കോസ്റ്റ റിക്ക കൊച്ചുരാജ്യം, സമൃദ്ധമായ വൈവിധ്യം
കോസ്റ്റ റിക്കയിലെ ഉണരുക! ലേഖകൻ
തലസ്ഥാനത്തിനു പുറത്ത് ഏതാനും കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സാൻജോസ് വിമാനത്താവളത്തിലേക്കു പറക്കുമ്പോൾ കോസ്റ്റ റിക്ക ഒരു കൊച്ചു രാജ്യമാണെന്നുള്ളതു നിങ്ങൾക്കു പെട്ടെന്നു വ്യക്തമാകും. ഒരു മിനിറ്റിൽ നിങ്ങൾ കരീബിയൻ കടലിനു മുകളിലാണെങ്കിൽ ഏതാനും മിനിറ്റുകൾ കഴിയുമ്പോൾ നിലത്തിറങ്ങാനുള്ള തയ്യാറെടുപ്പിൽ നിങ്ങൾ പസഫിക്കിനു മുകളിലൂടെ റാഞ്ചിപ്പറക്കുകയായിരിക്കും. ഏതാണ്ട് 30 ലക്ഷം പേർ നിവസിക്കുന്ന രാജ്യമായ കോസ്റ്റ റിക്ക നിക്കരാഗ്വയെ പനാമയിൽനിന്നു വേർതിരിക്കുന്ന, പർവതങ്ങളും അഗ്നിപർവതങ്ങളും ഉള്ള ഒരു ഇടുങ്ങിയ തുണ്ട് ഭൂഭാഗമാണ്. മധ്യ അമേരിക്കയിൽ ഉൾപ്പെടുന്ന ഏഴു രാഷ്ട്രങ്ങളിൽ ഒന്നാണ് ഇത്. വടക്കേ അമേരിക്കയിലെ മെക്സിക്കോയെയും തെക്കേ അമേരിക്കയിലെ കൊളംബിയയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂപ്രദേശമായ ഇസ്ത്മസ് ഓഫ് പനാമയും മധ്യ അമേരിക്കയിൽ ഉൾപ്പെടുന്നു.—പേജ് 17-ലെ ഭൂപടം കാണുക.
ചുറ്റുപാടുകളോടു പരിചിതമായിക്കഴിയുമ്പോൾ നാട്ടിൻപുറത്തിന്റെ സമൃദ്ധമായ ഹരിത സൗന്ദര്യം നിങ്ങളെ അമ്പരപ്പിക്കുന്നു. നോക്കുന്നിടത്തെല്ലാം നിങ്ങൾ പനകളും വാഴകളും കരിമ്പുകളും അതുപോലെതന്നെ കാപ്പിത്തോട്ടങ്ങളും പലയിനങ്ങളിലുള്ള വിചിത്ര സസ്യങ്ങളും കുറ്റിച്ചെടികളും പുഷ്പങ്ങളും കാണുന്നു. കോസ്റ്റ റിക്ക സസ്യശാസ്ത്രജ്ഞന്റെ പറുദീസയാണ്. എന്നാൽ ഈ വശ്യമനോഹരമായ രാജ്യം കണ്ട് മതിമറക്കുന്നതിനു മുമ്പ് നമുക്ക് അതിന്റെ ചരിത്രത്തിലേക്ക് അൽപ്പമൊന്ന് എത്തിനോക്കാം.
കൊളംബസിന്റെ മറ്റൊരു കണ്ടുപിടിത്തം
1502-ൽ ക്രിസ്റ്റഫർ കൊളംബസ് തന്റെ നാലാമത്തെ നാവിക പര്യടനം നടത്തവേ ഇന്ന് ഹോണ്ടുറാസ് എന്നറിയപ്പെടുന്ന തീരത്തിനടുത്തുവെച്ച് അദ്ദേഹവും അദ്ദേഹത്തിന്റെ കപ്പലുകളും കൊടുങ്കാറ്റിലകപ്പെട്ടു. അഭയംതേടി അദ്ദേഹം മൊസ്ക്കിറ്റോ കോസ്റ്റ് എന്ന് ഇപ്പോൾ അറിയപ്പെടുന്ന നിക്കരാഗ്വ പ്രദേശത്തുകൂടി വന്ന് കരിയാരി എന്നു പേരുള്ള ഒരു ചെറിയ നാടൻഗ്രാമത്തിൽ വന്നെത്തി. ആളുകളുടെ ഊഷ്മളതയും സമൃദ്ധമായ സസ്യലോകവും അദ്ദേഹത്തിൽ മതിപ്പുളവാക്കി. നിവാസികളിൽ ചിലർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ അദ്ദേഹത്തിൽ അതിലും മതിപ്പുളവാക്കി. ഈ തീരത്ത് വിലയേറിയ ധാതുക്കൾ സമൃദ്ധമായി ഉണ്ടായിരിക്കുമെന്നു സ്വർണക്കൊതി നിമിത്തം കൊളംബസ് അനുമാനിച്ചു. പക്ഷേ ഒടുവിൽ അദ്ദേഹത്തിന്റെ മോഹങ്ങൾ പൊലിയുകയാണുണ്ടായത്. എന്നാൽ ഇത് സ്പാനിഷ് പര്യവേക്ഷകർ ഈ നാടിനെ കോസ്റ്റ റിക്ക അഥവാ സമൃദ്ധ തീരം എന്നു വിളിച്ചതിനു ശേഷമായിരുന്നു.
ചരിത്രത്തിന്റെ ഏടുകൾ മറിയവേ, കോസ്റ്റ റിക്ക സ്പെയിനിൽനിന്നു വേർപിരിയുകയും സ്വാതന്ത്ര്യം നേടുകയും ചെയ്തു. ചുരുങ്ങിയ കാലത്തെ ഒരു സിവിൽ യുദ്ധത്തെത്തുടർന്ന് 1949-ൽ രാജ്യം ആധുനിക ചരിത്രത്തിൽ അതുല്യമായ ഒരു സ്ഥാനത്തെത്തി—ഇടക്കാല പ്രസിഡന്റായിരുന്ന ജോസ് ഫിഗെഴ്സ് സൈന്യത്തെ നിരോധിച്ചുകൊണ്ടുള്ള ഒരു ഭരണഘടനയുടെ നക്കൽരൂപം തയ്യാറാക്കി! ഈ അതിരുകടന്ന പോക്ക് അമേരിക്കൻ ക്വെയ്ക്കേഴ്സിനെ കോസ്റ്റ റിക്കയിലേക്കു നീങ്ങാൻ പ്രോത്സാഹിപ്പിച്ചു. അവിടെ അവർ സാന്റ എലെനയിൽ പാൽക്കട്ടി ഫാക്ടറി സ്ഥാപിച്ചു. മധ്യ അമേരിക്കയിലെ പ്രക്ഷുബ്ധമായ ചില രാജ്യങ്ങളെവെച്ചു നോക്കുമ്പോൾ കോസ്റ്റ റിക്ക വാസ്തവത്തിൽ സമാധാനത്തിന്റെ ഒരു മരുപ്പച്ചയായിരുന്നിട്ടുണ്ട്.
സമൃദ്ധമായ വൈവിധ്യത്തിന്റെ നാട്
പൊയാസ്, അരീനൽ അഗ്നിപർവതങ്ങൾ സന്ദർശിക്കാനായി രാജ്യത്തിന്റെ ഒരു ചെറിയ പ്രദേശത്തുകൂടെ സഞ്ചരിക്കവേ സമൃദ്ധമായ വൈവിധ്യങ്ങളിലുള്ള സസ്യവൃക്ഷാദികളും ഉഷ്ണമേഖലാ പുഷ്പങ്ങളും കറുത്ത വലയിട്ടു സൂക്ഷിച്ചിരിക്കുന്ന പുഷ്പവളർത്തൽ നേഴ്സറികളും വർധിച്ച ചെലവു ചെയ്തുള്ള സ്ട്രോബെറി കൃഷിയും നമ്മുടെ മനംകവരുന്നു. സോംബ്രില്ല ഡെൽ പോബ്രെയുടെ (പാവപ്പെട്ടവന്റെ ശീലക്കുട) വലിയ ഇലകളുടെ അടുത്തു നിന്നപ്പോൾ ഞങ്ങൾക്കു കൊച്ചായി തോന്നി. ഇളംചുവപ്പു കായ്കളാൽ കനംതൂങ്ങി നിൽക്കുന്ന കരിംപച്ച കാപ്പിക്കാടുകൾ മലയോരങ്ങളെ പുതപ്പണിയിച്ചിരിക്കുന്നു.
കോസ്റ്റ റിക്കയിൽ ചിത്രശലഭങ്ങൾ എല്ലായിടത്തുമുണ്ട്. സാൻ ജോസിന്റെ സമീപ പ്രദേശങ്ങളിൽ ചിത്രശലഭ വളർത്തൽകേന്ദ്രങ്ങൾ രണ്ടെണ്ണമുണ്ട്. അവിടെ നിങ്ങൾക്കു സ്വാഭാവിക ചുറ്റുപാടിൽ ചിത്രശലഭങ്ങളെ കാണാനും അവയുടെ ഫോട്ടോയെടുക്കാനും കഴിയും. “ഈ കൊച്ചു രാജ്യത്ത് മുഴു ഐക്യനാടുകളിലും ഉള്ളതിനെക്കാളധികം ചിത്രശലഭങ്ങളുണ്ട്” എന്ന് ഒരു ഗൈഡ് പുസ്തകം പറയുന്നു. “ലോകത്തിൽ ഏറ്റവും കൂടുതൽ ജീവശാസ്ത്ര വൈവിധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് കോസ്റ്റ റിക്ക എന്ന് ശാസ്ത്രജ്ഞൻമാർക്ക് ഇപ്പോൾ അറിയാം” എന്നും അത് പ്രസ്താവിക്കുന്നു. സസ്യശാസ്ത്രജ്ഞരും ജന്തുശാസ്ത്രജ്ഞരും ജീവികളുടെ വൈവിധ്യത്തെക്കുറിച്ചു പഠനം നടത്താൻ കൊച്ചു കോസ്റ്റ റിക്കയിലേക്കു കൂട്ടമായി പോകുന്നതു വെറുതെയല്ല.—കൂടെ കൊടുത്തിരിക്കുന്ന ചതുരം കാണുക.
വനത്തിലെ വൈവിധ്യത്തിന്റെ മറ്റൊരു ഉദാഹരണം കോസ്റ്റ റിക്കയിലെ പക്ഷിജീവിതമാണ്. ജാഗ്രതയുള്ളവരായിരുന്നെങ്കിൽ മാത്രമേ നിങ്ങൾക്കു ചില പക്ഷികളെ കാണാൻ കഴിയൂ, ഫോട്ടോയെടുക്കുന്നതു കൂടുതൽ വേഗത്തിലുമായിരിക്കണം! നീണ്ടവാലുള്ള ഒരിനം ചെറിയ പച്ചതത്തകളുടെ പറ്റം അവ പോകുന്നിടത്തെല്ലാം ഒച്ചവെയ്ക്കുന്നതു കാണാം. സോപ്പിലോട്ട്സ് അഥവാ കറുത്ത കഴുകൻമാർ അടുത്ത ഭക്ഷണവും തേടി സൂക്ഷ്മ ദൃഷ്ടിയോടെ മുകളിലൂടെ അതിവേഗം പറക്കുന്നു. വനത്തിന്റെ മേൽത്തട്ടിൽ നിങ്ങൾക്കു വളരെ വലിയ കൊക്കുള്ള ചന്തമില്ലാത്ത പെരുങ്കൊക്കന്മാരെ ഒരു നോക്കുകാണാൻ കഴിഞ്ഞേക്കും. വൃക്ഷങ്ങളിലൂടെ തത്തിപ്പറക്കുന്ന മഞ്ഞ തുടയുള്ള കുരുവിയെയും മഞ്ഞ മാറുള്ള കിസ്കാഡി പക്ഷിപിടിയനെയും ഞങ്ങൾ കണ്ടു. പൂന്തേന്റെ അടുത്ത സ്വാദു നുകരാനായി സമീപെയുള്ള പൂക്കൾക്കുമേലെ വട്ടമിട്ടു പറക്കുന്ന ഹമ്മിങ് ബേർഡിനെയും ഞങ്ങൾ മിന്നായം പോലെയൊന്നു കണ്ടു. സൂയാവിൽ (പക്ഷിശാല) കോസ്റ്റ റിക്കൻ പക്ഷികളുടെ ഓരോയിനവും ഞങ്ങളുടെ കണ്ണുകൾക്കു വിരുന്നൊരുക്കി. തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്ന വർണശബളവും പരുഷസ്വഭാവക്കാരുമായ മകോ തത്തകൾ അവിടെയുണ്ടായിരുന്നു. ഓ, കൂട്ടിലടയ്ക്കേണ്ടിയിരിക്കുന്ന മറ്റനേകം പക്ഷികളും അവിടെയുണ്ട്, ബുദ്ധികൂർമതയുള്ളവയായി കാണപ്പെടുന്ന, തൊട്ടുതൊട്ടിരിക്കുന്ന നാലു മൂങ്ങകളുടെ ഒരു കുടുംബവും അതിൽപ്പെടുന്നു.
ദേശീയവും സ്വകാര്യവുമായ പൂങ്കാവനങ്ങളുടെയും ഇൻഡ്യൻ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളുടെയും വന്യജീവി അഭയകേന്ദ്രങ്ങളുടെയും വൻ വൈവിധ്യത്തിന് കോസ്റ്റ റിക്ക പ്രസിദ്ധമാണ്. വാസ്തവത്തിൽ, ദേശത്തിന്റെ ഏതാണ്ട് 27 ശതമാനം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏതു രാജ്യത്തിന്റേതിലും ഏറ്റവും വലിയ അനുപാതം. അതുകൊണ്ട് നിങ്ങൾ യാത്രചെയ്യാൻ താത്പര്യപ്പെടുന്നെങ്കിൽ ഭൂപ്രദേശവും പാരിസ്ഥിതിക ചുറ്റുപാടും സംബന്ധിച്ച് നിങ്ങൾക്കു നിങ്ങളുടേതായ തിരഞ്ഞെടുപ്പു നടത്താം.
നിങ്ങൾ കോസ്റ്റ റിക്കയിലേക്കു പോകുന്നെങ്കിൽ കുറഞ്ഞത് ഒരു മുന്നറിയിപ്പെങ്കിലും ശ്രദ്ധയർഹിക്കുന്നതുണ്ടാവും. അവിടെ നിങ്ങൾ വാഹനമോടിക്കുന്നെങ്കിൽ നിങ്ങൾക്കു മുമ്പെ പോകുന്ന അനേകം ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടെന്നു വിചാരിക്കുന്നതിൽ തെറ്റില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ പലപ്പോഴും മുന്നറിയിപ്പു തരാതെ വളയ്ക്കുകയും തിരിക്കുകയും ചെയ്യും. അവരെന്താണു ചെയ്യുന്നത്? രാജ്യത്തിന്റെ റോഡു സമ്പ്രദായം ദുരിതപൂർണമാക്കിത്തീർക്കുന്ന കുളം പോലെയുള്ള വലിയ കുഴികൾ ഒഴിവാക്കിയോടിക്കുകയാണ് അവർ. അങ്ങനെ, പ്രസിദ്ധമായ മോൺടെവെർഡെ ക്ലൗഡ് ഫോറസ്റ്റ് വന്യമൃഗസംരക്ഷണകേന്ദ്രത്തെക്കുറിച്ച് ഒരു ടൂറിസ്റ്റ് ലഘുപത്രിക ഇങ്ങനെ പ്രസ്താവിച്ചു: “ഭീതിജനകമായ അവസ്ഥയിലുള്ള റോഡുകളിലൂടെ പല മണിക്കൂർ കഷ്ടപ്പെട്ടു യാത്രചെയ്തെങ്കിൽ മാത്രമേ [അവിടെ] എത്താൻ കഴിയൂ; പെട്ടെന്നു പോയി തിരിച്ചുവരുന്നതിനുപകരം പല ദിവസത്തേക്കുള്ള സന്ദർശനമായിരിക്കാം നല്ലത്.” വാഹനത്തിന്റെ കുലുക്കം കുറയ്ക്കുന്ന സജ്ജീകരണം ശരിയായിരിക്കുകയും ടയറുകൾ കരുത്തുറ്റതായിരിക്കുകയും ചെയ്താൽ തീർച്ചയായും ഈ കുഴികൾ വലിയ പ്രശ്നമാകയില്ല.
വാസ്തവത്തിൽ, കോസ്റ്റ റിക്കയിൽ കാണാനും ഉൾക്കൊള്ളാനും വളരെയധികമുണ്ട്. അതായത്, രണ്ടാഴ്ചത്തെ ഒരു അവധിക്കാലംകൊണ്ട് ആ വശ്യസുന്ദരമായ ദേശത്തിന്റെ സൗന്ദര്യത്തെയും വൈവിധ്യത്തെയും കുറിച്ച് ഒരു ഉപരിപ്ലവമായ വിവരമേ ലഭിക്കുകയുള്ളൂ. ഒരു ഹോട്ടലിന്റെ ചെറിയ മൃഗശാലയിൽ കുറച്ചു പ്രദർശന മൃഗങ്ങളുണ്ടായിരുന്നു. ഒരു പെരുങ്കൊക്കന്റെയും ഇണക്കമുള്ള ഒരു അമേരിക്കൻ പുള്ളിപ്പുലിയുടെയും ഫോട്ടോയെടുക്കാനായി കൂട്ടിനുള്ളിൽ കയറാൻ ഗാർഡ് ഞങ്ങളെ ദയാപൂർവം അനുവദിച്ചു. ആതിഥ്യപ്രിയരായ കോസ്റ്റ റിക്കയിലെ ആളുകൾക്കും വൈവിധ്യം ബാധകമാണ്.
റ്റിക്കൊകളുടെ ഒരു അതുല്യ മേളനം
റ്റിക്കൊകൾ എന്താണ്? കോസ്റ്റ റിക്കയിലെ ആളുകൾക്കു കൊടുത്തിരിക്കുന്ന പരിചിതമായ പേരാണ് അത്. സ്പാനിഷ് ഭാഷയിൽ -ഇക്കൊ എന്ന ഹ്രസ്വപ്രത്യയം ഉപയോഗിക്കുന്ന പതിവിൽനിന്നു വന്നതാണ് ഇത്. ഉദാഹരണത്തിന്, ചിക്വിറ്റിക്കൊ എന്നു പറഞ്ഞാൽ ചെറുത്, ബൊണിറ്റിക്കൊ എന്നു പറഞ്ഞാൽ ചന്തമുള്ളത് അഥവാ ഭംഗിയുള്ളത്, ജൊവെൻസിറ്റിക്കൊ എന്നു പറഞ്ഞാൽ ഇളത്. നാട്ടിൻപുറത്തെ ചെറുപട്ടണമായ സാർച്ചിക്കു വെളിയിൽ, കാരിറ്റസിന്റെ അഥവാ കാളവണ്ടികളുടെ, കൈകൊണ്ടുവരയ്ക്കുന്ന യഥാർഥത്തിലുള്ള ചിത്രത്തിന് റ്റിക്കൊ കലാകാരൻമാർ പേരുകേട്ടവരാണ്. ഓരോന്നും വ്യതിരിക്തമായ കലാവേലയാണ്. വിദേശികൾ ഇവയുടെ നൂറുകണക്കിനു ചെറിയ പകർപ്പുകൾ വാങ്ങിക്കൊണ്ടുപോകുന്നു.
തങ്ങളുടെ കത്തോലിക്കാ ദേശത്ത് വളരെ പ്രത്യേകമായ ഒരു സംഗതി കാണുന്നതിനുള്ള അവസരം 1994-ന്റെ ഒടുവിൽ റ്റിക്കൊകൾക്ക് ഉണ്ടായിരുന്നു. സാൻ ജോസിലെ സബാനാ പാർക്കിലെ ദേശീയ സോക്സർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന യഹോവയുടെ സാക്ഷികളുടെ ആ മത കൺവെൻഷന്റെ തീയതികൾ ഡിസംബർ 30 മുതൽ 1995 ജനുവരി 1 വരെയായിരുന്നു. റ്റെമർ പിയഡോസോ (ദൈവഭയ) എന്ന ബൈബിൾ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് അതു നടന്നത്. സാക്ഷികൾ ദേശത്തിന്റെ എല്ലാ ഭാഗത്തുനിന്നും വന്നെത്തി. മറ്റു മധ്യ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് ചെറിയ പ്രതിനിധിസംഘങ്ങളുമെത്തി. കോസ്റ്റ റിക്കയിൽ 15,000-ത്തിലധികം സജീവ സാക്ഷികളുണ്ട്. ഈ പ്രത്യേക സന്ദർഭത്തിലെ ഹാജർ എത്രയായിരിക്കും? വെള്ളിയാഴ്ച 21,726 പേർ വന്നിരുന്നു—ചെറുപ്പക്കാരും പ്രായംചെന്നവരും മാതാപിതാക്കളും കുട്ടികളും. എല്ലാവരും വൃത്തിയായും യോഗ്യമായും വസ്ത്രം ധരിച്ചിരുന്നു. ശനിയാഴ്ച ആൾക്കൂട്ടം 25,539 ആയി വർധിച്ചു. വയലിന്റെ ഒരറ്റത്തായി സ്ഥാപിച്ചിരുന്ന വലിയ മൂന്നു കുളങ്ങളിലായി 681 പേർ സ്നാപനമേറ്റു. ഞായറാഴ്ച ഹാജർ 27,149 ആയി വർധിച്ചു! കോസ്റ്റ റിക്കയുടെ പ്രദേശം വീടുതോറും പ്രവർത്തിച്ചു തീർക്കാനായി വളരെ പണിപ്പെട്ട മിഷനറിമാർക്കും പയനിയർമാർക്കും (മുഴു-സമയ സുവിശേഷകർ) താഴ്മഹൃദയരായ പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും എന്തോരു രോമാഞ്ചം. വെയിലിൽനിന്നു വിവിധവർണങ്ങളിലുള്ള കുടക്കീഴിൽ അഭയംതേടിയിരിക്കുന്ന ഇത്രയധികം കുടുംബങ്ങളെ ആ തുറന്ന സ്റ്റേഡിയത്തിൽ കാണുന്നത് എത്ര പ്രോത്സാഹജനകമായിരുന്നു!
പരിപാടി അവസാനിച്ചപ്പോൾ ആയിരങ്ങൾ തങ്ങളുടെ തുവാല വീശി പരസ്പരം വിടചൊല്ലി. അതൊരു ഹൃദയസ്പർശിയായ നിമിഷമായിരുന്നു.
കോസ്റ്റ റിക്കക്ക് ദൈവത്തിന്റെ പുതിയ ലോകം ആവശ്യം
ഒരുവനെ പറുദീസയെക്കുറിച്ച് ഓർപ്പിക്കാൻ ഈ ദേശത്ത് വളരെയധികം ഉണ്ടെങ്കിലും—അതിന്റെ വൈവിധ്യം നിറഞ്ഞ ജന്തുസസ്യജാലങ്ങളും സുഖപ്രദമായ കാലാവസ്ഥയും—റ്റിക്കൊകൾക്ക് മറ്റേതു രാജ്യത്തെയും ആളുകളെപ്പോലെതന്നെ യഹോവ യേശുക്രിസ്തുവിലൂടെ വാഗ്ദാനം ചെയ്തിരിക്കുന്ന ‘പുതിയ ആകാശവും പുതിയ ഭൂമിയും’ ആവശ്യമാണ്. (യെശയ്യാവു 65:17; 2 പത്രൊസ് 3:13; വെളിപ്പാടു 21:1-4) ലോകവ്യാപകമായി കാണപ്പെടുന്നതുപോലെതന്നെ അവിടെ ദാരിദ്ര്യ സൂചനകളും അപര്യാപ്തമായ പാർപ്പിടങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുമുണ്ട്. കൂടാതെ എല്ലാ മനുഷ്യവർഗത്തെയും ബാധിക്കുന്ന രോഗവും മരണവും അവിടെയുണ്ട്. അതുകൊണ്ട്, യഹോവയുടെ സാക്ഷികൾ ദൈവരാജ്യഭരണത്തിന്റെ സുവാർത്ത, പ്രസിദ്ധമായ സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ അല്ലെങ്കിൽ കർത്താവിന്റെ പ്രാർഥനയിൽ ആത്മാർഥഹൃദയരായ എല്ലാ ക്രിസ്ത്യാനികളും അപേക്ഷിക്കുന്ന ആ രാജ്യത്തിന്റെ സുവാർത്ത, സതീക്ഷ്ണം പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. വാഗ്ദത്തം ചെയ്യപ്പെട്ട ആ നീതിയുള്ള ഭരണത്തിൻ കീഴിൽ കോസ്റ്റ റിക്കയുടെ സമൃദ്ധമായ വൈവിധ്യം ദൈവത്തിന്റെ നിത്യ സ്തുതിക്കായി ഇനിയും കൂടുതൽ തിളക്കത്തോടെ പ്രകാശിക്കും.
[19-ാം പേജിലെ ചതുരം]
കോസ്റ്റ റിക്കയുടെ സമൃദ്ധമായ നാനാത്വം
കോസ്റ്റ റിക്ക—ഒരു സ്വാഭാവിക ലക്ഷ്യസ്ഥാനം എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “കോസ്റ്റ റിക്ക പലയിനം ജീവിവർഗങ്ങളെക്കൊണ്ടു സമൃദ്ധമാണ്. ഭൂമിയുടെ ഉപരിതലത്തെ പതിനായിരമായി ഭാഗിച്ചതിന്റെ മൂന്നു ശതമാനം [0.03%] പോലും വിസ്താരമില്ലാത്ത ഈ കൊച്ചുരാജ്യം, നിലവിലുള്ളതായി അറിയപ്പെടുന്ന എല്ലാ സസ്യമൃഗ വർഗങ്ങളുടെയും 5 ശതമാനത്തിനു പാർപ്പിടമാണ്.” ഉദാഹരണത്തിന്, അവിടെ പിൻവരുന്ന ജീവികളുണ്ട്:
പെരുങ്കൊക്കനും പഞ്ചവർണക്കിളികളും ഉൾപ്പെടെ പക്ഷിവർഗങ്ങൾ കുറഞ്ഞത് 830
പ്രാണി വർഗങ്ങൾ കുറഞ്ഞത് 35,000
സംവഹന കലയുള്ള സസ്യവർഗങ്ങൾ കുറഞ്ഞത് 9,000
അമേരിക്കൻ പുള്ളിപ്പുലികൾ ഉൾപ്പെടെ സസ്തന വർഗങ്ങൾ കുറഞ്ഞത് 208
വലിയ ഇഗ്വാനകൾ ഉൾപ്പെടെ ഉരഗ വർഗങ്ങൾ കുറഞ്ഞത് 220
വിഷശരമുള്ള തവളകളുൾപ്പെടെ ഉഭയജീവി വർഗങ്ങൾ കുറഞ്ഞത് 160
ശുദ്ധജലമത്സ്യ വർഗങ്ങൾ കുറഞ്ഞത് 130
കോസ്റ്റ റിക്കയിൽ പത്തുലക്ഷം വർഗങ്ങളുണ്ടാകുമെന്നു ചില ശാസ്ത്രജ്ഞൻമാർ അനുമാനിക്കുന്നു.
[19-ാം പേജിലെ ചതുരം]
അഗ്നിപർവതങ്ങൾ
ഇവിടെ നിർജീവവും സജീവവുമായ 112 അഗ്നിപർവതമുഖങ്ങൾ ഉള്ളതായി അറിയപ്പെടുന്നു. 1,500 മീറ്ററിലധികം ഉയരമുള്ള ഹൃദയഹാരിയായ അരീനൽ അഗ്നിപർവതം ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിൽ ഒന്നാണ്. നിങ്ങൾക്കതു കാണണമെന്നുണ്ടെങ്കിൽ, കുളം പോലെയുള്ള കുഴികളുള്ള റോഡിലൂടെ ആ ദുഷ്കരമായ യാത്ര നടത്തുന്നതിനുമുമ്പ് കാലാവസ്ഥാ മുന്നറിയിപ്പു പരിശോധിക്കുന്നതു നന്നായിരിക്കും. അരീനൽ മിക്കപ്പോഴും മേഘങ്ങൾക്കൊണ്ടു മൂടപ്പെട്ടിരിക്കുന്നു.
ഇറാസു അഗ്നിപർവതത്തിന് 3,400-ലധികം മീറ്റർ ഉയരമുണ്ട്. 1963 മുതൽ 1965 വരെ അത് സജീവമായിരുന്നു.
2,700-ലധികം മീറ്റർ ഉയരമുള്ള പൊയാസ് അഗ്നിപർവതം രണ്ടു കണ്ണുകളുള്ള ഒരു പർവതമാണ്—ഒരെണ്ണം വെളുത്തതും സജീവമായ അഗ്നിപർവതമുഖത്തിൽ തിളയ്ക്കുന്നതുമാണ്, മറ്റേത് കൊടുംവനത്താൽ ചുറ്റപ്പെട്ട ഒരു നീല തടാകവും.
[17-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
നിക്കരാഗ്വ
കോസ്റ്റ റിക്ക
അരീനൽ
മോണ്ടെവെർഡെ
പൊയാസ്
സാർച്ചി
സാൻ ജോസ്
കാർട്ടഗോ
ലിമോൻ
പനാമാ
[16, 17 പേജുകളിലെ ചിത്രങ്ങൾ]
പേജ് 16:
പെരുങ്കൊക്കനും അരീനൽ അഗ്നിപർവതവും
പേജ് 17:
1. പൊയാസ് അഗ്നിപർവതത്തിന്റെ അഗ്നിപർവതമുഖം
2. മകോ
3. നാടൻ നൃത്തം
4. ബ്രോമിലിയാഡ്
5. പാരസോൾ ചെടി
6. ഇഗ്വാന
7. അമേരിക്കൻ പുള്ളിപ്പുലി
[18-ാം പേജിലെ ചിത്രങ്ങൾ]
സാൻ ജോസിലെ “ദൈവ ഭയ” കൺവെൻഷൻ; 681 പേർ സ്നാപനമേറ്റു, ഡിഗ്ന ഉൾപ്പെടെ (വലത്ത് മാറി)