യഥാർഥ വിശ്വാസം കണ്ടെത്താനുള്ള എന്റെ ദീർഘനാളത്തെ കഠിന പോരാട്ടം
നരകത്തിൽ പോകുമെന്നു ഞാൻ എല്ലായ്പോഴും ഭയപ്പെട്ടിരുന്നു, സ്വർഗത്തിൽ പോകാൻമാത്രം ഞാൻ നല്ലവളല്ലെന്ന് എനിക്കറിയാമായിരുന്നു. ശുദ്ധീകരണസ്ഥലത്ത് എത്തിപ്പെടാനുള്ള ഭാഗ്യം എനിക്കു ലഭിച്ചേക്കാമെന്നു ഞാൻ വിചാരിച്ചു. അങ്ങനെ, ഞാൻ നരകത്തിൽ ചെന്നുപെടാതിരിക്കാനായി ഉള്ളുരുകി പ്രാർഥിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്തു.
യു.എസ്.എ.-യിലെ ഒറിഗണിലുള്ള ഹിമം മൂടിയ ചുരത്തിൽവെച്ച് എന്റെ കാറിന്റെ ചക്രങ്ങൾ വഴുതിയപ്പോൾ ഞാൻ എന്തു കുഴപ്പത്തിലാണു ചെന്നുപെട്ടതെന്ന് അതിശയിച്ചു. മഞ്ഞിലൂടെ വണ്ടിയോടിക്കുന്ന ആദ്യത്തെ അനുഭവമായിരുന്നു എനിക്കത്. പരിചയമില്ലാത്ത പാതകളിൽ ഒരു ഹിമവാതത്തിന്റെ നടുവിലായിരുന്നു ഞാൻ. ഇരു വശങ്ങളിലും കിഴുക്കാംതൂക്കായ മലയിടുക്കുകളും ഉണ്ടായിരുന്നു, കാറിന്റെ ബോണറ്റിനപ്പുറത്തേക്ക് എനിക്കു കാണാനേ കഴിഞ്ഞില്ല. ഞങ്ങളുടെ കഥകഴിഞ്ഞെന്നു ഞാൻ വിചാരിച്ചു. അതുകൊണ്ട് എന്നെയും എന്റെ യാത്രക്കാരിയെയും രക്ഷിക്കണമെന്നും പള്ളിയിലേക്കു മടങ്ങിച്ചെന്നുകൊണ്ട് അതിനു പകരം നൽകിക്കൊള്ളാമെന്നും ഞാൻ ദൈവത്തോടു പ്രാർഥിച്ചു.
ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകതന്നെ ചെയ്തു. പള്ളിയിലേക്കു മടങ്ങിച്ചെന്നുകൊള്ളാമെന്നുള്ള പ്രതിജ്ഞ ഞാൻ നിറവേറ്റി. ഞാൻ ടെലഫോൺ ഡയറക്ടറിയിൽ നോക്കി സിയാറ്റിലിലെ ഒരു പ്രാദേശിക പള്ളി കണ്ടുപിടിച്ചു. അടുത്ത ഞായറാഴ്ച അവിടെ പോകുകയും ചെയ്തു. മുമ്പ് അനുഭവപ്പെട്ടുകൊണ്ടിരുന്ന അതേ ശൂന്യതാബോധമാണ് അവിടെച്ചെന്നപ്പോഴും എനിക്കുണ്ടായത്. ഞാൻ മുമ്പു പോയ പള്ളിയിലെപ്പോലെതന്നെ ഈ പള്ളിയും പണത്തിനാണ് ഊന്നൽ നൽകിയത്. സംഭാവനാ കൂടയുമായി മൂന്നു പ്രാവശ്യം മുമ്പിലൂടെ കടന്നുപോയി! ദൈവത്തെ ആരാധിക്കാനുള്ള മറ്റൊരു മാർഗം എനിക്കു കണ്ടെത്തേണ്ടതുണ്ടെന്നു ഞാൻ ദൈവത്തോടു പറഞ്ഞതായി ഓർമിക്കുന്നു.
ഒരു കുട്ടിയായിരിക്കെ, പട്ടാളച്ചിട്ടയുള്ള കുടുംബത്തിൽ ഒരു അടിയുറച്ച കത്തോലിക്കയായിട്ടാണ് എന്നെ വളർത്തിക്കൊണ്ടുവന്നത്. ഒരു കത്തോലിക്കാ സ്കൂളിലാണു ഞാൻ പഠിച്ചത്. വേദപാഠക്ലാസ്സിൽ ആയിരിക്കുമ്പോൾ “നാം ഒരിക്കലും ബൈബിൾ ഉപയോഗിക്കാത്തതെന്തുകൊണ്ടാണ്?” എന്ന് കന്യാസ്ത്രീയോടു ചോദിച്ചതു ഞാൻ ഓർമിക്കുന്നു. എന്റെ വിശ്വാസം ബലിഷ്ഠമല്ലെന്ന് അവർ എന്നോടു പറഞ്ഞു. എന്റെ ബലഹീനതയെക്കുറിച്ച് ഒന്നിലധികം പ്രാവശ്യം എന്റെ മാതാപിതാക്കളെ അവർ അറിയിക്കുകയും ചെയ്തു.
സ്ഥിരമായ ദൈവഭയത്തോടെയാണു ഞാൻ വളർത്തപ്പെട്ടത്. എനിക്ക് അവനെക്കുറിച്ച് ഒരു അവ്യക്ത ധാരണയായിരുന്നു ഉണ്ടായിരുന്നത്. ദൈവം ആരാധനയർഹിക്കുന്നവനും ശരിയായ വിധത്തിൽ അവനെ ആരാധിച്ചില്ലെങ്കിൽ പീഡിപ്പിക്കുന്നവനുമായിരുന്നു. എനിക്ക് 17 വയസ്സായപ്പോൾ ഞാൻ മേലാൽ പള്ളിയിൽ പോകുകയില്ലെന്നു മാതാപിതാക്കളോടു പറഞ്ഞു. പള്ളിയിലൊഴികെ മറ്റെവിടെയും എനിക്കു ദൈവത്തോടു കൂടുതൽ അടുപ്പം തോന്നിയിരുന്നു. ഞാൻ കടൽത്തീരത്തുകൂടെ നടക്കുക പതിവായിരുന്നു. എന്നെ അലട്ടുന്നതെന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ ദൈവത്തോട് അതേപ്പറ്റി സംസാരിക്കുമായിരുന്നു. മനസ്സിലുള്ളത് അവനോടു പറയണമെന്നുമാത്രമേ എനിക്കുള്ളൂ എന്ന് ദൈവത്തെ അറിയിച്ചുകൊണ്ട് ഒരു പുരോഹിതനെ ഉപയോഗിക്കാതെ അവനോടു സംസാരിക്കുന്നതിൽ ഞാൻ ക്ഷമയാചിച്ചു. ലോകത്തിൽ സംഭവിക്കുന്നതെല്ലാം കണ്ടിട്ട് ഞാൻ നിരാശയായിത്തീരുകയും ചെയ്തിരുന്നു. അത് ഹിപ്പി കാലഘട്ടമായിരുന്നു. ലൈംഗികതയും മയക്കുമരുന്നും സംബന്ധിച്ച് എന്തുമാകാം എന്ന ചിന്താഗതിയോടുകൂടി എന്റെ കൂട്ടുകാർ അവയിൽ ഏർപ്പെട്ടു. അനാവശ്യ ഗർഭധാരണങ്ങളുടെയും ഗർഭച്ഛിദ്രങ്ങളുടെയും അമിത മയക്കുമരുന്നുപയോഗത്തിന്റെയും ദുഃഖകരമായ പരിണതഫലങ്ങൾ ഞാൻ ദർശിച്ചു—അതിന്റെ ഭാഗമായിരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല!
അന്വേഷണം തുടങ്ങുന്നു
മെച്ചമായ ഒന്നിനുവേണ്ടി അന്വേഷണം നടത്തുന്നതിനായി കോളെജ് വിടാൻ ഞാനും എന്റെയൊരു അടുത്ത സുഹൃത്തായ ബെക്കിയും തീരുമാനിച്ചു. മെച്ചമായ എന്തെങ്കിലുമൊന്ന് ഉണ്ടായിരിക്കണമായിരുന്നു! വാഷിങ്ടൺ സ്റ്റേറ്റിലുള്ള അവളുടെ അമ്മയെ സന്ദർശിക്കാൻ ഞങ്ങൾ തീരുമാനിച്ചു. എന്നെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങളിൽനിന്നു മനസ്സിന് ഒരു മോചനം കിട്ടാൻ അവിടെനിന്നും മാറിനിൽക്കേണ്ടതുണ്ടെന്നു ഞാൻ എന്റെ മാതാപിതാക്കളോടു പറഞ്ഞു. അങ്ങനെ, ഡ്രൈവ് ചെയ്തുപോകുമ്പോഴാണു ഞങ്ങൾ ഒറിഗണിലെ ഹിമവാതത്തിൽ ചെന്നുപെട്ടത്. അന്നു ഞായറാഴ്ച സിയാറ്റിലിലെ പള്ളിയിൽനിന്നു വെറുപ്പോടെ പോന്നതിനുശേഷം ഞാൻ വീട്ടിൽ ചെന്ന് ബെക്കിയുടെ അമ്മയായ എഡ്നയോട് എന്റെ മനോവികാരങ്ങളെക്കുറിച്ചു സംസാരിച്ചു. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്ന ഒരാളെ തനിക്കറിയാമെന്ന് അവൾ എന്നോടു പറഞ്ഞു. അവർ രാജ്യഹാളിലെ യഹോവയുടെ സാക്ഷികളെ വിളിച്ചു.
അവർ വരാനായി കാത്തിരുന്നതു ഞാനോർമിക്കുന്നു. മൂന്നു ദിവസം കഴിഞ്ഞാണ് അവർ എത്തിയത്. അവർ വന്നപ്പോൾ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും നല്ല ക്രിസ്ത്യാനികൾ അവരാണെന്ന് എനിക്കു തോന്നി. ക്ലാരൻസും എഡിത്ത് മ്യൂന്യെയുമായിരുന്നു വന്നവർ. ക്ലാരൻസ് വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ഒരു ബിരുദധാരിയായിരുന്നു, സ്പഷ്ടമായും അദ്ദേഹത്തിനു തിരുവെഴുത്തുകളിൽ നല്ല പാണ്ഡിത്യവുമുണ്ടായിരുന്നു. ദൈവത്തിന് യഹോവയെന്ന് ഒരു പേരുണ്ടെന്ന് അവർ വിശദമാക്കിയപ്പോൾ എനിക്കു പെട്ടെന്നു മതിപ്പുതോന്നി. എന്റെ തലയ്ക്കകത്ത് ഒരു പ്രകാശം തെളിഞ്ഞതുപോലെ എനിക്കു തോന്നി. ആദ്യത്തെ ചർച്ച മൂന്നു മണിക്കൂർ നീണ്ടുനിന്നു. മറ്റൊരു ചർച്ചക്കായി അവർ രണ്ടു ദിവസം കഴിഞ്ഞു മടങ്ങിവന്നു.
ഞാൻ വളരെയധികം ആവേശഭരിതയായിരുന്നു. ഉടൻതന്നെ എന്റെ മാതാപിതാക്കൾക്കു ഫോൺ ചെയ്ത് ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നുവെന്നു പറഞ്ഞു. ദൈവത്തിന് യഹോവയെന്ന് ഒരു പേരുണ്ടെന്നും യഹോവയുടെ സാക്ഷികൾ ബൈബിളിലെ സത്യം പഠിപ്പിക്കുന്നുവെന്നും ഞാൻ അവരോടു പറഞ്ഞു. യഹോവയുടെ സാക്ഷികളെക്കുറിച്ച് അവർ ഒരിക്കലും കേട്ടിട്ടില്ലെന്നും ഞാൻ പഠിച്ചിരിക്കുന്ന കാര്യങ്ങൾ പഠിക്കാൻ അവർ ആവേശഭരിതരായിരിക്കുമെന്നും എനിക്കറിയാമായിരുന്നു. എന്നാൽ അവർ യഹോവയുടെ സാക്ഷികളെക്കുറിച്ചു കേട്ടിരുന്നു, അവർ വളരെ അസ്വസ്ഥരായിത്തീരുകയും ചെയ്തു. എന്നെ കാലിഫോർണിയയിലേക്കു തിരിച്ചുകൊണ്ടുപോകാനായി അവർ എത്തി.
വീട്ടിൽ ചെന്നപ്പോൾ സഭയുമായി ഉടനടി ബന്ധം പുലർത്തേണ്ടതുണ്ടെന്നു ഞാൻ മനസ്സിലാക്കി. ഞാൻ രാജ്യഹാൾ കണ്ടുപിടിക്കുകയും അടുത്ത യോഗത്തിനുതന്നെ ഹാജരാകുകയും ചെയ്തു. ഒരു സഹോദരി എന്നെ നോക്കി പുഞ്ചിരിതൂകി. അതുകൊണ്ട് എന്നെ ബൈബിൾ പഠിപ്പിക്കാമോയെന്നു ഞാൻ അവരോടു ചോദിച്ചു. അവർക്ക് എന്തെന്നില്ലാത്ത വിസ്മയം തോന്നി, ഉടനടി സമ്മതിക്കുകയും ചെയ്തു. സഭയുമായി വീണ്ടും ബന്ധം പുലർത്താൻ കഴിഞ്ഞതിൽ എനിക്കു വളരെ സന്തോഷം തോന്നി. എന്തുകൊണ്ടെന്നാൽ ഒറ്റപ്പെട്ടതുപോലെ എനിക്കു തോന്നി തുടങ്ങിയിരുന്നു. എനിക്ക് സഹവാസത്തിന്റെ ആവശ്യമുണ്ടായിരുന്നു.—എബ്രായർ 10:24, 25.
കുടുംബത്തിൽനിന്നുള്ള പീഡനം തുടങ്ങുന്നു
എന്റെ പുതിയ മതത്തോടു മാതാപിതാക്കൾക്ക് അപ്പോഴും വളരെയധികം എതിർപ്പായിരുന്നു. അവർ എന്നെ ഒരു മനോരോഗ ചികിത്സകന്റെ അടുത്തേക്കയച്ചു. മാതാപിതാക്കൾ ഒരു റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ ഞാൻ മത്സര മനോഭാവം കാട്ടുകയാണെന്ന് അദ്ദേഹം അവരോടു പറഞ്ഞു. മത്സരിക്കുകയല്ലെന്നു ഞാൻ അവരോടു പറഞ്ഞു. ജീവിതത്തിൽ എനിക്ക് ഉത്തരങ്ങളും ജീവിക്കുന്നതിനുള്ള കാരണവും പ്രദാനം ചെയ്ത ഒരു സംഗതി ഞാൻ കണ്ടെത്തിയ ആദ്യ അവസരമായിരുന്നു അത്.
അതിൽപ്പിന്നെ, ഞാൻ രാജ്യഹാളിൽ പോകുമ്പോൾ എന്റെ മാതാപിതാക്കൾ വളരെ കുപിതരാകുമായിരുന്നു. ഞാൻ ആഗ്രഹിക്കുന്ന ഏതു കോളെജിലും പോകാനോ ആഗ്രഹിക്കുന്ന ഏതു പ്രവർത്തന രംഗത്തും സേവിക്കാനോ എനിക്കു കഴിയുമെന്നും അവയ്ക്കുള്ള ചെലവ് തങ്ങൾ വഹിച്ചുകൊള്ളാമെന്നും അവർ എന്നോടു പറഞ്ഞു. പക്ഷേ യഹോവയുടെ സാക്ഷികളുമായി എനിക്കു യാതൊരു ബന്ധവുമുണ്ടായിരിക്കാൻ പാടില്ലായിരുന്നു. ഇതു സഹിക്കാൻ പ്രത്യേകിച്ചും പ്രയാസകരമാക്കിത്തീർത്ത സംഗതി, എനിക്ക് എന്റെ കുടുംബത്തോടുള്ള സ്നേഹമായിരുന്നു. ഒരു യഹോവയുടെ സാക്ഷിയായിട്ടല്ല, ഒരു വേശ്യയായിട്ടാണ് എന്നെ കാണുന്നതെന്ന് പ്രത്യേകിച്ചും അസുഖകരമായ ഒരു ദിവസം അമ്മ എന്നോടു പറഞ്ഞു. എനിക്കു മറ്റാരുമാകാം, പക്ഷേ ഒരു യഹോവയുടെ സാക്ഷിയായിരിക്കാൻ പാടില്ലായിരുന്നു. ഞാൻ വീടുവിട്ടുപോകണമെന്നു മാതാപിതാക്കൾ എന്നോടു പറഞ്ഞു. സങ്കീർത്തനം 27:10 എന്റെ മനസ്സിലേക്കുവന്നു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” സഭയിലെ ഒരു സഹോദരിക്ക് ആൾപ്പാർപ്പില്ലാത്ത ഒരു വീടുണ്ടായിരുന്നു. അത് ഉപയോഗിക്കാൻ അവർ എന്നെ അനുവദിച്ചു.
എന്നെപ്പോലെതന്നെ വളരെ പുതിയ ഒരു സഹോദരിയെ ഞാൻ രാജ്യഹാളിൽവെച്ചു കണ്ടുമുട്ടി. അവളുടെ പേര് ക്രിസ് കെംപ് എന്നായിരുന്നു. വളരെ നല്ല സുഹൃത്തുക്കളായിത്തീർന്ന ഞങ്ങൾ ഒരുമിച്ചു താമസം തുടങ്ങി. ലോസാഞ്ചലസിലെ ഡോഡ്ജർ സ്റ്റേഡിയത്തിൽവെച്ച് 1969 ജൂലൈ 18-ന് ഞങ്ങൾ സ്നാപനമേറ്റു.
സഭാമീറ്റിംഗുകളിൽവെച്ച് ഞങ്ങൾ ഡാനാ വോൾഫ് എന്ന ഒരു മുഴുസമയ പയനിയർ സഹോദരിയെ ശ്രദ്ധിക്കുമായിരുന്നു. നല്ല ആത്മീയതയുള്ളവളായിരുന്നു അവൾ. അവൾക്കു താമസിക്കാൻ ഒരു സ്ഥലം ആവശ്യമാണെന്നു ഞങ്ങൾ മനസ്സിലാക്കി. അങ്ങനെ കൂടെ താമസിക്കാൻ വളരെ നല്ല ഒരു കൂട്ടുകാരിയെ ഞങ്ങൾക്കു ലഭിച്ചു.
യോഗത്തിൽ ആദ്യമായി ഒരു പരിപാടി നടത്തിയതു ഞാൻ ഓർമിക്കുന്നു. എനിക്കൊരു പ്രകടനം ലഭിച്ചിരുന്നു. ഞാൻ അത് അനേക തവണ തയ്യാറായി. അത് ഒരു പുസ്തകം സമർപ്പിക്കുന്ന പ്രകടനമായിരുന്നു. എനിക്കതു കാണാതെയറിയാമായിരുന്നു. എങ്കിലും, അവസാന നിമിഷത്തിൽ ഞാനത് എഴുതി പോക്കറ്റിലിട്ടു. സ്റ്റേജിൽ കയറിയ എനിക്ക് ഒന്നും ഓർമിക്കാൻ കഴിഞ്ഞില്ല. “ഹലോ . . . ഹലോ . . . ഹലോ” എന്നു ഞാൻ പറഞ്ഞു. ഞാൻ ഏതാണ്ട് അഞ്ചു തവണ ഹലോ പറഞ്ഞു. എനിക്കൊന്നും ഓർമിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞാൻ സദസ്സിനെ നോക്കിയിട്ട് ഇങ്ങനെ പറഞ്ഞു: “സാധാരണ വീടുകളിൽവെച്ച് ഞാൻ ഇങ്ങനെയൊന്നും ചെയ്യാറില്ല.” എന്നിട്ട് ഞാൻ ചുളുങ്ങിക്കൂടിയ എന്റെ നോട്ട്ബുക്ക് പേപ്പർ വലിച്ചെടുത്ത് പറയേണ്ടിയിരുന്നതെല്ലാം പദാനുപദം വായിച്ചു. വായിച്ചുതീർന്നപ്പോൾ ഞാൻ സീറ്റിൽ പോയിരുന്നു കരഞ്ഞു.
ആ പരിപാടി നടത്താൻ എന്നോട് ആവശ്യപ്പെട്ട സഹോദരൻ സദസ്സിനോട് ഇപ്രകാരം ചോദിച്ചു: “ഈ അവതരണത്തിൽനിന്നു നാം എന്താണു പഠിച്ചത്?” ആരും ഒന്നും ശബ്ദിച്ചില്ല. അപ്പോൾ ഞാൻ എഴുന്നേറ്റുനിന്നു സദസ്സിനെ നോക്കി ഇങ്ങനെ പറഞ്ഞു: “അവർക്ക് എങ്ങനെയാണ് എന്തെങ്കിലും പഠിക്കാൻ കഴിയുക? ഞാൻ വളരെ മോശമായിട്ടാണു ചെയ്തത്! തീർച്ചയായും അവരൊന്നും പഠിച്ചില്ല!” ഞാൻ ഇരുന്നിട്ട് പിന്നെയും കരച്ചിൽ തുടങ്ങി. ഇപ്പോൾ എന്റെ പരിപാടികൾ അൽപ്പംകൂടെ ഭേദമാണെന്ന് എനിക്കറിയാം—അവ മോശമാകാൻ തരമില്ല.
അധികം താമസിയാതെ, ആവശ്യം അധികമുള്ളിടത്തുപോയി തന്നോടുകൂടെ പയനിയറിങ് ചെയ്യാൻ കഴിയുന്ന ഒരാളെ കണ്ടുപിടിക്കാൻ ആഗ്രഹിക്കുന്നതായി ഡാനാ സംസാരിച്ചുതുടങ്ങി. അന്നു രാത്രിയിൽ ക്രിസ്സും ഞാനും ഞങ്ങളുടെ മുറിയിൽച്ചെന്ന് അതിനെക്കുറിച്ചു സംസാരിച്ചു. “ഞങ്ങൾ വരുന്നതിനെക്കുറിച്ചെന്തു പറയുന്നു?” എന്ന് പിറ്റേന്നു ഡാനായോടു ഞങ്ങൾ ചോദിച്ചു. ഡാനാ വളരെയധികം അമ്പരന്നുപോയി. ഞങ്ങൾ പുതിയവരായിരുന്നു, മാത്രമല്ല നിരന്തര പയനിയർമാരാകാൻ തക്കവണ്ണം ഞങ്ങൾ സ്നാപനമേറ്റിട്ട് അധികം നാളായിരുന്നുമില്ല! ഞങ്ങൾ പങ്കാളികളായിരിക്കുന്നതിനെക്കുറിച്ച് അവൾ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. ഏതായാലും അവൾ വാച്ച്ടവർ സൊസൈറ്റിക്കെഴുതി. സൊസൈറ്റി ഞങ്ങൾ മൂന്നുപേരെയും കെന്റക്കിയിലെ മിഡൽസ്ബറോയിൽ നിയമിച്ചു.
എന്റെ കുടുംബത്തിന്റെ എതിർപ്പു നിഷ്ഫലമാകുന്നു
ഞങ്ങൾ പുറപ്പെടാനായി സാധനങ്ങൾ പായ്ക്കു ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് എന്റെ കാർ കാലിഫോർണിയ സ്റ്റേറ്റിനു വെളിയിലേക്കു കൊണ്ടുപോകാൻ പറ്റില്ലെന്നു പറയാനായി എന്റെ മാതാപിതാക്കൾ എനിക്കു ഫോൺ ചെയ്തത്. കാറിനുവേണ്ടി ലോണെടുത്തപ്പോൾ അവർക്കും ഷെയറുണ്ടായിരുന്നു. സ്റ്റേറ്റിനു വെളിയിലേക്ക് കാർ കൊണ്ടുപോകാൻ ശ്രമിച്ചാൽ പൊലീസിനെ വിളിക്കുന്നതായിരിക്കുമെന്ന് അവർ എന്നോടു പറഞ്ഞു. അതുകൊണ്ടു ഞങ്ങൾ ബസിൽ പോകാൻ തീരുമാനിച്ചു. ഞങ്ങൾക്കുവേണ്ടി നടത്തിയ വിടവാങ്ങൽ യോഗത്തിൽവെച്ച് ഒരിക്കൽ ഞാൻ കണ്ടുമുട്ടിയ ഒരു സഹോദരൻ അടുത്തു വന്നിട്ട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു കാറിന്റെ വകയായി 3,000 ഡോളർ കടമുണ്ടെന്ന് എനിക്കറിയാം.” ഉണ്ടെന്നു ഞാൻ പറഞ്ഞു. താൻ അത് അടയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതു ചെയ്യാൻ അദ്ദേഹത്തെ തനിക്ക് അനുവദിക്കാൻ സാധ്യമല്ലെന്ന് ഞാൻ പറഞ്ഞു. എനിക്ക് ഞങ്ങളുടെ സഭയിലെ സഹോദരങ്ങളുമായി കൂടിവരാൻതക്കവണ്ണം അദ്ദേഹം ക്രമീകരണം ചെയ്തു. അവർ ഇപ്രകാരം പറഞ്ഞു: “അദ്ദേഹം അത് ആഗ്രഹിക്കുന്നെങ്കിൽ അങ്ങനെ ചെയ്യട്ടെ. യഹോവയുടെ ആത്മാവിനോട് എതിർക്കരുത്.” അങ്ങനെ കാറിന്റെ വില കൊടുത്തുതീർത്തു. എന്റെ മാതാപിതാക്കൾ വളരെ അസ്വസ്ഥരാകുകയും അതേസമയം ആരെങ്കിലും അങ്ങനെ ചെയ്യുമോയെന്ന് അമ്പരക്കുകയും ചെയ്തു. അടുത്തദിവസം ഞങ്ങൾ കെന്റക്കിയിലേക്കു തിരിച്ചു.
മിഡൽസ്ബറോയിൽ എത്തിച്ചേർന്നപ്പോൾ ഞങ്ങൾക്കു താമസത്തിനായി ഒരു മുറി ലഭിച്ചു. അത് ഒരു പഴയ രാജ്യഹാളിന്റെ പിന്നിലായിരുന്നു. അതിന് ഇൻസുലേഷൻ ഇല്ലായിരുന്നു. മഞ്ഞുകാലത്തു വളരെയധികം തണുപ്പനുഭവപ്പെട്ടു. വേനൽക്കാലത്തുപോലും തണുപ്പായിരുന്നു. എങ്കിലും വാടക താങ്ങാൻ കഴിയാഞ്ഞതുകൊണ്ട് അതു കിട്ടിയതിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു. ഞങ്ങൾക്ക് മുറി ചൂടാക്കാനുള്ള ഒരു ചെറിയ ഹീറ്റർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഞ്ഞുകാലത്തു ഞങ്ങൾ പല അടുക്കു വസ്ത്രങ്ങൾ ധരിച്ചു, കിടക്കാൻ പോകുമ്പോൾ പോലും. ചിലപ്പോൾ രാവിലെ തറയിൽ മൊത്തം ഒരു മഞ്ഞുപാളി കാണാം. ഞങ്ങളുടെ സോക്സ് അതിൽ ഒട്ടിപ്പിടിക്കുമായിരുന്നു. കുളിമുറിയിൽ മഞ്ഞുകട്ട അടിച്ചുപൊട്ടിക്കുന്നതിനു ഞങ്ങൾ എല്ലായ്പോഴും ഒരു ചുറ്റിക കരുതിവെച്ചിരുന്നു. എന്തുകൊണ്ടെന്നാൽ രാത്രിയിൽ കുളിമുറിയിലെ വെള്ളം തണുത്തുറയുമായിരുന്നു.
ഞാനും ക്രിസും മുഴുസമയ ശുശ്രൂഷകരായിരുന്നിട്ട് അഞ്ചു മാസമേ ആയിരുന്നുള്ളൂ. എന്നാൽ അതിനോടകം തന്നെ ഞങ്ങൾക്ക് അനേകം നല്ല ബൈബിൾ അധ്യയനങ്ങൾ ലഭിച്ചിരുന്നു. അവിടെയായിരിക്കുന്നത് ആവേശകരമായിരുന്നു. പയനിയറിങ്ങിന്റെ ആദ്യത്തെ ആ ഏതാനും ചില മാസങ്ങളിൽ ഞങ്ങൾക്കെല്ലാവർക്കും ഓരോ മാസവും ശരാശരി 150 മണിക്കൂറിൽ കൂടുതലുണ്ടായിരുന്നതിൽ ഞങ്ങൾ വളരെയധികം സന്തുഷ്ടരായിരുന്നു. വേനൽക്കാലത്ത് ഒരു താത്കാലിക പ്രത്യേക പയനിയറായി സേവിക്കാൻ ഡാനാ ആഗ്രഹിച്ചു. അതുകൊണ്ട് സാക്ഷികളുടെ ന്യൂയോർക്കിലുള്ള ആസ്ഥാനത്തേക്കു പോകാൻ അവൾ തീരുമാനിച്ചു. ഞങ്ങൾ ഒരിക്കലും അവിടെ പോയിരുന്നില്ല. അതുകൊണ്ട് അവളോടുകൂടെ പോകാൻ ഞങ്ങളും തീരുമാനിച്ചു. അവിടെയായിരിക്കെ ഡാനാ സർവീസ് ഡിപ്പാർട്ടുമെൻറിലേക്കു ചെന്നു. ഞങ്ങളും അവളോടൊപ്പം പോയി. ഞങ്ങളെ അമ്പരപ്പിക്കുമാറ് അവർ ഞങ്ങൾ മൂന്നു പേരെയും പ്രത്യേക മുഴുസമയ പയനിയർമാരായി നിയമിച്ചു.
എന്റെ പിതാവ് വാക്കു തെറ്റിക്കുന്നു, തിരുവെഴുത്ത് തെറ്റായി ബാധകമാക്കുന്നു
ഞാൻ പ്രത്യേക പയനിയറിങ് തുടങ്ങിയ ആ മാസം തന്നെ എന്നെ തളർത്തിക്കളയാനുള്ള ശ്രമങ്ങൾ സാത്താൻ വർധിപ്പിച്ചു. എനിക്കു ബാങ്കിൽനിന്നും ഇനംതിരിച്ചെഴുതിയ ഒരു ബില്ല് ലഭിച്ചു. എന്റെ കോളെജ് വിദ്യാഭ്യാസത്തിനുവേണ്ടി മാസംതോറും 32.80 ഡോളർ ഞാൻ അടച്ചുതുടങ്ങണമെന്ന് അതിൽ പ്രസ്താവിച്ചിരുന്നു. അത് അപ്രതീക്ഷിതമായിരുന്നു. എന്തുകൊണ്ടെന്നാൽ ശരാശരി എ ഗ്രേഡ് ഞാൻ നിലനിർത്തിപ്പോന്നാൽ കോളെജ് വിദ്യാഭ്യാസത്തിന്റെ ചെലവ് എന്റെ മാതാപിതാക്കൾ വഹിച്ചുകൊള്ളാമെന്ന് അവർ എന്നോട് എപ്പോഴും പറയുമായിരുന്നു. ഞാൻ അതു നിലനിർത്തിയിരുന്നു. ഞാൻ എന്റെ പിതാവിന് എഴുതി, ഈ കാര്യത്തിൽ എന്നെ ഒരു യഹോവയുടെ സാക്ഷിയായി കാണാതെ അദ്ദേഹത്തിന്റെ പുത്രിയായി കാണണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ആവശ്യപ്പെട്ട ഗ്രേഡുകൾ നിലനിർത്തുകയാണെങ്കിൽ എന്റെ വിദ്യാഭ്യാസത്തിനുള്ള ചെലവ് എല്ലായ്പോഴും അദ്ദേഹം വഹിച്ചുകൊള്ളുമെന്ന, എന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് ഞങ്ങൾ നടത്തിയ കരാറിനെക്കുറിച്ചു സ്നേഹപുരസ്സരമായ ഒരു വിധത്തിൽ ഞാൻ അദ്ദേഹത്തെ ഓർമിപ്പിച്ചു. ഒരു മാസം ലഭിക്കുന്ന വെറും 50 ഡോളറുകൊണ്ട് ജീവിതം കഴിച്ചുകൂട്ടിയിരുന്ന എനിക്ക് ഇത് അടച്ചുകൊണ്ടിരിക്കുന്നതു വലിയ ബുദ്ധിമുട്ടായിരിക്കുന്നതിനാൽ ദയവായി ഈ ഭാരം എന്റെമേൽ വെക്കരുതെന്നു ഞാൻ ആവശ്യപ്പെട്ടു. മാസം 32.80 ഡോളർ അടച്ചുകഴിഞ്ഞാൽപ്പിന്നെ കഴിഞ്ഞുകൂടാൻ 17.20 ഡോളറേ ബാക്കിയുണ്ടായിരിക്കൂ.
ഒരു തിരുവെഴുത്ത് ഉൾപ്പെടുത്തിക്കൊണ്ട് എന്റെ പിതാവ് മറുപടി എഴുതി. അദ്ദേഹം ഇങ്ങനെ എഴുതി: “എല്ലായ്പോഴും ബൈബിൾ ഉപയോഗിക്കുന്ന നീ ഈ തിരുവെഴുത്തിനെക്കുറിച്ച് എന്തു പറയുന്നു: ‘വേലചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു.’ നീ നിന്റെ വിദ്യാഭ്യാസം പ്രയോജനകരമായ എന്തിനെങ്കിലും വേണ്ടി ഉപയോഗിക്കുന്നില്ല, അതുകൊണ്ട് ഈ പണം നീ ബാങ്കിലടയ്ക്കണം.”—2 തെസ്സലൊനീക്യർ 3:10.
ചെറുതും സംക്ഷിപ്തവുമായ ആ സന്ദേശം ലഭിച്ചപ്പോൾ അതെന്നെ വളരെയധികം മുറിപ്പെടുത്തി. ഞാനെന്റെ കാറിൽ കയറി ഒറ്റയ്ക്ക് എവിടെയോ ചെന്നിരുന്നു കരഞ്ഞു. എന്തുകൊണ്ടെന്നാൽ എനിക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. പിന്നെ ഞാൻ കരച്ചിൽ നിർത്തി കുപിതയായിത്തീർന്നു. എനിക്കെതിരെ പ്രവർത്തിക്കുന്നത് എന്റെ മാതാപിതാക്കളല്ല, സാത്താനാണെന്നു ഞാൻ തിരിച്ചറിഞ്ഞു. സാത്താൻ ജയിക്കാൻ പോകുന്നില്ലെന്നും എന്നെക്കൊണ്ട് പയനിയറിങ് നിർത്തിക്കുന്നതിൽ അവൻ വിജയിക്കാൻ പോകുന്നില്ലെന്നും എന്നെ വിട്ടുപോകാനും പറഞ്ഞുകൊണ്ട് ഞാൻ സാത്താനോട് അലറി.
അനേകം കഷ്ടങ്ങൾ, അനേകം അനുഗ്രഹങ്ങൾ
ആഴ്ചയിൽ 20 മണിക്കൂർ—അതായത് ഒരു ദിവസം 11-ഉം പിറ്റേദിവസം 9-ഉം മണിക്കൂർ—ജോലിചെയ്യേണ്ട ഒരു അംശകാല ജോലി എനിക്കു കിട്ടി. ഞാൻ പ്രത്യേക പയനിയറിങ് തുടരുകയും ചെയ്തു. രണ്ടാംകിട സാധനങ്ങൾ വിൽക്കുന്ന കടകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നു ഞാൻ വേഗം പഠിച്ചു. എന്റെ ശൈത്യകാല വസ്ത്രശേഖരം ഒരു ഡോളറിനു വാങ്ങിയ നാലു പാവാടകളായിരുന്നു. ശൈത്യകാലത്തിടാനുള്ള എന്റെ കോട്ടിന്റെ വില 1.50 ഡോളറായിരുന്നു. ഞാൻ തറകൾ തേച്ചുകഴുകിയാണ് 20 ഡോളറിന്റെ ഒരു ജോടി ബൂട്ട്സ് വാങ്ങിയത്. ഞങ്ങൾക്കെല്ലാവർക്കും പാടുപെടേണ്ടി വന്നു. പണം സൂക്ഷിക്കുന്നതിനുള്ള ശ്രമമായി ഞാൻ ഒരു സേവിങ്സ് അക്കൗണ്ട് തുടങ്ങി. ചിലപ്പോൾ ഞാൻ 25 സെന്റു നിക്ഷേപിച്ചിട്ട് പിന്നെ അതു പെട്രോളിനുവേണ്ടി എടുക്കുമായിരുന്നു. ഞാൻ ചെല്ലുന്നതു കാണുന്നത് ബാങ്കിലെ കാഷ്യർമാർക്ക് വെറുപ്പായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. ഒടുവിൽ അവർ എന്റെ അക്കൗണ്ട് ക്ലോസു ചെയ്തു—എല്ലായ്പോഴും അതിൽ തീരെ കുറച്ചു പണമേ ഉണ്ടായിരുന്നുള്ളു. ഞാൻ എല്ലാ സേവനങ്ങളും ചെയ്തുതരുന്ന ഒരു പെട്രോൾ പമ്പിൽ ചെന്ന് 25 സെൻറിന്റെ പെട്രോൾ വാങ്ങുമായിരുന്നു. കുറെനാൾ കഴിഞ്ഞപ്പോൾ ഞാൻ അവിടെ എപ്പോൾ ചെന്നാലും അറ്റൻഡർമാർ ഒന്നു ദീർഘശ്വാസം വിടുമായിരുന്നു. പെട്രോൾ വാങ്ങാൻ ഒട്ടും പണമില്ലായിരുന്ന സമയങ്ങളുണ്ടായിരുന്നിട്ടുണ്ട്. ഇന്ധനം കുറവാണെന്നും അതേസമയംതന്നെ ഒരു ബൈബിളധ്യയനത്തിനു ചെല്ലേണ്ടതുണ്ടെന്നും മനസ്സിലാക്കിക്കൊണ്ടായിരുന്നു ഞങ്ങൾ പലപ്പോഴും കാറിൽ കയറിയിരുന്നത്. ചിലപ്പോൾ ഞങ്ങൾ പോസ്റ്റോഫീസിൽ പോകുമ്പോൾ ഞങ്ങൾക്കുള്ള കത്തിൽ ആരെങ്കിലും അയച്ച ഒരു ഡോളർ ഞങ്ങൾ കണ്ടെത്തും—അതു കഷ്ടിച്ചു കഴിഞ്ഞുകൂടാൻ ഞങ്ങളെ സഹായിക്കും. ഈ പ്രശ്നങ്ങളുടെയെല്ലാം മധ്യേ യഹോവയുടെ സഹായം ഞങ്ങളുടെ ജീവിതത്തിൽ കാണാൻ കഴിഞ്ഞു. അത് വളരെയധികം ഹൃദയസ്പർശകമായിരുന്നു.
കത്തുകളിലൊട്ടിക്കാൻ സ്റ്റാമ്പിനുവേണ്ടി കുപ്പികൾ പെറുക്കിയെടുത്തു വിറ്റിരുന്നത് ഞാനോർക്കുന്നു. 8 ഡോളറിന്റെ ഒരു ജോടി ഷൂസ് വാങ്ങിക്കുന്നതിന് എനിക്കു മൂന്നു മാസത്തേക്ക് അങ്ങനെ പണം സൂക്ഷിക്കേണ്ടി വന്നു. പിന്നെ എനിക്ക് അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം സംഭവിച്ചു. എനിക്കു വാസ്തവത്തിൽ രണ്ടു ജോടി അടിവസ്ത്രങ്ങളെ ഉണ്ടായിരുന്നുള്ളു. ഞാൻ യഹോവയോടു പ്രാർഥിക്കുകയും ഇത് വാസ്തവത്തിൽ പ്രാർഥിക്കാൻ പറ്റിയ ഒരു സംഗതിയല്ലെന്ന് എനിക്കു തോന്നുന്നുവെന്നും എന്നാൽ എന്തു ചെയ്യണമെന്ന് എനിക്കറിയാൻ പാടില്ലെന്നും ഞാൻ അവനോടു പറയുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ 17 ജോടി ഷഡ്ഡികളും ഒരു പെറ്റിക്കോട്ടും ഒരു ബ്ലൗസും മറ്റിനങ്ങളും അടങ്ങുന്ന ഒരു പാക്കറ്റ് എനിക്കു ലഭിച്ചു! ഒരു വർഷത്തോളം എനിക്ക് ഒരു വിവരവും ലഭിക്കാതിരുന്ന ഒരാളിൽനിന്നായിരുന്നു അതെല്ലാം എത്തിയത്.
ആ പ്രദേശത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നു നിയമവിരുദ്ധ മദ്യവിൽപ്പനയായിരുന്നു. അവരുടെ നിയമവിരുദ്ധ നടപടികൾ നിമിത്തം ചില ഭാഗങ്ങളിലുള്ള ആളുകൾ ചിലരോടു മാത്രം സഹവസിക്കുന്നവരും അപരിചിതരെക്കുറിച്ചു സംശയാലുക്കളുമായിരുന്നു. എങ്കിലും എനിക്ക് അനേകം അധ്യയനങ്ങളുണ്ടായിരുന്നു. അവസാനമായപ്പോൾ ആഴ്ചയിൽ 25 മണിക്കൂറോളം എനിക്കു വയൽസേവനത്തിൽ ഒറ്റയ്ക്കു പ്രവർത്തിക്കേണ്ടിവന്നു. ആ സമയത്ത് എനിക്കു യഹോവയോടു തോന്നിയിരുന്ന അടുപ്പം മറ്റൊരിക്കലും തോന്നിയിരുന്നില്ല. എന്തുകൊണ്ടെന്നാൽ എനിക്കു പൂർണമായും അവനിൽ ആശ്രയിക്കേണ്ടതുണ്ടായിരുന്നു. നിങ്ങൾക്കുള്ള വസ്തുവകകളല്ല പിന്നെയോ യഹോവയുമായുള്ള നിങ്ങളുടെ ബന്ധമാണു പ്രാധാന്യമർഹിക്കുന്നതെന്നു നിങ്ങൾക്കു മനസ്സിലാകും. ഭൗതിക വസ്തുക്കൾ നിങ്ങളെ സന്തുഷ്ടരാക്കുന്നില്ല; യഹോവയാണു നിങ്ങളെ സന്തുഷ്ടരാക്കുന്നതെന്നു നിങ്ങൾ മനസ്സിലാക്കുന്നു.—ലൂക്കൊസ് 12:15.
ഞാൻ സ്നേഹമുള്ള ഒരു പുതിയ കുടുംബത്തെ സമ്പാദിക്കുന്നു
എന്റെ കോളെജ് വിദ്യാഭ്യാസത്തിന്റെ ബില്ല് അടച്ചുതീർന്ന അതേ മാസം തന്നെയാണ് ഞാൻ എന്റെ ഭാവി ഭർത്താവും ഉത്തമ സുഹൃത്തുമായ ജെഫ് മലോണിനെ കണ്ടുമുട്ടിയത്. അദ്ദേഹം ബെഥേലിലായിരുന്നു. ഒരു വർഷം കഴിഞ്ഞ് ഞങ്ങൾ വിവാഹിതരായി. ഞാൻ ജെഫിനെ വിവാഹം കഴിച്ചപ്പോൾ എനിക്ക് അദ്ദേഹത്തെ ഭർത്താവായി ലഭിച്ചെന്നു മാത്രമല്ല അദ്ദേഹത്തിന്റെ മമ്മിയെയും സഹോദരിയെയും അമ്മാവനെയും എനിക്കു ലഭിച്ചു. അവരെ ഞാൻ വളരെയധികം സ്നേഹിക്കുന്നു. ഞങ്ങൾക്ക് യഹോവയോടു പൊതുവായുള്ള സ്നേഹം മറ്റേതു ബന്ധത്തെക്കാളുമധികമായി ഞങ്ങളെ ഏകീകരിക്കുന്നു. എനിക്കും ജെഫിനും ടെന്നിസീലെ യൂണിയൻ നഗരത്തിൽ പ്രത്യേക പയനിയർമാരായി നിയമനം ലഭിച്ചു. അവിടെ വെറും മൂന്നോ നാലോ മാസം പ്രവർത്തിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ബെഥേൽ സേവനത്തിനുവേണ്ടി അപേക്ഷിച്ചു. അപേക്ഷ സ്വീകരിക്കപ്പെടുകയും ചെയ്തു.
ഞങ്ങൾ 1980-ൽ ബെഥേൽ വിട്ടു. ആ വർഷം ഒടുവിൽ ഞങ്ങളുടെ പുത്രി മെഗൻ ജനിച്ചു. ഞങ്ങളുടെ പുത്രൻ ജെ. റ്റി., ജനിച്ചത് 1983-ലാണ്. ഇപ്പോൾ ഞാനും ജെഫും ടെക്സാസിലെ ഫോർട്ട് വെർത്തിലുള്ള ഫോറസ്റ്റ് ഹിൽ സഭയോടൊത്തു നിരന്തര പയനിയർമാരായി സേവിക്കുകയാണ്.
യഹോവയെ സ്നേഹിക്കാൻ തക്കവണ്ണം ഞങ്ങളുടെ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനു കഴിയുന്നതെല്ലാം ചെയ്യുമെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. ഒരു മൂപ്പനായി സേവിക്കുന്നുവെങ്കിലും ജെഫ് ഞങ്ങളുടെ കുടുംബത്തിന്റെ ആത്മീയ താത്പര്യങ്ങൾ എല്ലായ്പോഴും ഒന്നാമതു വെക്കുന്നു. യോഗത്തിലെ ക്രമമായ ഹാജരാകൽ, കുട്ടികളെ വായിച്ചുകേൾപ്പിക്കൽ, വയൽസേവനത്തിൽ പങ്കെടുക്കൽ, ദിനവാക്യം ചർച്ചചെയ്യൽ, രാജ്യഹാൾ നിർമാണ പദ്ധതികൾക്കു പോകൽ എന്നിവ സംബന്ധിച്ച സൊസൈറ്റിയുടെ നിർദേശങ്ങൾ ഞങ്ങൾ പിൻപറ്റിയിരിക്കുന്നു. കുട്ടികളെ കട്ടിലിൽ കിടത്തി അവരെ പാട്ടുപാടി കേൾപ്പിച്ചുകൊണ്ടും ബൈബിൾ കഥകൾ വായിച്ചുകേൾപ്പിച്ചുകൊണ്ടും ഓരോരുത്തരുടെയും കൂടെ പ്രത്യേകം പ്രത്യേകം ഇരുന്ന് പ്രാർഥിച്ചുകൊണ്ടും ഞങ്ങളിരുവരും മിക്കപ്പോഴും ഒരു മണിക്കൂറിലധികം ചെലവഴിക്കുന്നു. ഞങ്ങളെല്ലാവരും ഒരുമിച്ച് മുഴുസമയസേവനത്തിൽ ഉണ്ടായിരിക്കണമെന്നതാണു ഞങ്ങളുടെ കുടുംബ ലക്ഷ്യം. ഇക്കണ്ട വർഷങ്ങളിലെല്ലാം എല്ലായ്പോഴും ഞങ്ങൾക്കു വളരെ ശക്തമായി തോന്നിയിരിക്കുന്ന ഒരാശയം, ജോലിയായാലും കളിയായാലും ഒരു കുടുംബമെന്ന നിലയിൽ ഒറ്റക്കെട്ടായി നിന്നുകൊണ്ട്, ഒരു കുടുംബമെന്നനിലയിൽ കാര്യങ്ങൾ ചെയ്യുക എന്നതാണ്.
“യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?” എന്ന് ദാവീദ് ഉചിതമായിത്തന്നെയാണു പറഞ്ഞതെന്ന് പിന്തിരിഞ്ഞു നോക്കുമ്പോൾ എനിക്കു സ്ഥിരീകരിക്കാൻ കഴിയും. (സങ്കീർത്തനം 116:12) സാത്താൻ ചെയ്ത ഏതെങ്കിലുമൊരു കാര്യം യഹോവയ്ക്ക് നിഷ്ഫലമാക്കാൻ കഴിയാതിരുന്നിട്ടില്ല. യഹോവയുടെ സേവനത്തിൽ ഏകീകൃതരായ ജെഫും മെഗനും ജെ. റ്റി.-യും ഉൾപ്പെട്ട, അടുപ്പവും സ്നേഹവും ഉള്ള ഒരു കുടുംബം എനിക്കുണ്ട്; കൂടാതെ യഹോവയുടെ സ്ഥാപനത്തിന്റെ ഭാഗമായിരിക്കുന്നതിനാൽ എനിക്ക് അത്ഭുതകരമായ ഒരു ലോകവ്യാപക കുടുംബത്തെയും ലഭിച്ചിരിക്കുന്നു. അതിനുവേണ്ടി ഞാൻ എന്നുമെന്നും നന്ദിയുള്ളവളായിരിക്കും.—കാരൻ മലോൺ പറഞ്ഞപ്രകാരം.
[23-ാം പേജിലെ ചിത്രം]
കാരൻ ഭർത്താവിനോടും രണ്ടു കുട്ടികളോടുമൊപ്പം