സഭകൾ മൗനംപാലിച്ചതിന്റെ കാരണം
ബേയ്ലർ സർവകലാശാലയിലെ ഡോ. ഫ്രാങ്ക്ളിൻ ലിറ്റൽ 1993 ഡിസംബർ 8-ന് അസ്വസ്ഥമാക്കുന്ന “സുനിശ്ചിത സത്യ”ത്തെക്കുറിച്ച് ഐക്യനാടുകളിലെ ഹോളോക്കാസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിൽ സംസാരിക്കുകയുണ്ടായി. എന്തായിരുന്നത്?
“ക്രൈസ്തവലോകത്തിന്റെ ഹൃദയഭാഗത്തുവെച്ചു മാമ്മോദീസാ മുങ്ങിയ റോമൻ കത്തോലിക്കരും പ്രൊട്ടസ്റ്റൻറുകാരും ഈസ്റ്റേൺ ഓർത്തഡോക്സുകാരും ആറു ദശലക്ഷം വരുന്ന യഹൂദന്മാരെ ഉന്നംവെച്ചു ആസൂത്രിതമായി കൂട്ടക്കൊല ചെയ്തു. പക്ഷേ അവരാരും ശാസിക്കപ്പെട്ടില്ല, അപ്പോൾപ്പിന്നെ പുറത്താക്കപ്പെടുന്നതിന്റെ കാര്യം പറയേണ്ടതില്ലല്ലോ” എന്നു ലിറ്റൽ പറഞ്ഞതായിരുന്നു ആ സത്യം. എന്നിരുന്നാലും, ഹിറ്റ്ലറുടെ ഭരണത്തിൽ മതം ഇടപെടുന്നതിനെക്കുറിച്ച് ഒരു ശബ്ദം നിരന്തരം തുറന്നു പറയുകതന്നെ ചെയ്തു. നാം കണ്ടുകഴിഞ്ഞതുപോലെ, ആ ശബ്ദം യഹോവയുടെ സാക്ഷികളുടേതായിരുന്നു.
ഹിറ്റ്ലർ മാമ്മോദീസാ മുങ്ങിയ ഒരു റോമൻ കത്തോലിക്കനായിരുന്നു. അദ്ദേഹത്തിന്റെ ഗവൺമെൻറിലെ പല നേതാക്കൻമാരും അങ്ങനെതന്നെയായിരുന്നു. അവർ എന്തുകൊണ്ടാണു പുറത്താക്കപ്പെടാഞ്ഞത്? ഈ മനുഷ്യർ കാട്ടിക്കൂട്ടിക്കൊണ്ടിരുന്ന കൊടുംക്രൂരതകളെ കത്തോലിക്കാ സഭ എന്തുകൊണ്ടാണു കുറ്റംവിധിക്കാഞ്ഞത്? പ്രൊട്ടസ്റ്റൻറ് സഭയും എന്തുകൊണ്ടാണു മൗനംപാലിച്ചത്?
വാസ്തവത്തിൽ സഭകൾ മൗനംപാലിച്ചോ? അവ ഹിറ്റ്ലറുടെ യുദ്ധശ്രമങ്ങളെ പിന്തുണച്ചുവെന്നതിന് എന്തെങ്കിലും തെളിവുണ്ടോ?
കത്തോലിക്കാ സഭയുടെ പങ്ക്
കത്തോലിക്കാ ചരിത്രകാരനായ ഇ. ഐ. വാറ്റ്കിൻ ഇങ്ങനെ എഴുതി: “സമ്മതിക്കുന്നതു വേദനാകരമാണെങ്കിലും, തങ്ങളുടെ രാജ്യത്തെ ഗവൺമെൻറ് പോരാടിയ എല്ലാ യുദ്ധങ്ങളെയും ബിഷപ്പുമാർ മിക്കപ്പോഴും പിന്താങ്ങിയിട്ടുണ്ടെന്നുള്ള ചരിത്രപരമായ വസ്തുതയെ വ്യാജമായ പ്രബുദ്ധതയുടെയോ വഞ്ചനാത്മകമായ വിശ്വസ്തതയുടെയോ താത്പര്യത്തിനു വേണ്ടി നിരസിക്കാനോ കണ്ടില്ലെന്നു നടിക്കാനോ നമുക്കാവില്ല. . . . അക്രമാസക്തമായ ദേശീയത വരുന്നിടത്തെല്ലാം അവർ കൈസറുടെ വക്താവായി സംസാരിച്ചിട്ടുണ്ട്.”
കത്തോലിക്കാ സഭ ‘തങ്ങളുടെ രാജ്യത്തെ ഗവൺമെൻറ് പോരാടിയ എല്ലാ യുദ്ധങ്ങളെയും പിന്താങ്ങിയിട്ടുണ്ടെന്ന്’ വാറ്റ്കിൻ പറഞ്ഞപ്പോൾ, ഹിറ്റ്ലർ നടത്തിയ കടന്നാക്രമണ യുദ്ധങ്ങളെയും അദ്ദേഹം ഉൾപ്പെടുത്തി. വിയെന്നാ സർവകലാശാലയുടെ ചരിത്രവിഭാഗത്തിലെ ഫ്രീഡ്റിക്ക് ഹീർ എന്ന കത്തോലിക്കാ പ്രൊഫസർ സമ്മതിച്ചുപറഞ്ഞതുപോലെ, “അനിഷേധ്യമായ ജർമൻ ചരിത്രത്തിൽ, ജർമനിയിലെ കത്തീഡ്രൽ ഗോപുരങ്ങളിൽനിന്നു സ്വസ്തിക വിജയസന്ദേശം പ്രഘോഷിച്ചതുവരെ, ബലിപീഠങ്ങൾക്കു ചുറ്റും സ്വസ്തിക പതാകകൾ കാണപ്പെട്ടതുവരെ, കുരിശും സ്വസ്തികയും കൂടുതൽ അടുത്തുവന്നിരിക്കുന്നു. കത്തോലിക്കാ, പ്രൊട്ടസ്റ്റൻറ് ദൈവശാസ്ത്രജ്ഞന്മാരും പാസ്റ്റർമാരും പള്ളിക്കാരും രാജ്യതന്ത്രജ്ഞന്മാരും ഹിറ്റ്ലറുമായുള്ള സഖ്യത്തിനു സ്വാഗതമരുളി.”
“സൈനികസേവനം സംബന്ധിച്ച് ആത്മീയ വഴിനടത്തിപ്പിനും മാർഗനിർദേശത്തിനുമായി തന്റെ മതഗുരുക്കന്മാരിലേക്കു തിരിഞ്ഞ ജർമൻ കത്തോലിക്കന്, നാസി ഭരണാധിപനിൽനിന്നു കിട്ടുമായിരുന്ന മിക്കവാറും അതേ ഉത്തരങ്ങളാണു കിട്ടിയത്” എന്ന് റോമൻ കത്തോലിക്കാ പ്രൊഫസറായ ഗോർഡൻ സാൻ എഴുതത്തക്കവണ്ണം അത്ര നിരുപാധികമായ പിന്തുണയാണു കത്തോലിക്കാ സഭാ നേതാക്കന്മാർ ഹിറ്റ്ലറുടെ യുദ്ധങ്ങൾക്കു കൊടുത്തത്.
കത്തോലിക്കർ തങ്ങളുടെ മതഗുരുക്കന്മാരുടെ മാർഗനിർദേശം അനുസരണയോടെ പിൻപറ്റിയെന്നുള്ളതിനു പ്രൊഫസർ ഗീർ തെളിവു നൽകുന്നുണ്ട്. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: “മുപ്പത്തിരണ്ടു ദശലക്ഷം ജർമൻ കത്തോലിക്കരിൽ—അവരിൽ പതിനഞ്ചര ദശലക്ഷം പുരുഷന്മാരായിരുന്നു—ഏഴു [വ്യക്തികൾ] മാത്രമാണു സൈനികസേവനം പരസ്യമായി നിരസിച്ചത്. അവരിൽ ആറു പേരും ഓസ്ട്രിയക്കാരായിരുന്നു.” മതപരമായ ബോധ്യങ്ങൾ നിമിത്തം മറ്റു ചില കത്തോലിക്കരും ഏതാനും പ്രൊട്ടസ്റ്റൻറുകാരും നാസി ഭരണത്തിനെതിരെ ധൈര്യപൂർവം നിലകൊണ്ടുവെന്നു കുറേക്കൂടെ അടുത്തകാലത്തെ തെളിവു സൂചിപ്പിക്കുന്നു. അതുനിമിത്തം ചിലർക്കു ജീവൻപോലും ഒടുക്കേണ്ടിവന്നിട്ടുണ്ട്. അതേസമയം, അവരുടെ ആത്മീയ നേതാക്കന്മാർ മൂന്നാം റെയ്ക്കിന് തങ്ങളുടെ സഭാംഗങ്ങളെ ഒറ്റിക്കൊടുത്തുകൊണ്ടു ലാഭമുണ്ടാക്കുകയായിരുന്നു.
വേറെ ആർ കൂടെ മൗനംപാലിച്ചു, ആർ മൗനംപാലിച്ചില്ല
മേൽ സൂചിപ്പിച്ചതുപോലെ, “ഹിറ്റ്ലറുമായുള്ള സഖിത്വത്തിനു സ്വാഗതമരുളിയ”വരിൽ പ്രൊട്ടസ്റ്റൻറ് നേതാക്കന്മാരുമുണ്ടായിരുന്നു. അതു സത്യമാണോ?
ഹിറ്റ്ലറുടെ കടന്നാക്രമണ യുദ്ധങ്ങളിൽ നിശബ്ദരായി നിലകൊണ്ടതു നിമിത്തം പല പ്രൊട്ടസ്റ്റൻറുകാരും കടുത്ത മനസ്സാക്ഷിക്കുത്തുകൊണ്ടു പുളഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, സ്റ്റട്ട്ഗാർട്ട് കുറ്റസമ്മതം എന്നു വിളിക്കപ്പെടുന്നതു തയ്യാറാക്കാൻ വേണ്ടി 11 പ്രമുഖ പുരോഹിതൻമാർ 1945 ഒക്ടോബറിൽ കൂടിവരുകയുണ്ടായി. അവരിങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ബോധ്യങ്ങളെ തുറന്നു സമ്മതിക്കുന്നതിൽ കൂടുതൽ ധൈര്യവും, പ്രാർഥനകൾ ഉരുവിടുന്നതിൽ കൂടുതൽ വിശ്വസ്തതയും, വിശ്വാസം പ്രകടമാക്കുന്നതിൽ കൂടുതൽ സന്തോഷവും, സ്നേഹം കാണിക്കുന്നതിൽ കൂടുതൽ ഉത്സാഹവും കാണിക്കാത്തതു നിമിത്തം ഞങ്ങൾ ഞങ്ങളെത്തന്നെ കുറ്റപ്പെടുത്തുന്നു.”
പോൾ ജോൺസന്റെ ക്രിസ്ത്യാനിത്വത്തിന്റെ ചരിത്രം (ഇംഗ്ലീഷ്) ഇങ്ങനെ പറഞ്ഞു: “17,000 ഇവാഞ്ചലിക്കൽ പാസ്റ്റർമാർ ഉണ്ടായിരുന്നതിൽ [നാസി ഭരണചക്രത്തെ പിന്താങ്ങാത്തതിന്റെ പേരിൽ] ഏതെങ്കിലുമൊരു നിർദിഷ്ട സമയത്തു ദീർഘകാല ശിക്ഷയനുഭവിച്ച അമ്പതിലധികം പേർ ഒരിക്കലുമുണ്ടായിരുന്നിട്ടില്ല.” അത്തരം പാസ്റ്റർമാരുമായി വിപരീത താരതമ്യം ചെയ്തുകൊണ്ട് ജോൺസൺ യഹോവയുടെ സാക്ഷികളെക്കുറിച്ച് ഇങ്ങനെ എഴുതി: “ഏറ്റവും ധൈര്യശാലികൾ യഹോവയുടെ സാക്ഷികളായിരുന്നു. അവർ തുടക്കംമുതൽത്തന്നെ ഉപദേശപരമായ തങ്ങളുടെ എതിർപ്പു പരസ്യമായി പ്രഖ്യാപിക്കുകയും അതിനനുസരിച്ചു കഷ്ടം സഹിക്കുകയും ചെയ്തു. നാസി ഗവൺമെൻറുമായി ഏതെങ്കിലും വിധത്തിൽ സഹകരിക്കാൻ അവർ വിസമ്മതിച്ചു.”
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട വർഷമായ 1939-ൽ ഒരു പ്രൊട്ടസ്റ്റൻറ് ശുശ്രൂഷകനായ റ്റി. ബ്രപ്പാക്കർ ഇങ്ങനെ പറഞ്ഞതായി ആശ്വാസം ഉദ്ധരിച്ചു: “ക്രിസ്ത്യാനികളെന്നു സ്വയം വിളിക്കുന്ന ആളുകൾ നിർണായക പരിശോധനകളിൽ പരാജയപ്പെട്ടിരിക്കെ, അറിയപ്പെടാത്ത ഈ യഹോവയുടെ സാക്ഷികൾ, ക്രിസ്തീയ രക്തസാക്ഷികളെന്ന നിലയിൽ, മനസ്സാക്ഷിയെ ബലാൽക്കാരമായി നിയന്ത്രിക്കുന്നതിനെതിരെയും പുറജാതീയ വിഗ്രഹാരാധനയ്ക്കെതിരെയും അചഞ്ചലമായി നിലകൊള്ളുകയാണ്. പ്രമുഖ സഭകളൊന്നുമല്ല, പിന്നെയോ മറ്റുള്ളവർ ഏഷണി പറയുകയും പരിഹസിക്കുകയും ചെയ്യുന്ന ഈ ആളുകളായിരുന്നു നാസി ദുർഭൂതത്തിനെതിരെ ആദ്യമായി ഉറച്ചു നിലകൊണ്ടവർ എന്നു ഭാവി ചരിത്രകാരൻ ഒരുനാൾ സമ്മതിക്കണം . . . അവർ ഹിറ്റ്ലറെയും സ്വസ്തികയെയും ആരാധിക്കാൻ വിസമ്മതിക്കുന്നു.”
സമാനമായി, പ്രൊട്ടസ്റ്റൻറ് സഭാനേതാവും നാസി തടങ്കൽപ്പാളയത്തിലുണ്ടായിരുന്ന വ്യക്തിയുമായ മാർട്ടിൻ നിമോയെളർ പിൽക്കാലത്ത് ഇങ്ങനെ തുറന്നു സമ്മതിച്ചു: ‘യുഗങ്ങളിലുടനീളം ക്രിസ്തീയ സഭകൾ യുദ്ധത്തെയും സേനകളെയും ആയുധങ്ങളെയും ആശീർവദിക്കാൻ എല്ലായ്പോഴും സമ്മതിച്ചിട്ടുണ്ടെന്നും തങ്ങളുടെ ശത്രുക്കളുടെ ഉന്മൂലനാശത്തിനു വേണ്ടി ക്രിസ്തീയമല്ലാത്ത ഒരു വിധത്തിൽ പ്രാർഥിച്ചിട്ടുണ്ടെന്നും സത്യസന്ധമായി സ്മരിക്കാൻ കഴിയും.’ അദ്ദേഹം ഇങ്ങനെ സമ്മതിച്ചു: “ഇതെല്ലാം നമ്മുടെയും നമ്മുടെ പിതാക്കന്മാരുടെയും തെറ്റാണ്, വ്യക്തമായും ദൈവത്തിന്റെ തെറ്റല്ല.”
എന്നിട്ട് നിമോയെളർ ഇങ്ങനെ കൂട്ടിച്ചേർത്തു: “നൂറുകണക്കിനും ആയിരക്കണക്കിനും പേരായി തടങ്കൽപ്പാളയങ്ങളിലേക്കു പോയ, യുദ്ധം ചെയ്യാനും മനുഷ്യന്റെ നേർക്കു വെടിവെക്കാനും വിസമ്മതിച്ചു മരിക്കേണ്ടിവന്ന, ഗൗരവമുള്ള ബൈബിൾ പണ്ഡിതന്മാരുടെ ഈ വിഭാഗം [യഹോവയുടെ സാക്ഷികൾ] ഇന്നത്തെ ക്രിസ്ത്യാനികളായ നമ്മെ ലജ്ജിപ്പിക്കുന്നു എന്ന കാര്യം ഒന്നു ചിന്തിച്ചുനോക്കൂ.”
ജൂഡായിക്ക് സ്റ്റഡീസിലെ ഒരു പ്രൊഫസറായ സൂസ്സന്ന ഹെസ്ച്ചെൽ, ലൂഥറൻ പുരോഹിതന്മാർ ഹിറ്റ്ലറെ പിന്താങ്ങാൻ സന്നദ്ധരായെന്നു മാത്രമല്ല ഉത്സുകരുമായിരുന്നു എന്നു തെളിയിക്കുന്ന രേഖകൾ കണ്ടെത്തി. തങ്ങളുടെ പള്ളികളിൽ സ്വസ്തിക പ്രദർശിപ്പിക്കുകയെന്ന പദവിക്കു വേണ്ടി അവർ യാചിച്ചതായി ആ പ്രൊഫസർ പറഞ്ഞു. ബഹുഭൂരിപക്ഷം പുരോഹിതന്മാരെയും നിർബന്ധിച്ചു ഭാഗഭാക്കുകളാക്കേണ്ടിയിരുന്നില്ല, പിന്നെയോ അവർ ഹിറ്റ്ലറുടെയും ആര്യൻ ആദർശസങ്കൽപ്പങ്ങളുടെയും ആവേശഭരിതരായ പിന്തുണക്കാരായിരുന്നു.
ഹെസ്ച്ചെൽ പ്രസംഗം നടത്തുമ്പോൾ സഭാംഗങ്ങൾ അവരോട് ആവർത്തിച്ചാവർത്തിച്ചു ചോദിക്കുമായിരുന്നു, “ഞങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമായിരുന്നു?”
“നിങ്ങൾക്കു യഹോവയുടെ സാക്ഷികളെപ്പോലെ പ്രവർത്തിക്കാമായിരുന്നു,” അവർ മറുപടി നൽകുന്നു.
അവർ മൗനംപാലിച്ചതിന്റെ കാരണം
സഭകൾ മൗനംപാലിച്ചതിന്റെ കാരണം വ്യക്തമായിത്തീരുന്നു. രാഷ്ട്രീയ ഗവൺമെൻറിനെ പിന്തുണയ്ക്കുന്നതിനു വേണ്ടി ക്രൈസ്തവലോകത്തിലെ പുരോഹിതന്മാരും ആടുകളും ബൈബിൾ പഠിപ്പിക്കലുകളെ ഉപേക്ഷിച്ചതുകൊണ്ടാണത്. 1933-ൽ റോമൻ കത്തോലിക്കാ സഭ നാസികളുമായി ഒരു ഉടമ്പടിയിലേർപ്പെട്ടു. റോമൻ കത്തോലിക്കാ കർദിനാളായ ഫൗൾഹാബർ ഹിറ്റ്ലർക്ക് ഇങ്ങനെ എഴുതി: “പാപ്പാധിപത്യവുമായുള്ള ഈ ഹസ്തദാനം . . . അളക്കാനാവാത്ത അനുഗ്രഹത്തിന്റേതായ ഒരു വൻനേട്ടമാണ്. . . . റെയ്ക്ക് ചാൻസലറെ [ഹിറ്റ്ലറെ] ദൈവം പരിരക്ഷിക്കട്ടെ.”
തീർച്ചയായും, കത്തോലിക്കാ സഭയും അതുപോലെതന്നെ മറ്റു സഭകളും ദുഷ്ടമായ ഹിറ്റ്ലർ ഭരണത്തിന്റെ തോഴികളായി മാറി. തന്റെ യഥാർഥ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ല” എന്ന് യേശുക്രിസ്തു പറഞ്ഞെങ്കിലും, സഭകളും അവയുടെ ഇടവകക്കാരും ഹിറ്റ്ലറുടെ ലോകത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്നു. (യോഹന്നാൻ 17:16, NW) തത്ഫലമായി, നാസികൾ മനുഷ്യത്വത്തിനു നേർക്കു മരണപാളയങ്ങളിൽ നടത്തിയ കൊടുംക്രൂരതകൾക്കെതിരെ തുറന്നു പറയാൻ അവർ പരാജയപ്പെട്ടു.
കത്തോലിക്കരും പ്രൊട്ടസ്റ്റൻറുകാരും മറ്റു ചില മതവിഭാഗക്കാരുമായ ഏതാനും വ്യക്തികൾ നാസിഭരണത്തിനെതിരെ നിലകൊണ്ടു എന്നതു സത്യമാണ്. എന്നാൽ, അതുനിമിത്തം അവരിൽ ചിലർ വിലയായി തങ്ങളുടെ ജീവൻ ഹോമിച്ചപ്പോൾ, ദൈവത്തെ സേവിക്കുന്നുവെന്ന് അവകാശപ്പെട്ട അവരുടെ ആത്മീയ ഗുരുക്കന്മാർ മൂന്നാം റെയ്ക്കിന്റെ കരങ്ങളിലെ വെറും പാവകളായി വർത്തിക്കുകയായിരുന്നു.
എന്നാൽ, നിരന്തരം തുറന്നു പറഞ്ഞ ഒരു ശബ്ദമുണ്ടായിരുന്നു. നാസി നാടകത്തിൽ സഭകൾ അഭിനയിച്ച ഭാഗത്തെ വാർത്താമാധ്യമങ്ങൾ പൊതുവേ അവഗണിച്ചെങ്കിലും, പുരോഹിതവർഗത്തിന്റെ അണിയറയിലെ രഹസ്യക്കൂട്ടുക്കെട്ടിന്റെ വിശദാംശങ്ങൾ സഹിതം അവരുടെ വഞ്ചനയും കാപട്യവും തുറന്നുകാട്ടാൻ യഹോവയുടെ സാക്ഷികൾ നിർബന്ധിതരായി. ഈ മാസികയുടെ മുൻഗാമിയുടെ പേജുകളിലും അതുപോലെതന്നെ മറ്റു പ്രസിദ്ധീകരണങ്ങളിലും അവർ 1930-കളിലും 1940-കളിലും ഉടനീളം നാസിസത്തിന്റെ തോഴിമാരായി മാറിയ മതസംഘടനകളെക്കുറിച്ചുള്ള ശക്തമായ കുറ്റപ്പെടുത്തലുകൾ അച്ചടിച്ചു.
ക്രിസ്തുവിന്റെ യഥാർഥ അനുഗാമികളെ തിരിച്ചറിയൽ
യഹോവയുടെ സാക്ഷികൾ ലോകത്തിലെ മതങ്ങളിൽനിന്നും തികച്ചും വിഭിന്നമാണ്. ലോകത്തിന്റെ ഭാഗമല്ലാത്തതിനാൽ അവർ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ പങ്കെടുക്കുന്നില്ല. ദൈവത്തിന്റെ പ്രബോധനങ്ങളെ അനുസരിച്ചുകൊണ്ട്, ‘അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിരിക്കുന്നു.’ (യെശയ്യാവു 2:4) അതേ, ക്രിസ്തുവിന്റെ പ്രബോധനങ്ങളെ അനുസരിച്ചുകൊണ്ട് അവർ അന്യോന്യം സ്നേഹിക്കുന്നു. (യോഹന്നാൻ 13:35) അതിന്റെ അർഥം അവർ ഒരിക്കലും യുദ്ധത്തിനു പോകുകയില്ലെന്നും മറ്റൊരുവനെ മനഃപൂർവം ഉപദ്രവിക്കുകയില്ലെന്നുമാണ്.
ദൈവത്തിന്റെ യഥാർഥ ആരാധകരെ തിരിച്ചറിയുന്ന കാര്യത്തിൽ ബൈബിൾ വളരെ വ്യക്തമായി ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല. നിങ്ങൾ ആദിമുതൽ കേട്ട ദൂതു: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു. കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—1 യോഹന്നാൻ 3:10-12.
അതേ, കടുത്ത സമ്മർദത്തിൻ മധ്യേപോലും യഹോവയുടെ സാക്ഷികൾ തങ്ങളുടെ സഹമനുഷ്യനോട് എല്ലായ്പോഴും സ്നേഹം കാട്ടിയിട്ടുണ്ടെന്നു ചരിത്രം വെളിപ്പെടുത്തുന്നു. ഹിറ്റ്ലർ യൂറോപ്പിലുടനീളം യുദ്ധം നടത്തിയപ്പോൾ, ആ കൊലക്കൂത്തിൽ തങ്ങളെ ഉൾപ്പെടുത്താനുള്ള നാസികളുടെ നിഷ്ഠൂരമായ ശ്രമങ്ങൾക്കെതിരെ സാക്ഷികൾ ഉറച്ചുനിന്നു. ഇക്കാര്യത്തെക്കുറിച്ചു പ്രൊഫസർ ക്രിസ്റ്റീൻ കിങ് ചുരുക്കിപ്പറഞ്ഞു: “യഹോവയുടെ സാക്ഷികൾ തുറന്നു പറയുകതന്നെ ചെയ്തു. അവർ തുടക്കം മുതലേ തുറന്നു പറഞ്ഞു. അവർ ഏകസ്വരത്തോടെ തുറന്നു പറഞ്ഞു. വളരെയേറെ ധൈര്യത്തോടെ അവർ തുറന്നു പറഞ്ഞു, അതിൽ നമുക്കെല്ലാവർക്കും ഉൾക്കൊള്ളാൻ ഒരു സന്ദേശമുണ്ട്.”
യുദ്ധത്തിൽനിന്നും ദുഷ്ടതയിൽനിന്നും മുക്തമായ യഹോവയുടെ ഗവൺമെൻറിന്റെ സ്നേഹപുരസ്സരമായ ഭരണത്തിൻകീഴിൽ ഈ ലോകം സുരക്ഷിതമായിത്തീരുന്നതുവരെ യഹോവയുടെ സാക്ഷികൾ തുറന്നു പറയുകതന്നെ ചെയ്യും. പരമാധീശ കർത്താവായ യഹോവയുടെ ഇഷ്ടമായിരിക്കുന്നിടത്തോളംകാലം, ഈ മാസിക ഈ സാത്താന്യ ലോകത്തിന്റെ ദുഷ്ടതകളെ തുറന്നുകാട്ടുകയും മനുഷ്യവർഗത്തിന്റെ ഒരേ ഒരു പ്രത്യാശയായ ദൈവരാജ്യത്തെക്കുറിച്ചു ഘോഷിക്കുകയും ചെയ്യും.—മത്തായി 6:9, 10.
[13-ാം പേജിലെ ചിത്രങ്ങൾ]
സഭ നാസിസത്തിനു കൊടുത്ത പിന്തുണയെ യു.എസ്. വാർത്താമാധ്യമങ്ങൾ സ്ഥിരീകരിച്ചു
New York Post, August 27, 1940, Blue Final Edition, page 15
The New York Times, December 7, 1941, Late City Edition, page 33
The New York Times, September 25, 1939, Late City Edition, page 6
[15-ാം പേജിലെ ചിത്രം]
ഈ സഭകളിൽനിന്നു വ്യത്യസ്തമായി യഹോവയുടെ സാക്ഷികൾ നാസിസത്തിനെതിരെ തുറന്നു പറഞ്ഞു