നിങ്ങളുടെ കാർ—അഭയമോ കെണിയോ?
“കാറിൽത്തന്നെയിരിക്കണമോ അതോ കാറിൽനിന്നു പുറത്തിറങ്ങണമോ എന്ന് അറിയാമായിരുന്നെങ്കിൽ രക്ഷപെടാൻ സാധിക്കുമായിരുന്ന ഇരകളെ മിക്ക വിപത്തുകൾക്കുശേഷവും രക്ഷപെടുത്തൽ സംഘങ്ങൾ കണ്ടെത്തുന്നുണ്ട്” എന്ന് എഫ്ഇഎംഎ (ഐക്യനാടുകളുടെ ഫെഡറൽ അടിയന്തിര പ്രവർത്തന ഏജൻസി) മുന്നറിയിപ്പു നൽകുന്നു. അതേ, തെറ്റായ ഒരു തീരുമാനത്തിന് നിങ്ങളുടെ ജീവൻ ഒടുക്കാൻ കഴിയും. ഒരു വിപത്തു സംഭവിക്കുമ്പോൾ എന്തു ചെയ്യണമെന്നു നിങ്ങൾക്കറിയാമോ? താഴെകൊടുക്കുന്ന ക്വിസ്സിന് ഉത്തരം കണ്ടുപിടിക്കുക. എന്നിട്ട് നിങ്ങളുടെ ഉത്തരങ്ങളെ താഴെകൊടുക്കുന്നവയുമായി താരതമ്യം ചെയ്യുക.
1. ഭൂകമ്പം
◻ കാറിൽത്തന്നെ ഇരിക്കുക
◻ കാറിൽനിന്നു പുറത്തിറങ്ങുക
2. ചുഴലിക്കാറ്റ്
◻ കാറിൽത്തന്നെ ഇരിക്കുക
◻ കാറിൽനിന്നു പുറത്തിറങ്ങുക
3. ഹിമവാതം
◻ കാറിൽത്തന്നെ ഇരിക്കുക
◻ കാറിൽനിന്നു പുറത്തിറങ്ങുക
4. വെള്ളപ്പൊക്കം
◻ കാറിൽത്തന്നെ ഇരിക്കുക
◻ കാറിൽനിന്നു പുറത്തിറങ്ങുക
ഉത്തരങ്ങൾ:
1. ഭൂകമ്പം: കാറിൽത്തന്നെ ഇരിക്കുക.
കാറിനെ നിരത്തിൽനിന്നും ഉയർത്തിനിർത്തുന്ന ഭാഗങ്ങൾ അതിന് വല്ലാത്ത ഇളക്കമുണ്ടാക്കുമെങ്കിലും നിങ്ങൾക്കു സമീപം കെട്ടിടങ്ങളോ മേൽപാതകളോ വൈദ്യുത കമ്പികളോ ഒന്നും ഇല്ലാത്തപക്ഷം സാധ്യതയനുസരിച്ച് അതിനുള്ളിൽ നിങ്ങൾ ഏറ്റവും സുരക്ഷിതരാണ്.
2. ചുഴലിക്കാറ്റ്: കാറിൽനിന്നു പുറത്തിറങ്ങുക.
ചുഴലിക്കാറ്റിന്റെ സമയത്ത് കാറിനകം സാധ്യതയനുസരിച്ച് ഏറ്റവും അപകടകരമായ സ്ഥലമാണ്. പക്ഷേ അടുത്തെങ്ങും സുരക്ഷിതമായ അഭയസ്ഥാനങ്ങളൊന്നും ഇല്ലെങ്കിലോ? എഫ്ഇഎംഎ പറയുന്നു: “തലയ്ക്കുമീതെ കൈപ്പത്തികൾ വെച്ചുകൊണ്ട് കുഴിയിലോ നിലത്തെ മറ്റേതെങ്കിലും കുഴിഞ്ഞ ഭാഗത്തോ പറ്റിക്കിടക്കുക.”
3. ഹിമവാതം: കാറിൽത്തന്നെ ഇരിക്കുക.
ന്യായമായ ദൂരത്തിൽ നിങ്ങൾക്കു സുരക്ഷിതമായ ഒരു അഭയസ്ഥാനം കാണാൻ കഴിയുന്നില്ലെങ്കിൽ രക്ഷപെടുത്തലിനായി കാത്തിരിക്കുന്നതാണ് ഏറ്റവും നല്ലത്. ചൂടിനുവേണ്ടി കുറഞ്ഞ സമയഘട്ടങ്ങളിലേക്ക് എൻജിൻ പ്രവർത്തിപ്പിക്കാവുന്നതാണ്. എന്നാൽ കാർബൺ മോണോക്സൈഡ് വിഷബാധ തടയുന്നതിനായി ഒരു ജനൽ അൽപ്പം തുറന്നിടുക. രക്ഷപെടുത്തലുകാർക്കുള്ള ഒരു സൂചനയെന്നോണം അകത്ത് ഒരു ലൈറ്റ് കത്തിക്കിടക്കട്ടെ.
4. വെള്ളപ്പൊക്കം: കാറിൽനിന്നു പുറത്തിറങ്ങുക.
എഫ്ഇഎംഎ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “ഒരു കാർ വെള്ളപ്പൊക്കത്തിൽ നിന്നുപോകുന്നെങ്കിൽ വേഗം അതിൽനിന്നിറങ്ങി ഉയരമുള്ള ഒരു സ്ഥലത്തേക്കു പോവുക. വെള്ളം അപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുകയായിരിക്കാം, കാറ് ഏതു നിമിഷവും ഒഴുകിപ്പോകാം.” ഭാഗ്യം പരീക്ഷിക്കരുത്. വെള്ളത്തിന് കാണുന്നതിനെക്കാൾ കൂടുതൽ ആഴമുണ്ടായിരിക്കാം, ജലനിരപ്പ് പെട്ടെന്ന് ഉയരുകയും ചെയ്തേക്കാം.
ഈ വിവരങ്ങൾ കാറിന്റെ മുമ്പിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ചെറിയ പെട്ടിയിൽ വെക്കാൻ എഫ്ഇഎംഎ ബുദ്ധ്യുപദേശിക്കുന്നു. “വെപ്രാളം പിടിക്കരുത്,” അതാണ് എല്ലാ സാഹചര്യങ്ങളിലും “ഏറ്റവും പ്രധാനപ്പെട്ട നിയമം” എന്ന് അത് ശുപാർശചെയ്യുന്നു.