിസമ്മതിച്ചെങ്കിൽ അത് അവന്റെ മാതാപിതാക്കളോടു റിപ്പോർട്ടു ചെയ്തിരുന്നു.
മത വിദ്യാഭ്യാസം
അകാൻ വളരെ മതഭക്തരായിരുന്നു. അവർക്കു പ്രകൃതിയോടും അജ്ഞാത പ്രപഞ്ചത്തോടും ഭയഭക്തിപൂർവകമായ ഒരു മനോഭാവമുണ്ടായിരുന്നു. സത്യമായും അവർ പല ദൈവങ്ങളിൽ വിശ്വസിച്ചിരുന്ന ബഹുദേവാരാധകർ ആയിരുന്നു. എങ്കിലും അകാൻ പരമോന്നതനായ ഒരുവന്റെ അസ്തിത്വത്തിൽ വിശ്വസിച്ചിരുന്നു. (റോമർ 1:20) ഏതു ദൈവമായാലും “ദൈവം” എന്ന വാക്കിന് അകാൻ ഉപയോഗിക്കുന്ന പദം ഒൺയാമെ ആണ്. എന്നാൽ അകാന് സ്രഷ്ടാവിനെ വർണിക്കാൻ ആ പദം പോരാത്തതായി തോന്നി. അതുകൊണ്ട് അവർ അവനെ ഒൺയൻകോപോൺ എന്നു വിളിച്ചു. “മഹാനായ ഒരേ ഒരുവനായ ദൈവം” എന്നാണ് അതിന്റെ അർഥം.
മഹാനായ ആ ഒരു ദൈവത്തിന്റെ ക്രമീകരണമാണെന്നുള്ള വിശ്വാസത്തിലാണ് പ്രാധാന്യം കുറഞ്ഞ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നത്. അവരുടെ മനസ്സിൽ ഇത് പ്രമുഖ മുഖ്യനെ പ്രാധാന്യം കുറഞ്ഞ വിഭാഗീയ മുഖ്യൻമാരിൽക്കൂടി സേവിക്കുന്നതിനു സമാനമായിരുന്നു. എന്തായാലും എല്ലാ അകാൻ കുട്ടികളെയും ഈ മതം പഠിപ്പിച്ചിരുന്നു.
പരമ്പരാഗത വിദ്യാഭ്യാസം ഇന്ന്
വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത രീതികൾ ക്ലാസ്മുറിയിലെ ഔപചാരിക പഠിപ്പിക്കലിനു മിക്കവാറും വഴിമാറിക്കൊടുത്തിരിക്കുന്ന വൻ നഗരങ്ങളിലേക്ക് അടുത്ത വർഷങ്ങളിൽ ലക്ഷക്കണക്കിന് ആഫ്രിക്കക്കാർ കുടിയേറിപ്പാർത്തിരിക്കുന്നു. എന്നിരുന്നാലും, പരമ്പരാഗത ആഫ്രിക്കൻ വിദ്യാഭ്യാസം ചില സമൂഹങ്ങളിൽ, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ തഴച്ചുവളർന്നുകൊണ്ടുതന്നെയിരിക്കുന്നു. എന്തിന്, ചില ആഫ്രിക്കക്കാർക്ക് പരമ്പരാഗത വിദ്യാഭ്യാസത്തിന്റെയും ഔപചാരിക വിദ്യാഭ്യാസത്തിന്റെയും പ്രയോജനം ലഭിച്ചിട്ടുണ്ട്!
ഉദാഹരണത്തിന്, ഘാനയിലെ ഒരു ക്രിസ്തീയ ശുശ്രൂഷകനായ ആൽഫ്രെഡിന്റെ കാര്യം പരിചിന്തിക്കുക. ഔപചാരിക വിദ്യാഭ്യാസം ആസ്വദിച്ചിരിക്കുന്നുവെങ്കിലും അദ്ദേഹത്തിനു പരമ്പരാഗത ജീവിതരീതിയുടെ പല വശങ്ങളോടും ഉയർന്ന ആദരവുണ്ട്. ആൽഫ്രെഡ് ഇപ്രകാരം പറയുന്നു: “പരമ്പരാഗത പരിശീലനം മാത്രമുള്ള എന്റെ നിരക്ഷരരായ ബന്ധുക്കൾ മിക്കവരും ജീവിതത്തിന്റെ പ്രായോഗിക വശങ്ങളിൽ വളരെ നല്ല അധ്യാപകരാണ്. അവരുടെയിടയിലെ സഹക്രിസ്ത്യാനികളോടൊപ്പം പ്രവർത്തിച്ചതു മൂലം എന്റെ സന്ദേശം ലളിതവും പ്രായോഗികവുമായ വിധത്തിൽ അവതരിപ്പിക്കുന്നതിനുള്ള പല ഫലപ്രദമായ മാർഗങ്ങളും എനിക്കു പഠിക്കാൻ കഴിഞ്ഞു. അങ്ങനെ എനിക്കു പരമ്പരാഗത പശ്ചാത്തലമുള്ള ആളുകളോടും ഔദ്യോഗിക വിദ്യാഭ്യാസമുള്ള ആളുകളോടും സംസാരിക്കാൻ കഴിയുന്നു. ഒട്ടുമിക്കപ്പോഴും ഞാൻ ഈ കൂട്ടർ ഉപയോഗിക്കുന്ന ഒരു പഴഞ്ചൊല്ലോ ദൃഷ്ടാന്തമോ എടുത്ത് ഒന്നു മോടിപിടിപ്പിച്ച് എന്റെ ബൈബിൾ പ്രഭാഷണങ്ങളിൽ ചേർക്കുന്നു. ഇതിനു മിക്കപ്പോഴും സദസ്സിൽനിന്നുള്ള ഉത്സാഹഭരിതമായ കരഘോഷം ലഭിക്കാറുണ്ട്! എന്നിരുന്നാലും വാസ്തവത്തിൽ ബഹുമതി ലഭിക്കേണ്ടത് പരമ്പരാഗത പരിശീലനം സിദ്ധിച്ച ഈ സ്ത്രീപുരുഷൻമാർക്കാണ്.”
അപ്പോൾ ആഫ്രിക്കയിലെ ഈ സ്കൂളിന് സ്തുത്യർഹമായ അനേകം വശങ്ങളുണ്ടെന്നും അവ അവജ്ഞക്കുപകരം ബഹുമാനമാണ് അർഹിക്കുന്നതെന്നുമുള്ളതു വ്യക്തം. അവ സാങ്കേതിക അത്ഭുതങ്ങൾ ഉളവാക്കുന്നില്ലായിരിക്കാം. എന്നാൽ അത് ശക്തമായ ഒരു കുടുംബ ഘടനയും സാമൂഹിക ബോധവും ദത്തശ്രദ്ധ, ആകർഷകമായ നർമബോധം, ഔദാര്യം, ആതിഥ്യമര്യാദ എന്നിവയോടുകൂടിയ ആളുകളെയും ഉളവാക്കുകതന്നെ ചെയ്തിരിക്കുന്നു. അപ്പോൾപ്പിന്നെ, ആഫ്രിക്കയിലെ നഗരവാസികൾ ഇടയ്ക്കിടയ്ക്കുള്ള സന്ദർശനങ്ങൾവഴി നഗരപ്രാന്തങ്ങളിൽ താമസിക്കുന്ന തങ്ങളുടെ ബന്ധുക്കളുമായി സമ്പർക്കം പുലർത്താൻ ശ്രമം നടത്തുന്നത് അതിശയമല്ല. അത്തരം സന്ദർഭങ്ങൾക്ക് അസുന്ദര നിമിഷങ്ങൾ ഇല്ലാതില്ല. പരമ്പരാഗത മാനദണ്ഡങ്ങളുടെ കാര്യം വരുമ്പോൾ പലപ്പോഴും നഗരവാസികൾക്ക് ഇടർച്ചയുണ്ടാകുന്നു. ഉദാഹരണത്തിന്, ഒരു കൂട്ടത്തിന് കൈകൊടുക്കുമ്പോൾ “ഉചിതമായ” രീതി വലത്തുനിന്ന് ഇടത്തേക്കു കൈകൊടുത്തു പോകുന്നതാണെന്ന് മിക്കപ്പോഴും അവർക്കറിയില്ല. എങ്കിലും അത്തരം സന്ദർശനങ്ങൾ പരസ്പരം നവോൻമേഷപ്രദമായിരിക്കാൻ കഴിയും.
ആഫ്രിക്കൻ പരമ്പരാഗത സ്കൂൾ ബഹുമാനവും ഭക്തിയും പഠിപ്പിച്ചെങ്കിലും യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള ജീവദായകമായ അറിവ് അതു പകർന്നുകൊടുത്തില്ല എന്നതു സമ്മതിച്ചേ പറ്റു. (യോഹന്നാൻ 17:3) ജീവൽപ്രധാനമായ ഈ അറിവ് പ്രദാനം ചെയ്യുന്നതിനുവേണ്ടി അകാന്റെയും ആഫ്രിക്കയിലെ മറ്റു വംശീയ സംഘങ്ങളുടെയും ഇടയിൽ പ്രവർത്തിക്കാൻ യഹോവയുടെ സാക്ഷികൾക്കു പദവി ലഭിച്ചിരിക്കുന്നു. ദൈവവചനം നേരിട്ടു പഠിക്കാൻ കഴിയത്തക്കവണ്ണം, വായിക്കാനോ എഴുതാനോ ഉള്ള ഔദ്യോഗിക വിദ്യാഭ്യാസം ഇല്ലാത്ത ആയിരക്കണക്കിന് ആഫ്രിക്കക്കാരെ അവർ പഠിപ്പിച്ചിരിക്കുന്നു. “ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ച് ബോധമുള്ള” ആളുകളെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിക്കു ലഭിക്കാൻ സാധിക്കുന്നതിൽവെച്ച് ഏറ്റവും പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് ഇത്.—മത്തായി 5:3 NW.
[25-ാം പേജിലെ ചിത്രങ്ങൾ]
അകാന്റെയിടയിൽ സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കാൻ കുട്ടി പ്രേരിപ്പിക്കപ്പെട്ടിരുന്നു
[26-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകൾ സാക്ഷരതാ ക്ലാസുകൾ പ്രദാനം ചെയ്യുന്നു