വേണ്ടത്ര വെള്ളം ഉണ്ടായിരിക്കുമോ?
“ഭൂമിയിലെ മുഴു ജലത്തിന്റെയും വെറും 2% മാത്രമേ ശുദ്ധമായിരിക്കുന്നുള്ളു. ആ ഉപയോഗയോഗ്യമായ ജലത്തിന്റെ 2/3 ധ്രുവ, ഹിമാനി മേഖലകളിൽ ഉറഞ്ഞുകിടക്കുകയാണ്, 1%[-ത്തിൽ കുറവു] മാത്രമേ ശുദ്ധജലമായി ദ്രാവകരൂപത്തിലുള്ളൂ.”—നാഷണൽ ജിയോഗ്രഫിക്കിന്റെ ഒരു പ്രസിദ്ധീകരണമായ ഗവേഷണവും പര്യവേക്ഷണവും (ഇംഗ്ലീഷ്).
നിങ്ങൾക്ക് പൈപ്പുവഴി വീട്ടിൽ പാനയോഗ്യമായ വെള്ളം ലഭിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ കൂടുതൽ അനുഗൃഹീതരായവരിൽപ്പെടുന്നു. കോടിക്കണക്കിന് ആളുകൾക്കു പലപ്പോഴും കിലോമീറ്ററുകൾ അകലെ പോയി വെള്ളം കൊണ്ടുവരേണ്ടതുണ്ട്—പലപ്പോഴും അതു കുടിക്കാൻ കൊള്ളാത്തതുമാണ്. മറ്റു ചിലർക്കാണെങ്കിൽ ഈ വിലപ്പെട്ട ദ്രാവകത്തിന്റെ അൽപ്പം റേഷനുവേണ്ടി പൊതു ടാപ്പുകളുടെയടുത്തോ ലോറികൾക്കു സമീപമോ തടിച്ചുകൂടേണ്ടിയിരിക്കുന്നു. ഗവേഷണവും പര്യവേക്ഷണവും ഇപ്രകാരം പ്രസ്താവിക്കുന്നു: “മനുഷ്യർ പെരുകുന്നതോടെ ജലത്തിന്റെ ഉപയോഗവും അതിന്റെ കൈകാര്യം ചെയ്യലും സംബന്ധിച്ച പ്രശ്നങ്ങളും പെരുകുന്നു. ഇപ്പോൾത്തന്നെ ഏതാണ്ട് 100 കോടിയാളുകൾ നല്ല കുടിവെള്ളം ലഭിക്കുന്നതു പ്രയാസകരമായി അല്ലെങ്കിൽ അസാധ്യമായി കണ്ടെത്തുന്ന വികസ്വര ലോകത്ത് ഈ പ്രശ്നങ്ങൾ ഏറ്റവും രൂക്ഷമാണ്.” ലോക ജനസംഖ്യയുടെ ഏതാണ്ട് 5-ൽ 1-ന് ഉപയോഗയോഗ്യമായ ജലം കണ്ടെത്തുന്നതു സംബന്ധിച്ചു ഗൗരവമായ പ്രശ്നങ്ങളുണ്ടെന്നാണ് ഇതിന്റെ അർഥം.
ഈ ജല ദൗർലഭ്യത്തിൽ ഭാവി പോരാട്ടങ്ങളുടെ വിത്തുകൾ ഇപ്പോൾത്തന്നെ വിതക്കപ്പെട്ടിരിക്കുന്നു. ഒരു വിദഗ്ധൻ ഇപ്രകാരം പറഞ്ഞു: “ആളുകളുടെ വർധിച്ചുകൊണ്ടിരിക്കുന്ന വലിയ എണ്ണത്തിന് തങ്ങളുടെ ഭാഗധേയം മെച്ചപ്പെടുത്താൻ കഴിയാതെവരും. എന്തുകൊണ്ടെന്നാൽ അവർ ചേരിപ്രദേശങ്ങളിലാണു താമസിക്കുന്നത്, അവിടെ ദാരിദ്ര്യത്തിനും സാംസ്കാരിക ക്രമരാഹിത്യത്തിനും ധാർമിക കുഴപ്പത്തിനും മേലെ ഉയരാനുള്ള ശ്രമങ്ങൾ കുടിവെള്ളം, കൃഷിചെയ്യാനുള്ള മണ്ണ്, കഴിഞ്ഞുകൂടാനുള്ള സ്ഥലം എന്നിവയുടെ അഭാവത്താൽ പരാജയമടയും.”
ഈ വിലപ്പെട്ട വിഭവം ജ്ഞാനപൂർവം ഉപയോഗിക്കുന്നതിനു വ്യക്തിപരമായി നമുക്ക് എന്തു ചെയ്യാൻ കഴിയും? അതു പാഴാക്കാതെയും ശ്രദ്ധിച്ചും ഉപയോഗിക്കുക—അത് വിലപ്പെട്ടതും പരിമിതവുമാണ്.
1) ജലം പാഴാക്കരുത്. പല്ലു തേക്കുകയോ ഷേവ് ചെയ്യുകയോ ചെയ്യുന്നതുപോലെയുള്ള സന്ദർഭങ്ങളിൽ ടാപ്പുകൾ അനാവശ്യമായി തുറന്നിടരുത്. ഷവറിനു കീഴെ വളരെയധികം സമയം ചെലവിടരുത്—ഒരു ഷവർ ഉണ്ടായിരിക്കാൻ തക്കവണ്ണം നിങ്ങൾ അനുഗൃഹീതനാണെന്നു കരുതിക്കൊണ്ട്!
2) ജലം അശുദ്ധമാക്കുകയോ മലിനമാക്കുകയോ ചെയ്യരുത്. മലിനമായ ഒരു നദിയോ അരുവിയോ നിങ്ങളുടെ വീടിനു സമീപത്തുകൂടെ പോകുന്നെങ്കിൽ മേൽഭാഗത്തുള്ള ആരോ നിങ്ങളുടെ സമൂഹത്തിന്റെ മർമപ്രധാനമായ ഒരു ജീവസരണിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നഗര അധികാരികൾ, വ്യവസായികൾ, കർഷകർ തുടങ്ങിയവരും മലിനവസ്തുക്കളും രാസോൽപ്പന്നങ്ങളും അതുപടി അരുവികളിലേക്കും നദികളിലേക്കും ഒഴുകാനോ ഒലിച്ചിറങ്ങാനോ അനുവദിക്കുന്ന മറ്റുള്ളവരുമാണു പലപ്പോഴും ഈ മലിനീകരണത്തിന്റെ മുഖ്യ ഉത്തരവാദികൾ.
നാം നമ്മുടെ ഗ്രഹത്തെ ഉപയോഗിക്കുന്ന വിധം സംബന്ധിച്ചു കണക്കുചോദിക്കാനുള്ള അധികാരം ഭൂമിയുടെ സ്രഷ്ടാവും ഉടമയും എന്നനിലയിൽ ദൈവത്തിനുണ്ട്. യഹോവ തീർച്ചയായും ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും’ എന്നു ബൈബിൾ പ്രവചിക്കുന്നു.—വെളിപ്പാടു 11:18.