ഉപയോഗിച്ച ഒരു കാർ വാങ്ങാവുന്ന വിധം
യഥാർഥ വിലയുടെ പകുതിയോ അതിൽ കുറച്ചോ കൊടുത്ത് ഒരു കാർ വാങ്ങാൻ ഇഷ്ടപ്പെടുകയില്ലാത്തത് ആരാണ്? ‘യഥാർഥത്തിൽ അതു സാധ്യമാണോ?’ എന്നു നിങ്ങൾ ചോദിക്കുന്നു. ഉവ്വ്—അതു മുമ്പ് ഉപയോഗത്തിലിരുന്ന ഒരു മോട്ടോർവാഹനം അഥവാ സാധാരണ പറയുന്നപോലെ ഒരു ഉപയോഗിച്ച കാർ ആണെങ്കിൽ. ഉപയോഗിച്ച ഒരു കാർ വാങ്ങുന്നതു പ്രയോജനപ്പെടുകയില്ലെന്ന് പലരും ഭയപ്പെടുന്നതാണു പ്രശ്നം. മറ്റു യന്ത്രസാമഗ്രികളെപ്പോലെ കാറുകൾക്കും തേയ്മാനം സംഭവിക്കുന്നു. അങ്ങനെ, പഴക്കം, ഓടിക്കഴിഞ്ഞ ദൂരം, ഉപയോഗം എന്നിവ ഏറുന്നതനുസരിച്ച് ഒരു കാറിന്റെ വിലയും കുറയുന്നു.
ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്തട്ടെ? 15 വർഷത്തിലധികമായി ഞാനൊരു ഓട്ടോ ടെക്നീഷ്യനാണ്. അതുകൊണ്ട്, ഞാൻ പഠിച്ച കാര്യങ്ങളിൽ ചിലതു നിങ്ങൾക്കു കൈമാറട്ടെ. ഉപയോഗിച്ച ഒരു കാർ വാങ്ങുന്നതിനുമുമ്പു നിങ്ങളോടുതന്നെ ചോദിക്കാവുന്ന കുറച്ചു ചോദ്യങ്ങളാണു താഴെക്കൊടുത്തിരിക്കുന്നത്.
എത്രമാത്രം പണം ചെലവഴിക്കാൻ എനിക്കു കഴിയും?
ആദ്യമായി, ഒരു കാറിനുവേണ്ടി ചെലവഴിക്കാൻ നിങ്ങളുടെ ബജറ്റ് നിങ്ങളെ എത്രമാത്രം അനുവദിക്കുമെന്നു കണക്കുകൂട്ടുക. നിങ്ങൾ നിശ്ചയിച്ചിരിക്കുന്ന വിലയുടെ പരിധിക്കുള്ളിൽ വരുന്ന കാറുകളുടെ മോഡൽ, നിർമിച്ച വർഷം എന്നിവയെക്കുറിച്ചു നിങ്ങൾക്കു വിവരം നൽകാൻ പത്ര പരസ്യങ്ങൾക്കു കഴിയും. ചില രാജ്യങ്ങളിൽ, ബാങ്കുകൾ, വായ്പാ സ്ഥാപനങ്ങൾ, ചില ലൈബ്രറികൾ എന്നിവക്ക് ഉപയോഗിച്ച കാറുകളുടെ വിലകൾ പട്ടികപ്പെടുത്തിയ പ്രതിമാസ ഗൈഡുകളുണ്ട്. കാറിന്റെ വില മാത്രമല്ല, നികുതികൾക്കും രജിസ്ട്രേഷനും ഇൻഷ്വറൻസിനും ആവശ്യമായ ചെലവുകൾകൂടെ കണക്കുകൂട്ടുക. നിങ്ങൾ വാങ്ങിയതിനുശേഷം കാറിനാവശ്യമായിവന്നേക്കാവുന്ന അപ്രതീക്ഷിത റിപ്പെയറുകൾക്കായി കുറച്ചു പണം നീക്കിവെക്കാനും ആസൂത്രണം ചെയ്യുക.
ഏതുതരം കാറാണ് എനിക്കാവശ്യം?
നിങ്ങൾക്കു വേണ്ടതെന്താണെന്നു തീരുമാനിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണു പ്രധാനം എന്നു നിശ്ചയപ്പെടുത്തുക. നിങ്ങളുടെ കുടുംബത്തിന്റെ വലിപ്പവും ജോലിക്കു പോകുക, കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുക, ക്രിസ്തീയ ശുശ്രൂഷക്കു പോകുക മുതലായ ഏതെല്ലാം പ്രവർത്തനങ്ങൾക്കു കാറുപയോഗിക്കുമെന്നും പരിചിന്തിക്കുക. പ്രാദേശിക ട്രിപ്പുകൾക്കാണോ അതോ ദീർഘദൂര ട്രിപ്പുകൾക്കാണോ അത് ഉപയോഗപ്പെടുത്തുക? ഒരു പ്രത്യേക ബ്രാൻഡിലോ മോഡലിലോ നിങ്ങളെത്തന്നെ ഒതുക്കി നിർത്തരുത്; പകരം നന്നായി സൂക്ഷിച്ചുപോന്ന, നല്ല നിലയിലുള്ള ഒരു കാറിനായി നോക്കുക. സർവീസു ചെയ്യാൻ എളുപ്പമുള്ള ഒരു കാർ വാങ്ങുക. എല്ലാ കാറുകൾക്കും പിന്നീടുള്ള സമയങ്ങളിൽ സ്പെയറുകൾ ആവശ്യമാണ്. നിങ്ങളുടെ പ്രദേശത്ത് ഉചിതമായ സ്പെയറുകൾ വിൽക്കുന്ന കടകളുണ്ടോ? പത്തു വർഷത്തിലധികം പഴക്കമുള്ള കാറുകളുടെ സ്പെയറുകൾ കിട്ടുക വിഷമകരമാണ്. പരിമിതമായ ബജറ്റാണു നിങ്ങൾക്കുള്ളതെങ്കിൽ ആഡംബരമേറിയതോ ഇറക്കുമതി ചെയ്ത പ്രത്യേക കാറുകളോ വാങ്ങുന്നതൊഴിവാക്കുക; അതിന്റെ സ്പെയറുകളും സർവീസും കൂടുതൽ ചെലവേറിയതായിരിക്കുമെന്നതിനു സംശയമില്ല. അത്തരം കാറുകൾ വളരെ വിശ്വസനീയമാണെങ്കിലും, അവ സ്വന്തമാക്കാൻ വളരെ ചെലവേറും.
അതൊരു നല്ല കാറാണോ?
ഒരു നല്ല കാർ നന്നായി സർവീസ് ചെയ്തിരിക്കും. സാധാരണമായി, വളരെക്കൂടുതൽ മൈൽ ഓടിയിട്ടുള്ള—ഹൈവേകൾക്കുപകരം നഗരങ്ങളിലെ റോഡുകളിലാണെങ്കിൽ പ്രത്യേകിച്ചും—കാറുകൾ ഒഴിവാക്കുന്നതാണു നല്ലത്. എന്താണ് ഉയർന്ന മൈലേജിന് ഇടയാക്കുന്നത് എന്നുള്ളത് ഓരോ സ്ഥലത്തും വ്യത്യസ്തമായിരിക്കും. ഉപയോഗിച്ച കാർ പൂർണമായിരിക്കുകയില്ല. എന്നിരുന്നാലും, കാറിനാവശ്യമായ കേടുപോക്കലുകൾ താങ്ങാൻ നിങ്ങൾക്കു കഴിയുമോ? സാധാരണമായി നന്നാക്കലുകൾ കാറിന്റെ വില വർധിപ്പിക്കുകയില്ല. ഉദാഹരണത്തിന്, 3,000 ഡോളറിനു നിങ്ങൾ ഒരു കാർ വാങ്ങുകയും ആവശ്യമായ നന്നാക്കലിന് 1,000 ഡോളർ ചെലവഴിക്കുകയും ചെയ്താൽ ആ കാർ അവശ്യം 4,000 ഡോളർ വിലയ്ക്കുണ്ടായിരിക്കണമെന്നില്ല. മോശമായ നിലയിലുള്ള ഒരു കാർ വാങ്ങി അതു ശരിയാക്കിയെടുക്കുന്നതിനെക്കാൾ ചെലവു കുറഞ്ഞതാണു നല്ല നിലയിലുള്ള ഒരു കാർ വാങ്ങുന്നത്.
ഒരു നല്ല കാർ തിരഞ്ഞെടുക്കുന്നതിനുള്ള ചില നിർദേശങ്ങളാണ് ഇവിടെ കൊടുക്കുന്നത്:
• നിങ്ങൾ വാങ്ങുന്നതിനുമുമ്പു കാർ നല്ലവണ്ണം പരിശോധിക്കുക. ഒരു ശരിയായ ചിത്രം ലഭിക്കുന്നതിനായി, രാത്രിയിലോ മഴയത്തോ കാർ നോക്കുന്നത് ഒഴിവാക്കുക. കാറിനുചുറ്റും പെട്ടെന്നൊന്നു നടന്നു നോക്കുക. അതിനെക്കുറിച്ചു നിങ്ങളുടെ അഭിപ്രായമെന്താണ്? അകവും പുറവും മുൻ ഉടമസ്ഥൻ അതിനെ നന്നായി കാത്തുരക്ഷിച്ചതിന്റെ ലക്ഷണം കാണിക്കുന്നുവോ? അവ നന്നായി കേടുപോക്കിയിട്ടുണ്ടോ? വാഹനത്തിന്റെ അറ്റകുറ്റം തീർത്തുപോന്നതിന്റെ ഒരു രേഖ നൽകാൻ വിൽപ്പനക്കാരനു കഴിയുമോ? അതിനു കഴിയില്ലെങ്കിൽ, കാറിനെ അവഗണിച്ചിരിക്കാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള ഒരു കാറിനെപ്പറ്റി ഇനി കൂടുതലായി ഒന്നും നോക്കാൻ നിങ്ങളാഗ്രഹിച്ചേക്കുകയില്ല.
• പരീക്ഷണ ഡ്രൈവിങ് നടത്തിനോക്കുക. പരീക്ഷണ ഡ്രൈവിങ് നടത്തുമ്പോൾ ഹൈവേയിൽ ഓടിക്കുന്ന വേഗതയുടെ അത്രത്തോളം കാറിന്റെ വേഗത കൂട്ടുക. കുന്നിൻ പ്രദേശങ്ങളിലൂടെയും നിരപ്പായ വീഥികളിലൂടെയും നിർത്തി നിർത്തി ഓടിച്ചു നോക്കുക.
എൻജിൻ:
എൻജിൻ എളുപ്പം സ്റ്റാർട്ടു ചെയ്യാൻ പറ്റുമോ?
എൻജിനിൽനിന്നു പുറത്തേക്കു വമിക്കുന്ന വാതകബാഷ്പങ്ങൾ കട്ടിയായ പുകയിൽനിന്നു വിമുക്തമാണോ?
എൻജിൻ നന്നായി പ്രവർത്തിക്കുന്നുവോ?
അതു കുറഞ്ഞ വേഗതയിൽ സുഗമമായി ഓടുന്നുവോ?
എൻജിൻ അപശബ്ദങ്ങളിൽനിന്നു വിമുക്തമാണോ?
നന്നായി വേഗത വർധിപ്പിക്കാൻ എൻജിനു വേണ്ടത്ര ശക്തിയുണ്ടോ?
മേൽപ്പറഞ്ഞ ഏതെങ്കിലും ചോദ്യങ്ങൾക്കുള്ള ഉത്തരം ഇല്ല എന്നാണെങ്കിൽ, എൻജിന്റെ കാര്യക്ഷമമായുള്ള പ്രവർത്തനം ഉറപ്പുവരുത്താൻ സാധാരണ ചില പണികളോ അല്ലെങ്കിൽ അതിലും സങ്കീർണമായ നന്നാക്കലുകളോ ആവശ്യമായി വന്നേക്കാം. ഈ അവസ്ഥകൾ എൻജിനു തേയ്മാനം സംഭവിച്ചു എന്നതിന്റെ ലക്ഷണങ്ങളായിരിക്കാം. അതിനു ചില്ലറ പണിയേ ആവശ്യമുള്ളൂ എന്നു വിൽപ്പനക്കാരൻ പറയുന്നെങ്കിൽ ജാഗ്രതയുള്ളവനായിരിക്കുക. ചില്ലറപ്പണികൾ കാറിന്റെ സ്ഥിരമായ പരിരക്ഷയ്ക്ക് നിരന്തരം ആവശ്യമായി വന്നിട്ടുണ്ടാവണം.
ഗിയർ സംവിധാനം:
സ്വയം പ്രവർത്തിക്കുന്ന ഗിയർ സംവിധാനം വഴുതിപ്പോകുകയോ ഗിയറിലിടുമ്പോൾ ഗിയർ ചക്രങ്ങളുടെ പല്ലുകൾ കൂട്ടിക്കൊളുത്താതിരിക്കുകയോ ചെയ്യുന്നുവോ?
അത് അനായാസം മാറുന്നതിനു കഴിയാതെ വരുന്നോ?
ഗിയർ മാറുമ്പോൾ ഏതെങ്കിലും ഗിയറിൽനിന്നു പരുക്കൻ ശബ്ദം കേൾക്കുന്നുവോ?
ഈ ചോദ്യങ്ങളിലേതിനെങ്കിലും ഉവ്വ് എന്ന ഉത്തരമുണ്ടെങ്കിൽ, ഗിയർ സംവിധാനത്തിനു നന്നാക്കൽ ആവശ്യമായി വന്നേക്കാം.
ബ്രേക്കുകളും വാഹനത്തിന്റെ മുകൾഭാഗം ആക്സലിൽ താങ്ങിനിർത്തുന്ന സംവിധാനവും:
നിങ്ങൾ ഓടിക്കുമ്പോഴോ ബ്രേക്കു ചെയ്യുമ്പോഴോ കാർ ഒരു വശത്തേക്കു വലിയുന്നുവോ?
ചില വേഗതകളിൽ ഓടിക്കുമ്പോഴോ ബ്രേക്കു ചെയ്യുമ്പോഴോ കാറിനു കമ്പനമുണ്ടാകുന്നുവോ?
നിങ്ങൾ ബ്രേക്കു ചെയ്യുമ്പോഴോ തിരിക്കുമ്പോഴോ ബംബുകൾ കടക്കുമ്പോഴോ ശബ്ദങ്ങൾ ഉണ്ടോ?
ഈ ചോദ്യങ്ങളിലേതിനെങ്കിലും ഉവ്വ് എന്ന ഉത്തരമുണ്ടെങ്കിൽ കാറിന്റെ ബ്രേക്കിനോ താങ്ങിനിർത്തൽ സംവിധാനത്തിനോ നന്നാക്കൽ ആവശ്യമായിവന്നേക്കാം.
• നന്നാക്കൽ ആവശ്യമായ മറ്റുഭാഗങ്ങൾ നോക്കുക. കാറിന്റെ അകത്തും പുറത്തും അടിയിലും നോക്കാൻ നിങ്ങളെ അനുവദിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
• ബോഡിയിൽ തുരുമ്പുണ്ടോ എന്നു പരിശോധിക്കുക. അതുള്ള കാറുകൾ ഒഴിവാക്കുക. പുതിയ കാറുകളെല്ലാംതന്നെ “ഏകബോഡി” നിർമിതിയാണ്. ബോഡിയുടെ ഭാഗങ്ങൾ ഘടനാപരമായ ബലത്തിനായി അനേക സ്ഥലങ്ങളിൽ ഉപകരിക്കുന്നു. ഈ ഭാഗങ്ങളിൽ തുരുമ്പുണ്ടെങ്കിൽ സാധാരണമായി അവ പൂർണമായും നന്നാക്കിയെടുക്കാൻ കഴിയാത്തത്ര ചെലവിനിടവരുത്തും. ലോഹചട്ടങ്ങളിലെ തുരുമ്പു ബാഹ്യമായിരിക്കാം, എന്നാൽ സാധാരണമായി അതു പ്രധാനപ്പെട്ട ഭാഗങ്ങളിലും തുരുമ്പുണ്ടെന്നുള്ളതിന്റെ അടയാളമാണ്. തുരുമ്പുണ്ടോയെന്നറിയാൻ കാറിന്റെ അടിയിൽ നോക്കുക. കാർ പുതുതായി പെയിൻറു ചെയ്തിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കുക, കാർ വെള്ളതേച്ച ശവക്കല്ലറയായിരുന്നേക്കാം.
• അപകടത്തിന്റേതായ കേടുപാടുകളുണ്ടോ എന്നു നോക്കുക. ബോണറ്റിന്റെ അടിയിലും ഡിക്കിയിലും അപകടത്തിന്റെ കേടുപാടുകൾ മറഞ്ഞിരിക്കുന്നുണ്ടോ എന്നു പരിശോധിക്കുക. വാതിലുകളും ബോണറ്റും ഡിക്കിയും ചേർച്ചയിലാണോ? വാതിൽ വന്ന് അടയുന്ന പൊഴികൾ പോലെയുള്ള പെയിൻറ് ആവശ്യമില്ലാത്ത സ്ഥലങ്ങളിലേക്കു പെയിൻറ് പരന്നതിന്റെ അടയാളങ്ങളുണ്ടോ? ഡിക്കിയിലോ കാർപ്പെറ്റിട്ട ഭാഗങ്ങളിലോ ദ്വാരങ്ങളുണ്ടോ? ഈ ദ്വാരങ്ങൾ തുരുമ്പിനു കാരണമാകാം.
• എൻജിൻ ഓയിൽ പരിശോധിക്കുക. ഓയിലിൽ മുക്കിയിടാറുള്ള അളവുകോൽ നോക്കുക. ഓയിലിന്റെ അളവു കുറവാണോ? അത് ഓയിൽ അമിതമായി ഉപയോഗിക്കുന്നതിന്റെയോ ചോർച്ചയുടെയോ ഫലമായിരിക്കാം. ഓയിൽ വളരെ വൃത്തികെട്ടതോ കറുത്തതോ ആണോ? അതിനു കട്ടി പിടിച്ചിട്ടുണ്ടോ? വാൽവിന്റെ മൂടികളുടെചുറ്റും ഓയിൽ നനവിന്റെ ലക്ഷണങ്ങളുണ്ടോയെന്നു നോക്കുക. കാറിൽ കയറി ഇഗ്നീഷൻ സ്വിച്ച് ഓൺ ചെയ്യുക; എന്നാൽ കാർ സ്റ്റാർട്ടു ചെയ്യരുത്. താഴ്ന്ന-ഓയിൽ-മർദ മുന്നറിയിപ്പിന്റെ ലൈറ്റ് തെളിയുന്നുവോ? കാറിൽ ഒരു ഓയിൽ മർദമാപിനി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ അതു പൂജ്യം എന്നു കാണിക്കണം. ഇപ്പോൾ എൻജിൻ സ്റ്റാർട്ടു ചെയ്യുക, എൻജിൻ ഒരു താഴ്ന്ന വേഗതയിൽ പ്രവർത്തിക്കട്ടെ. ഓയിൽ മർദ ലൈറ്റ് അണയാൻ എത്രസമയം എടുക്കുന്നുവെന്നു ശ്രദ്ധിക്കുക, അല്ലെങ്കിൽ സാധാരണ എൻജിൻ മർദം രേഖപ്പെടുത്താൻ എത്രസമയം എടുക്കുന്നുവെന്നു നോക്കുക. ലൈറ്റ് അണയുന്നതിനോ മാപിനി സാധാരണ മർദം രേഖപ്പെടുത്തുന്നതിനോ ചുരുക്കംചില സെക്കണ്ടുകളിലധികം എടുക്കുന്നെങ്കിൽ അത് എൻജിന്റെ ഗണ്യമായ തേയ്മാനത്തിന്റെ സൂചനയായിരുന്നേക്കാം. ഐക്യനാടുകളിലെ ചില പുതിയ കാറുകളിൽ, എൻജിൻ പ്രവർത്തിപ്പിക്കാതെ താക്കോൽ തിരിക്കുമ്പോൾ “എൻജിൻ പരിശോധിക്കുക” എന്ന ലൈറ്റോ “പെട്ടെന്ന് എൻജിൻ സർവീസ് ചെയ്യുക” എന്ന ലൈറ്റോ തെളിയണം. എൻജിൻ പ്രവർത്തിക്കുമ്പോൾ ലൈറ്റ് അണയണം. എൻജിൻ പ്രവർത്തിക്കുമ്പോൾ ലൈറ്റ് കത്തിക്കൊണ്ടിരിക്കുന്നുവെങ്കിൽ അത് എൻജിനു പ്രശ്നമുള്ളതായി സൂചിപ്പിക്കുന്നു. തകരാറ് ഒരുപക്ഷേ എയർ ഫിൽട്ടർ സംവിധാനത്തിനോ ഇന്ധന വിതരണ സംവിധാനത്തിനോ ആയിരിക്കാം.
• ഓട്ടോമാറ്റിക് ഗിയർ ഓയിൽ പരിശോധിക്കുക. അതു കുറവാണോ അതോ വല്ലാതെ ചൂടുപിടിച്ച് ഇരുണ്ടു പോയോ? ഗിയർ സംവിധാനത്തിനു കീഴെ ചോർച്ചയുണ്ടോ എന്നു നോക്കുക. ഈ അവസ്ഥകൾ ഗിയർ സംവിധാനത്തോടു ബന്ധപ്പെട്ട അധികപ്പണിയുടെ ആവശ്യത്തെ ചൂണ്ടിക്കാണിച്ചേക്കാം. കാറിനു മുൻചക്ര ഡ്രൈവിങ് സംവിധാനമാണുള്ളതെങ്കിൽ, ടോർക്കും ചക്രങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥിര പ്രവേഗ ജോയിൻറുകളെ സംരക്ഷിക്കുന്ന റബർ ആവരണങ്ങൾ കീറിപ്പോയിട്ടുണ്ടോയെന്ന് അടിയിൽ നോക്കുക. ഉണ്ടെങ്കിൽ, ഗ്രീസ് പുറത്തേക്കു തെറിക്കുകയും അതു ജോയിൻറുകളുടെ പെട്ടന്നുള്ള കേടുപാടിനു കാരണമാകുകയും ചെയ്യാം. അതു മാറ്റിവെക്കുക വളരെ ചെലവേറിയ പണിയാണ്.
• നാലു ചക്രങ്ങളും പരിശോധിക്കുക. അവ വല്ലാതെ തേഞ്ഞിട്ടുണ്ടെങ്കിൽ അവ മാറ്റേണ്ട ആവശ്യവും മുൻകൂട്ടിക്കാണുക. ടയർ ട്രെഡ് സാധാരണമല്ലാത്ത വിധം തേഞ്ഞുപോയിട്ടുണ്ടെങ്കിൽ, ഭാഗങ്ങൾ നന്നായി ക്രമപ്പെടുത്തേണ്ടതിന്റെയോ സ്റ്റിയറിങ് ഭാഗങ്ങൾ മാറ്റിവെക്കേണ്ടതിന്റെയോ ആവശ്യം വന്നേക്കാം.
• പവർ സ്റ്റിയറിങ് പരിശോധിക്കുക. ദ്രവം കറുത്ത നിറമുള്ളതായോ കുറഞ്ഞതായോ കാണുന്നുവോ? കാർ സ്റ്റാർട്ടു ചെയ്തു സ്റ്റിയറിങ് വീൽ ഒരു വശത്തുനിന്നു മറു വശത്തേക്കു ഒട്ടേറെ പ്രാവശ്യം തിരിക്കുക. വലത്തോട്ടോ ഇടത്തോട്ടോ തുല്യബലത്തിൽ തിരിക്കാൻ കഴിയണം. നിങ്ങൾ സ്റ്റിയറിങ് വീൽ തിരിക്കുമ്പോൾ പിടിച്ചുവലിക്കുന്നതുപോലുള്ള മുറുക്കം തോന്നുന്നുവോ? പവർ സ്റ്റിയറിങ് വീലിന്റെ പ്രവർത്തനം തികച്ചും നിശബ്ദമായിരിക്കണം. അതിന്റെ പ്രവർത്തനത്തിനു തകരാറു നേരിട്ടാൽ കേടുപോക്കാൻ വലിയ ചെലവൊടുക്കേണ്ടിവരും.
• മറ്റു പരിശോധനകൾ.
ബെൽറ്റുകളുടെയും ഹോസുകളുടെയും അവസ്ഥ പരിശോധിക്കുക.
പാർക്കിങ് ബ്രേക്കിന്റെ പ്രവർത്തനം കയറ്റത്തിൽവെച്ചു പരിശോധിക്കുക.
ബ്രേക്ക് പെഡലിനു സാധാരണയിൽ കവിഞ്ഞ തേയ്മാനമുണ്ടോയെന്നു പരിശോധിക്കുക.
നിർഗമന സംവിധാനത്തിന്റെ അവസ്ഥ പരിശോധിക്കുക. അത് ഒച്ചയുണ്ടാക്കുന്നുണ്ടോ? അത് അയഞ്ഞതാണോ?
ആഘാത പ്രതിരോധ സംവിധാനവും (ഷോക്ക് അബ്സോർബർ) സ്പ്രിംഗുകളും പരിശോധിക്കുക. കാർ താഴേക്കു പതിഞ്ഞിരിക്കുന്നുവോ, അല്ലെങ്കിൽ നിങ്ങൾ ഓരോ മൂലയും ഒന്നിനു പുറകെ ഒന്നായി താഴേക്കമർത്തുമ്പോൾ അതു മൂന്നിലധികം പ്രാവശ്യം മുകളിലേക്കു പൊന്തുന്നുണ്ടോ?
ഒരു എയർകണ്ടീഷനർ ഉണ്ടെങ്കിൽ, അതു നന്നായി പ്രവർത്തിക്കുന്നുവോ?
ലൈറ്റുകളും വൈപ്പറുകളും ഹോണും സീറ്റ് ബെൽറ്റുകളും ജനലുകളും പ്രവർത്തനക്ഷമമാണോ?
ഒരു ട്രെയിലർ കെട്ടിവലിച്ചതിന്റെ മറഞ്ഞിരിക്കുന്ന അടയാളങ്ങൾ വല്ലതുമുണ്ടോ എന്നറിയാൻ വാഹനത്തിന്റെ അടിയിൽ പിൻഭാഗം പരിശോധിക്കുക. അങ്ങനെയുണ്ടെങ്കിൽ, ജാഗ്രതയുള്ളവരായിരിക്കാൻ ശുപാർശ ചെയ്യുന്നു. അങ്ങനെയുള്ള കെട്ടിവലിക്കൽ ഗിയർ സംവിധാനത്തെ അമിതമായി ആയാസപ്പെടുത്തിയിരിക്കാം.
ഈ ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്ന ഏതെങ്കിലും പരിശോധനകളെക്കുറിച്ചു നിങ്ങൾക്കു തീർച്ചയില്ലെങ്കിൽ, കാർ വാങ്ങുന്നതിനു മുമ്പ് ഒരു പരിചയസമ്പന്നനായ മെക്കാനിക്കിന്റെ വിലയിരുത്തലുകൾ തേടുന്നതു ജ്ഞാനപൂർവകമായിരിക്കാം. കാർ നോക്കിക്കാണുന്നതിനും താഴെപ്പറയുന്നവയുടെ ഒരു പട്ടിക തയ്യാറാക്കുന്നതിനും അദ്ദേഹത്തോടു പറയുക.
1. കാറിന് ഉടൻ നടത്തേണ്ട അറ്റകുറ്റപ്പണി എന്തൊക്കെ; പാർട്സുകളുടെയും റിപ്പെയർ പണിയുടെയും ചെലവ് എത്രമാത്രം.
2. കാറിന് അടുത്ത വർഷം ആവശ്യമായി വന്നേക്കാവുന്ന റിപ്പെയർ എന്തെല്ലാം; പാർട്സുകളുടെയും പണിയുടെയും ചെലവ് എത്രമാത്രം.
ഒരു പരിചയസമ്പന്നനായ മെക്കാനിക്ക് ഈ പരിശോധനയ്ക്ക് ഒരു മണിക്കൂറിൽക്കുറവേ എടുക്കുകയുള്ളൂ. ആ ഒരു മണിക്കൂർ സമയത്തെ തൊഴിൽക്കൂലി നിങ്ങൾ കൊടുക്കേണ്ടിവന്നേക്കാം, പക്ഷേ ആവശ്യമായിരിക്കുന്ന നന്നാക്കലിനു വേണ്ടിവരുന്ന അറിയപ്പെടാത്ത ചെലവുകളുമായി താരതമ്യം ചെയ്യുമ്പോൾ അതു ചെറുതാണ്. അടുത്തകാലത്തു കാറിന് എന്തൊക്കെ പണികൾ ചെയ്തിട്ടുണ്ടെന്നു വിൽപ്പനക്കാരനോടു ചോദിച്ചു മനസ്സിലാക്കുക. കേടുപോക്കിയ രേഖകൾ കാണാൻ ആവശ്യപ്പെടുക. ഓയിലും ഓയിൽ അരിപ്പയും ക്രമമായി മാറ്റിയിരുന്നോ? ഓട്ടോമാറ്റിക് ഗിയർ സംവിധാനം എന്നെങ്കിലും കേടുപോക്കിയിട്ടുണ്ടോ? ഒടുവിൽ കാറിനു പണികൾ ചെയ്തത് എപ്പോഴായിരുന്നു? ഒരു നല്ല കാർ നന്നായി സംരക്ഷിക്കപ്പെടുന്നതും ധാരാളം പണികൾ ആവശ്യമില്ലാത്തതുമായ ഒന്നാണെന്ന് ഓർമിക്കുക.
ആദ്യം ഇരുന്നു ചെലവു കണക്കുകൂട്ടുക—കാറിനെക്കുറിച്ചുള്ള മുഴു വിവരങ്ങളും സമാഹരിച്ചശേഷം. എന്നിട്ട്, കാറു തക്ക മൂല്യമുള്ളതാണോ എന്നും വാങ്ങാനുള്ള വില മാത്രമല്ല മറ്റു ചെലവുകളും താങ്ങാനാവശ്യമായ പണം നിങ്ങൾ ബജറ്റിൽ വകകൊള്ളിച്ചിട്ടുണ്ടോ എന്നും തീരുമാനിക്കുക.—ഒരു ഓട്ടോ ടെക്നീഷ്യൻ സംഭാവന ചെയ്തപ്രകാരം.
[16, 17 പേജുകളിലെ ചിത്രങ്ങൾ]
നിങ്ങൾ വാങ്ങുന്ന ഉപയോഗിച്ച കാർ നല്ലതാണെന്നു നിങ്ങൾക്ക് ഉറപ്പാക്കാൻ കഴിയുന്നതെങ്ങനെ? നിങ്ങൾ പരിഗണിക്കേണ്ട പല കാര്യങ്ങളിൽ ചിലതാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്
നിങ്ങൾ വാങ്ങുന്നതിനുമുമ്പ് കാർ പരിശോധിക്കാൻ ഒരു ഓട്ടോ ടെക്നീഷ്യനെ ഏർപ്പെടുത്തുക
ഓയിലും ഓയിൽ അരിപ്പയും ക്രമമായി മാറ്റാറുണ്ടായിരുന്നോ?
അപകടത്തിന്റെ കേടുപാടുകളുണ്ടോയെന്നു നോക്കുക. വാതിലുകളും ബോണറ്റും ഉൾഭാഗവും നല്ലതാണോ?
അസാധാരണമായ ടയർ തേയ്മാനം ഭാഗങ്ങൾ തമ്മിലുള്ള പൊരുത്തക്കേടിന്റെയോ സ്റ്റിയറിങ് തകരാറിന്റെയോ സൂചനയാകാം