യുവജനങ്ങൾ ചോദിക്കുന്നു. . .
എന്റെ മാതാപിതാക്കൾ അപര്യാപ്തരാകുന്നെങ്കിലോ?
“എന്റെ പിതാവ് പത്തു വർഷമായി ഒരു ക്രിസ്ത്യാനിയാണ്. പക്ഷേ അദ്ദേഹം നിഷ്ക്രിയനാണ്. അദ്ദേഹം ബൈബിൾ പഠിക്കുന്നില്ല, മീറ്റിങ്ങുകളിൽ ക്രമമായി പങ്കെടുക്കുന്നുമില്ല. അദ്ദേഹം സഭയിലെ ക്രിസ്തീയ സഹോദരങ്ങളെ നിരന്തരം വിമർശിക്കുന്നു. വർഗങ്ങളെ സംബന്ധിച്ചും മറ്റു പല പല സംഗതികളെ സംബന്ധിച്ചും അദ്ദേഹത്തിന് ലൗകിക കാഴ്ചപ്പാടാണുള്ളത്. വളരെയധികം അപര്യാപ്തതകൾ ഉള്ളയാളായി ഞാൻ അദ്ദേഹത്തെ കരുതുന്നു.”—ഒരു കൗമാരപ്രായക്കാരി.
മാതാപിതാക്കളാരും പൂർണരല്ല. “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” എന്ന് ബൈബിൾ പറയുന്നു. (റോമർ 3:23) എന്നാൽ ഒരാളുടെ മാതാവോ പിതാവോ പൊതുജനസമക്ഷേ ഒരു മാതൃകാ ക്രിസ്ത്യാനിയുടെ ഭാഗം അഭിനയിക്കുകയും രഹസ്യജീവിതത്തിൽ വൃത്തികെട്ട രീതിയിൽ മാറുകയും ചെയ്യുമ്പോൾ അത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്. “മറ്റുള്ളവരുടെ മുമ്പിൽ എന്റെ പിതാവ് നല്ല വ്യക്തിയാണ്. എന്നാൽ അവരുടെ കൺമറയത്ത് അദ്ദേഹം വ്യത്യസ്തനാണ്—ദ്രോഹി! ഞാനെന്തു ചെയ്താലും അദ്ദേഹം വിമർശിക്കും, ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരെയും അദ്ദേഹം വിഷമിപ്പിക്കുന്നു. ജീവിതത്തിൽ മേലാൽ സന്തോഷം അനുഭവിക്കാൻ കഴിയാത്ത അളവോളം എത്തിച്ചേർന്നിരിക്കുകയാണു ഞാനിപ്പോൾ. എനിക്ക് അദ്ദേഹത്തോട് ഒന്നു മാത്രമേ തോന്നുന്നുള്ളു, വിദ്വേഷം.”
രഹസ്യജീവിതത്തിൽ വിവിധ തരത്തിലുള്ള ദുഷ്പെരുമാറ്റങ്ങൾ അനുഭവിക്കുന്ന യുവാക്കൾക്കിടയിൽ കോപവും വിദ്വേഷവും പ്രത്യേകിച്ച് തീവ്രമായിരിക്കും. ഒരു രഹസ്യ മദ്യപാനിയായ തന്റെ പിതാവിൽനിന്നനുഭവിച്ച “അക്രമം, നിന്ദാപൂർവകമായ വാക്കുകൾ, എല്ലാ തരത്തിലുമുള്ള ദുഷ്പെരുമാറ്റം” എന്നിവയെക്കുറിച്ച് മേരി എന്നു പേരുള്ള ഒരു സ്ത്രീ എഴുതുന്നു. “ഞങ്ങൾക്ക് എത്ര നല്ല പിതാവാണുള്ളതെന്നും ഞങ്ങൾ എത്ര അനുഗൃഹീതരാണെന്നും ആളുകൾ ഞങ്ങൾ കുട്ടികളോടു വന്നു പറയുമായിരുന്നു,” അവൾ കയ്പോടെ ഓർമിക്കുന്നു.
എല്ലാരൂപത്തിലുള്ള കപടഭക്തിയെയും ബൈബിൾ കുറ്റം വിധിക്കുന്നു. (യാക്കോബ് 3:17) ദൈവത്തിന്റെ ആരാധകരുടെ ഇടയിൽപ്പോലും കുറെ “കപടക്കാ”ർ ഉണ്ടായിരിക്കുമെന്ന് അത് മുന്നറിയിപ്പു നൽകുന്നു. (സങ്കീർത്തനം 26:4; താരതമ്യം ചെയ്യുക: യൂദാ 4.) എന്നാൽ, കപടനാട്യം കാണിക്കുന്നത് നിങ്ങൾ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യേണ്ടിയിരിക്കുന്ന നിങ്ങളുടെ മാതാവോ പിതാവോ ആകുമ്പോൾ ഈ അറിവ് കാര്യങ്ങളെ എളുപ്പമാക്കിത്തീർക്കില്ലായിരിക്കാം. പരസ്പരവിരുദ്ധമായ വികാരങ്ങൾ നിമിത്തം ചില യുവാക്കൾ വീർപ്പുമുട്ടുന്നു. “എനിക്കു സഹായം വേണം,” ഒരു പെൺകുട്ടി വിലപിക്കുന്നു. “‘നിന്റെ പിതാവിനെ ബഹുമാനിക്ക’ എന്നു ബൈബിൾ പറയുന്നു. പക്ഷേ എനിക്കതിനാവില്ല.”
അവരെ ബഹുമാനിക്കുന്നതിന്റെ യഥാർഥ അർഥം
തങ്ങളുടെ മാതാപിതാക്കൾ ബഹുമാനത്തിന് അർഹരല്ലെന്നു വിചാരിക്കുന്ന യുവജനങ്ങൾക്ക് ‘രക്ഷപ്പെടാൻ’ മാതാപിതാക്കളെ ബഹുമാനിക്ക എന്ന ബൈബിൾ കൽപ്പനയിൽ ‘പഴുത്’ ഒന്നുമില്ലെന്നുള്ളത് സത്യമാണ്. (എഫെസ്യർ 6:1, 2) എന്നിരുന്നാലും, ഒരു പിതാവിനെ ബഹുമാനിക്കുന്നുവെന്നു കരുതി നിങ്ങൾ അദ്ദേഹത്തിന്റെ ജീവിതരീതി അംഗീകരിക്കുന്നുവെന്നോ അദ്ദേഹം നിങ്ങളോട് ഇടപെടുന്ന വിധത്തിൽ നിങ്ങൾ സന്തുഷ്ടനാണെന്നോ അത് അവശ്യം അർഥമാക്കുന്നില്ല.a ബൈബിളിൽ “ബഹുമാന”ത്തിന് കേവലം അർഹതപ്പെട്ട അധികാരത്തിന്റെ തിരിച്ചറിയൽ എന്ന് അർഥമുണ്ട്.
ഉദാഹരണത്തിന്, ക്രിസ്ത്യാനികൾ “രാജാവിനെ ബഹുമാനി”ക്കണമെന്ന് അപ്പോസ്തലനായ പത്രോസ് എഴുതി. (1 പത്രൊസ് 2:17) പലപ്പോഴും രാജാക്കൻമാർ അപ്രിയരായ വ്യക്തികളാണെന്ന് പത്രോസ് നേരിട്ടറിഞ്ഞിരുന്നു. ഉദാഹരണത്തിന്, ഹെരോദ് അഗ്രിപ്പാ ഒന്നാമൻ രാജാവ് ധൂർത്തനും വീണ്ടുവിചാരമില്ലാത്തവനുമായ മനുഷ്യനായിരുന്നു. പാലസ്തീനിന്റെ രാജാവായി റോം അദ്ദേഹത്തെ നിയമിച്ചശേഷം അദ്ദേഹം ക്രിസ്ത്യാനികൾക്കുനേരെ പീഡനം അഴിച്ചുവിട്ടു. “യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു. അതു യഹൂദൻമാർക്കു പ്രസാദമായി എന്നു കണ്ടു അവൻ പത്രൊസിനെയും പിടിച്ചു.” (പ്രവൃത്തികൾ 12:1-3) എന്നിട്ടും, പത്രോസ് മത്സരത്തെ പ്രോത്സാഹിപ്പിച്ചില്ല. പകരം, അദ്ദേഹം രാജാക്കൻമാരോടുള്ള അനുസരണത്തെ പ്രോത്സാഹിപ്പിച്ചു, നല്ല കാരണത്തോടെ തന്നെ. ലൗകിക അധികാരികളെ അനുസരിക്കണമെന്നുള്ളത് യഹോവയുടെ ഹിതമാണ്. പത്രോസിന്റെ നാളിലെ ചില രാജാക്കൻമാർക്ക് പൂർണ ശക്തിയും അധികാരവും ഉണ്ടായിരുന്നു. ശലോമോൻ ഇപ്രകാരം പറഞ്ഞു: “അവൻ തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ. രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു അവനോടു ആർ ചോദിക്കും?”—സഭാപ്രസംഗി 8:3, 4.
സമാനമായി, നിങ്ങളുടെ പിതാവും—അദ്ദേഹത്തിന്റെ കുറവുകൾ എന്തുതന്നെയായിരുന്നാലും—അധികാരസ്ഥാനത്താണ്. അദ്ദേഹത്തിന് നിങ്ങളുടെ ജീവിതത്തിന്റെമേൽ ഗണ്യമായ സ്വാധീനമുണ്ട്. അതുകൊണ്ട്, അദ്ദേഹത്തോടു മത്സരിക്കുന്നതോ പുച്ഛത്തോടെ ഇടപെടുന്നതോ കേവലം ജ്ഞാനപൂർവകമായ നടപടിയല്ല. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തെ കൂടുതൽ വിഷമകരമാക്കിത്തീർക്കുമെന്നു മാത്രമല്ല, ദൈവപ്രീതി നിങ്ങൾക്ക് നഷ്ടമാകുന്നതിന് അത് ഇടയാക്കുകയും ചെയ്യും. (താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 30:17; സഭാപ്രസംഗി 10:4.) അതേസമയം, സാധ്യമാകുന്നിടത്തോളം സഹകരിക്കുന്നത് നിങ്ങളുടെ പിതാവുമായുള്ള ബന്ധത്തിൽ സമാധാനത്തിന്റെയും ശാന്തതയുടെയും കുറച്ചു തോന്നലെങ്കിലും നിലനിർത്താൻ നിങ്ങളെ സഹായിച്ചേക്കാം.—കൊലൊസ്സ്യർ 3:20.
ദേഷ്യത്തോടും വെറുപ്പോടും കൂടെയുള്ള ഇടപെടൽ
എങ്കിലും നിങ്ങളെ വ്രണപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്ത ഒരാളോട് നിങ്ങൾക്കെങ്ങനെ ആദരവോടെ ഇടപെടാൻ കഴിയും? ഇത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ അദ്ദേഹത്തിന്റെ തെറ്റുകളെയും കുറവുകളെയും കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത് നിങ്ങളുടെ വിദ്വേഷത്തെ വളർത്തുകയേ ഉള്ളൂ. അതോ പിതാവിലുള്ള ഏതെങ്കിലും നല്ല ഗുണങ്ങളെ അർഹമായ രീതിയിൽ പ്രശംസിച്ചുകൊണ്ട് നിങ്ങൾ നിങ്ങളുടെ പിതാവിനെപ്പറ്റി കൂടുതൽ ക്രിയാത്മകമായി ചിന്തിക്കേണ്ടതുണ്ടായിരിക്കുമോ?
സദൃശവാക്യങ്ങൾ 19:11, (NW) പറയുന്നതു ശ്രദ്ധിക്കുക: “ഒരു മമനുഷ്യന്റെ ഉൾക്കാഴ്ച തീർച്ചയായും അവന്റെ കോപത്തെ ശമിപ്പിക്കുന്നു.” നിങ്ങളുടെ പിതാവിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് കാര്യങ്ങൾ സംബന്ധിച്ച് ഒരു പുതിയ വീക്ഷണഗതി നിങ്ങൾക്ക് പ്രദാനംചെയ്തേക്കാം. അദ്ദേഹം യഥാർഥത്തിൽ ദുഷ്ടമായി പെരുമാറുകയാണോ? അതോ അദ്ദേഹം കേവലം ക്ഷീണിതനോ നിരാശനോ സഹായം ആവശ്യമുള്ളവനോ ആണോ? അദ്ദേഹത്തിന്റെ സ്വഭാവം രോഗത്തിന്റെയോ നിരാശയുടെയോ ഏകാന്തതയുടെയോ ജോലി സമ്മർദത്തിന്റെയോ പരിണതഫലമാണോ? ആണെങ്കിൽ ഈ പ്രശ്നങ്ങൾ മനസ്സിലാക്കുന്നത് നിങ്ങളുടെ പിതാവിനോടു കൂടുതൽ അനുകമ്പയും ഒരുപക്ഷേ കോപക്കുറവും അനുഭവപ്പെടാൻ നിങ്ങളെ സഹായിക്കും.
സംഗതിയെന്തായാലും, ഇത് നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കുന്നതിനു സഹായിക്കുന്നു. (സദൃശവാക്യങ്ങൾ 12:25) “എന്റെ പിതാവ് മദ്യപാനിയായിരുന്നു. എനിക്ക് എങ്ങനെ അനുഭവപ്പെട്ടുവെന്ന് എന്റെ മാതാപിതാക്കളോടു പറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞാനെല്ലാം എന്റെ ഉള്ളിലൊതുക്കി,” ഒരു പെൺകുട്ടി അനുസ്മരിക്കുന്നു. എന്നാൽ, നിങ്ങൾ ഒറ്റയ്ക്ക് കഷ്ടപ്പെടേണ്ടതില്ല. മാതാപിതാക്കൾക്കു പകരമാകുകയില്ലെങ്കിലും ക്രിസ്തീയ സഭയിലെ പക്വതയുള്ള ക്രിസ്ത്യാനികൾക്ക് കുടുംബത്തിലെ കരുതലില്ലായ്മ എന്ന വിടവ് വളരെയധികം നികത്താനാവും. (താരതമ്യം ചെയ്യുക: മർക്കൊസ് 10:30.) സദൃശവാക്യങ്ങൾ 17:17 ഇപ്രകാരം പറയുന്നു: “സുഹൃത്തുക്കൾ എല്ലായ്പോഴും സ്നേഹം പ്രകടിപ്പിക്കുന്നു. പ്രശ്നങ്ങൾ പങ്കുവയ്ക്കാനല്ലെങ്കിൽപ്പിന്നെ സഹോദരങ്ങൾ എന്തിനാണ്?”—റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
‘എനിക്ക് അദ്ദേഹത്തെ മാറ്റാൻ കഴിയും’
വഴിതെറ്റിയ ഉത്തരവാദിത്വബോധം നിമിത്തം ചില യുവാക്കൾ വൈകാരികമായി കഷ്ടപ്പെടുന്നു. തന്നെക്കുറിച്ചും കൂടപ്പിറപ്പുകളെക്കുറിച്ചും മേരി ഇപ്രകാരം പറയുന്നു: “എന്റെ പിതാവിന്റെ മദ്യപാനപ്രശ്നം ആരെങ്കിലും കണ്ടുപിടിക്കുമോയെന്നുള്ള ഭയത്തിലായിരുന്നു ഞങ്ങളുടെ ജീവിതം.” മറ്റുചിലരാണെങ്കിൽ തങ്ങളുടെ ദുഷ്കർമികളായ മാതാപിതാക്കളുടെ സ്വഭാവം മാറ്റാൻ വൃഥാ ശ്രമങ്ങൾ നടത്തി തളരുന്നു.
നിങ്ങളുടെ പിതാവിനെ നിങ്ങൾ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നിടത്തോളം അദ്ദേഹത്തിന്റെ കുറവുകൾക്കുവേണ്ടി നിങ്ങളെ ആരും കുറ്റപ്പെടുത്തുകയില്ല. ദൈവത്തിന്റെ മുമ്പാകെ അദ്ദേഹം ഉത്തരവാദിത്വം സംബന്ധിച്ച് ‘തന്റെ സ്വന്ത ചുമടു ചുമക്കുന്നു.’ (താരതമ്യം ചെയ്യുക: ഗലാത്യർ 6:5; യാക്കോബ് 5:14.) നിങ്ങളുടെ പിതാവിന്റെയോ മാതാവിന്റെയോ സ്വഭാവം നിരീക്ഷിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക എന്നത് നിങ്ങളുടെ ഉത്തരവാദിത്വമല്ല. അടിക്കടി കുറ്റപ്പെടുത്തുകയോ പരുഷമായി നിന്ദിക്കുകയോ ചെയ്യുന്നതു നിങ്ങളുടെ പിതാവിനെ വിഷമിപ്പിക്കുകയേ ഉള്ളൂ.
നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴികയില്ലെന്ന് ഇതിനർഥമില്ല. നിങ്ങളുടെ പിതാവിന്റെ മനസ്സു മാറണമേയെന്ന് നിങ്ങൾക്ക് “ഇടവിടാതെ പ്രാർത്ഥിക്കാൻ” കഴിയും. (1 തെസ്സലൊനീക്യർ 5:17) അദ്ദേഹത്തോടുള്ള നിങ്ങളുടെ സ്നേഹം നിരന്തരം പ്രകടിപ്പിക്കുന്നതും ഉചിതമായിരിക്കുമ്പോൾ ആത്മാർഥമായി പ്രശംസിക്കുന്നതും അദ്ദേഹത്തിന്റെ മനോഭാവം മയപ്പെടുത്താൻ സഹായിക്കും. ഇതിനപ്പുറം, കഴിവതും സഹിക്കുക എന്നല്ലാതെ മറ്റൊരു പോംവഴിയില്ലായിരിക്കാം.b
തീർച്ചയായും, നിങ്ങളും നിങ്ങളുടെ പിതാവും ക്രിസ്ത്യാനികൾ ആയിരിക്കയും പിതാവ് മദ്യദുരുപയോഗമോ കോപാക്രമണമോ പോലെയുള്ള ഗുരുതരമായ തെറ്റിൽ ഏർപ്പെടുകയും ചെയ്യുന്നെങ്കിൽ കാര്യങ്ങൾ ഉറപ്പായും സഭാമൂപ്പൻമാരുമായി ചർച്ച ചെയ്യാനുള്ള കടപ്പാട് സ്വാഭാവികമായും നിങ്ങൾക്ക് തോന്നും. (യാക്കോബ് 5:14) ഇത് വിശ്വസ്തതയില്ലായ്മയുടെ ഒരു പ്രവൃത്തിയല്ല. എന്നാൽ നിങ്ങളുടെ പിതാവിന് തികച്ചും ആവശ്യമുള്ള സഹായം അദ്ദേഹത്തിനു കിട്ടുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള സ്നേഹപൂർവകമായ ഒരു ശ്രമമായിരിക്കും ഇത്. ചില മാതാപിതാക്കൾ ഏതു തെറ്റും കോപത്തോടെ നിരസിക്കുകയും രഹസ്യമായി പ്രതികാരം നടത്തുകയും ചെയ്തിട്ടുണ്ടെന്നുള്ളത് സത്യമാണ്. എന്നാൽ യഹോവ തങ്ങളുടെ ധൈര്യപൂർവകമായ ഗതിയെ അംഗീകരിക്കുന്നുവെന്നും അവൻ തന്റെ തക്കസമയത്ത് സത്യം വെളിച്ചത്തു കൊണ്ടുവരുമെന്നും ഇക്കാര്യത്തിൽ “നീതിനിമിത്തം കഷ്ടം സഹി”ക്കുന്ന യുവാക്കൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—1 പത്രൊസ് 3:14; 1 തിമൊഥെയൊസ് 5:24, 25.
നിങ്ങളുടെ സ്വരക്ഷയ്ക്കായി പ്രവർത്തിക്കൽ
ശലോമോൻ ഇപ്രകാരം പറഞ്ഞു: “മർദ്ദനം തീർച്ചയായും വിജ്ഞാനിയെ ഭോഷനാക്കുന്നു.” (സഭാപ്രഭാഷകൻ 7:7, ഓശാന ബൈബിൾ) ദുഃഖകരമെന്നുപറയട്ടെ, ചില യുവജനങ്ങൾ തങ്ങളുടെ മാതാപിതാക്കളുടെ മോശമായ മാതൃകയാൽ കയ്പുനിറഞ്ഞവരായിത്തീരുകയും അവർ തന്നെ ദുഷിച്ച പെരുമാറ്റം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ചിലരാണെങ്കിൽ ദൈവത്തോടുതന്നെ കോപാകുലരായിത്തീർന്നിട്ട് ക്രിസ്തീയ വഴി വിട്ടുപോകാൻ ഇടവന്നിട്ടുപോലുമുണ്ട്! (സദൃശവാക്യങ്ങൾ 19:3) ബൈബിൾ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “കോപം നിന്നെ വിദ്വേഷപൂർവകമായ [പ്രവർത്തനങ്ങൾക്ക്] വശീകരിക്കാതിരിക്കാൻ സൂക്ഷിക്കുക . . . ദ്രോഹപ്രവൃത്തികളിലേക്കു തിരിയാതിരിക്കാൻ നിന്നെത്തന്നെ സൂക്ഷിച്ചുകൊൾക.”—ഇയ്യോബ് 36:18-21, NW.
ദൈവവുമായുള്ള നിങ്ങളുടെ പിതാവിന്റെ നിലപാടു സംബന്ധിച്ച് അമിതമായി ഉത്കണ്ഠപ്പെടുന്നതിനു പകരം നിങ്ങൾ “ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തി”ക്കേണ്ടതുണ്ട്. (ഫിലിപ്പിയർ 2:12) പുരാതന നാളുകളിൽ, ഹിസ്കിയാവ് എന്നു പേരുള്ള ഒരു യുവ രാജകുമാരൻ സമാനമായ സാഹചര്യങ്ങളിൽ അങ്ങനെ ചെയ്തു. അവന്റെ പിതാവായ ആഹാസ് രാജാവ് യഹോവയുടെ ഒരു ആരാധകനെന്ന് അവകാശപ്പെട്ടു. (യെശയ്യാവു 7:10-12) എന്നാൽ, തന്റെ സ്വന്തം പുത്രൻമാരിൽ ഒരാളെ മനുഷ്യബലി നടത്തുക പോലും ചെയ്ത അദ്ദേഹം യഥാർഥത്തിൽ പുറജാതി ദൈവങ്ങളുടെ ഒരു ആരാധകനായിരുന്നു! (2 രാജാക്കൻമാർ 16:1-4) നിലനിന്നിരുന്ന ഈ വിശ്വാസത്യാഗം യുവ ഹിസ്കിയാവിന് എത്ര വ്യസനകരമായിരുന്നിരിക്കുമെന്നു സങ്കൽപ്പിക്കുക! ഈ യുവ രാജകുമാരനാൽ എഴുതപ്പെട്ടതെന്ന് ചിലർ വിശ്വസിക്കുന്ന സങ്കീർത്തനം 119:28 ഇപ്രകാരം പറയുന്നു: “എന്റെ പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിർത്തേണമേ.”
യഹോവ അതുതന്നെ ചെയ്തു! ഹിസ്കിയാവ് പ്രാർഥനയിലും ദൈവവചനത്തിന്റെ പഠനത്തിലും മുഴുകിയിരുന്നപ്പോൾ, സാഹചര്യങ്ങൾ അങ്ങനെയായിരുന്നിട്ടും അവന്റെ ആത്മീയത വളർച്ചപ്രാപിച്ചു. (സങ്കീർത്തനം 119:97) അവൻ തന്റെ സഹവാസങ്ങൾ ശ്രദ്ധാപൂർവം കാത്തുസൂക്ഷിക്കുകയും ചെയ്തു. (സങ്കീർത്തനം 119:63) ഫലമോ? തന്റെ കപടനാട്യക്കാരനായ പിതാവിന്റെ ദുഃഖകരമായ മാതൃകയുണ്ടായിരുന്നിട്ടും ഹിസ്കിയാവ് “യഹോവയോടു ചേർന്നിരുന്നു.” (2 രാജാക്കന്മാർ 18:6) അതിനു നിങ്ങൾക്കും കഴിയും! നിങ്ങളുടെ മാതാവോ പിതാവോ കപടമായി പെരുമാറുകയായിരിക്കാം, പക്ഷേ നിങ്ങൾ അവരുടെ മാതൃക പകർത്തേണ്ട ആവശ്യമില്ല. യഹോവയോടു ചേർന്നുതന്നെയിരിക്കുക. ഒരുപക്ഷേ നിങ്ങളുടെ വിശ്വസ്തതയുടെ മികച്ച മാതൃക മാറ്റം വരുത്താൻ എന്നെങ്കിലുമൊരിക്കൽ നിങ്ങളുടെ പിതാവിനെ പ്രേരിപ്പിച്ചേക്കാം.
[അടിക്കുറിപ്പുകൾ]
a എളുപ്പത്തിനുവേണ്ടി ഞങ്ങൾ പിതാക്കൻമാരെ പരാമർശിക്കുന്നതായിരിക്കും.
b ഒരു യുവ വ്യക്തി ശാരീരികവും ലൈംഗികവുമായ ദുഷ്പെരുമാറ്റം സഹിക്കണമെന്ന് ഇതിനർഥമില്ല. അത്തരം സാഹചര്യത്തിലായിരിക്കുന്ന ഒരു യുവാവ് സഹായം തേടണം, അതു ലഭിക്കാൻ കുടുംബത്തിനു വെളിയിൽ പോകേണ്ടിവന്നാൽപ്പോലും.
[25-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങളുടെ പിതാവ് തെറ്റുചെയ്യുന്നെങ്കിൽ നിങ്ങൾ അങ്ങനെ ചെയ്യേണ്ടതില്ല