ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഉറക്കം “നിങ്ങളുടെ ശരീരത്തിന് ഉറക്കം ആവശ്യമായിരിക്കുന്നതിന്റെ കാരണം” (ജൂൺ 8, 1995) എന്ന ലേഖനത്തിനു നന്ദി. അതെന്റെ കണ്ണുതുറപ്പിച്ചെന്നു പറയേണ്ടിയിരിക്കുന്നു. ഒരു വൈദ്യശാസ്ത്ര വിദ്യാർഥിയെന്നനിലയിൽ എന്റെ പഠനവുമായി മുന്നോട്ടുപോകുവാൻ ശ്രമിച്ചുകൊണ്ട് ഞാൻ മൂല്യവത്തായ ധാരാളം ഉറക്കസമയം കളഞ്ഞുകുളിച്ചു. പ്രസ്തുത ലേഖനത്തിൽ പരാമർശിച്ചിരുന്ന ചില പരിണതഫലങ്ങൾ ഞാൻ അനുഭവിച്ചിരിക്കുന്നു. മെച്ചപ്പെട്ട നിദ്രാശീലങ്ങൾ വളർത്തിയെടുക്കാൻ ഞാൻ ശ്രമിക്കും.
എൽ. എച്ച്., ട്രിനിഡാഡ്
വല്യമ്മവല്യപ്പൻമാർ “നിങ്ങൾ വല്ല്യമ്മവല്ല്യപ്പൻമാരെ വിലമതിക്കുന്നുവോ?” (ജൂലൈ 8, 1995) എന്ന ലേഖനപരമ്പര വായിച്ചപ്പോൾ ഞാൻ സന്തോഷാശ്രുക്കൾ പൊഴിച്ചു. എനിക്ക് എന്റെ ഭർത്തൃബന്ധുക്കളുമായി പലവിധ പ്രയാസങ്ങൾ ഉണ്ടായിരുന്ന തക്ക സമയത്തുതന്നെയാണു നിങ്ങളുടെ ലേഖനം വന്നത്. അവർ അർഹിക്കുന്ന ഉചിതമായ ബഹുമാനത്തോടെയായിരുന്നില്ല ഞാൻ അവരോട് ഇടപെട്ടിരുന്നത് എന്നു തിരിച്ചറിയുവാൻ അതിടയാക്കി. ആവശ്യമായിരുന്ന മാറ്റങ്ങൾ ഞാൻ വരുത്തുവാൻതുടങ്ങി, ഞങ്ങളെല്ലാം ഇപ്പോൾ കൂടുതൽ സന്തുഷ്ടരാണ്.
എ. റ്റി., കാനഡ
എന്റെ പിതാവിനെ ഒരു വൃദ്ധമന്ദിരത്തിൽ ആക്കേണ്ടിവന്നപ്പോൾ ആഴ്ചയിൽ മൂന്നു പ്രാവശ്യം അദ്ദേഹത്തെ സന്ദർശിക്കാൻ ഞങ്ങൾ തീരുമാനിച്ചുറച്ചു. രണ്ടു വർഷമായി ഞങ്ങൾ ആ വാഗ്ദാനം പാലിച്ചിരിക്കുന്നു. വീട്ടിൽനിന്നുള്ള നിസ്സാര അനുദിന വാർത്തകൾ അദ്ദേഹത്തിനു വളരെ പ്രധാനമാണ്! ഈ പതിവ് നിലനിർത്തുന്നതിനു ദൃഢനിശ്ചയം ആവശ്യമാണ്, എന്നാൽ അതു പേരക്കിടാങ്ങൾക്കും വല്യമ്മവല്യപ്പൻമാർക്കും പ്രയോജനം ചെയ്യുന്നു.
പി. എൽ., ഐക്യനാടുകൾ
പ്രസ്തുത ലേഖനം മതത്തിലോ വിശ്വാസപ്രമാണത്തിലോ ശ്രദ്ധകേന്ദ്രീകരിച്ചില്ല, മറിച്ച് നിഷ്പക്ഷമായിരുന്നുവെന്ന വസ്തുത ഒരു കത്തോലിക്കയായ എന്നിൽ മതിപ്പുളവാക്കി. പ്രായോഗികമായി വിസ്മരിക്കപ്പെട്ടിരിക്കുന്ന ഒരാവശ്യത്തെ നിങ്ങൾ ധൈര്യപൂർവം കൈകാര്യം ചെയ്തിരിക്കുന്നു.
എ. ബി., കോസ്റ്റ റിക്ക
കുടുംബ ദുരന്തം “മമ്മീ, എന്നെ വീട്ടിൽ കൊണ്ടുവന്നതിനു നന്ദി” എന്ന ലേഖനം (ജൂലൈ 8, 1995) ഞാൻ കണ്ണീരോടെ വായിച്ചു. 1982-ൽ ഒരു അപകടത്തിൽ എനിക്കും ഭർത്താവിനെ നഷ്ടപ്പെട്ടു. ആറു കുട്ടികളെയും ഒരു മാതാവിനെയും പരിപാലിക്കാനുള്ള ഉത്തരവാദിത്വത്തോടെ ഞാൻ വികലാംഗയായി അവശേഷിച്ചു. ആ ലേഖനം വായിക്കുന്നത് എന്റെ സ്വന്തം കഥ വായിക്കുന്നതുപോലെയായിരുന്നു. മുന്നോട്ടുപോകാനുള്ള ധൈര്യം യഹോവ ഞങ്ങൾക്കു നൽകുന്നു.
സി. ആർ., ഐക്യനാടുകൾ
ഈ കഥ എന്റെ ഹൃദയത്തെ യഥാർഥമായും സ്പർശിച്ചു. എനിക്ക് 16 വയസ്സുണ്ട്, അത്തരത്തിലുള്ള പ്രശ്നങ്ങൾ എന്നെങ്കിലും ഉയർന്നു വന്നാൽ എനിക്ക് എങ്ങനെ അവയെ നേരിടാൻ കഴിയുമെന്നു ഞാൻ എല്ലായ്പോഴും അതിശയിച്ചിട്ടുണ്ട്. നാം യഹോവയിൽ ആശ്രയിക്കുന്നിടത്തോളം കാലം നമുക്കായി എന്നും അവനുണ്ടെന്നു വിലമതിക്കാൻ റ്റോഡിന്റെ അനുഭവം എന്നെ സഹായിച്ചിരിക്കുന്നു.
എൻ. എഫ്., ഡൊമിനിക്ക, വെസ്റ്റ് ഇൻഡീസ്
എന്നെ കരച്ചിലിന്റെ വക്കോളം എത്തിക്കുമാറ് നന്നായിത്തന്നെ ആ കഥ പറഞ്ഞിരുന്നു. ബോഡി കുടുംബത്തിന്റെ പരിശോധനകൾ എന്റെ ചെറിയ നിരുത്സാഹങ്ങൾ വളരെ അപ്രധാനമായി തോന്നാൻ ഇടയാക്കി. ഞങ്ങളുടെ സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും, യഹോവ എങ്ങനെ അവരെ താങ്ങിയെന്നു കാണുന്നതു മുന്നോട്ടു പോകാൻ ശ്രമം നടത്താൻ എന്നെ സഹായിച്ചിരിക്കുന്നു.
വി. എസ്., ഫിലിപ്പീൻസ്
ഒരു മൂപ്പനായി അനേകവർഷങ്ങൾ സേവിച്ച ഒരു വിശ്വസ്ത സാക്ഷിയായ 33 വയസ്സുള്ള എന്റെ ഭർത്താവിനു പിക്സ് രോഗമാണ്. രോഗിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും വളരെയേറെ കഷ്ടപ്പാടുകൾക്ക് ഇടയാക്കുന്ന ഒരു രോഗമാണിത്. തന്റെ ഭർത്താവിനെ നഷ്ടപ്പെട്ടിട്ടും പുത്രനുവേണ്ടി വർഷങ്ങൾനീണ്ട നിസ്വാർഥ, അർപ്പിത പരിപാലനം കാഴ്ച്ചവെച്ച ശ്രീമതി ബോഡിയുടെ ധീരത എന്നിൽ ആഴമായ മതിപ്പുളവാക്കി. യഹോവ അവരെയും അവരുടെ പുത്രൻമാരെയും അനുഗ്രഹിക്കുമാറാകട്ടെ.
ഇ. എൻ., ഐക്യനാടുകൾ
വായ്നാറ്റം “വായ്നാറ്റം സംബന്ധിച്ചു നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?” (ജൂലൈ 8, 1995) എന്ന വിജ്ഞാനപ്രദമായ ലേഖനത്തിനു ഞാൻ നിങ്ങൾക്കു നന്ദി പറയേണ്ടിയിരിക്കുന്നു. അതുതന്നെയായിരുന്നു എന്റെ പ്രശ്നം! വായ്നാറ്റമുണ്ടായിരിക്കുന്നതു നിങ്ങളെ വിഷാദമഗ്നരാക്കുമെന്നതു സത്യമാണ്. ഞാൻ ദന്ത ഡോക്ടറെ രണ്ടുതവണ സന്ദർശിച്ചു, എന്നാൽ നാറ്റം പിന്നെയും തുടർന്നു. ആ ലേഖനത്തിലെ നിർദ്ദേശങ്ങൾ ഞാൻ ബാധകമാക്കി, അവ ഫലിക്കുന്നുണ്ട്. ഗോളത്തിനു ചുറ്റുമുള്ള ആളുകളെ സഹായിക്കുന്നതിൽ ദയവായി തുടരുക.
ആർ. ഒ. ഐ., നൈജീരിയ
കോസ്റ്റ റിക്ക “കോസ്റ്റ റിക്ക—കൊച്ചുരാജ്യം, സമൃദ്ധമായ വൈവിധ്യം” എന്ന ലേഖനം (ജൂലൈ 8, 1995) അങ്ങോട്ടുള്ള എന്റെ യാത്രക്ക് ഏതാനും ദിവസം മുമ്പുമാത്രമാണ് എത്തിച്ചേർന്നത്. പരാമർശനത്തിനായി ഞാൻ അത് ഒപ്പമെടുത്തു. അതു തീർച്ചയായും അതിശയകരവും രസകരവുമായ സംഗതികൾ നിറഞ്ഞ ഒരു രാജ്യമാണ്! ഞങ്ങൾ പോയസ്ഥലത്തെല്ലാം ആളുകൾ മന്ദസ്മിതംതൂകി കൈവീശി ഞങ്ങളെ അഭിവാദ്യം ചെയ്യുമായിരുന്നു. എല്ലായിടത്തുമുള്ള എല്ലാ ആളുകളും അതുപോലെ സൗഹൃദമുള്ളവരായിരിക്കുന്ന പുതിയ ലോകത്തെ ഒന്നു വിഭാവനംചെയ്യൂ!
റ്റി. എൻ., ഐക്യനാടുകൾ